സി.പി.ഐ ബ്രാഞ്ച് കമ്മറ്റി യോഗങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം ഇടത് മുന്നണിക്കകത്ത് തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്ന സ്വന്തം പാര്‍ട്ടിയെക്കുറിച്ചാണ്. സി.പി.ഐ ഒരു സാധാ തിരുത്തല്‍ ശക്തിയല്ല. ഒരു ഒന്നൊന്നര തിരുത്തല്‍ ശക്തിയാണ്. പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തി എന്ന രാസപ്രവര്‍ത്തനം കൂടുന്നതിനനുസരിച്ച് അതിന്റെ മാറ്റ് വര്‍ദ്ധിച്ച് വരുകയാണ്. തിരുത്തലിന്റെ റിക്കാര്‍ഡ് തന്നെയാണ് സി.പി.ഐ ഭേദിച്ചു കൊണ്ടിരിക്കുന്നത്. ഈ തിരുത്തല്‍ പ്രക്രിയ എന്ന ആശ്വമേധത്തിലെ കുതിര കുളമ്പടിച്ചു കുതിക്കുകയാണ്. സ്വന്തം പാര്‍ട്ടി നേതൃത്വത്തെ തിരുത്തി, വലിയേട്ടനെ പല തവണ തിരുത്തി, ഇടതുമുന്നണിയെ തിരുത്തി, ദേശീയ രാഷ്ട്രീയം തന്നെ തിരുത്തിക്കൊണ്ട് ചരിത്രത്തിലെ ഒരു സംഭവമാകുകയാണ് കാനം സഖാവിന്റെ പാര്‍ട്ടി. അറ്റം കാണാനാകാത്ത ഈ തിരുത്തലിലെ ചെറിയ രണ്ടു മൂന്നെണ്ണം മാത്രം ഒരു സാമ്പിളിന് നമുക്കൊന്ന് പരിശോധിക്കാം.
കഴിഞ്ഞ ഇടതുസര്‍ക്കാറില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തോമസ് ചാണ്ടി ഭൂമി കയ്യേറ്റ കേസില്‍ കുടുങ്ങിയപ്പോള്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭ ബഹിഷ്കരിച്ച് ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായി. ഒടുവില്‍ നാം കണ്ടത് ചാണ്ടി മന്ത്രിക്കൊപ്പം മന്ത്രിസഭാ യോഗത്തില്‍ അണ്ടിപ്പരിപ്പ് കൊറിക്കുന്ന സി.പി.ഐ മന്ത്രിമാരെയാണ്. അഴിമതി വീരന് എന്നു ഇടതന്മാര് ആക്ഷേപിച്ച കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ് ഉടലോടെ ഇടത് സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ സി.പി.ഐ വീണ്ടും തിരുത്തല്‍ ശക്തിയായി. മാണി കോണ്‍ഗ്രസ്സിനൊപ്പം പൊറുക്കാന്‍ തയ്യാറില്ല എന്നു പറഞ്ഞ സി.പി.ഐ മാണിയുടെ ചിഹ്നത്തിനു വേണ്ടി വോട്ടു പിടിച്ച് സ്വയം തിരുത്തി. ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ എന്നും രാഹുലിന്റെ ഗ്ലാമര്‍ പ്രതിപക്ഷത്ത് മറ്റാര്‍ക്കുമില്ലെന്നും പറഞ്ഞ് കാനം ദേശീയ ഇടതു രാഷ്ട്രീയനയം തന്നെ തിരുത്തി. മുഖ്യന് വിജയന് സഖാവ് കണ്ണുരുട്ടുകയും ബാലകൃഷ്ണന് സഖാവ് മീശ പിരിക്കുകയും ചെയ്തതില്‍ പിന്നെ കാനം സഖാവ് ഇതു പറയാന്‍ വായ തുറന്നിട്ടില്ല. വിജയന് സഖാവിന്റെ പോലീസിനെ നിയന്ത്രിക്കുന്നത് ആര്.എസ്.എസ് ഗ്യാങ്ങ് ആണെന്ന് തന്റെ തന്നെ പാര്‍ട്ടിയുടെ മഹിളാ നേതാവ് ആനി സഖാവത്തി പറഞ്ഞപ്പോള്‍ കാനത്തിന് സഹിച്ചില്ല. അവരെയും സഖാവ് തിരുത്തി. എന്റെ ഭാര്യയെ തിരുത്താന്‍ താനാര് എന്ന് ദേശീയ സെക്രട്ടറി രാജാസഖാവ് ചൂടായപ്പോള്‍ കാനം സഖാവ് കമാ എന്നു മിണ്ടിയിട്ടില്ല. കെ.ടി.ജലീല്‍ ലോകായുക്തക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വടിവാളെടുത്തപ്പോള്‍ തടയണേ എന്ന് വിലപിച്ച കാനത്തിന്റെ നടപടി തിരുത്തല്‍ തന്നെയായിരുന്നു. എന്നാല്‍ അതും വനരോദനമായി മാറി. കെ-റെയില്‍, ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദങ്ങളില്‍ സി.പി.എമ്മിനെ തിരുത്താന്‍ കാനം തയ്യാറായി. വൈകാതെ സ്വന്തംനിലപാട് മാറ്റി കാനം സ്വയം തിരുത്തി. ഇത്രയും പാരമ്പര്യമുള്ള തിരുത്തല്‍ ശക്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് ബ്രാഞ്ച് കമ്മറ്റിയിലല്ല ഗിന്നസ് ബുക്ക് കമ്മറ്റിയിലാണ്.