കേരളത്തിലെ മാര്‍ക്സിസ്റ്റുകാരുടെയും കോണ്‍ഗ്രസ്സുകാരുടെയും രക്തഗ്രൂപ്പ് ഏതാണ്? ഇതുവരെ അവര്‍ അവകാശപ്പെട്ടത് തങ്ങളുടേത് മാനവരക്തമാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ രണ്ടുകൂട്ടരും മത്സരിച്ച് പറയുന്നത് തങ്ങളുടേത് മാനവ രക്തമല്ല ഇസ്ലാം രക്തം ആണെന്നാണ്. അതിലേറെ അവര്‍ കടുപ്പിച്ചു പറയുന്നു ഹൈന്ദ വ രക്തം തങ്ങളിലില്ല എന്ന്. മുഖ്യമന്ത്രി വിജയന് സഖാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന് സഖാവും ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞതില്‍ നിന്നുതന്നെ ഇത് നാക്കു പിഴയോ അബദ്ധമോ അല്ലെന്ന് വ്യക്തമാണ്; സംഗതി പാര്‍ട്ടി നയമാണ്. മറുവശത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.മുരളീധരനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃനിര തങ്ങളിലെ രക്തഗ്രൂപ്പ് പച്ചയാണെന്ന് തീര്‍ത്തു പറയുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നിലപാടും വ്യക്തം.
കഴിഞ്ഞ ഡിസംബര്‍ 12 ന് ജയ്പൂര്‍ പ്രസംഗത്തിനിടയ്ക്ക് രാഹുല്‍ ഗാന്ധിക്ക് ഒരു ഉള്‍വിളി ഉണ്ടാവുകയും താന്‍ ഹിന്ദുവാണ് എന്നും ഈ രാജ്യം ഹിന്ദുക്കളുടേതാണ് എന്നും പ്രസംഗിക്കുകയുമുണ്ടായി. കേരളത്തിലെ മാര്‍ക്സിസ്റ്റ് കോണ്‍ഗ്രസ് നേതാക്കളെ ആകെകുഴപ്പത്തിലാക്കിയത് ഈ പ്രസംഗമാണ്. വിജയന് സഖാവ് അത് ഏറ്റുപിടിച്ചു. പാര്‍ട്ടി എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിജയന് സഖാവ് രാഹുലിന്റെ പ്രസംഗം ഉദ്ധരിച്ച് കോണ്ഗ്രസ്സുകാര് ഹിന്ദുവര്ഗ്ഗീയവാദികളാണെന്ന് ആക്ഷേപിച്ചു.
മുസ്ലിങ്ങളുടെ രക്ഷ തങ്ങളില്‍ ആണെന്ന് സമര്‍ത്ഥിക്കാനാണ് ഈ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയത്. അതിനുപിന്നാലെ ബാലകൃഷ്ണന് സഖാവ് കോണ്‍ഗ്രസ് നേതാക്കളുടെ ജാതകം പരിശോധിച്ച് സംസ്ഥാന നേതൃത്വം മുസ്ലിങ്ങളെ തഴയുകയാണ് എന്ന് ആരോപണമുന്നയിച്ചു. പച്ച രക്തം ശരീരത്തില്‍ ഓടുന്ന തങ്ങളില്‍ വിശ്വസിച്ചു കൊളളാന്‍ മുസ്ലിങ്ങളെ ഉപദേശിക്കാനും മറന്നില്ല.
ഇത് കേള്‍ക്കേണ്ട താമസം കോണ്‍ഗ്രസ് നേതാക്കളുടെ പച്ച രക്തം തിളച്ചു. സിപിഎം മുസ്ലിങ്ങളെ തഴഞ്ഞതിന് കണക്കുമായി അവര്‍ രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഒരു മുസ്ലിമിനെയെങ്കിലും നിയമിച്ചോ എന്നവര്‍ ചോദിച്ചു. വിജയന് സഖാവിന് ശേഷം മരുമകന് മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ബാലകൃഷ്ണന് സഖാവിന്റെ പദ്ധതി എന്ന് കെ.മുരളീധരന് കണ്ടെത്തി. വര്‍ഗ്ഗീയവിഷം തുപ്പുന്നതാണ് ഈ മതേതര വാദികളുടെ യഥാര്‍ത്ഥ സ്വഭാവം എന്നു തിരിച്ചറിയാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വേണ്ടി വന്നു.