പാറശ്ശാലയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച തിരുവാതിരക്കളി കണ്ട് എം.എ ബേബി താളം പിടിച്ചതേയുള്ളൂ. എന്നാല്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള മറ്റൊരു തിരുവാതിരക്കളിതന്നെ എഴുതി ഉണ്ടാക്കി എന്നാണ് കേള്‍ക്കുന്നത്. സഖാവ് ഒറ്റയിരിപ്പില്‍ ഈ കാവ്യരചന നടത്തിയത്രേ. അതുകൊണ്ടും ആവേശം തീരാതെ കാവ്യവിഷയം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി വികാര വിരേചനം നടത്തി എന്നും കേള്‍ക്കുന്നു. പാറശ്ശാല തിരുവാതിര കളിയിലെ ചില വരികള്‍ക്ക് സഖാവ് തന്റെ രചനയില്‍ ഏതാനും ഭേദഗതിവരുത്തി. കേരളം, പിണറായി വിജയന് തുടങ്ങിയ പദങ്ങള്‍ക്കു പകരം ചൈന എന്ന് ചേര് ത്തു. വിപ്ലവം വേരൂന്നി തണലിട്ട കേരളം എന്നത് സോഷ്യലിസ്റ്റ് ഭരണത്തില്‍ പുരോഗമിച്ച ചൈന എന്നാക്കി മാറ്റി.
ലോകമെങ്ങും കേളികേട്ട പിണറായി ഭരണം എന്നത് ലോകം മുഴുവന്‍ അസൂയപ്പെടുന്ന വിധം പുരോഗമിച്ച ചൈന എന്ന് തിരുത്തി. എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ചിട്ടും അടിപതറാത്ത സഖാവാണ് വിജയന് എന്നത് അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പീഡിപ്പിച്ചിട്ടും കുലുങ്ങാത്ത രാജ്യമാണ് ചൈന എന്ന് അദ്ദേഹം ഭേദഗതി വരു ത്തി. ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും നല്കി മാര്‍ക്സിസ്റ്റു പാര്‍ട്ടി എന്നത് ലോക ദാരിദ്ര്യത്തില്‍ 70 ശതമാനം ചൈന പരിഹരിച്ചു എന്ന് പരിഷ്കരിച്ചു. ഇതിനോടൊപ്പം ഒരു പട്ടിണിക്കാരനെ പോലും കണികാണാന്‍ ഇല്ലാത്ത മാവേലി നാടാണ് ചൈന, 116 രാജ്യങ്ങള്‍ക്ക് കൊറോണാ വാക്സിന് നല്കിയ രാജ്യമാണത് തുടങ്ങിയ ചൈനാസ്തുതികള് കൂടി ചേര്‍ത്തപ്പോള്‍ തിരുവാതിരപ്പാട്ടിന് കൊഴുപ്പുകൂടി.
സഖാവിന് സ്ഥിരം പറയാനുള്ള മോദി വിരോധം കൂടി ചേര്‍ക്കാതെ തിരുവാതിരക്കളിപ്പാട്ട് പൂര്‍ത്തിയാവുന്നതെങ്ങനെ? അതുകൊണ്ട് കേന്ദ്രത്തിന്റെ കാശ്മീരിലെ മുസ്ലിംവിരോധം, കാശ്മീര്‍ വിഭജനം, മോദിയുടെയും അമിത് ഷായുടെയും ജനാധിപത്യ വിരോധം, ലോകദാരിദ്ര്യം കൂട്ടുന്നത് ഇന്ത്യയാണ് തുടങ്ങിയ പാര്‍ട്ടി നിലപാട് കൂടി സഖാവിന്റെ പേന ത്തുമ്പിലൂടെ കാവ്യാത്മകമായി ഒഴുകിത്തുടങ്ങി. ചൈനയെ ആക്രമിക്കുന്നത് സിപിഎമ്മിനു നേരെയുള്ള പരോക്ഷമായ ആക്രമണമാണെന്ന് സമര്‍ത്ഥിക്കുന്നതിലൂടെ ഈ തിരുവാതിരകളി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ യോഗ്യത ഉള്ളതാണെന്നും സഖാവ് സിദ്ധാന്തിച്ചു. കൊറോണയുടെ അപ്പൂപ്പന് വന്നാലും ശരി ആയിരം പേരെ അണിനിരത്തി പാര്‍ട്ടി ഈ തിരുവാതിരകളി അവതരിപ്പിക്കുക തന്നെ ചെയ്യും.