Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

പ്രസാദവും പ്രത്യാശയും പകര്‍ന്ന ചലച്ചിത്രകാരന്‍

വിജയകൃഷ്ണന്‍

Print Edition: 14 January 2022

സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും കൊടുങ്കാറ്റുകളായി രൂപം കൊള്ളുന്ന സിനിമാനിര്‍മ്മാണമേഖലയില്‍ ഒരിളംകാറ്റായി വീശിക്കൊണ്ടിരുന്ന സംവിധായകനാണ് കെ.എസ്.സേതുമാധവന്‍. അടുത്ത ബന്ധുവായ രാമു കാര്യാട്ടിന്റെ ‘ചെമ്മീന്‍’ പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ കേരളത്തെ പിടിച്ചുകുലുക്കിയ ആഘോഷതരംഗങ്ങളാണുണ്ടായത്. വര്‍ഷങ്ങള്‍ക്കു ശേഷം അതേ പുരസ്‌കാരം ‘മറുപക്ക’ത്തിലൂടെ സേതുമാധവനു ലഭിച്ചപ്പോള്‍ എവിടെയും ഒരു ഒച്ചയും അനക്കവുമുണ്ടായില്ല, അത് തമിഴ് സിനിമയ്ക്ക് നടാടെ ലഭിക്കുന്ന ബഹുമതിയായിട്ടുകൂടി. കേരളീയര്‍ക്കത് തമിഴ് ചിത്രത്തിന് ലഭിച്ച അവാര്‍ഡ് മാത്രമായി. തമിഴര്‍ക്കത് മലയാളസംവിധായകന്റെ ചിത്രം എന്ന പരിമിതമായ അഭിമാനബോധത്തിലൊതുങ്ങി.

ഋഷിതുല്യനായ ചലച്ചിത്രകാരനായിരുന്നു സേതുമാധവന്‍. വ്യക്തിജീവിതത്തിലും ആ നിസ്സംഗത അദ്ദേഹം കാത്തുസൂക്ഷിച്ചു. അവകാശവാദങ്ങളില്ലാതെയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും പുറത്തുവന്നത്. എന്നിട്ടും ഒന്നിനുപിന്നിലൊന്നായി പത്ത് ദേശീയ അവാര്‍ഡുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. അത്രയെണ്ണം തന്നെയുണ്ട് സംസ്ഥാന അവാര്‍ഡുകളും. അര്‍ഹനായിട്ടും കിട്ടാതെ പോയ ബഹുമതികള്‍ പലതാണ്. ഫാല്‍ക്കെ അവാര്‍ഡിന് മലയാളത്തില്‍ നിന്ന് ഏറ്റവും യോഗ്യന്‍ അദ്ദേഹമായിരുന്നു. പദ്മ പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ വഴിയേ വന്നില്ല. അതേപ്പറ്റിയൊന്നും പരാതിയോ പരിഭവമോ അദ്ദേഹത്തിനുണ്ടായതുമില്ല. 1982 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. ആ കമ്മറ്റിയില്‍ ഒരംഗമായി ചെല്ലുമ്പോള്‍ ഒരു ‘കമേഴ്‌സ്യല്‍’ സംവിധായകനായ സേതുമാധവന് എന്നോടുണ്ടാവുന്ന സമീപനം എന്തായിരിക്കുമെന്നതിനെപ്പറ്റി എനിക്കാശങ്കയുണ്ടായിരുന്നു. എന്നാല്‍, ആദ്യദിവസം തന്നെ അദ്ദേഹവുമായി സഫലമായ ആശയവിനിമയമാണ് നടന്നത്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും നവധാരകളെക്കുറിച്ച് ഏതൊരു ആധുനിക ചലച്ചിത്രവിമര്‍ശകനെക്കാളും ബോധവാനാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി. ചെയര്‍മാനെന്ന നിലയില്‍ അങ്ങേയറ്റം ജനാധിപത്യപരമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അതുകൊണ്ടുതന്നെ വ്യക്തിപരമായി അദ്ദേഹത്തിന് ചില നഷ്ടങ്ങള്‍ നേരിടേണ്ടതായും വന്നു. ഒരിക്കല്‍ ഞാനദ്ദേഹത്തിന്റെ മുറിയില്‍ ചെന്നപ്പോള്‍ ഉടനെ ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എന്നെ കാട്ടി. നിര്‍മ്മാതാക്കളും സംവിധായകരും പിന്നാലെ നടക്കുന്ന വിലയേറിയ തിരക്കഥാകൃത്തായിരുന്നു അതെഴുതിയത്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രം മത്സരത്തിനുണ്ടായിരുന്നു. ആ ചിത്രത്തിന് അവാര്‍ഡ് നല്കാനാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞപ്പോള്‍ സേതുമാധവന്‍ അതിനോട് യോജിക്കുകയാണുണ്ടായത്. പില്ക്കാലത്ത് ആ തിരക്കഥ മറ്റൊരു സംവിധായകന്റേതായി പുറത്തുവന്നു. ഒരിക്കല്‍ ഞാന്‍ സേതുമാധവനോട് ചോദിച്ചു, അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന തിരക്കഥ എങ്ങനെയാണ് മറ്റൊരാള്‍ ചെയ്തതെന്ന്. അപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞു. ‘നിങ്ങളൊക്കെത്തന്നെയാണ് അതിന്റെ കാരണം.’

2008 ലെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതേസംബന്ധിച്ച ഒരു ചാനല്‍ചര്‍ച്ചയ്ക്ക് ഞാന്‍ പോയിരുന്നു. അത്തവണ ലഭിച്ചത് അര്‍ഹനായ വ്യക്തിക്കാണെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ഈ ബഹുമതി നല്കപ്പെടേണ്ട കെ.എസ്. സേതുമാധവന് ഇത് നല്കാത്തത് തികഞ്ഞ അനീതിയാണെന്നും ഞാന്‍ പറഞ്ഞു. തുടര്‍ന്ന് സേതുമാധവന്റെ സിനിമകളെപ്പറ്റി ആങ്കറുടെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടിയും പറഞ്ഞു. ചാനലില്‍ നിന്നിറങ്ങുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തുവച്ചിരുന്ന ഫോണ്‍ ഞാന്‍ ഓണ്‍ ചെയ്തു. അപ്പോള്‍ത്തന്നെ ഒരു ബെല്‍ മുഴങ്ങി. ‘ഹലോ’ പറഞ്ഞതും മറുപടി ഇങ്ങനെ: ‘ഞാന്‍ സേതുമാധവനാണ്. വിജയകൃഷ്ണന്‍ ചാനലില്‍ പറഞ്ഞത് കേട്ടു. താങ്ക്‌സ്.’ അത്ര തന്നെ. അതിനപ്പുറം ആ വിഷയത്തില്‍ എന്തെങ്കിലും പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഞാനദ്ഭുതപ്പെട്ടു. കാരണം, ചെറിയൊരു ചാനലായിരുന്നു അത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സേതുമാധവന് ജെ.സി.ഡാനിയല്‍ അവാര്‍ഡ് ലഭിച്ചു. വാര്‍ത്ത വന്ന ദിവസം തന്നെ പഴയ ചാനല്‍ എന്നെ ചര്‍ച്ചയ്ക്ക് വിളിച്ചു അന്ന് സേതുമാധവന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച എന്നോട് അദ്ദേഹത്തിന്റെ ചലച്ചിത്രകലയുടെ സവിശേഷതകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ആങ്കര്‍ അധികവും ചോദിച്ചത്. പരിപാടി കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ തലേക്കൊല്ലത്തെ മാതിരി തന്നെ എന്റെ ഫോണില്‍ ഒരു കാള്‍ വന്നു. എടുത്തപ്പോള്‍ പരിചിതമായ സ്വരം. ‘സേതുമാധവനാണ്. ചാനല്‍ ചര്‍ച്ച കണ്ടിരുന്നു. താങ്ക്‌സ്.’ അതെ. ഡാനിയല്‍ അവാര്‍ഡ് ലഭിച്ച ആ ദിവസവും അദ്ദേഹത്തിന് അമിതമായ ആവേശമോ ആഹ്ലാദമോ ഉണ്ടായില്ല. ഒരു താങ്ക്‌സില്‍ തന്റെ പ്രതികരണമൊതുക്കി. അതാണ് സേതുമാധവന്‍.

ജീവിതാരംഭകാലത്തു തന്നെ രമണമഹര്‍ഷിയുടെ സ്വാധീനമുണ്ടായ സേതുമാധവന്‍ ചലച്ചിത്രനിര്‍മ്മിതി നിര്‍ത്തിയശേഷം കൂടുതല്‍ കൂടുതല്‍ ആത്മീയതയിലേക്ക് നീങ്ങി. തന്നെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിമുഖനായി. നാലഞ്ചുകൊല്ലം മുന്‍പ് ഐ എഫ് എഫ് കെ യില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റെട്രോസ്‌പെക്ടീവിനോടൊപ്പം ‘മീറ്റ് ദി ഡയറക്ടര്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം വരികയുണ്ടായില്ല. ആധ്യാത്മികകാര്യങ്ങളില്‍ മാത്രമേ തനിക്ക് താല്പര്യമുള്ളൂവെന്ന് വരാതിരുന്നതിന്റെ കാരണം തിരക്കിയ എന്നോട് അദ്ദേഹം പറഞ്ഞു. ‘എന്റെ ഗുരു ആരെന്നറിയാമോ’ എന്നദ്ദേഹം എന്നോട് ചോദിച്ചു.’ആര്’ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു: ‘വിജയകൃഷ്ണന്റെ അച്ഛന്‍’. ഏതാനും കൊല്ലം മുന്‍പ് ആത്മീയതയിലുള്ള അദ്ദേഹത്തിന്റെ താല്പര്യം കണ്ട് അച്ഛന്‍ (സാധുശീലന്‍ പരമേശ്വരന്‍ പിള്ള. സന്യാസം സ്വീകരിച്ചശേഷം സ്വാമി പരമേശ്വരാനന്ദ സരസ്വതി) രചിച്ച ‘സന്യാസി, സന്യാസം, സമുദായം’ ഉള്‍പ്പെടെയുള്ള ചില പുസ്തകങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് നല്കി യിരുന്നു. അതുമാത്രമല്ല, ധാരാളം ആത്മീയഗ്രന്ഥങ്ങള്‍ അദ്ദേഹം വായിച്ചു. അവസാനമായി വായിച്ചത് ‘കോണ്‍വെര്‍സേഷന്‍സ് വിത്ത് ഗോഡാ’ ണെന്നു തോന്നുന്നു.

ഒരിക്കല്‍ ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്കുവേണ്ടി സേതുമാധവന്റെ ബൈറ്റുകള്‍ ഷൂട്ട് ചെയ്യാനായി ചെന്നൈക്കുപോകാന്‍ ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതറിഞ്ഞ വളരെ പ്രസിദ്ധനായ ഒരു സംവിധായകന്‍ എന്നെ നിരുത്സാഹപ്പെടുത്തി. സേതുമാധവന്‍ ക്യാമറയ്ക്കു മുന്‍പില്‍ വരികയില്ലെന്ന് പല അനുഭവങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ചെന്നൈക്കുപോകുന്നത് വെറുതെയാകുമെന്ന് അദ്ദേഹം സ്ഥാപിച്ചു.’ഞാന്‍ ബെറ്റ് വയ്ക്കാം. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ബൈറ്റുകള്‍ കിട്ടില്ല. എന്നാല്‍, ബെറ്റില്‍ അദ്ദേഹം തോറ്റു. സേതുമാധവന്‍ എനിക്ക് ബൈറ്റുകള്‍ തന്നു.
ഞാന്‍ ‘മലയാളസിനിമയുടെ കഥ’ എഴുതിയപ്പോള്‍ അതിലെ ഏറ്റവും ദീര്‍ഘമായ അദ്ധ്യായം സേതുമാധവനെക്കുറിച്ചുള്ളതായിരുന്നു. അതുവരെ സിനിമാനിരൂപകര്‍ അദ്ദേഹത്തെപ്പറ്റി കാര്യമായൊന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. നവതരംഗ സംവിധായകരെക്കുറിച്ചു വിശദമായി എഴുതിയിരുന്ന നിരൂപകര്‍ക്കാര്‍ക്കും അദ്ദേഹം എഴുതപ്പെടേണ്ട ഒരു സംവിധായകനായി തോന്നിയില്ല. കമേഴ്‌സ്യല്‍ എന്ന ഒരു വിശേഷണത്തില്‍ അവര്‍ക്കദ്ദേഹത്തെ ഒഴിവാക്കാന്‍ കഴിഞ്ഞു. എന്നാല്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ കാലം അവശേഷിപ്പിക്കുന്ന സിനിമകളില്‍ ഏറെയും സേതുമാധവന്റേതാണെന്നതാണ് സത്യം. മലയാളത്തില്‍ നിന്ന് ഏറ്റവുമധികം ദേശീയ അവാര്‍ഡുകള്‍ നേടിയ സംവിധായകന്‍ അദ്ദേഹമാണ്. സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതിന്റെ പിറ്റേക്കൊല്ലം തൊട്ട് മൂന്നു തവണ തുടര്‍ച്ചയായി അദ്ദേഹംമികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. തമിഴിന് ആദ്യമായി മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്തത് അദ്ദേഹമാണ്. ഏറ്റവുമൊടുവില്‍ ചെയ്ത ‘സ്ത്രീ’ എന്ന തെലുങ്കുചിത്രവും രണ്ടു ദേശീയ അവാര്‍ഡുകള്‍ നേടിയെടുത്തു.

ഏറ്റവുമധികം സാഹിത്യകാരന്മാരുടെ കൃതികള്‍ സിനിമയിലേക്ക് പകര്‍ത്തിയത് അദ്ദേഹമാണ്. തകഴി, കേശവദേവ്, ഉറൂബ്, പാറപ്പുറത്ത്, എം.ടി.വാസുദേവന്‍ നായര്‍, പദ്മരാജന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, കെ.ടി.മുഹമ്മദ് തുടങ്ങിയവരുടെ കൃതികള്‍ക്കൊക്കെ മനോഹരമായ ചലച്ചിത്രരൂപം സമ്മാനിച്ചു അദ്ദേഹം. തമിഴ് സാഹിത്യകാരന്മാരായ ഇന്ദിരാ പാര്‍ത്ഥസാരഥിയും ബിലഹരിയും തെലുങ്ക് സാഹിത്യകാരനായ പാലഗുമ്മി പദ്മരാജുവും സേതുമാധവനിലൂടെ ചലച്ചിത്രത്തിലേക്കു വന്നു. സാഹിത്യകാരന്റെ പദവിയല്ല, അവരെഴുതിയതിന്റെ ദൃശ്യസാധ്യതയാണ് സേതുമാധവനെ ആകര്‍ഷിച്ചത്.
അഭിനേതാക്കളുടെ സംവിധായകനാണ് സേതുമാധവന്‍. ചലച്ചിത്രജീവിതത്തിന്റെ തുടക്കത്തില്‍ ‘പാഷന്‍ ഓഫ് ജോന്‍ ഓഫ് ആര്‍ക്കി’ലെ ഫാല്‍കോനെറ്റിയുടെ പ്രകടനം കണ്ട് അമ്പരന്ന അദ്ദേഹം ഏറ്റവും ഉന്നതമായ ഭാവതലത്തിലേക്ക് തന്റെ നടന്മാരെ നയിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. പല നടീനടന്മാരുടെയും ഏറ്റവും മികച്ച ഭാവപ്രകടനം അദ്ദേഹത്തിന്റെ ചിത്രങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. സത്യന്റെ കാര്യത്തില്‍ ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനുസ്മരിക്കപ്പെട്ടിട്ടുണ്ട്.

സേതുമാധവനും ലേഖകനും

സത്യനില്‍ നിന്നു വ്യത്യസ്തമായി സേതുമാധവന്റെ ചിത്രങ്ങളില്‍ നന്നേകുറച്ചുമാത്രം അഭിനയിച്ചിട്ടുള്ള കലാകാരനാണ് കൊട്ടാരക്കര ശ്രീധരന്‍നായര്‍. കൃത്യമായി പറഞ്ഞാല്‍ രണ്ടു ചിത്രങ്ങളില്‍ മാത്രം. ‘അരനാഴികനേര’ത്തിലൂടെ എല്ലാ കടങ്ങളും തീര്‍ക്കുകയായിരുന്നു കൊട്ടാരക്കര. അനവധി ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും തന്റെ യഥാര്‍ത്ഥപ്രതിഭ സഹൃദയലോകത്തിനു മുന്‍പില്‍ പ്രകടിപ്പിക്കാന്‍ അപൂര്‍വ്വാവസരങ്ങള്‍ മാത്രം സിദ്ധിച്ച നടനാണ് കൊട്ടാരക്കര.ഘനഗംഭീരമായ രാജവേഷങ്ങളാണ് ആശ്വാസമായി അദ്ദേഹത്തിന് ലഭിച്ചിരുന്നത്. വേലുത്തമ്പി ദളവാ, പഴശ്ശിരാജാ, മാര്‍ത്താണ്ഡവര്‍മ്മ, കുഞ്ഞാലി മരയ്ക്കാര്‍ എന്നീ വീരശൂരപരാക്രമികളെയെല്ലാം കൊട്ടാരക്കരയുടെ ഗാത്രവൈപുല്യത്തിലാണ് മലയാളി അറിഞ്ഞത്. ‘ചെമ്മീനി’ല്‍ ചെമ്പന്‍കുഞ്ഞായി വന്നപ്പോഴാണ് രാജാപ്പാര്‍ട്ടുകള്‍ മാത്രമല്ല, മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളും അദ്ദേഹത്തിനിണങ്ങുമെന്ന് സഹൃദയര്‍ തിരിച്ചറിഞ്ഞത്. താന്‍ കൈകാര്യം ചെയ്ത എല്ലാ കഥാപാത്രങ്ങളെയും കുഞ്ഞേനാച്ചനെക്കൊണ്ട് പിന്തള്ളുകയായിരുന്നു കൊട്ടാരക്കര. മറ്റൊരു കൊടുംവില്ലനും സേതുമാധവന്റെ ചിത്രത്തിലൂടെ വിജയകിരീടമണിഞ്ഞു. ബാലന്‍ കെ.നായരായിരുന്നു അത്. ‘ഓപ്പോള്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ.

ഫോര്‍മുലയ്ക്കുള്ളിലൊതുങ്ങിയ ഹാസ്യനടനെ അതിവര്‍ത്തിച്ചു പുരസ്‌കൃതനാവാന്‍ അടൂര്‍ ഭാസിയെ സഹായിച്ചതും സേതുമാധവനാണ്. (പിന്നീട് ജോണ്‍ ഏബ്രഹാമും ). ‘സ്ഥാനാര്‍ത്ഥി സാറാമ്മ’യില്‍ ഭാസിക്ക് പാടാനുള്ള അവസരം കൊടുക്കുകയും ഹാസ്യാഭിനയത്തിന്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്ത സേതുമാധവന്‍ ‘ചട്ടക്കാരി’യില്‍ നല്കിയ ഗൗരവ വേഷത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം അദ്ദേഹത്തെത്തേടിയെത്തിയത്.

നടികളില്‍ ഷീലയാണ് സേതുമാധവന്‍ ചിത്രങ്ങളില്‍ മികച്ചുനിന്നത്.’ഒരു പെണ്ണിന്റെ കഥ’,’വാഴ്‌വേ മായം’,’സ്ഥാനാര്‍ത്ഥി സാറാമ്മ’, ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘എന്നീ ചിത്രങ്ങളില്‍ അസാധാരണമായ അഭിനയവൈഭവമാണ് ഷീല പ്രദര്‍ശിപ്പിച്ചത്. ‘യക്ഷി’, ‘അടിമകള്‍’, ‘മിണ്ടാപ്പെണ്ണ്’ തുടങ്ങിയവയില്‍ ശാരദയും ‘കരകാണാക്കടല്‍’,’ലൈന്‍ ബസ്’ തുടങ്ങിയ ചിത്രങ്ങളില്‍ ജയഭാരതിയും തിളക്കമാര്‍ന്ന അഭിനയമാണ് കാഴ്ച വച്ചത്. ‘ചട്ടക്കാരി’യിലെ അഭിനയത്തിന് ലക്ഷ്മി സംസ്ഥാന അവാര്‍ഡ് നേടി.’സ്ത്രീ’യിലെ അഭിനയത്തിനു രോഹിണി ദേശീയ അവാര്‍ഡുകളില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷനും നേടി.
സേതുമാധവന്റെ ചിത്രങ്ങളിലെ കുട്ടികള്‍ പ്രത്യാശയുടെയും ആഹ്ലാദത്തിന്റെയും പ്രതീകങ്ങളാണ്. ‘ ‘നരജീവിതമായ വേദനയ്‌ക്കൊരുമട്ടര്‍ഭ കരൗഷധങ്ങള്‍ താന്‍’ എന്ന കവിവാക്യത്തിന്റെ വ്യാഖ്യാനങ്ങളാണവര്‍.’കണ്ണും കരളും’ എന്ന ചിത്രത്തിലെ കമലഹാസന്റെ സാന്നിദ്ധ്യം ഇന്നെല്ലാവര്‍ക്കും സുപരിചിതമാണല്ലോ. ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തില്‍ ആ സ്ഥാനത്ത് സുരേഷ് ഗോപി വന്നു. ജന്മിയുടെ മകനാണ് സുരേഷ് ഗോപിയെങ്കില്‍ പപ്പുവുള്‍പ്പെടെ ധാരാളം കുട്ടികളുണ്ട് ‘ഓടയില്‍ നിന്നി ‘ലെ ആ ക്ലാസ്സ് മുറിയില്‍.’ഓമനക്കുട്ടന്‍’, ‘ദാഹം’, ‘ഓപ്പോള്‍’, ‘അനുഭവങ്ങള്‍ പാളിച്ചകള്‍’,’അരനാഴികനേരം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം കുട്ടികളുണ്ട്. നന്മയുടെയും സ്‌നേഹത്തിന്റെയും നറുവെളിച്ചം ഇവര്‍ പ്രസരിപ്പിക്കുന്നു നവലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉദ്ദീപിപ്പിക്കുന്നു. സേതുമാധവന്റെ പ്രസാദാത്മകമായ ജീവിതവീക്ഷണത്തിന്റെ നിദര്‍ശനങ്ങള്‍ കൂടിയാണ് ഈ കുട്ടികള്‍.

മരിക്കുന്നതിന് ഒരാഴ്ച മുന്‍പും സേതുസാറിനെ ഞാന്‍ വിളിച്ചിരുന്നു.അദ്ദേഹത്തെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. ‘എന്നെ ഷൂട്ട് ചെയ്യില്ലല്ലോ’ എന്നദ്ദേഹം ചോദിച്ചു. ‘ഇല്ല. ആവശ്യമുള്ള ബൈറ്റ്‌സെല്ലാം എന്റെ കൈയിലുണ്ട ് ‘എന്നു ഞാന്‍ മറുപടി പറഞ്ഞു. മാത്രമല്ല, സേതുമാധവന്റെ ചിത്രങ്ങളിലൂടെ ഒരു ചലച്ചിത്രനിരൂപകന്റെ സഞ്ചാരം എന്ന നിലയിലാണ് ഞാന്‍ ഡോക്യുമെന്ററി ഒരുക്കുന്നതെന്നും മറ്റാരുടെയും ബൈറ്റുകള്‍ അതിലുണ്ടാവില്ലെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു. അതദ്ദേഹത്തിന് ഏറെ സന്തോഷമായി. ‘ഡോക്യുമെന്ററി വരട്ടെ, നമുക്ക് കാണാം.’ എന്നദ്ദേഹം പറഞ്ഞു. ഈ വാക്കുകളോര്‍ക്കുമ്പോള്‍ എന്റെ നഷ്ടബോധം ഇരട്ടിക്കുകയാണ്.

Share1TweetSendShare

Related Posts

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം

ടി.കെ.ശ്രീധരന്‍

ആദര്‍ശ ജീവിതത്തിന് ഒരായിരം പ്രണാമങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies