നായനാരും അച്യുതാനന്ദനും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭരണത്തിന്റെ തണലില്‍ കൊലക്കത്തി എടുത്തത് മാര്‍ക്‌സിസ്റ്റുകാര്‍ ആയിരുന്നു. പന്ന്യന്നൂര്‍ ചന്ദ്രന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ ബിജെപി നേതാക്കളെ കൊലപ്പെടുത്തിയത് അവരുടെ ഭരണകാലത്താണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഈ കൊലക്കത്തി എസ്ഡിപിഐ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഹിന്ദു സംഘടനകള്‍ക്കെതിരെ കൊലവിളി നടത്തിക്കൊണ്ടുള്ള പ്രകടനമാണ് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ നടത്തിയത്. തലശ്ശേരിയില്‍ അവര്‍ പ്രഖ്യാപിച്ചത് തങ്ങള്‍ ആര്‍എസ്എസ്സുകാരുടെ ജീവനെടുക്കും എന്നാണ്. ഇതിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തയ്യാറായപ്പോള്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്.ഡി. പി.ഐക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിച്ചതും ഇല്ല.
തലശ്ശേരിയില്‍ പ്രഖ്യാപിച്ചത് എസ്.ഡി.പി.ഐ ആലപ്പുഴയില്‍ നടപ്പാക്കി. തലശ്ശേരി പോലെതന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണല്ലോ ആലപ്പുഴയും. അവിടെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് സംഘ പ്രവര്‍ത്തകരെ എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തി.
എസ്.ഡി.പി.ഐക്കാര്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. പാലക്കാട്ടെ സഞ്ജിത്തിനെ അടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുസ്ലിം ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായിരുന്നെങ്കില്‍ മറ്റൊരു സംഘ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമായിരുന്നില്ല. അഭിമന്യു വധക്കേസില്‍ കുറ്റവാളികളെ കണ്ടെത്താത്ത പോലീസ് തന്നെയാണ് എസ്.ഡി.പി.ഐയുടെ കൊലക്കത്തി രാഷ്ട്രീയത്തിന് വളംവയ്ക്കുന്നത്. എസ്.ഡി.പി.ഐക്കാര്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതും ആയുധങ്ങള്‍ ശേഖരിക്കുന്നതും കൊലപാതകം ആസൂത്രണം ചെയ്യുന്നതും സംസ്ഥാന പോലീസിന് വിവരം കിട്ടാഞ്ഞിട്ടല്ല. മാറാട് കൂട്ടക്കൊല കേസിലും സി.പി.എം മതഭീകരര്‍ക്ക് വളം വെക്കുകയായിരുന്നല്ലോ.