നാട്ടുകാരെ നിങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം: കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ. എന്ന വളര്‍ത്തുപട്ടിയെ വിട്ട് പോള്‍ സക്കറിയ എന്ന മലയാളത്തിലെ മഹാസാഹിത്യകാരനെ വേട്ടയാടാന്‍ പാടുണ്ടോ? തെരുവിലെ കുട്ടികളുടെ അവസ്ഥ കണ്ട് അവര്‍ക്കായി ഒരു പുനരധിവാസകേന്ദ്രവുമുണ്ടാക്കാന് ആ സാഹിത്യനായകന് ആലോചിച്ചത് തെറ്റാണോ? കാഞ്ഞിരപ്പള്ളിക്കാരന് അച്ചായന് മറ്റു മൂന്ന് അച്ചായന്മാരെ ചേര്‍ത്ത് രണ്ടു സന്നദ്ധ സംഘടന ഉണ്ടാക്കിയത് വലിയ അപരാധമാണോ? മുന്നൂറ് കുട്ടികളെ പുനരധിവസിപ്പിക്കാന്‍ ഒരു പദ്ധതി ഉണ്ടാക്കിയതും അതിനായി ഹോളണ്ടിലെ ഡബ്ള്യു ആന്റ് സി (വേഡ് ആന്റ് സീഡ്) എന്ന സംഘടനയില്‍ നിന്നും കോടികളുടെ വിദേശഫണ്ടു വാങ്ങിയതും കുറ്റപ്പെടുത്താന്‍ പറ്റുന്ന നടപടിയാണോ? ആ പണം കൊണ്ട് 2006ല്‍ എറണാകുളത്ത് മുളന്തുരുത്തിയില്‍ നാലേക്കര്‍ സ്ഥലം വാങ്ങി കെട്ടിടം പണിതത് നല്ലകാര്യമല്ലേ? അവിടെ സ്കൂള്‍ ആരംഭിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയത് നിയമവിരുദ്ധമായ കാര്യമല്ലല്ലോ? ഇത്രയൊക്കെ ചെയ്തത് തെറ്റല്ലെങ്കില്‍ പിന്നീടു ചെയ്തതും തെറ്റല്ല എന്ന് നിങ്ങള്‍ സമ്മതിച്ചേ പറ്റൂ!
സക്കറിയയുടെ ദീനാനുകമ്പ പാരമ്യത്തിലെത്തിയപ്പോള്‍ കുട്ടികളെ മുഴുവന്‍ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലേയ്ക്ക് മാറ്റി ആ സ്ഥലവും കെട്ടിടവും ഒരു സ്വകാര്യ വ്യക്തിയ്ക്ക് വിറ്റു. നല്ല സമരിയക്കാരായ അച്ചായന്മാര് ആ പണം വീതിച്ചെടുത്തു കീശയിലിട്ടു. അന്നത്തെ ഡി.ജി.പി. ജേക്കബ് പുന്നൂസിന് ഇതില്‍ ഒരു തെറ്റും തോന്നിയില്ല. എന്നാല്‍ ടി.പി.സെന്‍കുമാറിന് എന്തോ ചിലത് മണത്തു. അദ്ദേഹം അന്വേഷിച്ച് നടപടി ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് സി.ബി.ഐ ഇപ്പോള്‍ കേസ്സെടുത്തിരിക്കുന്നത്. ഹിന്ദുത്വക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പടനയിക്കുന്ന സച്ചിദാനന്ദ കവി ദല്‍ഹിയില്‍ നിന്നും കുറ്റിയും പറിച്ച് കേരളത്തിലെത്തിയിട്ടുണ്ടല്ലോ. സക്കറിയയുടെ വക്കാലത്ത് ഏറ്റെടുത്ത് അദ്ദേഹത്തിന് ഇവിടെയും യുദ്ധം തുടരാം.