കേരളത്തിന്റെ വിദ്യാഭ്യാസം താറുമാറായിട്ടു കാലം കുറെയായി. ശാസ്ത്രസാഹിത്യ പരിഷത് വിദഗ്ദ്ധന്മാര്‍ ഏതാനും പാശ്ചാത്യ ചിന്തകന്മാരുടെ ഭാഷാപഠന സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കേട്ടറിവുമാത്രം വച്ചുകൊണ്ടു നടത്തിയ പരിഷ്‌കാരങ്ങളാണ് മലയാളിയുടെ വിദ്യാഭ്യാസത്തെ താറുമാറാക്കിയത്. പണം കൊടുത്തു വാങ്ങിയ പിഎച്ച്ഡിയുമായി ഒരു കൂട്ടം സംസ്ഥാന വിദ്യാഭ്യാസ സമിതികളുടെ തലപ്പത്ത് എത്തുക കൂടി ചെയ്തതോടെ കുട്ടികളുടെ കാര്യം സമ്പൂര്‍ണ്ണ അധഃപതനത്തില്‍ ചെന്നുപെട്ടു. പണ്ടുകാലത്തെ വിദ്യാഭ്യാസത്തില്‍ പുലര്‍ത്തിപ്പോന്ന പ്രക്രിയാധിഷ്ഠിത സമ്പ്രദായങ്ങളെ തങ്ങള്‍ കണ്ടെത്തിയ എന്തോ ആണെന്ന രീതിയില്‍ അവതരിപ്പിച്ച ഇവര്‍ ഭാഷാപഠനവും സമ്പൂര്‍ണ്ണമായും പ്രക്രിയാധിഷ്ഠിതമാക്കി. ഫലമോ കുട്ടികള്‍ ഭാഷാ പഠനത്തില്‍ ദയനീയമാംവിധം പിന്‍തള്ളപ്പെട്ടു. ഭാഷ കുഞ്ഞുണ്ണിയും ബഷീറും നാടന്‍ പാട്ടുകളും ഏതാനും പു.കാസ കവികളും മാത്രമായി.
പ്രൊഫസര്‍ ഡോ. വെള്ളിമണ്‍ നെല്‍സണ്‍ കലാകൗമുദിയില്‍ (ഡിസംബര്‍ 5), എഴുതിയിരിക്കുന്ന ‘അറിയണം അക്ഷരം 54’ എന്ന ലേഖനമാണ് ഭാഷാ പഠനത്തെക്കുറിച്ച് വീണ്ടും ആലോചിക്കാനിടനല്‍കിയത്. അക്ഷരമാല നിജപ്പെടുത്താതെ നമുക്ക് എത്രകാലം മുന്നോട്ടു പോകാനാവും. എല്‍.പി ക്ലാസില്‍ ഒരിക്കല്‍ പോലും അക്ഷരമാല പരിചയപ്പെടുത്തുന്നില്ല. മലയാളത്തില്‍ എത്ര അക്ഷരം എന്നു ചോദിച്ചാല്‍ ഇതെഴുതുന്ന ആളിനും ഒരുത്തരം പറയാനാകില്ല. കാരണം അതിനൊരു വ്യവസ്ഥയില്ല. ഏ.ആറിന്റെ അക്ഷരമാലയോ ബെയ്‌ലിയുടേതോ പുതുകാലത്ത് ചിലര്‍ ചേര്‍ന്നു പരിഷ്‌കരിച്ചതോ, ഏതാണു വേണ്ടതെന്ന് ആര്‍ക്കും പറയാനാകില്ല. ഒന്നിനും ഒരു ക്രമവുമില്ല.
ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ പഠിച്ചകാലത്ത് ‘ഋ’ കഴിഞ്ഞാല്‍ ‘നു’ ഉണ്ടായിരുന്നു. ഇപ്പോഴതില്ല. എ.ആറിന് നയും നുയും ഉണ്ടായിരുന്നു. കൃഷ്ണനെ ക്‌റുഷ്ണന്‍ ആക്കി മാറ്റുന്നു പുതിയകാലത്തെ പണ്ഡിതന്മാര്‍. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും നിയമങ്ങള്‍ കൂടിച്ചേര്‍ന്നു രൂപപ്പെട്ട വ്യാകരണമാകയാല്‍ ഈ സങ്കീര്‍ണത സ്വാഭാവികമെന്ന് ചിലര്‍ പറയുന്നു. ലോകത്തില്‍ എല്ലാഭാഷകളും മറ്റു ഭാഷകളില്‍ നിന്നും അക്ഷരങ്ങളും വ്യാകരണ നിയമങ്ങളും ഒക്കെ സ്വീകരിച്ചാണ് വളര്‍ന്നത്. അതു മലയാളത്തിന്റെ മാത്രം പ്രശ്‌നമല്ല. അതിന്റെ പേരില്‍ മലയാളം ഒരു വ്യവസ്ഥാരഹിത ഭാഷയാകണമെന്നില്ല. ഭാഷാപണ്ഡിതന്മാരുടെ ഒരു സമിതി സ്ഥിരമായി നിലനിര്‍ത്തി കാലത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ വരുത്തുകയും അതു പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും വേണം. മലയാളത്തില്‍ എത്ര അക്ഷരമുണ്ട് എന്നു ചോദിച്ചാല്‍ 26 എന്ന് ഇംഗ്ലീഷുകാര്‍ പറയുന്നതുപോലെ കൃത്യമായി പറയാന്‍ മലയാളിക്കും കഴിയണം.
ചില്ലുകളെ അക്ഷരങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ പ്രൊഫസറുടെ അഭിപ്രായത്തോടു യോജിപ്പില്ല. ചില്ല് പൂര്‍ണാക്ഷരമല്ലെങ്കിലും അക്ഷരമാലയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തുകതന്നെ വേണം. ചില്ലിന് അര ഉച്ചാരണം മാത്രമേയുള്ളൂ എന്നതിനാല്‍ പൂര്‍ണാക്ഷരമാക്കാനാവില്ലല്ലോ. എന്നുകരുതി അക്ഷരമാലയുടെ കൂട്ടത്തില്‍ ചില്ല് ഉള്‍പ്പെടുത്താതിരിക്കുന്നത് സര്‍വ്വാബദ്ധം. ‘രേഫ’ത്തിനു ശേഷം ഇരട്ടിപ്പില്ല എന്നത് സംസ്‌കൃത രീതിയായതിനാല്‍ സ്വര്‍ണ്ണം, വര്‍ഗ്ഗം, വര്‍ണ്ണം എന്നൊക്കെത്തന്നെയെഴുതണം എന്ന വെള്ളിമണിന്റെ ശാഠ്യത്തോടും യോജിക്കാനാവുന്നില്ല. ‘ര്‍’ കഴിഞ്ഞാല്‍ ഇരട്ടിപ്പിന്റെ ആവശ്യമില്ല എന്നത് ഉച്ചാരണത്തില്‍ നിന്നു നമുക്കു മനസ്സിലാകും. സംസ്‌കൃത രീതിയാണ് എന്നു കരുതി ഉപേക്ഷിക്കണം എന്നു നിര്‍ബന്ധം പിടിക്കുന്നതു ശരിയല്ല. പ്രായോഗികമായ കാര്യങ്ങള്‍ എവിടെനിന്നും സ്വീകരിക്കാവുന്നതാണ്.
കാലപ്രകരണത്തിന് മലയാളത്തില്‍ ഒരു വ്യവസ്ഥയുണ്ടായിട്ടില്ല. അതിന് സംസ്‌കൃതത്തേക്കാളും തമിഴിനേക്കാളും നമുക്ക് അനുകരിക്കാനാവുന്നത് ഇംഗ്ലീഷിനെയാണ്. അക്കാര്യത്തില്‍ അവരെ അനുകരിച്ചാല്‍ ഒരു ക്രമം സൃഷ്ടിച്ചെടുക്കാനാവും. ഒരുകാരണവശാലും ഒരു വിദേശഭാഷയില്‍ നിന്നും കാര്യങ്ങള്‍ സ്വീകരിക്കില്ല എന്ന ശാഠ്യം ഭാഷാപഠനത്തില്‍ ആവശ്യമില്ല. ഏതു ഭാഷയില്‍ നിന്നും സ്വീകാര്യമായവ ഉള്‍ക്കൊണ്ട് ഭാഷയ്ക്ക് പരമാവധി വ്യവസ്ഥ ഉണ്ടാക്കിയാല്‍ വരും തലമുറയ്ക്ക് ഭാഷാപഠനം ഒരു കീറാമുട്ടിയാകില്ല. മലയാളം എം.എ. വിദ്യാര്‍ത്ഥികള്‍ ഏറ്റവും മോശമായി ഉത്തരമെഴുതിയതും പലരും ഉത്തരമെഴുതാതിരുന്നതും മലയാളം അക്ഷരമാലയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നുവെന്ന് വെള്ളിമണ്‍ നെല്‍സണ്‍ പറയുന്നത് സത്യം തന്നെ ആയിരിക്കും. അത് അവരുടെ കുറ്റമല്ല. ജീവിതകാലത്തൊരിക്കലും അവര്‍ മലയാളം അക്ഷരമാല കാണുന്നില്ല. ഒരു ക്ലാസിലും അവരെ അതു പരിചയപ്പെടുത്തുന്നില്ല. പാവം കുട്ടികള്‍!
ലേഖനത്തിനൊടുവില്‍ ഡോ.നെല്‍സണ്‍ ഒരു അക്ഷരമാല തന്റേതായി കൊടുത്തിരിക്കുന്നു. അതില്‍ അദ്ദേഹം ‘ക്ഷ’ ‘ത്ര’ ‘ജ്ഞ’ ഇവയെക്കൂടി അക്ഷരമാലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. കൂട്ടക്ഷരങ്ങള്‍ ഇതുമൂന്നും മാത്രമല്ലല്ലോ! പ്രാഥമിക വ്യഞ്ജനങ്ങളില്‍ ഒട്ടുമുക്കാലും ചേര്‍ത്തു കൂട്ടക്ഷരങ്ങള്‍ സൃഷ്ടിക്കാനാവും എന്നതിനാല്‍ ഈ മൂന്നെണ്ണത്തെ മാത്രം അക്ഷരമാലയില്‍ ഉള്‍പ്പെടുത്തുന്നത് എന്തിനാണ്? അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഡോക്ടര്‍ വെള്ളിമണ്‍ നെല്‍സന്റെ ലേഖനത്തിലെ ചില അഭിപ്രായങ്ങളോടു വിയോജിപ്പുണ്ടെങ്കിലും മൊത്തത്തില്‍ അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങളോട് നൂറുശതമാനം യോജിപ്പാണുള്ളത്. മലയാളത്തിന് കൃത്യമായ ഒരു അക്ഷരമാലയുണ്ടാക്കുകയും അതു എല്‍പി ക്ലാസിന്റെ അവസാനമെങ്കിലും കുട്ടികളെ പഠിപ്പിക്കുകയും വേണം. ചില്ല്, വിസര്‍ഗം, അനുസാരം ഇവയൊക്കെ അക്ഷരമാലയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത് ഭാഷാ വിദഗ്ദ്ധന്മാരുടെയും ഭാഷാധ്യാപകരുടെയും ഒരു സമിതി തീരുമാനിക്കട്ടെ. പൂര്‍ണാക്ഷരങ്ങളല്ലെങ്കിലും അവയൊക്കെ നമ്മുടെ ഭാഷയുടെ അനിവാര്യതകള്‍ തന്നെ. അക്ഷരമാല പരിചയപ്പെടുത്തുമ്പോള്‍ അവയുമൊക്കെ പരിചയപ്പെടുത്തിയിരിക്കണം എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. വെള്ളിമണിന്റെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിന് അക്കാദമിക് ബിരുദങ്ങളുള്ളവരുടെ മാത്രം സമിതിയല്ല ഉണ്ടാകേണ്ടത്. ഭാഷയെക്കുറിച്ച് നന്നായി പഠിച്ചു മനസ്സിലാക്കിയ യഥാര്‍ത്ഥ പണ്ഡിതന്മാരുടെ സമിതിയാണ് ഉണ്ടാകേണ്ടത്.
കലാകൗമുദിയില്‍ എം.കെ. വിവേകാനന്ദന്‍ നായര്‍ ബിച്ചുതിരുമലയെ അനുസ്മരിച്ചിരിക്കുന്നു. ബിച്ചു തീര്‍ച്ചയായും അനുസ്മരണം അര്‍ഹിക്കുന്ന ഒരു ഗാനരചയിതാവു തന്നെയാണ്. ഒരു കവി എന്ന നിലയില്‍ ശ്രദ്ധിക്കാന്‍ പോന്ന കവിതകളൊന്നും അദ്ദേഹത്തിന്റെതായി എവിടെയും വായിച്ചതോര്‍ക്കുന്നില്ല. എന്നാല്‍ അയ്യായിരത്തിലധികം ഗാനങ്ങള്‍ രചിച്ച ഈ ഗാനരചയിതാവിന്റെ ചില ഗാനങ്ങള്‍ നിത്യസ്മാരകങ്ങളായി മലയാള ഗാനസാഹിത്യത്തില്‍ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. പെട്ടെന്ന് ഓര്‍മവരുന്നത് ശുദ്ധധന്യാസിരാഗത്തില്‍ എ.ടി.ഉമ്മര്‍ സംഗീതം നിര്‍വ്വഹിച്ച ‘അനുഭവം’ എന്ന ചിത്രത്തിലെ ‘വാകപ്പൂ മരം ചൂടും’ എന്ന ഗാനമാണ്. വസന്തത്തെയും കാറ്റിനെയും മനുഷ്യഭാവങ്ങള്‍ നല്‍കി അവതരിപ്പിക്കുന്ന ഈ ഗാനം വളരെ കാവ്യാത്മകമാണ്. ഈ ഒരുപാട്ടു മാത്രം മതി മലയാളഗാനസാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം നിലനിര്‍ത്താന്‍. ഗാനസാഹിത്യത്തെ രണ്ടാംകിടയായി കണക്കാക്കുന്ന ഒരു രീതിയാണ് കേരളത്തിലുള്ളത് എന്നതിനാല്‍ അതിനെക്കുറിച്ച് എന്തെങ്കിലും പഠനമോ നിരൂപണമോ ഒന്നും മലയാളത്തിലില്ല. ടി.പി.ശാസ്തമംഗലം എന്ന ഒരു വ്യക്തി മാത്രമാണ് ഗാനത്തെ നിരൂപണ വിധേയമാക്കിയിട്ടുള്ളത്.
ടി.പി. ശാസ്തമംഗലം വലിയ ഗാനരചയിതാക്കളായി പേരെടുത്ത വയലാര്‍, ഓഎന്‍വി, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി ഇവരുടേതൊഴിച്ചുള്ള പലരുടെയും പാട്ടുകള്‍ ഒരു മുന്‍വിധിയോടെ എഴുതിത്തള്ളുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ബിച്ചുവിന്റെ ചിലമോശം പാട്ടുകളെ മുന്‍നിര്‍ത്തി അദ്ദേഹത്തെ തരംതാഴ്ത്തിയ ചില നിരൂപണങ്ങള്‍ ടി.പി ശാസ്തമംഗലത്തിന്റേതായൊക്കെ വന്നിട്ടുണ്ട്. സന്ദര്‍ഭത്തിനുവേണ്ടി വേഗത്തില്‍ എഴുതുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട് എന്നു കരുതി മൊത്തത്തില്‍ മാറ്റിനിര്‍ത്താവുന്ന ഗാനരചയിതാവല്ല ബിച്ചു തിരുമല. ഗാനങ്ങള്‍ക്കുവേണ്ടുന്ന ബിംബങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലൊക്കെ പാരമ്പര്യത്തനിമ സൂക്ഷിച്ച രചയിതാവാണദ്ദേഹം.
അത്ര പ്രശസ്തമല്ലാത്ത ബിച്ചുവിന്റെ പല പാട്ടുകളും കാവ്യഗുണമുള്ളവയാണ്. ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കേണ്ടത് ചലച്ചിത്രത്തിന്റെ കഥാ സന്ദര്‍ഭത്തെ സൂക്ഷ്മമായി ധ്വനിപ്പിക്കാന്‍ ഈ രചയിതാവിനുള്ള മിടുക്കാണ്. ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തില്‍ എം.ജി രാധാകൃഷ്ണന്‍ ട്യൂണ്‍ ചെയ്ത ആഹരി രാഗത്തിലുള്ള ‘പഴംതമിഴ്പാട്ടിഴയും’ എന്ന പാട്ട് ഇക്കാര്യത്തെ നന്നായി ബോധ്യപ്പെടുത്തുന്നതാണ്. ‘ഇരുളിനുള്ളില്‍ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളി’ എന്ന വരികള്‍ ചിത്രത്തിന്റെ ഉള്ളടക്കത്തെ നന്നായി ഉള്‍ക്കൊള്ളുന്നുവെന്ന് ചലച്ചിത്രം കണ്ടവര്‍ക്കു മനസ്സിലാക്കാനാവും.
കലാകൗമുദിയില്‍ പത്ത് കവികള്‍ തങ്ങളുടെ സര്‍ഗവൈഭവം തുറന്നുകാട്ടിയിരിക്കുന്നു. ടി.കെ.സന്തോഷ്‌കുമാര്‍, രാജേഷ് പനയംതിട്ട, പ്രഭാവര്‍മ, ഡോക്ടര്‍ മിനി എം.ആര്‍, ലത ഉദയന്‍, ഇന്ദുബായി… അങ്ങനെ പത്തുപേര്‍. അതില്‍ ടി.കെ. സന്തോഷ് കുമാറിന്റെ കവിത കര്‍ഷക സമരം വിജയിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തില്‍ എഴുതിയതാണത്രേ! ശാന്തം പാവം! കര്‍ഷകസമരമെന്ന പേരില്‍ ഇന്ത്യയില്‍ നടന്ന വിക്രിയകളുടെ പിന്നാമ്പുറങ്ങള്‍ കാണാന്‍ സാധാരണക്കാരനു കഴിയാത്തതില്‍ നമുക്ക് അവരെ കുറ്റം പറയാനാവില്ല. എന്നാല്‍ ‘ക്രാന്തദര്‍ശി’ ആയിരിക്കേണ്ട കവിയ്ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹമെങ്ങനെ കവിയാകും. ഇന്ത്യന്‍ കര്‍ഷകരോട് കാനഡയിലെ സിഖുകാര്‍ക്കും അവിടത്തെ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയ്ക്കും എന്താണിത്ര താല്പര്യം? അതുമാത്രം ഈ കവി അന്വേഷിച്ചാല്‍ പോരെ! അതൊക്കെ ആരുതിരക്കുന്നു.