ഡിസംബര്‍ 15 – സര്‍ദാര്‍ പട്ടേലിന്റെ സ്മൃതിദിനം
അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്ന പതിവ് നിലച്ചിട്ട് കുറെയായി. ഏതാനും ദിവസം മുമ്പുവരെ ലോദീ ഗാര്‍ഡന്‍ വരെ കാറില്‍ പോകുന്ന ശീലമുണ്ടായിരുന്നു. കൂടെ മണിബെന്‍ അല്ലെങ്കില്‍ ശങ്കര്‍ ഉണ്ടാകും. ഇപ്പോള്‍ കാറിലിരുന്നു പോലും യാത്ര ചെയ്യാന്‍ വയ്യാതായി. അതുകൊണ്ട് അല്പം നടക്കാനോ ശുദ്ധവായു ശ്വസിക്കാനോ കഴിയുന്നില്ല. സര്‍ക്കാര്‍ ഫയലുകളൊക്കെ വീട്ടിലെത്തും. കാരണം ഓഫീസിലൊന്നു പോകാന്‍ പോലും ഇപ്പോള്‍ വയ്യാ.
അന്ന്, പഞ്ചാബ് കേസരി ലാലാ ലാജ്പത് റായിയുടെ നിര്‍വാണ ദിനം ആചരിക്കാന്‍ ദില്ലിയില്‍ വന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. നേരത്തേ തയ്യാറാക്കിയ പരിപാടിയനുസരിച്ച് സര്‍ദാര്‍ അതില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അത് സാധ്യമല്ല. അതുകൊണ്ട് ഈ വിവരം ശങ്കര്‍ ടണ്ഡനെ അറിയിച്ചു. നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു സന്ദേശം സര്‍ദാറില്‍ നിന്ന് ലഭിക്കണമെന്ന് ടണ്ഡന്‍ ആഗ്രഹിച്ചു. ഇതിനുവേണ്ടി അദ്ദേഹംതന്നെ സര്‍ദാറിന്റെ താമസസ്ഥലത്തെത്തി. ടണ്ഡന്റെ ആഗ്രഹം കേട്ടപ്പോള്‍ സര്‍ദാര്‍ ഒന്നും പ്രതികരിച്ചില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് അസന്തുഷ്ടി പ്രതിഫലിച്ചിരുന്നു. ശങ്കര്‍ തന്റെ ഇംഗിതം ആവര്‍ത്തിച്ചപ്പോള്‍ സര്‍ദാര്‍ പറഞ്ഞു,
”ശങ്കര്‍, എനിക്കൊന്നുറങ്ങണമെന്നുണ്ട്. സന്ദേശം നിങ്ങള്‍ തന്നെ എഴുതിക്കൊള്ളുക.”
ശങ്കര്‍ ടണ്ഡന്നിത് ആദ്യത്തെ അനുഭവമായിരുന്നു. കാരണം, താനെഴുതേണ്ടുന്ന ഒരു കാര്യവും നാളിതുവരെ സര്‍ദാര്‍ മറ്റൊരാളെ ഏല്പിച്ചിട്ടില്ല.
ശങ്കര്‍ തന്റെ മുറിയിലേക്ക് പോയി. നിമിഷങ്ങള്‍ക്കകം സന്ദേശം തയ്യാറാക്കി കൊണ്ടുവന്നു. എഴുതിയ സന്ദേശം ഒരു തടിച്ച പേഡില്‍ ക്ലിപ് ചെയ്ത് ഒപ്പിടാനായി സര്‍ദാറിന്റെ മുമ്പില്‍ വച്ചുകൊടുത്തു.
മരുന്നുകളുടെ പാര്‍ശ്വഫലം കൊണ്ടാവാം, അല്ലെങ്കില്‍ ഉറക്കച്ചടവുകൊണ്ടാവാം, സര്‍ദാറിന്റെ കണ്‍പോളകള്‍ തളര്‍ന്നു, തൂങ്ങിയിരുന്നു. പേഡിലേയ്‌ക്കൊന്നു നോക്കുക പോലും ചെയ്യാതെ അദ്ദേഹം സന്ദേശത്തില്‍ ഒപ്പിട്ടു.
ആ രാത്രി മണിബെനും സുശീലാ നയ്യരും സര്‍ദാറിന്റെ കട്ടിലിന്നരികെ നില്‍ക്കുന്നുണ്ടായിരുന്നു. ഈയിടെയായി രണ്ടു നഴ്‌സുമാരും സര്‍ദാറിനെ പരിചരിക്കുവാനായി നിയുക്തരായിട്ടുണ്ട്. സുശീലാബെന്‍ സര്‍ദാറിന്റെ ബ്ലഡ്പ്രഷര്‍ പരിശോധിച്ചു. പനി നോക്കി. എല്ലാ വിവരങ്ങളും കെയ്‌സ്ഷീറ്റില്‍ കുറിച്ചിട്ടു. സര്‍ദാര്‍ യാതൊരു പ്രതികരണവുമില്ലാതെ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. സുശീലാ ബെനും മണിബെനും തമ്മില്‍ നേരത്തേ മുതല്‍ക്കേ എന്തോ അസ്വാരസ്യമുണ്ടായിരുന്നു. ഇത് സര്‍ദാറിനും അറിയാമായിരുന്നു. ഇത്തരം കൊച്ചുകൊച്ചുപിണക്കങ്ങള്‍ പതിവാണ്. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ എന്തോ പറയാനെന്ന പോലെ ചലിച്ചു, മണിബെനെയും സുശീലാബെനെയും മാറിമാറി നോക്കിക്കൊണ്ട് അദ്ദേഹം വളരെപ്പതുക്കെ പറഞ്ഞു: ”നിങ്ങള്‍ തമ്മില്‍ ഇപ്പോള്‍ പിണക്കമൊന്നുമില്ലല്ലോ? എല്ലാം ഐക്യപ്പെട്ടില്ലേ?”
സര്‍ദാറില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം കേള്‍ക്കാനിടയായപ്പോള്‍ മണിബെന്നിന് സഹിക്കാനായില്ല. അവര്‍ സര്‍ദാറില്‍ നിന്നും ദൃഷ്ടി പിന്‍വലിച്ചു.
സര്‍ദാര്‍ കണ്ണുകളടച്ചുകൊണ്ടുതന്നെ കബീര്‍ദാസിന്റെ ഒരു കീര്‍ത്തനത്തിലെ ഏതാനും വരികള്‍ അസ്പഷ്ടമായി മൂളാന്‍ തുടങ്ങി.
”ഫക്കീര്‍മാരില്‍ മനസ്സൂന്നുക പ്രിയരേ!” എന്നായിരുന്നു അതിന്റെ ആശയം.
അന്ന് രാത്രി ശ്വസിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായി. ഉടന്‍ തന്നെ ഓക്‌സിജന്‍ കൊടുത്തു. ഡോക്ടര്‍ ഇഞ്ചക്ഷന്‍ കൊടുക്കാന്‍ ഒരുങ്ങുന്നതു കണ്ടപ്പോള്‍ വിലക്കിക്കൊണ്ട് സര്‍ദാര്‍ പറഞ്ഞു:
”ഡോക്ടര്‍, ഇഞ്ചക്റ്റ് ചെയ്യരുത്. വേദന സഹിക്കാന്‍ കഴിയുന്നില്ല.”
പിറ്റേന്നു രാവിലെ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തു നീക്കി. സര്‍ദാര്‍ സ്വയം തന്നെ പ്രഭാതകര്‍മ്മങ്ങളൊക്കെ നിര്‍വ്വഹിച്ചു. ഉരുണ്ട വലിയ തലയിണകളില്‍ ചാരി അദ്ദേഹം കട്ടിലിലിരുന്നു. നിമിഷങ്ങള്‍ക്കകം ഭാരംകൊണ്ടെന്ന പോലെ കണ്‍പോളകള്‍ തൂങ്ങി. മയക്കത്തില്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വീണ്ടും മന്ത്രിക്കാന്‍ തുടങ്ങി –
”മംഗളക്ഷേത്രം തുറക്കൂ ദയാനിധേ,
മംഗളക്ഷേത്രം തുറക്കൂ!”
പ്രാര്‍ത്ഥന ചൊല്ലിത്തീരുന്നതിനു മുന്നേത്തന്നെ ഘനശ്യാം ദാസ് ബിര്‍ള അവിടെയെത്തി. പ്രാര്‍ത്ഥന പാതി വച്ചു നിര്‍ത്തി സര്‍ദാര്‍ കണ്ണുതുറന്നു നോക്കി. ബിര്‍ള കട്ടിലിന്നരികേ നില്‍ക്കുകയായിരുന്നു.
കനം നിറഞ്ഞ അന്തരീക്ഷത്തെ ഇത്തിരി നേര്‍പ്പിക്കാനെന്നപോലെ ബിര്‍ള പറഞ്ഞു.
”സര്‍ദാര്‍, ക്ഷേത്രം അത്ര പെട്ടന്നൊന്നും അങ്ങേയ്ക്കുവേണ്ടി തുറക്കില്ല. കാരണം, ഒന്നിലധികം പൂട്ടുകളിട്ട് അത് പൂട്ടിയിരിക്കയാണ്.”
ബിര്‍ള പറഞ്ഞ നേരമ്പോക്കിന്റെ അന്തരാര്‍ത്ഥം മനസ്സിലാക്കിയിട്ടെന്ന പോലെ സര്‍ദാര്‍ പറഞ്ഞു: ”എന്തിന് ഒന്നിലധികമാക്കണം? പത്തുപന്ത്രണ്ടെണ്ണമിട്ടു പൂട്ടിക്കോളൂ, തുറക്കേണ്ട സമയമാകുമ്പോള്‍ അവയൊക്കെ തുറന്നിരിക്കും!”
തന്റെ അന്ത്യനാള്‍ അടുത്തിരിക്കുന്നുവെന്ന് മനസ്സിലാക്കിയ പോലെയായിരുന്നു സര്‍ദാറിന്റെ പ്രതികരണം.
സര്‍ദാറിനെ ബോംബെയിലേക്ക് കൊണ്ടുപോകണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അതിന്നനുസരിച്ച് എല്ലാ തയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കയായിരുന്നു. ഡിസംബര്‍ 12നു രാവിലെ തന്നെരണ്ടു ഡക്കോട്ടാ വിമാനങ്ങള്‍ ഒരുക്കി നിറുത്തിയിട്ടുണ്ടായിരുന്നു. പൂര്‍ണ്ണ ആരോഗ്യത്തോടെ സര്‍ദാറിന് ഇനി തിരിച്ചുവരാനാവില്ലെന്ന് ഇന്നിപ്പോള്‍ ഉറ്റവരൊക്കെ ഉറപ്പിച്ച മട്ടാണ്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഹൃദയമിടിപ്പിന്റെ താളം കുഴഞ്ഞുമറിയുന്നു. ഓര്‍മ്മശക്തി മങ്ങിമറയുന്നു. സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ സന്ദര്‍ഭം മറന്നുപോകുന്നു. ഈ ലക്ഷണങ്ങളൊന്നും തന്നെ ശുഭസൂചകങ്ങളല്ല.
ഇങ്ങനെയൊക്കെയായിട്ടും സര്‍ദാര്‍ മാനസികമായി തളര്‍ന്നിട്ടുണ്ടായിരുന്നില്ല. ഡോക്ടര്‍മാരോടും നഴ്‌സുമാരോടും സന്ദര്‍ശകരോടും മറ്റും അത്യാവശ്യകാര്യങ്ങള്‍ പിഴവില്ലാതെ സംസാരിക്കുമായിരുന്നു.
ഡിസംബര്‍ 10ന് രാത്രി അദ്ദേഹത്തിനു തീരേ ഉറങ്ങാനായിട്ടില്ല. അവസാനമായി ഒരു നോക്കു കാണാനെന്ന പോലെ ദില്ലിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശങ്കറും മണിബെനും ചേര്‍ന്ന് സന്ദര്‍ശകരെ നിയന്ത്രിച്ചുപോന്നു. വന്ന് കണ്ടുപോകുന്നവരുടെയൊക്കെ മുഖത്ത് അനാഥത്വവും കണ്ണുകളില്‍ ഉത്കണ്ഠയും നിഴലിച്ചിരുന്നു. വരുന്നവരാരുംതന്നെ ഔപചാരികത പ്രകടിപ്പിക്കാന്‍ മാത്രമായിട്ട് വരുന്നവരായിരുന്നില്ല.
രാവിലെ 10 മണിയോടടുപ്പിച്ച് സര്‍ദാറിന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ ഡോ.എന്‍.സി.ഗാഡ്ഗില്‍ എത്തി. എക്കാലവും സര്‍ദാറിനെ പിന്തുണച്ച വ്യക്തിയാണ് ഡോ. ഗാഡ്ഗില്‍. സര്‍ദാറും നെഹ്‌റുവും തമ്മില്‍ ചിലപ്പോഴൊക്കെ ഉണ്ടാവാറുള്ള നയപരമായ അഭിപ്രായഭിന്നതകളില്‍ ഗാഡ്ഗില്‍ സര്‍ദാറിന്റെ പക്ഷത്താണ് നിലയുറപ്പിച്ചുപോന്നിട്ടുള്ളത്. സര്‍ദാര്‍ കിടക്കുന്ന റൂമില്‍ച്ചെന്ന് അദ്ദേഹം സര്‍ദാറിന്റെ ഓരം ചേര്‍ന്ന് ഇരുന്നു. കണ്ണുതുറന്ന സര്‍ദാര്‍ മുന്നില്‍ അദ്ദേഹത്തെക്കണ്ടു. നേരിയ പുഞ്ചിരിയോടെ സര്‍ദാര്‍ പറഞ്ഞു.
”ഗാഡ്ഗില്‍, നിങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കാന്‍ പോവുകയാണ്.”
”അതെന്തുകൊണ്ട് സര്‍ദാര്‍?” – ഗാഡ്ഗില്‍ ചോദിച്ചു.
”ജവാഹര്‍ലാല്‍ മോത്തിലാലിന്റെ ഓമനപ്പുത്രനാണ്…. എന്റെ അസാന്നിധ്യത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ കൈയൊഴിയരുത്. നിങ്ങള്‍ അദ്ദേഹത്തെ നിയന്ത്രിക്കണം.”
സര്‍ദാറിന്റെ ഈ വചനം ഗാഡ്ഗിലിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കാരണം, ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നൊരു മറുപടി പറയാന്‍ ഗാഡ്ഗിലിനായില്ല. ചെറിയൊരു വിരാമത്തിനുശേഷം ഗാഡ്ഗില്‍ പ്രതിവചിച്ചു:
”സര്‍ദാര്‍ സാബ്, അങ്ങ് ഒട്ടും വിഷമിക്കരുത്. ബോംബെയിലെത്തി അവിടത്തെ ചികിത്സയും പരിചരണവും ലഭിക്കുമ്പോള്‍ അങ്ങയുടെ അസുഖങ്ങളൊക്കെ ഭേദമാകും. അങ്ങ് പഴയ ആരോഗ്യം വീണ്ടെടുക്കും.”
സര്‍ദാര്‍ ഒന്നു പുഞ്ചിരി തൂകുക മാത്രം ചെയ്തു. എന്നിട്ട് കണ്ണുകളടച്ചു. ഭാരം തൂങ്ങിയ കണ്‍പോളകള്‍ ഉയര്‍ത്താതെ തന്നെ അസ്പഷ്ട സ്വരത്തില്‍ അദ്ദേഹം മൊഴിഞ്ഞു.
”ഗാഡ്ഗില്‍, നിങ്ങളിത്ര വേഗം ബാപ്പുവിനെ മറന്നുപോയോ? സത്യം മാത്രമേ പറയാവൂ എന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചിട്ടില്ലേ?”
ഗാഡ്ഗിലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അദ്ദേഹം സര്‍ദാറിന്റെ കൈ തന്റെ കൈയിലെടുത്തു തടവാന്‍ തുടങ്ങി.
അല്പം കഴിഞ്ഞപ്പോള്‍ ജവാഹര്‍ലാല്‍ എത്തി. അദ്ദേഹം സര്‍ദാറിന്റെ കാല്‍ക്കലെ കസേരയിലിരുന്നു. എന്നിട്ട് സര്‍ദാറിന്റെ പാദങ്ങള്‍ തിരുമ്മാന്‍ തുടങ്ങി. സര്‍ദാര്‍ കണ്ണുകള്‍ തുറന്നു. നേരേ മുന്നിലിരുന്ന് തന്റെ പാദങ്ങള്‍ തിരുമ്മിക്കൊണ്ടിരിക്കുന്ന ജവാഹര്‍ലാലിനോട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
”ജവാഹര്‍, അവിടെയല്ല, ഇവിടെ വന്നിരിക്കൂ!”
തന്റെ തലയ്ക്കു സമീപത്തിട്ടിരുന്ന കസേര ചൂണ്ടിക്കാട്ടി സര്‍ദാര്‍ പറഞ്ഞു. ഇതു മനസ്സിലാക്കിയ ജവാഹര്‍ അങ്ങനെ ചെയ്തു. ‘ജവാഹര്‍’, സര്‍ദാര്‍ സംസാരിച്ചുതുടങ്ങി, ”രോഗം ഭേദമായിട്ട് നമ്മള്‍ രണ്ടുപേരും വീണ്ടും കാണാനിടയായാല്‍, എനിക്ക് ഉള്ളം തുറന്ന് ചിലത് സംസാരിക്കാനുണ്ട്, അങ്ങയോട്!”
”അതുപോലെ എനിക്കുമുണ്ട് ചില കാര്യങ്ങള്‍ അങ്ങയോട് സംസാരിക്കാന്‍, സര്‍ദാര്‍! ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.”
”നാം നേടിയെടുത്ത സ്വാതന്ത്ര്യം ബാപ്പു ആഗ്രഹിച്ചതുപോലെ ‘ബഹുജന ഹിതായ ബഹുജന സുഖായ’ എന്ന ദിശയിലേയ്ക്കുതന്നെയാണോ പോകുന്നത്? സാധാരണക്കാരായ പട്ടിണിപ്പാവങ്ങളിലേയ്ക്ക് അതിന്റെ ഗുണം എത്തുന്നുണ്ടോ? സത്യം പറഞ്ഞാല്‍, ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ഏറെ ഉത്ക്കണ്ഠാകുലനാവുകയാണ്.”
സര്‍ദാര്‍ ഉള്ളുരുകി ഇങ്ങനെ പറഞ്ഞത്, പ്രത്യേകിച്ചും ഈയവസ്ഥയില്‍, ജവാഹര്‍ലാലിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. സര്‍ദാര്‍ പറഞ്ഞ കാര്യം ജവാഹര്‍ലാലിനെ ചിന്താഗ്രസ്തനാക്കി.
”ഇതേ ചിന്ത എന്നെയും അലട്ടാറുണ്ട്, സര്‍ദാര്‍. നമ്മളൊക്കെ മാറിപ്പോയില്ലേ! ഇതൊക്കെ വിശകലനം ചെയ്തു അംഗീകരിക്കേണ്ടതുണ്ട്. ആത്മവഞ്ചനയും അഹംഭാവവും നമ്മുടെ പെരുമാറ്റത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.”
ജവാഹര്‍ തന്നോടുതന്നെ സാംസാരിക്കുകയാണോയെന്ന് തോന്നും, തുറന്നിട്ട ജാലകത്തിന്റെ അരികില്‍ നിന്ന് ചക്രവാളത്തിലേയ്ക്ക് നോക്കിക്കൊണ്ട് അദ്ദേഹം സംസാരം തുടര്‍ന്നു – ”നമ്മുടെ വാക്കിലും പ്രവൃത്തിയിലും അന്തരം വന്നിരിക്കുന്നു സര്‍ദാര്‍! ഇക്കാര്യത്തില്‍ ഞാനും കുറ്റവാളിയായിരിക്കാം. ഞാന്‍ അംഗീകരിക്കുന്നു.”
ചക്രവാളത്തില്‍ നിന്ന് നോട്ടം പിന്‍വലിച്ച ജവാഹര്‍ ഈറനായ കണ്ണുകളോടെ സര്‍ദാറിനെ നോക്കി. അല്പനേരത്തെ മൗനത്തിനുശേഷം ജവാഹര്‍ തുടര്‍ന്നു –
”സര്‍ദാര്‍, സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കൂ, ഇപ്പോളതാണ് വേണ്ടത്. ഇവിടത്തെ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠപ്പെടാതിരിക്കൂ. അങ്ങ് തിരിച്ചെത്തിയിട്ട് നമുക്ക് അവയെക്കുറിച്ച് ആലോചിക്കാം. ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്.”
സര്‍ദാര്‍ കണ്ണുതുറന്നു. തന്റെ വലതുകൈയിന്റെ പെരുവിരല്‍ മേലോട്ടുയര്‍ത്തി. എന്നിട്ട് ഇത്രമാത്രം പറഞ്ഞു- ”ഒരുപാട് വൈകിപ്പോയില്ലേ ജവാഹര്‍? ഇനിയെന്താണ് ചെയ്യാനുള്ളത്?”
കുറച്ചു കഴിഞ്ഞപ്പോള്‍ രാജാജി, രാജേന്ദ്രപ്രസാദ്, ടണ്ഡന്‍, മേനോന്‍, ഗോപാലസ്വാമി എന്നിവരൊക്കെ എത്തി. സര്‍ദാറിന്റെ അസാന്നിധ്യത്തില്‍ ഭരണചക്രം നിലച്ചുപോകാതിരിക്കാനുള്ള വിഷയം സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
സന്ധ്യയായപ്പോള്‍ സര്‍ദാറിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. ഓക്‌സിജന്‍ കൊടുക്കേണ്ടി വന്നു. അസഹ്യമായ വയറുവേദനയുണ്ടെന്ന് അദ്ദേഹം ആവലാതിപ്പെട്ടു. മരുന്നുകളുടെ മയക്കത്തിലായിരിക്കണം, അദ്ദേഹം വളരെപ്പെട്ടെന്ന് ഉറങ്ങിപ്പോയി.
നേരം പുലര്‍ന്നു. ദില്ലി വെല്ലിംഗ്ടന്‍ വിമാനത്താവളത്തില്‍ രണ്ടു ഡക്കോട്ടാ വിമാനങ്ങള്‍ പറക്കാന്‍ തയ്യാറായി നില്പുണ്ടായിരുന്നു. സര്‍ദാറിനെ ബോംബെയിലേയ്ക്കു കൊണ്ടുപോകാനാണിവ. ഇവയില്‍ സര്‍ദാറിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ സര്‍ദാറിനെക്കൂടാതെ അദ്ദേഹത്തിന്റെ ഡോക്ടറും മണിബെനും കയറി. ചക്രക്കസേരയിലിരുത്തി സര്‍ദാറിനെ വിമാനത്തിന്നടുത്തേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യം കണ്ടപ്പോള്‍ പരിസരമാകെ ശോകമൂകമായി, നിശ്ചലമായി.
രാഷ്ട്രപതി രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു, ചക്രവര്‍ത്തി രാജഗോപാലാചാരി, പുരുഷോത്തം ദാസ് ടണ്ഡന്‍, സത്യനാരായണ്‍സിഹ്ന തുടങ്ങി നിരവധി പ്രമുഖര്‍ യാത്രയയപ്പിനു സന്നിഹിതരായിരുന്നു. രണ്ടാമത്തെ ഡക്കോട്ട വിമാനത്തില്‍ ശങ്കറും മറ്റു സഹായികളും കയറി. വിമാനത്തിന്റെ വാതിലുകളടഞ്ഞു. നിമിഷങ്ങള്‍ക്കകം വിമാനങ്ങള്‍ പറന്നുയര്‍ന്നു.
ഇതൊന്നും അറിയാത്തതുപോലെ സര്‍ദാര്‍ കണ്ണുകളടച്ചു കിടക്കുകയായിരുന്നു. നാലര മണിക്കൂര്‍ പറന്ന് വിമാനങ്ങള്‍ ബോംബെയിലെ ജൂഹു വിമാനത്താവളത്തിലിറങ്ങി. സര്‍ദാറിനെ സ്വീകരിക്കാനായി അവിടെ ബോംബെ മുഖ്യമന്ത്രി ബാലാ സാഹെബ് ഖേറും ആഭ്യന്തരമന്ത്രി മൊറാര്‍ജി ദേശായിയും സന്നിഹിതരായിരുന്നു.
സര്‍ദാറിനെ ചക്രക്കസേരയിലിരുത്തി വിമാനത്തില്‍ നിന്ന് താഴെയിറക്കി. ബാലാസാഹേബും മൊറാര്‍ജിയും നമസ്‌കാരം പറഞ്ഞുകൊണ്ട് സര്‍ദാറിനെ വരവേറ്റു. ‘നമസ്‌കാരം’ കേട്ടിട്ടെന്ന പോലെ സര്‍ദാര്‍ കണ്ണുതുറന്നു. എങ്കിലും വാചാലമായ പ്രതികരണമൊന്നുമുണ്ടായില്ല. യാത്രാക്ഷീണം കാരണം ആകെ തളര്‍ന്നിരുന്നു അദ്ദേഹം.
സര്‍ദാറിന് താമസമൊരുക്കിയത് ബോംബെയിലെ ബിര്‍ളാ ഹൗസിലായിരുന്നു. സകല ഉപകരണങ്ങളും സജ്ജീകരിച്ച മുറിയിലേക്ക് സര്‍ദാറിനെ കൊണ്ടുപോയി.
അന്നുരാത്രി സര്‍ദാറിന് ഉറക്കമുണ്ടായില്ല. സദാനേരവും ഞരങ്ങിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ വായിലൂടെ രക്തം വമിക്കുന്നുമുണ്ടായിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ ഡോക്ടര്‍മാര്‍ പുതിയൊരു നിഗമനത്തിലെത്തി – സര്‍ദാറിന്റെ ഇരു വൃക്കകളും പോയിരിക്കുന്നു! എന്നിട്ടും അദ്ദേഹത്തിന് ബോധം നശിച്ചിരുന്നില്ല. പ്രതിബന്ധങ്ങളിലും മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവ് അദ്ദേഹത്തിന് സ്വതസ്സിദ്ധമായിരുന്നല്ലോ! ഭഗവദ്ഗീതയിലെ രണ്ടാമധ്യായത്തിലെ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തിനും ഹൃദിസ്ഥമായിരുന്നു. മനസ്സിനെ നിയന്ത്രിക്കാനായിരിക്കും, അതിലെ ചില ശ്ലോകങ്ങള്‍ മന്ത്രസ്വരത്തില്‍ അദ്ദേഹം ഉരുവിടുന്നുണ്ടായിരുന്നു.
സന്ദര്‍ശകരെക്കൊണ്ട് ബിര്‍ളാ ഹൗസ് നിറഞ്ഞുകവിഞ്ഞു. സര്‍ദാര്‍ അവസാനമായി അഹമ്മദാബാദിലേയ്ക്ക് പോകുമ്പോള്‍ ആതിഥ്യം സ്വീകരിച്ച ഒരു വസതിയുണ്ടായിരുന്നു, ബോംബെയില്‍. അവിടെവെച്ച് പ്രമുഖ വ്യവസായിയായ കസ്തൂര്‍ഭായി ലാല്‍ഭായിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു. അദ്ദേഹം വന്നു. പക്ഷേ, സര്‍ദാറിനെ കാണാനായില്ല. കാരണം വയറുവേദന അസഹ്യമായിരുന്നു.
അര്‍ദ്ധോക്തികളിലൂടെ, അസ്പഷ്ടമായി അദ്ദേഹം പലതും പിറുപിറുക്കുന്നുണ്ടായിരുന്നു.
”രാജി വയ്ക്കുകതന്നെ. അല്ലാതെ ഈ അവസ്ഥയില്‍ ജോലി തുടരാനാവില്ല. ബാപ്പുവിനോട് എന്താണ് പറയുക? സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരല്ലേ?…”
സര്‍ദാറിന്നരികേ ഇരിക്കുകയായിരുന്ന മണിബെന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആപത്തുകളും പ്രശ്‌നങ്ങളും വന്നുചേരുമ്പോള്‍ ഉരുക്കുപോലെ നിന്ന് നേരിട്ട സര്‍ദാര്‍ വേദന സഹിക്കാനാവാതെ ഇങ്ങനെ ഞരങ്ങുന്നത് കണ്ടിരിക്കാന്‍ അവരെക്കൊണ്ടാവുമായിരുന്നില്ല. അവര്‍ നെയ് വിളക്ക് കത്തിച്ചുവച്ചു. ചന്ദനത്തിരി പുകച്ചു. അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇടറുന്ന തൊണ്ടയോടെ അവര്‍ പരമകാരുണികനോടു പ്രാര്‍ത്ഥിച്ചു.
”പ്രഭോ, ഇദ്ദേഹത്തിന്റെ അസുഖങ്ങള്‍ വളരെ വേഗം മാറ്റിത്തരേണമേ! ഇദ്ദേഹം വേദനകൊണ്ട് പുളയുന്നത് എനിക്ക് കണ്ടു സഹിക്കാനാവുന്നില്ല…”
രാവിലെ സര്‍ദാറിന് ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തു. ഊര്‍ജം നിലനിറുത്താനുള്ള മറ്റു ഔഷധങ്ങള്‍ ഞരമ്പിലൂടെ കയറ്റി.
വൈകുന്നേരമായപ്പോള്‍ അദ്ദേഹത്തിന്റെ നില അല്പം ഭേദപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന് ശങ്കറിനെ ഓര്‍മ്മ വന്നു. ശങ്കര്‍ സമീപത്തുതന്നെയുണ്ടായിരുന്നു. അദ്ദേഹം തന്റെ ചെവി സര്‍ദാറിന്റെ മുഖത്തിനടുത്തേയ്ക്ക് ചേര്‍ത്തുവെച്ചുകൊണ്ട് പതുക്കെ ചോദിച്ചു,
”സര്‍ദാര്‍ സാബ്, ഞാനിവിടെത്തന്നെയുണ്ട്; വല്ലതും പറയാനുണ്ടോ?”
സര്‍ദാര്‍ കണ്ണുതുറന്നു. ശങ്കറിനെ നോക്കി. ചുണ്ടുകള്‍ ചലിച്ചു. മെല്ലെ പറഞ്ഞു,
”ശങ്കര്‍, എനിക്ക് പേടിയാകുന്നു!”
”പേടിയോ?” – ശങ്കര്‍ ഞെട്ടി.
”മരണത്തെയല്ല. ശങ്കര്‍!” സര്‍ദാര്‍ വിശദീകരിച്ചു. ”ഈ രാജ്യത്തെ സ്വതന്ത്രമാക്കാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍, ഈ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ നമ്മളെക്കൊണ്ടാകുമോ ? നമ്മളിന്നീ രാജ്യത്തെ പരിപാലിച്ചുവരുന്ന രീതി കാണുമ്പോള്‍ എനിക്ക് സംശയവും ഭയവും തോന്നുന്നു ശങ്കര്‍! നമുക്കിത് വെട്ടിമുറിക്കാതെ സംരക്ഷിക്കാനാകുമോ?
സര്‍ദാര്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കണ്ണുകള്‍ അടച്ചു. വായപൂട്ടി. ചുണ്ടുകള്‍ അമര്‍ത്തി. ഒരു പക്ഷേ, നാല്പതുകോടി ജനങ്ങള്‍ക്ക് സര്‍ദാര്‍ നല്‍കിയ അവസാന സന്ദേശമായിരുന്നു അത്. തന്റെ പിന്‍ഗാമികള്‍ എങ്ങനെയുള്ളവരായിരിക്കണമെന്നും എന്തുനയം കൈക്കൊള്ളണമെന്നും വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു ഈ യുഗപുരുഷന്‍. തന്റെ വേദനയും ഉത്കണ്ഠയും ദുഃഖവും ആ മൊഴികളില്‍ നിറഞ്ഞുനിന്നിരുന്നു. നാമമാത്രമായ വാക്കുകളിലൂടെ നാല്പതുകോടി ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശമായിരുന്നു അത്.
ബിര്‍ളാ ഹൗസില്‍ ആസന്നമരണനായി കിടക്കുകയായിരുന്ന സര്‍ദാറിന്റെ അവസാനകാല ഉത്കണ്ഠ യാഥാര്‍ത്ഥ്യമാക്കുന്ന ഒരു സംഭവവും അതിനിടെ ഉണ്ടായി.
രണ്ടുദിവസം മുമ്പ് ദില്ലിയിലെ സര്‍ദാറിന്റെ വസതിയില്‍ വെച്ച് നാട്ടുരാജ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സംയുക്തമായി യോഗം ചേരുകയുണ്ടായി. ഭരണനിര്‍വ്വഹണം എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ചയിലൂടെ രണ്ടു മന്ത്രാലയങ്ങളും ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ആ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ജവാഹര്‍ലാല്‍ അപ്പാടെ മാറ്റി. സര്‍ദാറിന്ന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് നെഹ്‌റു അങ്ങനെ ചെയ്തത്. ഇപ്പോള്‍ മന്ത്രാലയങ്ങള്‍ രണ്ടും വെവ്വേറെയായി. നാട്ടുരാജ്യമന്ത്രാലയത്തിന്റെ ചുമതല ഗോപാലസ്വാമിക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല നെഹ്‌റുവിനുമായി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് നെഹ്‌റു നാട്ടുരാജ്യമന്ത്രാലയ വകുപ്പുമന്ത്രി വി.പി.മേനോന് അറിയിപ്പും നല്‍കി. നെഹ്‌റുവിന്റെ നടപടി തിരക്കുപിടിച്ചതായിപ്പോയെന്നും സര്‍ദാറിനെ അറിയിക്കാതെ താനിതെങ്ങനെ നടപ്പില്‍ വരുത്തുമെന്നും വി.പി.മേനോന്‍ പ്രതികരിച്ചു. തന്റെ ഉത്തരവ് നടപ്പില്‍ വരുത്തിയാല്‍ മതി നിങ്ങളെന്ന് രോഷത്തോടെ നെഹ്‌റു വാശിപിടിച്ചു. മേനോനെ സംബന്ധിച്ചിടത്തോളം വേറെ വഴിയില്ലായിരുന്നു. പുതിയ നീക്കങ്ങള്‍ സര്‍ദാറിനെ അറിയിക്കാന്‍ മേനോന്‍ ശങ്കറുമായി ബന്ധപ്പെട്ടു.
ശങ്കര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു – ”സര്‍, സര്‍ദാര്‍ ഇപ്പോള്‍ ഏതാണ്ട് അബോധാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യം ഇപ്പോള്‍ അദ്ദേഹത്തെ അറിയിക്കുക സാധ്യമല്ല. ഇനി അവസ്ഥമാറിയാല്‍പ്പോലും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുന്നത് ബുദ്ധിപൂര്‍വ്വകമായിരിക്കില്ല. കാരണം, അദ്ദേഹത്തിന് മാനസികാഘാതം ഉണ്ടാക്കുന്ന പ്രശ്‌നമാണിത്. ഇതദ്ദേഹത്തിന്റെ ജീവന്‍ പോലും അപായപ്പെടുത്തിയെന്നുവരും. ശങ്കര്‍ ഇത് മണിബെന്നിനെ അറിയിക്കാതിരുന്നില്ല.
പുലര്‍ച്ചയ്ക്ക് മൂന്നു മണിയോടെ സര്‍ദാറിന് ഹൃദയാഘാതമുണ്ടായി. ഉടനെത്തന്നെ അടിയന്തിര ശുശ്രൂഷകള്‍ ആരംഭിച്ചു. എന്നാല്‍, വെളിച്ചമായപ്പോഴേയ്ക്കും അദ്ദേഹം ഉര്‍ധ്വവായു വിട്ടുതുടങ്ങിയിരുന്നു. മണിബെന്‍ സ്പൂണുകൊണ്ട് ഗംഗാജലം ഉറ്റിച്ചുകൊടുത്തു. മകന്‍ ഡാഹ്യായിയടക്കമുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും അവിടെ സന്നിഹിതരായിരുന്നു. ഡാഹ്യാഭായിയും പിതാവിന് ഗംഗാജലം കൊടുത്തു.
ഗംഗാജലം പാനം ചെയ്ത്, ഗംഗാപുത്രനായ ഭീഷ്മരെപ്പോലെ കാലഗംഗയുടെ മഹാപ്രവാഹത്തിലേക്ക് ഏകാകാരനായി ആ ഉരുക്കു മനുഷ്യന്‍ അലിഞ്ഞുചേര്‍ന്നു.
നേപ്പിയന്‍സ് റോഡിലെ ബിര്‍ളാ ഹൗസും വിശാലമായ അതിന്റെ പരിസരപ്രദേശവും ശബ്ദരഹിതമായ ജനമഹാസമുദ്രമായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.
സര്‍ദാറിന്റെ അന്ത്യസംസ്‌കാരം എവിടെയായിരിക്കണമെന്ന കാര്യത്തെക്കുറിച്ച് ചെറിയൊരു ആശയക്കുഴപ്പമുണ്ടായി. ബോംബയിലെ ശ്മശാനഭൂമിയായ സോനാപൂരില്‍ വെച്ചു നടത്താമെന്ന് ചിലര്‍. അല്ല, ലോകമാന്യതിലകനെ സംസ്‌കാരിച്ച ചൗപ്പാട്ടിയിലാകാമെന്ന് വേറെ ചിലര്‍. ഒടുവില്‍ മണിബെന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. സര്‍ദാര്‍ പ്രകടിപ്പിക്കാറുണ്ടായിരുന്ന ആഗ്രഹം അവര്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു. അതായത് തന്റെ ധര്‍മ്മപത്‌നിയായ ഝാവേര്‍ബായുടെയും ജ്യേഷ്ഠന്‍ വിട്ഠല്‍ ഭായിയുടെയും അന്ത്യേഷ്ടിക്രിയ നടത്തിയ ഇടത്തില്‍ത്തന്നെ തന്റെയും അന്ത്യേഷ്ടിക്രിയ നടത്തണമെന്നായിരുന്നു സര്‍ദാറിന്റെ അഭിലാഷം.
എല്ലാവര്‍ക്കും അത് സ്വീകാര്യമായി.
ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍ ബാഡിയിലായിരുന്നു ശ്മശാനം. എല്ലാവരും അങ്ങോട്ടു നീങ്ങി. ബിര്‍ളാ ഹൗസില്‍ നിന്ന് ഓപ്പറ ഹൗസ്, അവിടെ നിന്ന് ചര്‍ണി റോഡ് വഴി സോനാപൂര്‍ – ഇവിടങ്ങളിലൂടെയുള്ള യാത്ര. അപാര ജനസമുദ്രം, പൂഴിയിട്ടാല്‍ കൊഴിയില്ല. വരാന്തകളിലും മട്ടുപ്പാവുകളിലും ആയിരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു.
ചന്ദന്‍ ബാഡിയിലെ ശ്മശാനഭൂവില്‍ സര്‍ദാറിന്റെ ഭൗതികദേഹമെത്തിയപ്പോള്‍ അസ്തമയസൂര്യന്‍ ചൗപ്പാട്ടി സമുദ്രത്തിലെ ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളുടെ അപാരതയിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു.
ഡാഹ്യാഭായിയാണ് അച്ഛന് മുഖാഗ്നി നല്‍കിയത്. അപ്പോള്‍ ജനസഹസ്രം ദിക്കെട്ടും നടുങ്ങുമാറ് ജയാരവം മുഴക്കുകയായിരുന്നു. ജനങ്ങളുടെ മനസ്സിലടക്കിപ്പിടിച്ച തേങ്ങലുകള്‍ മഹാരോദനമായി പരിണമിച്ചു.
തുണ്ടം തുണ്ടങ്ങളായിക്കിടന്ന രാജ്യത്തെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിയ ധീരനായ കര്‍മ്മയോഗിയും സന്ന്യാസിയുമായ മഹാപുരുഷന്‍ തന്റെ ഭൗമവാസം വെടിഞ്ഞ് പരമാത്മാവില്‍ ലയിച്ചു.
(സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ വ്യക്തിത്വത്തെ കേന്ദ്രവിഷയമാക്കി ഡോ. ദിന്‍കര്‍ ജോഷി ഗുജറാത്തി ഭാഷയില്‍ രചിച്ച നോവലാണ് മഹാമാനവ് സര്‍ദാര്‍. ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധി നേടിയ പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു ഭാഗം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ‘കാദംബിനി’യെന്ന ഹിന്ദി മാസികയില്‍ അച്ചടിച്ചുവന്നിരുന്നു. അതിന്റെ ആശയവിവര്‍ത്തനമാണ് ഇവിടെ ചേര്‍ക്കുന്നത്.)