Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കാലത്തെ പരിഷ്‌കരിച്ച യോഗിവര്യന്‍

സ്വാമി നന്ദാത്മജാനന്ദ

Print Edition: 10 December 2021

ഡിസംബര്‍-15 സ്വാമി രംഗനാഥാനന്ദജയന്തി

ഭാരതസര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാനപതി, ശാസ്ത്രസാങ്കേതികവിദ്യയും അദ്ധ്യാത്മികതയും ആധുനികലോകത്തു സ്വാനുഭവത്തിലൂടെ അവതരിപ്പിച്ച സമന്വയകാരന്‍, പ്രഭാഷണംകൊണ്ടും പാണ്ഡിത്യം കൊണ്ടും വിശ്വത്തെ വിസ്മയിപ്പിച്ച പ്രതിഭ, അനേകായിരം സാധകര്‍ക്കു വഴികാട്ടിയായ ആദ്ധ്യാത്മിക ഗുരു എന്നീ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹനായിരുന്നു ശ്രീരാമകൃഷ്ണമിഷന്റെയും ശ്രീരാമകൃഷ്ണമഠത്തിന്റെയും 13-ാമത് ആഗോളാദ്ധ്യക്ഷനായിരുന്ന രംഗനാഥാനന്ദസ്വാമികള്‍. താന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച സിദ്ധാന്തങ്ങളെയും ആദര്‍ശത്തെയും അണുവിട തെറ്റാതെ സ്വജീവിതമാക്കിത്തീര്‍ത്തുകൊണ്ട് അടുത്തെത്തിയ ജിജ്ഞാസുക്കള്‍ക്കും സാധകര്‍ക്കുമെല്ലാം മാതൃകയായിത്തീര്‍ന്നു എന്നതും ആ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. സഹജീവികളെ സ്വന്തം അസ്തിത്വത്തിന്റെ ഭാഗമായിക്കണ്ട അവിടുത്തെ ഓരോ പ്രവൃത്തികളും അതിന്റെ പ്രതിഫലനംകൂടിയായിരുന്നു. കറാച്ചി ആശ്രമത്തിന്റെ മഠാധിപതിയായിരിക്കുമ്പോഴാണു സ്വാമികള്‍ കൊച്ചിയിലും മലബാറിലും വെള്ളപ്പൊക്കവും കൊടുങ്കാറ്റുംമൂലം ജനങ്ങള്‍ കഷ്ടപ്പെടുന്നതറിഞ്ഞ് ഒരു കപ്പല്‍ നിറയെ അരിയും മരുന്നും കൊടുത്തയച്ചത്. മ്യാന്‍മറിലായിരുന്നപ്പോഴും ബംഗാള്‍ ക്ഷാമം, ഒറീസ ഭൂകമ്പം എന്നീ പ്രകൃതി ദുരന്തങ്ങളിലും അദ്ദേഹം ഭക്ഷണവും ഔഷധവും സമാഹരിച്ചയച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളുമത്രെയും കേന്ദ്രമാക്കിയതു ‘ജീവസേവയെ ഈശ്വരപൂജ’യാക്കുകയെന്ന(ശിവജ്ഞാനേ ജീവസേവ) ആദര്‍ശത്തെയാണ്. വേദനയിലും കണ്ണീരിലുമെല്ലാം ജനതയുടെ ഭാഗമായി നിന്നുകൊണ്ട് ജഗത്ഹിതങ്ങളായ കാര്യങ്ങളെ സാധനയാക്കി ആത്മമോക്ഷമെന്ന ലക്ഷ്യത്തിലേക്കു നടന്നടുക്കുകയെന്ന വിവേകാനന്ദദര്‍ശനത്തിനുള്ള വ്യാഖ്യാനമായിരുന്നു ആ ജീവിതം.

ആഗോളതലത്തിലേക്കുയര്‍ന്ന വ്യക്തിത്വം
വിവിധ ഭൂഖണ്ഡങ്ങളിലായി സ്വാമികള്‍ നടത്തിയ പ്രഭാഷപര്യടനങ്ങളിലൂടെ ഭാരതീയ തത്വദര്‍ശനങ്ങളുടെ പ്രചാരം വ്യാപകമാവുകയും അതു വേണ്ടവിധത്തില്‍ പണ്ഡിതരുടേയും ലോകതത്വചിന്തകരുടേയും മുമ്പിലെത്തുകയും ചെയ്തു. അമ്പതോളം രാജ്യങ്ങളില്‍ അവിടുന്നു നടത്തിയ ഈ ജ്ഞാനവിതരണതപസ്യയില്‍ ആദ്ധ്യാത്മികതയുടെ കേന്ദ്രമായി ഭാരതത്തെ ലോകം അംഗീകരിക്കുന്ന ഒരു തലത്തിലെത്തിച്ചു. കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ആദ്യമായി ആദ്ധ്യാത്മിക പ്രഭാഷണം നടത്തിയതും വേദാന്തത്തിന്റെ വിത്തുപാകിയതും രംഗനാഥാനന്ദസ്വാമികളായിരുന്നു. അതു റഷ്യയില്‍ ഒരു വേദാന്തകേന്ദ്രത്തിന്റെ സമുദ്ഘാടനത്തിനുപോലും കാരണമായിത്തീര്‍ന്നു. ആധുനികഭാരതം ലോകത്തിനു സംഭാവന ചെയ്ത മഹാത്മാക്കളുടെയിടയിലെ ഉന്നതസ്ഥാനീയനായിരുന്നു അവിടുന്ന്.

രംഗനാഥാനന്ദസ്വാമികളുടെ പൂര്‍വ്വാശ്രമനാമം ശങ്കരന്‍ എന്നായിരുന്നു. ദാനശീലയും ശിവഭക്തയുമായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെയും സംസ്‌കൃതപണ്ഡിതനും പാലിയത്തച്ചന്റെ വലംകൈയുമായിരുന്ന നീലകണ്ഠശാസ്ത്രിയുടേയും രണ്ടാമത്തെ പുത്രനായിരുന്നു ശങ്കരന്‍. നീലകണ്ഠശാസ്ത്രിയുടെ പിതാവും സഹോദരങ്ങളും തഞ്ചാവൂരില്‍ നിന്നു കേരളത്തിലേക്കു കുടിയേറിപ്പാര്‍ത്ത ക്ഷേത്രോപാസകരായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയാകട്ടെ പാലിയത്തു വലിയച്ചന്റെ ചെറുമകളും. ചേന്ദമംഗലം പാലിയത്തു വലിയച്ചന്മാരായിരുന്നു അന്നത്തെ കൊച്ചിരാജ്യത്തെ ദിവാന്മാര്‍. വലിയച്ചന്മാരില്‍ പലരും വാനപ്രസ്ഥം സ്വീകരിച്ചു വാരാണസിയില്‍ അഭയം തേടിയിട്ടുള്ളവരായിരുന്നു.

തൃക്കൂരിലെ തറവാട്ടുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം മഴക്കാലത്തു നിറഞ്ഞു കവിഞ്ഞ മണലിപ്പുഴയില്‍ വെച്ചു നടത്താറുള്ള നീന്തല്‍ മത്സരങ്ങളും കളികളും ഒക്കെ കൊച്ചപ്പന്‍ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന ശങ്കരന്റെ ബാല്യത്തെ അനുഭവതീവ്രമാക്കി. സ്‌കൂള്‍ ഒല്ലൂരിലാണുണ്ടായിരുന്നത്, അവിടേക്കെത്തണമെങ്കില്‍ അഞ്ചു നാഴിക നടന്നു പുഴകടന്ന് പോകണമായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളാരും സ്‌കൂളിലേക്കു പോകാറുണ്ടായിരുന്നില്ല. തൃക്കൂരില്‍ അന്നാകെയുണ്ടായിരുന്നത് ആശാന്‍ പളളിക്കൂടങ്ങളും പിന്നീടു സ്ഥാപിതമായ ഒരു പ്രൈമറി സ്‌കൂളുമായിരുന്നു (മൂന്നാം ക്ലാസ്സു വരെ). കുഞ്ഞന്‍ എന്നൊരാളെ പുഴകടത്താന്‍ ഏര്‍പ്പാടാക്കിയതോടെ മൂന്നാംക്ലാസ്സു കഴിഞ്ഞ ശങ്കരന്‍ ഒല്ലൂര്‍ ഗവ.സ്‌കൂളില്‍ പഠനത്തിനായി പോയിത്തുടങ്ങി. ഒല്ലൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ‘Sayings of Sri Ramakrishna’ ന്ന പുസ്തകം വായിക്കാനിടയായത്. ആ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ ശങ്കരന്റെ മുമ്പില്‍ വലിയൊരു ലോകം തുറന്നുകിട്ടിയതുപോലെയായി. സമപ്രായക്കാര്‍ കളിച്ചും ചിരിച്ചും നടന്നിരുന്ന ആ സമയത്ത് ആശയത്തിന്റെ ഒരു പുതുപുത്തന്‍ ലോകത്തെ വിസ്തൃതമാക്കുകയായിരുന്നു ശങ്കരന്‍. വിവേകാനന്ദന്റെ സമ്പൂര്‍ണ്ണകൃതികളും മറ്റും ആ സമയത്തുതന്നെ വായിച്ചുതീര്‍ത്തു. ചുരുക്കത്തില്‍ ചെറുപ്പത്തില്‍ ത്തന്നെ ഒരു സന്ന്യാസജീവിതമെന്ന ലക്ഷ്യത്തെ ശങ്കരന്‍ ഉറപ്പിച്ചെടുത്തിരുന്നുവെന്നു പറയാം.

താനെടുത്ത ഈ തീരുമാനം ശങ്കരന്‍ പങ്കുവെച്ചത് അന്നത്തെ മൈസൂര്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷനായിരുന്ന (1926) സിദ്ധേശ്വരാനന്ദ സ്വാമികളോടായിരുന്നു. ‘ഗോപാല്‍ മഹാരാജ്’ എന്നറിയപ്പെട്ടിരുന്ന സ്വാമികള്‍ പൂര്‍വ്വാശ്രമത്തില്‍ തൃശ്ശൂര്‍ സ്വദേശിയും കൊച്ചി മഹാരാജാവിന്റെ ബന്ധുവുമായിരുന്നു. അങ്ങനെ ഭൗതികജീവിതം ഉപേക്ഷിച്ചുകൊണ്ടുള്ള യാത്ര ശങ്കരന്‍ തുടങ്ങിയത് സ്വാമികളോടൊപ്പമായിരുന്നു. 1926 ജൂണ്‍ 25 ന് ഊട്ടിയിലേക്കു പോയ ശങ്കരന്‍ അവിടെവെച്ചാണു ശ്രീരാമകൃഷ്ണ പരമഹംസരുടെ നേര്‍ശിഷ്യനായ ശിവാനന്ദസ്വാമികളെ കണ്ടുമുട്ടിയത്. അതേവര്‍ഷംതന്നെ ശങ്കരന്‍ അദ്ദേഹത്തില്‍ നിന്നും ‘മന്ത്രദീക്ഷ’യും ‘യതി ചൈതന്യ’യെന്ന പേരില്‍ ‘ബ്രഹ്മചര്യദീക്ഷ’യും സ്വീകരിച്ചു. പിന്നീട് മൈസൂര്‍ ആശ്രമത്തിലേക്കു പോന്ന അന്നുമുതല്‍ അവിടുത്തെ പാചകം മുഴുവന്‍ ചെയ്തിരുന്നതു ശങ്കരനായിരുന്നു. ഒരു വ്യാഴവട്ടക്കാലം സിദ്ധേശ്വരാനന്ദസ്വാമികളെ അദ്ദേഹം ശുശ്രൂഷിക്കുകയുണ്ടായി. അവിടെയുണ്ടായിരുന്ന ഒന്‍പതു വര്‍ഷക്കാലത്തിനിടയ്ക്കാണ് അദ്ദേഹം സന്ന്യാസദീക്ഷ സ്വീകരിച്ചത്. അങ്ങനെ ബ്രഹ്മചാരി യതിചൈതന്യ ഗുരുപൂര്‍ണ്ണിമദിനത്തില്‍ (1933) സ്വാമി രംഗനാഥാനന്ദയായിത്തീര്‍ന്നു. ശ്രീരാമകൃഷ്ണ – വിവേകാനന്ദസന്ദേശങ്ങളും ഉപനിഷത്പാഠങ്ങളും സ്‌കൂളുകളിലും കലാലയങ്ങളിലും എന്നുവേണ്ട ജയിലുകളില്‍പോലും പോയി പ്രചരിപ്പിക്കുക എന്നതാണ് ഇക്കാലയളവില്‍ അദ്ദേഹം ഒരു ദൗത്യമായി അനുഷ്ഠിച്ചുപോന്നത്. അങ്ങനെ അവിടുത്തോടു ബന്ധപ്പെട്ട ആളുകളും കൂട്ടായ്മകളും ഒക്കെ സ്വാമികളുടെ വാഗ്‌ധോരണിയില്‍ ആകൃഷ്ടരായിത്തീര്‍ന്നു. തീര്‍ത്ഥാടനങ്ങളിലോ യാത്രകളിലോ തീരെ താല്പര്യമില്ലാതിരുന്ന അദ്ദേഹം മുഴുവന്‍ സമയവും വിനിയോഗിച്ചിരുന്നത് ഇപ്രകാരമുള്ള പ്രചരണങ്ങള്‍ക്കും സര്‍വ്വോപരി ആചരണങ്ങള്‍ക്കുമായിട്ടായിരുന്നു. അതിനു തന്റെ ഗുരുവിന്റെ പൂര്‍ണ്ണമായ പിന്തുണയുമുണ്ടായിരുന്നു. വന്നുചേരുന്ന ഓരോ കര്‍മ്മങ്ങളും സന്തോഷത്തോടെയും പരിശുദ്ധ മനസ്സോടെയും അനുഷ്ഠിക്കുക എന്നതായിരുന്നു ഗുരുവായ ശിവാനന്ദസ്വാമികളുടെ മാര്‍ഗ്ഗദര്‍ശനം.

മൈസൂരിലുണ്ടായിരുന്ന പന്ത്രണ്ടുവര്‍ഷക്കാലത്തില്‍ കുറച്ചുകാലം മദ്രാസിലും ബാംഗ്ലൂരിലും ആയിരുന്നു. അതിനുശേഷം അവിടുന്ന് റങ്കൂണ്‍ രാമകൃഷ്ണമിഷന്റെ സെക്രട്ടറിയായി മ്യാന്‍മറിലേക്കു പോയി (1939-1942). 1942 ല്‍ കറാച്ചിയിലെ ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ടിരുന്നപ്പോഴാണ് സ്വാതന്ത്ര്യാനന്തരമുള്ള വര്‍ഗീയകലാപവും മറ്റുംകൊണ്ട് ആ കേന്ദ്രം മിഷന് അടച്ചുപൂട്ടേണ്ടതായി വന്നത്. അങ്ങനെ 1948-ല്‍ ഇന്ത്യയിലേക്കു മടങ്ങിയെത്തിയ സ്വാമികളെ 1949-ല്‍ ദില്ലി ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷനായി നിയോഗിച്ചു. 1961-ല്‍ ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ട്രസ്റ്റിയായും, 1969-മുതല്‍ കൊല്‍ക്കത്തയിലെ ‘രാമകൃഷ്ണമിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍’ എന്ന ഗവേഷണസ്ഥാപനത്തിന്റെ അദ്ധ്യക്ഷനായും അവിടുന്ന് നിയോഗിക്കപ്പെട്ടു. 1973-ല്‍ ഹൈദരാബാദ് ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷനായി അങ്ങോട്ടുപോയി. 1989 ല്‍ ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ആഗോള ഉപാദ്ധ്യക്ഷനായും 1998 സെപ്റ്റംബറില്‍ പരമാദ്ധ്യക്ഷനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പരമാദ്ധ്യക്ഷനായിരുന്ന ഏഴുവര്‍ഷക്കാലവും അദ്ദേഹം ഭക്തന്മാരെ മന്ത്രദീക്ഷ നല്കി അനുഗ്രഹിച്ചുകൊണ്ടിരുന്നു. തുടര്‍ച്ചയായ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും വാര്‍ദ്ധക്യവുംമൂലം സ്വാമികളുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടാണിരുന്നത്. അങ്ങനെ ശാരീരികനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 2005 ഏപ്രില്‍ 24 തിങ്കളാഴ്ച വൈകിട്ട് 3.15ന് അദ്ദേഹം മഹാസമാധി പ്രാപിക്കുകയും ചെയ്തു.

ആദര്‍ശത്തിലടിയുറച്ച ജീവിതചര്യ
ബാല്യകാലത്തുനടന്ന ഒരു സുപ്രധാനസംഭവം ശങ്കരനില്‍ ഒരാദര്‍ശ ജീവിതത്തെ നയിക്കാനുള്ള ശക്തമായ പ്രേരണയായിത്തീര്‍ന്നു. ഒരു ദിവസം എന്തോ കാരണത്താല്‍ തന്നെ പരിപാലിച്ചിരുന്ന ആയയോട് ശങ്കരനു കയര്‍ത്തു സംസാരിക്കേണ്ടതായി വന്നു. ശങ്കരനെ അമ്മ അടുത്തുവിളിക്കുകയും ശാന്തമായ സ്വരത്തിലിങ്ങനെ പറയുകയും ചെയ്തു, ”നിന്റെ നാവ് സരസ്വതീദേവിയുടെ ഇരിപ്പിടമാണ്. വായില്‍നിന്ന് ഒരു ചീത്തവാക്കും വരരുത്.” ആ സംഭവം ശങ്കരനെ ഉന്നതമായ ഒരു ജീവിതത്തിനായി കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. നാവ് ദിവ്യതയുടെ ഇരിപ്പിടസ്ഥാനമാണെന്നും ആ ദിവ്യതയെ സാക്ഷാത്ക്കരിച്ചുകൊണ്ടു വാക്കുകളിലൂടെയും ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ചുറ്റുപാടും പ്രസരിപ്പിക്കുന്നതാണ് ജീവിതദൗത്യമെന്നും ശങ്കരന്‍ പതിയെ തിരിച്ചറിഞ്ഞുതുടങ്ങി. അങ്ങനെ ഒരാദര്‍ശ ജീവിതത്തിനായി ജീവനെ ഒരുക്കുന്നതില്‍തന്നെ ആ ബാല്യം പൂര്‍ണ്ണമായും വ്യാപൃതമായി. ശങ്കരനു പൈതൃകമായിക്കിട്ടിയ സ്വത്തോ രാജകീയ പ്രൗഢിയോ യാഥാസ്ഥിതികത്വമോ ഒന്നും ഇക്കാര്യത്തിനു തടസ്സമായില്ല. അന്നുള്ള യാഥാസ്ഥിതികര്‍ മുറുകെപ്പിടിച്ചിരുന്ന അനാചാരങ്ങളെ – പ്രത്യേകിച്ചു തീണ്ടലിനെയും തൊടീലിനെയും ഒക്കെ അവിടുന്നു കണ്ടതു പഴഞ്ചന്‍ ശീലങ്ങളായാണ്. തന്നെ പുഴ കടത്തി സ്‌കൂളിലേക്കു വിട്ടിരുന്ന പുലയസമുദായക്കാരനായ കുഞ്ഞനും കാളിയുമായി ഒരു ആത്മബന്ധം തന്നെയാണു ശങ്കരന്‍ പുലര്‍ത്തിയിരുന്നത്. വ്യത്യസ്ത സ്വഭാവത്തോടുകൂടി വളര്‍ന്നുവന്ന ഈ കുട്ടിയുടെ ഭാവിജീവിതത്തെക്കുറിച്ച് അമ്മപോലും വ്യാകുലപ്പെട്ടു. ഒരിക്കല്‍ ഒരു ജ്യോതിഷിയെ വിളിച്ചുകൊണ്ടുവന്നു, ശങ്കരന്റെ ഭാവിജീവിതത്തെ അറിയുവാന്‍. ജ്യോതിഷി പ്രവചിച്ചതു കുട്ടി രാജാവിനെപ്പോലെ മഹാനാകുമെന്നും ധാരാളം സമ്പത്തുണ്ടാക്കുമെന്നുമൊക്കെയാണ്. അപ്പോള്‍ത്തന്നെ ശങ്കരന്‍ അമ്മയോടു പറഞ്ഞത് താനൊരു സന്ന്യാസിയാകുമെന്നാണ്. ഇതേരീതിയില്‍ സാധാരണ കുട്ടികളില്‍ നിന്നെല്ലാം വിഭിന്നമായിരുന്നു ആ ബാല്യം.

ആശ്രമത്തില്‍ ചേര്‍ന്ന് അന്തേവാസിയായി കഴിഞ്ഞിരുന്നപ്പോള്‍(മൈസൂര്‍ ആശ്രമത്തിലുണ്ടായിരുന്ന സമയത്ത്) തന്റെ ഗുരുനാഥനായ ശിവാനന്ദസ്വാമികള്‍ക്കു സ്വാമി രംഗനാഥാനന്ദജി സ്ഥിരമായി കത്തുകളെഴുതിയിരുന്നു. തന്റെ ആഴത്തിലുള്ള സംശയങ്ങള്‍ക്കും സാധനാജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ക്കും ഒക്കെയുള്ള അഭയസ്ഥാനം സ്വാമി ശിവാനന്ദജിയായിരുന്നു. ശിവാനന്ദജി എഴുതിയ ഒരു മറുപടികത്ത് പൂര്‍ത്തീകരിക്കുന്നത്, ”നീ ശ്രീരാമകൃഷ്ണന്റെ കുട്ടിയല്ലേ, അവിടുത്തെ തൃപ്പാദങ്ങളില്‍ മുറുകെപ്പിടിച്ചോളൂ, അവിടുന്നെല്ലാം കരുതിക്കോളും. എന്തിനാണു വിവിധ തീര്‍ത്ഥങ്ങളിലായി അലയുന്നത്. നീ എവിടെയാണോ അവിടുത്തെ കര്‍മ്മങ്ങള്‍ സസന്തോഷം പരിശുദ്ധമനസ്സോടെ അനുഷ്ഠിക്കുക, അതുമതി” എന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹം തീര്‍ത്ഥാടനങ്ങളോ യാത്രകളോ പോകുന്നതിനു പകരം തന്നില്‍ നിക്ഷിപ്തമായ കര്‍മ്മങ്ങളെ ഭക്തിയോടും നിഷ്‌കാമഭാവത്തോടും അനുഷ്ഠിച്ചുപോന്നു. വേദാന്തപ്രചാരണവും ആശയപ്രചാരണങ്ങളും ആദര്‍ശ ജീവിതാചരണത്തോടൊപ്പംതന്നെ ആ ജീവനില്‍നിന്നും അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരുന്നു. റംഗൂണ്‍, കറാച്ചി, ഡല്‍ഹി, ഹൈദരാബാദ്, കല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാം ആയിരുന്നപ്പോഴും അവിടുത്തെ മനസ്സിലുണ്ടായിരുന്നത് അതതു പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളുമായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ മൂര്‍ത്തീരൂപമായിരുന്ന അവിടുത്തെ ജീവിതം തന്നെ ‘വികസിച്ചു വളരുക’ യെന്ന വിവേകാനന്ദസന്ദേശത്തിന്റെ വ്യാഖ്യാനമായിരുന്നു. കുഗ്രാമത്തില്‍ ജനിച്ച് ഒരു വിശ്വപൗരനായിത്തീര്‍ന്ന് വികസിതവ്യക്തിത്വത്തിലേക്കുയര്‍ന്ന ഒരു ജീവിതമായിരുന്നു അത്.

ബഹുമതികളെയോ പുരസ്‌ക്കാരങ്ങളെയോ ഒന്നും അദ്ദേഹം വിലവെച്ചിരുന്നില്ല. തനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി ”രാമകൃഷ്ണമിഷനിലെ ഒരു സന്ന്യാസി” എന്നതാണെന്നാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോഴെല്ലാം അവിടുന്നു പറഞ്ഞുകൊണ്ടിരുന്നത്. സ്വാമികളെ തേടിവന്ന പദ്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികളെല്ലാം അദ്ദേഹം നിരസിക്കുകയുണ്ടായി. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പ്രഥമ ദേശീയോദ്ഗ്രഥനപുരസ്‌ക്കാരം(1986) ഏര്‍പ്പെടുത്തിയപ്പോള്‍ സ്വാമികള്‍ അതേറ്റു വാങ്ങുകയുണ്ടായി, രാമകൃഷ്ണമിഷനുവേണ്ടിയാണു സ്വീകരിച്ചതെന്നു മാത്രം.

പ്രസംഗപര്യടനങ്ങള്‍,ലോകയാത്രകള്‍
1932-ല്‍ ബാഗ്ലൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ വെച്ചായിരുന്നു സ്വാമികളുടെ ആദ്യ പൊതുപ്രസംഗം. സദസ്സിലുണ്ടായിരുന്നവരത്രെയും യുവാക്കളായിരുന്നു, അതും വിമര്‍ശനദൃഷ്ട്യാ കാര്യങ്ങളെ സമീപിക്കുന്നവര്‍. വേദാന്താശയങ്ങളെ അതിന്റെ യുക്തിഭദ്രതയോടെ പ്രായോഗികസമീപനത്തിലൂടെ സ്വാമികള്‍ അവതരിപ്പിച്ചതു ഹര്‍ഷാരവത്തോടെയാണ് അസ്വാദകര്‍ സ്വീകരിച്ചത്. ഈ അനുഭവം സ്വാമികളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിത്തീര്‍ന്നു. മ്യാന്‍മറിലെ റങ്കൂണ്‍, പാകിസ്ഥാനിലെ കറാച്ചി, ഭാരതത്തിലെ ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ മഠാദ്ധ്യക്ഷനായിരുന്നപ്പോള്‍ അതാതു സ്ഥലങ്ങളിലുള്ള ചിന്തകരും ബൗദ്ധികപ്രതിഭകളും സാഹിത്യകാരന്മാരുമൊക്കെ കാതുകൂര്‍പ്പിച്ചിരുന്ന ശബ്ദമായിരുന്നു സ്വാമികളുടേത്. ആ സരസ്വതീ പ്രവാഹം അവരിലെല്ലാം താന്‍ പ്രബോധിപ്പിച്ച ആശയലോകത്തെ ത്രസിപ്പിക്കുകയായിരുന്നു. ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാര്‍ത്ഥികളും ജിജ്ഞാസുക്കളുമെല്ലാം ആ ഉള്‍ക്കാഴ്ച അത്യുത്സാഹത്തോടെ പങ്കിട്ടെടുത്തു. ആധികാരികമായ ആ പ്രബോധനങ്ങളെല്ലാം സ്വാമികളുടെ ജീവിതാനുഭവങ്ങളും അതു സാക്ഷാത്ക്കരിച്ച സത്യങ്ങളുമായിരുന്നതിനാല്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന അതിന്റെ സ്വാധീനശക്തിയും കൂടുതലായിരുന്നു. രാജ്യത്തുമാത്രം ഒതുങ്ങിനിന്നിരുന്നതായിരുന്നില്ല സ്വാമികളുടെ പ്രബോധനദൗത്യം, അതു ലോകം മുഴുവനും വ്യാപിച്ചിരുന്നു. 1946-1972നും ഇടയ്ക്ക് വിവിധ ഭൂഖണ്ഡങ്ങളിലായി അമ്പതോളം രാജ്യങ്ങളാണ് അദ്ദേഹം പ്രസംഗത്തിനായി സന്ദര്‍ശിച്ചത്. ഇവയില്‍ റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമുള്‍പ്പെടുന്നു. അന്നത്തെ കമ്മ്യൂണിസ്റ്റ് റഷ്യയില്‍ നടത്തിയ സ്വാമികളുടെ പ്രഭാഷണം ആ രാജ്യത്തെ ആദ്യത്തെ വേദാന്ത പ്രഭാഷണമായിരുന്നു. മാത്രമല്ല അവിടങ്ങളിലെ ലോകനേതാക്കളുമായും സ്വാമികള്‍ക്ക് അടുപ്പമുണ്ടായിരുന്നു. വേദാന്തമെന്ന നൂലിനാല്‍ ജനങ്ങളെ കൂട്ടിയിണക്കുകയെന്ന വിവേകാനന്ദദൗത്യം വീണ്ടുമങ്ങനെ ശക്തമായി നിര്‍വ്വഹിക്കപ്പെട്ടു.

പ്രസംഗത്തിനായി ആദ്യം ജന്മദേശമായ കേരളത്തിലെത്തിയത് ഒറ്റപ്പാലത്തായിരുന്നു. ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചുകൊണ്ടിരുന്ന അനര്‍ഗ്ഗളമായ ആ വാഗ്‌ദ്ധോരണി കേള്‍ക്കാനെത്തിയവരില്‍ തൃശ്ശൂരുകാരും ഉണ്ടായിരുന്നു. തൃശ്ശൂരുകാരനായിട്ടും തൃശ്ശൂരിനു സ്വാമികളുടെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനാകാത്തതെന്തേ എന്ന ചിന്ത അപ്പോഴാണ് അവരില്‍ കടന്നുകൂടിയത്. എ.കരുണാകരമേനോന്‍, അഡ്വ. നാരായണമാരാര്‍, പുത്തേഴത്ത് രാമന്‍മേനോന്‍ തുടങ്ങിയവരുടെ ശ്രമത്താല്‍ അതിനായി ഒരു വേദി തൃശൂര്‍ ശ്രീരാമകൃഷ്ണമഠത്തില്‍ത്തന്നെ ഒരുക്കപ്പെട്ടു. 1955 മുതല്‍ ആരംഭിച്ച ആദ്ധ്യാത്മിക അന്തര്‍യോഗമായിരുന്നു ആ വേദി. 1955 മുതല്‍ 1990 വരെ രംഗനാഥാനന്ദസ്വാമികളുടെ ക്ലാസ്സുകളായിരുന്നു അന്തര്‍യോഗത്തിലെ പ്രധാന ആകര്‍ഷണം.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ജിജ്ഞാസുക്കള്‍ ഡിസംബറിലെ ഈ പരിപാടിക്കായി വന്നുചേര്‍ന്നിരുന്നു. 1949 ല്‍ ദില്ലിയില്‍നിന്നും തൃശ്ശൂരില്‍ വന്ന അവസരത്തിലാണു തൃശൂര്‍ ടൗണ്‍ ഹാളില്‍വെച്ച് ”നാം ആരാധിക്കുന്ന ക്രിസ്തുദേവന്‍” (The Christ we adore) എന്ന പ്രസിദ്ധമായ പ്രഭാഷണം നടത്തിയത്.

ലോകമെമ്പാടും സ്വാമികള്‍ നടത്തിയ ഇത്തരം പ്രഭാഷണങ്ങള്‍ ക്രമേണ ജിജ്ഞാസുക്കളുടെ ആവശ്യപ്രകാരം ഗ്രന്ഥരൂപത്തിലും പ്രകാശിതമായിത്തുടങ്ങി. ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി ഇറങ്ങിയ മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍, ഉപനിഷത് സന്ദേശം, ഭഗവത് ഗീതാ, വിവേകചൂഡാമണി, ബൃഹദാരണ്യകോപനിഷത് എന്നീ പുസ്തകങ്ങള്‍ക്കുള്ള വ്യാഖ്യാനങ്ങള്‍, ദി സിംഫണി ഓഫ് സ്വാമി വിവേകാനന്ദ എന്നീ പ്രധാന പുസ്തകങ്ങളിലൂടെ ലോകമെമ്പാടും ശ്രീരാമകൃഷ്ണ – വിവേകാനന്ദ സന്ദേശങ്ങള്‍ വ്യാപകമായ തോതില്‍ പ്രചരിക്കപ്പെടുകയുണ്ടായി. സംസാരസാഗരത്തിന്റെ മറുകരയിലേക്കു നയിക്കുന്ന വേദാന്തവിജ്ഞാനം തന്നെയായിരുന്നു അവയുടെയെല്ലാം കേന്ദ്രീകൃതാശയം. ഇത്രയും ആഴത്തില്‍ ലോകത്തെ സ്വാധീനിച്ച സന്ന്യാസിമാര്‍ വിരളമാകുന്നു. ആദ്ധ്യാത്മികതയേയും ആധുനികശാസ്ത്രസങ്കേതങ്ങളെയും സമഞ്ജസമായി സമ്മേളിപ്പിച്ച് ഇത്രമാത്രം ജനങ്ങളെ പ്രബുദ്ധരാക്കണമെങ്കില്‍ അത്രമാത്രം ജിവിതാനുഭവങ്ങളും ഉന്നതപടിയിലുള്ള സാക്ഷാത്ക്കാരവും വേണമെന്ന വസ്തുത ഏവര്‍ക്കും ബോദ്ധ്യമായി. ‘രണ്ടാം വിവേകാനന്ദന്‍’ എന്നു പോലും ചിലരദ്ദേഹത്തെ വിളിക്കുകയുണ്ടായി.

സമര്‍പ്പിതജീവിതത്തിലെ യാദൃച്ഛികതകള്‍
ശ്രീമദ് രംഗനാഥാനന്ദസ്വാമികളുടെ ജീവിതത്തില്‍ യാദൃച്ഛികമായി കടന്നുവന്ന ചില കാര്യങ്ങളും അതിന് ആ ജീവിതപ്രയാണവുമായുണ്ടായിരുന്ന ഇഴപിരിക്കാനാവാത്ത ബന്ധവും ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നത്രെ. ശ്രീരാമകൃഷ്ണപരമഹംസരുടെ സഹധര്‍മ്മിണി ശാരദാദേവിയുടേയും ശ്രീരാമകൃഷ്ണന്റെ വത്സലശിഷ്യനായിരുന്ന വിവേകാനന്ദസ്വാമികളുടേയും ജന്മതിഥി ഒന്നായിവന്ന പുണ്യദിനത്തിലാണ്(1908 ഡിസംബര്‍ 15, കൊല്ലവര്‍ഷം 1084) രംഗനാഥാനന്ദസ്വാമികള്‍ ഭൂജാതനായത്. ജനിച്ച ദിവസംതന്നെ ആ ജീവിതം ആരുടെ മുമ്പിലാണോ സമര്‍പ്പിതമായത് ആ ദിവ്യവ്യക്തിത്വങ്ങളുടെ സ്മരണകളുമായി അടയാളപ്പെട്ടുകിടക്കുന്നത് എത്രയോ ആശ്ചര്യകരമാണ്! മറ്റൊരു കാര്യമാണു ശങ്കരന്‍ 9 വയസ്സുള്ളപ്പോള്‍ കണ്ട അത്ഭുതകരമായ സ്വപ്‌നം. ആ സ്വപ്‌നത്തെക്കുറിച്ച് അമ്മയോടു മാത്രമാണ് ആ ബാലന്‍ പറഞ്ഞിരുന്നത്. താനെതോ പരിശുദ്ധ സ്ഥലത്തിലേക്കു നയിക്കപ്പെടുന്നതും അവിടെയുണ്ടായിരുന്ന താടി നീട്ടിയ ഋഷിസമാനനായ സന്ന്യാസി കാതിലെന്തോ മന്ത്രിക്കുന്നതുമാണു കണ്ട സ്വപ്‌നം.

അമ്മയക്കു കൊടുത്ത വാക്കുപാലിച്ച ശങ്കരന്‍ ഈ സ്വപ്‌നത്തെക്കുറിച്ചു മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇതു സംഭവിച്ച് 8 വര്‍ഷങ്ങള്‍ക്കുശേഷം ഊട്ടി ആശ്രമത്തിലുണ്ടായിരുന്ന ശിവാനന്ദസ്വാമികളുടെ അടുക്കല്‍ ശങ്കരന്‍ മന്ത്രദീക്ഷ സ്വീകരിക്കാനെത്തി. അപ്പോഴാണു ശങ്കരന്‍ അദ്ഭുതസ്തബ്ധനായത്! താനന്നുകണ്ട സ്വപ്‌നത്തിലെ ആളും അതേ അന്തരീക്ഷവുമാണ് അവിടെ പ്രത്യക്ഷത്തില്‍ക്കണ്ടത്. അതേ മുറി, അതേ ഋഷി – ശങ്കരന്‍ കുട്ടിക്കാലത്തുകണ്ട ആ സ്വപ്‌നം മന്ത്രദീക്ഷാസമയത്തു യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

അതേപോലെ തന്നെയാണു Sayings of Sri Ramakrishna’ എന്ന പുസ്തകം ശങ്കരനു വായിക്കാനായി കിട്ടുന്നതും. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സുഹൃത്താണ് ആ പുസ്തകം ശങ്കരനു വായിക്കാനായി നല്‍കിയത്. ആ പുസ്തകമാണ് ആദ്ധ്യാത്മികലോകത്തിന്റെ ആഴത്തിലേക്കാണ്ടു മുങ്ങാന്‍ പ്രേരണയായ ഗ്രന്ഥം. ശ്രീരാമകൃഷ്ണന്റെ പ്രബോധനങ്ങള്‍ ശങ്കരനെ അത്രമാത്രമാണു മാറ്റിമറിച്ചത്. ഔന്നത്യമേറിയ ആ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കൂളിയിട്ടുപോയ ആ കുട്ടി അവിടുത്തെ സന്ദേശത്തെയും ആദര്‍ശങ്ങളെയും സ്വജീവിതത്തില്‍ത്തന്നെ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ശങ്കരന്‍ തന്റെ സുഹൃത്തില്‍ നിന്നുതന്നെയാണു തൃശൂര്‍ വിവേകോദയം സ്‌കൂളിലെ ശ്രീരാമകൃഷ്ണശ്രീകോവിലിനെപ്പറ്റി കേട്ടറിഞ്ഞത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴും പിന്നീട് ഷോര്‍ട്ട് ഹാന്‍ഡ് പഠിക്കാനായി തൃശൂരിലേക്കു പോകുമ്പോഴും വിവേകോദയം ഹൈസ്‌കൂളിലെ ഈ ശ്രീകോവിലിലെത്തി പുഷ്പങ്ങള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയെന്നതു ശങ്കരന്‍ പതിവാക്കിയിരുന്നു. തന്റെ ജീവിതത്തെത്തന്നെ പൂര്‍ണ്ണമായും ശ്രീരാമകൃഷ്ണനു സമര്‍പ്പിക്കുകയെന്ന തീരുമാനത്തിലേക്കാണ് ഇക്കാര്യങ്ങളൊക്കെ ആ കുട്ടിയെ നയിച്ചത്. അങ്ങനെ പതിനേഴാം വയസ്സില്‍ സന്ന്യാസിയാകണമെന്ന ആഗ്രഹത്തോടെ സ്വാമി സിദ്ധേശ്വരാനന്ദയോടൊപ്പം ഊട്ടിയിലേക്കു വണ്ടികയറി. കാതിലെ കടുക്കന്‍ വിറ്റുകിട്ടിയ പണമാണ് ആകെക്കൂടി കയ്യിലുണ്ടായിരുന്നത്. എല്ലാമുപേക്ഷിച്ചു വീടുവിടാനുള്ള തീരുമാനമെടുത്തശേഷം ഇതേ ശ്രീകോവിലിലെത്തിയാണു ശങ്കരന്‍ ശ്രീരാമകൃഷ്ണദേവനുമുമ്പില്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയുണ്ടായത്. കുട്ടിയായിരിക്കുമ്പോഴെ ഉളളിലുണ്ടായിരുന്ന ഈ സമര്‍പ്പിതമായ ഭാവമാണു പിന്നീട് പരിപൂര്‍ണ്ണതയിലേക്കു വിരിഞ്ഞുവന്നതും ലോകത്തിനു മുഴുവന്‍ അറിവിന്റെ പ്രഭാപൂരം പരത്തിയതും.

സഹായകഗ്രന്ഥങ്ങള്‍
1.My Life is my Work -Swami Ranganathananda
2. മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍ – സ്വാമി രംഗനാഥാനന്ദ

 

Tags: Swami Ranganathanandaസ്വാമി രംഗനാഥാനന്ദ
Share1TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies