”ഞാന്‍ മരണത്തിന്റെ മറുകര പൂകി നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും” ഖലീല്‍ ജിബ്രാന്‍ എന്ന മഹാകവി തന്റെ മാസ്റ്റര്‍പീസായി ലോകം വാഴ്ത്തുന്ന The Prophet(പ്രവാചകന്‍) എന്ന കൃതിയില്‍ പറയുന്നതാണിത്. ഓറിയന്റല്‍ മിസ്റ്റിസിസത്തിന്റെ വക്താവായ ജിബ്രാന്‍ ജീസസിനേയും മുഹമ്മദ് നബിയേയും ഡീ മിസ്റ്റിഫൈ ചെയ്തു. ലബനോണിലെ ടാഗൂര്‍ എന്നും, ഇരുപതാം നൂറ്റാണ്ടിലെ ദാന്തെ എന്നും ജിബ്രാനെ യൂറോപ്പ് വിലയിരുത്തുന്നു.
”രാവും പകലും നിരന്തരം ഒരു മാനസ സരസ്സിലേക്ക് പറന്നുകൊണ്ടിരിക്കുന്ന ഒരു ഹംസത്തെപ്പോലെ എന്റെ പ്രാണന്‍ മുഴുവന്‍, പ്രഭോ, ഒരു നിമിഷം കൊണ്ട് മരണത്തിന്റെ മറുകരയിലെത്തിച്ചു തരൂ ”ഗീതാഞ്ജലി” യുടെ ഒടുവില്‍ ടാഗൂര്‍ എഴുതിയതാണിത്.
”ഒരു ജലബിന്ദു ആത്മതത്വം ഹൃദിസ്ഥമാക്കുമ്പോള്‍ അത് നിസ്സാരമായ സ്വജീവിതത്തെ സാരമായ മുക്തഫലമാക്കുന്നു” ഇക്ബാല്‍ തന്റെ വിഖ്യാതമായ “”The Secret of the self” (ആത്മരഹസ്യത്തില്‍) എഴുതിയതാണിത്. വിഖ്യാതനായ സന്യാസിയും ചിന്തകനും പ്രഭാഷകനുമായ വിവേകാനന്ദന്‍ സെമറ്റിക് മതങ്ങളെ പ്രശംസിക്കുന്ന ഭാഗങ്ങളും അതിന്റെ പരിമിതികള്‍ പറയുന്ന ഭാഗങ്ങളും വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിന്റെ മൂന്നും നാലും വോള്യങ്ങളിലുണ്ട്.
”എന്നില്‍ വിശ്വസിക്കാത്ത സര്‍പ്പസന്തതികള്‍ക്ക് മോക്ഷമില്ല” എന്ന് പറയുന്ന ഭാഗം ബൈബിളിലുണ്ട്. ‘എന്നില്‍’ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം എല്ലാവരും ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ചേരുക എന്നല്ല മറിച്ച് യേശുദേവന്റെ ത്യാഗത്തിന്റെ കടലിടുക്കിലൂടെ യാത്ര ചെയ്യുകയാണെന്നും, ഏത് മതവിശ്വാസിയായാലും സ്വയം സമര്‍പ്പിതമായ ഒരു ജീവിതം നയിച്ച് സമൂഹത്തില്‍ പ്രകാശം ചൊരിഞ്ഞ സ്‌നേഹ സൂര്യനായി മാറിയാല്‍ ജീസസിന്റെ വഴിയാണെന്ന് ചിലര്‍ വാദിക്കുന്നു. പക്ഷേ മതപരിവര്‍ത്തനം ഒരു വഴിപാടായി കൊണ്ടുനടക്കുന്നവരാണ് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍. കേരളത്തിലിപ്പോള്‍ 12 ഉപവിഭാഗങ്ങള്‍ ക്രിസ്തുമതത്തിലുണ്ട്. ഇവര്‍ ഓരോ വിഭാഗവും, തങ്ങളാണ് ശരിയായ ജീസസിന്റെ അനുയായികള്‍ എന്ന് തെളിയിക്കാന്‍ പത്രങ്ങളും ചര്‍ച്ചകളും സെമിനാറുകളും ടി.വിയും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നു. ഒരു ദിവസം ഓരോ വിഭാഗവും, ലക്ഷക്കണക്കിനോ, കോടിക്കണക്കിനോ രൂപ സെക്‌ടേറിയന്‍ കാഴ്ചപ്പാട് തെളിയിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തിന് വെളിയില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാത്തലിക് വിഭാഗമാണ് പിടിമുറുക്കുന്നത്. ചേരി പ്രദേശങ്ങളിലെ പുഴുക്കളെപ്പോലെ പിടയുന്ന മനുഷ്യര്‍ക്കിടയില്‍ അപ്പവും വസ്ത്രവും മരുന്നും വിതരണം ചെയ്താണ് വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നാഗാലാന്റിലും മിസോറാമിലും ഷില്ലോംഗിലും മറ്റും വേരുറപ്പിച്ചത്. ‘മതാതീത ആത്മീയത’ എന്ന ചിന്തയുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ഇന്ത്യയില്‍ വളരെ കുറവാണ്. വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ചെയ്ത സംഭാവനകള്‍ ചെറുതല്ല എന്ന സത്യം മറക്കുന്നില്ല.
Why I am not a Christian (എന്തുകൊണ്ട് ഞാനൊരു ക്രിസ്ത്യാനി ആയില്ല) എന്ന ഗ്രന്ഥമെഴുതിയ ബര്‍ട്രാന്‍ഡ് റസ്സല്‍ Why I am not a Communist ഉം എഴുതിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ വലിയ മനുഷ്യസ്‌നേഹിയും നിരീശ്വരചിന്തയുടെ വക്താവും ഗണിത ശാസ്ത്രജ്ഞനും സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവുമായ റസ്സല്‍ ബൈബിള്‍ ദൈവിക വെളിപാടുകളുടെ പ്രകാശമില്ലാത്ത ഒരു ഗ്രന്ഥമാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ചോദ്യം ചോദിക്കുന്നു. ”വിശ്വാസികളെല്ലാം കരുതുന്നത് ഈ പ്രപ ഞ്ചം ദൈവം സൃഷ്ടിച്ചത് എന്നാണ്. ഭൂമി ദൈവത്തിന്റെ സൃഷ്ടിയാണെങ്കില്‍ അതിന്റെ സ്രഷ്ടാവിന് അതിന്റെ രൂപം എന്തുകൊണ്ട് അറിയാതെപോയി?” ഭൂമി പരന്നതാണ് എന്ന് എല്ലാ സെമറ്റിക് ഗ്രന്ഥങ്ങളും പറയുന്നു. ഭൂമിയുടെ രൂപം ഉരുണ്ടതാണെന്ന് പറഞ്ഞ ശാസ്ത്രകാരന്‍ ഗലീലിയോവിനെ പീഡിപ്പിച്ച കഥയിന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. ഈ വിഷയത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ രക്ഷപ്പെടുന്നത് ഖുറാനില്‍ ”നിങ്ങള്‍ക്ക് കണ്‍മുന്‍പില്‍ പരന്ന് കിടക്കുന്ന ഭൂമി” എന്നാണുള്ളത് അതിനര്‍ത്ഥം അത് പരന്നതല്ല എന്നാണ്” ഇതു സമര്‍ത്ഥമായ ഒരു വാദമല്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള മനുഷ്യന്റെ അറിവ് അങ്ങിനെയായിരുന്നു എന്നാണ് മറ്റ് ചില പണ്ഡിതന്മാരുടെ വാദം. ശാ സ്ത്രത്തിന്റെ കുതിപ്പിനെ എല്ലാ കാലത്തും, സംഘടിത മതവിഭാഗങ്ങള്‍ പ്രത്യേകിച്ച് സെമറ്റിക് മതങ്ങള്‍ എതിര്‍ ത്തിട്ടുണ്ട്. ഇന്ന് യൂറോപ്പില്‍ ശാസ്ത്ര മുന്നേറ്റം നടക്കുന്നത് മതങ്ങളുടെ ഇടപെടല്‍ കുറവായത് കൊണ്ടാണ്.
മരണത്തിന്റെ ഭീകരത
ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ചരിത്രകാരന്‍ ടോയിന്‍ബി ഇത് പറയുന്നത് The Man kind and the mother earth’എന്ന ഗ്രന്ഥത്തില്‍ പുറം 86 മുതല്‍ 134 വരെയുള്ള ഭാഗത്ത് കാണാം. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ മരിച്ച മനുഷ്യരുടെ കണക്ക് സൂക്ഷ്മമായി പഠിച്ചാല്‍ അതില്‍ കൂടുതല്‍ ആളുകള്‍ സെമറ്റിക് മതങ്ങളിലെ വ്യത്യസ്ത സെക്ടുകള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ മരിച്ചിട്ടുണ്ട്. വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി കോടിക്കണക്കിനാളുകള്‍ മരിച്ചു എന്ന് പറയുമ്പോള്‍ സാധാരണ പുരോഹിതന്മാര്‍ ഇന്ത്യയിലെ ഹിന്ദുമതത്തില്‍ ആയിരക്കണക്കിന് വിഭാഗങ്ങള്‍ ഇല്ലേ എന്ന് ചോദിക്കുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കുലകൂടസ്ഥന്‍ ഡോക്ടര്‍ രാം മനോഹര്‍ ലോഹ്യ ഠവല രമേെലല്‍ പറയുന്നത് അയ്യായിരത്തോളം ഉപവിഭാഗങ്ങള്‍ ഇന്ത്യയിലെ ഹിന്ദുമതത്തില്‍ ഉണ്ട് എന്നാണ്. പക്ഷേ ഹിന്ദുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ സിവില്‍ വാര്‍ ഉണ്ടായതായി അറിവില്ല. സെമറ്റിക് മതവിഭാഗങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലിം, ജൂതവിശ്വാസികളാണുള്ളത്. പക്ഷേ ജൂത വിഭാഗം മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നില്ല. ഏഷ്യന്‍ മതങ്ങളായ ബുദ്ധമതവും കണ്‍ഫ്യൂഷിയാനിസ്റ്റുകളും ഹിന്ദുമതവും മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുകയോ അതിന് വേണ്ടി പണം ചിലവഴിക്കുകയോ ചെയ്യുന്നില്ല. പൗരസ്ത്യ മതങ്ങളില്‍ നിര്‍ബ്ബന്ധ പ്രാര്‍ത്ഥനകളോ ചടങ്ങുകളോ ഇല്ല ‘അനല്‍ഹഖ്’ (അഹം ബ്രഹ്മാസ്മി) യില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തെ തേടി ലോകം മുഴുവന്‍ അലയേണ്ട ആവശ്യമില്ല.
ഇസ്‌ലാം
നോവലിസ്റ്റ് ആനന്ദ് തന്റെ ‘ജൈവ മനുഷ്യന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെയാണ് ”തത്ത്വവും പ്രയോഗവും തമ്മില്‍ ഇത്രയേറെ അന്തരം കൈവന്ന ഒരു മതം ഒരുപക്ഷേ ക്രിസ്തുമതം പോലെ ഒന്നില്ല. പശ്ചിമേഷ്യയിലെ സെമറ്റിക് വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഒരുപുതിയ ജീവിത വീക്ഷണത്തിന്റെ സന്ദേശവുമായാണ് ക്രിസ്തു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ക്രിസ്തുവിന്റെ പേരില്‍ സ്ഥാപിതമായ മതം പ്രചരിച്ചത് ഈ മനുഷ്യര്‍ക്കിടയിലല്ല. റോമന്‍ സാമ്രാജ്യത്തിലെ അടിമകളിലും പിന്നീട് അവരുടെ മേധാവികളായ യൂറോപ്പിലെ മനുഷ്യരിലുമാണ്”(പുറം 69). പഴയ നിയമത്തിലൂടെ കടന്നു പോകുമ്പോള്‍ യഹൂദരെകുറിച്ച് നമുക്ക് കിട്ടുന്ന ചിത്രം തങ്ങളെ ഭരിക്കാന്‍ വന്ന അന്യഗോത്രങ്ങള്‍ക്കെതിരെ അസാധാരണമായി ചെറുത്തുനിന്ന ഒരുവര്‍ഗ്ഗത്തിന്റേതാണ്. ദേശത്തിനെതിരെ ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിഞ്ഞവന്റെ രക്തത്താലല്ലാതെ ദേശത്തിന് പ്രായശ്ചിത്തമില്ല എന്ന ചിന്തയാണ് ദൈവമായ യഹോവ അവര്‍ക്ക് പറഞ്ഞ് കൊടുത്ത നിയമം. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന തിയറിയാണ് പഴയ നിയമത്തിലുള്ളത്. മുഹമ്മദ് നബി മുന്നോട്ട് വെച്ചത് ബൈബിളിലെ പഴയ നിയമമാണ്.
വിശാലമായ റോമാസാമ്രാജ്യം തകരുകയും അതിന്റെ സ്ഥാനത്ത് ദേശീയ രാഷ്ട്രങ്ങള്‍ ഉദയം കൊള്ളാന്‍ തുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഇസ്‌ലാം പ്രത്യക്ഷപ്പെട്ടത്. ഒരു കവിളത്ത് അടിച്ചാല്‍ മറ്റേത് കാണിച്ച് കൊടുക്കുക ഇസ്‌ലാമിന്റെ സ്വഭാവമായില്ല. ആനന്ദിന്റെ നിരീക്ഷണങ്ങള്‍ ഇങ്ങിനെയാണ് ”വളരെ എളിയ വിധത്തിലാണ് മുഹമ്മദ് നബി തന്റെ പ്രപഞ്ചം കെട്ടിപ്പടുക്കുവാന്‍ തുടങ്ങിയത്. മതവിരോധി എന്ന് മുദ്രകുത്തപ്പെടാതിരിക്കാന്‍ അദ്ദേഹം ആദ്യകാലങ്ങളില്‍ മറ്റ് മതങ്ങളുടെ മൗലികാംശങ്ങളെ ഉയര്‍ത്തിക്കാട്ടി. മറ്റ് പ്രവാചകന്മാര്‍ പറയാത്തത് ഒന്നും താന്‍ പറയുന്നില്ല. മോശയും അബ്രഹാമും യേശുവും മുഹമ്മദിന്റെ പ്രവചനങ്ങളില്‍ കടന്നുവന്നു. അവരെ നിഷേധിക്കുകയല്ല, നിഷേധിച്ചവരെ നിഷേധിക്കുകയാണ് താന്‍ എന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. യേശുവിനേയും മേരിയേയും പൂജിക്കുന്നതിനെതിരെ മുഹമ്മദ് സംസാരിച്ചു”.
തണലോ അഭയമോ നല്‍കാത്ത മണല്‍പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണല്‍ക്കുന്നുകളുടേയും നാടാണ് അറേബ്യ. ചുഴിലക്കാറ്റുകള്‍ക്കൊത്ത് ഉയരുകയും നീങ്ങുകയും പതിക്കുകയും ചെയ്യുന്ന മണല്‍കുന്നുകളില്‍ കാരവനുകളും മുഴുവന്‍ സൈന്യങ്ങള്‍ തന്നെയും കുഴിച്ചു മൂടപ്പെട്ടിട്ടുണ്ട്. സ്വപ്നംപോലെ വിലപ്പെട്ടതും പൊരുതി നേടേണ്ടതുമായ വസ്തുവാണിവിടെ വെള്ളം. പരസ്പരം കടിച്ച് കീറി ഗോത്രങ്ങളായി ജീവിച്ച ഒരു സമൂഹത്തിലേക്കാണ് മുഹമ്മദ് നബി തന്റെ ഏകദൈവ വിശ്വാസവുമായി ഇറങ്ങിയത്. മനുഷ്യ സമുദായത്തില്‍ നിന്നുള്ള ബാഹ്യമായ അകല്‍ച്ച അറബികളെ അപരിചിതരെയെല്ലാം ശത്രുക്കളായി കാണാന്‍ ശീലിപ്പിച്ചു. പരിതഃസ്ഥിതികള്‍ പ്രാകൃതാവസ്ഥയില്‍ നിലനിര്‍ത്തിയ അറേബ്യയിലെ മനുഷ്യര്‍ക്ക് ഇല്ലാതിരുന്നത് അവരുടെ നിലനില്‍പ്പിനാവശ്യമായ ഒരു തത്വശാസ്ത്രമായിരുന്നു. ഇസ്‌ലാമില്‍ അവരത് കണ്ടെത്തി.
ടോയിന്‍ബി പറയുന്നതിങ്ങനെയാണ് ”അനുയായികളെ കുറച്ചൊക്കെ കിട്ടിക്കഴിഞ്ഞപ്പോള്‍ പരക്കെ ജനസമ്മതി വേണമെന്ന ആഗ്രഹം മുഹമ്മദിലുണ്ടായി. ജൂതമത വിഭാഗത്തെ കടന്നാക്രമിക്കാനും അവരുടെ വിശ്വാസം തെറ്റാണെന്ന് പറയാനും മുഹമ്മദ് തയ്യാറായി. വിഗ്രഹങ്ങളെ ആരാധിക്കുന്ന ജൂതവിഭാഗത്തെ വേരോടെ പിഴുത് എറിയണമെന്ന ചിന്തയും മുഹമ്മദ് പ്രചരിപ്പിച്ചു”. ഇത്തരം സാന്ദര്‍ഭികമായ വാക്യങ്ങളാണിന്ന് തീവ്രവാദികള്‍ ജനറലൈസ് ചെയ്ത് ഉപയോഗിക്കുന്നത്. ഖുറാനിലെ പലഭാഗങ്ങളും മുഹമ്മദിന്റെ സാന്ദര്‍ഭികമായ സ്റ്റെയിറ്റ്‌മെന്റുകളാണ്. ആനന്ദിന്റെ ‘പ്രജ്ഞയും, കരുണയും’ എന്ന ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമിതാ ‘സൈനികരുടെ ഉത്സാഹം നിലനിര്‍ത്താനായി അദ്ദേഹം അവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ സ്വര്‍ഗ്ഗം മാത്രമല്ല, ഭൂമിയില്‍ തോല്‍പ്പിക്കപ്പെട്ടവരുടെ ധനത്തേയും സ്ത്രീകളേയും നല്‍കി’. ഖുറാനില്‍ മുഹമ്മദ് നബി തന്നെക്കാള്‍ പ്രാധാന്യം ജീസസിന് നല്‍കിയെന്നത് ശരിയാണ്; പക്ഷേ ”ജീസസ് തനിക്ക് മുന്‍പ് ദൈവം അയച്ച പ്രവാചകന്‍ മാത്രമാണെന്നും അദ്ദേഹം ദൈവപുത്രനാണ് എന്നത് ആകാശത്തിനും മലകള്‍ക്കും സമ്മതമല്ല” എന്നും മുഹമ്മദ് നബി പറയുന്നു. ഒറ്റക്ക് എതിരാളികളെ നേരിടാന്‍ കഴിയില്ല എന്ന് മുഹമ്മദ് നബിക്ക് അറിയാമായിരുന്നു. ആദ്യകാലത്ത് ജൂതന്മാരുമായി സഖ്യമുണ്ടാക്കി. അധികാരം കിട്ടിയപ്പോള്‍ അവരെ തുരത്താനും മുഹമ്മദ് മടി കാണിച്ചില്ല. ”എനിക്ക് ശേഷം ദിവ്യമായ വെളിപാടുകള്‍(divine revelations)- ആര്‍ക്കും ഇല്ല എന്നും, ഇനി ആരെങ്കിലും ദൈവത്തില്‍ നിന്ന് വചനം കിട്ടിയെന്ന് പറഞ്ഞാല്‍ അവനെ കല്ലെറിയണം” എന്നുമാണ് മുഹമ്മദ് പറഞ്ഞത്.
മുഹമ്മദ് നബിയുടെ അവസാന വര്‍ഷങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. മുസലിമ എന്ന പുതിയ പ്രവാചകന്‍ രംഗപ്രവേശം ചെയ്തു. മുഹമ്മദില്‍ വിശ്വസിച്ച പലരും മുസലിമയുടെ കൂടെപ്പോയി. മുഹമ്മദിന്റെ മരണശേഷം ആരാകണം അടുത്ത ഖലീഫയെന്ന തര്‍ക്കം അതിന്റെ മൂര്‍ദ്ധന്യതയിലെത്തി. മൂന്ന് ദിവസം കഴിഞ്ഞാണ് പ്രവാചകന്റെ ഭൗതിക ശരീരം മറവ് ചെയ്തത്. മുസലിമ തന്റെ മുന്നേറ്റം തുടര്‍ന്നപ്പോള്‍ ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി രംഗത്ത് വന്ന ഉമറും മറ്റും അദ്ദേഹത്തെ ഒളിഞ്ഞിരുന്ന് കത്തിയെറിഞ്ഞ് കൊന്നുകളഞ്ഞു. ആദ്യ ഖലീഫ അബൂബക്കറെ അംഗീകരിക്കാത്ത വിഭാഗം മുഹമ്മദിന്റെ മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ് അലിയെ രംഗത്തിറക്കി. പക്ഷേ ആദ്യ ഖലീഫയാകാനുള്ള ഭാഗ്യം അലിക്കുണ്ടായില്ല. അലിയെ സപ്പോര്‍ട്ട് ചെയ്തവര്‍ പിന്നീട് ‘ഷിയ’ എന്ന പേരില്‍ അറിയപ്പെട്ടു. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമറും മൂന്നാം ഖലീഫ ഉസ്മാനും നാലാം ഖലീഫ അലിയും അധികാര വടംവലിയില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് നബിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യ ആയിഷയും തന്റെ മകളുടെ ഭര്‍ത്താവ് അലിയും തമ്മില്‍ ഉണ്ടായ യുദ്ധമാണ് ഒടുവില്‍ ‘ജമല്‍ യുദ്ധം’ എന്ന പേരില്‍ അറിയപ്പെട്ടത്. ഇസ്‌ലാം എന്ന പദത്തിന് അറബി ഭാഷയില്‍ ‘കീഴടങ്ങല്‍’, എന്നും ‘സമാധാനം’ എന്നും അര്‍ത്ഥമുണ്ടെങ്കിലും മുഹമ്മദ് നബിയുടെ മരണശേഷം ഇസ്ലാമില്‍ സമാധാനത്തിന്റെ അംശംപോലും ഉണ്ടായില്ല. നാലാമത്തെ ഖലീഫ അലിയുടെ കാലത്ത് ‘സിഫിന്‍വാര്‍’ ഉണ്ടായി. ഈ യുദ്ധം തമ്മില്‍ തമ്മില്‍ ആയിരുന്നു. മുഹാവിയ എന്ന സഹാബിയും ഇസ്‌ലാമിന്റെ നാലാമത്തെ ഖലീഫയും തമ്മില്‍ യുദ്ധം നടന്നു. മുഹമ്മദ് നബിയുടെ അനുയായികള്‍ തമ്മില്‍ തന്നെ യുദ്ധം. മുഹാവിയ മുഹമ്മദ് നബിക്ക് വേണ്ടി യുദ്ധം ചെയ്ത ഭടനായിരുന്നു. ‘സിഫിന്‍ വാറി’ല്‍ അലിയെ ചതിയിലൂടെ മുഹാവിയ കൊന്നു. ചതി ഇസ്‌ലാമില്‍ ഇല്ല എന്ന് പറയാറുണ്ടെങ്കിലും മുഹാവിയയുടെ പ്രശ്‌നം വരുമ്പോള്‍ എല്ലാവരും നിശ്ശബ്ദരാകും.
കലയും സാഹിത്യവും സംഗീതവും
പാരമ്പര്യ ഇസ്‌ലാമിക പണ്ഡിതന്മാര്‍ സിനിമയേയും സംഗീതത്തേയും സാഹിത്യത്തേയും എതിര്‍ക്കുന്നു. പക്ഷേ ഇതെല്ലാം അംഗീകരിക്കുന്ന പണ്ഡിത വിഭാഗവും ഇസ്‌ലാമില്‍ ആദ്യകാലം തൊട്ടുണ്ട്. മിഡിലീസ്റ്റില്‍ അറബികളുടെ കല്യാണത്തിന് അകമ്പടിയായി ദഫ്മുട്ടും സംഗീതവും ഉണ്ടാകാറുണ്ട്. ആത്മീയാചാര്യന്മാരുടെ ശവകൂടീരങ്ങള്‍ (മക്ബറകള്‍) സംരക്ഷിച്ച് അവിടെ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കുന്ന രീതി അംഗീകരിക്കുന്നവരാണ് സുന്നിവിഭാഗം. ‘എരുമേലി പേട്ടതുള്ളലും’, മറ്റും അംഗീകരിക്കുന്ന സുന്നിവിഭാഗങ്ങള്‍ ജാതിയും മതവും നോക്കാതെ ആത്മീയ ചൈതന്യം വഴിഞ്ഞൊഴുക്കിയ ഋഷിവര്യന്മാരുടെ മക്ബറുകള്‍ (മ്യൂസോളിയം) സന്ദര്‍ശിച്ച് അവിടെ പ്രാര്‍ത്ഥന നടത്തുക പതിവാണ്. അജ്മീറില്‍ എല്ലാ മതവിഭാഗങ്ങളും സന്ദര്‍ശിക്കുന്നു. ബോംബെയില്‍ അനേകം മക്ബറകളില്‍ സര്‍വ്വമതവിഭാഗങ്ങളും പോയി പ്രാര്‍ത്ഥന നടത്തുന്നത് ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. സൂഫി സന്ന്യാസികള്‍ക്ക് ജാതിയില്ല. മതമില്ല. അവര്‍ എപ്പോഴും ‘തത്വമസി’യും ‘അനല്‍ഹഖും’ അംഗീകരിക്കുന്നു. ‘അനല്‍ ഹഖ്’ (അഹം ബ്രഹ്മാസ്മി) എഴുതിയപ്പോള്‍ ബഷീര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. പ്രേംനസീര്‍ ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ആനയെ നടക്കിരുത്തിയപ്പോള്‍ കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം വിശ്വാസികള്‍ അദ്ദേഹത്തെ എതിര്‍ത്തിരുന്നു.
ഇന്ന് തീവ്രത കൂടിവരുന്നു
കേരളത്തിലെ മുജാഹിദ് വിഭാഗങ്ങള്‍ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. മുജാഹിദ് വിഭാഗം ആദ്യകാലത്ത് മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവരുടെ സാമൂഹ്യമുന്നേറ്റത്തിനും പ്രവര്‍ത്തിച്ചിരുന്നു. ‘ഇസ്‌ലാഹി’ എന്ന പദത്തിന് ‘നവീകരണം’ എന്നാണര്‍ത്ഥം. വക്കം അബ്ദുല്‍ഖാദര്‍, അദ്ദേഹത്തിന്റെ പിതാവ് വക്കം മൗലവി തുടങ്ങിയവര്‍ ഇരുട്ടില്‍ നിന്ന് ഈ സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചവരാണ്. പക്ഷേ മുജാഹിദ് പ്രസ്ഥാനം മൂന്ന് ഗ്രൂപ്പുകളായി പിരിഞ്ഞ് മറ്റ് മതവിഭാഗങ്ങളെ എതിര്‍ക്കാനുള്ള വേദിയാക്കി അവരുടെ സമ്മേളനങ്ങളും സ്റ്റഡീക്ലാസ്സുകളും മാറ്റി. അവര്‍ സുന്നി വിഭാഗത്തെയും ഷിയാ വിഭാഗത്തേയും ‘കാഫിറു’കള്‍ എന്ന് വിളിക്കുന്നു. മുജാഹിദ് ബാലുശ്ശേരി, എം.എം. അക്ബര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ മിത്തോളജിയേയും പോളീതിയിസത്തേയും എതിര്‍ക്കുന്നു. ജമാഅത്തെ ഇസ്‌ലാമി മൗദൂദി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇസ്‌ലാമിക സ്റ്റേറ്റാണ് അവരുടെ ലക്ഷ്യം.
ഇതെല്ലാം കാണുമ്പോള്‍ ക്രിസ്ത്യാനികള്‍ എല്ലാ വിഭാഗങ്ങളും ഉറഞ്ഞുതുള്ളുന്നതില്‍ അത്ഭുതമില്ല. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ മുഴുവനായി തള്ളിക്കളയാന്‍ പറ്റില്ല. പക്ഷേ ക്രിസ്ത്യന്‍ സമൂഹം കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കാര്യം അവര്‍ക്ക് തന്നെ നന്നായി അറിയാം. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി, മാട്ടൂല്‍, മുട്ടം, പുതിയങ്ങാടി, മാടായി, പിലാത്തറ തുടങ്ങിയ ഭാഗങ്ങളില്‍ ഞാന്‍ പത്ത് വര്‍ഷത്തോളം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകനായി ജോലി ചെയ്തിരുന്നു. മിക്ക ക്ലാസ്സുകളിലും പു. ക്രി. കുട്ടികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമുണ്ടായിരുന്നു, ‘പുലയ ക്രിസ്ത്യാനികള്‍’. വീട് പണിതു കൊടുത്തും സാമ്പത്തിക സഹായം നല്‍കിയും ധീവര വിഭാഗത്തില്‍പ്പെട്ട ഹിന്ദു, മുസ്ലിം വിഭാഗത്തെ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതം മാറ്റിയത് എനിക്ക് നേരിട്ടറിയാം. ബോബി ചെമ്മണ്ണൂര്‍ പണിത് കൊടുത്ത ചെറുവീടുകള്‍ പഴയങ്ങാടിക്കടുത്ത് വെങ്ങരയില്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പക്കഷണം കൊടുത്ത് മതം മാറ്റിയവരെ ഒരിക്കലും അന്തസ്സുള്ള ക്രിസ്ത്യന്‍ വിഭാഗമായി പൊതുധാരയിലുള്ള ക്രിസ്ത്യന്‍ വിഭാഗം അംഗീകരിക്കുന്നില്ല. മുസ്ലിം സമുദായവും അധഃകൃത വിഭാഗം മതം മാറിയാല്‍ അവരെ ‘തറവാട്ടുകാര്‍’ ആയി അംഗീകരിക്കാറില്ല. ഇതെല്ലാം മുസ്‌ലിം പണ്ഡിതന്മാരും ക്രിസ്തീയ സഭാദ്ധ്യക്ഷന്മാരും അറിഞ്ഞാല്‍ നല്ലത്.