ജമ്മുകാശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ആര്‍.എസ്.എസ്. അജണ്ടയാണെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ ആക്ഷേപം. രാജ്യത്തിന്റെ തലയറുത്തുവെന്നും കാശ്മീരിനോട് അനീതി കാട്ടിയെന്നും ആ സംസ്ഥാനത്തെ വെട്ടുമുറിച്ചു എന്നെല്ലാം അവര്‍ കുറ്റം കണ്ടെത്തി. വിഘടനസ്വഭാവത്തോടെ നിന്ന കാശ്മീര്‍ ഭാരതത്തില്‍ വിലയിച്ചു എന്നതാണ് ലോകസഭ കൂടി പാസാക്കിയതോടെ ഈ നിയമം കൊണ്ടുണ്ടായ നേട്ടം എന്ന വസ്തുത അവര്‍ക്കും അംഗീകരിക്കാതെ വയ്യ. കുറ്റപ്പെടുത്തുന്നവിധത്തിലാണെങ്കിലും ഇത് ആര്‍.എസ്.എസ്സിന്റെ വിജയമാണ് എന്ന് എല്ലാവരും തുറന്നുസമ്മതിക്കുന്നു.
ആര്‍.എസ്.എസ്. പതിറ്റാണ്ടുകളായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് 370-ാം വകുപ്പ് റദ്ദാക്കണം, ഏകീകൃതസിവില്‍ നിയമം നടപ്പാക്കണം, സംവരണപ്രശ്‌നം പരിഹരിക്കണം എന്നീ ആവശ്യങ്ങള്‍. ഇവയ്‌ക്കെല്ലാം ഭരണപരമായും ജനകീയമായും അംഗീകാരം ലഭിക്കുന്നു എന്നതിന്റെ സൂചനയാണ് രാജ്യസഭയും ലോകസഭയും മുത്തലാഖ് റദ്ദാക്കിയതും 370-ാം വകുപ്പ് റദ്ദാക്കിയതും നിയമമാക്കുക വഴി നാം കണ്ടത്. സാമ്പത്തികമായി പിന്നാക്കമായ മുന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നിയമം ഇരുസഭകളും അംഗീകരിച്ചതും ബിജെപി ഭരണത്തിലാണ്.
370-ാം വകുപ്പിന്റെ സംരക്ഷണത്തില്‍ നിന്ന് ജമ്മു-കാശ്മീരിനെ ഒഴിവാക്കിയത് ദേശീയഐക്യത്തിന്റെ അംഗീകാരമാണെങ്കില്‍ 35എ വകുപ്പ് നീക്കം ചെയ്തത് ദേശസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന ബോധ്യത്താലാണ്. 1952 മുതല്‍ രാഷ്ട്രീയ സ്വയംസേവകസംഘം പ്രമേയങ്ങളിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. നിരന്തരബോധവല്‍ക്കരണത്തിലൂടെ രാഷ്ട്രീയ കക്ഷി നേതാക്കളിലും സാധാരണക്കാരിലും ഈ ആവശ്യം അത്യന്താപേക്ഷിതമാണെന്ന ചിന്ത വളര്‍ത്തിയെടുക്കാന്‍ സംഘത്തിന് സാധിച്ചു. ആവശ്യത്തിനുമേലുള്ള നിരന്തരമായ ശ്രദ്ധയിലൂടെ അസാധ്യമെന്നു പൊതുവെ കരുതിയിരുന്ന ലക്ഷ്യം പോലും നേടാന്‍ സാധിക്കുമെന്ന സംഘത്തിന്റെ ഉറച്ചവിശ്വാസത്തിന്റെ വിജയം കൂടിയാണിത്.
ഭാരതത്തിന്റെ അഖണ്ഡത സംഘാദര്‍ശത്തിന്റെ ഭാഗമാണ്. കാശ്മീരിനെ ഭാരതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ സംഘം വഹിച്ച പങ്ക് കൂടി തിരിച്ചറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ മഹത്വം എത്രമാത്രമാണെന്നു ബോധ്യപ്പെടുക. കാശ്മീരിനെ ഡോഗ്രസ്ഥാന്‍ ആക്കി സ്വതന്ത്രമാക്കി നിര്‍ത്തണമെന്നായിരുന്നു കാശ്മീര്‍ രാജാവ് ഹരിസിംഗിന് രാജഗുരു സ്വാമി സന്ത്മിയോ നല്‍കിയ ഉപദേശം. ഇസ്ലാമിക പാകിസ്ഥാനില്‍ ചേരാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി ആര്‍.സി.കാക്കിനും സ്വാതന്ത്ര്യരാജ്യമായി നില്‍ക്കാനായിരുന്നു താല്പര്യം. 1947 ജൂണ്‍ മൂന്നാംവാരത്തില്‍ കാശ്മീരില്‍ പറന്നെത്തിയ മൗണ്ട്ബാറ്റണ്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായ കാശ്മീരിനെ പാകിസ്ഥാനില്‍ ലയിപ്പിക്കാന്‍ ഉപദേശിച്ചു. ക്വിറ്റ് കാശ്മീര്‍ സമരത്തില്‍ പങ്കെടുത്തതിന് തന്നെ തടഞ്ഞ കാശ്മീര്‍ രാജാവിനോട് പകയുള്ള നെഹ്‌റു രാജാവിനേക്കാള്‍ ഷെയ്ഖ് അബ്ദുള്ളയുടെ പക്ഷത്തായിരുന്നു. രാജഭരണം ഇല്ലാതാക്കി തന്റെ കീഴില്‍ കാശ്മീരിനെ കൊണ്ടുവരാനായിരുന്നു ഷെയ്ഖ് ശ്രമിച്ചത്. കാശ്മീര്‍ ഭാരതത്തില്‍ ലയിക്കുന്നതിനുപകരം മൗണ്ട്ബാറ്റന്റെയോ ഷെയ്ഖ് അബ്ദുള്ളയുടെയോ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടാല്‍ അതു വൈകാതെ പാകിസ്ഥാന്റെ ഭാഗമാകും എന്ന് കാശ്മീരിലെ സംഘത്തിന്റെ സംഘചാലക് പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര തിരിച്ചറിഞ്ഞു. ഭാരതത്തില്‍ ലയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടു നിരവധി തവണ അദ്ദേഹം രാജാവിനെ സമീപിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനുവേണ്ടി സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ സംഘടനകളെക്കൊണ്ടു പ്രമേയം പാസാക്കി രാജാവിനു നല്‍കി. മഹാരാജാവ് ആദരവോടെ കാണുന്ന, സംഘത്തിന്റെ പഞ്ചാബ് പ്രാന്ത സംഘചാലക് ബദ്രിദാസ് രാജാവിനെ നേരില്‍ കണ്ട് ഭാരതത്തില്‍ ലയിക്കാനുള്ള തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി.
ഹരിസിംഗ് – ശ്രീഗുരുജി കൂടിക്കാഴ്ച
കാശ്മീര്‍ മഹാരാജാവ് ഹരിസിംഗുമായി നല്ല ബന്ധമുണ്ടായിരുന്ന ആര്‍.എസ്.എസ്. സര്‍സംഘചാലക് മാധവസദാശിവ ഗോള്‍വല്‍ക്കറെ കാശ്മീര്‍ വിഷയത്തില്‍ ഇടപെടിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ അവിടുത്തെ ദിവാനായ മെഹര്‍ചന്ദ് മഹാജനോട് ആവശ്യപ്പെട്ടു. മഹാജന്‍ ക്ഷണിച്ചതനുസരിച്ച് ശ്രീഗുരുജി 1947 ഒക്‌ടോബര്‍ 17ന് ശ്രീനഗറിലെത്തി. പിറ്റേന്ന് രാവിലെ അദ്ദേഹം രാജാ ഹരിസിംഗുമായി സംസാരിച്ചു. അന്ന് 15, 16 വയസ്സുള്ള മകന്‍ കരണ്‍സിംഗ് കാലിന്റെ എല്ലുപൊട്ടി കിടപ്പിലായിരുന്നു. അദ്ദേഹത്തെയും ഗുരുജി സന്ദര്‍ശിച്ചു. മഹാരാജാവുമായുള്ള ചര്‍ച്ചയില്‍ മഹാജനും പങ്കെടുത്തു.
ഭാരതത്തില്‍ ലയിക്കാന്‍ തയ്യാറാവണമെന്ന് ശ്രീഗുരുജി ആവശ്യപ്പെട്ടപ്പോള്‍ തന്റെ രാജ്യത്തിനു ആശ്രയമായിട്ടുള്ളത് പാകിസ്ഥാന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിനെ ബന്ധിപ്പിക്കുന്ന നിരത്തുകള്‍ സിയാല്‍ക്കോട്ടിലേയ്ക്കും റാവില്‍ പിണ്ടിയിലേക്കും ഉള്ളതാണ്. തീവണ്ടിയാകട്ടെ സിയാല്‍ കോട്ടിലേയ്ക്കും. അടുത്തുള്ള വിമാനത്താവളം ലാഹോറിലാണ്. ഭാരതത്തില്‍ ലയിച്ചാല്‍ അതു നഷ്ടമാകുന്നതോടെ യാത്രചെയ്യല്‍ അസൗകര്യമാകില്ലേ?
ശ്രീഗുരുജി മറുപടി പറഞ്ഞു: ‘താങ്കളുടെതു ഹിന്ദുരാജ്യമാണ്. പാകിസ്ഥാനില്‍ ലയിച്ചാല്‍ താങ്കളും ഇവിടുത്തെ ഹിന്ദുപ്രജകളും നേരിടേണ്ടിവരുന്ന ഭീഷണമായ അന്തരീക്ഷം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? താങ്കള്‍ക്കും പ്രജകള്‍ക്കും ഗുണമാകുക ഭാരതത്തില്‍ ലയിക്കുന്നതാണ്. യാത്രസൗകര്യങ്ങള്‍ സംബന്ധിച്ചുള്ളത് താല്‍ക്കാലികമായ പ്രശ്‌നം മാത്രമാണ്.’ ശ്രീഗുരുജിയുടെ അഭിപ്രായത്തെ മഹാജനും പിന്താങ്ങി. തിരിച്ചുപോരുമ്പോള്‍ ശ്രീഗുരുജിയുടെ അഭിപ്രായം അംഗീകരിച്ചു എന്ന നിലയ്ക്ക് രാജകീയമായ പൊന്നാട മഹാരാജാവ് ശ്രീഗുരുജിയെ അണിയിച്ചു.
(അക്കാലത്ത് ജമ്മു കാശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലകളുടെ ചുമതലയുള്ള പ്രചാരകനായിരുന്ന മാധവറാവു മുളെ ‘ശ്രീഗുരുജി ജീവന്‍ പ്രസംഗ്’ (പേജ് 102, 103-ല്‍) എഴുതിയത്.)
1947 ആഗസ്റ്റ് 14ന് പാക്‌സ്വാതന്ത്ര്യദിനത്തില്‍ ശ്രീനഗറിലെ തപാല്‍ അധികാരികള്‍ തങ്ങളുടെ ഓഫീസിനുമുകളില്‍ പാക് പതാക ഉയര്‍ത്തി. ഇതു കണ്ട സംഘസ്വയംസേവകര്‍ ആ പതാക വലിച്ചു താഴെയിട്ടു. പിറ്റേന്നു 1947 ആഗസ്റ്റ് 15ന് കാശ്മീരിലെ വീടുകളിലും കടകളിലും ഭാരതത്തിന്റെ ത്രിവര്‍ണ്ണപതാകകള്‍ ആയിരക്കണക്കിനു പാറിക്കളിച്ചു. ഇത്രയും പതാകകള്‍ ഒറ്റരാത്രികൊണ്ടു തയ്യാറാക്കിയത് സംഘസ്വയംസേവകരായിരുന്നു.
ആഗസ്റ്റ് ആദ്യം തന്നെ പാക് അനുകൂല മുസ്ലീംശക്തികള്‍ കാശ്മീരില്‍ ആയുധങ്ങള്‍ ശേഖരിച്ച് ഒരു കലാപത്തിന് ഒരുങ്ങിയിരുന്നു. പ്രാന്തപ്രചാരക് ബല്‍രാജ് മഥോക്കിന്റെ നിര്‍ദ്ദേശപ്രകാരം ഏതാനും സ്വയംസേവകര്‍ മുസ്ലിം സൈനിക ക്യാമ്പില്‍ മുസ്ലിം വേഷത്തില്‍ നുഴഞ്ഞുകയറി. അവരുടെ പദ്ധതിയും ആയുധശേഖരത്തിന്റെ അളവും മനസ്സിലാക്കി മഥോക്കിനെ വിവരമറിയിച്ചു. ഇക്കാര്യം സ്വയംസേവകര്‍ രാജാവിനും മുഖ്യമന്ത്രിയ്ക്കും കൈമാറി.
കാശ്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമായി വരുന്നതിനിടയ്ക്കാണ് സര്‍സംഘചാലക് ശ്രീഗുരുജിയ്ക്ക് രാജാവിനു മേലുള്ള സ്വാധീനം മനസ്സിലാക്കിയ സര്‍ദാര്‍ പട്ടേല്‍ രാജാവിനെ പോയി കാണാന്‍ ശ്രീഗുരുജിയില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ശ്രീഗുരുജി ശ്രീനഗറിലെത്തി മഹാരാജാവിനെ കണ്ട് സംസാരിച്ചു. തനിയ്ക്ക് തീവണ്ടിപ്പാതയും റോഡ് സൗകര്യവും വിമാനസൗകര്യവും ഉള്ളത് പാകിസ്ഥാന്‍ വഴിയാണെന്നും അതിനാല്‍ എങ്ങനെയാണ് ഭാരതത്തില്‍ ലയിക്കാന്‍ സാധിക്കുക എന്നും രാജാവ് ഗുരുജിയോട് ചോദിച്ചു. താങ്കളുടെ പ്രജകള്‍ ഹിന്ദുക്കളാണെന്നും അവരെ പരിഗണിക്കാതെ പാകിസ്ഥാനില്‍ ലയിച്ചാല്‍ അവരുടെ സ്ഥിതി എന്താകുമെന്നു ചിന്തിക്കണമെന്നും ഗുരുജി തിരിച്ചുപറഞ്ഞു.
ചര്‍ച്ചയ്‌ക്കൊടുവില്‍ മഹാരാജാവ് ‘ടോസ’ എന്ന കാശ്മീരിഷാള്‍ ശ്രീഗുരുജിയെ അണിയിച്ചു. ഭാരതത്തില്‍ ലയിക്കാനുള്ള രാജാവിന്റെ സന്നദ്ധതയുടെ തെളിവായിരുന്നു അത്. പുറത്തിറങ്ങിയ ശ്രീഗുരുജി സംഘകാര്യകര്‍ത്താക്കളോട് പറഞ്ഞത് കാശ്മീരിന്റെ സുരക്ഷയ്ക്കായി അവസാനതുള്ളിരക്തം വരെ നല്‍കാന്‍ തയ്യാറാകണമെന്നാണ്. ജമ്മു നഗരത്തില്‍ 20000-ല്‍ പരം മുസ്ലീങ്ങള്‍ കലാപസന്നദ്ധരായി നില്‍ക്കുന്നുണ്ടായിരുന്നു.
സ്വയംസേവകര്‍ സന്ദര്‍ഭത്തിനനുസരിച്ചു ഉയര്‍ന്നു, അവര്‍ ഇസ്ലാമിക വിഭാഗത്തിന്റെ തുടര്‍ച്ചയായ കലാപനീക്കങ്ങളെ തകര്‍ത്തു. ആ ഉദ്യമത്തില്‍ സ്വയംസേവകര്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ ജമ്മു പാക് അനുകൂല ശക്തികള്‍ക്ക് കീഴ്‌പ്പെടുമായിരുന്നു. ജമ്മു പാക് അധീനത്തിലായിക്കഴിഞ്ഞാല്‍ കാശ്മീരിനെ ഭാരത സൈന്യം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ല എന്നതാണവസ്ഥ. ലയനക്കരാറില്‍ രാജാവ് ഒപ്പിട്ടെങ്കിലും പാക് സൈന്യത്തെ തുരത്താനുളള സൈനിക നീക്കത്തിനു മൗണ്ട്ബാറ്റനും നെഹ്‌റുവിനും പൂര്‍ണ്ണമനസ്സുണ്ടായിരുന്നില്ല. എന്നാല്‍ സര്‍ദാര്‍ പട്ടേല്‍ സമ്മര്‍ദ്ദം ചെലുത്തി സൈനികനീക്കത്തിനു വഴിയൊരുക്കി. ജമ്മു വിമാനത്താവളം സൈന്യത്തിനു ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സ്വയം സേവകര്‍ വിമാനത്താവളം സജ്ജമാക്കിയതോടെ സൈന്യത്തിനു ഇറങ്ങാനായി.
ഭാരതസൈനികര്‍ മുന്നേറിയതോടെ പാക്‌ഗോത്രവര്‍ഗ്ഗ സൈനികര്‍ തിരിച്ചോടാന്‍ തുടങ്ങി. അതിനിടെ പണ്ഡിറ്റ് നെഹ്‌റു ഐക്യരാഷ്ട്രസഭയില്‍ പ്രശ്‌നം ഉന്നയിക്കുകയും വെടിനിര്‍ത്തല്‍ തീരുമാനത്തിന്റെ ഭാഗമായി സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തു. സൈന്യമേധാവികളായ കോര്‍പ്‌സ് കമാണ്ടര്‍ മേജര്‍ ജനറല്‍ കുല്‍വന്ത് സിംഗ്, ജനറല്‍ തിന്മയ്യ, ജനറല്‍ കരിയപ്പ എന്നിവരുടെ ഉപദേശം ചെവിക്കൊള്ളാന്‍ നെഹ്‌റു തയ്യാറായില്ല. സ്വന്തം സൈനികരേക്കാള്‍ അദ്ദേഹത്തിനു വിശ്വാസം മൗണ്ട്ബാറ്റണിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥരിലുമായിരുന്നു. ഈ രാഷ്ട്രീയ വിഡ്ഢിത്തത്തിനു കനത്ത വിലയാണ് രാജ്യത്തിനു നല്‍കേണ്ടിവന്നത്.
(ഈ ലേഖനത്തിലെ വിവരങ്ങള്‍ സുധാംശു മിറ്റലിന്റെ ‘ആര്‍.എസ്.എസ്. ബില്‍ഡിംഗ് ഇന്ത്യ ത്രൂ സേവ’ എന്ന പുസ്തകത്തില്‍ നിന്ന്)