ഉത്തരേന്ത്യയിലെ ജാതിമാടമ്പിമാര്ക്ക് ഒരു ദുരഭിമാനക്കേസ് കൈകാര്യം ചെയ്യണമെങ്കില്‍ ചോരചിന്തണം; കൊല നടത്തണം. എന്നാല്‍ ഒരു തുള്ളിചോരചിന്താതെ, ഒരു കുട്ടിയറിയാതെ ഈ കേസ് കൈകാര്യം ചെയ്യാനുള്ള വിദ്യ എ.കെ.ജി സെന്ററിലെ സഖാക്കള്ക്കറിയാം. പ്രേമബദ്ധരായ യുവതീയുവാക്കളെ അവര്‍ വേര്‍പെടുത്തും; അതില്‍ കുട്ടികളുണ്ടെങ്കില്‍ നിയമത്തിന്റെ എല്ലാവഴികളിലും കൂടി അവരെ അന്യസംസ്ഥാനത്തേയ്ക്ക് ദത്ത് കൊടുക്കും. എല്ലാം ചെയ്യാന്‍ പാര്‍ട്ടിയ്ക്ക് വ്യവസ്ഥയുണ്ട്; ആളുണ്ട്. ദീര്‍ഘകാലമായ പ്രവര്‍ത്തനം വഴി പാര്‍ട്ടി നേടിയെടുത്ത ഈ അത്ഭുതവിദ്യ പഠിപ്പിക്കാന്‍ എ.കെ.ജി. സെന്ററില്‍ ഒരു കോഴ്സ് തന്നെ തുടങ്ങണോ എന്ന ചിന്തയിലാണത്രേ സഖാക്കള്‍!
ഈ കോഴ്സ് ആരംഭിച്ചാല്‍ അതിന്റെ പ്രിന്‍സിപ്പാളായി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ സഖാവിനെ നിയമിക്കാം. അത്രമാത്രം പരിചയവും സാമര്‍ത്ഥ്യവും അദ്ദേഹത്തിനുണ്ട്. വൈസ് പ്രിന്‍സിപ്പാളായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും നിയമിക്കാം. രേഖ തിരുത്തിയും നീതിനിഷേധിച്ചും കുട്ടിയെ അമ്മയില്‍ നിന്നകറ്റുന്നതില്‍ അതിവിദഗ്ദ്ധനാണദ്ദേഹം. ഈ കോഴ്സിലെ വിഷയത്തില്‍ ക്ലാസെടുക്കാനുള്ള വിദഗ്ദ്ധരും പാര്‍ട്ടിയുടെ കയ്യിലുണ്ട്. ആരോഗ്യവകുപ്പിലെ ഏറാന്മൂളികള്, ശിശുക്ഷേമ വകുപ്പിലെ രേഖ തിരുത്തല്‍ വിദഗ്ദ്ധര്‍, സ്വയംഭരണവകുപ്പിലെ ജനനസര്‍ട്ടിഫിക്കറ്റ് തിരിമറിക്കാര്‍, പോലീസ് വകുപ്പിലെ വിരട്ടല്‍ വിദഗ്ദ്ധര്‍ എന്നിവരെല്ലാം ചേര്‍ന്നു പ്രായോഗിക പാഠങ്ങളില്‍ ക്ലാസെടുക്കും. കൂടാതെ എല്ലാ സമയത്തും പിന്‍ബലമായും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനും സംസ്ഥാനതലം മുതല്‍ താഴെ തലംവരെയുള്ള പാര്‍ട്ടി സഖാക്കളുമുണ്ട്. ഇതിന്റെ പരീക്ഷണ വസ്തുവാക്കിയത് അനുപമ-അജിത്ത് ദമ്പതികളെയാണ്. പാര്‍ട്ടിയുടെ ജില്ലാനേതാവും സി.ഐ.ടി.യു ട്രഷററുമായ ജയചന്ദ്രന്റെ മകള്‍ അന്യജാതിക്കാരന്റെ കൂടെ ജീവിക്കുന്നത് ജാത്യഭിമാനം മൂത്ത സഖാവിന് ഇഷ്ടമായില്ല. സഖാവ് പാര്‍ട്ടിയെ സമീപിച്ചു. പാര്‍ട്ടി കോഴ്സിലെ മുഴുവന്‍ സംവിധാനങ്ങളും ഏകോപിപ്പിച്ച് രണ്ടുപേരെയും അകറ്റി വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പറ്റാത്തവിധത്തിലാക്കി; കുട്ടിയെ അന്യസംസ്ഥാനത്തേയ്ക്ക് ദത്തു നല്കി അവരില്‍ നിന്ന് അകറ്റുകയും ചെയ്തു. കോഴ്സ് വിജയിച്ചെങ്കിലും ചില മാധ്യമങ്ങള്‍ ഒച്ചപ്പാടാക്കി നാറ്റിച്ചുകളഞ്ഞു. നേരത്തെ കെവിന് വധക്കേസ് എന്ന ദുരഭിമാനക്കൊലയില്‍ പാര്‍ട്ടിയുടെയും പോലീസിന്റെയും പിന്തുണ ഉണ്ടായിരുന്നു. അന്നത്തെക്കാള്‍ ശാസ്ത്രീയമായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടി ദുരഭിമാനക്കേസ് ഏറ്റെടുക്കുന്നത്. സഖാക്കളുടെ ശാസ്ത്രബുദ്ധി അപാരം തന്നെ!