ചെല്ലപ്പന്‍ പരമേശ്വരന്‍ എന്ന നാമറിയുന്ന സി.പി.നായര്‍ സാര്‍ ഒക്‌ടോബര്‍ ഒന്നാം തീയതി രാവിലെ തിരുവനന്തപുരത്തെ കുറവന്‍കോണത്തുള്ള തന്റെ ഫ്‌ളാറ്റില്‍ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് നമ്മെ വിട്ടുപോയി. 1940 ല്‍ മാവേലിക്കരയില്‍ പ്രസിദ്ധ സാഹിത്യകാരനായിരുന്ന പി. ചെല്ലപ്പന്‍ നായരുടെ പുത്രനായി ജനിച്ച അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായി,1962 ബാച്ച് ഐ.എ.എസ് ഓഫീസറായി കേരളത്തില്‍ നിയമിതനായി. തുടര്‍ന്ന് 40 വര്‍ഷക്കാലം വിവിധ ജില്ലകളില്‍ കളക്ടറായും, ഹോം സെക്രട്ടറി, ലേബര്‍ സെക്രട്ടറി, ട്രാവന്‍കൂര്‍ ദേവസ്വം കമ്മീഷണര്‍, കേരളാ ചീഫ് സെക്രട്ടറി എന്നീ പദവികളിലും സേവനമനുഷ്ഠിച്ചു. 1996-98 കാലഘട്ടത്തില്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സി.പി.നായര്‍ ചീഫ് സെക്രട്ടറിയായി കേരളത്തിന്റെ ഭരണ തലപ്പത്ത് പ്രവര്‍ത്തിച്ചത്. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
സംശുദ്ധമായ പൊതുഭരണത്തിന്റെയും ലളിത ജീവിതത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. എല്ലാത്തിനോടും വളച്ചുകെട്ടില്ലാതെ വളരെ ലളിതമായ സമീപനമായിരുന്നു അദ്ദേഹത്തിേന്റത്. കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനായിരുന്നപ്പോഴാണ് ഇന്റര്‍ നാഷണല്‍ കണ്ടയ്‌നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. സംസ്ഥാന ആഭ്യന്തരസെക്രട്ടറി എന്ന നിലയില്‍ വിവാദപരമായ പലകാര്യങ്ങളിലും ഉറച്ച തീരുമാനമെടുക്കുകയും എന്നാല്‍ വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്തു. സര്‍വ്വീസില്‍ നിന്നു വിരമിച്ച ശേഷവും രണ്ടു ദശാബ്ദക്കാലം കേരളത്തിന്റെ ഭരണ നിര്‍വ്വഹണരംഗത്ത് ഒരു വഴികാട്ടിയായി സജീവമായി പ്രവര്‍ത്തിച്ചു. കേരള എഡ്യുക്കേഷന്‍ ആക്ട് ആന്റ് റൂള്‍സ് , ട്രാവന്‍കൂര്‍ ക്ഷേത്ര പരിഷ്‌കരണം, പൊതു ഭരണപരിഷ്‌കാരം എന്നീ മേഖലകളില്‍ അദ്ദേഹം ചെയ്ത സേവനം അനുപമമാണ്. മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായി തുടരുമ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞമാസം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മുന്‍ ചീഫ് സെക്രട്ടറി പറഞ്ഞ പോലെ ഭരണ തലപ്പത്തിരിക്കുമ്പോഴും സര്‍വ്വീസില്‍ നിന്നു വിരമിച്ചതിനു ശേഷവും ഭരണാധികാരികള്‍ക്ക് സി.പി.നായര്‍ സാര്‍ എന്നും ഒരു മാര്‍ഗ്ഗദര്‍ശകനും സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠ സഹോദരനുമായിരുന്നു.
എല്ലാ മേഖലകളിലും ഹൈന്ദവവീക്ഷണം പുലര്‍ത്തുന്ന അപൂര്‍വം ചില ഐ.എ.എസ് ഉദ്യോഗസ്ഥന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനങ്ങളിലും സി.പി. നായര്‍ സാര്‍ ഒരു നിറ സാന്നിദ്ധ്യമായിരുന്നു മലയാളത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം ഓര്‍മ്മക്കുറിപ്പുകളായും സര്‍വ്വീസ് ഡയറിയായും കാമ്പുള്ള ലേഖനങ്ങളായും നുറുങ്ങു കഥകളായും ഹാസ്യാത്മക വിമര്‍ശനങ്ങളായും തന്റെ സാഹിത്യ സപര്യ തുടര്‍ന്നു കൊണ്ടിരുന്നു. ഉത്തമ ദേവീ ഭക്തനും സംഗീത ഉപാസകനുമായിരുന്നു അദ്ദേഹം. ‘എന്തരോ മഹാനു ഭാവലു’ എന്ന ആത്മകഥ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും സത്യസന്ധമായി ഉള്ളുതുറന്ന് പ്രതിപാദിക്കുന്നു.
സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ സംഘപ്രസ്ഥാനങ്ങളുടെ ഒരനുഭാവി എന്നതിനുപരി സംഘടനാ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലും സജീവ സാന്നിദ്ധ്യമായിരുന്നു. സേവാഭാരതിയുടെ സംസ്ഥാന രക്ഷാധികാരിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി സേവാഭാരതി നിര്‍മ്മിച്ച അനന്തകൃപാ മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമിതിയിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു.
വിവേകാനന്ദ സ്വാമിയുടെ 150 ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് അഖിലേന്ത്യാ തലത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ആതിന്റെ ഭാഗമായി രാമകൃഷ്ണ മിഷന്റെയും കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും യൂത്ത് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റേയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ആഘോഷകമ്മറ്റി പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കവടിയാര്‍ പാര്‍ക്കില്‍ സ്വാമി വിവേകാനന്ദന്റെ ഒരു പൂര്‍ണ്ണകായ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രതിമാ നിര്‍മ്മാണസമിതിയില്‍ സി.പി.നായര്‍ സാറും അംഗമായിരുന്നു, ഒന്നര കോടി ചിലവുവരുന്ന പ്രതിമാ നിര്‍മ്മാണത്തിനു സര്‍ക്കാരില്‍ നിന്നും ഒരു വിഹിതം ലഭിക്കുവാന്‍ പരമേശ്വര്‍ജിയേയും കൂട്ടി സി.പി നായര്‍ സാര്‍ അന്നത്തെ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് 15 ലക്ഷം രൂപ അനുവദിപ്പിച്ചു. പക്ഷെ ക്യാബിനറ്റു പാസ്സാക്കിയിട്ടും കള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദ്യോഗസ്ഥ ഫണ്ടു തരാതെ താമസിപ്പിച്ചപ്പോള്‍ സി.പി.നായര്‍ സാര്‍ മുന്‍കൈ എടുത്ത് പരമേശ്വര്‍ജിയോടോപ്പം സെക്രട്ടറിേയറ്റില്‍ പോയി ചീഫ് സെക്രട്ടറി ഭരത് ഭൂഷണെ കാണുകയും അദ്ദേഹം ഉടന്‍ തന്നെ ഫണ്ടു റീലീസുചെയ്യുവാന്‍ ഉത്തരവിടുകയും ചെയ്തു.
സംഘ ആദര്‍ശത്തോടും പ്രവര്‍ത്തനങ്ങളോടും സി. പി. നായര്‍ സാറിന് എന്നും മതിപ്പും ആദരവുമായിരുന്നു.കേസരിവാരികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. സി.പി.നായര്‍ സാറിന്റെ ദേഹവിയോഗം നാടിനും സമൂഹത്തിനും വലിയ നഷ്ടമാണ്. പരേതാത്മാവിന് നിത്യശാന്തി നേരുന്നു.