ഒരു സാഹിത്യ സൃഷ്ടി കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നത് എല്ലാ കാലങ്ങള്‍ക്കും അനുയോജ്യമായ രീതിയിലുള്ള അതിലെ പ്രമേയ നിര്‍മ്മിതിയിലൂടെയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട ഇതിഹാസങ്ങള്‍ ഇപ്പോഴും മറ്റെല്ലാത്തിനേക്കാളും വായിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം അവ ചര്‍ച്ച ചെയ്യുന്ന പ്രമേയം എല്ലാ കാലത്തിനും അനുയോജ്യമായതുകൊണ്ടാണ്. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കേസരി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവല്‍, എല്ലാവിധ എതിര്‍പ്പുകളും അവഗണനകളും, തമസ്‌കരണങ്ങളുമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും പതിപ്പുകളുണ്ടായിക്കൊ ണ്ട് ഇന്നും നിലനില്‍ക്കുന്നുവെന്നതും മേല്‍പ്പറഞ്ഞ ഇതിഹാസ സമാനമായ, എല്ലാ കാലത്തിനും യോജിച്ച പ്രമേയം അതിനുള്ളതുകൊണ്ടാണ്.
ടി. സുകുമാരന്‍ രചിച്ച ഇതിഹാസ സമാനമായ നോവലാണ് രസിക്കാത്ത സത്യങ്ങള്‍. ഈ നോവലിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഇന്നും സമൂഹത്തില്‍ കയ്പ്പു നിറച്ചുകൊണ്ട് നിലനില്‍ക്കുന്നതായി വായനക്കാരന് അനുഭവപ്പെടും. ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയില്‍ ജനിച്ചു വളര്‍ന്ന നായകനും നായികയും കുടുംബവും അവരുടെ സമൂഹവും, വിശാലമായ അര്‍ത്ഥത്തില്‍ ഭാരത സമൂഹവും ഇന്ത്യാ പാക് വിഭജനകാലത്തും പിന്നീ ടും അനുഭവിക്കുന്ന കൊടിയ യാതനകളും ക്രൂരതകളുമാണ് ഈ നോവലി ലെ പ്രമേയം.

ടി. സുകുമാരന്‍
തിരുമുഖം ബുക്‌സ്,
ഇന്ത്യ ബുക്‌സ്, പാളയം,
കോഴിക്കോട്
പേജ്: 532 വില: 350 രൂപ
ആശുതോഷ് മുഖര്‍ജി എന്ന കഥാ നായകനും, അച്ഛനുമമ്മയും, അപൂര്‍ണ്ണയെന്ന സഹോദരിയും, സഹോദരിയെ പ്രണയിക്കുന്ന നിരഞ്ജനും ഉള്‍പ്പെടുന്ന സമൂഹം ഭാരത വിഭജനകാലത്ത് അനുഭവിക്കുന്ന ക്രൂര പീഡനങ്ങളും യാതനകളുമായി ആരംഭിക്കുന്ന നോവല്‍ പിന്നീട് ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ്. ആ കാലഘട്ടത്തിലെ സാമൂഹികാവസ്ഥകളും, രാഷ്ട്രീയാവസ്ഥകളും സമര്‍ത്ഥമായി ചരിത്രയുക്തിയോടെ വരച്ചിടുന്നുണ്ട് ടി. സുകുമാരന്‍. കിഴക്കന്‍ ബംഗാളിന്റെ പ്രദേശങ്ങളിലുള്‍പ്പെടുന്ന മനുഷ്യര്‍ കൂട്ടമായി കൊലചെയ്യപ്പെടുകയും, ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും, സ്ത്രീകള്‍ ക്രൂരമായി മാനഭംഗത്തിന് വിധേയരാവുകയും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആശുതോഷിന്റെ അച്ഛനമ്മമാരും കൊലചെയ്യപ്പെടുന്നു. ക്രൂരമാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സഹോദരി അപൂര്‍ണ്ണ, സഹോദരിയുടെ സഹപഠിതാവായ ചന്ദ്രയുടെ കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നു. ആശുതോഷ് ഇന്ത്യയിലെത്തിച്ചേരുന്നതും പല ജീവിത വഴികളിലൂടെ സഞ്ചരിക്കുന്നതും ജനസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതും ഭംഗിയായി ഇതില്‍ വരച്ചുകാട്ടുന്നു. ഈ രണ്ട് ധാരകള്‍ക്കിടയിലൂടെ വിഭജനത്തിന്റെ ചരിത്രവും, കോണ്‍ഗ്രസ്സിന്റെ സ്ഥാനാരോഹണവും, ഗാന്ധിവധവുമുള്‍പ്പെടെയുള്ള കാര്യങ്ങളും നോവല്‍ അതീവ ഗൗരവമായി ചര്‍ച്ചെചയ്യുന്നുണ്ട്.
മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടൊരു ചോദ്യം ഏറ്റവും പ്രസക്തമായി നിലനില്‍ക്കുകയാണ്. 1948 ജനുവരി 30ന് നാഥൂറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുന്നതിന് പത്തു ദിവസം മുമ്പ് ഗാന്ധിജിക്കെതിരെ ഒരു വധശ്രമമുണ്ടായിരുന്നു. പാളിപ്പോയ ആ വധശ്രമത്തിനിടയില്‍ ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗ പരിസരത്ത് ബോംബ് സ്‌ഫോടനമുണ്ടാകുകയും മദന്‍ ലാല്‍ പഹ്വ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ വധശ്രമം പാളിപ്പോയതിനെത്തുടര്‍ന്ന് അനായാസം ഗോഡ്‌സെ ബോംബെയിലേക്ക് പോയി വീണ്ടും ആയുധം സംഘടിപ്പിച്ച് തിരിച്ച് ദല്‍ഹിയിലേക്ക് തിരിച്ചുവന്ന് മുഖാവരണം പോലുമില്ലാതെ ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗത്തില്‍ പ്രവേശിച്ച് വധം നടപ്പിലാക്കുകയായിരുന്നു.
മുഹമ്മദലി ജിന്നയുടെ ആഹ്വാനപ്രകാരം നടത്തപ്പെട്ട ഏകപക്ഷീയമായ വംശഹത്യയും, അതിനു കുടപിടിച്ചുകൊടുത്ത രാഷ്ട്രീയ സാഹചര്യവും, ബ്രിട്ടീഷ് കുടിലതയുമെല്ലാം നോവല്‍ നയചാതുരിയോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യാ-പാക് വിഭജനമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ മലബാറിനെയും പാകിസ്ഥാനിലുള്‍പ്പെടുത്തേണ്ട ഭാഗമായി രേഖപ്പെടുത്തിയിരുന്നുവെന്ന് നോവല്‍ നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു.
ഏതൊരു വായനക്കാരന്റെയും മനസ്സില്‍ തീ കോരിയിടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഓരോ വരിയിലും ഉള്‍വഹിക്കുന്ന നോവല്‍ ഇതിഹാസ സമാനമാകുന്നതും അതുകൊണ്ടാണ്. പു തിയ കാലത്തിന്റെ വായനാക്ഷമതയ്ക്കനുസരിച്ച് ഓരോ അദ്ധ്യായങ്ങള്‍ക്കും പേരുകള്‍ നല്‍കി, ആര്‍ട്ടിസ്റ്റ് എം. അജയകുമാര്‍ വരച്ച ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ ചേര്‍ത്ത നോവലിന്റെ ആറാം പതിപ്പ് പുതുമകള്‍ ഉള്‍ക്കൊള്ളുന്നതാണ്.