പാന്‍ഡോറ എന്ന ഗ്രീക്ക് കഥാപാത്രം തുറന്നു വിടുന്ന തിന്മയുടെയും കഷ്ടപ്പാടുകളുടെയും ശക്തികള്‍ ഉണ്ടാക്കുന്ന പുകിലുകളാണ് പാന്‍ഡോറയുടെ പെട്ടിയിലെ ഇതിവൃത്തം. അതിന്റെ പുതിയൊരു രൂപം അന്വേഷണ പത്രപ്രവര്‍ത്തകര്‍ രചിച്ചിരിക്കയാണ് – അതാണ് പാന്‍ഡോറ ബോക്‌സ് രേഖകള്‍.
117 രാജ്യങ്ങളിലെ 600ലേറെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ, പാന്‍ഡോറ രേഖകള്‍ എന്ന പേരില്‍ പുറത്തുവിട്ട ഭൂതം ലോകത്തെ പിടിച്ചുലക്കുകയാണ്. ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ പടര്‍ന്നുകിടക്കുന്ന നൂറുകണക്കിന് രാഷ്ട്രീയനേതാക്കള്‍, മുന്‍ ഭരണാധികാരികള്‍,കായികതാരങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവരുടെ രഹസ്യനിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പൊങ്ങി വന്നത്. ഇതില്‍ ജോര്‍ഡന്‍ രാജാവ്, റഷ്യന്‍ പ്രസിഡന്റ്‌വ്‌ളാദിമിര്‍ പുടിന്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, അസര്‍ബൈജാന്‍ രാജകുടുംബം, ചെക്ക് പ്രധാനമന്ത്രി, കെനിയന്‍ പ്രസിഡന്റ് എന്നിവരടക്കം 90 രാജ്യങ്ങളിലെ 330 രാഷ്ട്രീയനേതാക്കളോ അവരുടെ അടുപ്പക്കാരോ വിദേശത്തെ ‘നികുതിസ്വര്‍ഗ’ങ്ങളില്‍ രഹസ്യ കമ്പനികള്‍ സ്ഥാപിച്ച് അവയില്‍ നിക്ഷേപങ്ങള്‍ നടത്തിയതായി രേഖകള്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് അനില്‍ അംബാനി, നീരവ് മോദി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലി, ഭാര്യാമാതാവ് ആനന്ദ് മെഹ്ത, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ , ജാക്കിഷ്‌റോഫ്, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ബി.ആര്‍. ഷെട്ടി, കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ, മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മുന്‍ മേധാവി ലഫ്. ജനറല്‍ രാകേഷ് കുമാര്‍ ലൂംബ, റാഡികോ ഖെയ്താന്‍ കമ്പനിയുടമകളായ ലളിത് ഖെയ്താന്‍, അഭിഷേക് ഖെയ്താന്‍, ദല്‍ഹിയിലെ സീതാറാം ഭാര്‍ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ (എസ്.ബി.ഐ.എസ്.ആര്‍.) ഉടമകളായ ഭാര്‍ത്യ കുടുംബം, ആദായ നികുതി ചീഫ് കമ്മീഷണറായിരുന്ന സുശീല്‍ ഗുപ്ത, മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ നിരഞ്ജന്‍ ഹീരാനന്ദാനി, പ്രമുഖ അഭിഭാഷകനും ബിസിനസ്സ് ഇന്ത്യ മാഗസിന്‍ സ്ഥാപകനുമായ ഹിരൂ അദ്വാനി, മുംബൈയിലെ ജ്വല്ലറി ഗ്രൂപ്പായ ആന്റിക്‌സ് ഡയമണ്ട്‌സ് ഉടമകള്‍ തുടങ്ങിയവര്‍ക്കെതിരെയും സംശയമുന നീളുന്നു. പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ പ്രമുഖനായ ചൗധരി മൂനിസ് ഇലാഹി, സൈനിക മേധാവികള്‍ ഉള്‍പ്പെടെ 700 പേരാണ് പാന്‍ഡോറ രേഖകളില്‍ ഇടംപിടിച്ചത്. ഗായിക ഷാകിറ, മോഡല്‍ ക്ലാഡിയ ഷിഫര്‍ തുടങ്ങിയവരുമുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍, സൈപ്രസ് പ്രസിഡന്റ് നികൊസ്, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി തുടങ്ങിയവരെയും കാത്തിരിക്കുന്നത് മാധ്യമവിചാരണകള്‍.
സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, കാലിഫോര്‍ണിയ, ഫ്രഞ്ച് റിവിയേര, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സെയ്ഷല്‍സ ്എന്നിവിടങ്ങളിലാണ് രഹസ്യനിക്ഷേപങ്ങളുടെ നിധികുംഭം ഉള്ളത്. ഏകദേശം 840 ലക്ഷം കോടി രൂപ എങ്കിലും വിദേശ സ്വര്‍ഗങ്ങളില്‍ നികുതിവെട്ടിച്ച് നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് 2020ല്‍ പാരിസ് ആസ്ഥാനമായുള്ള സാമ്പത്തിക സഹകരണ, വികസന സംഘടന (ഒ.ഇ.സി.ഡി) റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികുതി അടച്ച് അതത് രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടേണ്ട പണമാണ് ആരോരുമറിയാതിരിക്കാന്‍ നികുതിയില്ലാ രാജ്യങ്ങളിലെത്തിച്ച് നിക്ഷേപമാക്കി മാറ്റുന്നത്.
2016ല്‍ പുറത്തെത്തിയ പനാമാ രേഖകളിലേതിനേക്കാള്‍ വലിയ നിക്ഷേപങ്ങളുടെ കണക്കുകളണ് 117 രാജ്യങ്ങളിലെ 600ലേറെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്.
ഇന്ത്യയില്‍നിന്നു മാത്രം 300ലധികം പ്രമുഖരുടെ രഹസ്യ സമ്പത്തുകളുടെ വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്‌സ് പുറത്തുവിട്ടത്.
ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (കഇകഖ) നടത്തിയ അന്വേഷണത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് ബ്രിട്ടനിലും അമേരിക്കയിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസര്‍ബൈജാന്‍ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാന്‍ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും പുടിന് മൊണാകോയില്‍ രഹസ്യസമ്പാദ്യമുണ്ടെന്നും ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനില്‍ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോള്‍ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും കണ്ടെത്തി.
ബ്രിട്ടണിലെ കോടതിയില്‍ പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് 18 ഓഫ്‌ഷോര്‍ കമ്പനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും ഇത്തരത്തില്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. നീരവ് മോദി സാമ്പത്തിക തട്ടിപ്പുനടത്തി ഇന്ത്യവിടുന്നതിന് ഒരുമാസം മുമ്പാണ് ഇത് രൂപീകരിച്ചത്. അനധികൃത നിക്ഷേപങ്ങള്‍ക്ക് അനുകൂല നിയമങ്ങളുള്ള പനാമ, സമോവ, ബെലീസ് ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ കമ്പനികള്‍ സ്ഥാപിച്ചു നടത്തിയ തട്ടിപ്പിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും നികുതി വെട്ടിക്കാന്‍ ലണ്ടന്‍ കേന്ദ്രമാക്കിയെന്ന് വ്യക്തമായതോടെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം കര്‍ക്കശമാക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമാകുന്നു. ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രണ്ടാമന്‍, അസര്‍ബായിജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയെവ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്തയാളുകള്‍ തുടങ്ങി നിരവധിപേര്‍ക്ക് ലണ്ടനില്‍ നിക്ഷേപമുണ്ടെന്ന വിവരമുണ്ട്. ഗ്ലോബല്‍ വിറ്റ്‌നസ് 2019ല്‍ പുറത്തുവിട്ട വിവരമനുസരിച്ച് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി കെട്ടിടവും സ്ഥലവുമുള്‍പ്പെടെ 87,000 വസ്തുക്കള്‍ വിദേശികളുടെ ഉടമസ്ഥതയിലാണ്. അജ്ഞാതരായ ഉടമകളുള്ള ഇത്തരം വസ്തുവകകളില്‍ 40 ശതമാനവും ലണ്ടനിലാണ്. ഇവയ്‌ക്കെല്ലാം കൂടി ആകെ 10,000 കോടി പൗണ്ട് വിലമതിക്കുന്നു. പാകിസ്ഥാനിലെ ചില മന്ത്രിമാര്‍ക്കും വന്‍തോതില്‍ രഹസ്യസമ്പാദ്യങ്ങളുള്ളത് ലണ്ടനിലാണെന്നാണ് പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നത്. ജോര്‍ദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്ന് പറഞ്ഞു ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമന്‍ ധനസഹായം ചോദിച്ചതിനു പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികള്‍ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് നിയമപ്രകാരം ഇത്തരം ഇടപാടുകള്‍ അനധികൃതമല്ല. പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഇളയസഹോദരന്‍ പ്രമോദ് മിത്തലിന്റെ രഹസ്യനിക്ഷേപങ്ങളും ‘പാന്‍ഡോറ രേഖകളി’ല്‍ വെളിവായി. 2020 ജൂണ്‍ മുതല്‍ ബ്രിട്ടീഷ് കോടതിയില്‍ പാപ്പരത്ത നടപടി നേരിടുന്നയാളാണ് വ്യവസായിയായ പ്രമോദ്.
അതിസമ്പന്നര്‍ക്കും കമ്പനികള്‍ക്കും മറ്റുമായി വിദേശത്ത്, പ്രത്യേകിച്ച് നികുതിയില്ലാത്ത ഇടങ്ങളില്‍ കടലാസ് കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും മറ്റും സ്ഥാപിച്ച് സമ്പാദ്യം സൂക്ഷിക്കാന്‍ സൗകര്യം ചെയ്യുന്ന14 സ്ഥാപനങ്ങളില്‍നിന്നു ചോര്‍ന്നുകിട്ടിയ രഹസ്യരേഖകള്‍ ആധാരമാക്കിയായിരുന്നു അന്വേഷണം.1.2 കോടി രേഖകളാണ് ഇവര്‍ ഒരു കൊല്ലമെടുത്ത് അന്വേഷിച്ചത്. ഇത്രയും വിപുലമായ വിവരശേഖരം പരിശോധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നത് ആദ്യമായാണ്. അങ്ങനെ പാന്‍ഡോറയുടെ കുടത്തില്‍ നിന്ന് ഭൂതം ഇറങ്ങിയിരിക്കയാണ് – ഒരു പാട് കള്ള നാണയങ്ങള്‍ വെളിച്ചത്താകുമെന്ന് ഉറപ്പ്. വിവര പ്രവാഹത്തിന്റെ കുത്തൊഴുക്കുള്ള ഇക്കാലത്ത് ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് – ഒരു രഹസ്യം സൂക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഒരിക്കലും അത് ഇല്ലാതിരിക്കുക എന്നതാണ്!