മഹത്തും ബൃഹത്തുമായ ഭാരതീയ സാഹിത്യപൈതൃകത്തെപ്പറ്റിയും അതിന്റെ ഗരിമയെക്കുറിച്ചും ഔപചാരികമായോ ഒട്ടെങ്കിലും അനൗപചാരികമായോ വായിച്ചറിയാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് സുവിദിതമായ പേരാണ് മഹാകവി ശക്തിഭദ്രനും അദ്ദേഹം ആരചിച്ച ഇതിഹാസ സംസ്‌കൃതകാവ്യനാടകം ആശ്ചര്യചൂഡാമണിയും.
ഇന്നത്തെ പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ പ്രദേശം ആസ്ഥാനമായി നാടുവാണിരുന്ന ‘ചെന്നീര്‍ക്കര സ്വരൂപ’മെന്ന നാടുവാഴി ബ്രാഹ്മണകുടുംബത്തിലാണ് ശക്തിഭദ്ര കവി ജനിച്ചതെന്നും മഹാത്മാവായ ജഗദ്ഗുരു ആദിശങ്കരന്റെ സമകാലികനായിരുന്നുവെന്നും ജീവിതകാലം ഒന്‍പതാം ശതകത്തിനോടടുത്തായിരുന്നുവെന്നും വിഖ്യാത ചരിത്രകാരന്മാരും പണ്ഡിതന്മാരുമായ കെ.എ.നീലകണ്ഠശാസ്ത്രി (History of India Vol.I) പ്രൊഫസര്‍ എ.പി. കര്‍മാക്കര്‍ (Cultural heritage of India,Vol-I) ടി.കെ. കൃഷ്ണമേനോന്‍ (Indian historical Quarterly Vo-l.III) മഹാകവി ഉള്ളൂര്‍ തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കാലനിര്‍ണ്ണയത്തിന് ഉപോല്‍ബലകമാകുന്ന ഒരു ആധികാരിക ചരിത്രരേഖ അടൂര്‍ താലൂക്കിലെ പ്രാചീനവും പ്രശസ്തവുമായ വഞ്ഞിപ്പുഴ മഠത്തില്‍ നിന്ന് കണ്ടെടുത്തത് പൂര്‍ണ്ണരൂപത്തില്‍ പ്രശസ്ത ചരിത്രകാരനായിരുന്ന അടൂര്‍ രാമചന്ദ്രന്‍ നായര്‍ ‘കൊടുമണ്‍ചരിത്രത്തിലൂടെ’ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
വളരെ പ്രാചീനമായ മലയാണ്‍മയില്‍ രേഖപ്പെടുത്തിയ ചരിത്രരേഖ ഈ നിഗമനം വസ്തുനിഷ്ഠമെന്നു സാക്ഷ്യപ്പെടുത്തുന്നു. ശക്തിഭദ്ര നാടുവാഴി കുടുംബത്തില്‍ അവസാനകാലത്ത് പുരുഷന്മാരാരുമില്ലാതെ ശക്തിഭദ്രനു സാവിത്രി, ശ്രീദേവി എന്നീ രണ്ട് ബാലികമാര്‍ മാത്രം അവശേഷിക്കുകയും സംരക്ഷകരാരും ഇല്ലാത്തതിനാല്‍ അവരെ മണ്ണടി വഞ്ഞിപ്പുഴമഠം കാരണവരായ ഇരവിനായര്‍ ദത്തെടുത്ത് സംരക്ഷിച്ചതായുമുള്ളതാണ് ചരിത്രരേഖ.
ദത്തോലകരണത്തിന്റെ ആമുഖം ഇങ്ങനെ: ‘കൊല്ലം 961-ാം മാണ്ട് മേടമാസം 7-ാം തീയതി ഞായറാഴ്ചയും അനിഴവും അപരപക്ഷത്ത് തൃതീയവും ആയ ഇന്നാളില്‍ എഴുതിയ ദത്തോലക്കരണം ആവിത്….’
ഈ ചരിത്രരേഖയനുസരിച്ച് ശക്തിഭദ്രകുടുംബത്തിന്റെ ജീവിതകാലം കൊല്ലവര്‍ഷം 961 ലാണെന്നു സ്ഥിരീകരിക്കുന്നു. ജഗദ്ഗുരു ശങ്കരാചാര്യരുടെ ജീവിതകാലം എട്ടാംശതകത്തിന്റെ മദ്ധ്യകാലഘട്ടമാണെന്നു രേഖകളുണ്ട്. ദത്തോലകരണരേഖയനുസരിച്ച് ശക്തിഭദ്ര കവിയും ആചാര്യരും സമകാലികരാണെന്ന നിഗമനം നടത്താവുന്നതാണ്.
ഈ കാലഗണനയ്ക്ക് ദിശാവബോധം നല്‍കുന്ന ഒരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. അതിങ്ങനെ: ‘ആശ്ചര്യചൂഡാമണി എഴുതി പൂര്‍ത്തിയാക്കിയ ശക്തിഭദ്രന്‍ കാവ്യം വായിച്ചുകേള്‍പ്പിച്ച് അഭിപ്രായമാരായുന്നതിനായി ശങ്കരാചാര്യര്‍ ചെങ്ങന്നൂരിലെത്തിയതറിഞ്ഞ് അവിടെയെത്തിച്ചേര്‍ന്നു. ആചാര്യന്റെ മൗനാനുവാദം വാങ്ങി കാവ്യം വായിച്ചുകേള്‍പ്പിക്കാനാരംഭിച്ചു. കൃതി മൊത്തം വായിച്ചു കേട്ടിട്ടും മൗനം പൂണ്ടിരുന്ന ശങ്കരാചാര്യരെകണ്ട് തന്റെ കാവ്യം അധമമായത് കൊണ്ടാവും അതെന്നു ധരിച്ച് ഖേദവിവശനായി താളിയോലക്കെട്ട് ചുട്ടുകളഞ്ഞുവത്രേ ശക്തിഭദ്രന്‍.
ശ്രീശങ്കരന്‍ അന്നത്തെ ദിവസം മൗനവ്രതത്തിലായിരുന്നുവെന്ന് ശക്തിഭദ്രന്‍ അറിഞ്ഞിരുന്നില്ല. ശങ്കരാചാര്യരാകട്ടെ ദിഗ്‌വിജയം കഴിഞ്ഞെത്തി ശക്തിഭദ്രനെ വിളിച്ചുവരുത്തി കാവ്യം മഹനീയമാണെന്നും കീര്‍ത്തി നേടുമെന്നും അറിയിച്ചു. കാവ്യം ചുട്ടുകളഞ്ഞ വിവരമറിഞ്ഞപ്പോള്‍ തന്റെ അപാരമായ ധിഷണാശേഷിയില്‍ നിന്ന് അത് ആദ്യന്തം പറഞ്ഞുകൊടുത്തതായും കവി അതെഴുതിയെടുത്തതുമായാണ് ഐതിഹ്യപ്പെരുമ.
ദിഗ്‌വിജയം നേടിയ ഭാരതത്തിന്റെ ആത്മീയാചാര്യനും മഹാമനീഷിയുമായിരുന്ന ആദിശങ്കരന്റെ ധിഷണവൈഭവം ഇന്നത്തെ സാങ്കേതിക ബുദ്ധിയുമായി താരതമ്യം ചെയ്യുന്നതിലപ്പുറം ഗരിമയാര്‍ന്നതും അപരിമേയവുമാണെന്ന് ആ മഹദ് ജീവിതത്തെ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കുതന്നെ അറിയാനാവും. ഐതിഹ്യങ്ങള്‍ വാമൊഴിയിലൂടെ പറഞ്ഞു പകര്‍ന്ന് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ലേശം ഭാവനാപരിവേഷമുണ്ടാകാമെങ്കിലും ചരിത്ര വസ്തുതകളുമായി തുലനം ചെയ്യുമ്പോള്‍ വസ്തുതകളുണ്ടെന്നുകാണാം.
രാമായണകഥയിലെ രാമലക്ഷ്മണ സീതദേവകളുടെ കാനനവാസക്കാലത്തെ ഏടാണ് ശക്തിഭദ്ര മഹാകവിയുടെ സംസ്‌കൃതകാവ്യനാടകപ്രമേയമെങ്കിലും അതിനെ തികച്ചും കാവ്യാത്മകമായി ഉല്ലംഘിച്ച് തികച്ചും മൗലികവും കാല്‍പ്പനികവും ഉദാത്തവുമായി പുനഃസൃഷ്ടിച്ച് ഇതിഹാസമാനം നല്‍കുന്നതില്‍ തികച്ചും വിജയം നേടിയിരിക്കുന്നു. രാമായണ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുണ്ടായ സംസ്‌കൃത കാവ്യനാടകങ്ങളില്‍ ഭവഭൂതിയുടെ ‘ഉത്തരരാമചരിത’ ത്തിനൊപ്പമോ പല ഘടകങ്ങളിലും അതിനുപരിയായോ ‘ആശ്ചര്യചൂഡാമണി’ മികച്ചു നില്‍ക്കുന്നുവെന്ന് പ്രശസ്തരും പ്രഗല്ഭന്മാരുമായ പണ്ഡിതന്മാരായ പ്രൊഫ. കുപ്പുസ്വാമി ശാസ്ത്രികള്‍, വൈദേശിക സംസ്‌കൃത വിചക്ഷണന്മാരായ ഡോ. വിന്റര്‍നിറ്റ്‌സ്, ബാര്‍നെറ്റ് എന്നിവരും, നമ്മുടെ മഹാകവി ഉള്ളൂരും തുടങ്ങിയ എത്രയോ പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വാല്മീകിരാമായണത്തില്‍ രാമരാവണയുദ്ധത്തില്‍ സീതയെ വീണ്ടെടുത്തശേഷമുള്ള ജനകീയാഭിപ്രായപ്രകാരമുള്ളതും രാമ-ഗുരുസ്ഥാനീയരുടെ നിര്‍ദ്ദേശാനുസരണം നിറവേറ്റപ്പെട്ടതുമായ സീതയുടെ അഗ്നിപ്രവേശത്തിന് കാരണമായി പറയുന്നത് ‘രാവണസങ്കേതത്തിലെ സീതയുടെ വാസമാണെങ്കില്‍, ശക്തിഭദ്ര മഹാകവി അത് ഭാവനാപൂര്‍ണ്ണമായി ‘വിരഹവൈക്ലബ്യലേശമേതുമില്ലാത്ത ഹൃദയവതിയായും ചന്ദനപുഷ്പാലംകൃതയായും കാണപ്പെട്ട സീതാദേവിയാണ് ആശങ്കയുളവാക്കിയതെന്നാണ്, നാടക കാവ്യത്തില്‍ ആവിഷ്‌കരിച്ചത്.
ആശ്ചര്യചൂഡാമണിയെയും അംഗുലീയത്തെയും ഒരു കാവ്യബിംബകല്പ്പനയാക്കി നാടകത്തിന് നവമാനം നല്‍കുന്നതില്‍ ശക്തിഭദ്രന്‍ അസാമാന്യ സര്‍ഗ്ഗസിദ്ധി കാട്ടിയിരിക്കുന്നു. കാവ്യഭാവനയ്‌ക്കൊപ്പം കഥാപാത്രങ്ങളുടെ ചടുലതയാര്‍ന്ന സംഭാഷണങ്ങളിലൂടെ വികസിതമായ കഥാഗാത്രവും ഉത്തുംഗമായ മാനസികാപഗ്രഥനം, കാവ്യഭാഗങ്ങളിലെ വൈശിഷ്ട്യം എന്നിവയൊക്കെയാണ് ആശ്ചര്യചൂഡാമണിയെ കാലദേശാതിവര്‍ത്തിയായ ഇതിഹാസ സര്‍ഗ്ഗാത്മക കൃതിയാക്കി മാറ്റുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും പൈതൃക ഇതിഹാസ കാവ്യനാടകപഠന യൂണിവഴ്‌സിറ്റികള്‍ കൂടിയാട്ടം, കൂത്ത് തുടങ്ങിയ രംഗാവതരണങ്ങള്‍ തുടങ്ങിയ വേദികളില്‍ ആശ്ചര്യചൂഡാമണി ഉപയോഗിക്കപ്പെടുന്നത് കൃതിയുടെ അഗാധവും അചുംബിതവുമായ മേന്മ കൊണ്ടുതന്നെയാണ്.
1893ല്‍ മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോട്ടയ്ക്കല്‍ കോവിലകത്ത് നിന്ന് ആശ്ചര്യചൂഡാമണിയുടെ താളിയോല രേഖപ്പെടുത്തിയത് കണ്ടെടുക്കുകയും മലയാളത്തില്‍ സാഹിത്യഭംഗി ചോര്‍ന്നു പോകാതെ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. കെ.പി. നാരായണ പിഷാരടി. പന്മന രാമചന്ദ്രന്‍ നായര്‍, സംസ്‌കൃത പണ്ഡിതനായ എന്‍.വി. നമ്പ്യാതിരി തുടങ്ങിയവരുടെ മലയാളമൊഴിമാറ്റവും ശ്രദ്ധേയങ്ങളാണ്.
വിഖ്യാതസംസ്‌കൃത പണ്ഡിതനായിരുന്ന പ്രൊഫ. കുപ്പുസ്വാമി ശാസ്ത്രികളുടെ 1926ല്‍ പ്രസിദ്ധീകൃതമായ പതിപ്പും 1927ല്‍ ശങ്കരരാജശാസ്ത്രി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പതിപ്പും പുറത്തുവന്നതോടെയാണ് ഇന്ത്യയിലും പുറത്തുമുള്ള യൂണിവേഴ്‌സിറ്റികള്‍ ഈ ഇതിഹാസകൃതിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഈ നാടകം കൂടാതെ ഉന്മാദവാസവദത്തം, ഭാസന്റേതെന്നു കരുതപ്പെടുന്ന പ്രതിമാനാടകം, അഭിഷേകനാടകം എന്നിവയും ശക്തിഭദ്രകവിയുടേതാണെന്ന് പണ്ഡിതമതമുണ്ട്.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിന്റെയാകെയും പ്രത്യുപരി ഭാരതത്തിന്റെയും അഭിമാനസ്തംഭമായിരിക്കേണ്ട മഹാകവിക്ക് അര്‍ഹമായ അംഗീകാരമോ, ശ്രദ്ധയോ നല്‍കിയിട്ടില്ലെന്നത് തികച്ചും കൃതഘ്‌നതയാണ്. കൊടുമണ്‍ ശക്തിഭദ്രസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കവിയുടെ കാലത്തെയും കൃതിയെയും കുറിച്ച് ‘കൊടുമണ്‍ എന്ന സുവര്‍ണ്ണ ഭൂമിക’യെന്ന പേരില്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ളതും അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നുമുള്ളതുമാണ് എടുത്തു പറയാവുന്നത്.
കവിയെയും കാലത്തെയും കൃതിയെയും കുറിച്ച് കൂടുതല്‍ പഠനഗവേഷണങ്ങളുണ്ടാവുകയും പുതുതലമുറയ്ക്ക് കൃതിയുടെ ഗരിമ പരിചയപ്പെടുത്തുകയും ശക്തിഭദ്രമഹാകവിയുടെ പേരില്‍ ഉന്നതമായ പുരസ്‌കാരമേര്‍പ്പെടുത്തുകയും വേണ്ടത് അനിവാര്യം തന്നെയാണ്.