ഈ പംക്തി ആരംഭിച്ചതിനുശേഷം ചില എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍ എനിക്ക് അയച്ചുതരാറുണ്ട്. അങ്ങനെ അയച്ചുകിട്ടിയ പുസ്തകങ്ങളില്‍ ചിലതിനെക്കുറിച്ച് ഞാന്‍ മുന്‍ ലക്കങ്ങളില്‍ സൂചപ്പിച്ചിട്ടുണ്ട്. തീരെ സാഹിത്യ മൂല്യമില്ലാത്തവയെ വിട്ടുകളയുകയും ചെയ്തു. കുറച്ചുദിവസം മുന്‍പ് എന്റെ പേര്‍ക്ക് അയച്ചു തന്ന ഒരു പുസ്തകമാണ് ‘ഭാരതത്തെ തിരിച്ചറിയുന്നു’. പ്രമുഖ ഗാന്ധിയനായ ധരംപാല്‍ ഹിന്ദിയില്‍ എഴുതിയ കൃതിയുടെ മലയാളം തര്‍ജ്ജമയാണ്. തര്‍ജ്ജമ ചെയ്തിരിക്കുന്നത് ഡോക്ടര്‍ സംഗീത പി.എം. പുസ്തകം അയച്ചുതന്നതും ഡോക്ടര്‍ സംഗീത തന്നെ.
ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ് ധരംപാലിന്റെ കൃതി. ഭാരതം അതിന്റെ ദേശസംസ്‌കാരത്തെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഈ രാജ്യത്തിന്റെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരത്തിലൊരു കൃതിയെ പരിചയപ്പെടുത്തിയത് മഹത്തായ കര്‍മ്മം തന്നെ. ഹിന്ദിയില്‍ നിന്നു നേരിട്ടു തര്‍ജ്ജമ ചെയ്യുക എന്നത് ആ ഭാഷയില്‍ നല്ല പാണ്ഡിത്യം നേടിയാലേ കഴിയൂ. നമ്മള്‍ എല്ലാ കൃതികളും ഇംഗ്ലീഷില്‍ നിന്നാണല്ലോ തര്‍ജ്ജമ ചെയ്യുക. അതുകൊണ്ടുതന്നെ ”മുഹൂര്‍ത്തം മൂന്നുപകര്‍ത്തിയാല്‍ മൂത്രമാകും” എന്ന ചൊല്ലുപോലെ മൂലത്തില്‍ നിന്നും നമ്മുടെ ഭാഷാന്തരം വളരെ അകലെയായി കഴിഞ്ഞിരിക്കും. ഇവിടെ ആ പ്രശ്‌നമില്ല. മൂലഭാഷയില്‍ നിന്നും നേരിട്ടു തന്നെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു.
നോവല്‍, കവിത, ചെറുകഥ എന്നിവയെപ്പോലെ സങ്കീര്‍ണമല്ല ലേഖനങ്ങളുടെ വിവര്‍ത്തനം. സര്‍ഗാത്മകകൃതികളില്‍ പലപ്പോഴും ശൈലികളും ദേശഭേദങ്ങളും കടന്നുവരുന്നതിനാല്‍ വിവര്‍ത്തനം ദുഷ്‌കരമാണ്. ലേഖന രചനയ്ക്ക് ഒരു ”സ്റ്റാന്റേഡൈസ്ഡ്” ഭാഷയാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ മൊഴിമാറ്റം താരതമ്യേന എളുപ്പമാണ്. എന്നാല്‍ എല്ലാ പ്രബന്ധങ്ങളും അങ്ങനെയല്ല. വളരെ ദുഷ്‌കരമായ രചനകള്‍ പ്രബന്ധങ്ങളിലുമുണ്ട്; പ്രത്യേകിച്ചും തത്വചിന്ത, വ്യാകരണം എന്നിവയില്‍. (Jacques Derrida) ഷാങ് ദറിദയുടെ ‘ഓഫ്ഗ്രാമറ്റോളജി'(of Gramm atology( തര്‍ജ്ജമ ചെയ്യാന്‍ പലരും മടിച്ചു നിന്നപ്പോഴാണ് ഇന്ത്യക്കാരിയായ ഗായത്രി ചക്രവര്‍ത്തി സ്പിവാക് (Gayatri Chakravorty Spivak) അതിനെ ഫ്രഞ്ചില്‍ നിന്നും ഇംഗ്ലീഷിലാക്കിയത്. സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേയ്ക്ക് നടത്തിയ പല ഭാഷാന്തരങ്ങളും നാഴികക്കല്ലുകളായി മാറിയിട്ടുണ്ട്. കേരളവര്‍മ്മയുടെ ശാകുന്തളം തര്‍ജ്ജമ അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. നാലപ്പാടന്റെ പാവങ്ങളുടെ തര്‍ജ്ജമയും മലയാളത്തിലെ നോവല്‍ രചനയെ ആഴത്തില്‍ സ്വാധീനിച്ച ഒന്നാണ്.
ഇവിടെ അത്തരം സങ്കീര്‍ണതകളൊന്നും ഉണ്ടാകാനിടയില്ലാത്ത ലേഖനസമാഹാരമാണ് വിവര്‍ത്തകയുടെ കൈയില്‍ കിട്ടിയത് എന്നു തോന്നുന്നു. എങ്കിലും മൂലഭാഷയില്‍ നല്ല പരിജ്ഞാനം ഇല്ലാതെ വിവര്‍ത്തനം സാധ്യമാകില്ലല്ലോ. ഡോക്ടര്‍ സംഗീത പി.എം. ഹയര്‍സെക്കന്ററിയിലെ ഹിന്ദി അധ്യാപികയും ആ ഭാഷയില്‍ ഡോക്ടറേറ്റ് ഉള്ളയാളുമാണെന്ന് അവരുടെ പ്രൊഫൈലില്‍ കാണുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് ഈ കര്‍മ്മം ദുഷ്‌കരമാകാനിടയില്ല. ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ ചില പ്രത്യേകതകള്‍ ഈ കൃതിയുടെ പാരായണത്തിലൂടെ നമ്മുടെ ശ്രദ്ധയില്‍ വരുന്നു. അതിലൊന്ന് ബ്രിട്ടീഷുകാര്‍ ദളിതരെന്നു വിളിച്ച് ഹിന്ദുസമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ച ഒരു വലിയ വിഭാഗത്തെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം നടത്തിയ ആത്മാര്‍ത്ഥ ശ്രമത്തെക്കുറിച്ചുള്ള വിവരണമാണ്. അസ്പൃശ്യതയ്ക്ക് എതിരെ അദ്ദേഹം നടത്തിയ സമരങ്ങളും എടുത്ത് കാണിക്കുന്നുണ്ട്. ധരംപാലിന്റെ ഗാന്ധിഭക്തി ചില തലക്കെട്ടുകളില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാകും. അതിലൊന്ന് ”സേവാഗ്രാമം കേവലം ഒരു യാത്രാകേന്ദ്രമല്ല തീര്‍ത്ഥസ്ഥലമാണ്” എന്നാണ്.
ഹിന്ദുസമൂഹത്തിന്റെ അഭ്യുന്നതിക്ക് ഗാന്ധിജി വഹിച്ച പങ്ക് നിസ്തുലമാണ്. എന്നാല്‍ ചില ശാഠ്യങ്ങള്‍ മൂലം അതേ സമൂഹത്തിന്റെ അധഃപതനത്തിനും അദ്ദേഹം തന്നെ കാരണക്കാരനായിട്ടുണ്ട് എന്നതു പറയാതെയിരിക്കാന്‍ വയ്യ. ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കുന്നതില്‍ നിര്‍ബന്ധം പിടിച്ചത് ഗാന്ധിജിയാണ്. അതേസമയം വലിയ വിട്ടുവീഴ്ചകള്‍ വഴി ഹിന്ദുമതത്തെ ദുര്‍ബ്ബലമാക്കാനും അദ്ദേഹം തന്നെ നിമിത്തമായിട്ടുണ്ട്. ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ ഗുണപരമായ വശം മാത്രമേ ഈ കൃതി ചര്‍ച്ച ചെയ്യുന്നുള്ളൂ. വിമര്‍ശനാത്മകമായി ഗാന്ധിജിയെ സമീപിക്കുന്നേയില്ല എന്നത് ധരംപാലിന്റെ ഒരു പരിമിതിയാണ്. കടുത്ത ഗാന്ധിഭക്തനായ അദ്ദേഹത്തില്‍ നിന്നും അതേ പ്രതീക്ഷിക്കാനാവൂ. ഗാന്ധിജി മാത്രമല്ല അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ വിഷയം. പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിന് എന്തൊക്കെ വേണമെന്ന് പ്രായോഗികമായ ഒരുപാടു നിര്‍ദ്ദേശങ്ങള്‍ ധരംപാല്‍ നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൂടുതല്‍ ശക്തിപ്പെടേണ്ട ഇക്കാലത്ത് ഡോക്ടര്‍ സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത് തീര്‍ച്ചയായും ദേശസേവനമാണ്. ഇംഗ്ലീഷ് കൃതികളെ വഴിവിട്ട് ആശ്രയിക്കേണ്ട സ്ഥിതിയാണ് മലയാളത്തിന് ഇന്നും ഉള്ളത്. കൂടുതല്‍ മൊഴിമാറ്റങ്ങള്‍ വഴി മലയാളം സമ്പന്നമാകട്ടെ. ഹിന്ദിയില്‍ നിന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നും കൃതികള്‍ ഇവിടെ എത്തട്ടെ! അവയൊക്കെ നമ്മുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമാകട്ടെ. കീറ്റ്‌സും ഷെല്ലിയും വേര്‍ഡ്‌സ്‌വര്‍ത്തും ഷേക്‌സ്പിയറും നമുക്കു ചിരപരിചിതരാണെങ്കിലും പ്രേംചന്ദും മഹാദേവിവര്‍മ്മയും സുഭദ്രാകുമാരി ചൗഹാനും കബീര്‍ദാസുമൊന്നും നമുക്ക് പരിചിതരല്ല. ഇന്ത്യന്‍ഭാഷകളുടെ പരസ്പരമുള്ള ആദാനപ്രദാനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ കടമയാണ്. ഇന്ത്യന്‍ ദേശീയത അതിന്റെ ശക്തി തിരിച്ചറിയുന്ന ഇക്കാലത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ അതിനുവേണ്ടി കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മറ്റു ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരുടെ കൃതികള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയും തര്‍ജ്ജമകള്‍ക്ക് ധനസഹായം നല്‍കിയും സര്‍ക്കാരിതര സംഘടനകളെ ഭാഷാപഠനത്തില്‍ സഹായിച്ചും ഒക്കെ ഇന്ത്യന്‍ ഭാഷകളെ പരസ്പരം ബന്ധിപ്പിക്കണം.
മാതൃഭൂമിയില്‍ (സപ്തംബര്‍ 5) ടി.പി. കുഞ്ഞിക്കണ്ണന്‍ എഴുതിയിരിക്കുന്ന മുഖലേഖനം അത്യന്തം ദുരുദ്ദേശ്യത്തോടുകൂടിയുള്ളതാണെന്ന് അതിന്റെ തലക്കെട്ടു വായിച്ചാല്‍ തന്നെ മനസ്സിലാകും. ‘കേന്ദ്രം ഉപേക്ഷിച്ച പഞ്ചവത്സര പദ്ധതി’യാണ് വിഷയം. കേരളത്തില്‍ ആസൂത്രണം എങ്ങനെയായിരിക്കണം എന്നാണദ്ദേഹത്തിന്റെ വിശദീകരണം. അതു പൊതുമേഖലയില്‍ ഊന്നിക്കൊണ്ടാകണമെന്നാണ് കുഞ്ഞിക്കണ്ണന്‍ പറയുന്നത്. എത്ര വലിയ വിഡ്ഢിത്തമാണ് അദ്ദേഹം എഴുന്നള്ളിക്കുന്നത്. സ്വകാര്യപങ്കാളിത്തത്തോടെയല്ലാതെ ലോകത്ത് ഒരു രാജ്യത്തും പുരോഗതി സാധ്യമല്ല തന്നെ. അതില്‍ സംശയത്തിന്റെ കാര്യമില്ല. പൊതുമേഖല, ”കാട്ടിലെത്തടി തേവരുടെ ആന വലിയെടാവലി” എന്നതാണ് മുഖ്യമുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. കേരളം നാള്‍ക്കുനാള്‍ പിന്നോട്ടുപോകുന്നതിനു കാരണം പൊതുമേഖലയ്ക്കു നല്‍കുന്ന പ്രാധാന്യമാണ്. എത്ര അനുഭവിച്ചാലും നമ്മള്‍ പഠിക്കില്ല എന്നതാണ് കഷ്ടം.
നല്ല റോഡുകള്‍ വേണമെങ്കില്‍ സ്വകാര്യ കമ്പനികള്‍ക്കു ജനം ടോള്‍ കൊടുത്തേ പറ്റൂ. നല്ല വിദ്യാഭ്യാസവും നല്ല വൈദ്യശുശ്രൂഷയും ഒക്കെ കിട്ടണമെങ്കിലും സ്വകാര്യപങ്കാളിത്തമില്ലാതെ നടപ്പില്ല. പൊതുമേഖല, പൊതുമേഖല എന്നിങ്ങനെ പറഞ്ഞിരിക്കാന്‍ വെറും വിഡ്ഢികള്‍ക്കേ കഴിയൂ. അനുഭവത്തില്‍ നിന്നും നമ്മളെന്താണു പാഠം പഠിക്കാത്തത്? വിദേശത്തു നിന്നെത്തുന്ന പണംകൊണ്ട് കേരളത്തിലുണ്ടാകുന്ന നേട്ടങ്ങള്‍ ഇവിടുത്തെ ഭരണം കൊണ്ടാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞന്മാരെ എന്തു ചെയ്യാനാണ്?
ഭൂമിയിലെ ഏറ്റവും വലിയ തമാശയും വിഡ്ഢിത്തവുമാണ് ജനകീയാസൂത്രണം. അതിനെ ഇപ്പോഴും പാടിപ്പുകഴ്ത്തുകയാണ് കുഞ്ഞിക്കണ്ണന്‍. ആസൂത്രണം എന്നത് ആ മേഖലയില്‍ പരിചയമുള്ള വിദഗ്ദ്ധന്മാര്‍ ചെയ്യേണ്ട കാര്യമാണ്. അല്ലാതെ നിരക്ഷരരായ ഗ്രാമീണര്‍ ചെയ്യേണ്ട കാര്യമല്ല. കേരളത്തിലെ ഫണ്ട് മുഴുവന്‍ ദുര്‍വ്യയം ചെയ്തത് ജനകീയാസൂത്രണം പോലുള്ള മണ്ടത്തരങ്ങള്‍ക്കുവേണ്ടിയാണ്. ഇനിയെങ്കിലും മലയാളി യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ കേരളം ഇന്ത്യയില്‍ ഏറ്റവും പിന്നാക്ക പ്രദേശമായിത്തീരും. അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാടു പോലുള്ള സ്റ്റേറ്റുകളുടെ മുന്‍പില്‍ നമ്മള്‍ വെറും പിഗ്മികളായിത്തീരും. കുറെ വാക്കുകള്‍ കൊണ്ടുള്ള കളിയല്ല ആസൂത്രണം. പ്രായോഗിക നിര്‍ദ്ദേശങ്ങളാണ്. അങ്ങനെ ഒന്നും കുഞ്ഞിക്കണ്ണന്റെ ലേഖനത്തിലില്ല. ‘സക്രിയവും’ ‘ജനാധിപത്യപരവും’ ‘വിജ്ഞാനാധിഷ്ഠിതവും’ പോലുള്ള കുറെ പദപ്രയോഗങ്ങള്‍ മാത്രം. ആകെയുള്ള ഒരു നല്ല കാര്യം മാതൃഭാഷയ്ക്കുള്ള ഊന്നല്‍ മാത്രമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ മാതൃഭാഷയ്ക്ക് പ്രാധാന്യം കൊടുക്കണം എന്ന അഭിപ്രായം മാത്രമാണ് ആകെയുള്ള ദീര്‍ഘവീക്ഷണമുള്ള ഒരു നിര്‍ദ്ദേശം.
മാതൃഭൂമിയില്‍ കെ.വി. രാമകൃഷ്ണന്‍ എഴുതിയിരിക്കുന്ന കവിതയാണ് ‘പാതിവെന്ത ശവം’. കവിതയുടെ തുടക്കമായ ‘ഇന്ത്യതന്‍ ചത്ത ശവമല്ലോ’ എന്നത് ഭാഷയുടെ പ്രയോഗത്തില്‍ വലിയ ഒരു സ്ഖലിതമാണെന്ന് അറിയാത്ത ആളാണ് കെ.വി രാമകൃഷ്ണന്‍ എന്നു തോന്നുന്നില്ല. ‘ചത്ത ശവം’ എന്നു പ്രയോഗിക്കുമ്പോള്‍ ചാവാത്ത ശവം വേറെയുണ്ടോ എന്നാരെങ്കിലും മറുചോദ്യം ചോദിച്ചാല്‍ ഉത്തരം പറയേണ്ടിവരും. ‘ഇന്ത്യതന്‍ ശവമല്ലോ’ എന്നു മതി. ചത്ത ശവം തെറ്റായ പ്രയോഗം തന്നെ. പക്ഷെ അതു ബോധപൂര്‍വ്വം പ്രയോഗിച്ചതാണെന്നു തോന്നുന്നു. കൂടുതല്‍ അര്‍ത്ഥബോധം ഉണ്ടാകുവാന്‍ അത് അനിവാര്യമാണെന്ന് കവിയ്ക്കു തോന്നിക്കാണും.
ഗംഗയില്‍ ശവമൊഴുക്കിവിടുന്നത് വടക്കേയിന്ത്യക്കാരുടെ വിശ്വാസമാണ്. അതു പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്നു എന്നത് ശരിയാണ്. വിശ്വാസികള്‍ അതിനുപരിഹാരം സ്വയം കണ്ടെത്തണം. വിശ്വാസം സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് പുണ്യനദിയായ ഗംഗ മലിനമാക്കാതെ നോക്കേണ്ടതും. അതും വിശ്വാസികളുടെ കടമയാണ്. ഗംഗയില്‍ ശവം ഒഴുക്കിവിടുന്ന സമ്പ്രദായത്തെ എതിര്‍ക്കുകയാണ് കവി ഈ കവിതയിലൂടെ ചെയ്തിരിക്കുന്നത്. ശവങ്ങള്‍ ചിറയായി ഗംഗയുടെ ഒഴുക്കിനെ തടയുന്നുവെന്ന് കവി ഖേദിക്കുന്നു. കവിയുടെ ഖേദം നിര്‍വ്യാജമാണെന്നു നമുക്ക് ആശിക്കാം.