ടോക്യോയിലെ ഒളിമ്പിക്‌സും പാരാലിംപിക്‌സും കഴിയുമ്പോള്‍ അവിശ്വസനീയമായ ഒരു കാര്യം നമുക്ക് മുന്നില്‍ തെളിഞ്ഞു വരുന്നു. ഇന്ത്യ കായിക രംഗത്ത് വലിയ കുതിച്ചു ചാട്ടം ആരംഭിച്ചിരിക്കുന്നു. ക്രിക്കറ്റിനപ്പുറത്തേക്ക് ഇന്ത്യ വളരുന്നില്ല എന്ന് പരാതി പറഞ്ഞവരില്‍ ഈ ലേഖകനുമുണ്ട്. എന്നാല്‍ ഞാനടക്കമുള്ള വിമര്‍ശകര്‍ക്ക് കിട്ടാവുന്ന ഏറ്റവും സന്തോഷകരമായ മറുപടിയാണ് ടോക്യോ ഒളിമ്പിക്‌സിലും പാരാ ലിംപിക്‌സിലും പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങള്‍ നല്‍കിയത്.
ഒളിമ്പിക്‌സിന്റെയും പാരാലിംപിക്‌സിന്റെയും ചരിത്രത്തില്‍ ഇത്രയും വലിയ നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് മുമ്പ് കിട്ടിയിട്ടില്ല. ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണ്ണമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യയ്ക്ക് കിട്ടിയത്. പാരാലിംപിക്‌സില്‍ ഇന്ത്യ അതിനേക്കാള്‍ മുന്നോട്ട് പോയി. അഞ്ച് സ്വര്‍ണ്ണമടക്കം 19 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്ക് അപ്രാപ്യമാണെന്ന് കരുതപ്പെട്ട ജാവലിന്‍ ത്രോ അടക്കമുള്ള അത്‌ലറ്റിക് ഇനങ്ങളില്‍പ്പോലും ചരിത്രത്തില്‍ ആദ്യമായി മികവ് തെളിയിച്ചു.
കായിക രംഗത്തെ, പ്രത്യേകിച്ചും ഒളിമ്പിക്‌സിലെ ഇന്ത്യയുടെ പഴയ ചിത്രം ദയനീയമായിരുന്നു. ഹോക്കിയില്‍ ഒരു സ്വര്‍ണ്ണം കിട്ടും. പിന്നെ ഒരിനത്തിലും ഒരു മെഡലുമില്ലാത്ത അവസ്ഥ. 1928 മുതല്‍ ഇതായിരുന്നു ചിത്രം. 1970-80കളോടെ ഹോക്കിയിലും ഇന്ത്യയുടെ മേല്‍ക്കൈ നഷ്ടപ്പെട്ടു തുടങ്ങി. പുതിയ ഹോക്കി വമ്പന്മാരായി ഹോളണ്ടും ജര്‍മനിയും പാകിസ്ഥാനും മുന്നോട്ട് വന്നപ്പോള്‍ ഇന്ത്യയുടെ നില കഷ്ടത്തിലായി. സ്വര്‍ണ്ണം വെള്ളിയായും വെങ്കലമായും മാറി. പിന്നെ അതുമില്ലാതായി. 1996, 2000 വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയ്ക്ക് ആകെ കിട്ടിയത് ഓരോ വെങ്കല മെഡല്‍ മാത്രം. ഈ അഗാധഗര്‍ത്തത്തില്‍ നിന്നാണ് ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. നിരവധി ഇനങ്ങളില്‍ മെഡലുകള്‍, അതിലേറെ ഇനങ്ങളില്‍ ലോക നിലവാരമുള്ള പ്രകടനം. ഇതാണ് ടോക്യോ ഒളിമ്പിക്‌സ് കഴിയുമ്പോള്‍ ലോകം കാണുന്ന ഇന്ത്യയുടെ ചിത്രം.
ഇന്ത്യ ഇന്ന് ലോകനിലവാരത്തിലോ അതിന് തൊട്ടു താഴെയോ എത്തി നില്‍ക്കുന്ന ഒരുപാട് ഇനങ്ങളുണ്ട്. ഹോക്കി കൂടാതെ ബാഡ്മിന്റണ്‍, ഗുസ്തി (റെസ്ലിങ്), ബോക്‌സിങ്ങ്, ഭാരദ്വഹനം, അമ്പെയ്ത്ത്, ഷൂട്ടിങ് എന്നിവ. ജാവലിന്‍ ത്രോ, ഗോള്‍ഫ് എന്നീ ഇനങ്ങളില്‍ മികച്ച ഓരോ കളിക്കാരെയും ഇന്ത്യ സൃഷ്ടിച്ചു കഴിഞ്ഞു. നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍തന്നെ കിട്ടി. ഗോള്‍ഫില്‍ അദിതി അശോകിന്റെ നാലാം സ്ഥാനവും അവഗണിക്കാവുന്ന നേട്ടമല്ല. ഇതിനൊക്കെ പുറമെ ടേബിള്‍ ടെന്നീസില്‍ ഒന്നുകൂടി ശ്രമിച്ചാല്‍ ഇന്ത്യ ലോകനിലവാരത്തില്‍ എത്തിയേക്കും എന്ന പ്രതീക്ഷ ടോക്യോ നല്‍കുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച മനിക ബാത്രയും ശരത് കമലും അവരേക്കാള്‍ ഉയര്‍ന്ന റാങ്കുള്ളവരെ തോല്‍പ്പിച്ചു. ബാത്ര മാര്‍ഗരീറ്റ പെസോറ്റ്‌സ്‌കയെ തോല്‍പ്പിച്ചത് ഇന്ത്യന്‍ ടേബിള്‍ ടെന്നീസിന്റെ നിലവാരം വ്യക്തമാക്കുന്നു. സുതീര്‍ത്ഥ മുഖര്‍ജിയുടെ വിജയവും മോശമായില്ല.
ഇതെല്ലാം സൂചിപ്പിക്കുന്നത് എന്താണ്? ഇന്ത്യ ഒന്നുകൂടി മെച്ചപ്പെട്ടാല്‍ ഒളിമ്പിക്‌സില്‍ 30 മെഡല്‍ വരെ കിട്ടാവുന്ന നിലയിലേക്ക് ഉയരാം എന്നുതന്നെ. ഇത് പറഞ്ഞാല്‍ ചിലര്‍ക്ക് വിശ്വാസം വരില്ല. എന്നാല്‍ കൃത്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ നിലവാരം 30 മെഡലുകള്‍ മോഹിക്കുന്നത് തെറ്റല്ല എന്ന അവസ്ഥയില്‍ എത്തി എന്നു തന്നെയാണ്. കണക്കുകള്‍ കിട്ടാനായി ഇന്ത്യ മെഡലുകള്‍ നേടിയ ഇനങ്ങളും മെഡലിന് തൊട്ടടുത്ത ഇനങ്ങളും ഒന്നുകൂടി പരിശോധിക്കാം. ഇന്ത്യയ്ക്ക് മുന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ കിട്ടിയ ഒരു ഇനം ബോക്‌സിങ് ആണല്ലോ. മുമ്പ് മേരി കോം, വിജേന്ദര്‍ സിങ് എന്നിവര്‍ ഇന്ത്യയ്ക്കായി മെഡലുകള്‍ നേടിയിരുന്നു എന്നത് മിക്കവര്‍ക്കും ഓര്‍മ്മയുണ്ട്. ഒളിമ്പിക്‌സില്‍ ഇത്തവണ ലവ്‌ലിന ബോര്‍ഗോഹൈന്‍ ഇന്ത്യയ്ക്കു വേണ്ടി ഓട്ടുമെഡല്‍ നേടിയത് ബോക്‌സിങ്ങിലെ വെല്‍റ്റര്‍ വെയ്റ്റ് എന്ന വിഭാഗത്തിലായിരുന്നു. എന്നാല്‍ ഒളിമ്പിക്‌സിലെ ബോക്‌സിങ്ങില്‍ ഒന്നും രണ്ടുമല്ല 52 മെഡലുകളാണ് കളിക്കാരെ കാത്തിരിക്കുന്നത്. (13 സ്വര്‍ണ്ണം, 13 വെള്ളി, 26 വെങ്കലം.) ഇന്ത്യന്‍ ബോക്‌സര്‍മാരുടെ നിലവാരം ഒന്നുകൂടി മെച്ചപ്പെട്ടാല്‍ അവര്‍ ഈ 52 ല്‍ അഞ്ചാറ് മെഡലുകളെങ്കലും കിട്ടാവുന്ന അകലത്തിലെത്തും. ഇന്ത്യന്‍ ബോക്‌സര്‍മാരുടെ നിലവാരം അതാണ് സൂചിപ്പിക്കുന്നത്. ഇതേ അവസ്ഥതന്നെയാണ് റെസ്ലിങ്ങിന്റെ കാര്യത്തിലും. റെസ്ലിങ്ങില്‍ ഫ്രീസ്‌റ്റൈല്‍, ഗ്രീക്കോ റോമന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി 18 ഇനങ്ങളുണ്ട്. അതായത്, 18 സ്വര്‍ണ്ണം, 18 വെള്ളി, 36 വെങ്കലം അടക്കം ആകെ 72 മെഡലുകള്‍. ഇന്ത്യ രണ്ട് മെഡലുകളാണ് ഇതില്‍ നേടിയത്. ഒരു വെള്ളിയും ഒരു വെങ്കലവും. കഴിഞ്ഞ രണ്ട് മൂന്ന് ഒളിമ്പിക്‌സുകളില്‍ ഈ ഈ ഇനത്തില്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ച നിലവാരം മാത്രം മനസ്സില്‍ വെച്ചാല്‍ ഈ ഇനത്തിലും അഞ്ചാറെണ്ണം നേടാന്‍ ഇന്ത്യയ്ക്ക് കഴിയും എന്ന് കരുതുന്നത് അമിത ആത്മവിശ്വാസമല്ല, സാധിക്കാവുന്നത് തന്നെയാണ്. ഇങ്ങിനെ ഷൂട്ടിങ്, അമ്പെയ്ത്ത്, ഗോള്‍ഫ്, ഹോക്കി, ബാഡ്മിന്റണ്‍, ഭാരദ്വഹനം തുടങ്ങിയ ഇനങ്ങളില്‍ നിന്നായി ആകെ 30 മെഡലുകള്‍ ഇന്ത്യയ്ക്ക് ലക്ഷ്യം വെക്കാന്‍ കഴിയും.
ഇനി ഇക്കാര്യത്തില്‍ ചില പ്രതിബന്ധങ്ങള്‍കൂടി കണക്കിലെടുത്തേ ഒക്കൂ. നമ്മള്‍ 2000 പേര്‍ പഠിക്കുന്ന ഒരു കോളേജ് മനസ്സില്‍ സങ്കല്‍പ്പിക്കുക. ഒരു സാധാരണ കോളേജ്. അതില്‍ എഞ്ചിനീയറാവാനും ഡോക്ടറാവാനും മറ്റ് തൊഴിലുകള്‍ നേടാനും നല്ല പരിശ്രമം നടത്തുന്നവര്‍ നൂറ് കണക്കിന് ഉണ്ടാവും. എന്നാല്‍ നല്ലൊരു സ്‌പോര്‍ട്‌സ് താരമാവാന്‍ ശ്രമിക്കുന്നവര്‍ ഒന്നോ രണ്ടോ പേരേ ഉണ്ടാവൂ. ഇതാണ് ഇന്ത്യയില്‍ കായികരംഗം പിന്നിലാവാന്‍ കാരണം. വേണ്ട പരിശീലന സൗകര്യങ്ങള്‍ ഇല്ലാത്തത് മറ്റൊരു കാരണം. കായികരംഗം മുഖ്യ കര്‍മ്മരംഗമാക്കി മാറ്റാന്‍ മിക്ക ചെറുപ്പക്കാര്‍ക്കും ധൈര്യമില്ല. ഇതിന് ഗവണ്‍മെന്റുകളും വലിയ സ്വകാര്യസ്ഥാപനങ്ങളും പരിഹാരം കണ്ടെത്തിയേ ഒക്കൂ. സംസ്ഥാനതലത്തിലെങ്കിലും മികവ് കാണിക്കുന്ന കായികതാരങ്ങള്‍ക്കെല്ലാം ജീവിതവും വരുമാനവും ഉറപ്പാക്കാന്‍ സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ട് വന്നാല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ കായികരംഗത്തേക്ക് വരും എന്നുറപ്പാണ്.
ഒളിമ്പിക്‌സിന് ശേഷം നടന്ന പാരാലിംപിക്‌സ് അംഗ പരിമിതിയുള്ളവരുടെ ഗെയിംസ് ആണ്. സത്യത്തില്‍ അംഗ പരിമിതിയുള്ളവരുടെ കായികമേള എന്നല്ല, പരിമിതികളെ അതിലംഘിക്കുന്നവരുടെ കായികമേള എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ശരി. എത്രത്തോളം അവര്‍ പരിമിതികളെ അതിലംഘിക്കുന്നു എന്നാണ് ചോദ്യമെങ്കില്‍ ചിലപ്പോഴെങ്കിലും അംഗ പരിമിതര്‍ പരിമിതികള്‍ ഇല്ലാത്തവരുടെ നിലവാരത്തിലേക്ക് ഉയരുന്നു എന്നതാണ് ഉത്തരം. ഉദാഹരണത്തിന് പാരാലിംപിക്‌സില്‍ ഇത്തവണ ലോക റെക്കോഡും സ്വര്‍ണ്ണവും നേടിയ ഇന്ത്യയുടെ സുമിത് ആന്റിലിന്റെ പ്രകടനം ഒന്ന് ഓര്‍ത്ത് നോക്കൂ. 68 മീറ്ററില്‍ കൂടുതല്‍ പലതവണ ആന്റില്‍ തന്റെ ജാവലിന്‍ എറിഞ്ഞു. ഒടുവില്‍ 68.55 മീറ്റര്‍ എന്ന ലോക റെക്കോഡോടെ സ്വര്‍ണ്ണവും നേടി. സത്യത്തില്‍, ശരിയായ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ചില ജാവലിന്‍ ഏറുകാര്‍ ഇത്ര ദൂരം എറിഞ്ഞിട്ടില്ല എന്നതാണ് അതിശയകരമായ കാര്യം.
അംഗ പരിമിതി പലതരത്തിലാവാം. കണ്ണിന് കാഴ്ചക്കുറവ്, കാലിന്റെ ബലക്ഷയം, കയ്യ് മുറിഞ്ഞ അവസ്ഥ, അങ്ങിനെ പലതരത്തില്‍. അതുകൊണ്ടുതന്നെ പാരലിംപിക്‌സില്‍ ഒരേ കായിക ഇനം തന്നെ പലതായി തരം തിരിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഹൈജമ്പ് ആണ് കായിക ഇനമെങ്കില്‍ പല തരം അംഗ പരിമിതര്‍ക്കായി പല വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. പരിമിതി ഏത് തരത്തിലുള്ളതായാലും ഓരോ കായികതാരവും മത്സരിക്കുന്നത് പരിമിതിയില്ലാത്തവരുടെ നിലവാരം മനസ്സില്‍ ലക്ഷ്യമാക്കിയിട്ടു തന്നെയാണ്.
കാഴ്ചയ്ക്ക് പരിമിതി ഉണ്ടായിരുന്ന ജെയ്‌സന്‍ സ്മിത്തിന്റെ ഉദാഹരണമെടുക്കാം. അയര്‍ലന്റുകാരനാണ് അദ്ദേഹം. 10.46 സെക്കന്റില്‍ 100 മീറ്റര്‍ ഓടി ലോക റെക്കോഡ് നേടിയ അദ്ദേഹം അംഗപരിമിതിയില്ലാത്ത ഒളിമ്പിക് ഓട്ടക്കാരുടെ വേഗതയ്ക്ക് തൊട്ടടുത്ത് എത്തിയിരുന്നു. അതും ഏതെങ്കിലും ഒരവസരത്തിലല്ല, പല അവസരങ്ങളില്‍. പല സന്ദര്‍ഭങ്ങളിലും സ്മിത്തിന്റെ രാജ്യമായ വടക്കന്‍ അയര്‍ലന്റില്‍ അദ്ദേഹത്തിന്റെ വേഗതയോട് കിടപിടിക്കാന്‍ അംഗപരിമിതി ഇല്ലാത്തവര്‍ക്ക് പോലും കഴിഞ്ഞില്ല എന്നതാണ് സത്യം. സ്മിത്ത് ആയാലും സുമിത്ത് ആന്റിലായാലും സ്വയം അംഗപരിമിതനായി കണക്കാക്കി താരതമ്യേന ചെറിയൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിയല്ല ജീവിക്കുന്നത്.
പാരാലിംപിക്‌സില്‍ ഇന്ത്യ 1968 മുതല്‍ പങ്കെടുക്കുന്നുണ്ടെങ്കിലും 1984 മുതലാണ് മുടങ്ങാതെ പങ്കെടുക്കുന്നത്. ചില വര്‍ഷങ്ങളില്‍ മെഡലൊന്നുമില്ലാതെ മടങ്ങി. ഏറ്റവും മികച്ച നേട്ടം പരമാവധി നാലു മെഡലുകള്‍. ആ ക്ഷീണ പാരമ്പര്യത്തെ അതിജീവിച്ചാണ് ഇത്തവണ 19 മെഡലുകള്‍ നേടിയത്. ഇത് സൂചിപ്പിക്കുന്നത് അംഗപരിമിതരായ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ കായികരംഗത്തെയും ജീവിതത്തെയും പഴയതിനേക്കാള്‍ കുറേക്കൂടി ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണാന്‍ കഴിയുന്നുണ്ട് എന്നു തന്നെയാണ്.
ഒളിമ്പിക്‌സിലും പാരാലിംപ്ക്‌സിലും ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോള്‍ നമ്മുടെ സ്വന്തം കേരളം കായികരംഗത്ത് ഏറെ പിറകോട്ട് പോകുകയാണ്. 1980കളില്‍ പി.ടി.ഉഷ, ഷൈനി വില്‍സന്‍, എം.ഡി.വത്സമ്മ തുടങ്ങിയവരിലൂടെ ഏഷ്യന്‍ കായിക രംഗത്ത് വെട്ടിത്തിളങ്ങിയ സംസ്ഥാനമായിരുന്നു കേരളം. 1984 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷ നാലാം സ്ഥാനവും കരസ്ഥമാക്കി. ഈ മികച്ച അത്‌ലറ്റുകളുടെ പിറകെ അഞ്ജു ബോബി ജോര്‍ജ് എന്ന ലോങ്ങ്ജമ്പ് താരവും എത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കേരളത്തിന്റെ വീരചരിതങ്ങളൊക്കെ പുസ്തകത്താളുകളിലെ ജഡമായ അറിവുമാത്രമായി കഴിഞ്ഞു. ഏഷ്യന്‍ നിലവാരത്തില്‍ ഇന്ന് ഒരൊറ്റ മലയാളി അത്‌ലറ്റു പോലും ഇല്ല. ഫുട്‌ബോളില്‍ പോലും കേരളത്തിന് പഴയ പ്രതാപമില്ല. കക്ഷി രാഷട്രീയത്തിന്റെ പരിഹാസങ്ങള്‍ക്കും സങ്കുചിത വീക്ഷണങ്ങള്‍ക്കും അപ്പുറം കടന്ന് കേരളത്തിന്റെ കായിക രംഗത്തിന് എന്ത് പറ്റി എന്ന് ആലോചിക്കേണ്ടതുണ്ട്. ഒരു പക്ഷേ, കോച്ചിങ്ങിന്റെ നിലവാരം കുറഞ്ഞോ, യോഗ്യതയുള്ള കായികതാരങ്ങളെ കണ്ടെത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടോ തുടങ്ങിയ പതിവ് ചിന്തകള്‍ വിട്ട് കേരളത്തിന്റെ മദ്ധ്യവര്‍ഗ്ഗ സംസ്‌കാരവും ജോലി കിട്ടാനായി കേരളീയ യുവത്വം കേരളം വിട്ട് പോകുന്നതും കായിക രംഗത്തെ പിന്നാക്കം പോവലിന് കാരണമായോ എന്ന് അന്വേഷിച്ചാലേ നമുക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടൂ.