”ചില പുരാണങ്ങളില്‍ കാമധേനു പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതാണെന്ന് പറയുന്നുണ്ട്. കാമധേനു ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉണ്ടായി എന്നാണ് മഹാഭാരതം ആദി പര്‍വ്വത്തില്‍ പറയുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ പാലാഴിയില്‍ നിന്ന് ഉയര്‍ന്നുവന്ന അമൃതം, ബ്രഹ്മാവ് ആര്‍ത്തിയോടെ കഴിച്ചപ്പോള്‍ ഛര്‍ദ്ദിച്ചെന്നും ഇതില്‍നിന്ന് കാമധേനു
ഉണ്ടായെന്നും പറയുന്നുണ്ട്.”
അച്ഛന്‍ പറഞ്ഞു. അതുകൊള്ളാമല്ലോ. തിരക്കിട്ട് അമൃതം കഴിച്ച് ഛര്‍ദ്ദിച്ചപ്പോ കാമധേനു എങ്ങനെയാ ഉണ്ടാവുക? അച്ഛന്‍ പറഞ്ഞതില്‍ എന്തോ പിശകുണ്ട്, എന്ന മട്ടില്‍ കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
വിശേഷപ്പെട്ട അമൃതായാലും കഴിക്കേണ്ടത്, സാവകാശത്തിലാവണം. ഭക്ഷണം തിരക്കിട്ട് കഴിക്കുന്നത് നല്ലതല്ല എന്നല്ലേ ഈ കഥയില്‍നിന്ന് മനസ്സിലാക്കേണ്ടത്. കണ്ണന്‍ പലപ്പോഴും തിടുക്കത്തിലാണ് ഭക്ഷണം കഴിക്കുന്നതെന്ന് അറിയാവുന്നതുകൊണ്ട് ചേച്ചി കണ്ണനെ നോക്കിയാണ് പറഞ്ഞത്.
മോള് പറഞ്ഞത് ശരിയാണ്.
എത്ര നല്ല ഭക്ഷണമാണെങ്കിലും ദേവന്മാരാണെങ്കിലും സാവകാശത്തില്‍ ആവശ്യത്തിന് മാത്രമേ കഴിക്കാവൂ. അതും ഈ കഥയില്‍നിന്ന് നമ്മള്‍ മനസ്സിലാക്കണം. കാമധേനു താമസിച്ചത്, രസാതലം എന്ന ലോകത്താണ്. അച്ഛന്‍ പറഞ്ഞു.
അതെന്താ അച്ഛാ, രസാ തലം..?’’
കണ്ണാ നിനക്ക് നന്ദിനിയെക്കുറിച്ചല്ലേ അറിയേണ്ടത്. നീ ആവശ്യമില്ലാത്തത് ചോദിക്കാതെ മിണ്ടാതിരിക്ക്.. ചേച്ചി പറഞ്ഞു.ഇപ്പോ നന്ദിനിയുടെ കഥ പറയാം. നന്ദിനിയെ സംരക്ഷിച്ചത് വസിഷ്ഠന്‍ എന്നു പേരുള്ള ഒരു മുനിയായിരുന്നു.’’അച്ഛാ ഈ കാമധേനുവിനെയല്ലേ വസിഷ്ഠന്റെ ആശ്രമത്തില്‍നിന്ന് വിശ്വാമിത്രന്‍ മോഷ്ടിച്ചത്. ചേച്ചി ചോദിച്ചു.
ചേച്ചി, ഒന്ന് മിണ്ടാതിരിക്ക്. അച്ഛന്‍ പറയട്ടെ. കണ്ണന്‍ ചേച്ചിയെ ദേഷ്യത്തോട് നോക്കി.
ലക്ഷ്മി പറഞ്ഞത് ശരിയാണ്.
നന്ദിനിയെ വസിഷ്ഠമുനിയാണ് പരിപാലിച്ചിരുന്നത്. അങ്ങനെയും ചില കഥകളുണ്ട്. അച്ഛന്‍ പറഞ്ഞു.
എങ്കില്‍ ആ കഥ എനിക്കു പറഞ്ഞുതരുമോ അച്ഛാ?. കണ്ണന്‍
സ്‌നേഹത്തോടെ അച്ഛനോട് ചോദിച്ചു.
അത് പറയണമെങ്കില്‍ വിശ്വാമിത്രന്റെ കഥ പറയണ്ടിവരും.
അച്ഛന്‍ പറഞ്ഞു.
നിനക്ക് നന്ദിനിയുടെ കഥയല്ലേ കണ്ണാ കേള്‍ക്കേണ്ടത്. ചേച്ചി ദേഷ്യത്തോടെയാണ് പറഞ്ഞത്.
അച്ഛന്‍ വിശ്വമിത്രന്റെ കഥ പറയട്ടെ മോളേ. അമ്മ കണ്ണന്റെ പക്ഷം ചേര്‍ന്നുകൊണ്ട് പറഞ്ഞു.
വിശ്വാമിത്രന്‍ മുനി ആകുന്നതിന് മുമ്പ് രാജാവായിരുന്നു. അങ്ങനെ രാജാവായിരുന്ന കാലത്ത് അനുചരന്മാരോടൊപ്പം വേട്ടയാടാന്‍ പോയി. കാട്ടില്‍ വേട്ടയാടാന്‍ പോയ വിശ്വാമിത്രന്‍ വിശന്നു വലഞ്ഞ് എത്തിച്ചേര്‍ന്നത് വസിഷ്ഠന്റെ ആശ്രമത്തിലായിരുന്നു. വിശ്വാമിത്രനും അനുചരന്മാര്‍ക്കും പെട്ടെന്നുതന്നെ കാമധേനുവിന്റെ സഹായത്തോടെ വിഭവ സമൃദ്ധമായി ഭക്ഷണം വസിഷ്ഠന്‍ നല്‍കി.’’
ഇത്രവേഗം എങ്ങനെയാണ് സദ്യ ഒരുക്കിയതെന്ന് വിശ്വാമിത്രന്‍ അത്ഭുതപ്പെട്ടു. കാമധേനുവിന്റെ അത്ഭുതസിദ്ധികൊണ്ടാണ് അതെന്ന് വസിഷ്ഠന്‍ പറഞ്ഞു. അപ്പോള്‍ വിശ്വാമിത്രന് കാമധേനുവിനെ കിട്ടിയാല്‍ നന്നായിരുന്നു എന്നു തോന്നി. കൊട്ടാരത്തിലേയ്ക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ കാമധേനുവിനെ തനിക്ക് നല്‍കണമെന്ന് വിശ്വാമിത്രന്‍ വസിഷ്ഠനോട് അപേക്ഷിച്ചു. പകരം ആയിരക്കണക്കിന് പശുക്കളെ നല്‍കാമെന്നും പറഞ്ഞു.’’അതുകേട്ടപ്പോള്‍ വസിഷ്ഠന് വിശ്വാമിത്രനോട് വെറുപ്പുതോന്നി. വസിഷ്ഠന്‍ അത് കേട്ടതായി ഭാവിച്ചില്ലെന്ന് കണ്ടപ്പോഴേയ്ക്കും വിശ്വാമിത്രന്റെ ഭാവം മാറി. രാജാവായ തന്റെ വാക്ക് കേള്‍ക്കാതെ വസിഷ്ഠന്‍ ചിരിച്ചുകൊണ്ടു നിന്നത് വിശ്വാമിത്രന് ഇഷ്ടപ്പെട്ടില്ല.’’ വിശ്വാമിത്രന്‍ നന്ദിനിയെ ബലം പ്രയോഗിച്ച് പിടിച്ചുകെട്ടി കൊണ്ടുപോകാന്‍ തന്നെ തീരുമാനിച്ചു. നന്ദിനിയെ പിടിക്കാനായി വിശ്വാമിത്രന്റെ അനുചരന്മാര്‍ അടുത്തേയ്ക്കു ചെന്നപ്പോള്‍ നന്ദിനി ഒരു സംഹാര രൂപിണിയായി മാറി. നന്ദിനിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പെട്ടെന്ന് യോദ്ധാക്കള്‍ ഉണ്ടായി. അവര്‍ വിശ്വാമിത്രനെ പരാജയപ്പെടുത്തി. നന്ദിനിയെ കൊണ്ടുപോകാന്‍ വിശ്വാമിത്രന് കഴിഞ്ഞില്ല. ഇങ്ങനെയും ഒരു കഥ പുരാണത്തിലുണ്ട്.’’
അത്താഴമുണ്ണേണ്ട സമയമായതുകൊണ്ട് അച്ഛന്‍ പെട്ടെന്ന് കഥ പറഞ്ഞ് അവസാനിപ്പിച്ചു. എങ്കിലും നന്ദിനി ആരാണെന്ന് കണ്ണന് മനസ്സിലായി. നന്ദിനി എന്ന പേര് നല്ലതാണെന്ന് കഥ കേട്ടപ്പോള്‍ അവനു തോന്നി.
കറുമ്പിയുടെ കുട്ടിക്ക് നമുക്ക് നന്ദിനി എന്ന പേരുതന്നെ ഇടാം. കണ്ണന്‍ പറഞ്ഞു.
അത് അംഗീകരിച്ചതുപോലെ ആരും ഒന്നും പറഞ്ഞില്ല. അപ്പോള്‍ കണ്ണന് സന്തോഷമായി.
(തുടരും)