പൂര്‍വ്വാശ്രമത്തില്‍ കൃഷ്ണന്‍ നമ്പ്യാതിരി എന്നറിയപ്പെട്ടിരുന്ന ആഗമാനന്ദസ്വാമികള്‍ ജനിച്ചത് 1896 ആഗസ്റ്റ് 27 നാണ്(1072 ചിങ്ങം 13). അച്ഛന്‍ തൃശ്ശൂര്‍ തെക്കേമഠം സ്വാമിയാരുടെ കാര്യസ്ഥനായിരുന്ന കരുനാഗപ്പള്ളി പത്മന ചോലയില്‍ പുതുമനമഠത്തില്‍ നാരായണര് പരമേശ്വരര് ആയിരുന്നു. പൂജാദികളില്‍ സ്വാമിജിക്കുണ്ടായിരുന്ന അഭിരുചിയും പ്രവീണതയും പരമ്പരയായിത്തന്നെ സിദ്ധിച്ചതാണെന്നു വന്നുചേരുന്നു. കരുനാഗപ്പള്ളി ചവറമഠത്തില്‍ ലക്ഷ്മീദേവി അന്തര്‍ജനമായിരുന്നു നമ്പ്യാതിരിയുടെ അമ്മ. ജ്യോതിഷം, വൈദ്യശാസ്ത്രം എന്നിവയില്‍ അതിവിദഗദ്ധനെന്ന് സുപ്രസിദ്ധനായിരുന്ന കൊയ്പ്പിള്ളി ഇല്ലത്ത് കൃഷ്ണന്‍ നമ്പ്യാതിരിയില്‍നിന്ന് നമ്പ്യാതിരി അക്ഷരാഭ്യാസങ്ങളും ബാലപാഠങ്ങളും മറ്റും കരസ്ഥമാക്കി. വൈദ്യന്‍ വെച്ചൂര്‍ എന്‍.രാമവാര്യരുടെ കീഴില്‍ വീണ്ടും സംസ്‌കൃതപഠനം. അദ്ദേഹത്തില്‍ നിന്നുമാണ് പൂര്‍വ്വസമ്പ്രദായമനുസരിച്ച് സിദ്ധരൂപം, ശ്രീരാമോദന്തം, കൃഷ്ണവിലാസം എന്നിവ പഠിച്ചെടുത്തത്. പിന്നീട് സംസ്‌കൃതത്തില്‍ പ്രാവീണ്യം നേടിയതോ, പഴയകാല മലയാളത്തിലെ എഴുത്തുകാരില്‍ പ്രമുഖനായിരുന്ന ഏവൂര്‍ എന്‍. വേലുപ്പിള്ളയില്‍നിന്നും.
സമുദായാചാരപ്രകാരം ഉപനയനം നടത്തി ഗായത്രി ഉപദേശം വാങ്ങിയതോടെ(1904 ഫെബ്രുവരി 28) ആ ബാലന് ഒരു നവജീവിതം ലബ്ധമായി. തന്റെ സമപ്രായക്കാരായ ഹരിജനബാലന്മാരെ തന്റെ ഇല്ലത്തു വിളിച്ചുവരുത്തി അവര്‍ക്കു നമ്പ്യാതിരി ആഹാരം കൊടുക്കുകയും അവരെ നാമം ജപിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുമായിരുന്നു. ജാതിഭേദങ്ങളുടെ നിരര്‍ത്ഥകത കുട്ടിക്കാലത്തുതന്നെ ആ ബാലന് ബോദ്ധ്യപ്പെട്ടിരുന്നുവെന്നര്‍ത്ഥം. ബാല്യത്തില്‍ത്തന്നെ നിയതമായിതന്ന ഈ മനുഷ്യസ്‌നേഹം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നിഴലിച്ചു കാണാവുന്നതാണ്. ബാല്യത്തില്‍ ഉണ്ടായ പിതൃമരണം(1904 മാര്‍ച്ച്-25) അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ ഇടിവാണ് ഉണ്ടാക്കിത്തീര്‍ത്തത്. അങ്ങനെ അപൂര്‍വ്വമായി ലഭിച്ചിരുന്ന പിതൃലാളനം കൂടി നഷ്ടമാകുന്നു. ഏറെ കഴിയുന്നതിനു മുമ്പ് എല്ലാ വിഷമങ്ങള്‍ക്കും മകുടം ചാര്‍ത്തുമാറ് തന്റെ പ്രിയമാതാവും പരലോകം പ്രാപിച്ചു(1911 ഏപ്രില്‍ 11). ഇങ്ങനെ ആഘാതങ്ങളോരോന്നും തരണം ചെയ്ത് മുന്നേറുന്തോറും അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടര്‍ച്ചയായി പ്രതിബന്ധങ്ങളില്‍ തടസ്സപ്പെട്ടുകൊണ്ടിരുന്നു. ആ കാലത്ത് എല്ലാവരും വളരെയധികം ഭയപ്പെട്ടിരുന്ന വസൂരിയായിരുന്നു അമ്മയ്ക്കു പിടിപ്പെട്ട രോഗം. കര്‍ത്തവ്യവിലാപം ഒട്ടുമേ വരുത്താതെ നമ്പൂതിരി തന്റെ അമ്മയെ ശുശ്രൂഷിച്ചു. അദ്ദേഹവും അങ്ങനെ വസൂരിബാധിതനായിത്തീര്‍ന്നു.
ഇക്കാലത്ത് സ്‌കൂളില്‍ പോകാന്‍ കഴിയാതിരുന്ന നമ്പ്യാതിരി ജ്യോതിഷപഠനത്തില്‍ വ്യാപൃതനായി. അടുത്ത് താമസിച്ചിരുന്ന ചവറമഠത്തില്‍ കൃഷ്ണനാശാന്‍ നല്ലൊരു ജ്യോതിഷപണ്ഡിതനായിരുന്നു. അദ്ദേഹത്തില്‍നിന്നാണ് നമ്പ്യാതിരി പഞ്ചബോധഗണിതവും മറ്റും വശത്താക്കിയത്. അങ്ങനെ വളരെ ചെറുപ്പത്തിലെതന്നെ ആ ബാലന് സംസ്‌കൃതത്തില്‍ സംസാരിക്കാനും, കാവ്യങ്ങള്‍ വ്യാഖ്യാനിക്കാനും ഗീത മനഃപാഠം ചൊല്ലാനും ഒക്കെയുള്ള കഴിവുകള്‍ കിട്ടി. ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനായിരുന്ന ഏറത്തു കൃഷ്ണനാശാന്‍ ഈ ബ്രാഹ്മണബാലന്റെ സംസ്‌കൃതപാണ്ഡിത്യത്തെയും ആദ്ധ്യാത്മികവാസനയേയും കുറിച്ച് ഗുരുദേവനോടു പറഞ്ഞുവത്രെ. ശിവഗിരിയില്‍ കൂട്ടികൊണ്ടുചൊല്ലാന്‍ ഗുരു കൃഷ്ണനാശാനോട് ആവശ്യപ്പെടുകയും അങ്ങനെ കൃഷ്ണന്‍ നമ്പ്യാതിരി ഗുരുവുമായി സമ്പര്‍ക്കപ്പെടുകയും ചെയ്തു.
പിന്നീട് ബ്രഹ്മാനന്ദശിവയോഗിയുടെ ശിഷ്യന്മാരായുള്ള സംസര്‍ഗ്ഗം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്കാണെത്തിച്ചത്. ഭക്തിജ്ഞാനമാര്‍ഗ്ഗങ്ങളെ തീരെ നിഷേധിച്ചുകൊണ്ട് രാജയോഗത്തിനുമാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായ ശിവയോഗിയുടെ ആനന്ദമതം, അതുവരെ പൂജ, ജപം മുതലായ കാര്യങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അനുഷ്ഠിച്ചു വന്നിരുന്ന നമ്പ്യാതിരിയുടെ വിശ്വാസങ്ങളില്‍ ഒരു പരിധിവരെ ഇളക്കമുണ്ടാക്കി. എന്നാലും അതത്ര ആഴത്തില്‍ പോകാന്‍ തന്റെ പാരമ്പര്യവും പരിതഃസ്ഥിതിയും അനുവദിച്ചില്ല. തുടര്‍ന്ന് താന്‍ പഠിച്ചിരുന്ന മാവേലിക്കര ഹൈസ്‌ക്കൂളില്‍വെച്ച് യാദൃച്ഛികമായി വിവേകാനന്ദസ്വാമികളുടെ ‘എന്റെ ആചാര്യദേവന്‍’ എന്ന പുസ്തകം വായിക്കാനിടയായി(1912). ഇത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി. ശ്രീരാമകൃഷ്ണന്റെ അമാനുഷികമായ മാഹാത്മ്യവും സ്വാമി വിവേകാനന്ദന്റെ സ്വഭാവ വൈശിഷ്ട്യവും നമ്പ്യാതിരിയെ അടിമുടി സ്വാധീനിച്ചു. അദ്ദേഹത്തിന് ആനന്ദമതത്തിന്റെ അര്‍ത്ഥമില്ലായ്മ നന്നായി ബോധ്യമായി. അന്നുമുതല്‍ അവസാനം വരെ അദ്ദേഹം ആനന്ദമത്തിന്റെ ശക്തിയേറിയ നിരൂപകനായിരുന്നു. അവിടെവെച്ചുതന്നെ നമ്പ്യാതിരി ശങ്കരാചാര്യരുടെ കൃതികള്‍ ഗൗരവത്തോടുകൂടി പഠിക്കാനും തുടങ്ങി. അങ്ങനെ ആചാര്യപാദരുടെ സിദ്ധാന്തങ്ങളും അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു.
തുടര്‍ന്ന് സ്വാമി വിവേകാനന്ദന്റെ ജീവചരിത്രവും പ്രസംഗങ്ങളും വായിക്കാനിടയായതോടെ നമ്പ്യാതിരിക്ക് സന്ന്യാസത്തോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്തു. സ്വയം സന്ന്യാസിയാകാനുള്ള മോഹം ഉള്ളില്‍ വളരുകയും ചെയ്തു. ആ സമയങ്ങളില്‍ (1914-1915) സ്‌കൂള്‍ സമയമൊഴിച്ച് മിക്കസമയവും സ്വയം ഒരു സന്ന്യാസിയാണെന്നു സങ്കല്‍പിച്ച് കാഷായവസ്ത്രവും ധരിച്ച് കൊറ്റാര്‍കാവിലാണ് കഴിഞ്ഞിരുന്നത്. 1913-ല്‍ ഹരിപ്പാടുവെച്ച് ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദസ്വാമികളെ കണ്ടുമുട്ടിയത് ആ ജീവന്റെ അരുണോദയമായിത്തീര്‍ന്നു. അക്കാലത്ത് നിര്‍മ്മലാനന്ദസ്വാമികളായിരുന്നു കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടിരുന്നത്(1910-ല്‍ കേരളത്തിലെത്തിയ നിര്‍മ്മലാനന്ദ സ്വാമികള്‍ ‘ഭക്തന്മാര്‍ക്കു ജാതിയില്ല’ എന്ന ശ്രീരാമകൃഷ്ണസന്ദേശം പ്രചരിപ്പിക്കുകയും കേരളത്തിലെ ആദ്യ പന്തിഭോജനത്തിന് ഹരിപ്പാടു ശ്രീരാമകൃഷ്ണമഠത്തില്‍വെച്ച് നേതൃത്വം നല്‍കുകയും (1914)ചെയ്തു. കേരളത്തിലെ നിരവധി രാമകൃഷ്ണാശ്രമങ്ങളുടെ സ്ഥാപകനും, രാമകൃഷ്ണമിഷന്റെ മുഖപത്രമായ ‘പ്രബുദ്ധകേരള’ത്തിന്റെ സ്ഥാപകനും സ്വാമികളായിരുന്നു). വലിയൊരു മഹാത്മാവായിരുന്ന നിര്‍മ്മലാനന്ദസ്വാമികളെ സമയം കിട്ടുമ്പോഴൊക്കെ നമ്പ്യാതിരി പോയിക്കാണുകയും അദ്ധ്യാത്മിക ഉപദേശങ്ങള്‍ തേടുകയും ചെയ്തുകൊണ്ടിരുന്നു.
20-ാം വയസ്സില്‍ അമ്മാവന്റേയും വീട്ടുകാരുടേയും നിര്‍ബന്ധപ്രകാരം നമ്പ്യാതിരിക്ക് വിവാഹം കഴിക്കേണ്ടി വന്നു, 12 വയസ്സുണ്ടായിരുന്ന പത്തനംതിട്ട മൈലപ്ര ഊരകത്തില്ലത്ത് ലക്ഷ്മീദേവിയായിരുന്നു വധു(1916 ഏപ്രില്‍). എന്നാല്‍ വിവാഹത്തോടു യോജിപ്പില്ലായിരുന്ന നമ്പ്യാതിരി ബ്രഹ്മചാരിയായിത്തന്നെ തുടര്‍ന്നു വന്നു. പിന്നീടദ്ദേഹം ഉപരിപഠനത്തിനായി തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ ചേര്‍ന്നു(1916). കൂടുതല്‍ വിപുലമായ ഒരു ലോകത്തേക്കാണ് നമ്പ്യാതിരി അവിടെ എത്തപ്പെട്ടത്. വായനയില്‍ വളരെയധികം അഭിരുചിയുണ്ടായിരുന്ന അദ്ദേഹം മഹാരാജാസില്‍ വച്ചുതന്നെ ശങ്കരാചാര്യരുടെ എല്ലാ ഗ്രന്ഥങ്ങളും വായിക്കുകയും മഹാഭാരതാദിപുരാണങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ജ്ഞാനസീമകളെ വികസ്വരമാക്കി. ഇക്കാലത്തുതന്നെയാണ് ‘പുനര്‍ജന്മം’. ‘വിഗ്രഹാരാധനനിഷേധഖണ്ഡനം’ എന്നീ പുസ്തകങ്ങള്‍ എഴുതിയത്. ആ സമയത്താണ് ശ്രീരാമകൃഷ്ണദേവന്റെ മാനസപുത്രനും ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനുമായിരുന്ന ശ്രീമദ് ബ്രഹ്മാനന്ദസ്വാമികള്‍ നെട്ടയം ആശ്രമത്തിന്റെ ശിലാസ്ഥാപനത്തിന് എത്തിച്ചേര്‍ന്നത്. നമ്പ്യാതിരി സ്വാമികളെ പോയി പരിചയപ്പെടുകയും പിന്നീട് കൊല്ലത്തുവെച്ച് മന്ത്രോപദേശം സ്വീകരിക്കുകയും ചെയ്തു(1916). ഇത് നമ്പ്യാതിരിയെ ശ്രീരാമകൃഷ്ണന്റെയും വിവേകാനന്ദസ്വാമികളുടേയും അചഞ്ചലഭക്തനും ആദര്‍ശങ്ങളുടെ വക്താവും ആയി പരിണമിക്കുന്നതിലേക്കു നയിച്ചു. ഭാവിയില്‍ താന്‍ അനുഷ്ഠിക്കാനുണ്ടായിരുന്ന മഹായജ്ഞങ്ങള്‍ക്കു തുടക്കം കുറിക്കലായിരുന്നു അത്. സ്വാമികളുടെ ദര്‍ശനംകൊണ്ട് ഒരു മഹാഭാഗ്യം സിദ്ധിച്ചതായി നമ്പ്യാതിരിക്കു തോന്നി.
പിന്നീട് ഓണേഴ്‌സിനായി അദ്ദേഹം മദിരാശിയിലേക്കു പോയി പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. മൂന്നുകൊല്ലത്തെ അവിടുത്തെ പഠനം വലിയൊരു മാറ്റത്തിനു കളമൊരുക്കി. അവിടെ വിക്‌ടോറിയ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന നമ്പ്യാതിരി സഹപാഠികള്‍ക്കായി ക്ലാസ്സുകള്‍ എടുക്കുമായിരുന്നു. അന്ന് അവിടെ അദ്ദേഹം പൂജിക്കാറുണ്ടായിരുന്ന ശിവലിംഗമാണ് കാലടി ആശ്രമത്തിലെ പൂജാമുറിയില്‍ ഇരിക്കുന്നത്. തമിഴ്‌നാട്ടില്‍ പിന്നീട് അതിപ്രശ്‌സ്തനായിത്തീര്‍ന്ന ചിദ്ഭവാനന്ദസ്വാമികള്‍, പിന്നീട് മന്ത്രിയും കോയമ്പത്തൂരില്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ചെടുത്ത അവിനാശലിംഗം ചെട്ടിയാര്‍, രാമകൃഷ്ണമിഷന്റെ ആഗോള വൈസ് പ്രസിഡന്റായി മാറിയ തപസ്യാനന്ദസ്വാമികള്‍, ശ്രീനാരായണഗുരുവിന്റെ അനന്തരഗാമി നടരാജഗുരു എന്നിവര്‍ ഇതേ സമയത്ത് നമ്പ്യാതിരിയുടെ സഹപാഠികളായി പ്രസിഡന്‍സിയിലുണ്ടായിരുന്നു.
സംസ്‌കൃതഭാഷാ പ്രേമം ബാല്യകാലം മുതലേ കൂടെയുണ്ടായിരുന്ന നമ്പ്യാതിരിക്ക് സംസ്‌കൃതവകുപ്പിന്റെ അദ്ധ്യക്ഷനായി കിട്ടിയത് മഹാമഹോപാദ്ധ്യായ കുപ്പുസ്വാമി ശാസ്ത്രികളെയായിരുന്നു. ആഗമാനന്ദജിയുടെ വാഗ്മിത്വത്തെയും പാണ്ഡിത്യത്തെയും ഒട്ടൊക്കെ പരുവപ്പെടുത്തിയ ഘടകങ്ങളിലൊന്നായിരുന്നു ഇത്. സ്വാമിജിയെ വാദപ്രതിവാദത്തില്‍ തോല്‍പ്പിക്കുകയെന്നത് ഏതാണ്ട് അസാദ്ധ്യമായ കാര്യമായിരുന്നുവെന്ന് അക്കാലത്തെ പല സാഹിത്യകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ മദിരാശിയില്‍വെച്ച് രാമകൃഷ്ണമഠത്തിലുണ്ടായിരുന്ന ബ്രഹ്മാനന്ദസ്വാമികളെ കാണാനും ഉപദേശം സ്വീകരിക്കുവാനും കഴിഞ്ഞ നമ്പ്യാതിരി അപ്പോള്‍തന്നെ രാമകൃഷ്ണമിഷനില്‍ച്ചേര്‍ന്ന് സന്ന്യാസിയായി ചേരാന്‍ തയ്യാറായിരുന്നു. എന്നാല്‍ എം.എ പാസ്സായിട്ട് വന്നാല്‍ മതിയെന്നു പറഞ്ഞ് ഗുരുവായ ബ്രഹ്മാനന്ദസ്വാമികള്‍ അദ്ദേഹത്തെ മടക്കിയയക്കുകയാണുണ്ടായത്. തുടര്‍ന്ന് നാട്ടിലെത്തിയ ഉടന്‍തന്നെ അമ്മാവന്‍ മരണപ്പെടുകയുണ്ടായി(1924 ആഗസ്റ്റ്). താമസിയാതെതന്നെ നമ്പ്യാതിരി ചെങ്ങന്നൂര്‍ ഹൈസ്‌ക്കുളില്‍ ഹെഡ്മാസ്റ്ററായി ചേരുന്നു(1925). ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ അനുഭവസമ്പന്നനാകുന്നത് അങ്ങനെയാണ്. അതിനുമുമ്പുതന്നെ ഋഗ്വേദം എല്ലാവര്‍ക്കും സുഗ്രഹമാക്കണമെന്നുള്ള അഭിപ്രായത്തോടുകൂടി ‘ഭാരത നിധി’ എന്ന പേരില്‍ മാസികയായി ഋഗ്വേദത്തിന്റെ മലയാള വ്യാഖ്യാനം പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ഇക്കാലയളവിലാണ് അദ്ദേഹം ഗുരുവായൂര്‍, വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെടുന്നത്.
പിന്നീട് അദ്ധ്യാപനജോലി രാജിവെച്ച് തിരുവല്ല ആശ്രമത്തിലെത്തി അവിടെ രാമകൃഷ്ണസംഘത്തിലെ അംഗമായി ചേര്‍ന്നു(1926). അത് അദ്ദേഹത്തിന്റെ ജീവിതത്തെ രണ്ടായിപ്പകുത്തു. ഒറ്റപ്പാലം ആശ്രമത്തിലേക്കു പോയി അവിടെ ധ്യാനജപാദികളില്‍ ഏര്‍പ്പെട്ട നമ്പ്യാതിരിയെ നിര്‍മ്മലാനന്ദസ്വാമികള്‍ ‘ആഗമാനന്ദസ്വാമികള്‍’ എന്ന ദീക്ഷാനാമം നല്‍കി സന്ന്യാസം കൊടുത്തു(1928). തുടര്‍ന്ന് നിര്‍മ്മലാനന്ദ സ്വാമികളുടെ തന്നെ നിര്‍ദ്ദേശപ്രകാരം പുതുക്കാട് ആശ്രമം സ്ഥാപിച്ചു. ആശ്രമത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ സമൂഹപന്തിഭോജനം ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. ആശ്രമത്തോടനുബന്ധിച്ചുണ്ടാക്കിയ ക്ഷേത്രത്തില്‍ ഹരിജനങ്ങള്‍ക്കുകൂടി പ്രവേശനം നല്‍കാനുള്ള വീരതയും അദ്ദേഹം കാണിച്ചു, ഇത് നാട്ടിലും കേരളത്തിലൊന്നാകെയും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു.
അതിനുശേഷമാണ് അദ്ദേഹം വടക്കേയിന്ത്യയിലേക്കു പോയത്. 1928 മുതല്‍ രാമകൃഷ്ണമിഷനും തന്റെ സന്ന്യാസഗുരുവായ നിര്‍മ്മലാനന്ദസ്വാമികളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ഒരു പക്ഷത്തിലും ചേരാതെ നില്‍ക്കണമെന്നു തീരുമാനിച്ചുകൊണ്ടാണ് ആഗമാനന്ദജി ഇവിടെനിന്നും യാത്ര തിരിച്ചത്. ആരോടും പണം ചോദിക്കില്ലെന്നും, അറിഞ്ഞു തന്നാല്‍ മാത്രമേ സ്വീകരിക്കു എന്നുമുള്ള വ്രതത്തോടുകൂടി എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ഇവിടുന്നു പുറപ്പെട്ടു. തന്റെ പര്യടനത്തിനിടയില്‍ രാമകൃഷ്ണമിഷന്റെ അന്നത്തെ അദ്ധ്യക്ഷനായിരുന്ന ശിവാനന്ദസ്വാമികളെ അദ്ദേഹം കണ്ടുമുട്ടി. ശിവാനന്ദസ്വാമികളുടെ വാത്സല്യപൂര്‍ണ്ണമായ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ആറുമാസം ബേലൂര്‍മഠത്തില്‍ താമസിച്ചു. ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യന്മാരില്‍ അന്നു ജീവിച്ചിരുന്ന ശിവാനന്ദജി, അഭേദാനന്ദജി, അഖണ്ഡാനന്ദജി, വിജ്ഞാനാനന്ദജി എന്നീ മഹാപുരുഷന്മാരുടെ സംസര്‍ഗത്തില്‍ അദ്ദേഹം വരുകയും അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രീഭൂതനായിത്തീരുകയും ചെയ്തു. ശ്രീരാമകൃഷ്ണന്റെ ആറു ശിഷ്യന്മാരുമായി ഇത്രയും ഗാഢസമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ കഴിഞ്ഞ ശിഷ്യന്മാര്‍ വളരെ വിരളമാണ്.
വിവേകാനന്ദസ്വാമികളുടെ ആഗമനമനുസരിച്ചുള്ള രാമകൃഷ്ണമിഷന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണുന്നതിനും അതിന്റെ പ്രവര്‍ത്തകരുമായി പരിചയപ്പെടുന്നതിനുള്ള ഒരു അവസരമായിരുന്നു ഇത്. ആഗമാനന്ദജിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ നന്നായി പരുവപ്പെടുത്തിയെടുത്ത സമയമായിരുന്നു ഇത്. വിദേശീയരായ ബ്രഹ്മചാരിമാരെ സംസ്‌കൃതം പഠിപ്പിക്കുകയും വിവേകാനന്ദസ്വാമികളുടെ മുറി സൂക്ഷിക്കുകയുമായിരുന്നു സ്വാമികളുടെ ജോലി. അക്കാലത്ത് ബേലൂര്‍മഠത്തിലെ വിവേകാനന്ദക്ഷേത്രത്തില്‍ പുജയര്‍പ്പിച്ചിരുന്നതും സ്വാമികളായിരുന്നു. വിലപ്പെട്ട കുറെ അനുഭവങ്ങളുമായാണ് പിന്നീടദ്ദേഹം കാശിയിലേക്കു പുറപ്പെട്ടത്. കാശിയിലെത്തി ന്യായം, വേദാന്തം, മീമാംസ തുടങ്ങിയ വിഷയങ്ങള്‍ വിധിയാംവണ്ണം ഗുരുമുഖത്തുനിന്നുതന്നെ അഭ്യസിച്ചു. ഇത് സ്വാമിജിയുടെ പാണ്ഡിത്യം അഗാധമാകുന്നതിനും ആദ്ധ്യാത്മിക വിദ്യാവൈഭവം ആര്‍ജ്ജിക്കുന്നതിനും ഉതകി. സംസ്‌കൃത സാഹിത്യത്തിലെ അനര്‍ഘരത്‌നങ്ങള്‍ക്ക് അവകാശി കൂടിയായിരുന്ന അദ്ദേഹത്തിന് ഉത്തരേന്ത്യയില്‍വെച്ച് കിട്ടിയ ജ്ഞാനാര്‍ജനവും അപൂര്‍വ്വമായ അനുഭവങ്ങളും(1932-1935)വിലമതിക്കാനാവാത്തതായിരുന്നു. ഇത് ആഗമാനന്ദജിയെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സജ്ജമാക്കി.
അവിടെ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വാമിജിക്കു പിടിപെട്ട ഉദരരോഗമാണ് ദക്ഷിണേന്ത്യയിലേക്കു മടങ്ങിപ്പോരാന്‍ സ്വാമിജിയെ നിര്‍ബന്ധിതനാക്കിയത്. തെക്കേ ഇന്ത്യയിലെ ഭക്ഷണവും പരിതഃസ്ഥിതിയുമാണ് രോഗത്തിനു പറ്റിയ ചികിത്സയെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ബേലൂര്‍മഠത്തിന്റെ അനുവാദത്തോടുകൂടി മദിരാശിയിലെത്തിയ സ്വാമിജി തന്റെ ആരോഗ്യം വീണ്ടെടുത്തു. അക്കാലയളവില്‍ സ്വാമിജിയുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിതാണ്, ”ശ്രീശങ്കരന്റെ ജന്മദേശം അവഗണിച്ച കൃതഘ്‌നരാണ് മലയാളികള്‍” – കാശിയില്‍വെച്ച് ഒരു സന്ന്യാസി നടത്തിയ ഈ പരാമര്‍ശം ആഗമാനന്ദജിയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. കേരളത്തിലേക്കു മടങ്ങിവരുവാന്‍ സ്വാമികളെ പ്രേരിപ്പിച്ച പ്രധാന കാരണവും ഇതായിരുന്നു.
വൈക്കത്തഷ്ടമിയുടെ തലേന്ന് കേരളത്തിലെത്തിയ അദ്ദേഹം പിറ്റേന്ന് അഷ്ടമി തൊഴുത് വൈക്കത്തപ്പന്റെ അനുഗ്രഹത്തോടുകൂടി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. അവിടെവെച്ചു നടത്തിയ ആവേശഭരിതമായ പ്രസംഗത്താല്‍ ആകൃഷ്ടനായ പറയത്ത് ഗോവിന്ദമേനോന്‍ സ്വാമികളെ കാലടിയിലേക്കു ക്ഷണിച്ചു. അദ്ദേഹം കൊടുത്ത സ്ഥലത്ത്, ഒരു ശങ്കരജയന്തിദിനത്തില്‍(1936) തൃശ്ശൂരിലെ ത്യാഗീശാനന്ദസ്വാമികളെയും അപ്പന്‍തമ്പുരാനെയും സാക്ഷിയാക്കി ആഗമാനന്ദജി കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചു(ആ സമയത്ത് തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം കേന്ദ്രീകരിച്ചുകൊണ്ട് ത്യാഗീശാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയായിരുന്നു). അങ്ങനെയാണ് കാലടിയെ കേന്ദ്രമാക്കിക്കൊണ്ടുള്ള സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ദിശാബോധം നല്‍കിയ ഒരു പ്രധാനഘടകം കേരളസമൂഹത്തെ നവീകരിക്കാനുള്ള സ്വാമിജിയുടെ വ്യഗ്രതയായിരുന്നു. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ അതിന് പ്രേരണസ്രോതസ്സായി ഒരു സ്ഥാപനം പടുത്തുയര്‍ത്തുക എന്നത് സ്വാമിജിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.
ആഗമാനന്ദജിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രീനാരായണഗുരുദേവനുണ്ടായിരുന്ന സ്വാധീനം വളരെ വലുതാണ്. ശ്രീനാരായണഗുരുദേവനും ശ്രീ ചട്ടമ്പിസ്വാമികളും തമ്മിലുള്ള ബന്ധവും അവരുടെ പാവനമായ ജീവിതവും പ്രവര്‍ത്തനങ്ങളും കേരള നവോത്ഥാനചരിത്രത്തിലെ അതിപ്രധാന ശക്തിയായിരുന്നുവല്ലോ. തന്റെ ചെറുപ്പകാലത്ത് ആഗമാനന്ദജി നാരായണഗുരുവുമായി ശിവഗിരിയില്‍ പലപ്രാവശ്യം സമ്പര്‍ക്കപ്പെട്ടിരുന്നു. കൃഷ്ണനാശാനോടൊപ്പം ശിവഗിരിമഠത്തില്‍ കഴിഞ്ഞ നമ്പ്യാതിരി പൂജാമുറിയില്‍ വെച്ചു കണ്ടത് ദൈവദശകം ചൊല്ലുന്ന കുട്ടികളെയാണ്. ഗുരു അവരെ ചൂണ്ടിക്കാട്ടി ”അവര്‍ പറയക്കുട്ടികളാണ്, തേച്ചു മിനുക്കിയാല്‍ ഏതും നന്നാകും, അല്ലേ” എന്നു പറഞ്ഞു. കേരളത്തിലെ അധഃസ്ഥിതരെ ഉയര്‍ത്താനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ ആഗമാനന്ദസ്വാമികള്‍ കണ്ടത് ഗുരുദേവസന്നിധിയില്‍ നിന്നുമായിരുന്നു. ഗുരുദേവനും നമ്പ്യാതിരിയും തമ്മിലുള്ള ബന്ധവും ആഴത്തിലുള്ളതായിരുന്നു. ഓരോ ദര്‍ശനം കഴിയുമ്പോഴും ”വീണ്ടും കാണാമല്ലോ” എന്നായിരിക്കും ഗുരുദേവന്‍ വാത്സല്യപൂര്‍വ്വം പറയുക. നമ്പ്യാതിരിയെ വിളിച്ചുകൊണ്ടുവരാന്‍ ഗുരുദേവന്‍ ഇടയ്ക്കിടെ ആളയക്കാറുണ്ടായിരുന്നു പോലും. അദ്ദേഹത്തിന്റെ സന്നിധിയില്‍ മാതാപിതാക്കന്മാരുടെ സാന്നിദ്ധ്യത്തിലുണ്ടാകാറുള്ള സുഖം താനനുഭവിച്ചിരുന്നതായി ആഗമാനന്ദസ്വാമികള്‍ പറയുന്നുണ്ട്.
നമ്പ്യാതിരിയുടെ ആവശ്യപ്രകാരം ഒരിക്കല്‍ ചെങ്ങന്നൂര്‍ സ്‌കൂളിലെത്തിയ ഗുരുദേവന്‍ അവിടുത്തെ വിദ്യാര്‍ത്ഥികളോട് മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. ഇത്രയും കൂടുതല്‍ സമയം ഗുരുദേവന്‍ സംസാരിച്ചിരുന്നതായി ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും അത് തന്നോടുള്ള വാത്സല്യാതിരേകം കൊണ്ടുമാത്രമാണെന്നും ആഗമാനന്ദജി അഭിമാനിച്ചിരുന്നു. മറ്റൊരിക്കല്‍ നൂറുകണക്കിന് ആളുകള്‍ ഹാരങ്ങളുമായി ഗുരുവിനെ സ്വീകരിക്കുവാന്‍ കൊല്ലം പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്നു, ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും മാറിനിന്ന നമ്പ്യാതിരിയുടെ അടുത്തേക്കുവന്ന ഗുരു, അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് കുറേനേരം സംസാരിച്ചശേഷമാണ് സ്വീകരണങ്ങളേറ്റുവാങ്ങാനായി ചെന്നത്. ഇത് അവിടെക്കൂടി നിന്നവരെയെല്ലാം അത്ഭുതപ്പെടുത്തുകയുണ്ടായി. താനൊരിക്കലും വാദപ്രതിപാദങ്ങളിലേര്‍പ്പെടാതിരുന്നത് ഗുരുദേവനുമായി മാത്രമാണെന്ന് സ്വാമിജി പറയുമായിരുന്നു. ശ്രീ ശങ്കരന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ജനിച്ച മഹാത്മാക്കളില്‍ പ്രമുഖന്‍ ശ്രീനാരായണഗുരുതന്നെയാണ് എന്ന് ആഗമാനന്ദജി ഉറച്ചുവിശ്വസിച്ചിരുന്നു. ഗുരുദേവനെ ഒരു സാമൂഹികപരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായി ചിത്രീകരിക്കുന്ന പ്രവണതക്കെതിരേ അദ്ദേഹം ശക്തിയായിത്തന്നെ പ്രതികരിച്ചിരുന്നു ”അദ്ദേഹം ഒന്നാമതായി ഒരു യോഗിയും സന്ന്യാസിയുമായിരുന്നു.” ഗുരുദേവന്റെ സമാധിവാര്‍ത്തയറിഞ്ഞപ്പോള്‍ ആഗമാനന്ദജിയെഴുതിയ ശ്ലോകത്തിലുടെ അവര്‍ തമ്മിലുണ്ടായിരുന്ന ഗാഢബന്ധം വായിച്ചെടുക്കാവുന്നതാണ്.
”അധസ്ഥിതാനാം പരിപാലനായ
കൃതാവതാരകരുണാപയോധിഃ വേദാന്തവര്‍ത്തി ഗുരുരേവ സാക്ഷാ-
നാരായണോ ഭാതി നവാവതാരഃ”
ഒരിക്കല്‍ ഒരു ശിഷ്യന്‍ നാരായണഗുരുവിനെ ശ്രീരാമകൃഷ്ണ പരമഹംസന്റെ ചിത്രം കാണിച്ചിട്ട് അതാരാണെന്നു പറയാമോയെന്ന് ചോദിക്കുകയുണ്ടായി. മലയാളികളില്‍ കുറച്ചുപേര്‍ വിവേകാനന്ദസ്വാമികളെപ്പറ്റി കേട്ടിട്ടുണ്ടെന്നല്ലാതെ ശ്രീരാമകൃഷ്ണനെ അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കാലമായിരുന്നു അത്. ഭഗവാന്‍ ശ്രീരാമകൃഷ്ണന്റെ ഫോട്ടോ കണ്ടിട്ട് ഗുരു പറഞ്ഞത്, ”സാക്ഷാത് ബ്രഹ്മത്തിന് ഒരു മനുഷ്യരൂപം കൊടുത്താല്‍ ഈ രൂപത്തിലിരിക്കും” എന്നാണ്. തന്റെ ഇഷ്ടദേവതയായ ശ്രീരാമകൃഷ്ണന്റെ ശ്രേഷ്ഠതയെക്കുറിച്ചും അവതാരമഹത്വത്തെക്കുറിച്ചും വിശദീകരിക്കുമ്പോഴൊക്കെ ആഗമാനന്ദജി കൂടെയുള്ളവരെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന സംഭവമാണിത്.