ഓരോ തലമുറ മാറുമ്പോഴും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലുണ്ടാകുന്ന അപചയം വ്യക്തമാവുകയാണ്. കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ എന്ന പദവി പണ്ട് വിവാദങ്ങള്‍ക്ക് അതീതമായിരുന്നു. സ്പീക്കറായാല്‍ പിന്നെ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വം രാജിവെക്കുകയും എല്ലാവരോടും തുല്യനിലയില്‍ പെരുമാറുകയുമായിരുന്നു പതിവ്. ശങ്കരനാരായണന്‍ തമ്പി മുതല്‍ ഇങ്ങോട്ട് മിക്ക സ്പീക്കര്‍മാര്‍ക്കും രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും നിഷ്പക്ഷവും രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍മ്മമത്വം പാലിക്കുന്നതില്‍ ബദ്ധശ്രദ്ധരുമായിരുന്നു. എന്നാല്‍ ഇന്ന് സിപിഎമ്മിലെ ന്യൂജനറേഷന്‍ വന്നതോടെ സ്പീക്കര്‍ പദവി അങ്ങാടി നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്നു. ഒരു യുവനേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു പി. ശ്രീരാമകൃഷ്ണന്‍. ഒരുപക്ഷേ മന്ത്രി പദവിയില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉയര്‍ന്ന പദവികളിലേക്ക് പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രതീക്ഷ ഉണ്ടായിരുന്ന യുവനേതാവിന്റെ തകര്‍ച്ച ശ്രദ്ധേയമാണ്. സ്വപ്‌നയുടെ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായി ഡോളര്‍ കടത്താനും സ്വര്‍ണം കടത്താനുമൊക്കെ ഒത്താശ ചെയ്തു എന്ന് ആരോപണവിധേയനായി, അനഭിമതനായി പുറത്തുപോയ ശ്രീരാമകൃഷ്ണന്‍ അടുത്തിടെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമായിരുന്നു.
ഇന്ന് അതിനേക്കാള്‍ വലിയ ദുരന്തമായി സ്പീക്കര്‍ എം.ബി രാജേഷ് മാറിയിരിക്കുന്നു. രംഗബോധമില്ലാത്ത കോമാളി എന്ന് മരണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അത് രാജേഷിനെ കണ്ടിട്ടാണെന്ന് ഇപ്പോള്‍ പലര്‍ക്കും തോന്നുന്നു. കാരണം നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ പുലര്‍ത്തേണ്ട മാന്യതയും കുലീനതയും രാജേഷ് പുലര്‍ത്തുന്നുണ്ടോ എന്ന് സംശയിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ പ്രസ്താവന തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. വാരിയംകുന്നനെയും ഭഗത്‌സിംഗിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ടുപേരും തുല്യരാണെന്ന് വരുത്താനുള്ള ശ്രമമാണ് രാജേഷ് നടത്തിയത്. സ്പീക്കര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തി ആ തരത്തിലുള്ള പ്രയോഗം നടത്താന്‍ തയ്യാറാവരുതായിരുന്നു.
വെള്ളത്തിനടിയില്‍ പകലന്തിയോളം കിടക്കുന്ന പോത്തിന്റെ ഔചിത്യമെങ്കിലും അദ്ദേഹം പുലര്‍ത്തേണ്ടതായിരുന്നു. കാരണം ഭഗത്‌സിംഗ് എവിടെ, വാരിയം കുന്നന്‍ എവിടെ! ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങളിലും സായുധസംഘര്‍ഷത്തിലും അല്ലാതെ മറ്റേതെങ്കിലും കേസുകളില്‍ ഭഗത്‌സിംഗ് ഉള്‍പ്പെട്ടിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ആ ത്യാഗിയെ, ഭാരത സ്വാതന്ത്ര്യത്തിലെ വീരേതിഹാസമായ ഭഗത്‌സിംഗിനെ ഒരു സാധാരണ തീവ്രവാദി തീവെട്ടി കൊള്ളക്കാരന്റെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്? ചരിത്രബോധമില്ലാത്തത്, ചരിത്രം പഠിക്കാത്തത് തെറ്റാണെന്ന് ഒരിക്കലും പറയാനാവില്ല. പക്ഷേ നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ ഏതെങ്കിലും വേദിയില്‍ സംസാരിക്കാന്‍ പോകുമ്പോള്‍ സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് നന്നായി പഠിച്ചു പറയാനുള്ള ആര്‍ജ്ജവം കാട്ടണ്ടേ? വാരിയംകുന്നനെ അറസ്റ്റ് ചെയ്തതും നാടുകടത്തിയതും ഒക്കെ സമരത്തില്‍ പങ്കെടുത്തതിനായിരുന്നോ? ഒരിക്കലുമല്ല. നാട്ടില്‍ അല്ലറചില്ലറ തട്ടിപ്പും മോഷണവും ഒക്കെയായി നടന്നിരുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമായിരുന്നു വാരിയംകുന്നന്‍. അതിനപ്പുറത്തേക്ക് വാരിയംകുന്നന്‍ വളര്‍ന്നത് സ്വന്തം മതത്തിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ഒരു കൊടും ഭീകരന്‍ എന്ന നിലയില്‍ മാത്രമാണ്. റംസാന്‍ സമയത്ത് വെള്ളക്കുപ്പായം ധരിച്ച് ഹാലിളകി ആയുധങ്ങളുമായി പാവപ്പെട്ടവരെ, പ്രത്യേകിച്ചും മറ്റു സമുദായക്കാരെ ഒരു കാരണവുമില്ലാതെ വെട്ടിയും കൊന്നും കാഫിറുകളെ കൊന്നെന്ന് മേനിനടിക്കുന്ന സാധാരണ ഭീകരവാദി മാത്രമായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ വീരേതിഹാസമായിരുന്ന ഭഗത്‌സിംഗുമായി വാരിയംകുന്നനെ താരതമ്യപ്പെടുത്താന്‍ എന്ത് രേഖയാണ് രാജേഷിന്റെ കൈയിലുള്ളത്? പ്രവര്‍ത്തനരീതിയില്‍, വിദ്യാഭ്യാസത്തില്‍, വിവേകത്തില്‍, സ്വന്തം ജീവിതത്തില്‍ ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ ഏതെങ്കിലും കാര്യത്തില്‍ വാര്യംകുന്നന് ഭഗത്‌സിംഗുമായി താരതമ്യമുണ്ടോ? ഇക്കാര്യത്തില്‍ ഒരു സംവാദത്തിന് ബഹുമാനപ്പെട്ട സ്പീക്കര്‍ തയ്യാറാണോ?
വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയും ധീരനായ പോരാളിയുമായിരുന്നു എന്ന ഭാഷ്യമാണ് സിപിഎമ്മും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായ വിജയരാഘവനും രാജേഷിനൊപ്പം തന്നെ മുന്നോട്ടു വയ്ക്കുന്നത്. രാജേഷിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്ന വിജയരാഘവന്‍ 1946ലെ പാര്‍ട്ടി നിലപാട് അതേപടി ആവര്‍ത്തിക്കുകയും ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു എന്നാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. എം.ബി രാജേഷ് ഇതേ നിലപാട് തന്നെയാണ് അനുവര്‍ത്തിച്ചത്. പക്ഷേ, രാജേഷ് സ്വന്തം നിലപാടില്‍ ഒരു കരണം മറിച്ചില്‍ നടത്തി. വാരിയംകുന്നന്റെയും ഭഗത്‌സിംഗിന്റെയും മരണം ഒരേ രീതിയില്‍ ആയിരുന്നു എന്നാണ് പിന്നീട് രാജേഷ് നല്‍കിയ ഭാഷ്യം. അതിലേക്ക് വരുംമുമ്പ് സി.പി.എം ഇക്കാര്യത്തില്‍ നടത്തിയ കള്ളത്തരവും ഒളിച്ചുകളിയും വ്യക്തമാക്കേണ്ടതുണ്ട്.
1921 ല്‍ മാപ്പിള ലഹള നടക്കുമ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.മാധവന്‍ നായര്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ.കേളപ്പന്‍, കെ.പി. കേശവമേനോന്‍, ഗോപാലമേനോന്‍ മഞ്ചേരി, സുന്ദരയ്യര്‍ തുടങ്ങി എല്ലാവരും തന്നെ മാപ്പിള കലാപത്തിലെ മതഭ്രാന്തിനെക്കുറിച്ചും വര്‍ഗീയതയെ കുറിച്ചും ഹിന്ദു വംശഹത്യയെക്കുറിച്ചും കൊടിയ പീഡനങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് മലബാര്‍ സന്ദര്‍ശിച്ച ആനി ബസന്റും മറ്റു പ്രമുഖരായ നേതാക്കളും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഗാന്ധിജിയും ഡോക്ടര്‍ ബി.ആര്‍ അംബേദ്കറും കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനവും ഒക്കെ തന്നെ ഇക്കാര്യത്തില്‍ നടന്ന കൊടും ക്രൂരതകളും വംശഹത്യയും തുറന്നുകാട്ടിയിട്ടുണ്ട്. ഇതിനെയൊക്കെ വെള്ളപൂശാന്‍ ഇത് കര്‍ഷകസമരമാണെന്ന ഭാഷ്യവുമായി വന്നത് ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു. മാപ്പിള കലാപം നടക്കുമ്പോള്‍ വെറും എട്ടുവയസ്സ് മാത്രം പ്രായമുള്ള കുട്ടിയായിരുന്നു ഇ.എം.എസ്. അദ്ദേഹത്തിന്റെ വീടിനുനേരെ ആക്രമണമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ ഏതോ ബന്ധുവിന്റെ ചുമലില്‍ കയറി തൃശ്ശൂര്‍ക്ക് പോവുകയായിരുന്ന നമ്പൂതിരിപ്പാട് എന്ത് ഓര്‍മ്മകളുടെ അടിസ്ഥാനത്തിലാണ് മാപ്പിളകലാപം കര്‍ഷക സമരമാണെന്ന് പറഞ്ഞത്? 1921 ല്‍ നടന്ന കലാപത്തിന് ഒരു തലമുറ കഴിയുമ്പോള്‍ 25 വര്‍ഷത്തിനുശേഷം കാര്‍ഷക സമരമായിരുന്നു എന്നുമൊക്കെ പുതിയ ഭാഷ്യം നല്‍കിയ ഇ എം എസ്സിന്റെ ലക്ഷ്യം മുസ്ലീം വോട്ട് ബാങ്ക് മാത്രമായിരുന്നു. അന്ന് മാപ്പിള ലഹളയെ കുറിച്ച് അന്വേഷണം നടത്തിയ സിഐ ഇന്‍സും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ഹിച്ച് കോക്കും കലാപത്തിനു ദൃക്‌സാക്ഷികള്‍ ആയിരുന്ന കെ.മാധവന്‍ നായരും കെ.പി.കേശവമേനോനുമടക്കം എല്ലാവരും വളരെ വ്യക്തമായി ഇതിന്റെ പിന്നിലെ മതഭ്രാന്തിനെ കുറിച്ചും വര്‍ഗീയ ലക്ഷ്യങ്ങളെക്കുറിച്ചും പറഞ്ഞതാണ്. തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കി അധികാരം പിടിച്ചവര്‍ക്കെതിരെയുള്ള അന്താരാഷ്ട്ര സമരത്തിന്റെ ഭാഗം മാത്രമായിരുന്നു. സ്വാതന്ത്ര്യ സമരത്തെ ഇതുമായി കൂട്ടിക്കെട്ടിയ ഗാന്ധിജിയുടെ നിലപാട് തെറ്റായിരുന്നുവെന്ന് ശങ്കരന്‍നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നു പറഞ്ഞതാണ്.
ഖിലാഫത്തിനൊപ്പം മലബാറില്‍ മാപ്പിളസ്ഥാന്‍ എന്ന പേരില്‍ സ്വതന്ത്ര ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുകയായിരുന്നു മാപ്പിള ലഹളക്കാരുടെ ലക്ഷ്യം. അയ്യായിരത്തിലേറെ ഹിന്ദുക്കളെ കൊന്നൊടുക്കി. ഇരുപതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്തു. ഗര്‍ഭിണിയുടെ വയര്‍ വെട്ടിക്കീറി ഭ്രൂണം പുറത്തുചാടി എന്ന സംഭവം ഗുജറാത്തിലല്ല, മലബാര്‍ കലാപത്തിലാണ് നടന്നത്. ഇക്കാര്യമൊക്കെ മറച്ചുവെച്ച് ഇതിനെ കാര്‍ഷിക സമരമാക്കാന്‍ വെമ്പല്‍ കൊള്ളുന്ന സിപിഎം പതിവുപോലെ 50 വര്‍ഷം കഴിഞ്ഞ്ഇതും തിരുത്തുമായിരിക്കും. ചരിത്രരേഖകളും രക്തസാക്ഷികളുടെ ഭാഷ്യങ്ങളും മുന്നില്‍വച്ച് ഒരു തുറന്ന സംവാദത്തിന് വിജയരാഘവനും എം.ബി രാജേഷും അടക്കമുള്ള സി.പി.എം നേതാക്കള്‍ തയ്യാറാണോ? ലഹളയുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന കാര്‍ഷിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് മുഴുവന്‍ രേഖകളും പരിശോധിച്ച് ഇന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് എം.ബി രാജേഷ് പുതിയ കടകം മറിച്ചിലിന് മറുപടി പറയേണ്ടത്. വാരിയംകുന്നന്‍ ഭഗത് സിംഗിനെ പോലെ കണ്ണു കെട്ടാതെ അതേപടി വെടി വെക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. മുസ്ലിം കലാപകാരിയും വെറും ഭീരുവും മാത്രമായിരുന്ന വാരിയംകുന്നന്‍ കണ്ണു കെട്ടാതെ അതേപടി വെടി വെക്കാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നതിന് ചരിത്രപരമായ എന്തു രേഖയാണ് എം.ബി രാജേഷിന് മുന്നോട്ട് വെക്കാന്‍ കഴിയുക? മാപ്പിള കലാപത്തെ വെള്ളപൂശാന്‍ ഉണ്ടാക്കിയ ഒരു സിനിമ ചരിത്ര രേഖയായി അല്ലെങ്കില്‍ പ്രമാണമായി കാണാന്‍ കഴിയുമോ? ചരിത്രത്തിന്റെ, മൗലികമായ ഗ്രന്ഥങ്ങളുടെ, സാഹിത്യത്തിന്റെ, രേഖകളുടെ പിന്‍ബലം ഇല്ലാത്തതാണ് ഈ അവകാശവാദം. അതേസമയം ഭഗത്‌സിംഗ് കണ്ണുകെട്ടാതെ ശിക്ഷ നടപ്പാക്കാനും മറ്റും ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ ജനറലിന് കത്തയച്ചതിന് രേഖകള്‍ ലഭ്യമാണു താനും.
ഇവിടെയാണ് രാജേഷ് സ്പീക്കര്‍ പദവി രാഷ്ട്രീയത്തിനു വേണ്ടി ദുരുപയോഗം ചെയ്തത്. യാതൊരു ആധികാരികതയുമില്ലാതെ, ചരിത്രരേഖകളില്ലാതെ വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാരിയംകുന്നന്‍ എന്ന മൂന്നാംകിട ക്രിമിനല്‍ കൊള്ളക്കാരനെ ഭഗത് സിംഗിനെ പോലെ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ പ്രകാശഗോപുരവുമായി തുല്യം ചെയ്ത് ഏതു മുസ്ലീം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു? അല്‍പ്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍, ഇരിക്കുന്ന കസേരയോട് ആദരവുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കി ഈ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ രാജേഷിന് കഴിയണം. ഇല്ലെങ്കില്‍ താന്‍ പറഞ്ഞത് തെറ്റാണെന്ന് തിരുത്തി പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണം. അതിനും കഴിയില്ലെങ്കില്‍ അന്തസ്സായി രാജിവെച്ച് പുറത്തു പോകണം. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ പരമോന്നത പദവിയായ സ്പീക്കര്‍സ്ഥാനം ഈ രീതിയില്‍ ദുരുപയോഗം ചെയ്യരുത്.