കേരളാ മോഡല്‍ ഒരുകാലത്ത് ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ-സാങ്കേതിക മേഖലകളിലൊക്കെ തന്നെ കേരള വികസനമാതൃക ദേശീതലത്തില്‍ തന്നെ ശ്രദ്ധേയമായി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് വകുപ്പ് സെക്രട്ടറിയായിരുന്ന കെ.പി.പി. നമ്പ്യാരെ കേരളത്തിലേക്ക് കൊണ്ടുവന്ന് കേരളത്തെ ജപ്പാനെ പോലെ ഇലക്‌ട്രോണിക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാന്‍ വിഭാവന ചെയ്തത് സി അച്യുതമേനോനായിരുന്നു. അവരുടെ സൃഷ്ടിയായിരുന്നു കെല്‍ട്രോണ്‍. കെല്‍ട്രോണ്‍ ടിവിക്കു വേണ്ടി കേന്ദ്രമന്ത്രിമാര്‍ വരെ ശുപാര്‍ശ ചെയ്ത ഒരു കാലമുണ്ടായിരുന്നു. അതിനെ തച്ചുതകര്‍ത്തത് സി.ഐ.ടി.യുവും സി.പി.എമ്മുമായിരുന്നു. അതാണ് കേരളത്തിലെ സി.പി.എം വികസനമാതൃകയുടെ തുടക്കം. കേരളം കണ്ട എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വച്ചതും തകര്‍ത്തെറിഞ്ഞതും സി.പി.എം തന്നെയായിരുന്നു. കെ കരുണാകരന്റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി തുടങ്ങിയപ്പോള്‍ അതിനെതിരെ ഏറ്റവും കൂടുതല്‍ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിയത് സി.പി.എം ആയിരുന്നു. പക്ഷേ, പിന്നീട് നെടുമ്പാശ്ശേരി വിമാനത്താവളം ഉണ്ടായപ്പോള്‍ അതിന്റെ നേതൃത്വത്തിലേക്ക് വരാനും നിയമനങ്ങള്‍ നടത്താനും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയാനും സി.പി.എമ്മിന് യാതൊരുവിധ ലജ്ജയും ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി ബോര്‍ഡ് സമരത്തിലും നമ്മള്‍ ഇത് കണ്ടതാണ്. ടി. എം.ജേക്കബ് പ്രീഡിഗ്രി ബോര്‍ഡ് തുടങ്ങിയപ്പോള്‍ അതിനെതിരെ സമരം ചെയ്തതും കേരളത്തിലെ വിദ്യാഭ്യാസമേഖല മുഴുവനും അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടതും സി.പി.എം ആയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന് ശേഷം ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജേക്കബ് നടപ്പാക്കിയ ബോര്‍ഡ് ഓര്‍ഡര്‍ ഒരു വ്യത്യാസവും ഇല്ലാതെ ഹയര്‍സെക്കന്ററി എന്ന പേരില്‍ നടപ്പിലാക്കി. വികസനത്തെയും സംസ്ഥാനത്തിന് പൊതു താല്‍പര്യങ്ങളുടെയും കാര്യത്തില്‍ ധാരാളം വികസന മാതൃകകള്‍ ഇടതുമുന്നണി നടപ്പാക്കിയിരുന്നു.
കേരളത്തിലെ ആരോഗ്യമേഖലയില്‍ കനത്ത നേട്ടമുണ്ടാക്കി എന്നുപറഞ്ഞ്, മേനി നടിച്ച് സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിച്ഛായാ നാടകം അവസാനിച്ചു കഴിഞ്ഞു. നിയമസഭയില്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാതെ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ് കുഴഞ്ഞിരിക്കുന്നത് പലപ്പോഴും സഹതാപത്തോടെയാണ് കണ്ടിരുന്നത്. ഇത് ഇന്ത്യയിലെ മൊത്തം കുറവാണോ? രോഗബാധിതരില്‍ പകുതിയിലേറെയും കേരളത്തിലാണ്. രോഗം പടരുന്നതും ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ആരോഗ്യ മാനേജ്‌മെന്റ് അനാസ്ഥയുമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ വേണ്ടിടത്തും വേണ്ടാത്തിടത്തും കുറ്റംപറയാനും അപമാനിക്കാനുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രി പ്രഭൃതികളുടെയും ശ്രമം. ഇത് മറ്റൊരു കേരള മാതൃകയാണ്. ആരോഗ്യമേഖലയില്‍ കേരളം തോറ്റു തുന്നം പാടിയിരിക്കുന്നു.
ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായിരിക്കുന്ന മറ്റൊരു കേരളമാതൃക രാജ്യസഭയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധമാണ്. കേരളനിയമസഭയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രതിഷേധം അടുത്തിടെ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലൂടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും പഴയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഇ.പി. ജയരാജനും തോമസ് ഐസക്കും ഒക്കെ ചേര്‍ന്ന് നടത്തിയ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭാസത്തരമായിരുന്നു നിയമസഭ കണ്ടത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ കെ.എം. മാണിയെ തടയാനെന്ന പേരില്‍ സ്പീക്കറുടെ പോഡിയവും കസേരയും മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടറും പബ്ലിക് അഡ്രസ് സിസ്റ്റവും അടക്കം തകര്‍ത്തെറിഞ്ഞു. ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയാത്ത ഈ സംഭവത്തെ തേച്ചുമാച്ചു കളയാനായിരുന്നു ഇടതുമുന്നണിയുടെ ശ്രമം. അതിനുവേണ്ടിയാണ് സുപ്രീംകോടതിയില്‍ വരെ പോയത്. നിയമസഭയില്‍ നടക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കും സഭാംഗം എന്ന നിലയില്‍ പ്രത്യേക പരിരക്ഷയുണ്ട് എന്നായിരുന്നു ഇടതുമുന്നണിക്കും പിണറായിക്കും വേണ്ടി കോടതിയില്‍ ഉയര്‍ത്തിയ വാദമുഖം. അപ്പോള്‍ തോക്ക് അടക്കം ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ അതിനും പരിരക്ഷയുണ്ടോ എന്ന പരിഹാസമായിരുന്നു കോടതി മറുപടിയായി ചോദിച്ചത്. നിയമം അനുശാസിക്കുന്ന തരത്തില്‍ നടപടി നേരിടാന്‍ കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി കേരള നിയമസഭയില്‍ നടന്ന ജനാധിപത്യത്തിന്റെ അവഹേളനത്തെ അതേ ഭാഷയിലാണ് വിമര്‍ശിച്ചത്. അതുകൊണ്ടുതന്നെ രാജ്യം മുഴുവന്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രാജ്യസഭയില്‍ പ്രതിപക്ഷ് പ്രതിഷേധമുണ്ടായത്. അത് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ പ്രതാപ് സിംഗ് ബാജ്വ രാജ്യസഭയുടെ ഉദ്യോഗസ്ഥ മേശപ്പുറത്ത് കയറി റൂള്‍ ബുക്ക് സഭാധ്യക്ഷന്റെ നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു. ആ സമയത്ത് മേശപ്പുറത്ത് വലിഞ്ഞു കയറിയ എം.പി.മാരില്‍ രണ്ട് എം.പിമാര്‍ മലയാളികളായിരുന്നു. ഒന്ന് സി.ഐ.ടിയുവിന്റെ അഖിലേന്ത്യ നേതാവായ എളമരം കരീമും മറ്റൊരാള്‍ സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വവും ആയിരുന്നു. സി.ഐ.ടി.യു നേതാവ്, മുന്‍മന്ത്രി എന്ന നിലയില്‍ സി.പി.എമ്മിന്റെ ചീഞ്ഞ സ്വഭാവം ഏതു വേദിയിലും കാണിക്കാന്‍ ഒരു മടിയും ഇല്ലാത്ത ആളാണ് എളമരം കരീം. ഇടതുമുന്നണിയുടെ മന്ത്രിയായിരിക്കുമ്പോള്‍ മുസ്ലീം ലീഗുമായുള്ള വഴിവിട്ട അവിശുദ്ധ ബന്ധം വിമര്‍ശന വിധേയമായിരുന്നു. സി.ഐ.ടി.യു എന്ന സംഘടനയ്ക്ക് എന്തുമാകാമെന്നും ആരെയും തല്ലാമെന്നും താന്തോന്നിത്തം ശക്തമായത് ഏത് കാലത്താണ്. നോക്കുകൂലിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത് സി.ഐ.ടി.യു ആണ്. കൊറോണോ രോഗബാധയില്‍ കേരളം ഞെരിപിരി കൊള്ളുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സൗജന്യമായി ലഭിച്ച വാക്‌സിന്‍ പോലും ഇറക്കാന്‍ അട്ടിമറിക്കൂലി ചോദിച്ച പ്രതിഭാശാലികളാണ് സി.ഐ.ടി.യുക്കാര്‍. കഴിഞ്ഞില്ല, ലോക്ഡൗണ്‍ ലംഘിച്ച് അതീവരഹസ്യമായി കോഴിക്കോട് ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ മദ്യം ഇറക്കിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സി.ഐ.ടി.യു ആയിരുന്നു. ജനം ടി.വി റിപ്പോര്‍ട്ടര്‍ എ.എന്‍.അഭിലാഷിനാണ് മര്‍ദ്ദനമേറ്റത്. എന്നാല്‍ ഈ സംഭവത്തെ അപലപിക്കാനോ ഖേദം പ്രകടിപ്പിക്കാനോ എളമരം തയ്യാറായില്ല. ഇതില്‍നിന്നൊക്കെ തന്നെ എളമരത്തിനും കേരളമോഡല്‍ മനസ്സിലാകും ഇതേ സ്വഭാവം തന്നെയാണ് രാജ്യസഭയില്‍ എളമരം ആവര്‍ത്തിച്ചത്. രാജ്യസഭയിലെ സുരക്ഷാ ചുമതലയുള്ള മാര്‍ഷല്‍മാരെ കഴുത്തിന് കുത്തിപ്പിടിച്ചാണ് എളമരം നേരിട്ടത്. അത് ശിവന്‍ കുട്ടിക്കൊപ്പം നിയമസഭയില്‍ ഉണ്ടായിരുന്ന എളമരം അതേ പരിപാടി രാജ്യസഭയിലും ആവര്‍ത്തിക്കുകയായിരുന്നു. എളമരം കരീം എന്ന മൂന്നാംകിട സി.ഐ.ടി.യു നേതാവില്‍ നിന്ന് രാജ്യവും നാടും നാട്ടാരും ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. പക്ഷേ, ബിനോയ് വിശ്വത്തിന്റെ കാര്യം അതല്ല.
ബിനോയ് വിശ്വം കേരളം പ്രതീക്ഷയോടെ കണ്ടിരുന്ന യുവ നേതാവായിരുന്നു. മന്ത്രിസ്ഥാനത്ത് കാര്യമായ പക്ഷപാതമോ അഴിമതിയോ ഇല്ലാതെ രാഷ്ട്രീയ നേതാക്കളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന പ്രകടനമാണ് ബിനോയ് വിശ്വം കാഴ്ചവച്ചത്. മൂന്നാറിലെ മുറിഞ്ഞു പോകുന്ന മലയോരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള കുറിഞ്ഞി സാങ്ച്വറി ഇന്നത്തെ രീതിയില്‍ രൂപകല്‍പ്പന ചെയ്തത് ബിനോയ് വിശ്വം ആയിരുന്നു. പെരുമാറ്റത്തിലും രാഷ്ട്രീയത്തിലും ഒക്കെ മാന്യത പുലര്‍ത്തിയിരുന്ന ബിനോയ് വിശ്വം നാലാംകിട സിഐടിയുകാരെ പോലെ വന്നിട്ടുണ്ടെങ്കില്‍ കാരണം സംസര്‍ഗ്ഗ ഗുണമായിരിക്കും. ബിനോയ് വിശ്വത്തില്‍ നിന്ന് കേരളം ഇത് പ്രതീക്ഷിച്ചില്ല. ചാനല്‍ ചര്‍ച്ചകളിലും കേന്ദ്രമന്ത്രിമാരുടെ പരാമര്‍ശങ്ങളിലും പത്രസമ്മേളനത്തിലുമൊക്കെ തന്നെ അവര്‍ പറഞ്ഞത് പ്രതിഷേധത്തിലെ കേരളമാതൃകയെ കുറിച്ചാണ്. തീര്‍ച്ചയായും ഇത് കേരളത്തിന്റെ പേരിലും കോട്ടം തട്ടിക്കുന്നതാണ്. സി.ഐ.ടി.യുക്കാരനായ എളമരം കരീമും എസ്.എഫ്.ഐക്കാരനായ ഡോക്ടര്‍ ശിവദാസനും തരംതാഴ്ന്ന രീതിയിലേക്ക് ബിനോയ് വിശ്വം താഴാന്‍ പാടില്ലായിരുന്നു. ഇത് വ്യക്തിപരമായ അഭിപ്രായം കൂടിയാണ്. രാഷ്ട്രീയത്തില്‍ വ്യക്തിബന്ധങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നറിയാം. പൊതുവേ മാന്യതയും കുലീനതയും പുലര്‍ത്തുന്ന നേതാക്കളാണ് സി.പി.ഐയില്‍ ഉണ്ടായിരുന്നത്. വെളിയം ഭാര്‍ഗവന്‍, സി.കെ.ചന്ദ്രപ്പന്‍, പി.കെ.വി തുടങ്ങി സത്യന്‍ മൊകേരി പ്രകാശ് ബാബുവും വരെ എത്തുന്ന നേതാക്കള്‍ മാന്യമായാണ് എന്നും എപ്പോഴും പെരുമാറുന്നത്. ബിനോയ് വിശ്വവും അവരെ പോലെ തന്നെയായിരുന്നു. ഇത്തവണ മേശപ്പുറത്ത് കയറാനും മാര്‍ഷല്‍മാരുടെ കഴുത്തിനു പിടിക്കാനും അദ്ദേഹത്തിന് പ്രചോദനമായത് എന്താണെന്ന് മനസ്സിലാകുന്നില്ല.
ഏതായാലും കേരളത്തിന്റെ സല്‍പ്പേരാണ് എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ചേര്‍ന്ന് പാര്‍ലമെന്റില്‍ തകര്‍ത്തത്. ഒരുപക്ഷേ, ഈ ലേഖനം അച്ചടിച്ചു വരുമ്പോഴേക്കും രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇവര്‍ക്കെതിരായ നടപടി എടുത്തിരിക്കും. നടപടി വന്നാലും ഇല്ലെങ്കിലും കേരളത്തിന്റെ മാനം കപ്പല്‍ കയറിയതിന് ഈ രണ്ടു നേതാക്കന്മാരും കേരള സമൂഹത്തോട് മാപ്പ് പറയേണ്ടതാണ്. ഒരു ഉപരാഷ്ട്രപതി അല്ലെങ്കില്‍ രാജ്യസഭയുടെ അധ്യക്ഷന്‍ അംഗങ്ങളുടെ അച്ചടക്കരാഹിത്യത്തിനും പെരുമാറ്റ ദൂഷ്യത്തിനും സഭയില്‍ കരഞ്ഞത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. അതിനുത്തരവാദികള്‍ ബിനോയ് വിശ്വവും എളമരം കരീം ആണെന്നറിയുമ്പോള്‍ ആരെയും അത് വേദനിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവര്‍ കേരളത്തോട് മാപ്പുപറയണം.