കൊറോണ രോഗനിയന്ത്രണത്തില്‍ കേരളം ലോകത്തിന് മാതൃകയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയ്ക്കും അന്താരാഷ്ട്ര അംഗീകാരം…. തുടങ്ങി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ തള്ളുകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അമേരിക്കയിലെ ഏതോ സര്‍വകലാശാലയില്‍ നിന്ന് സംഘടിപ്പിച്ച പിഞ്ഞാണവും സോപ്പുപെട്ടിയും ഒക്കെയായി മുഖ്യമന്ത്രി പിണറായി വിജയനും ടീച്ചറമ്മയും കേരളത്തിലെ സാധാരണക്കാരെ, പാവപ്പെട്ടവരെ പറ്റിച്ചതിന് അതിരുകളില്ലായിരുന്നു. കൊറോണ രോഗബാധയെ നേരിടാന്‍ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും ശക്തമായ നടപടികളാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് അവര്‍ കേരളത്തോട് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മികച്ച സംവിധാനം ഏര്‍പ്പെടുത്തിയെന്ന് അവകാശപ്പെട്ടു. സാധാരണക്കാരായ മലയാളികള്‍ മുഴുവന്‍ ഇത് ശരിയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് ഇതിന്റെ പുറംപൂച്ചും കള്ളത്തരവും പുറത്തുവന്നത്. പണം കൊടുത്ത് വാര്‍ത്ത എഴുതിക്കുന്ന വിദേശ മാധ്യമങ്ങളിലും പണം നല്‍കി ഫീച്ചറുകള്‍ നല്‍കുന്ന കൊമേഴ്‌സ്യല്‍ വിഭാഗത്തിലും സര്‍ക്കാരിനെ വാഴ്ത്തുന്ന ലേഖനങ്ങള്‍ വന്നിരുന്നു. ഇതിനൊക്കെ പിന്നില്‍ ധനസ്രോതസ്സും പാര്‍ട്ടി ബന്ധങ്ങളും ഒക്കെ തന്നെയായിരുന്നുവെന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതേസമയം കേരളത്തിലെ കൊറോണ രോഗബാധ അന്തര്‍ദേശീയതലത്തില്‍ തന്നെ ഇന്ന് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള 40 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലാണ്. ദേശീയതലത്തില്‍ 12 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത്. ഇവയില്‍ നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോഴും രോഗം അനിയന്ത്രിതമായി തുടരുന്നത്. ഈ നാല് സംസ്ഥാനങ്ങളില്‍ ഏറ്റവും മുകളില്‍ തന്നെ കേരളമുണ്ട്. എന്താണ് കേരളത്തില്‍ സംഭവിച്ചത്? 100 ശതമാനം സാക്ഷരതയും ഉയര്‍ന്ന ശാസ്ത്രാവബോധവും ഉന്നത വിദ്യാഭ്യാസ യോഗ്യതയും ഇന്ത്യയില്‍ തന്നെ മെച്ചപ്പെട്ട പ്രതിശീര്‍ഷ വരുമാനവും ഒക്കെയുള്ള കേരളം എങ്ങനെ അന്താരാഷ്ട്രതലത്തില്‍ തന്നെ കൊറോണയുടെ ഏറ്റവും വലിയ കേന്ദ്രമായി മാറി? ഇക്കാര്യം ആദ്യം കേരളം ആഴത്തില്‍ പഠിക്കേണ്ടതാണ്.
കേരളത്തിലെ രോഗബാധയുടെ തീവ്രത പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു സംഘത്തെ അയച്ചിരുന്നു. അവര്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തി. ആരോഗ്യവിദഗ്ധരും ആരോഗ്യരംഗത്തെ പൊതുപ്രവര്‍ത്തകരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ തുടങ്ങി എല്ലാവരുമായും ചര്‍ച്ച നടത്തി. കൊറോണ പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലുണ്ടായ ജാഗ്രതക്കുറവിന്റെ കാരണവും അവര്‍ പരിശോധിച്ചു. കൊറോണാ മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനദണ്ഡം ലംഘിച്ച് നല്‍കിയ ഇളവുകളും, ലോക്ഡൗണ്‍ ക്വാറന്റൈന്‍ സംവിധാനങ്ങളില്‍ നല്‍കിയ അനാവശ്യമായ ഇളവുകളുമാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്രസംഘം കണ്ടെത്തി. ഈ റിപ്പോര്‍ട്ട് സംഘം കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സൂഖ് സിംഗ് മാണ്ഡവ്യയ്ക്ക് നല്‍കി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളം സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് മണ്‍സൂഖ് സിംഗ് മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനോട് ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഈദിനും റംസാനും പെരുന്നാളിനുമൊക്കെ ഈ തരത്തില്‍ ഇസ്ലാമിക സമൂഹത്തോട് പുലര്‍ത്തിയ പ്രീണനത്തിലെ രാഷ്ട്രീയം കേരളം കണ്ടതാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശന കൊടുങ്കാറ്റ് മുഖ്യമന്ത്രി കണ്ടില്ല, അറിഞ്ഞില്ല, അല്ലെങ്കില്‍ കണ്ടതായി നടിച്ചില്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും എല്ലാവരോടും തുല്യമായി പെരുമാറുകയും ചെയ്യണമെന്ന് ഭരണഘടന അനുശാസിക്കുമ്പോഴും എന്തുകൊണ്ട് ഇസ്ലാമിക സമൂഹത്തിനു മാത്രം പിണറായി സര്‍ക്കാര്‍ ഇത്തരത്തിലുള്ള അനര്‍ഹമായ പരിഗണന നല്‍കുന്നു എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. മറ്റെല്ലാ മതക്കാരും പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ നടത്തുമ്പോള്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ മാത്രം തുറന്നു കൊടുക്കണമെന്ന കാന്തപുരത്തിന്റെയും സുന്നികളുടെയും ആവശ്യത്തിന് പിണറായി എന്തിനു വഴങ്ങി എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഇന്ന് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള ജില്ലയായി മലപ്പുറം മാറിയിരിക്കുന്നു. വീടുകളില്‍ തന്നെ രോഗബാധിതര്‍ ക്വാറന്റൈനില്‍ കഴിയാന്‍ അവസരമൊരുക്കി. അപ്പോള്‍ അത് ഒരു കൊറോണ ബോംബായി മാറുകയായിരുന്നു. മലപ്പുറം ജില്ലയിലെ വീടുകളിലായി ഇന്ന് ആയിരങ്ങളാണ് രോഗബാധിതരായുള്ളത്. റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഉണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ഇതോടൊപ്പം കൊറോണയ്‌ക്കെതിരെ ജില്ലയില്‍ ചില ഇസ്ലാമിക ഭീകര തീവ്രവാദ സംഘടനകള്‍ പ്രചാരണം നടത്തുന്നുണ്ട്. അവര്‍ പറയുന്നത് കൊറോണാ വാക്‌സിന്‍ ഇസ്ലാമിക സമൂഹത്തെ ഇല്ലാതാക്കാനും ജനനശേഷി ഇല്ലാതാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നാണ്. അതുകൊണ്ട് ഒരു വാക്‌സിനും എടുക്കരുതെന്നാണ് പ്രചരിപ്പിക്കുന്നത്. ചില മൗലവിമാര്‍ ഇത്തരത്തിലുള്ള പ്രചാരണം മൈക്ക് കെട്ടി തന്നെ നടത്തുന്നുണ്ട്. ഇസ്ലാമിക പ്രഭാഷണം എന്ന പേരില്‍ നടത്തുന്ന ഇത്തരം പ്രബോധനങ്ങള്‍ പാവപ്പെട്ട സാധാരണക്കാരായ മുസ്ലീങ്ങള്‍ ദൈവത്തിന്റെ വാക്കുകളായാണ് കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ വാക്‌സിന് എതിരായ പ്രചാരണം അതിശക്തമായി ഇവിടെ നടക്കുന്നു. കുറച്ചൊക്കെ ബോധമുള്ള ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ പോകുന്നുണ്ടെങ്കിലും വിദ്യാഭ്യാസപരമായി മെച്ചപ്പെട്ട നിലയിലല്ലാത്ത സാധാരണക്കാര്‍ വാക്‌സിന്‍ കുത്തിവെച്ചിട്ടില്ല. ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട് എന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. നേരത്തെ പോളിയോ വാക്‌സിന് എതിരെയും ഇതേ പ്രചാരണം നടന്നിരുന്നു.
പെരുന്നാളിനും ആഘോഷങ്ങള്‍ക്കും ഇളവനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ഐ എംഎ അന്നുതന്നെ രംഗത്ത് വന്നതാണ്. കേരളത്തിലെ ലോക്ഡൗണ്‍ സംവിധാനം അശാസ്ത്രീയമാണെന്നും ആരോടും പ്രത്യേക പരിഗണനയില്ലാതെ രോഗബാധ തടയാനുള്ള ശ്രമമാണ് വേണ്ടതെന്നും ഐ എം എ ശക്തമായി ആവശ്യപ്പെട്ടതാണ്. ഐ എം എ അടക്കമുള്ള ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍ പറഞ്ഞ കാര്യം പോലും കേള്‍ക്കാനുള്ള മര്യാദയും മാന്യതയും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ ഉപദേശിച്ച് നശിപ്പിക്കുന്ന സംഘത്തിനും ഉണ്ടായില്ല. അമേരിക്കയില്‍ നിന്ന് കിട്ടിയ കുപ്പിപ്പിഞ്ഞാണത്തിന്റെ ഔദ്ധത്യം പിണറായിക്ക് തലയ്ക്ക് പിടിച്ചിരിക്കുന്നു. ആരോഗ്യമന്ത്രിയായി പുതിയതായി എത്തിയ വീണാ ജോര്‍ജിനെ ഇടതുപക്ഷ അനുയായികളായ ഉദ്യോഗസ്ഥര്‍ക്ക് അത്ര താല്പര്യം പോരാ. കാരണം ടീച്ചറമ്മയുടെ കാലത്ത് നടന്നിരുന്ന എല്ലാ ഉഡായിപ്പുകള്‍ക്കും ഒരു പരിധിവരെ ഇവര്‍ കടിഞ്ഞാണിട്ടു. അതുകൊണ്ടുതന്നെ വീണാ ജോര്‍ജ് അവരുടെ ഹിറ്റ് ലിസ്റ്റില്‍ ആണ്.
അവസാനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഇളവുകള്‍ പോലും പ്രായോഗികമാണെന്ന് തോന്നുന്നില്ല. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ രണ്ടു വാക്‌സിന്‍ എടുത്തിരിക്കണം, ഇല്ലെങ്കില്‍ ടെസ്റ്റ് എടുത്തിരിക്കണം തുടങ്ങി പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലെ പോലെ വിഡ്ഢിത്തം കാട്ടി ജീവിതോപാധികള്‍ മുടക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാതിരുന്നാല്‍ തിരക്കു കുറയുമെന്ന സങ്കല്പമാണ് കേരളം പുലര്‍ത്തിയത്. എന്നാല്‍ കുറച്ചു സമയം മാത്രം തുറക്കുമ്പോഴാണ് തിരക്ക് കൂടുന്നത് എന്നകാര്യം അവര്‍ കണ്ടില്ല. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയാണ് കര്‍ണാടക, തമിഴ്‌നാട് എന്നിവര്‍ നല്‍കിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം നടപടി സ്വീകരിച്ചത്. നിയന്ത്രണങ്ങള്‍ പോലീസിന്റെ ദയയ്ക്ക് വിട്ടുകൊടുക്കുന്നതിന് പകരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കില്‍ കുറച്ചുകൂടി സ്ഥിതിഗതികള്‍ മെച്ചപ്പെടുമായിരുന്നു. ജീവനോപാധികള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. അന്ന്, സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ആഢ്യന്‍ ശ്രമമാണ് മുന്നില്‍ നിന്നത്. ഇത് വിദേശ മാധ്യമങ്ങളുടെയും ചില സര്‍വകലാശാലകളില്‍ നിന്ന് ആദരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെയും ഭാഗം മാത്രമായിരുന്നു. കൊറോണ കുറച്ചു കാലം കൂടി ജീവിതത്തിലുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സാഹചര്യത്തിനനുസരിച്ച് പ്രായോഗികമായി, ശാസ്ത്രീയമായി നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും അതുവഴി രോഗബാധ കുറയ്ക്കാനുമാണ് ശ്രമിക്കേണ്ടിയിരുന്നത്. ആദ്യം വാക്‌സിന്‍ ഉപയോഗം എതിര്‍ത്തവര്‍ ഇപ്പോള്‍ വാക്‌സിനു വേണ്ടി പരക്കം പായുന്നു. പോര്‍ട്ടല്‍ അട്ടിമറിച്ച് സഖാക്കള്‍ക്ക് കൊടുത്തു എന്ന ആരോപണം വേറെയും. രാഷ്ട്രീയത്തിനതീതമായി കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചു നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുകയും നിയന്ത്രണത്തിലാവുകയും ചെയ്തു. ഇനിയെങ്കിലും ഡല്‍ഹിയിലും മറ്റും എങ്ങനെ നിയന്ത്രണം നടപ്പാക്കി എന്ന് പിണറായി കണ്ടുപഠിക്കണം. കേരളം കൈവിട്ട കളിയാണ് കളിച്ചത്. ഒരു മതത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി മുഖ്യമന്ത്രി എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയത് തത്വാധിഷ്ഠിതമാണോ എന്ന് സ്വയം പരിശോധിക്കണം.