Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക

സ്വാമി നന്ദാത്മജാനന്ദ

Print Edition: 20 August 2021

ആഗസ്റ്റ് 27 സ്വാമി ആഗമാനന്ദ ജന്മദിനം

ഇരുളിലൂടെ സഞ്ചരിക്കുന്ന മനുഷ്യരാശിക്ക് വഴിവിളക്കായിത്തീരുന്നവരെ നാം മഹാത്മാക്കളെന്നാണ് വിളിക്കാറ്. അത്തരത്തില്‍ കേരളത്തിലെമ്പാടുമുള്ള ജനതക്കുവേണ്ടി സ്വയം വിളക്കായി കത്തിയെരിഞ്ഞ ഒരു അപൂര്‍വ്വ ജീവിതമായിരുന്നു ആഗമാനന്ദസ്വാമികളുടേത്. ഏതാണ്ട് ആറുപതിറ്റാണ്ട് മുമ്പുള്ള കാലഘട്ടം, രണ്ടില്‍ കൂടുതല്‍ നാട്ടുരാജ്യങ്ങളുണ്ടായിരുന്ന അന്നത്തെ കേരളത്തിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക. അജ്ഞതയിലാണ്ട ബഹുഭൂരിപക്ഷം ജനങ്ങളും മതത്തിന്റെ പേരില്‍ കുറെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തീണ്ടലും തൊടീലും മറ്റും) മുറുകെപ്പിടിച്ചുകൊണ്ട് ഇരുട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുന്നു. വിദ്യാഭ്യാസം നേടിയ അഭ്യസ്തവിദ്യരാവട്ടെ, ബ്രിട്ടീഷുകാരുടെ ആവശ്യത്തിനനുസരിച്ച് അവര്‍തന്നെ തയ്യാറാക്കിയ പാശ്ചാത്യവിദ്യാഭ്യാസം നേടിക്കൊണ്ട് ആ സംസ്‌കാരത്തിലഭിമാനിച്ച് ഭാരതീയ പാരമ്പര്യത്തിന്റെ മുഖ്യധാരയില്‍നിന്നും അകന്നുപൊയ്‌ക്കൊണ്ടുമിരുന്നു. ഇന്ത്യയെ സംബന്ധിച്ചും കേരളത്തെസംബന്ധിച്ചും നിര്‍ണായകമായ ഈ ഒരു കാലഘട്ടത്തിലാണ് ആഗമാനന്ദസ്വാമികള്‍ ഇവിടുത്തെ ജനങ്ങള്‍ക്കിടയിലേക്കു രംഗപ്രവേശനം ചെയ്തത്.

മഹാത്മാഗാന്ധിയെപ്പോലും വിസ്മയിപ്പിച്ച അസാമാന്യ പണ്ഡിതന്‍, താനാര്‍ജ്ജിച്ച ആത്മൗന്നത്യത്തെ സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായര്‍പ്പിച്ച നവോത്ഥാന നായകന്‍, ആധുനിക വിദ്യാഭ്യാസത്തില്‍ സംസ്‌കൃതത്തിനും പൈതൃകത്തിനുമുള്ള അനന്തസാധ്യതകളെ മനോവികാസവിദ്യയാക്കി പ്രയോജനപ്പെടുത്തിയ വിദ്യാഭ്യാസചിന്തകന്‍, വേദാന്തത്തിന് ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാര്‍ കൊടുത്ത നൂതനവ്യാഖ്യാനത്തെ കേരളീയമനസ്സുകളുടെ മുമ്പിലവതരിപ്പിച്ച് സനാതനസംസ്‌കൃതിയുടെ അടിത്തറയെ അരക്കിട്ടുറപ്പിച്ച ആദ്ധ്യാത്മികാചാര്യന്‍, മാനവജനതയുടെ ഏകതയെ പ്രഖ്യാപിക്കുന്ന അദ്വൈതസന്ദേശത്തെ എല്ലാ ജീര്‍ണ്ണതകള്‍ക്കുമുള്ള മറുമരുന്നാക്കിക്കൊണ്ട് ശങ്കരാചാര്യരുടെ ജന്മദേശത്തെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ലോകത്തിനുമുമ്പില്‍ കാട്ടിക്കൊടുത്ത ക്രാന്തദര്‍ശി – എന്നിങ്ങനെയെല്ലാമായി ആ നക്ഷത്രശോഭ സമൂഹശരീരത്തിലേക്കു വെളിച്ചം പരത്തി. അങ്ങനെ അജ്ഞാനത്തിന്റെ ഇരുട്ടറകളില്‍നിന്നും, പ്രകാശമാനമായ ചക്രവാളങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ജനതയുടെ പ്രയാണം ഇവിടെ സുസാദ്ധ്യമായിത്തീര്‍ന്നു.

സനാതന സംസ്‌കാരത്തിന്റെ സന്ദേശവാഹകന്‍
ഭാരതത്തിന്റെ പ്രാണനായ ആദ്ധ്യാത്മികതയാണ്(സനാതനധര്‍മ്മം) ലോകത്തിനെയാകെ വഴി നടത്തേണ്ടതെന്ന സത്യം ലോകത്തിനുമുമ്പില്‍ വെളിപ്പെടുത്തിയതും, അതിനായി ഭാരതാംബയെ ഉണര്‍ത്താനും ആധുനികരോട് ആഹ്വാനം ചെയ്തത് സ്വാമി വിവേകാനന്ദനായിരുന്നു. മഹാത്മാഗാന്ധിയുടെയും മറ്റും സ്വരാജ്യസ്‌നേഹത്തിനു പിന്നിലെ രഹസ്യവും മറ്റൊന്നായിരുന്നില്ല. ”ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ”(രാമായണം) എന്നു പൗരാണിക കവികള്‍ പോലും പാടിയിട്ടുണ്ടല്ലോ. സ്വാമിജിയുടെ വാക്കുകള്‍ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കുക, ”എന്റെ അഭിമാനം എന്നെ ചൊല്ലിയല്ല; എന്റെ പൂര്‍വ്വികരെ ചൊല്ലിയാണ് എന്നു ഞാന്‍ വ്യക്തമാക്കട്ടെ.” ഭാരതത്തോടുള്ള ഭക്തി എന്നതുകൊണ്ട് സ്വാമിജി ഉദ്ദേശിച്ചത് ഈ സംസ്‌കാരത്തോടും അതിന്റെ ശില്‍പികളായ ഋഷിപരമ്പരയോടുള്ള ആരാധനാഭാവവുമായിരുന്നു.

മനുഷ്യത്വംപോലും നിഷേധിക്കപ്പെട്ട ഈ ജനവിഭാഗമാണ് അക്കാലത്ത് ഒരു മോചനമാര്‍ഗ്ഗമെന്ന നിലയില്‍ മതപരിവര്‍ത്തനം ചെയ്തു സനാതനധര്‍മ്മത്തില്‍നിന്നും അകന്നുപോയത്. ഇവിടെ, ഭാരതം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെയും ശാശ്വതപരിഹാരമായി സ്വാമി വിവേകാനന്ദന്‍ നിര്‍ദ്ദേശിച്ചത് അടിസ്ഥാന വിദ്യാഭ്യാസമായിരുന്നു. ബഹുജനങ്ങളുടെയിടയില്‍ വിദ്യാഭ്യാസത്തെ പ്രചരിപ്പിക്കണമെന്ന് സ്വാമിജി ആവശ്യപ്പെട്ടു.

വിവേകാനന്ദസ്വാമികളുടെ ആഹ്വാനങ്ങളത്രയും മനസ്സിലേറ്റിക്കൊണ്ടാണ് ആഗമാനന്ദസ്വാമികള്‍ കേരളസമൂഹത്തിലേക്കു കടന്നുവന്നത്. അങ്ങനെ അയിത്താചരണങ്ങളും അന്ധവിശ്വാസങ്ങളും കണ്ട് സഹികെട്ട് ‘ഭ്രാന്താലയ’മെന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ച കേരളത്തില്‍നിന്ന് ഈ നൂറ്റാണ്ടില്‍ തന്നെ ജാതിക്കെതിരായി ഒരു കാഹളം മുഴങ്ങി- ”ജന്മംകൊണ്ടുള്ള തീണ്ടലും, തൊടീലും ഹിന്ദുധര്‍മ്മത്തിന്റെ അംശമല്ല” സനാതനധര്‍മ്മത്തിന്റെ മഹിമയും കാലദേശാതീതമായ അതിന്റെ പ്രസക്തിയും ഉദ്‌ബോധിപ്പിച്ച ആഗമാനന്ദജി ഹിന്ദുമതത്തിലെ ‘ജാതിഭേദം’ എന്നത് വേദാന്തം അറിയുന്നിടത്തോളം മാത്രമേ നിലനില്ക്കൂ എന്നു പറഞ്ഞു. അധഃകൃതരെ ഉദ്ധരിക്കാനും അവര്‍ക്കു വിദ്യാഭ്യാസം നല്‍കാനുമായി അദ്ദേഹം താനാര്‍ജ്ജിച്ചടുത്ത ശക്തിമുഴുവന്‍ വിനിയോഗിച്ചു. പ്രഭാഷണത്തിലൂടെയും ഗ്രന്ഥപ്രസാധനത്തിലൂടെയും അതിന്റെ വിതരണത്തിലൂടെയും അദ്ദേഹം കേരളജനതയെ ഉദ്ബുദ്ധരാക്കാനും കൂടി ശ്രമിച്ചു. ഉത്സവപ്പറമ്പിലെ മതപ്രസംഗങ്ങളിലൂടെയും മറ്റും സ്വാമിജി ഉദ്ദേശിച്ചത്, ”മുഹമ്മദ് മലയുടെ അടുത്തേക്കെത്തിയില്ലെങ്കില്‍ മല മുഹമ്മദിനടുത്തേക്കെത്തണ”മെന്ന പതിതോദ്ധാരണത്തിനുള്ള വിവേകാനന്ദപദ്ധതിയായിരുന്നു. ഇതിനൊക്കെയായി ആഗമാനന്ദജി കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റം വരെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

അന്നത്തെ കേരളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ട് ഇരുട്ടിലാണ്ടുപോയ ഒരു കാലഘട്ടമായിരുന്നു അത്. ജാതിയില്‍ താണവര്‍ക്കു വഴിനടക്കാന്‍ പോലുമുള്ള അവകാശമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ വഴിയില്‍പ്പോലും അവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പട്ടു. ബഹുഭൂരിപക്ഷം പേര്‍ക്കും വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെട്ട ഒരു രീതി നിലനിന്നിരുന്ന സമയം. ഈ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാകേണ്ടിവന്ന അവര്‍ണ്ണവിഭാഗം കൂട്ടത്തോടെ ഹിന്ദുമതം വിട്ടുപോകാന്‍ തയ്യാറെടുത്തുകൊണ്ടിരുന്നു. എന്തുവന്നാലും ചാതുര്‍വ്വര്‍ണ്ണ്യം (ജാതിവ്യത്യാസം) നിലനില്‍ക്കേണ്ടതാണെന്ന നിശ്ചയത്തിന്മേല്‍ ഉറച്ചുനിന്നിരുന്ന സവര്‍ണ്ണമേധാവികള്‍ തങ്ങളുടെ വാദങ്ങള്‍ ഉറപ്പിച്ചെടുക്കാനായി ശാസ്‌ത്രോക്തികളെപ്പോലും വളച്ചൊടിച്ചു. അവര്‍ ശങ്കരാചാര്യസ്വാമികളെ ‘ജാതി വ്യത്യാസ’ ത്തിന്റെ വക്താവാക്കിമാറ്റുകയും ചെയ്തു. ഇതുതന്നെ തക്കമെന്നു കരുതിയ ക്രിസ്ത്യന്‍ മിഷണറിമാര്‍ ശക്തമായ തോതില്‍ മതപരിവര്‍ത്തനം നടത്തിക്കൊണ്ടുമിരുന്നു. മലബാര്‍ ഭാഗത്താകട്ടെ മാപ്പിളലഹളയും, മുമ്പുപറഞ്ഞതുപോലെ എല്ലാ ക്ഷേത്രങ്ങളും തന്നെ അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാത്ത സവര്‍ണസങ്കേതങ്ങളായി മാറുകയും ചെയ്തു. ഇത്രമാത്രം ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന ഒരു ദശാസന്ധി ഉണ്ടായിരുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുദേവന്റേയും ധാര്‍മ്മിക പിന്തുണയോടുകൂടി നടന്ന രണ്ടു സമരങ്ങളായിരുന്നു വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും. ഈ സത്യഗ്രഹത്തിലെ സജീവ പങ്കാളിത്തമായിരുന്നു കൃഷ്ണന്‍ നമ്പ്യാതിരി(ആഗമാനന്ദജിയുടെ പൂര്‍വ്വാശ്രമനാമം). തീണ്ടലും തൊടീലും സനാതനധര്‍മ്മത്തിന്റെ ഭാഗമല്ലെന്ന് ധീരമായി പ്രഖ്യാപിക്കുകയും ഇക്കാര്യത്തില്‍ വേദങ്ങള്‍ ഉപനിഷത്തുകള്‍, ഭഗവദ്ഗീത എന്നീ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നും തെളിവുകള്‍ ഹാജരാക്കി യാഥാസ്ഥിതകരോട് ഏറ്റുമുട്ടുകയും ചെയ്തുകൊണ്ട് നമ്പ്യാതിരി സമരത്തിന്റെ മുന്‍നിരനേതാക്കന്മാരോടൊപ്പമുണ്ടായിരുന്നു.

ക്ഷേത്രപ്രവേശനവാദം അങ്ങനെ കേരളത്തെ ഇളക്കിമറിച്ചിരുന്ന ഒരു മുഖ്യചര്‍ച്ചാവിഷയമായി മാറി. 1932-ല്‍ തിരുവിതാംകൂര്‍ ഗവ: നിയോഗിച്ച കമ്മറ്റി റിപ്പോര്‍ട്ട് ക്ഷേത്രപ്രവേശനത്തിന് അനുകൂലമായിരുന്നില്ല. അസംതൃപ്തരായിരുന്ന അവര്‍ണ്ണര്‍ കൂടുതല്‍ അസംതൃപ്തരായിത്തുടങ്ങി. ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യര്‍ ഈ കാര്യങ്ങളെയെല്ലാം വളരെ പക്വതയോടുകൂടിയാണ് നോക്കിക്കണ്ടത് എന്നു പറയേണ്ടിയിരിക്കുന്നു. ഈ സമയത്ത് വളരെ വിലപ്പെട്ട ഉപദേശങ്ങളാണ് അദ്ദേഹം ചിത്തിര തിരുനാള്‍ മഹാരാജിനു നല്‍കിയത്. ദിവാന്റെ സുഹൃത്തായിരുന്ന ആഗമാനന്ദസ്വാമികള്‍ ദിവാനില്‍ ചെലുത്തിയ പ്രേരണകൂടിയാണ് ക്ഷേത്രപ്രവേശന വിളംബരത്തി്‌നു കാരണമായത്.

ആഗമാനന്ദസ്വാമികളുടെ രംഗപ്രവേശം-അദ്ദേഹം ഉദ്‌ബോധിപ്പിച്ച കാര്യങ്ങള്‍
ഭാരതത്തിന്റെ ഭാവിയെ ആശ്രയിച്ചാണ് ലോകൈശ്വര്യം വര്‍ത്തിക്കുന്നത്. ലോകൈശ്വര്യം ശോഭനമാക്കിത്തീര്‍ക്കുന്നതിന് അത്യന്താപേക്ഷിതമായ മതൈക്യം ഒരു പ്രത്യേക വ്യക്തിയാല്‍ സ്ഥാപിതമല്ലാത്തതും, ലോകത്തുള്ള സകല മതങ്ങള്‍ക്കും സകല സിദ്ധന്മാര്‍ക്കും അവതാരപുരുഷന്മാര്‍ക്കും ജന്മംകൊടുത്തതും, സയന്‍സിനോടും തത്ത്വശാസ്ത്രത്തോടും ഏറ്റവും യോജിക്കുന്നതും ആപ്തന്മാരായ എല്ലാ ആചാര്യന്മാരുടെ ഉപദേശങ്ങളേയും പ്രമാണത്യേന സ്വീകരിക്കുന്നതും, യുക്തിവാദികളുടെ വാദങ്ങളെ ലവലേശം പോലും ഭയപ്പെടാത്ത വേദാന്തത്തിന്റെ പ്രചാരണങ്ങള്‍കൊണ്ടേ സാധിക്കൂ. ഈ വേദാന്തം എല്ലാ തത്ത്വചിന്തകന്മാര്‍ക്കും തൃപ്തി നല്‍കുന്നതും അപരോക്ഷാനുഭൂതിയെന്ന പരമലക്ഷ്യത്തോടുകൂടിയതുമാണ്. അത്തരമൊരു തത്ത്വശാസ്ത്രത്തിന്റെ(വേദാന്തം) സജീവ ദൃഷ്ടാന്തവും പ്രവാചകനുമാണ് ശ്രീരാമകൃഷ്ണന്‍ എന്നും അദ്ദേഹത്തിന്റെ ദിവ്യസന്ദേശത്തെ വര്‍ഗ്ഗവര്‍ണ്ണാദി ഭേദമെന്യേ വിതരണം ചെയ്യുന്നതിന് അവതരിച്ച മഹാനാണ് സ്വാമി വിവേകാനന്ദനെന്നും ആഗമാനന്ദജി വിശ്വസിച്ചു. അതിനെ ആധാരമാക്കിക്കൊണ്ടാണ് ശ്രീരാമകൃഷ്ണ അദ്വൈതാശ്രമസ്ഥാപനം, വിദ്യാലയപ്രവര്‍ത്തനം, പ്രസിദ്ധീകരണങ്ങള്‍, ആശുപത്രി തുടങ്ങിവയ്‌ക്കെല്ലാം അദ്ദേഹം മുന്‍കൈയ്യെടുത്തത്.

ഭാരതത്തിന്റെ അപകര്‍ഷത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നായി സ്വാമികള്‍ കണ്ടെത്തിയത് ജാതിവഴക്കായിരുന്നു. വൈദികമതത്തിന്റെ അതിശോചനീയമായ അവസ്ഥക്കുകാരണം പുരോഹിതതന്ത്രവും ഈ ജാതിയുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ധര്‍മ്മശാസ്ത്രങ്ങളുടെ ഇടയ്ക്ക് ബ്രാഹ്മണന്‍ കപടപ്രമാണങ്ങള്‍ ഉണ്ടാക്കിച്ചേര്‍ത്തു. എന്നിട്ട് ഈ കപടപ്രമാണങ്ങളെ ശാസ്ത്രങ്ങളാക്കി പ്രചരിപ്പിച്ചു. അപകര്‍ഷത്തിനുള്ള മറ്റു കാരണമായി അദ്ദേഹം കണ്ടെത്തിയ മറ്റൊരു കാര്യം സാമാന്യജനങ്ങള്‍ക്ക് ശാസ്ത്രങ്ങള്‍ പഠിക്കുന്നതിനുള്ള അധികാരം തടഞ്ഞതാണ്. ”ശൂദ്രാ ഭഗവദ്ഭക്താ വിപ്രാ ഭഗവതാഃ സ്മൃതാഃ” എന്ന മഹാഭാരതവാക്യം ഉദ്ധരിച്ചുകൊണ്ട് ഈശ്വരഭക്തനായ ശൂദ്രന്‍ ബ്രാഹ്മണന്‍ തന്നെയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. തീണ്ടലും തൊടീലും സനാതനധര്‍മ്മത്തിന്റെ ഭാഗമേയല്ലെന്ന് ധീരമായി പ്രഖ്യാപിക്കാനും ഇക്കാര്യം ശാസ്ത്രത്തിന്റെ ആധികാരികതയോടുകൂടി തെളിവുനിരത്തി സ്ഥാപിക്കാനും ഒരു പണ്ഡിതനും കൂടിയായിരുന്ന അദ്ദേഹം തയ്യാറായിരുന്നു. ജാതിഭേദം എന്നുള്ളത് നമ്പൂതിരിമാര്‍ തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി കെട്ടിച്ചമച്ചതാണെന്നു സ്വാമികള്‍ തുറന്നു പറഞ്ഞു. ”അത് ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായിരുന്നെങ്കില്‍ പ്രാണന്‍ പോയാലും അതനുഷ്ഠിക്കുമായിരുന്നു. അതങ്ങനെയല്ലെന്ന് ബോദ്ധ്യമായതുകൊണ്ടാണ് പൂര്‍വ്വാശ്രമത്തില്‍ത്തന്നെ ഞാനത് ഉപേക്ഷിച്ചത്. അതുകൊണ്ടു പാപമുണ്ടാകുമെന്ന് ആരെങ്കിലും വാദിക്കുകയാണെങ്കില്‍ ആ സകലപാപവും വഹിക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്കതില്‍ ഭയമില്ല.” ക്ഷേത്രപ്രവേശനവിളംബരത്തിന് തന്റെ പ്രഭാഷണങ്ങളിലൂടെ ആക്കംകൂട്ടാന്‍ സ്വാമികള്‍ക്ക് കഴിഞ്ഞിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്. സമരത്തിനു നേതൃത്വം നല്കിയിരുന്ന കെ. കേളപ്പന്‍, മന്നത്ത് പത്മനാഭന്‍, ടി. കെ. മാധവന്‍, കെ. പി. കേശവമേനോന്‍ തുടങ്ങിയവരുമായി സ്വാമികള്‍ക്ക് ഉറ്റബന്ധമാണുണ്ടായിരുന്നത്.

ധര്‍മ്മത്തിന്റെ കേന്ദ്രബിന്ദുവായ ഭാരതത്തിലെ ജനങ്ങള്‍ ധാര്‍മ്മികരായാല്‍ മാത്രമേ ഭാരതത്തിന് അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കാനാവൂ. ആധുനിക ലോകത്തില്‍ ധര്‍മ്മത്തെ രക്ഷിച്ചത് ശങ്കരാചാര്യസ്വാമികളായിരുന്നു. ആ ശങ്കരാചാര്യരെ നാം ഓര്‍മ്മിക്കുകയും അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുകയും വേണം. ആചാര്യസ്വാമികള്‍ ജനിച്ച കാലടി സമൂഹപുനര്‍നിര്‍മ്മാണത്തിനുള്ള പ്രേരകശക്തിയായിത്തീരുമെന്ന് ആഗമാനന്ദസ്വാമികള്‍ വിശ്വസിച്ചു. കാലടി പുനരുദ്ധരിക്കപ്പെടുന്നത് കേരളത്തിലുടനീളം ഹിന്ദുധര്‍മ്മം ഉയര്‍ന്നെഴുന്നേല്‍ക്കുന്നതിന് കാരണമായിത്തീരും. അതുകൊണ്ടുതന്നെ കേരളത്തിലെ നാനാമുഖങ്ങളായ തന്റെ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലും അസ്ഥിവാരവുമായി സ്വാമികള്‍ കണക്കാക്കിയിരുന്നത് കാലടിയെയും അവിടെയുള്ള അദ്വൈതാശ്രമത്തെയുമായിരുന്നു. സ്വാമിജിയുടെ വാക്കുകള്‍ നോക്കുക, ”ലോകത്ത് അദ്വൈതസമ്പ്രദായം വിശ്വസിക്കുന്ന എത്ര സന്ന്യാസിമാരുണ്ടോ അവരുടേയും അവരുടെ അനുഗാമികളുടേയും എല്ലാം പരമഗുരു ജനിച്ച സ്ഥലമാണ് കാലടി. ഈ കാലടിയെ ഈ നാട്ടുകാര്‍ ഒരു പുണ്യസ്ഥലമായി കരുതിയില്ല. അതാണ് അവര്‍ സാംസ്‌കാരികമായി അധഃപതിച്ചത്. കാലടിയുടെ സ്മരണ ശങ്കരന്റെ ഉപദേശങ്ങള്‍ പഠിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കും. അത് നമ്മെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും അന്യമതസ്ഥരുടെ തന്ത്രങ്ങള്‍ക്കു കീഴ്‌പ്പെടുന്നതില്‍നിന്നും രക്ഷിക്കും. നമ്മെ നമ്മുടെ പ്രമാണഗ്രന്ഥമായ വേദങ്ങളില്‍ വിശ്വസിക്കുന്നവരും ഏകോദ്ദേശ്യമുള്ളവരും സംസ്‌കാരമുള്ളവരും ആക്കിത്തീര്‍ക്കും. കാലടിയില്‍ ജനിച്ച ശ്രീ ശങ്കരനാണ് സനാതന ഹിന്ദുധര്‍മ്മത്തെ ഒരിക്കല്‍ രക്ഷിച്ചതെന്നുള്ള സ്മരണ കര്‍ത്തവ്യത്തെപ്പറ്റിയുള്ള ബോധം നമ്മില്‍ വീണ്ടും ഉളവാക്കും.”

”സനാതന സംസ്‌കാരത്തിന്റെ ഉറവുകള്‍ സംസ്‌കൃതഭാഷയിലാണ്. ആ ഭാഷയെ ആംഗലവിദ്യാഭ്യാസനയം ഇവിടെ ഒരു ‘റെഫ്യൂജി’ യാക്കി. ഭാരതീയ സംസ്‌കാരത്തിന് നവോത്ഥാനം വേണമെങ്കില്‍ ആ ഭാഷക്ക് അതര്‍ഹിക്കുന്ന സ്ഥാനം കൊടുക്കണം. ശ്രീനാരായണഗുരുവും മറ്റും ഈ രഹസ്യമറിഞ്ഞുകൊണ്ടുതന്നെയാണ് സംസ്‌കൃതപഠനത്തിന് നമ്മെ ആഹ്വാനം ചെയ്തത്.” ശ്രീനാരായണഗുരു ഇവിടെ പ്രവര്‍ത്തിച്ചതുതന്നെ സനാതനധര്‍മ്മത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ്. മതപരിവര്‍ത്തനത്തെക്കുറിച്ച് ശക്തിയായി ആലോചിച്ചുകൊണ്ടിരുന്ന ചില ഈഴവ പ്രമാണികരോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു പോലും, ‘മതം മാറേണ്ടവര്‍ സനാതനധര്‍മ്മത്തിലേക്കു മാറിക്കൊള്ളട്ടെ.’ ഈ സനാതനമായ സംസ്‌കാരം മാത്രമേ ലോകത്ത് എന്നെന്നും നിലനില്‍ക്കുകയുള്ളൂ എന്നുള്ള ശ്രീരാമകൃഷ്ണദേവന്റെ അരുളപ്പാടും നമ്മുടെ മുമ്പിലുണ്ട്. സനാതന സംസ്‌കാരമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നെന്നും ഇവിടെ നിലനില്‍ക്കേണ്ട ചില മൂല്യങ്ങളാണെന്നും അതിന്റെ തുടക്കം വേദങ്ങളില്‍ നിന്നാണെന്നും ആ മൂല്യസംഹിതകളാണ് കാലാകാലങ്ങളായി ഇവിടെ നിലനിന്നുവന്നിട്ടുള്ളതെന്നുമുള്ള കാര്യം ആഗമാനന്ദജി നമ്മെ ഓര്‍മിപ്പിക്കുന്നു.

ആഗമാനന്ദജി ചെയ്ത സംഭാവനകള്‍
ലോകം മുഴുവന്‍ ആരാധിച്ചുവരുന്ന ശങ്കരാചാര്യരുടെ ജന്മസ്ഥലമാകാനുള്ള ഭാഗ്യം കേരളത്തിനുണ്ടായിട്ടും കേരളം ആ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് ഒന്നും ചെയ്തില്ലെന്ന വിചാരമാണ് ഉത്തരേന്ത്യയിലായിരുന്ന സ്വാമിജി കേരളത്തിലേക്കു വരാന്‍ നിമിത്തമായിത്തീര്‍ന്നത്. തുടര്‍ന്ന് വൈക്കത്തഷ്ടമിയുടെ തലേന്ന്(1935 നവംബര്‍ 17)കേരളത്തിലെത്തിയ ആഗമാനന്ദജി വൈക്കം ക്ഷേത്രത്തില്‍ നടത്തിയ ഉജ്ജ്വലമായ പ്രഭാഷണമാണ് തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു വഴിതെളിയിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ മതബോധനം നടത്തുന്നതിനുള്ള ഒരവസരം സമാഗതമായി എന്നദ്ദേഹം ഉറപ്പിച്ചു. ആ പ്രസംഗത്തോടുകൂടി ആരംഭിച്ച പ്രസംഗപരമ്പര അവസാനം വരെ അദ്ദേഹത്തിന്റെ സന്തതജീവിതശൈലിയായി തുടര്‍ന്നു. ആദര്‍ശ പ്രചാരണത്തിനുള്ള ഏറ്റവും കരുത്തുറ്റ ആയുധമായി സ്വാമിജി തെരെഞ്ഞെടുത്തത് പ്രസംഗങ്ങളെയായിരുന്നു. അതിശക്തവും ശ്രോതാക്കളുടെ ഉള്ളില്‍ നേരിട്ടുചെന്ന് തറയ്ക്കുന്നതും ഓജസ്സുള്ളതുമായ ഒരു പ്രസംഗശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.


ആദിശങ്കരന്റെ ജന്മസ്ഥലം അജ്ഞാതവും അഗണ്യകോടിയില്‍ തള്ളപ്പെട്ടതുമായി കിടക്കുന്നതിന് എന്തെങ്കിലും പരിഹാരമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ആഗമാനന്ദജി കാലടിയിലെത്തി. ത്യാഗീശാനന്ദസ്വാമികളുടേയും ശ്രീ അപ്പന്‍ തമ്പുരാന്റേയും മറ്റും സാന്നിദ്ധ്യത്തില്‍ അദ്ദേഹം ഇവിടെ അദ്വൈതാശ്രമം സ്ഥാപിക്കുകയും ചെയ്തു (1936 ഏപ്രില്‍ 26, ശങ്കരജയന്തി). കാലടിയെ കേന്ദ്രമാക്കിക്കൊണ്ട് കേരളം മുഴുവന്‍ സ്വാമിജി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടക്കമായിരുന്നു അത്. താരതമ്യേന ദരിദ്രമായി യാതൊരു വികസനാദിലക്ഷണങ്ങളുമില്ലാതെ കിടന്നിരുന്ന കാലടിഗ്രാമത്തെ പൂര്‍ണ്ണമായും പുനരുദ്ധരിച്ചത് ഈ സന്ന്യാസിയായിരുന്നു എന്നു പറയാവുന്നതാണ്. സ്വാമികളുടെ പ്രയത്‌നഫലമായി പ്രാഥമികഘട്ടം മുതല്‍ കലാശാലാഘട്ടം വരെ അദ്ധ്യായനം ചെയ്യേണ്ട വിദ്യാലയങ്ങളും, പല സാമൂഹ്യസേവന സ്ഥാപനങ്ങളും കാലടിയിലുണ്ടായി. കാലടി ശ്രീശങ്കരാ കോളേജും അതോടനുബന്ധിച്ചുള്ള മറ്റു സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാകുന്നു. കാലടിയെ നളന്ദയോ, തക്ഷശിലയോ പോലെ അറിവിന്റെ ഒരു വിജ്ഞാനകേന്ദ്രമാക്കി മാറ്റണമെന്ന ആഗമാനന്ദജിയുടെ സ്വപ്‌നമാണ് പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ‘കാലടി ആദിശങ്കര സംസ്‌കൃത സര്‍വ്വകലാശാല’ സ്ഥാപിതമായതോടുകൂടി സാക്ഷാത്ക്കരിക്കപ്പെട്ടത്. എല്ലാ വിഭാഗത്തിലുംപെട്ട ആളുകള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഒരുപോലെയുണ്ടാവണമെന്നുദ്ദേശിച്ച് സ്വാമിജിയുടെ പ്രേരണയാല്‍ സ്ഥാപിച്ച ശിവക്ഷേത്രത്തിലെ ‘കാലടി ശിവരാത്രി’ നാടുമുഴുവന്‍ അറിയപ്പെടുന്ന ആഘോഷങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഇതിനേക്കാള്‍ വലിയ വലിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ ഇവിടെ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ പരിസ്ഥിതി സ്വാമിജിയുടേതില്‍നിന്നു വളരെ ഭിന്നമായിരുന്നു. സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന സംഗതിയാണിത്. അതിനുമുമ്പ് സമീപപ്രദേശത്തുള്ള കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനും മറ്റും ആശ്രയിച്ചത് ആലുവയിലേയും മറ്റും സ്ഥാപനങ്ങളെയാണ്. അന്നാകട്ടെ ചുരുക്കം ചില കോളേജുകളെ കേരളത്തിലുണ്ടായിരുന്നുള്ളൂ താനും. കാലടി താന്നിപ്പുഴപ്പാലം യാത്ര സുഗമമാക്കി കാലടി പ്രദേശത്തിന് സര്‍വ്വോന്മുഖമായ അഭിവൃദ്ധി ഉറപ്പാക്കിയതും സ്വാമികളാണ്. രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ആശ്രമസന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആഗമാനന്ദജിയുടെ പ്രത്യേക ആവശ്യപ്രകാരം പാലം നിര്‍മ്മിക്കുന്നതിനായി രാഷ്ട്രപതി സര്‍ക്കാരിനു പ്രത്യേക നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ പാലമാണ് ശ്രീ ശങ്കരാപാലം എന്നു നാമകരണം ചെയ്യപ്പെട്ടത്.
(തുടരും)

Tags: ആഗമാനന്ദആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക-2
Share14TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സിനിമ

കൊട്ടമ്പം പളിയ ഗോത്ര ഗ്രാമത്തില്‍ നരനാരായണ അദ്വൈതാശ്രമം മീനങ്ങാടിയിലെ 
സ്വാമി ഹംസാനന്ദപുരി ഗ്രാമവാസികള്‍ക്ക് ഒപ്പം.

അവഗണിക്കപ്പെടുന്ന അവകാശങ്ങള്‍ (ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍ (തുടര്‍ച്ച))

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies