ചരിത്രത്തിലാദ്യമായി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഭാരതസ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു! ദേശീയ വികാരം തലയ്ക്ക് പിടിച്ച് പാര്‍ട്ടി നയം മാറ്റി എന്നൊന്നും കരുതേണ്ട. അങ്ങനെ ആര്‍.എസ്.എസ്സിനെപ്പോലെ ‘ദേശീയതാവാദം’ കൊണ്ടു നടക്കാനൊന്നും സി.പി.എമ്മിനെ കിട്ടില്ല. അവര്‍ ഈ തീരുമാനമെടുത്ത ദിവസത്തിനും ഉണ്ട് പ്രത്യേകത. അത് ക്വിറ്റിന്ത്യാദിനമായ ആഗസ്റ്റ് 9 ആണ്. ക്വിറ്റിന്ത്യാ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തതാണല്ലോ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാര്‍ക്‌സിസ്റ്റുകാര്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വക്താക്കളായിരുന്നു. ആഗസ്റ്റ് 15ന് ഡിഫിയുടെ വകയായി മനുഷ്യമതിലും ചങ്ങലയും റാലിയുമൊക്കെയായിരുന്നു അവരുടെ പരിപാടികള്‍. ഈ സമയത്തെല്ലാം ഭാരതത്തിനുകിട്ടിയ സ്വാതന്ത്ര്യം പൂര്‍ണ്ണമല്ല എന്നതായിരുന്നു പാര്‍ട്ടിയുടെ നയം. അതുകൊണ്ടുതന്നെ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നുമില്ല. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചാം പിറന്നാള്‍ വേളയിലാണ് പാര്‍ട്ടി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചത്.
പാര്‍ട്ടി ഇങ്ങനെ മാറിച്ചിന്തിച്ചത് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി എന്ന വിശ്വാസത്തിലല്ല. പകരം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആര്‍.എസ്.എസ്. ഏറ്റെടുത്തുകളയും എന്ന ഭീതികൊണ്ടാണ്. അതിനാല്‍ അവരുടെ ആഘോഷത്തിന്റെ ഉദ്ദേശ്യം സ്വാതന്ത്ര്യദിനാഘോഷത്തെ ‘ദേശീയതാവാദ’ ത്തിനെതിരെയുള്ള പ്രചരണ ആയുധമാക്കുക എന്നതാണ്. ഈ ചിന്ത ആദ്യം പൊട്ടിമുളച്ചത് പാര്‍ട്ടി ബംഗാള്‍ ഘടകം സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ തലയിലാണ്. അദ്ദേഹം പോളിറ്റ് ബ്യൂറോയ്ക്ക് കത്തെഴുതി. ആ കത്ത് കണ്ടപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റെ തലയിലും വെളിച്ചം കയറി. സ്വാതന്ത്ര്യദിനാഘോഷം ഏറ്റെടുക്കാന്‍ വൃന്ദ നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയുടെ നയം മാറ്റം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരാനിരിക്കുന്നത് കണ്ണൂരിലാണ്. അവിടെ വേണം ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഉണ്ടാകാന്‍. അതിനുമുമ്പ് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുളള പാര്‍ട്ടി തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. ഇത് തിരിച്ചറിയാതെയാണ് ബുദ്ധിജീവികളടക്കം പലരും അതില്‍ പങ്കാളികളായി നാണം കെട്ടത്.