‘നഷ്ടോമോഹ: സ്മൃതിര്‍ലബ്ധാ
ത്വത് പ്രസാദാന്മയാച്യുത
സ്ഥിതോƒസ്മി ഗതസന്ദേഹ:
കരിഷ്യെ വചനം തവ…’
(ഗീത 18/73)
(അല്ലയോ അച്യുതാ, നിന്റെ വരപ്രസാദം കൊണ്ട് മോഹവലയത്തില്‍ നിന്ന് മുക്തനായി ഞാന്‍ സ്മൃതി ലഭിച്ചവനായി തീര്‍ന്നിരിക്കുകയാണ്). ഈ ശ്ലോകത്തെ വ്യാഖ്യാനിച്ചുകൊണ്ട് ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ പറഞ്ഞത്.. ‘ഓര്‍മ്മ (സ്മൃതി) എന്നാല്‍ ചരിത്രം’ എന്നാണ്. അര്‍ജുനന് ഗീതാസന്ദേശത്തിലൂടെ ചരിത്രാവബോധമാണ്, അഥവാ തന്റെ ഐഡന്റിറ്റി വെളിവാകുന്ന അവസ്ഥയാണ് കൈവന്നത്, എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്വന്തം ചരിത്രം പുകമറയില്ലാതെ സ്വബോധത്തില്‍ തെളിഞ്ഞുവന്ന് അതിനെ സ്വാംശീകരിക്കുന്ന ഒരു സമൂഹത്തിനേ ശുഭകരമായ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കാനാവൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് സ്മൃതി ഭ്രംശം സംഭവിച്ച സമാജം പരധര്‍മ്മത്തില്‍ ആകൃഷ്ടരായി അപഥസഞ്ചാരം നടത്തി സര്‍വ്വനാശത്തിലേക്ക് എത്തിച്ചേരുന്നു എന്നുള്ളതും ഗീതാ വചനം തന്നെ.
(ക്രോധാദ്ഭവതി സമ്മോഹ:
സമ്മോഹാത് സ്മൃതിവിഭ്രമ:
സ്മൃതിഭ്രംശാത് ബുദ്ധിനാശോ…
ബുദ്ധിനാശാത് പ്രണശ്യതി….ഗീത 2/63).
‘ഓരോ മനുഷ്യന്റെയും ഓര്‍മ്മ അവന്റെ സ്വകാര്യ സാഹിത്യമാണ്’ എന്ന് പറഞ്ഞത് ഇംഗ്ലീഷ് എഴുത്തുകാരനായ ആല്‍ഡസ് ഹക്‌സ്‌ലിയാണ്. ‘ഏറ്റവും വ്യക്തിപരമായതാണ് ഏറ്റവും സര്‍ഗാത്മകം’ എന്ന ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ അഭിപ്രായവും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ ആത്മാംശത്താല്‍ കോറിയിട്ട വരികളില്‍ നിന്നാണല്ലോ ഉത്കൃഷ്ട സാഹിത്യങ്ങള്‍ രൂപംകൊള്ളുന്നത്. പ്രമുഖ ചിലിയന്‍ കവിയായ പാബ്ലോ നെരൂദ ഇങ്ങനെ പറഞ്ഞു ”ഒരു ലാറ്റിന്‍ അമേരിക്കന്‍ കവി തെരുവിലൂടെ നടന്നുവരുന്നത് തലയില്‍ കാടും താങ്ങിക്കൊണ്ടാണ്.. ആ കാട് അവരുടെ പൂര്‍വ്വകാലമാണ്… ചരിത്രമാണ്….തിക്തവും വ്യഥിതവുമായ പുരാതന ജീവിതമാണ്…. തീരാത്ത ഓര്‍മ്മകളാണ്…”
ഇത്തരം കാടുകളെ തലയില്‍ പേറിയതുകൊണ്ടാണല്ലോ, കുമാരനാശാന് ദുരവസ്ഥ എഴുതാനായത്. സുന്ദരികളും സുന്ദരന്മാരും എഴുതാന്‍ ഉറൂബിന് കഴിഞ്ഞതും. ഒരു ദേശത്തിന്റെ കഥ എഴുതാന്‍ എസ്.കെ പൊറ്റെക്കാട്ടിനെയും കയര്‍ എഴുതാന്‍ തകഴിയെയും പ്രേരിപ്പിച്ചത് തലയില്‍ താങ്ങിനിര്‍ത്തിയ ഈ കാടിന്റെ പ്രചോദനം തന്നെയാവണം. തങ്ങള്‍ ജീവിച്ച കാലത്ത് ഒരു വിഭാഗം മറ്റൊരുവിഭാഗത്തിന്മേല്‍ നടത്തിയ കൊടും ക്രൂരതകളെ സാഹിത്യത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. പില്‍ക്കാലത്ത് വോട്ടുബാങ്കിന്റെ പകിട്ട് കണ്ടിട്ടും ലഭിക്കാന്‍ പോകുന്ന സ്ഥാനമാനങ്ങള്‍ ഓര്‍ത്തും, മതങ്ങളുടെ സംഘടിതാവസ്ഥയില്‍ ഭീതിപൂണ്ടും, സത്യത്തിന് നേരെ കണ്ണടയ്ക്കുന്ന, ഭരണകൂടങ്ങളുടെ എറാന്മൂളികളായ, ചരിത്രവക്രീകരണക്കാരന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുവാന്‍ പോന്ന ഇത്തരം കൃതികളെങ്കിലും ബാക്കിയാവുന്നത് കാലത്തിന്റെ കാവ്യനീതിയാവാം.
സ്വന്തം ഭൂതകാലം ഉപേക്ഷിച്ചുകൊണ്ട് ഒരാള്‍ക്ക് ഓര്‍മ്മകളോടെ ജീവിക്കാന്‍ കഴിയുമോ…? തികച്ചും മന:ശാസ്ത്രപരമായ ഒരു സമസ്യയാണിത്. താഹ മാടായി പറയുന്നത് നോക്കുക… ‘മറവിരോഗം ബാധിക്കുമ്പോഴോ ഉന്മാദത്തിലോ ഭ്രാന്തിലോ അല്ലാതെ ഒരാള്‍ക്ക് ഓര്‍മ്മകളെ എന്നെന്നേക്കുമായി കുഴിച്ചുമൂടാന്‍ സാധിക്കുകയില്ല…. മാധവിക്കുട്ടി മതം മാറിയതിനുശേഷം മാതൃഭൂമി ഖണ്ഡശ: പ്രസിദ്ധീകരിച്ച കുറിപ്പുകളില്‍, ഉപരിതലത്തിലെ മണ്ണ് നീക്കം ചെയ്താല്‍, പിടയ്ക്കുന്ന ഒരു ഹിന്ദു ഹൃദയം കാണാം… അല്ലാഹുവിനോടുള്ള ഏകാന്തമായ ഭാഷണം എന്ന നിലയില്‍ എഴുതപ്പെട്ട ആ കുറിപ്പുകളിലൊക്കെ വൃന്ദാവനത്തിലെ വിരഹിണിയായ രാധയുടെ മനസ്സാണ് കാണാന്‍ കഴിയുന്നത്…’ (രാഗം നീലാംബരി- എഡിറ്റര്‍ ഷംസുദ്ദീന്‍ കുട്ടോത്ത്, പേജ് 356,357) മതം ഒരു മയക്കുമരുന്നായി ആവേശിച്ചവനോ, ഭ്രാന്തനാക്കിയവനോ ഒന്നും ഈ സത്യം ബാധകമാവില്ല എന്നത് വേറെകാര്യം.
ചരിത്രം സത്യസന്ധമായിരിക്കണം അതില്‍ വളച്ചൊടിക്കലുകളോ ഒഴിവാക്കലുകളോ ഉണ്ടാവാന്‍ പാടില്ല. അങ്ങനെയുള്ള നേരായ ചരിത്രവസ്തുതകളില്‍ നിന്ന് ആവേശം ഉള്‍ക്കൊള്ളുന്ന ഒരു ജനതയ്ക്ക് മാത്രമേ മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇന്നിനെ സജ്ജമാക്കാന്‍ സാധിക്കുകയുള്ളൂ.
വളരെ കൃത്യമായ ആസൂത്രണത്തിലൂടെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെ വ്യാപകമായി പ്രചരിപ്പിച്ചും, അധികാരത്തിന്റെ പിന്‍ബലത്തിലൂടെ നിര്‍ബന്ധിതമായി അത് പഠിപ്പിച്ചും ഒരു ജനതതിയെ ചിന്താപരമായി വഴിതെറ്റിക്കാനുള്ള ഗൂഢപദ്ധതിക്കായിരുന്നു ബ്രിട്ടീഷുകാര്‍ ആരംഭം കുറിച്ചത്. തോമസ് ബാബിംങ്ടണ്‍ മെക്കാളെയും റോബര്‍ട്ട് കാല്‍ഡ്വലും വില്യം ആര്‍ച്ചറും വിവിധ വിഷയങ്ങളിലൂടെ ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടി. സാഹിത്യത്തിന്റെ മുഖംമൂടിയുമായി കാതറിന്‍ മേയോയും അവരുടെ പ്രവര്‍ത്തനത്തിന് ശക്തമായ പിന്തുണയേകി. ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരും മഹര്‍ഷി അരവിന്ദനും മഹാത്മാഗാന്ധിയും ദയാനന്ദന്‍ അടക്കമുള്ള അസംഖ്യം നവോത്ഥാന നായകരും അതിശക്തമായി പ്രതിരോധിച്ചെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടം യജമാന വിധേയത്വത്തിന്റെ അടിമ മനസ്സുമായി ഏതാണ്ട് ആറ് പതിറ്റാണ്ടോളം ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ഭരണസാരഥ്യം കോണ്‍ഗ്രസ്സിനായിരുന്നെങ്കിലും അവിടത്തെ സാംസ്‌കാരിക ഇടനാഴികളില്‍ കടന്നുകൂടിയ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളാണ് ഈ അപനിര്‍മ്മാണ പ്രക്രിയയ്ക്ക് ‘മികച്ച സംഭാവന’ നല്‍കിയത്. ജെഎന്‍യു അടക്കമുള്ള സ്ഥാപനങ്ങള്‍ ഇതില്‍ വഹിച്ച ‘സ്തുത്യര്‍ഹ’മായ പങ്കും വിലയിരുത്തപ്പെടേണ്ടതാണ്. വക്രീകരിക്കപ്പെട്ട ചരിത്രപാഠങ്ങള്‍, ഒരു ജനതയെ ദിശാബോധം നഷ്ടപ്പെടുത്തി വഴിതെറ്റിക്കാനുള്ള, ബോധപൂര്‍വ്വമായ ശ്രമം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്‍തൂക്കം ലഭിച്ചിട്ടുള്ള കേരള സമൂഹത്തില്‍ ഇത് വളരെയേറെ മുന്നോട്ടുപോയി എന്നത് തികച്ചും സ്വാഭാവികം ആകുന്നതില്‍ അത്ഭുതപ്പെടാനും ഇല്ല.
ചരിത്രത്തിന്റെ ഓരോ അദ്ധ്യായങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. സ്വന്തം രക്തത്തിലും പൈതൃകത്തിലും ജനാധിപത്യം അലിഞ്ഞുചേര്‍ന്ന ഒരു ജനസമൂഹത്തിന്മേല്‍ ഏകാധിപത്യത്തിന്റെയും അധികാരകേന്ദ്രീകരണത്തിന്റെയും ഇരുണ്ടകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയപ്പോള്‍, നിതാന്ത ജാഗ്രതയോടെ നിന്ന ദേശീയജനത ജനാധിപത്യത്തിന് കരുത്തേകിയ സമയത്ത് പ്രത്യയശാസ്ത്ര ശാഠ്യങ്ങളുടെ കപടതന്ത്രങ്ങളാല്‍ ഭൂതാവേശിതരായ കേരളമനസ്സ് ആ ഏകാധിപത്യശക്തികളെ ശക്തമായി പിന്തുണയ്ക്കുന്ന കാഴ്ച അടിയന്തരാവസ്ഥയുടെ അന്ത്യനാളുകളില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ നാം കണ്ടു. അഴിമതിയുടെയും കെടുകാര്യസ്ഥയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരുണ്ടകാലഘട്ടത്തിലൂടെ സഞ്ചരിച്ച പിണറായി സര്‍ക്കാരിനെ വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ‘സാക്ഷരകേരള’ത്തിന്റെ ആ ‘അപാരതയെയും’ നാം കാണാതിരുന്നുകൂടാ. എല്ലാ ദിവസവും ആറ് മണിക്ക് വന്ന് നമ്മളോട് കേരളം നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി, വീണ്ടും വിജയിച്ച് അധികാരത്തിലെത്തി നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ പറഞ്ഞത്, നാം അതിദാരിദ്ര്യത്തിലാണെന്നും അടുത്ത അഞ്ചുവര്‍ഷത്തെ മുഖ്യ മുന്‍ഗണന അത് പരിഹരിക്കലിനാണെന്നുമാണ്. ഇതുകേട്ടപ്പോള്‍ നാം ആശ്ചര്യഭരിതരോ സംശയാലുക്കളോ ആയില്ല. അതിസമ്പന്നമായ അമേരിക്കയില്‍ അധിവസിക്കുന്നവര്‍ നമ്മുടെ ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ച്മാസ്‌ക് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചത് അവര്‍ തന്നെ പറഞ്ഞറിയുമ്പോള്‍ കേരളത്തിന്റെ ഉയര്‍ച്ച കണ്ട് ‘അത്ഭുതപരതന്ത്രരാ’വുകയാണ് നാം. ഇത്തരം ഇരട്ടത്താപ്പുകളോട് തിരിച്ചൊരു ചോദ്യം ചോദിക്കാന്‍ പോലും നമ്മുടെ നാവനങ്ങുന്നില്ല എന്നതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദു:സ്ഥിതി. ആ നാവുകളൊക്കെ എന്നോ എപ്പോഴോ ആര്‍ക്കൊക്കെയോ പണയമായി നല്‍കിക്കഴിഞ്ഞിരുന്നല്ലോ. കലാസാഹിത്യ, മാധ്യമ, സാംസ്‌കാരിക മേഖലകളെ കമ്മ്യൂണിസത്തിന്റെ തണലില്‍ ജിഹാദിക്കൂട്ടങ്ങളും മട്ടാഞ്ചേരി മാഫിയകളും കയ്യടക്കിക്കഴിഞ്ഞിട്ട് നാളുകളേറെയായി. ലോകാരാധ്യനായ ഇ. ശ്രീധരനെ മൂവായിരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതും എം.എം. മണിയെ മുപ്പത്തിയെട്ടായിരം വോട്ടുകള്‍ക്ക് വിജയിപ്പിച്ചതും ഈയൊരു സാമൂഹ്യപശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ സാക്ഷരകേരളീയരായ നമുക്ക് ആശ്ചര്യത്തിന് അവകാശമില്ല.
മേല്‍ക്കൊടുത്ത സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വേണം 1921ല്‍ നടന്ന മാപ്പിളലഹളയെയും നോക്കിക്കാണാന്‍. കാര്‍ഷിക കലാപമായും സ്വാതന്ത്ര്യ സമരവുമായുള്ള വിവിധങ്ങളായ വെള്ളപൂശലുകള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍ എണ്ണിപ്പെറുക്കി കയ്യടക്കുന്ന വേട്ടക്കാരന്റെ അഹങ്കാരജഡിലമായ നൃശംസതയ്ക്ക് മുന്നില്‍, മാനഭംഗങ്ങളും മതംമാറ്റലുകളും അറുംകൊലകളും വെട്ടിപ്പിടിക്കലുകളും അനുഭവിക്കേണ്ടിവന്ന ദേശീയ സമൂഹത്തിന്റെ പരിദേവനങ്ങളൊന്നും ആരും കേട്ടില്ല. അതിദാരുണമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഇരകളായ ഹിന്ദുസമൂഹത്തിന്റെ ഹൃദയവികാരങ്ങളുടെ കണ്ണുനീര്‍ കാണാന്‍ വോട്ടുബാങ്കിന്റെ പട്ടുമെത്തയില്‍ കിടക്കുന്ന രാഷ്ട്രീയക്കാരന് കണ്ണില്ലാതെ പോയി.
കോണ്‍ഗ്രസിന്റെ ഖിലാഫത്ത് പ്രക്ഷോഭത്തെ എതിര്‍ത്തവരില്‍ കേരളത്തിന് പുറത്തുള്ള ശ്രദ്ധേയരായ രണ്ട് മുസ്ലീം നേതാക്കളാണ് മുഹമ്മദ് ഇഖ്ബാലും മുഹമ്മദാലി ജിന്നയും. ഇവരുടെ ഖിലാഫത്ത് വിരുദ്ധത, പക്ഷെ ദേശത്തിന്റെ അഖണ്ഡതയ്‌ക്കോ ഐക്യത്തിനോ വേണ്ടിയുള്ളതായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ‘സാരെ ജഹാംസെ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ…’ എന്ന കവിതയിലൂടെ ദേശീയ ഹൃദയത്തില്‍ ആവേശോജ്ജ്വലത നിറച്ച കവിയാണ് മുഹമ്മദ് ഇഖ്ബാല്‍. ആകാശശൂന്യതയില്‍ നിന്ന് നോക്കിയപ്പോള്‍ ഭാരതം എങ്ങനെ ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചോദിച്ചപ്പോള്‍ നമ്മുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മ പെട്ടെന്ന് പറഞ്ഞ മറുപടി.. സാരെ ജഹാംസെ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ.. എന്നായിരുന്നു. എന്നാല്‍ ആ കവിതയെഴുതിയ വ്യക്തിയുടെ കയ്യിലിരിപ്പും മനോനിലയും ദേശീയ ഐക്യത്തിന് കടകവിരുദ്ധമായിരുന്നു എന്നാണ് ചരിത്രം നമ്മോട് പറയുന്നത്. എച്ച്..വി. ശേഷാദ്രിജി പറയുന്നു… ”ഈ വരികള്‍ ഇഖ്ബാലിന്റെ കവിതാ പ്രവാഹത്തിലെ ഒരു നൈമിഷിക ഘട്ടം മാത്രമായിരുന്നു. ജര്‍മ്മനിയില്‍ ഇസ്ലാമിക പഠനം പൂര്‍ത്തിയാക്കി തിരിച്ചുവന്ന ശേഷം ഇസ്ലാം മതവും പാന്‍ ഇസ്ലാമിസവുമായി തീര്‍ന്നു അദ്ദേഹത്തിന്റെ കവിതകളുടെ മുഖ്യവിഷയം. മുസ്ലീം ഹൈ ഹം… വതല്‍ ഹൈ സാരാ ജഹാം ഹമാരാ.. (നാം മുസ്ലീംങ്ങളാണ്.. ലോകം മുഴുവന്‍ നമ്മുടെ നാടാകുന്നു) എന്ന് അദ്ദേഹം പാടി…” (വിഭജനത്തിന്റെ ദുഃഖകഥ, പേജ് 117)
ഇരുന്നൂറ്റി അമ്പത് കൊല്ലങ്ങള്‍ക്ക് അപ്പുറം അജ്ഞാത കാരണങ്ങളാല്‍ ഇസ്ലാമിലേക്ക് മതംമാറിയ ഒരു കാശ്മീരി ബ്രാഹ്മണ കുടുംബത്തിലാണ് ഇഖ്ബാല്‍ ജനിച്ചത്. പേര്‍ഷ്യന്‍ ഭാഷയില്‍ ഇഖ്ബാല്‍ എന്നാല്‍ പ്രശസ്തി എന്നാണ് അര്‍ത്ഥം. ഇഖ്ബാല്‍ പാടിയ ‘തരാനാ ഹിന്ദ്…’ എന്ന കവിതയിലെ ആദ്യ വരിയാണ് ‘സാരെ ജഹാംസെ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..’ എന്നത്.
വിദേശത്ത് പഠിക്കുമ്പോള്‍ ഇന്ത്യാ വിരുദ്ധരായ വെള്ളക്കാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായിട്ടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ അടുപ്പം. ഇഖ്ബാല്‍ ഉപരിപഠനാര്‍ത്ഥം ഇംഗ്ലണ്ടില്‍ എത്തിയതിന്റെ പിറ്റേ വര്‍ഷമാണ് വീര സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ എത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ നടന്ന ദേശീയ വാദികളുടെ ഒരു കൂട്ടായ്മയിലും ഇഖ്ബാല്‍ പങ്കെടുത്തിരുന്നില്ല. 1908ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നത് ഭൂമിശാസ്ത്രപരമായ ദേശീയതയ്ക്ക് എതിരായിട്ടായിരുന്നു. പഠനം കഴിഞ്ഞ് ഭാരതത്തിലേക്ക് തിരിച്ചുവന്ന ഇഖ്ബാല്‍ താന്‍ എഴുതിയ ‘തരാനെ ഹിന്ദി’നെ തള്ളിക്കളയുകയും തരാനെ മില്ലത്ത് എഴുതുകയും ചെയ്തു. അതില്‍ അദ്ദേഹം പാടി… ഇസ്ലാമാണ് നമ്മുടെ ഏക ജന്മഭൂമി… ഇസ്ലാം മാത്രം… (കെഎസ് വേണുഗോപാല്‍- ടാഗോര്‍, ഇക്ബാല്‍ കുമാരനാശാന്‍, ഇന്ത്യന്‍ നവോത്ഥാന മഹാകവിത്രയം- പേജ് 62,88,147). ക്രമേണ അദ്ദേഹം മുസ്ലീം ലീഗിലേക്ക്ആകൃഷ്ടനാവുകയും 1930ല്‍ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തന്റെ അന്ത്യം ആസന്നമായിരിക്കുന്നുവെന്ന് തോന്നിയ ഇഖ്ബാല്‍ തയ്യാറാക്കിയ മരണപത്രത്തില്‍ ഒരിടത്ത് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി… ‘ഞാന്‍ ആദ്യകാലത്തെ മുസ്ലീമുകളെയാണ് അനുഗമിക്കുന്നത്.. പരിഷ്‌കരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല… ആബു ഹനീഫയെയും പേര്‍ഷ്യയിലെ ഇസ്ലാമിനെയും ഞാന്‍ അനുസരിക്കുന്നു…’ 1938 ഏപ്രില്‍ 30ന് ഇഖ്ബാല്‍ അന്തരിച്ചു. (അതേ പുസ്തകം പേജ് 93,95)
ലോകത്തില്‍ ഇന്ന് ഇഖ്ബാലിന്റെ കവിതകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ആദരിക്കപ്പെടുന്നതും ഈ ഭാരതത്തിലാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആചാര്യനായ അരുണ്‍ ഷൂരി ചോദിക്കുന്നു… ‘ഇന്ത്യയില്‍ ഇഖ്ബാല്‍ വാഴ്ത്തപ്പെടേണ്ടവനാണെങ്കില്‍ പിന്നെ എന്തുകൊണ്ട് ജിന്നയും അല്ല….’ (അതേ പുസ്തകം പേജ് 151)
‘ഭരണം ഇല്ലാത്ത ഇസ്ലാം ഭാവനാഭവനം പോലെ അര്‍ത്ഥശൂന്യമാണ്…’ എന്ന് പതിറ്റാണ്ടുകള്‍ക്കും മുമ്പ് പറഞ്ഞുവെച്ച മൗദൂദിയന്‍ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം എങ്കിലും ഈ നാട്ടിലുള്ളതാണ് ഇത്തരത്തിലുള്ള അപചയത്തിന് കാരണം. മിര്‍സാ ഗാലിബും കബീറും ഫൈസ് അഹമ്മദ് ഫൈസും അടക്കമുള്ള മഹാകവികള്‍ ഒരിക്കലും മനുഷ്യകുലത്തെ മതപരമായോ വര്‍ഗ്ഗങ്ങളായോ വിഭജിച്ചിട്ടില്ല. എന്നാല്‍ വിഭാഗീയ ചിന്താഗതിയുമായി എഴുതാനും പ്രവര്‍ത്തിക്കാനും ഇഖ്ബാലിന് കഴിഞ്ഞത് മേല്‍സൂചിപ്പിച്ച മൗദൂദിയന്‍ മസ്തിഷ്‌ക്കത്തിന്റെ പ്രതിഫലനം ഒന്നുകൊണ്ട് മാത്രമാണ്. ഈ ചിന്താഗതിയുമായി നടക്കുന്ന ഒരു മതസമ്മര്‍ദ്ദ ഗ്രൂപ്പിനോടുള്ള പ്രീണനം തന്നെയാണ്, മതചിന്തകളുടെ രാഷ്ട്രീയ നേതാവായ ആയത്തുള്ള ഖൊമേനി വധശിക്ഷ വിധിക്കുന്നതിന് നാലുമാസം മുമ്പേ തന്നെ നേരാംവണ്ണം വായിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെ തന്റെ നോവല്‍- ചെകുത്താന്റെ വചനങ്ങള്‍- ഇന്ത്യാ ഗവണ്‍മെന്റ് നിരോധിച്ചത് എന്ന് സല്‍മാന്‍ റൂഷ്ദിക്ക് പറയാനുള്ള സാഹചര്യം സൃഷ്ടിച്ചത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തെ മുഹമ്മദ് ഇഖ്ബാല്‍ എതിര്‍ത്തത് ഭാരതത്തിന്റെ ദേശീയതയോടോ അഖണ്ഡതയോടോ ഉള്ള ആഭിമുഖ്യം കൊണ്ടായിരുന്നില്ല. മറിച്ച്, ഗാന്ധിയും ശ്രദ്ധാനന്ദനും ആലി സഹോദരന്മാരും ഒന്നിച്ചുനിന്നാല്‍ അത് ഇന്ത്യന്‍ മുസ്ലീങ്ങളെ ദേശീയ ധാരയിലേക്ക് ലയിപ്പിക്കാന്‍ ഇടവരുത്തുമോ എന്ന തികച്ചും മതവിഭാഗീയതയുടേതായ ഭയം കൊണ്ട് മാത്രമായിരുന്നു.
ഖിലാഫത്ത് പ്രക്ഷോഭത്തെ എതിര്‍ത്ത മറ്റൊരു നേതാവാണ് മുഹമ്മദ് അലി ജിന്ന. 1875 ഒക്ടോബര്‍ ഇരുപതാം തീയതി കറാച്ചിയില്‍ ജനിച്ച അദ്ദേഹം കറാച്ചി, ബോംബെ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ പഠിച്ച് ബാരിസ്റ്റര്‍ ബിരുദം നേടി 1896ല്‍ നാട്ടില്‍ തിരിച്ചെത്തി. പിറ്റേവര്‍ഷം ജോലി സംബന്ധമായി ബോംബെയിലേക്ക് താമസം മാറി. മികച്ച അഭിഭാഷകന്‍ എന്ന നിലയില്‍ അറിയപ്പെട്ടു. അവിടെവെച്ചാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. 1906ല്‍ മുസ്ലീം ലീഗ് രൂപീകരിക്കുമ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തവരില്‍ പ്രധാനിയായിരുന്നു ജിന്ന. ആഗാഖാന്‍ പറയുന്നത് ശ്രദ്ധിക്കുക… ‘ആരായിരുന്നു 1906ല്‍ ഞങ്ങളുടെ കടുത്ത എതിരാളി… വിപുലവും സമ്പന്നവുമായ അഭിഭാഷകവൃത്തി നയിക്കുന്ന ബോംബെയിലെ പ്രശസ്തനായൊരു മുസ്ലീം ബാരിസ്റ്റര്‍ മുഹമ്മദലി ജിന്ന… എന്നും നല്ല സൗഹൃദത്തില്‍ ആയിരുന്നെങ്കിലും ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനത്തെയും അദ്ദേഹം അതിശക്തമായി എതിര്‍ത്തു… രാഷ്ട്രത്തെ മതപരമായി വിഭജിക്കുകയാണ് എന്ന് അദ്ദേഹം വാദിച്ചു. പിന്നീട് കാല്‍നൂറ്റാണ്ടോളം അദ്ദേഹമായിരുന്നു ഞങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശകനും എതിരാളിയും…’ (മെമ്മറീസ് ഓഫ് ആഗാഖാന്‍, പേജ് 94)
1920 ഓഗസ്റ്റില്‍ നടന്ന കോണ്‍ഗ്രസിന്റെ കല്‍ക്കത്ത സമ്മേളനത്തില്‍ ഗാന്ധിജി ഖിലാഫത്ത് പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ നിലപാട് എടുത്ത സി.ആര്‍.ദാസ്, ആനിബസന്റ്, ടാഗൂര്‍, തുടങ്ങിയവരോടൊപ്പം അതിശക്തമായി തന്നെ ജിന്നയും ഉണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. 1928ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ‘സ്വരാജ് ഭരണഘടന’ ഉണ്ടാക്കാനുള്ള ചുമതല നെഹ്‌റു അദ്ധ്യക്ഷനായ സമിതിയെ ഏല്‍പ്പിച്ചു. ‘നെഹ്‌റു റിപ്പോര്‍ട്ട്’ എന്ന് പ്രസിദ്ധമായ ആ രേഖയില്‍ തന്റെ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന്റെ നീരസം ജിന്നയെ, ഗാന്ധിജിയും നെഹ്‌റുവുമായുള്ള അകല്‍ച്ചയില്‍ എത്തിക്കുകയും ക്രമേണ മുസ്ലീം ലീഗിലേക്ക് ആകൃഷ്ടനാകാന്‍ ഇടയാക്കുകയും ചെയ്തു.
തികച്ചും യുക്തിസഹവും മതനിരപേക്ഷവുമായി ചിന്തിച്ച, അനിസ്ലാമികമായി മാത്രം ജീവിതം നയിച്ച, മുഹമ്മദലി ജിന്ന, കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരുമായുള്ള പടലപ്പിണക്കത്തിന്റെ പേരില്‍ ഇഖ്ബാലിന്റെ ആശയമായ ‘ഇസ്ലാം അപകടത്തില്‍’ എന്ന മുദ്രാവാക്യം ഏറ്റെടുക്കുകയും മതപരമായ വേറിടല്‍ വാദത്തില്‍ ചെന്നെത്തിനില്‍ക്കുകയും ചെയ്തു എന്നത് പില്‍ക്കാല ചരിത്രം.
1934ലാണ് അദ്ദേഹം മുസ്ലീം ലീഗില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. 1940 മാര്‍ച്ച് 23ലെ മുസ്ലീം ലീഗിന്റെ ലാഹോര്‍ സമ്മേളനത്തില്‍ പാകിസ്ഥാന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട്, 1906ല്‍ മതവിഭാഗീയത മുളപ്പിച്ച അന്തകവിത്തിനെ, ചെടിയായി വളര്‍ത്തിയതും പിന്നീട് 1947 ഓഗസ്റ്റില്‍ രാഷ്ട്രശരീരത്തെ കീറിമുറിച്ചുകൊണ്ട് പൂവും കായുമൊക്കെയായി അതിനെ പടര്‍ന്നുപന്തലിക്കാന്‍ അനുവദിച്ചതും മുഹമ്മദ് അലി ജിന്നയായിരുന്നു.
അവസാനകാലത്ത്, ഭാരതവിഭജനത്തില്‍ താന്‍ ഉത്തരവാദിയായതില്‍ ജിന്ന അത്യധികം ദുഃഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തുവെന്നും ഇന്ത്യയിലേക്ക് തിരിച്ചുചെല്ലാനും നെഹ്‌റുവിനെ കാണാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചെന്നും അന്ത്യനാളുകളില്‍ ജിന്നയെ ശുശ്രൂഷിച്ച ഡോ. ബക്ഷ് തന്റെ ‘ഖായിദേ ആസാമിന്റെ അവസാന ദിനങ്ങള്‍’ (ലാസ്റ്റ് ഡെയ്‌സ് ഓഫ് ഖ്വായിദ്- എ- അസാം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1971ല്‍ പാകിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പും പട്ടാള അട്ടിമറിയും കിഴക്കന്‍ പാകിസ്ഥാനിലെ മുക്തിവാഹിനിക്കെതിരെയുള്ള കൊടും ക്രൂരതകളോടനുബന്ധിച്ച് ഇന്ത്യയിലേക്കുള്ള അതിശക്തമായ അഭയാര്‍ത്ഥിപ്രവാഹവും എല്ലാം കൂടിയുള്ള കലങ്ങിമറിയലുകള്‍ക്കിടയില്‍ ഇന്ത്യാ ഗവണ്‍മെന്റ് മുക്തിവാഹിനിക്ക് പിന്തുണ നല്‍കി. ഇന്ത്യന്‍ സേനയുടെ പിന്തുണയോടെ മുക്തിവാഹിനി പാകിസ്ഥാന്‍ പട്ടാളത്തെ പരാജയപ്പെടുത്തിയ മുന്നേറ്റത്തില്‍ ഒരു സംഭവമുണ്ടായി. വിജയശ്രീലാളിതരായ മുക്തിവാഹിനികള്‍ കിഴക്കന്‍ പാകിസ്ഥാന്റെ അസംബ്ലിഹാളിലേക്ക് ഇരച്ചുകയറി അവിടെ ചുവരില്‍ അലങ്കരിച്ചിരുന്ന രണ്ട് കൂറ്റന്‍ ഛായാചിത്രങ്ങള്‍ വലിച്ചുതാഴെയിട്ട് തകര്‍ക്കുകയും, അതുംപോരാഞ്ഞ്, അതില്‍ കയറിനിന്ന് കലിതുള്ളി താണ്ഡവമാടുകയും ചെയ്തു. ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി ഇടംപിടിച്ച സംഭവമായിരുന്നു അത്. അവര്‍ അന്ന് ചവിട്ടിമെതിച്ച ആ ഛായാചിത്രങ്ങളില്‍ ഒന്ന് പാകിസ്ഥാന്‍ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടേതും മറ്റേത് ആത്മീയ പിതാവായ മുഹമ്മദ് ഇഖ്ബാലിന്റെതുമായിരുന്നു എന്നത് കാലം അവര്‍ക്കായി കരുതിവെച്ച വിധിവിഹിതമാവാം. സമാനമായ ആഹ്ലാദാരവങ്ങള്‍ നമ്മള്‍ കണ്ടത് പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് സ്വര്‍ഗഭൂമിയും അതിന്റെ ഉപഗ്രഹങ്ങളും തകര്‍ന്നുവീണപ്പോള്‍ ജനങ്ങള്‍ ‘ആചാര്യന്മാ’ രുടെ പ്രതിമകള്‍ ചവിട്ടിത്തകര്‍ത്ത് താണ്ഡവമാടിയപ്പോഴാണ്.
ഖിലാഫത്തിനെ അനുകൂലിച്ചെങ്കിലും ഹിംസാത്മകമായ ലഹളകളെ ശക്തിയായി എതിര്‍ത്ത മറ്റൊരു മുസ്ലീമാണ് യാക്കൂബ് ഹസന്‍ സേട്ട്. 1875ല്‍ നാഗ്പൂരില്‍ ജനിച്ച അദ്ദേഹം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പതിനെട്ടാമത്തെ വയസ്സില്‍ ബംഗളൂരുവില്‍ ബിസിനസ് ആരംഭിച്ചു. 1901ല്‍ മദ്രാസിലേക്ക് മാറുകയും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തു. 1916ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലേക്കും മദ്രാസ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്കും അദ്ദേഹത്തെ തിരഞ്ഞെടുത്തു. അദ്ദേഹം 1919ലെ ഖിലാഫത്ത് പ്രസ്ഥാനത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിരുന്നു. 1921 ഏപ്രിലിലെ ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കാരാഗൃഹത്തിലാക്കി. കേരള ഗാന്ധി കേളപ്പജി പറയുന്നു…. ‘നിസ്സഹകരണ പ്രസ്ഥാനം അഹിംസാത്മകമായി തന്നെ തുടര്‍ന്നുപോകണമെന്ന നിര്‍ബ്ബന്ധം കൊണ്ടായിരുന്നു, 1921 ഫെബ്രുവരിയില്‍ ജനാബ് യാക്കൂബ് ഹസ്സനും മറ്റും മലബാറില്‍ പ്രചാരവേലയ്ക്ക് വന്നത്. പക്ഷെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി…. അദ്ദേഹത്തെ 1921 ഓഗസ്റ്റ് പതിനഞ്ചിനാണ് മോചിപ്പിച്ചത്. യാക്കൂബ് ഹസ്സനോടൊപ്പം മാധവന്‍ നായരും നാരായണ മേനോനും കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും (ഒറ്റപ്പാലം സമ്മേളനത്തില്‍ തിരഞ്ഞെടുത്ത ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ്) അക്രമം കൊണ്ടുണ്ടാകുന്ന ആപത്ത് ലഹളക്കാരെ ധരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു’ (1971 ഒക്ടോബറില്‍ മരണത്തിന് തൊട്ടുമുമ്പ് കേസരിയില്‍ കേളപ്പജി എഴുതിയ ലേഖനം). ‘അന്നത്തെ പ്രസിദ്ധ ഖിലാഫത്ത് പ്രവര്‍ത്തകരായ ആലി മുസലിയാരും ശിഷ്യരും അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്നില്ല…’ എന്നും കേളപ്പജി രേഖപ്പെടുത്തുന്നു
മലബാറില്‍ മാപ്പിള ലഹള നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വ്യക്തമായി പറഞ്ഞാല്‍ 1921 സപ്തംബര്‍ പതിമൂന്നിന് മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ ഹിന്ദു’ പത്രത്തില്‍ യാക്കൂബ് ഹസ്സന്‍ എഴുതിയ ലേഖനത്തില്‍ ഒരിടത്ത് പറയുന്നു… ‘മാപ്പിള സമുദായത്തില്‍പ്പെട്ട അജ്ഞരും വഴിപിഴപ്പിക്കപ്പെട്ടവരും ദുര്‍വൃത്തരുമായ ചിലര്‍ അയല്‍പ്പക്കത്ത് സമാധാനമായി കഴിയുന്ന ഹിന്ദുക്കളെ ബലംപ്രയോഗിച്ച് ഇസ്ലാമില്‍ ചേര്‍ത്തുവെന്നത് അവര്‍ ചെയ്ത ക്രൂരതകളില്‍വെച്ച് ഏറ്റവും ഹീനവും നീചവുമാണെന്ന് ആ സമുദായം തന്നെ അപലപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ അക്രമികള്‍ സ്വന്തം മതത്തിന് തന്നെ അപമാനവും നാണക്കേടുമാണ് വരുത്തിവെച്ചിരിക്കുന്നത്. ഈ മതംമാറ്റത്തിന് വിധേയരായ ഹിന്ദുക്കളോട് ഞങ്ങള്‍ മാപ്പ് ചോദിക്കേണ്ടതുണ്ട്. മുസല്‍മാന്മാര്‍ക്ക് വേണ്ടി ഞാന്‍ അത് ചെയ്യുന്നു. തെറ്റായ നേതൃത്വമാണ് അവരെ സ്വാധീനിച്ചിട്ടുള്ളത്….’
അക്കാലത്ത് കോഴിക്കോട് നിന്ന് ആഴ്ചയില്‍ മൂന്ന് ദിവസമായി പ്രസിദ്ധീകരിച്ചിരുന്ന മനോരമ പത്രത്തില്‍ 1921 സപ്തംബര്‍ 23ന് പൊന്നാനിയിലെ മഖ്ദും തങ്ങള്‍, പഴയകത്ത് മമ്മിക്കുട്ടി ഹാജി, വെളിയങ്ങോട്ട് തട്ടാന്‍ങ്ങര കുട്ടിയമ്മു മുസലിയാര്‍, പുതിയകത്ത് ബാവ മുസലിയാര്‍, കവുടിയമ്മാനക്കാനത്ത് അബ്ദുള്ളക്കുട്ടി മുസലിയാര്‍ തുടങ്ങി ആയിരത്തില്‍പ്പരം മാപ്പിള പ്രമുഖന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഒരു വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഇങ്ങനെ പറയുന്നു…. ‘എല്ലാ മുസ്ലീം സഹോദരന്മാരെയും അറിയിക്കുന്നത് എന്തെന്നാല്‍ ഗാന്ധി മുതലായ ഹിന്ദുക്കളും മുഹമ്മദ് അലി, ഷൗക്കത്ത് അലി മുതലായവരും കൂടി നമ്മുടെ മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ഇതുവരെ ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്തുവരുന്നതുമായ എല്ലാ പ്രവൃത്തികളും നമ്മുടെ ഇസ്ലാം ദീനിന് വിരോധമായിട്ടുള്ളതാകയാല്‍, ആ വക തെറ്റിദ്ധാരണകളില്‍ ഇസ്ലാം സഹോദരന്മാര്‍ അകപ്പെട്ടുപോകരുത്. ഖിലാഫത്ത് എന്ന വൃഥാപേരും വെച്ച് നടത്തി വരുന്ന യോഗത്തില്‍ നിന്നും നിസ്സഹകരണം, സ്വരാജ്, മുതലായ എല്ലാ അരാജക സ്ഥാപനങ്ങളില്‍ നിന്നും നമ്മളെല്ലാം വിട്ടൊഴിഞ്ഞിരിക്കുന്നു… കൊല, കവര്‍ച്ച, നിര്‍ബന്ധിച്ച് മതംമാറ്റല്‍, അന്യന്റെ സ്വത്ത് പിടിച്ചുപറിക്കല്‍ മുതലായവയെല്ലാം ഇസ്ലാം ദീനിന് വിരോധമായിട്ടുള്ളതും, കഠിനമായി നമ്മോട് ദൈവവും പ്രവാചകനായ നബി(സ) തങ്ങള്‍ അവര്‍കളും വിരോധിക്കപ്പെട്ടിരിക്കുന്നു….’
യാഥാസ്ഥിതികരായിരുന്നെങ്കിലും, നമ്മുടെ നവപൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയോ ചരിത്ര വക്രീകരണക്കാരുടെയോ കാപട്യം ഇല്ലാത്ത, മതപരമായ സത്യസന്ധത പുലര്‍ത്തുന്നവരായിരുന്നു അവര്‍..