Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ബലിദര്‍ശനം- അക്കിത്തത്തിന്റെ ജീവിതദര്‍ശനം

പ്രിയദര്‍ശന്‍ലാല്‍

Print Edition: 6 August 2021

മഹാകവി അക്കിത്തത്തിന്റെ കൃതികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും (1952) ബലിദര്‍ശനവും (1970). ഇവ തമ്മില്‍ പതിനെട്ടുവര്‍ഷങ്ങളുടെ അന്തരമുണ്ട്. പതിനെട്ടിനും ജീവിതസംഗരത്തിനുമുള്ള ബന്ധം ഇവിടെ വന്നത് ബോധപൂര്‍വ്വമോ യാദൃച്ഛികമോ എന്നത് ചര്‍ച്ചാവിഷയമല്ല. അങ്ങനെയാണ് എന്ന കാവ്യസത്യമേ വേണ്ടൂ. പരുഷയാഥാര്‍ത്ഥ്യങ്ങളുടെ വാച്യപ്രധാനമായ യഥാതഥ വിവരണമായ ഇതിഹാസത്തെ ഇകഴ്ത്താനും വാഴ്ത്താനും ധാരാളമാളുകളുണ്ടായി. ആ പ്രവണത ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. ബലിദര്‍ശനത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല. രണ്ടു കൃതികളും ഒരേ മനോഭാവത്തില്‍നിന്നു പിറന്നവയാണെങ്കിലും സൗമ്യവും ധ്വന്യാത്മകവുമായ ദ്വിതീയകാവ്യം അനദിഗമ്യമായിരിക്കുന്നു. ചെറിയ കവിതകളെപ്പോലും നക്ഷത്രശോഭയുള്ള ചെറുഖണ്ഡങ്ങളായി വിന്യസിക്കുന്ന രീതി തുടക്കം മുതല്‍ക്കേ അക്കിത്തത്തിനുണ്ട്. ഈ ക്വാണ്ടം തിയറിയുടെ ഭംഗിയും ശക്തിയും ഇതിഹാസത്തെയും ബലിദര്‍ശനത്തെയും ചേതോഹരങ്ങളാക്കുന്നു. അത് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ബലിദര്‍ശനത്തിലാണ്.

ഓണത്തെ മൂന്നുതരത്തില്‍ സമീപിക്കാം. കാര്യബോധമുറയ്ക്കാത്ത കുട്ടികള്‍ക്ക് കളിച്ചുരസിക്കാനും ചെറിയ ചെറിയ ആവശ്യങ്ങള്‍ ഉന്നയിക്കാനുമുള്ള വേളയാണിത്. സമ്പന്നര്‍ക്ക് കൂടുതല്‍ ധാടിയും മോടിയും കൂട്ടാനുള്ള സുവര്‍ണ്ണാവസരമാണ്. തുച്ഛവരുമാനക്കാരും അഭിമാനികളുമായ ഇടത്തരക്കാര്‍ക്ക് മനസ്സുനീറ്റാനെത്തുന്ന ദുര്‍ഘടവുമാണ്. ഈ മൂന്നും അക്കിത്തത്തിന്റെ ഓണക്കവിതകളില്‍ ഒരുമിച്ചോ വെവ്വേറെയോ കാണപ്പെടുന്നു. ഗ്രാമത്തിന്റെ നിഷ്‌കളങ്കദാരിദ്ര്യത്തില്‍നിന്ന് മഹാനഗരത്തിന്റെ നിഷ്ഠൂരദാരിദ്ര്യത്തിലേയ്ക്ക് ചേക്കേറാന്‍ വിധിക്കപ്പെട്ട ശുദ്ധാത്മാവിന്റെ ഭ്രമാത്മകചിന്തകളാണ് കൂടുതലും. ബലിദര്‍ശനത്തിന്റെ അടിത്തറ കാണണമെങ്കില്‍ ഇദ്ദേഹത്തിന്റെ നാളിതുവരെയുള്ള ഓണക്കവിതകളെ പരിചയപ്പെടണം. മാതൃസവിധത്തില്‍ (വീരവാദം – 1946) സുഹൃത്തിനുള്ള കത്ത് (മനഃസാക്ഷിയുടെ പൂക്കള്‍ – 1951), പാതിരാപ്പാട്ടും ഞാനും (മനോരഥം – 1951), ഇടിഞ്ഞുപൊളിഞ്ഞ ലോകം (1961), ആണ്ടമുളപൊട്ടല്‍, വിപ്ലവകവി (വെണ്ണക്കല്ലിന്റെ കഥ – 1961), മഹാബലി (സഞ്ചാരികള്‍ – 1961), പൂണൂല്‍ക്കാരുടെ ചരിത്രം (അരങ്ങേറ്റം – 1961), മഹാബലിയുടെ ദിവസം (കരതലാമലകം – 1967). ഇവയില്‍ പ്രകടമായോ പ്രച്ഛന്നമായോ ഓണം വരുന്നുണ്ട്. ആണ്ടമുളപൊട്ടല്‍ മാത്രമാണ് ഒറ്റപ്പെട്ടു നില്‍ക്കുന്നത്. ഇതെഴുതുമ്പോള്‍ അക്കിത്തത്തിനെ ഇടശ്ശേരിക്കാറ്റ് തഴുകിയിരുന്നുവെന്നു തോന്നുന്നു. ഇനി ബലിദര്‍ശനമാകാം.

II
അക്കിത്തം എന്തുകൊണ്ടു മഹാകവിയായെന്നറിയാന്‍ കാവ്യശരീരത്തെയും ആത്മാവിനെയും വെവ്വേറെ അപഗ്രഥിക്കേണ്ടതുണ്ട്. ബലിദര്‍ശനത്തെ പേരുകളിട്ട അഞ്ചുഖണ്ഡങ്ങളായിട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓരോന്നിലുമുള്ള ഉപഖണ്ഡങ്ങള്‍ക്ക് പേരില്ല. ശ്രാവണപ്രഹര്‍ഷത്തില്‍ 28, 14, 14, 10, 18, 18, 34 എന്നിങ്ങനെ വിന്യസിക്കപ്പെട്ട 136 വരികളുണ്ട്. മഹായാനകഥയില്‍ 18, 14, 14, 14, 14, 14 എന്ന് 88 വരികളുണ്ട്. ആദ്യത്തെ കുതിപ്പിനുശേഷമുള്ള യത്‌നവേഗം ക്രമമാണെന്നു ശ്രദ്ധിക്കണം. 18, 38, 12 എന്ന് 68 വരികളാണ് നഷ്ടമൂല്യവിഷാദത്തില്‍, ത്രിമാനയുഗത്തില്‍ 14, 16, 24, 14, 19, 14 എന്ന് 101 വരികളുണ്ട്. ഇതില്‍ അഞ്ചാം ഉപഖണ്ഡത്തിലെ 19 എന്ന സംഖ്യ ശ്രദ്ധിക്കണം. എട്ട് ഈരടികള്‍ക്കുശേഷം ഒരു മൂവടി ബോധപൂര്‍വ്വം നിബന്ധിച്ചിരിക്കുന്നു. മഹാബലിക്കഥയിലെ മൂവടിയുടെ സാംഗത്യം എടുത്തുപറയേണ്ടതില്ല. വാസ്തവത്തില്‍ ആദ്യത്തെ നാലടികള്‍ക്കുശേഷം ഒരു അയ്യടി ഘടിപ്പിച്ചാണ് ഇതു സാധിക്കുന്നത്. ദ്രാവിഡങ്ങളായ അനുഷ്ഠാനഗാനങ്ങളില്‍ അയ്യടികള്‍ പുരാവൃത്തകഥനത്തിനും സ്തുതിക്കുമാണുപയോഗിക്കുന്നതെന്നറിയുമ്പോഴാണ് അക്കിത്തത്തിന്റെ രചനാതന്ത്രത്തിനു മുമ്പില്‍ തലകുനിയുന്നത്. ബലിബലോദയത്തിനാണ് വലുപ്പക്കൂടുതല്‍. 30, 36, 18, 28, 12, 10, 10 എന്നിങ്ങനെ 142 വരികളുണ്ട്. ഒട്ടാകെ 535 വരികള്‍ ആദ്യന്തപ്പൊരുത്തമുള്ള കൃശമദ്ധ്യയാണ് കാവ്യം. പക്ഷേ ഉള്ളില്‍ ഒരു വര്‍ഗ്ഗീകരണത്തിനും പൊരുത്തപ്പെടാത്ത സങ്കീര്‍ണ്ണ ഘടനയാണുള്ളത്. ജീവിതത്തില്‍ ഒന്നുപോലെ മറ്റൊന്നില്ലെങ്കിലും എല്ലാം കൂടിച്ചേരുന്ന ഒരു സമഗ്രഘടനയുണ്ടല്ലോ. അതുതന്നെ ഇവിടെയും കാണപ്പെടുന്നു. കര്‍മ്മേന്ദ്രിയങ്ങള്‍ 5, ജ്ഞാനേന്ദ്രിയങ്ങള്‍ 5 എന്ന് ഖണ്ഡവിഭജനത്തിന്റെ യുക്തി വേഗം മനസ്സിലാകും. ഉപഖണ്ഡങ്ങള്‍ 29 എങ്ങനെവന്നുവെന്നു നോക്കാം. കര്‍ക്കിടത്തിരുവോണം മുതല്‍ ചിങ്ങത്തിരുവോണം വരെ 28 ദിവസം പൂവിടുന്നതായിരുന്നു കവിയുടെ ബാല്യകാലാനുഭവം. തിരുവോണനാളിലെ പൂക്കളം അന്നുവൈകിട്ടോ പിറ്റേന്നു രാവിലെയോ വാരിക്കളയുകയില്ല. അത് അവിട്ടത്തിന്‍ നാള്‍ പഴമ്പൂക്കളമായി മുറ്റത്തുകിടക്കും. അങ്ങനെ മുറ്റത്ത് 29 ദിവസം പൂക്കളങ്ങളുണ്ടാകും. ഭൂതഭവത്തുക്കളുടെ ഇഴപിരിച്ചുണ്ടാക്കിയ ബലിദര്‍ശനത്തിന് ഈ സംഖ്യതന്നെ അനുയോജ്യം. ഗദ്യത്തോടു ചേര്‍ന്നുനില്ക്കുന്നതും ആലാപനസാദ്ധ്യതകൂടിയതുമായ കേകയാണ് ഇതിലെ വൃത്തം. ആഴ്‌വാര്‍മാരെയും നായനാര്‍മാരെയും മോഹിപ്പിച്ച വിരുത്തത്തിന് എഴുത്തച്ഛനിലൂടെ തുടര്‍ന്നു വന്ന മധുരതാളം! സംഘകാലത്ത് ദക്ഷിണഭാരതത്തിലാകെ ആഘോഷിച്ചിരുന്നതും ഇന്ന് കേരളത്തിലേയ്ക്ക് ഒതുങ്ങിത്തീര്‍ന്നതുമായ ഓണത്തെക്കുറിച്ചു പാടാന്‍ മുത്തമിഴ്‌വൃത്തം സ്വീകരിച്ചതിനു പിന്നില്‍ രാഷ്ട്രീയചരിത്രത്തേക്കുറിച്ചും സാംസ്‌കാരിക ചരിത്രത്തെക്കുറിച്ചുമുള്ള അവഗാഹമുണ്ട്.

ഇവിടെ ഇതിഹാസവുമായി ഒരു താരതമ്യമാകാം. ആമുഖത്തിലെ തേജോമയങ്ങളായ മൂന്നു ശ്ലോകങ്ങളെ പിന്‍തുടരുന്നത് സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ ഖണ്ഡങ്ങളാണ്. എല്ലാറ്റിനുംകൂടി ഉപഖണ്ഡങ്ങള്‍ 18. കൃതിയൊന്നാകെ 190 അനുഷ്ഠശ്ലോകങ്ങളില്‍ നിറയുന്നു. പാദങ്ങള്‍ 760. ബലിദര്‍ശനത്തേക്കാള്‍ 225 പാദങ്ങള്‍ അധികമുണ്ട്. വേദങ്ങള്‍ക്കും ഇതിഹാസപുരാണങ്ങള്‍ക്കും ചൈതന്യം പകരുന്ന അനുഷ്ടുപ്പിലേയ്ക്ക് കാവ്യാത്മാവിനെ ആവാഹിച്ച കവി ഭാരതീയ മഹാസംസ്‌കാരത്തെയും അതിന്റെ അവിച്ഛിന്ന ഭാഗമായ കേരളീയ ഉപസംസ്‌കാരത്തെയും അഭിമാനപൂര്‍വം അംഗീകരിക്കുന്നു. തന്റെ ഇതിഹാസത്തിന് ആര്‍ഷേതിഹാസങ്ങളുടെ താളമാകട്ടെയെന്ന സാമാന്യയുക്തി മാത്രമെടുത്താല്‍പോലും അത് അക്കിത്തത്തിന്റെ അസാമാന്യപ്രതിഭയ്ക്കു നിദര്‍ശനമാകും. കവിമനസ്സില്‍ വന്ന ഒന്നരവ്യാഴവട്ടത്തിന്റെ പരിപാകം ഇരു ഖണ്ഡകാവ്യങ്ങളും വെച്ച് പഠിക്കപ്പെടേണ്ടതാണ്.

III
ഇനി കാവ്യാത്മാവിലേയ്ക്കു കടക്കാം. ഒരു ബൃഹദ്ഗ്രന്ഥത്തില്‍ വിവരിക്കേണ്ട വിഷയം ലഘുലേഖനത്തിലൊതുക്കുന്നതിന്റെ പരിമിതി ആദ്യമേ അറിയിക്കുന്നു. ഒരു വ്യക്തിയുടെ ചിന്തയിലൂടെ കടന്നുപോകുന്നതാണ് കാവ്യം. ആ വ്യക്തിയെ കവി എന്നു വിളിക്കുന്നതിനേക്കാള്‍ ആഖ്യാതാവെന്നു വിശേഷിപ്പിക്കുന്നതാണ് യുക്തം. ഓണമുണ്ടശേഷം തിണ്ണയില്‍ പുല്‍പ്പായയിട്ട് തല തൂണില്‍ച്ചാരി കാല്‍പായയ്ക്കുകൊടുത്ത് ഇരിപ്പും കിടപ്പുമല്ലാത്തനിലയില്‍ കഴിയുകയാണ് ആഖ്യാതാവ്. ഉണര്‍വിലാണോ ഉറക്കത്തിലാണോയെന്ന് അദ്ദേഹത്തിനു നിശ്ചയമില്ല. ശരീരത്തിനൊത്ത മനസ്സും മനസ്സിനൊത്ത ശരീരവുമെന്ന സ്ഥിതി വരാന്‍പോകുന്നത് ജാഗ്രത് സ്വപ്നങ്ങളുടെ ആന്ദോളഗമകമാണെന്ന മുന്നറിവുതരുന്നു. വാസ്തവത്തില്‍ ഓണം മലയാളികളുടെ സുന്ദരസ്വപ്നം മാത്രമല്ലേ?

ആഖ്യാതാവിന്റെ കണ്ണുകള്‍ മുറ്റത്തെ പൂക്കളില്‍ പതിഞ്ഞു. അതിന്റെ നടുവില്‍ മഹാബലിയെ സങ്കല്പിച്ച് ഒരു മണ്ണുരുളയുണ്ട്. ഓലക്കുടയും ഓണവില്ലും കഴുത്തില്‍ പൂവട്ടിയുമായി മഹാബലി വാണരുളുന്നുവെന്നാണ് സങ്കല്പം. ശിരസ്സില്‍ ഭാര്യയും മക്കളുമിട്ട നാലഞ്ചു തുമ്പപ്പൂക്കളുമുണ്ട്. പൊടുന്നനെ മുറ്റം സതലമായി. രത്‌നസിംഹാസനത്തില്‍ ത്രൈലോക്യാധിപതിയായ ധീരയോദ്ധാവ് സ്ഥിതിചെയ്യുന്നു. കാതില്‍ ഗ്രാമീണ മങ്കമാരുടെ കൈകൊട്ടുപാട്ടും മുഴങ്ങുന്നു. അകലെനിന്ന് വാര്‍ദ്ധക്യംപോലും മറന്ന കാരണവന്മാരുടെ പകിടകളിയുടെ മേളം! മഹാബലി ആഖ്യാതാവിനോടു ചോദിച്ചു. ”ആരുനീ?” താനാരെന്ന് അതുവരെ ചിന്തിക്കാന്‍ മിനക്കെടാതിരുന്ന, അതിനു സമയം കിട്ടാതിരുന്ന ആഖ്യാതാവ് ചിന്തിച്ചു തുടങ്ങി. ഇനി ആ വാക്കുകളില്‍ ഞാന്‍, ഞങ്ങള്‍ എന്നു കേള്‍ക്കാം.

നേപ്പാളം മുതല്‍ തെക്കോട്ടു കിടക്കുന്ന ഭാരതഖണ്ഡത്തിലെ സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും പിന്‍മുറക്കാരാണു ഞങ്ങള്‍. മൃതസഞ്ജീവനി ഭൂമിയിലെത്തിച്ച ജീമൂതവാഹനന്‍ ഞങ്ങളുടെ പൂര്‍വ്വികനാണ്. പക്ഷേ ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി ജിപ്‌സികളെപ്പോലെ ഉലകം തെണ്ടുകയാണ്. ജീവിതഭാരം ശിരസ്സിലേറ്റുന്ന, ഉടുതുണിക്കു മറുതുണിയില്ലാതെ പരിഹാസ്യരായിത്തീരുന്ന മലയാളികളാണധികം. സ്വന്തം നാട്ടില്‍ തങ്ങുന്നവര്‍ക്കു പെരുവഴിയും ഓടയുമാണാധാരം. ഭരണാധികാരികള്‍ പണമുണ്ടാക്കി സുഖിക്കുന്നു. ചൈനയിലെ ജനകീയ വിപ്ലവത്തെക്കുറിച്ചൂറ്റം കൊള്ളുന്ന, മധുരമനോഹര മനോജ്ഞ കേരളവും ഭാരതവും വാഗ്ദാനം ചെയ്യുന്ന, കമ്മ്യൂണിസ്റ്റുകള്‍ സ്വയം പണക്കാരാകാന്‍ വെമ്പുന്നു. യുക്തിവാദികളും നിരീശ്വരവാദികളുമെന്നഹങ്കരിക്കുമ്പോള്‍പ്പോലും സെമറ്റിക് മതഭ്രാന്തിനെ താലോലിച്ച് അധികാരമുറപ്പിക്കുന്നു. മദ്യത്തില്‍ മുങ്ങുന്ന കേരളം ബ്രേക്കില്ലാത്ത കാലചക്രത്തിന്റെ ഹോണടി കേട്ടുണരുമ്പോള്‍ ചിങ്ങം വന്നെന്നറിഞ്ഞ് റേഷനരികൊണ്ട് സദ്യയൊരുക്കാന്‍ വെമ്പുന്നു. നിഴലളന്നും നക്ഷത്രങ്ങളെ നോക്കിയും ആണ്ടുമാസതീയതി നാഴികവിനാഴികകള്‍ ഗണിച്ചവരുടെ പിന്‍ഗാമികള്‍ക്ക് ചുമരില്‍ കലണ്ടറില്ലെങ്കില്‍ കാലമറിയാതായി.

കേരളമാകെ ഒരു മഹാനഗരമായിരിക്കുകയാണ്. നാട്ടിലുള്ളതു വിറ്റുപെറുക്കി നഗരത്തിലേയ്ക്കു ചേക്കേറിയവനാണ് ആഖ്യാതാവ്. നെയ്ത്തുകമ്പനിയിലെ തുച്ഛവരുമാനമുള്ളത് ചേരികളിലൊന്നിലെ ജീവിതത്തിനു തുണയായിരുന്നു. സമരം, ഘെരാവോ, ലോക്കൗട്ട് എന്നിവയായപ്പോള്‍ അതുപോയി. തെരുവുപട്ടികളെ പിടിച്ചുകൊന്നു കുഴിച്ചുമൂടുന്ന പണി കിട്ടിയതുകൊണ്ടാണ് ജീവിച്ചുപോകുന്നത്. കൊല പാപമാണെന്ന ചിന്തയെ അതിജീവിച്ചത് ജീവിക്കാന്‍ വേണ്ടി കൊലയുമാകാമെന്ന ആപദ്ധര്‍മ്മബോധം കൊണ്ടാണ്. ആരും ആരെയും കൊല്ലുന്നില്ല, കൊല്ലാന്‍ ആവുകയുമില്ലെന്ന ശുദ്ധവേദാന്തം ആത്മവിശ്വാസം നല്‍കി. ഓണമുണ്ട് നടുചായ്ക്കാന്‍ അവസരം കിട്ടിയത് ആ ‘കൊലത്തൊഴില്‍’ കൊണ്ടാണ്. മഹാബലിത്തമ്പുരാന് ഞങ്ങളെ മനസ്സിലാവാതിരുന്നത് ഈ മാറ്റം കൊണ്ടായിരിക്കാമെന്ന് ആഖ്യാതാവ് സമാധാനിക്കുന്നു. എന്നാലും സ്വരത്തില്‍ പരിഭവമുണ്ട്.

”മകനേ, എനിക്കുനിന്നെ നന്നായി മനസ്സിലാകും” മഹാബലി ആശ്വസിപ്പിച്ചു. പേര്‍ഷ്യന്‍ പണംതന്ന കൃത്രിമധാടിയില്‍ ഒരു ന്യൂനപക്ഷം സ്വര്‍ഗ്ഗസുഖം വെട്ടിപ്പിടിക്കാന്‍ വെമ്പുന്നു. ദരിദ്രഭൂരിപക്ഷം അവരെ മാതൃകയാക്കുന്നു. ദരിദ്രന്റെ അനുകരണഭ്രാന്താണ് സര്‍വ്വത്ര. മലയാളികളുടെ നാവിന്റെ രുചികളും മനസ്സിന്റെ അഭിരുചികളും മാറിയിരിക്കുന്നു. യൂറോപ്പിന്റെ കരിംപകര്‍പ്പാകാനാണ് തത്രപ്പാട്. മലയാളിയുടെ കാപട്യം ദുസ്സഹമാണ്. മാര്‍ക്‌സിനുള്ളതു മാര്‍ക്‌സിനും മഹാത്മാഗാന്ധിക്കുള്ളതു ഗാന്ധിക്കും. ലോകമെല്ലാം തനിക്കും ഭാര്യക്കും മക്കള്‍ക്കും എന്നു ചിന്തിക്കുന്ന നിസ്സാരന്മാര്‍ നിറഞ്ഞിരിക്കുന്നു. ബാറുകളിലിരുന്ന് കാബറേ കാണുന്നവര്‍ പുറത്തിറങ്ങിയാല്‍ ആര്‍ഷഭാരതത്തെക്കുറിച്ച് നാവിട്ടടിക്കുന്നു. റേഡിയോയിലും പത്രങ്ങളുടെ വിശേഷാല്‍പ്പതിപ്പുകളിലും ഓണം നിറയുമ്പോള്‍ മുറ്റംമെഴുകി പൂക്കള്‍ ശേഖരിച്ച് മഹാബലിയെ സേവിക്കുന്നവന്‍ ഭ്രാന്തനായി വ്യവഹരിക്കപ്പെടുന്നു. രചനാകാലം കഴിഞ്ഞ് അരനൂറ്റാണ്ടാകുമ്പോഴേയ്ക്കും സ്ഥിതി ബീഭത്സമായിരിക്കുകയാണ്. അതു കവിയുടെ ക്രാന്തദര്‍ശനഫലമാകുന്നു.

ബലി ബലോദയമാണ് ഭാരതീയ ജീവിതദര്‍ശനത്തിന്റെ സംഗ്രഹം. ധര്‍മ്മാധര്‍മ്മവിചിന്തനം ഇവിടെ നടക്കുന്നു. മുത്തച്ഛനായ പ്രഹ്ലാദര്‍ നല്‍കിയ വാടാമലര്‍മാലയും ഗുരു ശുക്രാചാര്യന്‍ നല്‍കിയ ശംഖുമായി സ്വര്‍ഗ്ഗമടക്കിയ മഹാബലിക്ക് സ്വന്തം അഹന്തയെ ജയിക്കാന്‍ കഴിഞ്ഞില്ല. വൈഷ്ണവശക്തി വാമനനായിവന്ന് ഇന്ദ്രപ്പട്ടത്തില്‍നിന്നിറക്കിവിട്ടെങ്കിലും ധര്‍മ്മനിഷ്ഠനായ അദ്ദേഹത്തിന് വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലം ലഭിച്ചു. അടുത്ത മന്വന്തരത്തില്‍ ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്‍ഗ്ഗസിംഹാസനവും കിട്ടി. പട്ടിപിടുത്തക്കാരന്‍ അവന്റെ ധര്‍മ്മമനുഷ്ഠിക്കുന്നതും ഭരണാധികാരി അവന്റെ ധര്‍മ്മമനുഷ്ഠിക്കുന്നതും ഈശ്വരദൃഷ്ടിയില്‍ സമമാണ്. മനുഷ്യവര്‍ഗ്ഗത്തെ ഒന്നായിക്കണ്ട് പക്ഷപാതം കൂടാതെ ഭരിച്ച ബലിക്ക് അതൊന്നുകൊണ്ടുമാത്രം ചിരംജീവിതം കിട്ടി. ഏതു ദുര്‍ഘടകാലത്തും മലയാളി കഴിവിലും കവിഞ്ഞവിധം ബലിയെ വരവേല്‍ക്കുന്നു. ഇതാണ് മഹാബലിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാരം.

ആഖ്യാതാവിന്റെ കണ്ണില്‍ നിന്ന് ബലിയുടെ രൂപം മറഞ്ഞു. കാപ്പി കാലമായിരിക്കുന്നുവെന്ന ശബ്ദം കേട്ടുനോക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഭാര്യ മുമ്പില്‍. ആഖ്യാതാവിന്റെ ശരീരം സ്വര്‍ണ്ണ വര്‍ണ്ണമായി തിളങ്ങുന്നതുകണ്ട് ഭാര്യ ആശ്ചര്യപ്പെട്ടു. നടന്നുനടന്ന് തൊലിപൊട്ടിപ്പഴുത്ത കാലില്‍നിന്ന് ആ വ്രണത്തിന്റെ പാടുപോലും എങ്ങനെ മാഞ്ഞുപോയെന്ന് ആഖ്യാതാവിന്റെ ഭാര്യ അത്ഭുതപ്പെടുന്നിടത്ത് ബലിദര്‍ശനം പര്യവസാനിക്കുന്നു. തുടക്കവും ഒടുക്കവും ഒരുപോലെ ഭ്രമാത്മകം!

IV
രണ്ടുലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച ആഘാതമാണ് ഏകതാനമായിരുന്ന കേരളീയ ജീവിതത്തെ തകിടം മറിച്ചത്. ജനനിബിഡമായ ഒരു തുരുത്താണ് കേരളം. കൂട്ടുകുടുംബവ്യവസ്ഥ തകരുകയും തനിക്കുതാന്‍ മാത്രമെന്ന അസ്വസ്ഥ ചിന്ത പടരുകയും ചെയ്തതോടുകൂടി ഓരോരുത്തര്‍ക്കും ആവശ്യങ്ങളേറി. സ്വയം വിധിക്കു കീഴടങ്ങുന്നതു മാറി തനിക്ക് വിധി കീഴ്‌പ്പെടണമെന്ന വാശിയായി. ആദ്യം ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേയ്ക്ക് വന്‍തോതില്‍ കുടിയേറ്റം തുടങ്ങി. പിന്നെ അതതിനുപുറത്തുള്ള സമീപരാജ്യങ്ങളില്‍ ചെന്നുചേര്‍ന്നു. ഒടുവില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ നിറഞ്ഞ പേര്‍ഷ്യന്‍ മണ്ണിലേയ്ക്കായി ഭ്രാന്തന്‍ കുടിയേറ്റം. അതോടെ നാട് സുഖതൃഷ്ണാഭ്രാന്തില്‍ മുഴുകി. രാജഭരണം കഴിഞ്ഞു ജനാധിപത്യമായി. സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗം ചെയ്തവര്‍ പിന്നീട് അതിന്റെ പേരില്‍ ജനകീയ രാജാക്കന്മാരായി. അന്നതിനെ ഒറ്റിക്കൊടുത്തവര്‍ പാവങ്ങളുടെ പേരില്‍ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കി അധികാരത്തിലേറി. ഈ കാപട്യം കാണുന്ന ജനങ്ങളില്‍ അറപ്പും വെറുപ്പും കൂടുന്നുണ്ടെങ്കിലും അവര്‍ നിസ്സഹായരാണ്. ഇതുമുഴുവന്‍ അക്കിത്തം ധ്വന്യാത്മകമായി പറയുന്നുണ്ട്. സാധാരണഗതിയില്‍ രോഗകാരണങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണേറെയും. ഔഷധം നിര്‍ദ്ദേശിക്കുന്നവര്‍ കുറയും. സമൂഹശരീരത്തെയും മനസ്സിനേയും ബാധിച്ച മാറാരോഗങ്ങള്‍ക്ക് മരുന്നു നിര്‍ദ്ദേശിക്കുന്നുവെന്നതാണ് അക്കിത്തത്തിന്റെ മഹത്വം.

സംസാരചക്രത്തില്‍ ഒന്നും സ്ഥിരമല്ല. എന്നാല്‍ അനുഭവദശയില്‍ ജീവിതം സത്യമാണ്. സമ്പത്തിന്റെ സുഖാലസ്യത്തില്‍ മതിമറന്നഹങ്കരിക്കരുത്. ഏതവസ്ഥയിലും സത്യസന്ധമായി അദ്ധ്വാനിക്കണം. അങ്ങനെ തൊഴിലെടുത്ത് ജീവിക്കുന്നതിലൂടെയാണ് വ്യക്തിമനസ്സ് രോഗമുക്ത (രഹിത) മാവുന്നത്. കാര്‍ഷിക സംസ്‌കാരത്തെ യഥാശക്തി വീണ്ടെടുക്കണം. വ്യവസായത്തെ സ്വന്തം നാട്ടില്‍ പുഷ്ടിപ്പെടുത്തണം. അന്യന്റെ നാട്ടില്‍ അലയുന്നവര്‍ക്ക് അതിന്റെ പകുതി ഉത്സാഹം സ്വന്തം നാട്ടില്‍ നിര്‍വ്വഹിക്കാനുള്ള മനസ്സുണ്ടാവണം. സമ്പത്തും ദാരിദ്ര്യവും തമ്മിലുള്ള അകലം കുറയ്ക്കണം. ഇതാണ് സമൂഹമനസ്സിനുള്ള ഔഷധം. ഏതു സാഹചര്യത്തിലും മനസ്സുമടുക്കാതെ മുന്നേറുന്ന വ്യക്തിയും സമൂഹവുമുണ്ടായാല്‍ കേരളം എന്നും മാവേലിനാടായിരിക്കും. ഇങ്ങനെ കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന മനുഷ്യസ്‌നേഹിയും സംസ്‌കാരാഭിമാനിയുമായ മഹാകവിയെ ബലിദര്‍ശനം കാട്ടിത്തരുന്നു.

* * *
പരിശിഷ്ടമായ ചിലതുകൂടി. മഹാകവിയുമൊത്ത് ധാരാളം സഞ്ചരിക്കാനും ഇടപഴകാനും ഭാഗ്യം കിട്ടിയിട്ടുണ്ട്. സ്വതേ തന്റെ രചനകളെക്കുറിച്ചും ഇനി ചെയ്യാന്‍ പോകുന്ന ഉദ്യമങ്ങളെക്കുറിച്ചും ഒന്നുംപറയാത്തയാളായിരുന്നു അദ്ദേഹം. എന്നാല്‍ പുരാണേതിഹാസങ്ങളെക്കുറിച്ചോ വേദവേദാന്തശാസ്ത്രാദി ഗൗരവവിഷയങ്ങളെക്കുറിച്ചോ ചോദിച്ചാല്‍ വിശദമായി വിവരിച്ചു തരികയും ചെയ്യും. വി.ടിയെക്കുറിച്ചും ഇടശ്ശേരിയെക്കുറിച്ചും വാചാലനാകും. യഥാര്‍ത്ഥ ജിജ്ഞാസ കൊണ്ടാണെന്നു തോന്നിയാല്‍ തന്റെ ചില കൃതികള്‍ രചിക്കാനിടയായ സാഹചര്യം, അവയില്‍ കൂടി താന്‍ പറയാനാഗ്രഹിച്ചകാര്യങ്ങള്‍ ഇവയൊക്കെ പറഞ്ഞുതരാനുള്ള സൗമനസ്യം കാട്ടിയിരുന്നു. അദ്ധ്യാപകര്‍ക്ക് ഇതൊക്കെയറിയേണ്ടതുണ്ടല്ലോ. ഞാനെഴുതുന്നുവെന്ന ഭാവമേയില്ല. ആത്യന്തികമായി ശുകപുരത്തെ ദക്ഷിണാമൂര്‍ത്തി തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുന്നുവെന്ന സമര്‍പ്പണബുദ്ധി തെളിഞ്ഞുനിന്നു. ”ബലിദര്‍ശനം ഇങ്ങനെയല്ല വേണ്ടിയിരുന്നതെന്നെനിക്കിപ്പോഴുമറിയാം. പക്ഷേ എങ്ങനെയാണ് വേണ്ടതെന്ന് അന്നും ഇന്നും അറിയില്ല. അതുകൊണ്ട് അങ്ങനെ കിടക്കട്ടെയെന്നു വെച്ചു. ആകാശവാണിക്കുവേണ്ടി സമയബന്ധിതമായി എഴുതിയതാണ്.” ഒരിക്കല്‍ മഹാകവി പറഞ്ഞു. ബലിദര്‍ശനത്തെക്കുറിച്ച് പറയുമ്പോഴും എഴുതുമ്പോഴും ഇങ്ങനെയല്ല വേണ്ടതെന്നറിയുന്നുണ്ട്. പക്ഷേ എങ്ങനെയെന്ന് അറിയുന്നില്ല അതുകൊണ്ട് മഹാകവി അക്കിത്തത്തിന്റെ ജീവിതദര്‍ശനത്തെ ബലിദര്‍ശനത്തില്‍ കണ്ടെത്താനുള്ള ശ്രമവും ഇങ്ങനെയാകട്ടെ എന്നനുവദിച്ചാലും. അഗ്നിപ്പത്തിന്റെ അച്യുതതേജസ്സിന് ശ്രദ്ധാഞ്ജലി.

 

Tags: FEATURED
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies