പ്രൊഫ.സി.കെ.മൂസതിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്
”തല അല്പം ചെരിച്ച്, മൂക്കിന്റെ താഴത്തേക്ക് സ്ഥാനം തെറ്റി നില്‍ക്കുന്ന കണ്ണടക്കുള്ളിലൂടെ നോട്ടമയച്ച്, ചുണ്ടില്‍ കുസൃതിച്ചിരി വിടര്‍ത്തി, ഭൂതകാലത്തിന്റെ അടപ്പൂരിക്കളഞ്ഞ ഓര്‍മ്മച്ചെപ്പുമായി കണ്‍മുന്നില്‍ സദാ ഒരു ഖദര്‍ധാരി നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തപസ്യയുടെ തറവാട്ടിലേക്ക് കയറി വന്ന പ്രൊഫ. സി.കെ. മൂസത് എന്ന സ്വാഭാവോക്തി അലങ്കാരത്തെ കാലത്തിന്റെ കരങ്ങള്‍ക്കുപോലും നമ്മുടെ സ്മൃതിപഥത്തില്‍നിന്നു മായ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.” പണ്ഡിതനും എഴുത്തുകാരനും അധ്യാപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. സി.കെ മൂസതിന്റെ ഈ തൂലികാചിത്രം വരച്ചിട്ടത് പ്രൊഫ. കെ.പി. ശശിധരനാണ്. 1990 മെയ് മാസത്തിലെ ‘വാര്‍ത്തികം’ മാസികയില്‍.
സി.കുമാരന്‍ മൂസത്. തപസ്യ കലാ-സാഹിത്യവേദിയുടെ മുന്‍ സംസ്ഥാനാധ്യക്ഷന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ അസിസ്റ്റന്റ് ഡയറക്ടറും ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ തലവനും. ശാസ്ത്രത്തിലും സാഹിത്യത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അധ്യാപകന്‍. കോളേജ് പ്രിന്‍സിപ്പല്‍. മികച്ച ഗ്രന്ഥകാരന്‍. ഗവേഷകന്‍. അനവധി ശാസ്ത്രസാഹിത്യ ലേഖനങ്ങളുടെ രചയിതാവ്. മലബാറിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച എം.ബി. കോളേജിന്റെ സ്ഥാപകന്‍. കറയറ്റ ഗാന്ധിയന്‍. ത്യാഗമനസ്‌കനായ സാംസ്‌കാരികപ്രവര്‍ത്തകന്‍. ജീവിതാവസാനം വരെ ഭാരതീയസംസ്‌കാരത്തിലധിഷ്ഠിതമായ പ്രസ്ഥാനങ്ങളുടെ കൂടെ സഞ്ചരിച്ച ദേശസ്‌നേഹി. പ്രീണനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങാത്ത ആദര്‍ശവാദി. വിദ്വേഷമോ വെറുപ്പോ കാലുഷ്യമോയില്ലാത്ത നിഷ്‌കളങ്കഹൃദയന്‍. വലിപ്പച്ചെറുപ്പമില്ലാതെ ആരുമായും അടുത്ത സൗഹൃദം പങ്കുവയ്ക്കുന്ന സ്‌നേഹസമ്പന്നന്‍. ആരുടെ മുന്നിലും തല കുനിക്കാത്ത അഭിമാനി. വിമര്‍ശനങ്ങളിലോ പരിഹാസങ്ങളിലോ ഇളകാത്ത നിശ്ചയദാര്‍ഢ്യം. സ്വതന്ത്രബുദ്ധി.
പ്രെഫ. സി.കെ മൂസതിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1921 ജൂണ്‍ 23 ന് മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പൊന്മളയില്‍ ജനിച്ചു. ‘അധികാരിമൂസത്’ എന്നറിയപ്പെടുന്ന ചങ്ങഴി കുമാരന്‍ മൂസതിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും രണ്ടാമത്തെ മകന്‍. വിദ്യാഭ്യാസകാലത്ത്, എഴുതിയ പരീക്ഷകളിലൊക്കെ ഫസ്റ്റ്ക്ലാസോടെയും സ്‌കോളര്‍ഷിപ്പോടെയും ഒന്നാം റാങ്കിലോ രണ്ടാം റാങ്കിലോ വിജയം. ഫിസിക്‌സ് ആയിരുന്നു ഐച്ഛികവിഷയം. തൃശ്ശൂര്‍ ശ്രീരാമകൃഷ്ണ സ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി കോളേജിലും ചുരുങ്ങിയ കാലം അധ്യാപകനായി. തന്റെ ജൂനിയറായിരുന്നയാളെ വകുപ്പ് മേധാവിയായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിലെ ജോലി രാജിവച്ചാണ് പാലക്കാട്ട് ‘മൂസത് ബ്രദേഴ്‌സ് കോളേജ്’ ആരംഭിച്ചത്. പിന്നീട് ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ സീനിയര്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചതോടെ അതിന്റെ ചുമതല പൂര്‍ണമായും അനുജന്മാരായ കൃഷ്ണന്‍ മൂസതിനും ബലറാം മൂസതിനും ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു.
മന്നത്ത് പത്മനാഭന്റെ പ്രത്യേക താല്പര്യപ്രകാരം നെന്മാറ എന്‍.എസ്.എസ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായി ചുമതലയേറ്റു. ആ പദവിയിലിരിക്കെയാണ് 1968 ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമിതനാവുന്നത്. ഡയറക്ടറായ എന്‍.വി. കൃഷ്ണവാരിയരുടെ കീഴില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം അവിടെ കാഴ്ചവച്ചത്. അക്കാലത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴില്‍ ഒട്ടുമിക്ക ശാസ്ത്ര സാങ്കേതിക പദങ്ങള്‍ക്കും തത്തുല്യമായ മലയാള പദങ്ങള്‍ ഉണ്ടാക്കിയതില്‍ മുഖ്യപങ്കു വഹിച്ചത് മൂസത് സാറായിരുന്നു. എന്‍.വി കൃഷ്ണവാരിയര്‍ പദവി ഒഴിഞ്ഞപ്പോള്‍ തന്റെ തലക്കു മുകളിലൂടെ ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടിയെ ഡയറക്ടറായി നിയമിച്ചതില്‍ നീരസപ്പെട്ട് രാജിവച്ച് ഇറങ്ങിപ്പോവുകയായിരുന്നു അദ്ദേഹം.
ഇക്കാര്യങ്ങളൊന്നും മറ്റാരും നമുക്ക് പറഞ്ഞു തരണമെന്നില്ലായിരുന്നു. കണ്ടു തുടങ്ങുമ്പോഴേ മൂസത് സാര്‍ പറഞ്ഞുതുടങ്ങും. പറഞ്ഞുകൊണ്ടേയിരിക്കും. നിര്‍ത്താതെ പെയ്യുന്ന മഴപോലെ. ഒരിക്കല്‍ പറഞ്ഞതാണെങ്കിലും പിന്നെയും പിന്നെയും ആവര്‍ത്തിക്കും. തികഞ്ഞ തലയെടുപ്പോടും ഗരിമയോടും കൂടി. പ്രസന്നവദനായി, വിനയാന്വിതനായി, മുന്നിലെത്തിപ്പെടുന്നവരുടെ ഹൃദയം കീഴടക്കുംവിധത്തിലുള്ള സൗഹൃദഭാവത്തില്‍. നാം മുന്നിലിരുന്ന് മൂളിക്കൊടുത്താല്‍ മതി. മടുപ്പ് പ്രകടിപ്പിക്കാതെ കേട്ടുകൊണ്ടിരുന്നാല്‍ പിറകെ കേരളത്തിന്റെ സാംസ്‌കാരികചരിത്രം മുഴുവന്‍ കേള്‍ക്കാം. സാഹിത്യപ്രസ്ഥാനങ്ങള്‍, സാഹിതീസമ്മേളനങ്ങള്‍, സാഹിത്യസൗഹൃദങ്ങള്‍, പല കൃതികളുടെയും രചനാരഹസ്യങ്ങള്‍, എഴുത്തുകാരുടെ സവിശേഷതകളും താല്പര്യങ്ങളും, അറിയപ്പെടാത്ത എത്രയോ പ്രതിഭകള്‍, അപൂര്‍വകൃതികള്‍… അങ്ങനെയങ്ങനെ. അടുക്കും ചിട്ടയുമില്ലാതെ അവയെല്ലാം നമ്മുടെ മനസ്സിലേക്ക് ഒഴുകുകയായിരിക്കും. ശുഭ്രമനസ്സില്‍ നിന്നുള്ള നിര്‍മ്മലപ്രവാഹം.
1982 ല്‍ തിരുവനന്തപുരത്തുവച്ചു നടന്ന തപസ്യ കലാ-സാഹിത്യവേദിയുടെ ആറാം വാര്‍ഷികോത്സവത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിക്കൊണ്ടാണ് പ്രഫ. സി.കെ. മൂസത് ആ പ്രസ്ഥാനവുമായി അടുക്കുന്നത്. തപസ്യ സ്ഥാപകനായ എം.എ കൃഷ്ണനുമായുള്ള സൗഹൃദവും അടുപ്പവും ആ പദവി സ്വീകരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ആ പരിപാടിയില്‍ വേദിയിലും സദസ്സിലും തിരുവനന്തപുരത്തെ മുഴുവന്‍ കലാ-സാഹിത്യനായകരും എത്തിച്ചേര്‍ന്നത് അവിടത്തെ സാംസ്‌കാരികരംഗത്ത് മൂസത്‌സാറിന് ഉണ്ടായിരുന്ന സ്വാധീനഫലമായി കൂടിയാണ്. അതേ വര്‍ഷം അദ്ദേഹം തപസ്യയുടെ മൂന്നാമത്തെ സംസ്ഥാനാധ്യക്ഷനായി പദവി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലത്താണ് തപസ്യ കേരളത്തിലുടനീളം വ്യാപിച്ചത്. അദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിലുണ്ടായിരുന്ന പല പ്രമുഖരും ആ സംഘടനയുമായി സര്‍വാത്മനാ സഹകരിക്കാന്‍ തയ്യാറായി.
1985 ല്‍ മഹാകവി അക്കിത്തത്തിന്റെ പേര് തപസ്യ സംസ്ഥാനാധ്യക്ഷപദവിയിലേക്ക് നിര്‍ദ്ദേശിച്ചതും മൂസത് സാറായിരുന്നു. തുടര്‍ന്ന് ഉപാധ്യക്ഷനായി ജീവിതാവസാനം വരെ അദ്ദേഹം ആ പ്രസ്ഥാനത്തോടാപ്പം സജീവമായി പ്രവര്‍ത്തിച്ചു. ആരോഗ്യം വകവയ്ക്കാതെ, മറ്റ് അസൗകര്യങ്ങള്‍ കണക്കിലെടുക്കാതെ കേരളത്തിന്റെ ഏതു ഭാഗത്ത് നടക്കുന്ന പ്രധാന തപസ്യ പരിപാടികളിലും യോഗങ്ങളിലും പൂര്‍ണ്ണസമയം അദ്ദേഹം സന്നിഹിതനായിരിക്കും. ഒന്നുപോലും വിട്ടുപോവാതെ. അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി, കടത്തനാട്ട് കോവിലകത്തെ ഉദയവര്‍മ്മരാജയുടെ മകളായ രാജലക്ഷ്മി ടീച്ചറും ഒപ്പമുണ്ടാവും. പ്രഫ. സി.കെ മൂസത്, മഹാകവി അക്കിത്തം, വി.എം കൊറാത്ത്, ടി.എം.ബി നെടുങ്ങാടി, എം.എ. കൃഷ്ണന്‍, പി. പരമേശ്വരന്‍, തുറവൂര്‍ വിശ്വംഭരന്‍ എന്നീ പ്രാമാണികരുടെ പ്രൗഢനിരയായിരുന്നു അക്കാലത്ത് തപസ്യയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നത്.
പാലക്കാട്ടുവച്ച് തപസ്യയുടെ ആഭിമുഖ്യത്തില്‍ 1990 മെയില്‍ നടന്ന അദ്ദേഹത്തിന്റെ സപ്തതി ആഘോഷത്തില്‍ മഹാകവി അക്കിത്തം, മഹാകവി ഒളപ്പമണ്ണ, വി.എം കൊറാത്ത്, പ്രഫ. തുറവൂര്‍ വിശ്വംഭരന്‍, ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ്, ഒ. രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. അന്ന് അക്കിത്തം ഇങ്ങനെ പറഞ്ഞു: ”ഈ മനുഷ്യനെ ഭാവിക്ക് ശ്രദ്ധിക്കേണ്ടിവരും. മറക്കാനാവാത്തതാണ് അദ്ദേഹത്തിന്റെ സാഹിത്യസംഭാവന എന്നതുകൊണ്ടു മാത്രമല്ല അത്. അദ്ദേഹം നല്ലൊരു മനുഷ്യനായതുകൊണ്ടു കൂടിയാണ്. സ്വന്തം സ്‌നേഹശാലിത്വത്തില്‍നിന്ന് ഒരു നിമിഷം പോലും വ്യതിചലിച്ചിട്ടില്ല എന്നതാണ് ആ ജീവിതത്തിന്റെ മര്‍മ്മം. വരുംതലമുറകള്‍ക്ക് റഫറന്‍സ് ഗ്രന്ഥങ്ങളായി ഉപയോഗിക്കാവുന്ന കൃതികളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്.”
കണ്ണൂരില്‍ 1991 ജനുവരിയില്‍ നടന്ന തപസ്യയുടെ പതിനാലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍, ആരോഗ്യം വളരെ മോശമായിരുന്നെങ്കിലും തലേ ദിവസംതന്നെ മൂസത്ദമ്പതികള്‍ എത്തിച്ചേര്‍ന്നു. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയ തപസ്യ ജനറല്‍ സെക്രട്ടറി എന്‍.പി. രാജന്‍നമ്പിയെ കെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”തപസ്യ വാര്‍ഷികത്തിന് എന്റെ അവസാനത്തെ വരവാണിത്, കേട്ടോ.” ഞങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. എന്നാല്‍ രോഗപീഢയാല്‍ ക്ഷീണിച്ചവശനായ അദ്ദേഹത്തിന്റെ മുഖത്ത് നിലാവുപോലുള്ള സ്വതസ്സിദ്ധമായ ആ പുഞ്ചിരി നിറഞ്ഞുനില്‍പ്പായിരുന്നു. മൂന്നു ദിവസത്തെ ആ പരിപാടികളില്‍ ഉടനീളം അദ്ദേഹവും ടീച്ചറും പങ്കെടുത്തു. സമ്മേളനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 1991 മാര്‍ച്ച് 28 ന്. സന്തതസഹചാരിയായിരുന്ന ടീച്ചറും ഒരു വര്‍ഷത്തിനുള്ളില്‍ വിടപറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ അവരുടെ അവസാനവരവ്.
ജീവിതം എന്നത് പ്രഫ.സി.കെ മൂസതിന് സാഹിത്യസപര്യയായിരുന്നു. രാത്രി രണ്ടു മണിക്ക് ഉണരും. പാലക്കാട് താരെക്കാട്ടുള്ള ‘സുദര്‍ശനം’ എന്ന തന്റെ വീട്ടിലെ മുകള്‍നില നിറഞ്ഞു കവിഞ്ഞു കിടക്കുന്ന, അപൂര്‍വവും അതിവിപുലവുമായ ഗ്രന്ഥശേഖരത്തിനുള്ളിലാണ് പിന്നെ. പുലര്‍വെട്ടം പരക്കുന്നതുവരെ അവിടെയിരുന്ന് ഗതകാലസാഹിത്യത്തിന്റെ മുത്തുകള്‍ പെറുക്കിയെടുത്ത് പുതുതലമുറയ്ക്കായി മിനുക്കിയെടുക്കലാണ് പണി. ഒരു ദിവസംപോലും മുറ തെറ്റാത്ത ദിനചര്യ. ജീവിതാവസാനം വരെ. തിരുവനന്തപുരത്തെ താമസക്കാലത്ത് തെരുവോരങ്ങളിലെ പഴയ പുസ്തകക്കച്ചവടക്കാരില്‍നിന്ന് പറയുന്ന കാശുകൊടുത്ത് വാങ്ങിക്കൂട്ടിയ എണ്ണമറ്റ ആനുകാലികങ്ങളും പുസ്തകങ്ങളുമാണ് ആ എഴുത്തുപുരയിലെ അസംസ്‌കൃതവസ്തുക്കളായി കൂടുതലും ഉണ്ടായിരുന്നത്. അവസാനകാലത്ത് രോഗത്തിന് കീഴ്‌പ്പെട്ടപ്പോള്‍ വലിയ ശുണ്ഠിയും ശാഠ്യവുമായിരുന്നത്രേ അദ്ദേഹത്തിന്. മറ്റൊന്നുമല്ല, വായിക്കാനും എഴുതാനും കഴിയാത്തതിനാലായിരുന്നു അതെന്നാണ് രാജലക്ഷ്മി ടീച്ചര്‍ പറഞ്ഞത്.
മഹാകവി വള്ളത്തോള്‍, കേളപ്പജി, കവികുലഗുരു പി.വി. കൃഷ്ണവാരിയര്‍, വൈക്കത്ത് പാച്ചുമൂത്തത്, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള, കെ. മാധവന്‍നായര്‍ എന്നിവരുടെ ജീവചരിത്രഗ്രന്ഥങ്ങള്‍ മൂസത്‌സാര്‍ കൈരളിക്കു നല്‍കിയ കനപ്പെട്ട സംഭാവനകളാണ്. ശങ്കരാചാര്യരെക്കുറിച്ചുള്ള ഒരു പുസ്തകവും ആ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. സാഹിത്യവീക്ഷണം, രാമകഥ മലയാളത്തില്‍, മോഹിനിയാട്ടം (ഇംഗ്ലീഷ്) എന്നീ കലാ-സാഹിത്യ പഠനഗ്രന്ഥങ്ങളും പരമാണുശാസ്ത്രം, ഭൗതികശാസ്ത്രങ്ങള്‍, ശാസ്ത്രചിന്തകള്‍, പ്രാചീനഗണിതം മലയാളത്തില്‍ എന്നീ ശാസ്ത്രപുസ്തകങ്ങളും അദ്ദേഹത്തിന്റെ സാഹിത്യപരിശ്രമങ്ങളുടെ സാഫല്യങ്ങളായി നമുക്ക് ലഭിച്ചിട്ടുണ്ട്.
സാഹിത്യഗവേഷണത്തിന്റെ ഫലമായി പ്രഫ. സി.കെ മൂസത് കണ്ടെടുത്ത് പ്രസിദ്ധീകരിച്ച വിലപിടിച്ച ചില പുസ്തകങ്ങള്‍ക്ക് നമ്മുടെ സാഹിത്യലോകം എന്നെന്നും അദ്ദേഹത്തോട് കൃതജ്ഞത കാണിക്കണം. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമെന്ന് കണക്കാക്കപ്പെടുന്ന ‘ഭൃംഗസന്ദേശം’, കൃഷ്ണസ്വാമി അയ്യരുടെ ‘ദേശഭക്തിഗാനങ്ങള്‍’, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘ദേശീയഗീതങ്ങള്‍’, കെ. കണ്ണന്‍നായരുടെ ആത്മകഥ, നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച ‘ഗുരുസന്നിധി’ എന്ന പേരിലുള്ള ലഘുജീവചരിത്രങ്ങള്‍, ജി.പി പിള്ള എഴുതിയ ‘ലണ്ടനും പാരീസും’, രാമവര്‍മ്മത്തമ്പുരാന്റെ ‘ഭൂഗോളചരിതം’ എന്നിവയാണ് അക്കൂട്ടത്തിലുള്ളവ. അവ ശേഖരിക്കാനും സംശോധനം ചെയ്ത് പ്രസിദ്ധീകരിക്കാനും അദ്ദേഹം ചെയ്തത് കഠിനമായ പരിശ്രമങ്ങളായിരുന്നു.
സോഷ്യലിസം ഇന്‍ ഇന്ത്യന്‍ പ്ലാനിങ്, കോണ്‍ഗ്രസ്സിന്റെ ചരിത്രം, എ.ബി.സി ഓഫ് കെമിസ്ട്രി, ഭാരതപ്പുഴതീര സംസ്‌കാരചരിതം എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കാതെയുണ്ട്. ഇതിനൊക്കെപ്പുറമെ കണക്കില്ലാത്തത്ര ലേഖനങ്ങള്‍ വിവിധങ്ങളായ ആനുകാലികങ്ങളിലും പത്രങ്ങളിലും അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ ഏതാണ്ട് ഇരുപതിലേറെ ലേഖനങ്ങള്‍ വി.എം. കൊറാത്തിന്റെ പരിശ്രമഫലമായി സമ്പാദിച്ച് ‘ആസ്വാദനത്തിന്റെ സാഫല്യം’ എന്ന പേരില്‍ മൂസത്‌സാറിന്റെ മകന്‍ കെ.എം. ഉദയകുമാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ശാസ്ത്രവും ഭാഷയും സാഹിത്യവും ചരിത്രവും സംസ്‌കാരവും എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങളില്‍ അദ്ദേഹം എഴുതിക്കൂട്ടിയ എണ്ണിയാലൊടുങ്ങാത്ത ലേഖനങ്ങള്‍ എവിടെയൊക്കെയോ ചിതറിക്കിടക്കുകയാണ്. അനവധിയായ ആ ലേഖനങ്ങള്‍ കണ്ടെടുത്ത് സമാഹരിച്ചാല്‍ നാം എത്തിപ്പെടുക അനന്യവിചിത്രമായ വിജ്ഞാനസാഗരത്തിലായിരിക്കും. ഉപന്യാസങ്ങളും പ്രബന്ധങ്ങളും മാത്രമല്ല അദ്ദേഹം കവിതകളും എഴുതിയിരുന്നുവെന്നത് പലര്‍ക്കുമറിയില്ല. പഠിക്കുന്ന കാലത്തും പിന്നീടും കാവ്യവൃത്തിയിലേര്‍പ്പെടുന്നത് അദ്ദേഹത്തിന് ഒരു കൗതുകമായിരുന്നു.
മലയാളത്തില്‍ ആദ്യകാലത്ത് ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ എഴുതിയിരുന്നവര്‍ പ്രധാനമായും രണ്ടുപേരാണ്. ഡോ. കെ.ഭാസ്‌കരന്‍നായരും പ്രഫ. സി.കെ. മൂസതും. ശാസ്ത്രപരിചയമില്ലാത്ത വായനക്കാര്‍ക്ക് അല്പം ഗഹനമായിത്തോന്നാമെങ്കിലും ശാസ്ത്രവസ്തുതകള്‍ വിശദമായും പൂര്‍ണമായും വിവരിക്കുന്നവയായിരുന്നു മൂസത്‌സാറിന്റെത്. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവരിലേക്ക് ഭൗതികശാസ്ത്രപരമായ അറിവുകള്‍ പരമാവധി എത്തിക്കുകയെന്നതിനപ്പുറം ശാസ്ത്രം ഐച്ഛികവിഷയമായെടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുകൂടി പ്രയോജനപ്പെടുന്നവയായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങള്‍. സാഹിത്യത്തിലെ ശാസ്ത്രാവബോധത്തെക്കുറിച്ചുള്ള വിശകലനസ്വഭാവമുള്ള ലേഖനങ്ങളും അദ്ദേഹം ധാരാളമായി രചിച്ചിട്ടുണ്ട്. 1981 മാര്‍ച്ചിലെ ‘കേരളസമാചാറി’ല്‍ എഴുതിയ ‘ശാസ്ത്രസ്വാധീനം സാഹിത്യത്തില്‍’ എന്ന ലേഖനം അത്തരത്തിലൊന്നാണ്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍, കെ.സി. കേശവപിള്ള, ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി എന്നിവരുടെ കവിതകളിലെ ശാസ്ത്രസംബന്ധിയായ പരാമര്‍ശങ്ങളാണ് ആ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
മൂസത്‌സാര്‍ എഴുത്തില്‍ കാണിക്കുന്ന വേഗതയും കൃത്യതയും അനന്യമാണ്. മഹാകവി വള്ളത്തോളിന്റെ, രണ്ട് വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ ആയിരത്തി അഞ്ഞൂറ് പേജുള്ള ജീവചരിത്രം വെറും മൂന്നുമാസം കൊണ്ട് അദ്ദേഹം എഴുതിത്തീര്‍ത്തുവെന്നത് വിസ്മയകരമാണ്. അതും സമഗ്രതയും സൂക്ഷ്മതയും ഒത്തിണങ്ങിയ ഗ്രന്ഥം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ദ്രുതകവനത്തിന് സമാനം. പ്രസിദ്ധീകരണത്തിനുള്ള ലേഖനങ്ങള്‍ക്കായി ആരു കത്തയച്ചാലും മൂന്നുനാലു ദിവസത്തിനകം ആവശ്യപ്പെട്ടത് പത്രാധിപരുടെ മേശപ്പുറത്തെത്തിയിരിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന കാലത്ത് ശബ്ദാവലി തയാറാക്കുക, ഭാഷാസമാങ്കങ്ങളും ശാസ്ത്രീയശൈലികളും കുരുക്കഴിച്ച് കണ്ടെത്തുക എന്നീ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ കൃത്യതയെക്കുറിച്ച് അന്ന് ഒപ്പം ജോലി ചെയ്തിരുന്ന പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി എപ്പോഴും പറയാറുണ്ടായിരുന്നു. അക്കാലത്ത് പ്രൂഫ് നോക്കുന്ന പണികൂടി സ്വയം ഏറ്റെടുത്ത് അദ്ദേഹം ചെയ്യുമായിരുന്നത്രേ, അച്ചടിപ്പിശക് വരരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍.
അദ്ദേഹത്തിന്റെ പുസ്തകശേഖരം വളരെ സവിശേഷമാണ്. വീട്ടിനകത്ത് അടുക്കളയിലേക്കു വരെ നിറഞ്ഞുകവിഞ്ഞ പുസ്തകശേഖരം. എന്നാല്‍ എല്ലാം ഭംഗിയായും ചിട്ടയായും സൂക്ഷിച്ചിരിക്കും. ചെറു ലഘുലേഖകള്‍ മുതല്‍ മഹാഗ്രന്ഥങ്ങള്‍വരെ അതിലുണ്ടാവും. കിട്ടിയ പുസ്തകങ്ങളെല്ലാം ബ്രൗണ്‍നിറത്തിലുള്ള കടലാസുകൊണ്ട് സ്വയം പൊതിഞ്ഞു വയ്ക്കും. ആ കടലാസുകളില്‍ പുസ്തകത്തില്‍നിന്നുള്ള ഉദ്ധരണികളോ പ്രധാന പരാമര്‍ശങ്ങളോ കുറിപ്പുകളായി നിറയെ എഴുതിയിട്ടിട്ടുണ്ടാവും. പുസ്തകത്താളുകളില്‍ അവിടവിടെയായി ചില അടയാളപ്പെടുത്തലുകളും അഭിപ്രായങ്ങളും കാണാം. തനിക്കു ലഭിച്ച ചില പ്രധാന കത്തുകള്‍ പുസ്തകച്ചട്ടകളില്‍ ഒട്ടിച്ചുവയ്ക്കുന്നത് അദ്ദേഹത്തിന്റെ ഒരു സവിശേഷതയാണ്. മൂസത്‌സാറിന്റെ ദേഹവിയോഗശേഷം ആ പുസ്തകശേഖരത്തില്‍നിന്ന് കുറച്ച് അദ്ദേഹത്തിന്റെ മക്കള്‍ തപസ്യക്ക് നല്‍കിയിരുന്നു. ഒരിക്കല്‍ അവ പരിശോധിക്കവെ പുസ്തകച്ചട്ടയില്‍ അങ്ങനെ ഒട്ടിച്ചുവച്ച ഒരു കത്തു കിട്ടി. ഒരു ഇന്‍ലാന്റ് കവര്‍. പ്രശസ്ത കവി എം.പി.അപ്പന്‍ മൂസത്‌സാറിനയച്ചത്. കുടുംബസമേതം തന്റെ സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് വന്നതിലുള്ള നന്ദി അറിയിച്ചുകൊണ്ട് എഴുതിയ ആ കത്തില്‍ ‘അപ്രസക്തമായ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് കവി ഇങ്ങനെ എഴുതി:
”ആറ്റൂര്‍, അപ്പന്‍തമ്പുരാന്‍, സുബ്രഹ്മണ്യന്‍പോറ്റി, ഐ.സി.ചാക്കോ തുടങ്ങിയവരെപ്പറ്റി താങ്കള്‍ എഴുതിയിട്ടുള്ള പഠനയോഗ്യങ്ങളായ പ്രബന്ധങ്ങള്‍ എല്ലാം സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ ഉദ്യമിക്കണം. സാഹിത്യഗവേഷകര്‍ക്ക് അതുകൊണ്ടുള്ള പ്രയോജനം അതുല്യമായിരിക്കും. വേറെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത എത്രയെത്ര വിവരങ്ങളാണ് താങ്കള്‍ക്ക് ശേഖരിക്കാന്‍ സാധിച്ചിട്ടുള്ളത്. ഒന്നല്ല, ഒമ്പത് ഡോക്ടറേറ്റിന് ആ ഗ്രന്ഥാവലി താങ്കളെ അര്‍ഹനാക്കുന്നുണ്ട്.” എന്ന്, സ്‌നേഹപൂര്‍വം എം. പൊന്നപ്പന്‍ എന്നെഴുതി ഒപ്പിട്ട ആ കത്തില്‍ സൂചിപ്പിച്ച കാര്യം എത്രമാത്രം പ്രസക്തമാണെന്നു നോക്കൂ. പക്ഷെ തന്റെ രചനകള്‍ സ്വയം സമാഹരിക്കുക, പുസ്തകമാക്കാന്‍ പരിശ്രമിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തികച്ചും വിമുഖനായിരുന്നു മൂസത്‌സാര്‍. തന്റെ ജീവിതത്തിലെ അവസാനകാലം, പരമാവധി എഴുതുക എന്ന കര്‍മ്മത്തിനു മാത്രം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അദ്ദേഹം. സമാഹരിക്കലോ പുസ്തകമാക്കലോ സാംസ്‌കാരികലോകത്തിന് താല്പര്യമുണ്ടെങ്കില്‍ ചെയ്തുകൊള്ളട്ടെയെന്ന സമീപനം. ഇതിനൊക്കെ വേണ്ടി പലരുടെയും പിറകെ നടക്കാനും സഹായം ആവശ്യപ്പെടാനും ആ കര്‍മ്മനിരതന്‍ ഒട്ടും തയ്യാറായിരുന്നില്ല.
എഴുതിവച്ച് പ്രസിദ്ധീകരിക്കാത്ത എത്രയോ കൈയെഴുത്ത് പ്രതികള്‍ പല പുസ്തകങ്ങള്‍ക്കുള്ളിലും അദ്ദേഹം തിരുകിവച്ചത് കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് മടവൂര്‍ കാളു ആശാനെക്കുറിച്ച് എഴുതിയ ‘ഗണിതപ്രതിഭയുള്ള കവി’ എന്ന ലേഖനം. 1857 നും 1888 നും ഇടയില്‍ ജീവിച്ച പ്രതിഭാസമ്പന്നനും ജ്യോതിശ്ശാസ്ത്രനിപുണനുമായ ആ കവിയുടെ ഗണിതശാസ്ത്രത്തിലുള്ള അഗാധമായ അറിവ് പ്രകടമായ ചില കുട്ടിക്കാലാനുഭവങ്ങളാണ് ആ ലേഖനത്തിലുള്ളത്. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് കാലത്തിന്റെ പാളികള്‍ക്കുള്ളിലേക്ക് മറഞ്ഞു പോയ ഇത്തരത്തിലുള്ള അനവധി പ്രതിഭകളെയും സാഹിത്യപരിശ്രമങ്ങളെയും വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ പരപ്രേരണയില്ലാതെ ഉണ്ടായതാണ്.
ഏതു വിഷയത്തെക്കുറിച്ചും അനായാസമായി എഴുതാനുള്ള ആ കഴിവ് അദ്ഭുതാവഹമാണ്. എഴുതുമ്പോള്‍ അധികവിസ്താരമാവുമോ വിരസമാവുമോ എന്നൊന്നും അദ്ദേഹം നോക്കാറില്ല. ഒരു വിഷയത്തെക്കുറിച്ച് സമഗ്രമായി എഴുതിത്തീര്‍ക്കുക എന്നതു മാത്രമേ ചിന്തിക്കുകയുള്ളൂ. പ്രസക്തമല്ലെന്നു തോന്നുന്നതൊക്കെ പ്രസിദ്ധീകരിക്കുമ്പോള്‍ എഡിറ്റര്‍മാര്‍ ഒഴിവാക്കിക്കൊള്ളട്ടെ എന്ന മട്ടില്‍ വിസ്തരിച്ചാണ് രചന. അദ്ദേഹത്തിന്റെ ഒരുപാട് ലേഖനങ്ങള്‍ എഡിറ്റു ചെയ്ത വി.എം കൊറാത്ത് പലപ്പോഴും തമാശയായി പറയാറുണ്ട്: ”മൂസത്‌സാറിന്റെ ഒരു ലേഖനം എഡിറ്റുചെയ്യുമ്പോള്‍ വെട്ടിമാറ്റുന്ന പേജുകള്‍ തുന്നിക്കൂട്ടിയാല്‍ മറ്റൊരു ലേഖനം കിട്ടും.” ആശയത്തെളിച്ചത്തിനും ഒതുക്കത്തിനുമായി തന്റെ രചനകള്‍ വെട്ടിമാറ്റുന്നതിനോട് മൂസത്‌സാറിന് ഒട്ടും അതൃപ്തിയുണ്ടായിരുന്നില്ല എന്നു മാത്രമല്ല, പ്രസിദ്ധീകരിച്ച കോപ്പി കൈയില്‍ക്കിട്ടിയാല്‍ എഡിറ്ററെ വിളിച്ച് അഭിനന്ദിക്കുകകൂടി ചെയ്യുമായിരുന്നു.
കേളപ്പജിയായിരുന്നു പ്രഫ.സി.കെ.മൂസതിന്റെ ആദര്‍ശപുരുഷനും സാംസ്‌കാരികപ്രവര്‍ത്തനരംഗത്തെ ഗുരുസ്ഥാനീയനും. കേളപ്പജിയുടെ സര്‍വോദയപ്രസ്ഥാനത്തിലും ഗാന്ധി പീസ് ഫൗണ്ടേഷനിലും സജീവമായ പങ്കാളിത്തവും സമര്‍പ്പണവും അദ്ദേഹം നടത്തി. കേളപ്പജിയുടെ നിര്‍ദ്ദേശപ്രകാരം 1956 ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് സ്വന്തം ചെലവില്‍മത്സരിക്കുകയുണ്ടായി. പിന്തുണയ്ക്കാന്‍ വന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികളുടെ ഔദാര്യത്തെ ആശയാദര്‍ശത്തിന്റെ പേരില്‍ നിരസിച്ചുകൊണ്ട്. കേളപ്പജി എന്താവശ്യപ്പെട്ടാലും മൂസത്‌സാര്‍ അത് ചെയ്തുകൊടുക്കുമായിരുന്നു. ഒരിക്കല്‍ സംഘടനാപ്രവര്‍ത്തനത്തിന് എന്തോ പണത്തിന്റെ അത്യാവശ്യം അറിയിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ പാലക്കാട്ട് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘സമദര്‍ശിനി’ പ്രസ്സ് അപ്പാടെ അദ്ദേഹം കേളപ്പജിക്ക് വിട്ടുകൊടുത്ത കാര്യം മൂസതിന്റെ സപ്തതി ആഘോഷവേളയില്‍ വി.എം.കൊറാത്ത് പരാമര്‍ശിക്കുകയുണ്ടായി.
അരികില്‍ എത്തിപ്പെടുന്നവര്‍ക്ക് തന്നാല്‍ക്കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് തന്റെ കര്‍ത്തവ്യമായാണ് അദ്ദേഹം കണ്ടത്. കേരളത്തിലെ ഏതൊരു മികച്ച കലാലയത്തോടും കിടപിടിക്കുന്ന വിദ്യാഭ്യാസമായിരുന്നു മൂസത്‌സാര്‍ തുടങ്ങി വച്ച എം.ബി. കോളേജിലേത്. അക്കാലത്ത് ഒട്ടേറെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരും മിടുക്കരുമായ, ചെറുപ്പക്കാരെ, അവിടെ അധ്യാപകരായി ജോലി നല്‍കിക്കൊണ്ട് അദ്ദേഹം സഹായിക്കുകയുണ്ടായി. എം.ടി.വാസുദേവന്‍നായര്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചത് അവിടെയായിരുന്നു. 1996 ല്‍ പാലക്കാട്ട് നടന്ന തപസ്യ പതിനാറാം വാര്‍ഷികോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് എം.ടി വാസുദേവന്‍നായര്‍ മൂസത് സാറിനെ അനുസ്മരിച്ചത് ഇങ്ങനെയാണ്: ”എന്റെ വിദ്യാര്‍ഥിജീവിതത്തിനു ശേഷം കുമരനല്ലൂരില്‍നിന്ന് എനിക്ക് ജ്യേഷ്ഠതുല്യനായ മഹാകവി അക്കിത്തത്തിന്റെ ഒരു കത്തുമായി ഞാന്‍ എം.ബി. കോളേജില്‍ ചെന്നു. ഉടന്‍തന്നെ അവിടെ അധ്യാപകനായി ജോലി ലഭിച്ചു. തോറ്റ കുട്ടികളെ പഠിപ്പിക്കുന്ന കോളേജിലെ അധ്യാപകന്‍. എനിക്ക് ആദ്യമായി ശമ്പളം തന്നത് സി.കെ മൂസത്‌സാറാണ്. രണ്ടു വര്‍ഷം ആ സ്‌നേഹം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞു.”
എത്രയോ ഗവേഷകരെ മൂസത്‌സാര്‍ സഹായിച്ചിട്ടുണ്ട്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനും മറ്റും ശുപാര്‍ശകള്‍ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ചിലര്‍ അതൊക്കെ നന്ദിയോടെ ഓര്‍ക്കുകയും മറ്റു ചിലര്‍ അദ്ദേഹത്തെ വിസ്മരിക്കുകയും ചെയ്തിരിക്കുന്നു. പല സമര്‍ത്ഥന്മാരും അദ്ദേഹത്തിന്റെ ശുദ്ധമനസ്സിനെ ചൂഷണം ചെയ്ത് പല കാര്യങ്ങളും നേടിയെടുത്തിട്ടുണ്ട്. അപൂര്‍വപുസ്തകങ്ങള്‍ പലതും കൈക്കലാക്കിയിട്ടുണ്ട്. എന്നാല്‍ അതിലൊന്നും പരിഭവമോ പരാതിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരിക്കല്‍പ്പോലും തന്നില്‍നിന്ന് ഔദാര്യം പറ്റിയ ആരെയും എന്തെങ്കിലും സഹായത്തിനു വേണ്ടി അദ്ദേഹം സമീപിച്ചതായി കേട്ടിട്ടില്ല. അധികാരകേന്ദ്രങ്ങളുമായോ കക്ഷിരാഷ്ട്രീയവുമായോ യാതൊരുതരത്തിലുള്ള വിധേയത്വത്തിനും ആ ആദര്‍ശധീരന്‍ തയ്യാറായിരുന്നില്ല. പ്രൊഫ. സി.കെ മൂസതിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ക്ക് ആ സാന്നിധ്യം മറക്കാന്‍ കഴിയില്ല. അടുത്തറിഞ്ഞവര്‍ക്ക് ആ വ്യക്തിത്വത്തെ നമസ്‌കരിക്കാതിരിക്കാനും കഴിയില്ല.
സര്‍ക്കാരിന്റെയോ അല്ലാത്തതോ ആയ ഒരു പുരസ്‌കാരങ്ങളും പ്രഫ. സി.കെ മൂസതിന് ലഭിച്ചിട്ടില്ല. യാതൊരു സ്ഥാനമാനങ്ങള്‍ക്കും അംഗീകാരത്തിനും ഔദാര്യത്തിനും ആഗ്രഹിക്കാതെ സ്വന്തം കര്‍മ്മങ്ങളില്‍ പരിപൂര്‍ണമായി മുഴുകിക്കൊണ്ട് പൊതുജീവിതത്തിന് മാതൃകയാവുകയായിരുന്നു അദ്ദേഹം. ചെയ്യുന്ന കാര്യങ്ങളില്‍ തികഞ്ഞ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും പുലര്‍ത്തുക, എപ്പോഴും ഉത്സാഹത്തോടെയും ഊര്‍ജസ്വലതയോടെയും തനിക്കറിയാവുന്ന പ്രവൃത്തികളില്‍ മുഴുകുക, ചെയ്യാവുന്നതു മാത്രം പറയുക, പറയുന്നതൊക്കെ ചെയ്യുക, തന്റെ അറിവുകള്‍ മുഴുവന്‍ പ്രതിഫലേച്ഛയില്ലാതെ സമൂഹത്തിനു പകര്‍ന്നു നല്‍കുക. ഈ ഗുണവിശേഷമുള്ളവര്‍ ഇന്നത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരുന്നതില്‍ പരാജയപ്പെട്ടുപോകും. അതെ, വിഷ്ണുനാരായണന്‍ നമ്പൂതിരി മൂസത്‌സാറിനെ വിശേഷിപ്പിച്ചത് ‘തേജോമയമായ ഒരു പരാജയം’ എന്നായിരുന്നു. കാലത്തിന്റെ പരിമാണത്തിനപ്പുറത്ത് തലമുറകള്‍ക്ക് ഊര്‍ജ്ജമായിത്തീരുന്ന പരാജയം. ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്നത് പുതുതലമുറക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ ആവോ.
നൂറാണ്ടുകള്‍ എണ്ണിക്കണക്കാക്കി ആ വിശുദ്ധജന്മത്തെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ഒപ്പമുണ്ടായിരുന്ന പ്രസ്ഥാനങ്ങള്‍ക്കും സാഹിത്യലോകത്തിനും വലിയ ഒരു കടമ നിര്‍വഹിക്കാനുണ്ട്. ഒരു പുരുഷായുസ്സു മുഴുവന്‍ ആ മനുഷ്യന്‍ എഴുതിക്കൂട്ടിയ വിലപിടിച്ച ലേഖനങ്ങള്‍ സമാഹരിക്കുകയും അപ്രകാശിതമായ ഗ്രന്ഥങ്ങള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്യുക. അതായിരിക്കും ആ സരസ്വതീ ഉപാസകനോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവ്. ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ള മഹാസേവനം.