തലയുയര്‍ത്തി നില്‍ക്കുന്ന സംഘവടവൃക്ഷത്തില്‍ ആമൂലാഗ്രം നിറഞ്ഞു നില്‍ക്കുന്ന ജീവനരസമാണ് ഡോക്ടര്‍ജി എന്ന വ്യക്തി. രാഷ്ട്രത്തിനുവേണ്ടി ജീവിക്കേണ്ടത് എങ്ങനെയാണെന്നും, നിത്യ ജീവിതത്തില്‍ രാഷ്ട്രസേവനം ചെയ്യേണ്ടത് എങ്ങനെയാണെന്നും, ആവശ്യമെന്ന് തോന്നുന്ന പക്ഷം ജീവിതം തന്നെ അതിനായി മാറ്റിവെക്കേണ്ടത് എങ്ങനെയാണെന്നും ഭാരതീയരെ പഠിപ്പിച്ച അനേകംപേരില്‍ ഒരാള്‍. വിവേകാനന്ദസ്വാമികളെയും ഗാന്ധിജിയെയും പോലെ. എന്നാല്‍ താന്‍ സ്വയം അനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ ആര്‍ദ്രതയും തീക്ഷ്ണതയും ചോര്‍ന്നു പോകാതെ അടുത്ത തലമുറയിലേയ്ക്കു പകര്‍ത്തുന്നതില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഡോക്ടര്‍ജി വിജയിച്ചതോടെയാണ് മറ്റു പലതിനെയും കാലം വിഴുങ്ങിയപ്പോള്‍ സംഘം കാലത്തെ അനായാസേന അതിജീവിച്ചത്. ഡോക്ടര്‍ജിയെ അനുഭവിച്ചറിഞ്ഞവര്‍ ഓരോരുത്തരായി അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ട് ജീവിതം രാഷ്ട്രവേദിയില്‍ അര്‍പ്പിച്ചു. പഠനം പൂര്‍ത്തിയാക്കിയും ജോലി ഉപേക്ഷിച്ചും യുവാക്കള്‍ ഓരോരുത്തരായി സംഘപ്രവര്‍ത്തനം ചെയ്യാനായി അവരവരുടെ ജീവിതം നീക്കിവെക്കാന്‍ തുടങ്ങി. കാലക്രമേണ പ്രചാരകപദ്ധതി രൂപപ്പെട്ടു. വാസ്തവത്തില്‍ അതൊരു വ്യവസ്ഥയല്ല, മനസ്സിന്റെ അവസ്ഥയാണ് എന്നുപറയാറുണ്ട്. സംഘകാര്യമല്ലാതെ മറ്റേതൊരു കാര്യത്തിലൂന്നി ജീവിക്കുമ്പോഴും അപൂര്‍ണ്ണത തോന്നുന്ന അവസ്ഥ, അഥവാ സംഘകാര്യമല്ലാതെ മറ്റേതെങ്കിലുമൊരു കാര്യം കൂടി ഉള്‍പ്പെടുന്ന സങ്കലിതജീവിതത്തില്‍ സംതൃപ്തി ലഭിക്കാത്ത മാനസികാവസ്ഥ. അതാണ് പ്രചാരകത്വം. സംഘചരിത്രത്തിലെ ആ പരമ്പരയിലെ ആദ്യകണ്ണിയാണ് ബാബാ സാഹേബ് ആപ്‌ടെ എന്ന ഉമാകാന്ത് കേശവ് ആപ്‌ടെ.
1903 മെയ് 28-ന് യവത്മാലിലെ ഒരു ദരിദ്രകുടുംബത്തിലാണ് ഉമാകാന്ത് ജനിച്ചത്. ചെറുപ്പകാലത്ത് പഠനത്തോടൊപ്പം വായനയുടെ ലോകത്തും ഉമാകാന്ത് സജീവമായിരുന്നു. കിട്ടുന്ന പുസ്തകങ്ങള്‍ ആര്‍ത്തിയോടെ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു. രാത്രി പകലെന്നില്ലാതെ ആവുന്നത്രയും വായിക്കുക എന്നതായിരുന്നു ശീലം. തലേന്ന് വായിച്ചു നിര്‍ത്തിയിടത്തുനിന്നും വായന പുനരാരംഭിക്കുകയെന്നതാണ് ഉറങ്ങിയുണര്‍ന്നാലുടന്‍ ചെയ്യുന്ന ആദ്യപ്രവര്‍ത്തനം. ചെറുപ്പകാലത്ത് ഒരു ബന്ധുവിന്റെ പക്കല്‍ നിന്നും ലഭിച്ച ഈസോപ്പ് കഥകള്‍ വായിച്ചു തീര്‍ത്തത് ഈ രീതിയിലാണ്. പുസ്തകം കിട്ടിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അതിനെ ചൊല്ലി ജീവിച്ചതിന്റെ പേരില്‍ അച്ഛന്റെ തല്ല് കൊള്ളേണ്ടി വന്ന സംഭവം ആപ്‌ടെജിയുടെ ജീവിതത്തില്‍ ഉണ്ട്. പ്രചാരകനായതിനുശേഷവും ഒരിക്കലും പുസ്തകങ്ങളുടെ ലോകത്തുനിന്നും വഴിമാറി സഞ്ചരിക്കാതിരുന്ന അദ്ദേഹം ഇരുപത്തിയാറാം വയസ്സിലാണ് ലാലാ ലജ്പത് റായിയുടെ ജീവചരിത്രം രചിച്ചത്.
പ്രതിസന്ധിഘട്ടങ്ങളില്‍ പതറിപ്പോകാതെ അവസരം മനസ്സിലാക്കി ഉചിതമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയെന്ന വലിയ തത്വം ഉമാകാന്ത് ചെറിയപ്രായത്തില്‍ തന്നെ സ്വായത്തമാക്കിയിരുന്നു. അതിനുവേണ്ടി മനസ്സര്‍പ്പിക്കുക എന്ന കര്‍മ്മവും അനായാസേന പരിശീലിക്കാന്‍, കഷ്ടതകള്‍ നിറഞ്ഞ കുട്ടിക്കാലം അദ്ദേഹത്തെ ഏറെ സഹായിച്ചു. തല്ലുകൊണ്ടിട്ടും കൈതൊട്ട പുസ്തകം വായിച്ചു മുഴുമിപ്പിക്കാതെ ജലപാനം ചെയ്യില്ലെന്ന വാശിയാണ് പില്‍ക്കാലത്ത് സമാനസാഹചര്യങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യമായ ഇച്ഛാശക്തിയുടെ പരിശീലനത്തിന്റെ തുടക്കം. അക്കാലത്തെ ഏതൊരു മറാഠി യുവാവിനെയുംപോലെ ലോകമാന്യ ബാലഗംഗാധരതിലകന്‍ തന്നെയായിരുന്നു ഉമാകാന്തിന്റെയും പ്രേരണ. 1915 ഡിസംബറില്‍ ഉമാകാന്തിന്റെ പന്ത്രണ്ടാം വയസ്സില്‍ കാരംജയിലെ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് തിലകന്‍ തീവണ്ടിയില്‍ അതുവഴി കടന്നുപോകുന്നതായി അറിഞ്ഞു. അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം മൂത്ത് തീവണ്ടിയാപ്പീസില്‍ പോകണമെന്ന് തീരുമാനിച്ചെങ്കിലും അതൊരു സ്‌കൂള്‍ പ്രവൃത്തിദിവസമായിരുന്നു. കുട്ടികള്‍ തിലകനെ കാണാന്‍ പോകാതിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്ന അദ്ധ്യാപകന്‍ ആര്‍ക്കും സ്‌കൂളിന്റെ പുറത്തുകടക്കാനാവാത്തവിധം പ്രധാന കവാടങ്ങളെല്ലാം അടച്ചുപൂട്ടി. ഈ സംഭവത്തില്‍ അത്യന്തം രോഷാകുലനായ ഉമാകാന്ത് അധ്യാപകനോട് തര്‍ക്കിച്ചും കയര്‍ത്തും വൈകുന്നേരം വരെ പൊരുതി. കുട്ടികള്‍ അക്ഷമരായി പ്രതിഷേധിച്ചെങ്കിലും തിലകന്‍ കടന്നുപോയതിനുശേഷമാണ് സ്‌കൂള്‍ വിട്ടത്. ഇതിന്റെ പേരില്‍ വാശി പിടിച്ചു പ്രശ്‌നമുണ്ടാക്കി തല്ലുവാങ്ങിയെങ്കിലും ഒടുവില്‍ തിലകനെ കാണാന്‍ സാധിച്ചില്ല. ഈ തോല്‍വിയെ നേരിട്ട രീതിയാണ് ഉമാകാന്തിന്റെ വ്യതിരിക്തത. ഇന്ന് കാണാന്‍ കഴിയാതെ പോയ തിലകന്റെ ആദര്‍ശത്തിന് വേണ്ടിയായിരിക്കും ഇനിയങ്ങോട്ടുള്ള കാലം തന്റെ ജീവിതമെന്ന് അന്ന് സ്‌കൂളില്‍ വെച്ചുതന്നെ തീരുമാനിച്ചു. ഇക്കാര്യം ഒരു പ്രതിജ്ഞപോലെ അധ്യാപകനോട് പറയുകയും ചെയ്തു. തിലകനെ മനസ്സില്‍ നമസ്‌കരിച്ച് ആ നിഷേധാന്തരീക്ഷത്തെ അനുകൂലമാക്കി മാറ്റി. ആ അധ്യാപകന്റെ കഠിനസ്വഭാവം കാരണമാണ് തന്റെ ഹൃദയത്തില്‍ കഠിനമായ രാഷ്ട്രനിഷ്ഠ ഉണ്ടായിത്തുടങ്ങിയതെന്ന് ആപ്‌ടെജി പറയാറുണ്ടായിരുന്നു. ”അന്നവിടെ പോയിരുന്നെങ്കില്‍ ഒരുപക്ഷെ അവിടുത്തെ ആരവങ്ങളില്‍ ആവേശം കൊണ്ട് പ്രസംഗം കേട്ടു കയ്യടിച്ചുതിരിച്ചുവന്നേനെ. പോകാന്‍ സാധിക്കാത്തതുകൊണ്ട് മനസ്സില്‍ ഉണ്ടായ അസംതൃപ്തി ദിവ്യമായ രാഷ്ട്രഭാവനയായി മാറി. അതുകൊണ്ട് ഞാന്‍ ആ അധ്യാപകനോട് കടപ്പെട്ടിരിക്കുന്നു”. ഇങ്ങനെ പ്രതിസന്ധികളെ അനുഗ്രഹമാക്കി മാറ്റുന്ന രീതി ഉമാകാന്ത് ചെറുപ്പത്തിലേ നിരന്തരം പരിശീലിച്ചിരുന്നു.
പതിനാറാം വയസ്സില്‍ അച്ഛന്റെ മരണത്തോടെ കുടുംബഭാരം ഉമാകാന്തിന്റെ ചുമലിലായി. പത്താംക്ലാസ് കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു ദാമണ്‍ഗാവിലെ ഒരു ചെറിയ സ്‌കൂളില്‍ അധ്യാപകനായി വ്യക്തി ജീവിതം തുടങ്ങി. പതച്ചുപൊങ്ങിയ വിപ്ലവച്ചൂടിനെ അടിച്ചമര്‍ത്തിയാണ് തല്‍ക്കാലം കുടുംബഭാരം ചുമക്കാന്‍ തീരുമാനിച്ചത് എന്നത് കൊണ്ട് അദ്ദേഹമറിയാതെതന്നെ സ്വത്വം ഇടയ്ക്കിടെ പുറത്തുചാടുമായിരുന്നു. ആ വര്‍ഷം സ്‌കൂളില്‍ തിലകജയന്തി ആഘോഷിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തീരുമാനം ഉണ്ടായി. ഇതേത്തുടര്‍ന്ന് പ്രധാനാധ്യാപകനുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. അഭിമാനം രാജിയാക്കാതെ ജോലി രാജിവെച്ച് അദ്ദേഹം പടിയിറങ്ങി. നിയതി അദ്ദേഹത്തെ നാഗ്പൂരില്‍ എത്തിച്ചു. ‘ഉദ്യമം’ എന്നുപേരായ ഒരച്ചടിശാലയില്‍ പണി തുടങ്ങി. അങ്ങനെ പുസ്തകപ്രേമി എന്ന നിലയില്‍ പ്രസ്സിലും തിലകന്റെ ആരാധകന്‍ എന്ന നിലയില്‍ ഡോക്ടര്‍ജിയുടെ സന്നിധിയിലും ദേശീയവാദി എന്ന നിലയില്‍ നാഗ്പൂരിലും എത്തിയ ഉമാകാന്ത് യഥാകാലം ബാബാസാഹേബ് ആവാന്‍ ഒരുങ്ങിയെന്നര്‍ത്ഥം.
1924-ല്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് നാഗ്പൂരില്‍ എത്തിയത്. യവത്മാളില്‍ എം. എസ്. അണെയുടെ വീട്ടില്‍ നടന്ന ഒരു യോഗത്തില്‍വെച്ച് ഡോക്ടര്‍ജിയെ കണ്ടിരുന്നെങ്കിലും അദ്ദേഹത്തോട് അടുത്തിടപഴകിയത് 1925നുശേഷം നാഗ്പൂരില്‍ വെച്ചാണ്. അക്കാലത്തെ ഏതൊരു പ്രവര്‍ത്തകനെയും പോലെ ഡോക്ടര്‍ജിയായിരുന്നു അദ്ദേഹത്തിന്റെയും അവസാനവാക്ക്. ഡോക്ടര്‍ജിയോടും സംഘത്തോടുമുള്ള അനിതരവും അദ്വിതീയവുമായ നിഷ്ഠ എടുത്തുകാണിക്കുന്ന നിരവധി സംഭവങ്ങള്‍ ഏവരെയുംപോലെ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. യുവാവായിരുന്ന ഉമാകാന്തിനു ആകര്‍ഷണീയമായ താടിയുണ്ടായിരുന്നു. ഒരുപക്ഷെ അദ്ദേഹത്തിന്റെ പിതാവില്‍നിന്നും ലഭിച്ച ശീലമായിരിക്കണം. അക്കാലത്ത് താടി വെയ്ക്കുകയെന്നത് സമൂഹത്തില്‍നിന്നും മാറി ചിന്തിക്കുന്നവരുടെയും വൈശിഷ്ട്യമുള്ളവരുടെയും ജീവിതവിരക്തി വന്ന് അധ്യാത്മികതയിലേക്കുയര്‍ന്നവരുടേയും ലക്ഷണമായിരുന്നു. ഡോക്ടര്‍ജി സ്വയംസേവകരില്‍ താടി വെയ്ക്കുന്ന ശീലം പ്രോത്സാഹിപ്പിച്ചിരുന്നില്ല. അത് താടിയോടുള്ള വിരോധം കൊണ്ടോ ഏതെങ്കിലും തരത്തിലുള്ള ആചാരബദ്ധത കൊണ്ടോ ആയിരുന്നില്ല. സ്വയംസേവകര്‍ സമൂഹത്തില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ പാടില്ല എന്ന ഒറ്റ കാരണമായിരുന്നു അതിനടിസ്ഥാനം. ആ വര്‍ഷത്തെ വിജയദശമി പഥസഞ്ചലനത്തിനു ഗണവേഷം ധരിക്കുമ്പോള്‍ താടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ജി ആപ്‌ടെജിയോട് പറഞ്ഞു. ആപ്‌ടെജിക്കാവട്ടെ താടി ഒഴിവാക്കാന്‍ തീരെ താത്പര്യം ഇല്ലായിരുന്നു. നാഗ്പൂരില്‍ വിജയദശമി ഉത്സവം രണ്ടു ഭാഗമായിട്ടാണ്. തലേന്ന് മഹാനവമി ദിനത്തില്‍ വൈകീട്ട് ശസ്ത്രപൂജയും പിറ്റേന്ന് രാവിലെ ഗണവേഷത്തില്‍ പഥസഞ്ചലനവും എന്നതായിരുന്നു രീതി.
വൈകീട്ട് ശസ്ത്രപൂജയ്ക്ക് താടിക്കാരനായ ആപ്‌ടെജിയെയാണ് ഡോക്ടര്‍ജി കണ്ടത്. ആപ്‌ടെ നാളെ പഥസഞ്ചലനത്തില്‍ പങ്കെടുക്കില്ലായിരിക്കും എന്ന് ഡോക്ടര്‍ജി കൃഷ്ണറാവു മൊഹരീലിനോട് പറഞ്ഞു, ആപ്‌ടെജിയോട് ഒന്നും പറഞ്ഞില്ല. രാത്രി എല്ലാവരും കാര്യാലയത്തില്‍ ഘോഷിന്റെ തയ്യാറെടുപ്പിലായിരുന്നു. ആപ്‌ടെജിക്ക് മാത്രം ഉറങ്ങാന്‍ സാധിച്ചില്ല. ഏകദേശം മൂന്നു മണിയോടെ ആപ്‌ടെജി കൃഷ്ണറാവുവിന് സമീപം വന്നു. നിറകണ്ണുകളോടെ താടിയെടുക്കണം എന്ന് പറഞ്ഞു. രണ്ടുപേരും തൊട്ടടുത്ത് താമസിച്ചിരുന്ന മാധവനെന്ന ക്ഷുരകന്റെ വീട്ടില്‍ പോയി വിളിച്ചുണര്‍ത്തി കാര്യം സാധിച്ചു. പിറ്റേന്ന് രാവിലെ സഞ്ചലന വ്യൂഹം അണിനിരന്നപ്പോഴും ഡോക്ടര്‍ജി ദുഃഖിതനായി കാണപ്പെട്ടു. ആപ്‌ടെ വന്നില്ല എന്ന് കൃഷ്ണറാവുവിനോട് പരിഭവം പറഞ്ഞു. കൃഷ്ണറാവുവാകട്ടെ ചിരിച്ചുകൊണ്ട് പുറകിലെ തതിയില്‍ ഒളിഞ്ഞു നില്‍ക്കുന്ന താടിയില്ലാത്ത യുവാവിനെ ചൂണ്ടിക്കാണിച്ച് ഇതാണ് ആപ്‌ടെ എന്ന് പറഞ്ഞു. ധിഷണാശാലിയായ ആ യുവാവിന്റെ ഹൃദയം കീഴടക്കിയ സാധാരണക്കാരനായ വിജേതാവിനെപ്പോലെ ഡോക്ടര്‍ജി പുഞ്ചിരിച്ചു. ഡോക്ടര്‍ജിയോടുള്ള അദ്ദേഹത്തിന്റെ നിരുപാധിക സമര്‍പ്പണത്തിന്റെ തുടക്കം ഇവിടുന്നായിരുന്നു.
ഡോക്ടര്‍ജിയുടെയും സമൂഹത്തിന്റെയും ഹിതത്തിനിടയില്‍ സംഘപ്രവര്‍ത്തനത്തില്‍ ഭൗതികമായ മറ്റൊന്നിനും സ്ഥാനമില്ലെന്ന് ആപ്‌ടെജി മനസ്സിലാക്കി; സ്വന്തം ജീവിതത്തിന് പോലും. അദ്ദേഹത്തിന്റെ പ്രചാരകജീവിതവും ആരംഭിക്കുന്നത് ഇങ്ങനെയൊരു നാടകീയമായ സാഹചര്യത്തില്‍ തന്നെയാണ്. അച്ചടിക്കാരന്‍, കണക്കെഴുത്തുകാരന്‍, അധ്യാപകന്‍ എന്നിങ്ങനെ പലതരത്തിലും ഉമാകാന്ത് മാറിമാറി ജോലിനോക്കി. സംഘപ്രവര്‍ത്തനം സാധിക്കാത്തതിനാലാണ് പലതും ഒഴിവാക്കിയത്. അവസാനം ഡോ.എല്‍.വി.പരാംജ്‌പേജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷുറന്‍സ് കമ്പനിയില്‍ കണക്കെഴുത്തുകാരനായി. ഒരുദിവസം ഡോക്ടര്‍ജിയുമായുള്ള സംസാരമദ്ധ്യേ ജോലി സ്ഥിരപ്പെട്ടതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ‘ഇനിയെന്താ ജോലി സ്ഥിരപ്പെട്ടല്ലോ, അതുകൊണ്ട് ഉടനെ തന്നെ ഒരു വിവാഹവും കഴിച്ചു സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു സ്വസ്ഥമാകണം’ എന്ന് ഡോക്ടര്‍ജി പറഞ്ഞു. ഡോക്ടര്‍ജിയോടു മറുപടി പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പക്ഷെ അദ്ദേഹത്തിന്റെ മനോഗതം മനസ്സിലാക്കി നേരെ പോയി ജോലി രാജിവെച്ചു. മുഴുപ്പട്ടിണിയിലായിരുന്ന അമ്മയെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് ഇനിയുള്ള കാലം ഡോക്ടര്‍ജി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനം ചെയ്യാന്‍ ജീവിതം മാറ്റിവെക്കുന്നതായി തീരുമാനിച്ചു. 1928ല്‍ തന്നെ സ്വന്തം മുറി ഉപേക്ഷിച്ചു കാര്യാലയത്തിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും, ഈ സംഭവത്തിനു ശേഷം 1932ല്‍ അദ്ദേഹം സംഘത്തിന്റെ ആദ്യപ്രചാരകനായി. സംഘസ്ഥാപകന്റെ മനസ്സറിഞ്ഞുള്ള തീരുമാനം. തനിക്ക് നിര്‍ബന്ധം ഉണ്ടായിട്ടും ഡോക്ടര്‍ജിയുടെ വാക്കുകേട്ട് താടി ഉപേക്ഷിച്ച അതേ ലാഘവത്തോടെ അദ്ദേഹം ജോലിയും ഉപേക്ഷിച്ചു.