ഭാരതീയ സൗന്ദര്യ ശാസ്ത്രത്തില്‍ കാവ്യം എന്നാല്‍ കവിത മാത്രമല്ല. കവി എന്നാല്‍ പദ്യകാരന്‍ മാത്രമല്ല. ഏതൊരു സാഹിത്യ സൃഷ്ടിയും കാവ്യമാണ്. കവി എന്നാല്‍ എഴുത്തുകാരനും. വൈവിധ്യമാര്‍ന്ന സാഹിത്യ സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ സമകാലികരായ പലരെയും അപേക്ഷിച്ച് സമഗ്രമായ അര്‍ത്ഥത്തില്‍ കവിയായിരുന്നു എസ്. രമേശന്‍ നായര്‍ എന്നു കാണാം. കൈവയ്ക്കാത്ത മേഖലകള്‍ വളരെ ചുരുക്കമായിരിക്കും. തന്റെ എഴുത്ത് വ്യാപരിപ്പിച്ച എല്ലാ മേഖലയിലും തിളങ്ങാനും കഴിഞ്ഞു. കവി, നാടകകൃത്ത്, ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍, വ്യാഖ്യാതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര ഗാനരചയിതാവ്, ഭക്തിഗാന രചയിതാവ്, ഗദ്യകാരന്‍ എന്നീ നിലകളിലൊക്കെ ഈടുറ്റ സംഭാവനകളാണ് രമേശന്‍ നായര്‍ നല്‍കിയിട്ടുള്ളത്. ഇക്കാര്യം പരിഗണിക്കുമ്പോള്‍ കവിയല്ല, മഹാകവി തന്നെയാണ് രമേശന്‍ നായര്‍ എന്ന് തീര്‍ത്തു പറയാം.
രമേശന്‍ നായരിലെ കവി ‘സങ്കല്‍പ്പവായുവിമാനത്തിലേറി’ സഞ്ചരിക്കുന്ന സൗന്ദര്യാരാധകന്‍ മാത്രമല്ല. കടുത്ത സാമൂഹ്യ വിമര്‍ശകന്‍ കൂടിയാണ്. അകക്കണ്ണു മാത്രമല്ല, പുറംകണ്ണും തുറന്നുവച്ചവന്‍. ആസ്വാദക മനസ്സുകളില്‍ ആത്മീയതയുടെ സുഗന്ധം നിറയ്ക്കുന്ന എണ്ണമറ്റ ഭക്തിഗാനങ്ങള്‍ രചിച്ച ഈ കവിയെ അങ്ങനെ മാത്രം തിരിച്ചറിയുന്ന നോട്ടപ്പിശക് നിരൂപകര്‍ക്ക് സംഭവിച്ചിട്ടുണ്ട്. സാമൂഹ്യ തിന്മകള്‍ക്കെതിരെ രോഷാഗ്നി വമിപ്പിക്കുന്ന നരബലി പോലുള്ള കവിതകള്‍ എഴുതിയിട്ടും പി. കുഞ്ഞിരാമന്‍ നായരെ ഭക്തകവിയായി മുദ്രകുത്തിയതുപോലെയാണിതും. സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, കാവ്യഹൃദയം, അഗ്രേപശ്യാമി, ചരിത്രത്തിനു പറയാനുള്ളത്, ഉണ്ണി തിരിച്ചുവരുന്നു എന്നിങ്ങനെയുള്ള കവിതാ സമാഹാരങ്ങളിലൂടെ കടന്നുപോകുന്ന സഹൃദയന് അനീതികള്‍ക്കും അധാര്‍മിക വൃത്തികള്‍ക്കുമെതിരെ സ്വയം പൊട്ടിത്തെറിക്കുകയും പൊരുതുകയും ചെയ്യുന്ന കവിയെ കാണാം.
ചരിത്രത്തിനു പറയാനുള്ളത് എന്ന സമാഹാരത്തിലെ പല കവിതകളും സാമൂഹ്യ വിമര്‍ശനത്തിന്റെ ചാട്ടവാര്‍ ചുഴറ്റുകയുണ്ടായി.
”ഡോക്ടര്‍ ജോണ്‍സണ്‍ പറഞ്ഞതുപോലെ,
തടിച്ച കാളയെ മേയ്ക്കുന്നവന്‍
തടിയനായിക്കൊള്ളണമെന്നില്ല.
ഒരു നായര്‍ എഴുതിപ്പോയി
എന്നു വച്ച്
അതൊരു സവര്‍ണ കവിത
ആവണമെന്നുമില്ല.
സുഹൃത്തെ,
നോക്കൂ,
എന്റെ കവിത
എത്ര ദളിതമാണ്.” (ദളിതം)
എഴുത്തിനെ ജാതിയുടെ കള്ളി തിരിച്ച് കാണുകയും, മനുഷ്യസ്‌നേഹത്തിനുമേല്‍ വെറുപ്പിന്റെ കരിമ്പടം വലിച്ചിടുകയും ചെയ്യുന്നതിന്റെ നിരര്‍ത്ഥകതയാണ് ഈ വരികളിലൂടെ കവി വരച്ചു കാട്ടുന്നത്.
”ആണെഴുത്തിന്
മദ്യത്തിന്റെ മണം
പെണ്ണെഴുത്തിന്
ഭൂമിയോളം ക്ഷമ
വേനലും മഞ്ഞും മഴയുമായി
കാലത്തിന്റെ കടന്നുപോക്ക്
ഇണക്കങ്ങള്‍
പിണക്കങ്ങള്‍.
അര്‍ത്ഥശാസ്ത്രത്തിന്റെ
ഫിസിയോതെറാപ്പിയില്‍
പുനര്‍വായിക്കപ്പെടുന്ന
സൗന്ദര്യപ്പിണക്കങ്ങള്‍!
ഒടുവില്‍?
-സംഭവിക്കേണ്ടതു
സംഭവിച്ചു.
സ്‌കാന്‍ ചെയ്തപ്പോള്‍
ഒരു കുഞ്ഞെഴുത്ത്!
(ലിംഗ നിര്‍ണയം
നിയമവിരുദ്ധം!)”
കുഞ്ഞെഴുത്ത് എന്ന ഈ കവിതയും സാഹിത്യത്തില്‍ ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്നതിനെ അതിരൂക്ഷമായി പരിഹസിക്കുകയാണ് കവി.
”ഒറ്റമകന്‍; അവനൊറ്റ വെട്ടില്‍ത്തന്റെ-
യച്ഛനെക്കൊന്ന നിരപരാധി!
വെട്ടു തടുക്കുവാന്‍ ചെന്ന പെറ്റമ്മയെ
കുത്തിമലര്‍ത്തിയ മാതൃസ്‌നേഹി!
ഇഷ്ട സുഹൃത്തുക്കള്‍ സാക്ഷി പറയുന്നു:
ദുഷ്ടനേയല്ലവന്‍, ദേവദൂതന്‍!
കോടതിക്കൂട്ടിലെ പാവത്താന്‍ ബോധിപ്പി
ച്ചീടുന്നു- ‘ഞാനൊരനാഥനാണേ…
അച്ഛനുമമ്മയുമില്ലെനി, ക്കാകയാല്‍
ശിക്ഷയില്‍ നിന്നൊഴിവാക്കണമേ…’
-എന്നുമീ ധര്‍മചരിതന്റെ സേവന
മംഗള പത്രം നമുക്കു വേദം!”
പാവം! എന്ന ഈ കവിത നാം ജീവിച്ചിരിക്കുന്നത് ഒരു കെട്ടകാലത്താണെന്നും, മൂല്യ സങ്കല്‍പ്പങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞ് മനുഷ്യബന്ധങ്ങള്‍ക്ക് തെല്ലുവിലപോലും ഇല്ലാതായിരിക്കുകയാണെന്നും സാക്ഷ്യപ്പെടുത്തുകയാണ്.
”അമ്പാടിക്കണ്ണന്റെ നിറമെന്നു ചൊല്ലിയാ-
ലമ്പേ തകര്‍ന്നുപോമാകാശം.
അമ്മയെന്നോതിയാലാ നിമിഷം വീണു-
മണ്ണടിഞ്ഞീടുമേ സംസ്‌കാരം.
അച്ഛനാരെന്നു വെളിപ്പെടുത്തീടുകി-
ലെച്ചിലായ്ത്തീരും പ്രതാപങ്ങള്‍
നട്ടെല്ലു കക്ഷത്തുവച്ചുകൊണ്ടന്യന്റെ-
യിഷ്ടത്തില്‍ത്തുള്ളലേ സ്വര്‍ഗീയം!” (ഗുണപാഠം)
മഹാകവി അക്കിത്തത്തിന്റെ ഒരു കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതില്‍ ‘അമ്പാടിക്കണ്ണന്റെ നിറമാണേ’ എന്നതു മാറ്റി ‘ഞാവല്‍പ്പഴത്തിന്റെ നിറമാണേ’ എന്നാക്കിയത് വലിയ വിവാദത്തിന് വഴിവച്ച സംഭവമാണ്. ഈ സാംസ്‌കാരിക ച്യുതിക്കുനേരെയാണ് കവി ആത്മരോഷം കൊള്ളുന്നത്.
ലോകഹിതവും കവിധര്‍മമാണെന്ന പ്രഖ്യാപനമാണ് രമേശന്‍ നായരുടെ ‘ഗുരുപൗര്‍ണമി’ എന്ന കവിത. സ്വജീവിതത്തിലൂടെയും രചനകളിലൂടെയും പ്രബുദ്ധ കേരളത്തിന്റെ രൂപരേഖ വരച്ചു കാണിച്ച ശ്രീനാരായണഗുരുവിന്റെ അന്യാദൃശമായ മഹത്വം അതിന്റെ എല്ലാ ഗരിമയോടെയും അവതരിപ്പിക്കുന്ന കൃതിയാണിത്. മഹാകവി കുമാരനാശാനെക്കാള്‍ വലിയ മഹാകവിയായിരുന്നു ഗുരുദേവന്‍. ശിഷ്യനായിരുന്നിട്ടും ”ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിന്‍ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയേ ആശാനില്‍നിന്ന് കാവ്യരീതിയില്‍ ഉണ്ടായിട്ടുള്ളൂ. ഇവിടെയാണ് ഗുരുപൗര്‍ണമിയുടെ വൈശിഷ്ട്യം കുടികൊള്ളുന്നത്. ഗുരുദേവന്റെ ജീവിതത്തെയും ദര്‍ശനത്തെയും ഇത്ര കാവ്യാത്മകമായി മറ്റാരും അവതരിപ്പിച്ചിട്ടില്ല. മഹാഗുരുക്കന്മാരെ മുന്‍നിര്‍ത്തി ചെറിയ മനസ്സുകള്‍ നടത്തുന്ന തര്‍ക്കവിതര്‍ക്കങ്ങളെയും ഈ മഹാകാവ്യം റദ്ദാക്കുന്നുണ്ട്.
”ഭട്ടാരക പദസ്ഥന്‍ ശ്രീ
ചട്ടമ്പി സ്വാമിയാണൊരാള്‍;
അപരന്‍ നാരായണാഖ്യന്‍
അദ്വൈതാംബയ്ക്കിരട്ടകള്‍!
പുഷ്പവും ഗന്ധവും പോലെ
പരസ്പരമിണങ്ങിയോര്‍,
ഇതിലാര്‍ ഗുരുവാര്‍ ശിഷ്യന്‍?
ഇവരീശ്വര ശിഷ്യരാം!” (ഗുരുപൗര്‍ണമി)
(തുടരും)