2013 നവംബറില്‍ പാലക്കാട് നടന്ന സി പി എം സംസ്ഥാന പ്ലീനം പാര്‍ട്ടിയിലെ നയവ്യതിയാനത്തിനും പാര്‍ട്ടിപ്രവര്‍ത്തകരുടെ പെരുമാറ്റത്തിനും നിയന്ത്രണം കൊണ്ടുവരാനുള്ള, നേര്‍വഴിക്കാക്കാനുള്ള പരിശ്രമമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാ രേഖ ഏത് രാഷ്ട്രീയപാര്‍ട്ടിയെ സംബന്ധിച്ചായാലും അഭിമാനമുള്ളതായിരുന്നു. രേഖ പറയുന്നു, ‘ദൗര്‍ബല്യങ്ങള്‍ തിരുത്താന്‍ തയ്യാറാകാത്ത പ്രവര്‍ത്തകരെ കൈയൊഴിയണം. ഏത് സാഹചര്യത്തിലായാലും ഇത്തരക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. റിയല്‍ എസ്റ്റേറ്റുകാരും പലിശയ്ക്ക് പണം കൊടുക്കുന്നവരും നിലം നികത്തല്‍ സംഘവുമായി ബന്ധമുള്ളവരും ഒന്നും നേതൃത്വത്തില്‍ എത്തരുത്.സമൂഹത്തിന് പൊതുവെ സ്വീകാര്യമല്ലാത്ത ഇടപാടുകളില്‍ മുഴുകിയവരെ അകറ്റി നിര്‍ത്തണം. എല്ലാറ്റിനും ഒരു നിരീക്ഷണം അത്യാവശ്യമാണ്. പാര്‍ട്ടിയുടെ ശക്തിയെകുറിച്ച് നമുക്ക് അറിയാം. അതുകൊണ്ടുതന്നെ ദൗര്‍ബല്യങ്ങളില്‍ നിന്ന് മോചിപ്പിക്കുകയാണ് ഇനി വേണ്ടത്. കറകളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനായി മാറാന്‍ എല്ലാ സഹായങ്ങളും നല്‍കണം. അതിനുശേഷവും പഴയ നിലപാട് തുടരുന്നവരുടെ സ്ഥാനം സംഘടനയ്ക്കു പുറത്താണ്.’ പാലക്കാട് പ്ലീനത്തിനുശേഷം എട്ടുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് സി പി എമ്മിനെ പുനരവലോകനം ചെയ്താല്‍ പാര്‍ട്ടി മൊത്തത്തില്‍ തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. സ്പ്രിംഗ്ലര്‍ മുതലുള്ള സംഭവങ്ങളില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പാര്‍ട്ടി നേതൃത്വത്തിലെ ആരെങ്കിലും പ്ലീനം വിഭാവനം ചെയ്യുന്ന ഈ നിര്‍ദ്ദേശങ്ങളില്‍ പൂര്‍ണ്ണമായും കുറ്റവിമുക്തരായി പുറത്തുണ്ടാകുമോ?
രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച അപകടം സ്വര്‍ണ്ണക്കടത്തുമായുണ്ടായ വാഹന മത്സരയോട്ടത്തിലും ഏറ്റുമുട്ടലിലും ഒക്കെയാണെന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തിനു പിന്നില്‍ സി പി എം നേതാക്കളാണെന്ന വസ്തുത പുറത്തുവന്നതോടെ അവരുടെ മുഖംമൂടി അഴിഞ്ഞുവീഴുകയായിരുന്നു. കസ്റ്റംസിന്റെ പിടിയിലായ അര്‍ജ്ജുന്‍ ആയങ്കിയും വണ്ടി ഒരുക്കിയ ഡി വൈ എഫ് നേതാവ് ആകാശ് തില്ലങ്കേരിയും ഒക്കെ ഇന്ന് കസ്റ്റംസിന്റെയും പോലീസിന്റെയും ചോദ്യം ചെയ്യലിലാണ്. ചെങ്കൊടിയില്‍ പൊതിഞ്ഞ സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ന് സി പി എം എന്ന പ്രസ്ഥാനം പൂര്‍ണ്ണമായും അങ്കലാപ്പിലാണ്. ഗുണ്ടാപ്രവര്‍ത്തനവും കൊലപാതകങ്ങളും അഴിമതിയും അനാശാസ്യവും ഒക്കെ ജീര്‍ണ്ണതയുടെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിഞ്ഞ പ്രസ്ഥാനത്തെ ഏതെങ്കിലും രീതിയില്‍ കരകയറ്റാനുള്ള ശ്രമമായിരുന്നു പാലക്കാട് പ്ലീനത്തില്‍ ഉണ്ടായത്. കഴിഞ്ഞദിവസം സാമൂഹ്യമാധ്യമത്തില്‍ പാര്‍ട്ടിയുടെ മുഖങ്ങളായി തിളങ്ങുന്നവരെ തള്ളിപ്പറയാന്‍ സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍ പത്രസമ്മേളനം വിളിച്ചിരുന്നു. അര്‍ജ്ജുര്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവര്‍ക്കു പുറമെ ഇരുപതോളം പേരുകളും ജയരാജന്‍ എടുത്തുപറഞ്ഞു. ഡി വൈ എഫ് ഐയുടെ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജ്ജുനെ മൂന്നുവര്‍ഷം മുന്‍പ് സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. പക്ഷേ, സാമൂഹ്യമാധ്യമങ്ങളിലും പൊതുവേദികളിലും പാര്‍ട്ടിപ്രവര്‍ത്തനവുമായി അര്‍ജ്ജുന്‍ ആയങ്കി അടക്കമുള്ളവര്‍ സജീവമായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. പാര്‍ട്ടി അംഗത്വമില്ലാത്ത സജീവ അനുഭാവികളാണ് ഇവര്‍ എന്നാണ് ഔദ്യോഗിക ഭാഷ്യം. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയായിരുന്ന ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്ന ചിത്രങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന ഫോട്ടോകളും വ്യക്തമായ തെളിവുകളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അര്‍ജ്ജുനെ മാലയിട്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പോലും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. അര്‍ജ്ജുനും ആകാശ് തില്ലങ്കേരിക്കും ഡി വൈ എഫ് ഐയുമായി ബന്ധമില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജീറിന്റെ ഫേസ്ബക്ക് പോസ്റ്റിന് 3700 ലൈക്കുകളാണ് കിട്ടിയത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി നല്‍കിയ മറുപടിക്ക് 9000 ലൈക്കുകളും. ഇതോടെ പാര്‍ട്ടിയുടെ ശക്തി, സാമൂഹ്യമാധ്യമങ്ങളിലെ സ്വാധീനം വളരെ വ്യക്തമായി മനസ്സിലായി.
കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം സ്വര്‍ണ്ണക്കടത്തിന്റെയും കള്ളക്കടത്തിന്റെയും ഒക്കെ ജീര്‍ണ്ണതകളിലേക്ക് സി പി എമ്മിന്റെ സംഘടനാസംവിധാനം അടിമുടി അകപ്പെട്ടിരിക്കുന്നു എന്നാണ് കസ്റ്റംസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് ക്യാരിയര്‍മാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുക, മറ്റ് സ്വര്‍ണ്ണക്കടത്തുകാരുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുക, സ്വര്‍ണ്ണം നഷ്ടപ്പെട്ടവരുമായി സ്വര്‍ണ്ണം വീണ്ടെടുത്തു കൊടുക്കാന്‍ വിലപേശുക തുടങ്ങിയവയാണ് ഈ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനരീതി എന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വരുന്ന സ്വര്‍ണ്ണം തട്ടിയെടുക്കുന്ന പരിപാടിയെ ‘പൊട്ടിക്കല്‍ ഓപ്പറേഷന്‍’ എന്നാണ് പറയുന്നത്. അര്‍ജ്ജുന്‍ ആയങ്കി അടക്കമുള്ള കണ്ണൂര്‍ സംഘം സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഇതിലാണ്. 22 സംഭവങ്ങളിലായി ആറുകോടിക്കും ഒന്‍പത് കോടിക്കും ഇടയില്‍ വിലവരുന്ന സ്വര്‍ണ്ണം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.
ടി പി വധക്കേസിലെ പ്രതിയായ കൊടി സുനി അടക്കമുള്ളവര്‍ക്ക് ഈ ഇടപാടില്‍ ബന്ധമുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കൊടി സുനി ഒഴികെയുള്ള ടി പി വധക്കേസിലെ എട്ടുപ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലില്‍ നിന്നുമായി പരോളില്‍ ഇറങ്ങിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാനുള്ള ശ്രമത്തിന് പിന്നില്‍ കൊടി സുനിയും ഷാഫിയുമാണെന്ന ശബ്ദരേഖ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ശബ്ദരേഖയില്‍ സ്വര്‍ണ്ണക്കടത്തിന്റെ മൂന്നിലൊന്ന് വിഹിതം പാര്‍ട്ടിക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് വളരെ വ്യക്തമായി തന്നെ പറയുന്നു. ഇവിടെയാണ് ആകാശ് തില്ലങ്കേരിയുടെ സി പി എമ്മിനോടുള്ള വെല്ലുവിളി പ്രസക്തമാകുന്നത്. സി പി എം നേതൃത്വവും ഡി വൈ എഫ് ഐയും സ്വര്‍ണ്ണ ഇടപാടിലെ അര്‍ജ്ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ആകാശ് നല്‍കിയ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തെ പൂര്‍ണ്ണമായും വെല്ലുവിളിക്കുന്നതായിരുന്നു ആകാശിന്റെ പോസ്റ്റ്. ഇന്നലെ വരെ കൂടെ കൊണ്ടുനടന്നവര്‍ ഒറ്റുകാരന്റെ പരിവേഷം നല്‍കി ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കില്‍ പലതും വിളിച്ചുപറയേണ്ടിവരും എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് പോസ്റ്റ് വന്നു എന്ന കാര്യം വ്യാപകമായ ചര്‍ച്ചയായതോടെ പിന്നീട് ഈ പോസ്റ്റ് മുക്കി. പക്ഷേ, എന്താണ് ആകാശ് വിളിച്ചുപറയുമെന്ന് പറഞ്ഞ രഹസ്യം?
ആകാശ് വിളിച്ചുപറയുമെന്ന് പറഞ്ഞ ആ പലതുമാണ് ഇന്ന് സി പി എമ്മിന്റെ കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്നത്. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ്. പാര്‍ട്ടി നേതൃത്വമടക്കം ഗൂഢാലോചന നടത്തിയെന്നും കോടതിയെപ്പോലെ വിചാരണ നടത്തി വധശിക്ഷ വിധിച്ചു എന്നും ആരോപണമുള്ള കേസില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് തന്നെ അന്വേഷണത്തിലാണ്. പാര്‍ട്ടി നേതാക്കള്‍ സംശയത്തിന്റെ നിഴലിലാണ്. ടി പി വധക്കേസിലെ പ്രതികളുടെ പങ്കും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ കേസുകളിലെ പ്രതികള്‍ തന്നെയാണ് സ്വര്‍ണ്ണക്കടത്തും പൊട്ടിക്കല്‍ ഓപ്പറേഷനും ഒക്കെ നടത്തുന്നതെന്ന് പറയുകയും മൂന്നിലൊന്ന് പാര്‍ട്ടിക്ക് വിഹിതമായി നല്‍കുന്നു എന്ന വെളിപ്പെടുത്തല്‍ കൂടി പുറത്തുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇന്ന് പ്രതിരോധത്തിലാണ്. സി പി എം മോയാരം ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐയുടെ മേഖലാ സെക്രട്ടറിയുമായിരുന്ന സി സജേഷിനെ സസ്‌പെന്‍ഡ് ചെയ്തതും ആരോപണങ്ങളെ തുടര്‍ന്നാണ്. സജേഷ് ഒരു സഹകരണ ബാങ്കില്‍ ഗോള്‍ഡ് അപ്രൈസറാണ്. പ്രദേശത്തുള്ള ഇതേ തൊഴില്‍ ചെയ്യുന്ന ആളുകളുമായി ആയങ്കിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശികളായ റഹീസ്, അബ്ദുള്‍സമദ്, റമീസ് തുടങ്ങി സംഘാംഗങ്ങളായ നിരവധി പേരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ മിക്കവരും സി പി എമ്മിന്റെ സജീവ സൈബര്‍ പോരാളികളും പ്രവര്‍ത്തകരുമാണ്.
വിഷയത്തില്‍ തെറ്റുകാരെ സംരക്ഷിക്കില്ലെന്ന ഒഴുക്കന്‍ നിലപാടെടുത്ത് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. സൈബര്‍ സഖാക്കള്‍ നേതാക്കളുടെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നതും കൊലക്കേസ് പ്രതികള്‍ പോലും ജയിലില്‍ നിന്നും സി പി എം അനുകൂല പോസ്റ്റ് ഇടുന്ന കാര്യവും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്, ‘ചിലര്‍ പാര്‍ട്ടിക്കാരാണ് എന്നുപറഞ്ഞ് പോസ്റ്റ് ഇടുന്നുണ്ടാവും. പാര്‍ട്ടി ധാരണയ്ക്ക് വിരുദ്ധമായ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് പാര്‍ട്ടി പ്രതികരിച്ചത്. പാര്‍ട്ടിയുടെ ആളുകള്‍ എന്നുപറഞ്ഞ് പോസ്റ്റ് ഇടുന്നവരെല്ലാം പാര്‍ട്ടി വക്താക്കളോ അതിനായി ചുമതലപ്പെടുത്തിയവരോ അല്ല.’ പക്ഷേ, ഇതുവരെ ഈ സഖാക്കളുടെ പോസ്റ്റുകള്‍ തള്ളിപ്പറയാനോ അവരെ നിലയ്ക്ക് നിര്‍ത്താനോ സി പി എം ശ്രമിച്ചിട്ടില്ല. ജൂണ്‍ 21 ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2.33 കിലോ സ്വര്‍ണ്ണവുമായി അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ ആയങ്കി അടക്കമുള്ള സി പി എം നേതാക്കളുടെ പങ്ക് വളരെ വ്യക്തമാണ്. കോട്ടയം സമ്മേളനത്തില്‍ പിണറായി പറഞ്ഞിരുന്നു, പിന്നീട് പലതവണ അദ്ദേഹം ആവര്‍ത്തിച്ചിരുന്നു, ‘ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’ എന്ന്. ഇന്ന് ജനങ്ങള്‍ എല്ലാം അറിയുന്നു. പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനം പോലും നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനിയെങ്കിലും പാര്‍ട്ടി പിരിച്ചുവിടാന്‍ തയ്യാറാകുമോ? ഇതാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരുടെ മനസ്സാക്ഷിയില്‍ ഉയരുന്ന ചോദ്യം.