ഭൂമിയില്‍ മനുഷ്യരെല്ലാം സമന്മാരാണെന്നാണ് സങ്കല്‍പ്പം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ പണക്കാരന്‍ പാവപ്പെട്ടവന്‍, അധികാരമുള്ളവന്‍, അതില്ലാത്തവന്‍, ബലമുള്ളവന്‍ ബലമില്ലാത്തവന്‍, എന്നിങ്ങനെ വിവിധ തരത്തില്‍ ആളുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാനപരമായി ഭൂമിയിലെ വിവിധ സാമ്പത്തിക ശക്തികള്‍ക്ക് ഊര്‍ജം പകരുന്നത് മനുഷ്യന്റെ പ്രകൃതി വിഭവങ്ങളിലുള്ള അവരുടെ അധികാരവും അതിനെ വില്പനച്ചരക്കാക്കി ലാഭം കൊയ്തുള്ള പണാധിപത്യവുമാണ്. ജനാധിപത്യമെന്നത് പേരിനു മാത്രമാണിവിടെയുള്ളത്. ഇന്ന് സമൂഹത്തിലെ സാമ്പത്തിക ശക്തികള്‍ ഭൂമി കൈയടക്കി വച്ചിരിക്കയാണ്. അതിനെ വില്പനച്ചരക്കാക്കിയിരിക്കുന്നു. ഭാരതം ഭൂമിയെ അമ്മയായാണ് എന്നും കാണുന്നത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഭൂമിയില്‍ കൃഷി ചെയ്താണ് നമുക്ക് ഭക്ഷണം ലഭിക്കുന്നത്. അതുകൊണ്ട് ഭൂമാതാ അന്നദാതാവാണ്. നദികള്‍ ഭൂമി മാതാവിന്റെ മുലപ്പാല്‍ ചുമന്നാണ് ഒഴുകുന്നത്. അങ്ങിനെ നമുക്ക് ജീവ ജലം നല്‍കുന്നതും ഭൂമിയെന്ന അമ്മയാണ്. മനുഷ്യനടക്കം കോടിക്കണക്കിന് ചരാചരങ്ങള്‍ക്ക് അഭയം നല്‍കുന്നതും ആവാസവ്യവസ്ഥ ഒരുക്കുന്നതും ഭൂമി മാതാവാണ്. കുന്നുകളും മലകളും ജലകുടങ്ങളാണ്. കടലിലും കായലിലും കോടിക്കണക്കിനു ചരാചരങ്ങള്‍ക്കു ആവാസ വ്യവസ്ഥ ഒരുക്കുന്നതും ഭൂമി മാതാവാണ്. എന്നാല്‍ ഇന്നത്തെ പണാധിപത്യത്തില്‍ ഭൂമിയിലെ പാറ, മണ്ണ്, മരം, വെള്ളം, മണല്‍, ചെങ്കല്ല്, സ്ഥലം എന്നിവയെല്ലാം വില്പനച്ചരക്കുകളാണ്. ഭൂമിയിലെ കോടാനുകോടി ചരാചരങ്ങളില്‍ ഒന്നുമാത്രമായ മനുഷ്യന്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഭൂവിഭവങ്ങളെ അടുത്ത തലമുറക്കുപോലും അവശേഷിപ്പിക്കാതെ ചൂഷണം ചെയ്യുന്ന അവസ്ഥയിലായിരിക്കുന്നു.
ഭാരതീയ വീക്ഷണത്തില്‍ ഭൂമിയെ ചൂഷണം ചെയ്യുക എന്ന ഒരു വ്യാഖ്യാനം ഇല്ല. പശുവിന്റെ പാല്‍ പശുവിനെ വേദനിപ്പിക്കാതെ ദോഹനം ചെയ്‌തെടുക്കുന്നത് പോലെയാണ് ഭൂവിഭവങ്ങള്‍ നാം ഉപയോഗിക്കേണ്ടത് എന്നാണ് ഭാരതീയ വീക്ഷണം. നമ്മുടെ തലമുറ അവസാനിച്ചാലും ഭൂമിയില്‍ വിഭവങ്ങള്‍ നശിക്കാതെ നിലനിര്‍ത്താനാകും എന്നതാണ് ഈ വീക്ഷണത്തിന്റെ അടിസ്ഥാനം.
ഇന്ന് ഭൂമിയെ നശിപ്പിച്ചില്ലാതാക്കുന്ന പ്രവണത ഏറിവരുകയാണ്. അതുകൊണ്ട് ഭൂമി അനവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പ്ലാസ്റ്റിക്, ഓയില്‍, തെര്‍മോക്കോള്‍, വ്യാവസായിക മാലിന്യങ്ങള്‍, ഖരമാലിന്യങ്ങള്‍ എന്നിവ നിക്ഷേപിച്ചു ഭൂമിയെ നാം രോഗാതുരമാക്കിയിരിക്കുന്നു. രാസവള – കീടനാശിനി കൃഷിരീതി അവലംബിച്ചു കൃഷിഭൂമിയെ വിഷമയമാക്കിയിരിക്കുകയാണ്. ഭൂമിയുടെ കവചവും അനേകായിരം ജീവജാലങ്ങള്‍ക്ക് ആവാസസ്ഥലവും ഒരുക്കുന്ന വനങ്ങള്‍ വെട്ടിനശിപ്പിച്ച് ഭൂമിയെ വികൃതമാക്കി. വനങ്ങള്‍ പോയത് ഭൂമാതാവിന്റെ മുടി കൊഴിഞ്ഞുപോയതുപോലെയായി. വായു മലിനീകരണം മൂലം ഭൂമിയില്‍ ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയിലാണ് ഇന്ന്. ഒരുതരം വായു കോപം പോലെയുള്ള രോഗം. ഭൂമിയിലെ ഒട്ടു മിക്ക ജലവും മലിനീകരിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യന്റെ അമിതമായ പ്രകൃതിവിഭവ ചൂഷണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് വര്‍ദ്ധിപ്പിക്കുകയും ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് ഭൂമി പനി വന്ന അവസ്ഥയിലാണ്. ആഗോളതാപനം ഭൂമിയില്‍ അനേകം പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആഗോള താപനത്തിന്റെ ബാക്കിപത്രമായി ഭൂമിക്ക് ചിത്തഭ്രമം സംഭവിച്ചിരിക്കുന്നു. മഴ വേണ്ടപ്പോള്‍ വരള്‍ച്ച, വേനലില്‍ മഴ, കൊടുംകാറ്റുകള്‍, കടല്‍ക്ഷോഭം, കാലാവസ്ഥ തന്നെ മാറ്റി മറിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഹിമപാളികള്‍ ഉരുകുന്നതിലും സമുദ്ര നിരപ്പ് ഉയരുന്നതിലും തുടര്‍ച്ചയായി മഴ പെയ്യുന്നതിലും നിമിഷ പ്രളയങ്ങളിലും എത്തിനില്‍ക്കുന്നു. ഇനിയെന്ത്? ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെയാണ്. ഭാരതീയ വിചാരധാരയുടെ മഹത്വം അറിയുന്നവര്‍ ഭൂമിയുടെ രക്ഷക്കായി ഭാരത മാതൃക ആഗ്രഹിക്കുന്നു. എല്ലാ അധിനിവേശ മതങ്ങളും മനുഷ്യനുവേണ്ടിയാണ് ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഭൂമിയിലെ എല്ലാ വിഭവങ്ങളും മനുഷ്യനുവേണ്ടിയാണെന്നും പഠിപ്പിച്ചപ്പോള്‍ ഭാരതീയര്‍ കോടാനുകോടി ചരാചരങ്ങളില്‍ ഒന്ന് മാത്രമാണ് മനുഷ്യനെന്നും ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും പഠിപ്പിച്ചു. ഭൂമിയിലെ ജീവജാലങ്ങളും കടലും കായലും ജലസ്രോതസ്സുകളും കുന്നുകളും മലകളും വായുവും കാടുകളും എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു വരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതീയര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭൂമിയെ രക്ഷിക്കുവാനുള്ള മൃതസഞ്ജീവനി ഭാരതത്തില്‍ നിന്നും ഉണ്ടാകുമെന്നും ലോകം വിശ്വസിക്കുന്നു.
ഭാരതീയ സമൂഹത്തില്‍ സാംസ്‌കാരിക ദേശീയത മുറുകെ പിടിച്ചും ഭാരതീയ വിചാരധാരയില്‍ ഊന്നി ഹൈന്ദവ പൈതൃകം നിലനിര്‍ത്തിക്കൊണ്ടും സാമൂഹ്യ ഇടപെടലുകള്‍ നടത്തി വിസ്മയം തീര്‍ത്തിട്ടുള്ള രാഷ്ട്രീയ സ്വയംസേവക സംഘം ഭൂമിയെ രക്ഷിക്കാന്‍ നടപ്പാക്കുന്ന ഒരു സേവന യജ്ഞമാണ് ഭൂപോഷണ അഭിയാന്‍. ഭാരതം മുഴുവന്‍ ഇത് നടപ്പാക്കി വരികയാണ്. ഭൂപോഷണ അഭിയാന്‍ ഭൂമിയുടെ സുരക്ഷക്കും അതുവഴി നമ്മുടെ നിലനില്‍പ്പിനും ഭൂമി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണെന്ന് വിശ്വസിക്കുന്നു. ലോകത്തിന് നിരവധി തുറകളില്‍ മാതൃക നല്‍കിയിട്ടുള്ള ഭാരതത്തിന് ഭൂമിയെ രക്ഷിക്കുവാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ദൗത്യം മാതൃകയായിത്തീരും എന്നതില്‍ തര്‍ക്കമില്ല.