‘വാരണവൃന്ദവും
വാജിസമൂഹവും തേരുകളും
വെന്തുവെന്തു വീണീടുന്നു’
കോമന്‍മേനോന്‍ രാമായണം മടക്കിവെച്ചു. അധ്യാത്മരാമായണത്തിലൂടെയൊന്ന് കണ്ണോടിക്കുക, അധികം ഉച്ചത്തിലല്ലാതെ വരികളെ ശബ്ദമാക്കുക, ഒടുവില്‍ കണ്ണടച്ചൊന്ന് പ്രാര്‍ത്ഥിക്കുക. അസ്വസ്ഥതയെന്തെങ്കിലും കടന്നെത്തുമ്പോള്‍ ഇത് കോമന്‍ മേനോന്റെ ശീലമാണ്. എഴുപത്തിയാറിന്റെ അവശത അതിന്റെ സ്വാഭാവികതയോടെ മാത്രം ആ മനുഷ്യനില്‍ കലര്‍ന്നു നിന്നു.
ആലത്തൂര്‍ പള്ളി മുസ്ലിയാരെ കണ്ട് മടങ്ങി വന്നതേയുള്ളൂ.
‘മുസ്ലിയാര്‍ എന്തു പറഞ്ഞു?’ ഭാര്യ ഉള്ളില്‍ നിന്നും പുറത്തെത്തി.
‘അദ്ദേഹം കൈമലര്‍ത്ത്വാ. മാര്‍ക്കം കൂടിയാ മാത്രേ രക്ഷിക്കാന്‍ പറ്റൂന്ന്’. അയാള്‍ മുകളിലേക്ക് നോക്കി, പിന്നെ കണ്ണടച്ചു. തുറന്നപ്പോള്‍ മുന്നില്‍ വേലായുധന്‍.
‘എന്താ ചെയ്യ്വാ കോമേട്ടാ?’വേലായുധന്‍ തിണ്ണയില്‍ കയറി ഇരുന്നു.
‘കണാരനെ നിരത്തുമ്മേന്ന് പിടിച്ചു വച്ചിരിക്കുകയാ. എല്ലാരും അവരെ മതത്തില്‍ ചേര്‍ന്നാല്‍ താനും ചേര്‍ന്നോളാംന്ന് പറഞ്ഞതുകൊണ്ട് അവര് ബന്ദിയാക്കി. ഓടിയാല്‍ വെടിവെക്കുംന്നാ ഭീഷണി’ കോമന്‍മേനോന്റെ ശബ്ദത്തിനും വിറയല്‍.
‘നമുക്കിവിടുന്ന് രക്ഷപ്പെട്ടാലോ?’ വേലായുധന്‍ പൊടുന്നനെ ചോദിച്ചു.
‘കേളപ്പന്‍ വന്നിരുന്നു ഉച്ചയ്ക്ക്. നിങ്ങടെ നേതാവ്. അയാളും ഇതന്ന്യാ പറഞ്ഞത്. ഞാന്‍ എവിടെ രക്ഷപ്പെടാന്‍?’
വേലായുധന്റെ മുഖത്ത് അമ്പരപ്പിന്റെ വലിവും വളവും. പതുക്കെ നിരാശയുടെ ഭാവത്തിലേക്ക് അത് വഴുതി. കേളപ്പജി പൂക്കോട്ടൂര്‍ ഉണ്ടെന്നും കാണാമെന്നും വെച്ച് വന്നതാണ്. വൈകിയിരിക്കുന്നു.
‘എപ്പഴാ കേളപ്പജി പോയത്?’
‘പെട്ടെന്ന് പോയി. ചോറുണ്ടു. ഇവിടെ കുറേ വീടുകളില്‍ കയറി’ മേനോന്റെ ഭാര്യ പടിചാരിനിന്ന് പറഞ്ഞു.
‘എങ്ങോട്ടേക്കാണ് എന്നറിയോ?’ വേലായുധന്‍ വെറുതെ പുറത്തേക്ക് നോക്കി.
‘പെരിന്തല്‍മണ്ണയിലേക്ക് എന്നാ പറഞ്ഞത്. രണ്ട് ദിവസം അവിടെ ഉണ്ടാവും പോലും’. കോമന്‍ മേനോന്‍ എഴുന്നേറ്റു.
വേലായുധന്‍ മുറ്റത്തേക്കിറങ്ങി. ‘ഞാന്‍ പിന്നെ വരാം. സൂക്ഷിക്കുന്നത് നല്ലതാ’. നിരത്തിലേക്കിറങ്ങി നടന്നു. കവലയിലെ വാകമരച്ചുവട്ടില്‍ മൂന്നാല് പേര്‍ ഇരുന്നും നിന്നും വര്‍ത്തമാനത്തിലാണ്. നേര്‍ത്ത ഇരുട്ട് മൂടിക്കിടക്കുന്നതിനാല്‍ ആള്‍ക്കാരെ വ്യക്തമായില്ല.
അടുത്തെത്തിയപ്പോള്‍ വാക്കുകളിലും ചോരക്കറ നിറഞ്ഞിരിക്കുന്ന സംഭാഷണം ആണെന്ന് മനസ്സിലായി.
‘വേലായുധാ, സംഭവമെല്ലാം ഉശാറാക്ന്നണ്ട്. അറിഞ്ഞില്ലേ?’ അതിലൊരാള്‍ ചോദിച്ചപ്പോഴാണ് വേലായുധന്‍ അവര്‍ക്കരികില്‍ നിന്നത്.
‘മനസ്സിലായില്ല’
‘ഞമ്മളെ ഖിലാഫത്ത് പ്രവര്‍ത്തനം. മിനിഞ്ഞാന്ന് രാത്രി നല്ല തിരിച്ചടിയല്ലേ കൊടുത്തത്. ഞമ്മളും പോയിരുന്നു’. രണ്ടാമത്തെയാള്‍ ആവേശത്തോടെയാണ് പറഞ്ഞത്.
‘എവിടേയ്ക്ക് ?’ ഉത്തരം അറിയാമെങ്കിലും വേലായുധന്‍ തന്റെ ചോദ്യത്തില്‍ കൗതുകം കൃത്രിമമായി ലയിപ്പിച്ചു.
‘നിലമ്പൂര്‍ക്ക്’
കൊലകളുടെയും കൊള്ളയുടെയും വിവരണത്തിലേക്ക് കടക്കുംമുമ്പ് വേലായുധന്‍ മുന്നോട്ടു നടന്നു.
കാര്യമായ കുഴപ്പങ്ങള്‍ ഇല്ലാതെ ഒരു ദിനം കടന്നു പോയി. കുഴപ്പങ്ങള്‍ നടക്കാഞ്ഞതാവില്ല. വാര്‍ത്ത ചെവിയില്‍ എത്താഞ്ഞതാവണം. വേണ്ട, കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്.
അകത്ത് അച്ഛന്റെ കഥകള്‍ക്കും അമ്മയുടെ വേവലാതികള്‍ക്കുമൊപ്പം ഒരുദിനം. അമ്മ കൊയ്ത്തിന്റേയും മെതിയുടേയും പാട്ടുകള്‍ പാടി.
അച്ഛന്‍ കൊനോല്ലി സായിപ്പിന്റെ പഴയകഥ പറഞ്ഞു. തിരൂരങ്ങാടി തങ്ങളുടെ കഥ പറഞ്ഞു. പത്തെണ്‍പത് വര്‍ഷമായി കാണും. അന്നും ലഹളയുടെ മണ്ണു തന്നെയായിരുന്നു ഇത്.
അളവറ്റ വിശ്വാസത്തിന് പാത്രമായി തങ്ങള്‍ അമാനുഷിക ശക്തി കാട്ടി. സെയ്ത് ഫസല്‍ എന്ന തങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് ലഹളക്കാര്‍ ഇറങ്ങുക. കലക്ടറായിരുന്ന കൊനോല്ലി ലഹള ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം തേടി തങ്ങളുമായി കൂടിയാലോചന നടത്തി. മലബാര്‍ വിട്ട് അറേബ്യയിലേക്ക് പോയിക്കൊള്ളാം എന്ന് തങ്ങള്‍ സമ്മതിച്ചു. സംഭവമറിഞ്ഞ് അനുയായികള്‍ തടിച്ചുകൂടി. കോഴിക്കോട് നിന്ന് കപ്പല്‍ കയറണം. അതുവരെ കരയിലൂടെ പോകാന്‍ നാട്ടുകാര്‍ സമ്മതിക്കില്ല. അതിനാല്‍ രാത്രി പരപ്പനങ്ങാടിയില്‍ നിന്ന് തോണിയില്‍ സഞ്ചരിച്ചു. കോഴിക്കോട് നിന്ന് ഉരുവില്‍ അറേബ്യയിലേക്ക്.
തങ്ങളെ നാടുകടത്തിയ കൊനോല്ലി വധിക്കപ്പെടേണ്ടയാളാണെന്ന് ലഹളക്കാര്‍ ഉറപ്പിച്ചു.
ഒരു ദിനം വരയ്ക്കലിലെ ബംഗ്ലാവ് സായംസന്ധ്യയെ സ്വീകരിച്ച സമയം. കലക്ടറും ഭാര്യയും ഉമ്മറത്ത് സോഫയിലിരുന്ന് പതിവ് സല്ലാപം നടത്തുകയായിരുന്നു. പുറത്തു നിന്നെത്തിയവര്‍ കലക്ടറെ വെട്ടി. ഭാര്യ നിലവിളിച്ചു. ഇരുപത്തേഴ് വെട്ടുകളില്‍ മലബാറിന്റെ അധിപന്‍ നിലംപതിച്ചു.
പിന്നീട് എത്രയെത്ര ലഹളകള്‍. തൂതക്കല്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാട്, മൂപ്പില്‍ വാര്യര്‍, കണ്ണഞ്ചേരി…….
അച്ഛന്‍ കൊല്ലപ്പെട്ടവരുടെ പട്ടിക നിരത്താന്‍ നോക്കിയപ്പോള്‍ വേലായുധന്‍ തടഞ്ഞു.
ഈ നാട് വെട്ടലിന്റേയും കൊല്ലലിന്റേയുമായിക്കഴിഞ്ഞു. കാലം മാറ്റമൊന്നും വരുത്താതെ നാടിനെ ഒരേ കോലംകെട്ടിക്കുന്നു.
പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ലഹളക്കാര്‍ കോമന്‍മേനോന്റെ വീടുവളഞ്ഞ കാര്യം വേലായുധന്‍ അറിഞ്ഞത്. അവിടെ നിന്ന് രക്ഷപ്പെട്ടു ഓടിവന്ന കാര്യസ്ഥന്‍ ചിണ്ടനാണ് കാര്യം പറഞ്ഞത്.
പൊന്നുണ്ണിക്കാട്ട് വീട്ടുകാരായ മുപ്പത് പേര്‍ മതം മാറി. എഴുപത്തഞ്ചോളം പേരായി പൂക്കോട്ടൂര്. കോമന്‍ മേനോന്റെയും ബന്ധുക്കളുടേം വീടുകളില്‍ കയറി അത് നൂറ് തികയ്ക്കണം. അതിനാണ് പത്തഞ്ഞൂറ് പേര് വീട് വളഞ്ഞത്.
വീട്ടിലെ മക്കളും മരുമക്കളും മറ്റുമായ പുരുഷന്മാരെയെല്ലാം പിടിച്ചുകെട്ടി ഒസ്സാന്‍മാരുടെ സംഘം മുടി കളഞ്ഞു. സ്ത്രീകളെ കുപ്പായമിടീച്ചു. കോമന്‍മേനോന്‍ മാത്രം അനുസരിച്ചില്ല. പരധര്‍മത്തിന്റെ പടവുകളിലേക്ക് കയറാതെ ആ വൃദ്ധന്‍ തന്റെ കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു. വീണ്ടും വരുമെന്ന് ഭീഷണിമുഴക്കി അവര്‍ തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ്.
പെരിന്തല്‍മണ്ണയില്‍ ബസ്സിറങ്ങി വേലായുധന്‍ നടന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്ന ലക്ഷ്യമില്ല. കേളപ്പജി ഇവിടെങ്ങോ ഉണ്ട്. ആദ്യത്തെ കാഴ്ച കലാപത്തിന്റെ ദുരിതക്കളങ്ങളില്‍ വച്ചാകട്ടെ. എം.പി.നാരായണമേനോന്റെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെയും സ്വാധീന കേന്ദ്രമാണ്. അതിനാല്‍ കലാപം ഇവിടെ മൂര്‍ച്ചയോടെ പ്രത്യക്ഷപ്പെടില്ല.
പ്രതീക്ഷയുടെ മുനയൊടിയുന്ന കാഴ്ചയാണ് വേലായുധനെ വരവേറ്റത്. സര്‍ക്കാര്‍ ആഫീസുകള്‍ തകര്‍ന്നു കിടക്കുന്നു. തീവിഴുങ്ങിയ ഖജാന. മുദ്രക്കടലാസുകളുടേയും സര്‍ക്കാര്‍ രേഖകളുടേയും പാതിവെന്ത അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നു.
മൂന്ന് പോലീസ് വാഹനങ്ങള്‍ എതിര്‍ദിശയില്‍ ചീറിപ്പാഞ്ഞു വന്നു. വേലായുധന്‍ വഴിയോരത്തേക്കൊതുങ്ങി വാഹനത്തിന് ഉള്ളിലേക്ക് നോക്കി. ആരെയും തിരിച്ചറിഞ്ഞില്ല. വീണ്ടും നടന്നു. വെയില്‍ കത്തിനില്‍ക്കുന്നു. ഖിലാഫത്ത് കമ്മിറ്റിയുടെ കൊടികള്‍ തൂങ്ങുന്ന ഒരു കെട്ടിടത്തിന് മുന്നില്‍ മൂന്ന്‌പേര്‍ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നു. എന്തോ സങ്കടത്തിന്റെ ആഴത്തിലാണ് അവരപ്പോഴുള്ളതെന്ന് മുഴച്ചു നിന്ന മൗനത്തില്‍ നിന്നും വേലായുധന്‍ തിരിച്ചറിഞ്ഞു.
അതിലൊരാള്‍ പരിചിതനാണ്. എടവണ്ണയിലെ ഖാദിപ്രചരണ സമയത്ത് പരിചയപ്പെട്ട കുഞ്ഞിക്കണ്ണന്‍.
‘കുഞ്ഞിക്കണ്ണേട്ടനല്ലേ? എന്തുണ്ട് ഇവിടുത്തെ കാര്യങ്ങള് ?’
സ്വയം പരിചയപ്പെടുത്തേണ്ടതില്ലെന്ന വിശ്വാസത്തില്‍ വേലായുധന്‍ നേരിട്ട് കാര്യാന്വേഷണത്തിലേക്ക് കടന്നു.
മൂവരും സംശയത്തോടെ ഒന്ന് നോക്കി കുഞ്ഞിക്കണ്ണന്‍ അല്പം മുന്നോട്ട് വന്നു.
‘നെടീരിപ്പിലെ വേലായുധനല്ലേ?’
‘:അതെ’
‘എന്താ പറയാ വേലായുധാ. നേതാക്കന്മാരെ പോലീസ് കൊണ്ടോയില്ലേ. ഇനിയിപ്പോ ഈ കൊയപ്പം ഒന്നും അടക്കാന്‍ പറ്റുംന്ന് തോന്നുന്നില്ല’ കുഞ്ഞിക്കണ്ണന്‍ കരച്ചിലിനോടടുത്തു.
‘ലഹള തടയാനും ആളിക്കത്താണ്ടിരിക്കാനും ഊണും ഉറക്കവും ഒഴിവാക്കി ഓടിച്ചാടി നടന്നോരാ. ആക്രമം പാടില്ല എന്നും പറഞ്ഞ് കലിതുള്ളുന്നവര്‌ടെ മുമ്പില്‍നിന്നോരാ. ഓരെയാണ് കലാപൂണ്ടാക്കാന്‍ നേതൃത്വം കൊടുത്തൂന്നും പറഞ്ഞു പിടിച്ചോണ്ടുപോയത് ‘. മറ്റേയാള്‍ താഴെയുള്ള കല്‍ക്കൂനയിലേക്ക് ചന്തിചായ്ച്ചു.
‘പൊന്നാനീലേക്ക് കലാപം എത്താണ്ടിരിക്കാന്‍ ഒറ്റക്കാരണം കേളപ്പനും മേനോന്വാ. ഇവിടേം വന്ന് കഷ്ടപ്പെട്ടു പാവങ്ങള് കൊറേ’. മൂന്നാമത്തെയാള്‍ വെയിലില്‍ നിന്നും അല്പം മാറിനിന്നു.
‘കേളപ്പജി?’ വേലായുധന് തലകറങ്ങുന്നതുപോലെ തോന്നി. വിറയല്‍ താഴെനിന്നും മേല്‍പ്പോട്ട് പടര്‍ന്നു.
‘ഉം. കേളപ്പനേം ബാലകൃഷ്ണമേനോനേം ഇപ്പൊ കൊണ്ട് പോയതേയുള്ളൂ’. കുഞ്ഞിക്കണ്ണന്‍ വേലായുധനോട് ഓഫീസിലേക്ക് നടക്കാന്‍ ആംഗ്യം കാട്ടി മുന്നില്‍ നടന്നു.
‘ഇനിയിപ്പോ മൊത്തം പ്രശ്‌നാവും. ആലിമുസ്ലിയാര് അക്രമരാഹിത്യം ഉപേക്ഷിച്ചു കഴിഞ്ഞു. വാരിയംകുന്നത്ത് ഹാജി കലിതുള്ളിയിരിപ്പാണ്. എത്ര നിരപരാധികളുടെ തല കൊയ്യുംന്ന് ഇനി കണ്ടിട്ട് തന്നെ അറിയണം’.
ചുറ്റുമുള്ള മരങ്ങളും കെട്ടിടങ്ങളും തന്നെ പരിഹസിച്ച് വലംവെക്കുന്നതായി വേലായുധന്‍ കണ്ടു. അവ ആര്‍ത്തുവിളിക്കുന്നുണ്ടാവണം.
അന്നത്തെ രാത്രി അവിടെ തങ്ങി. ഭയന്നു കഴിയുന്ന കുറെ വീടുകളില്‍ കുഞ്ഞിക്കണ്ണനും സംഘത്തിനുമൊപ്പം സന്ദര്‍ശിച്ചു. ധൈര്യം പകരുക എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏതുനിമിഷവും ഒരു വാള്‍ത്തല, ഒരു തീക്കൂന, ഒരു കഠാരമുന തങ്ങള്‍ക്ക് നേരെ നീണ്ടേക്കാമെന്ന് ഓരോരുത്തരും പ്രതീക്ഷിക്കുന്നുണ്ട്. മുന്‍കൂട്ടിയുള്ള പ്രതീക്ഷ ചിലപ്പോള്‍ പ്രത്യക്ഷാനുഭവത്തിന്റെ തീക്ഷ്ണത കുറച്ചേക്കും എന്ന് അവര്‍ വിശ്വസിച്ചു. വരാന്‍ പോകുന്ന വിപത്തിനു മുന്നിലുള്ള ഈ നിമിഷങ്ങളിലെ ആഹാരവും ഉറക്കവും അനാവശ്യമാണെന്ന് അവര്‍ നിരൂപിച്ചു. എവിടെയും ഭീതിയുടെ മരവിപ്പ് ബാധിച്ച നിശ്ചലാവസ്ഥ.
(തുടരും)