കേരളത്തില്‍ ഇടതുബുജികളുടെ ഒരു സാംസ്‌കാരിക പോലീസുണ്ട്. നിങ്ങള്‍ പറയുന്ന വാക്കുകളുടെ സ്വഭാവമെന്താണ് എന്ന് തീരുമാനിക്കുന്നത് അവരാണ്. ഇയ്യിടെ ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതി; ജയ്ശ്രീരാം എന്നു കേള്‍ക്കാന്‍ വയ്യെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് ചന്ദ്രനിലേക്ക് പോകാം എന്ന്. ഉടനെ ഈ സാംസ്‌കാരിക പോലീസ് തങ്ങളുടെ കമ്മ്യൂണിസ്റ്റ് നിഘണ്ടു കയ്യിലെടുത്ത് ‘പോകാം’ എന്ന വാക്കിന്റെ സ്വഭാവം എന്താണെന്ന് വിധിയെഴുതി. ആ വാക്ക് ഭീഷണിപ്പെടുത്തലാണ്. ഈ പോലീസിന്റെ നിര്‍ണ്ണയപ്രകാരം വളരെ മാന്യവും ബഹുമാനം സ്ഫുരിക്കുന്നതുമായ ചില വാക്കുകളുണ്ട്; ‘കടക്ക് പുറത്ത്’, ‘ഇതൊന്നും ഇവിടെ വേണ്ട’, ‘പരനാറി’, ‘കുലംകുത്തി’ തുടങ്ങിയവ. അതുകൊണ്ടാണ് മുഖ്യമന്ത്രി വിജയന്‍ സഖാവ് ഇവയൊക്കെ സ്ഥിര മായി പ്രയോഗിക്കുന്നത്. ബി. ഗോപാലകൃഷ്ണനു മറുപടിയായി അടൂര്‍ പറഞ്ഞു: ‘ടിക്കറ്റു തന്നാല്‍ ഞാന്‍ പോയേക്കാം’. ഇതിന് സാംസ്‌കാരിക പോലീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ‘പരിഹാസ പ്രയോഗം’ എന്നാണ്. പറയുന്ന വാക്കിനേക്കാള്‍ പറയുന്നവനെ നോക്കിയാണ് സാംസ്‌കാരിക പോലീസ് വാക്കിന്റെ സ്വഭാവം നിശ്ചയിക്കുക. ബി.ജെ.പിക്കാരനാണ് പറയുന്നതെങ്കില്‍ അത് ഭീഷണിയാണ്, അസഹിഷ്ണുതയാണ്; ഫാസിസമാണ്. വിജയ-വീര-മുല്ലപ്പള്ളിമാര്‍ ഒറ്റക്കെട്ടായി ഈ വിധി അംഗീകരിച്ചുകഴിഞ്ഞു. ഇനി സുപ്രീംകോടതിയില്‍ പോലും ഇതിന് അപ്പീലില്ല.
ആടിനെ പട്ടിയാക്കുന്ന ഈ സാംസ്‌കാരിക പോലീസിങ്ങല്ലേ യഥാര്‍ത്ഥത്തില്‍ ഫാസിസം എന്ന് ചോദിക്കരുത്. ഈ നാട്ടില്‍ ഒരാള്‍ക്ക് സ്വന്തം അഭിപ്രായം പറയുന്നതിനുമുമ്പ് ഈ ഇടത് പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന അവസ്ഥ നാണക്കേടല്ലേ? യൂനിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. സര്‍വ്വാധിപത്യത്തിനു തുല്യമായ അവസ്ഥയിലേക്ക് അധഃപതിക്കേണ്ടതാണോ കേരളത്തിലെ സാംസ്‌കാരിക രംഗം? അവര്‍ക്ക് അടിമ കിടക്കേണ്ടവരാണോ ഇവിടുത്തെ സാംസ്‌കാരിക നായകന്മാര്‍? ചുരുക്കത്തില്‍ ഒന്നേ പറയാനുള്ളൂ. വായ തുറക്കും മുമ്പ് സൂക്ഷിക്കുക; ‘നിങ്ങള്‍ ഇടതു സാംസ്‌കാരിക പോലീസിന്റെ നിരീക്ഷണത്തിലാണ്.’