മലയാള സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കൃതഹസ്തത തെളിയിച്ച ലബ്ധപ്രതിഷ്ഠയായ എഴുത്തുകാരി സുമംഗല കഥാവശേഷയായി. കുട്ടികള്‍ക്കായി അവള്‍ കുറെ കഥകളെഴുതിയെന്നതു നേരാണ്. അതിന്റെ പേരില്‍ ‘ബാലസാഹിത്യകാരി’ എന്ന ഇത്തിരിവട്ടത്തില്‍ സുമംഗലയെ ഒതുക്കിനിര്‍ത്തുന്നത് ഏഴു ദശാബ്ദങ്ങളോളം നീണ്ട അവരുടെ സാഹിത്യ സപര്യയെ ചെറുതായി കാണുന്നതിന് തുല്യമാണ്.
ആര്‍ക്കുവേണ്ടി എഴുതി എന്നതല്ല, എഴുത്തെന്ന സര്‍ഗ്ഗപ്രക്രിയയെ എത്രമാത്രം ഗൗരവത്തോടെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ഒലിവര്‍ ട്വിസ്റ്റ് എഴുതിയ ചാള്‍സ് ഡിക്കന്‍സിനെ ആരെങ്കിലും ബാലസാഹിത്യകാരന്‍ എന്നു വിളിക്കാറുണ്ടോ? അടുത്തകാലത്ത് ലോകത്താകെയുള്ള ബാലവായനക്കാരെ ആവേശം കൊള്ളിച്ച നോവല്‍ പരമ്പരയാണ് ഹാരിപോര്‍ട്ടര്‍. അതെഴുതിയ ജെ.കെ. റൗളിങ്ങിനെ ബാലസാഹിത്യകാരിയുടെ കള്ളിയില്‍ നിര്‍ത്താന്‍ ആരും ശ്രമിച്ചിട്ടില്ല.
എഴുത്തിന്റെ രാജപാതയിലെത്താന്‍ അല്പദൂരം ചില ഊടുവഴിയിലൂടെ നടന്നെന്നുവരും. അതു സാധാരണവുമാണ്. കുറിഞ്ഞിപ്പൂച്ചയുടെ ഒരു ദിവസം- അതായിരുന്നു സുമംഗല കടന്നുവന്ന ഊടുവഴി. പിന്നീട് എഴുത്തു മതിയാക്കുംവരെ അവര്‍ രാജപാതയില്‍ തന്നെയായിരുന്നു. ആബാലവൃദ്ധം മലയാളികള്‍ അവരുടെ കൃതികളെ ഇഷ്ടപ്പെട്ടു.
പഞ്ചത്രന്തം പുനരാഖ്യാനത്തിലൂടെയാണ് സുമംഗല പ്രസിദ്ധയായത്. എന്തുകൊണ്ട് പഞ്ചതന്ത്രം? പാടലീപുത്രരാജാവായ സുദര്‍ശനന്റെ പുത്രന്മാരെ വിഷ്ണുശര്‍മ്മാവെന്ന ഒരു പണ്ഡിതന്‍ ആറുമാസം കൊണ്ട് സത്കഥാകഥനത്തിലൂടെ നീതിശാസ്ത്ര തത്വങ്ങളെല്ലാം പഠിപ്പിച്ച് രാജ്യതന്ത്രജ്ഞന്മാരാക്കിത്തീര്‍ക്കുന്ന കഥയാണ് പഞ്ചതന്ത്രം. മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, ലബ്ധനാശനം, അസംപ്രേക്ഷ്യകാത്വം എന്നിങ്ങനെ ‘പഞ്ചധാ’ ഭാഗിച്ചുകൊണ്ടാണ് പ്രതിപാദനം. ഇതത്രേ പഞ്ചതന്ത്രം എന്ന പേരിനു കാരണം. ലോകസാഹിത്യത്തില്‍ തന്നെ ഇത്ര പ്രസിദ്ധമായ ബാലകഥകള്‍ അധികമില്ല. സിംഹത്തെ കിണറ്റില്‍ ചാടിച്ച മുയലും, ഹംസങ്ങള്‍ കൊത്തിപ്പറക്കുന്ന വടയില്‍ കടിച്ചുതൂങ്ങിയ ആമയും, കുരങ്ങന്റെ ഹൃദയത്തിനായി കൊതിച്ച മുതലയുമെല്ലാം ഏതുകാലത്തെ കുട്ടികള്‍ക്കും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
ഭാരതത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ ബാലസാഹിത്യകൃതി പഞ്ചതന്ത്രമാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അമ്പതില്‍പ്പരം ഭാഷകളിലായി ഇരുനൂറില്‍പ്പരം തര്‍ജ്ജമകളുണ്ടായിട്ടുള്ള പഞ്ചതന്ത്രത്തിന് ആദ്യത്തെ പരിഭാഷയുണ്ടാകുന്നത് പാഹ്‌ലവി ഭാഷയിലാണ്. യൂറോപ്പില്‍ പഞ്ചതന്ത്രം ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മാക്‌സ് മുള്ളര്‍ പറയുന്നു: ”യൂറോപ്പിലെ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നതിലും കൂടുതലായി പഞ്ചതന്ത്രകഥകളാണ് വായിച്ചിരുന്നത്. ക്രിസ്തീയ വൈദികര്‍ ആ കഥകളെ പള്ളിയില്‍ ഉദ്ധരിച്ചു ജനങ്ങളെ സദാചാരബോധവാന്മാരാക്കി.”
അങ്ങനെ ലോകത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതി എന്ന മഹത്വവും പഞ്ചതന്ത്രത്തിന് അവകാശപ്പെട്ടതായി.
നമ്മുടെ ഭാഷയിലേക്കു വന്നാല്‍, കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം കവിത വേണം (അന്നൊക്കെ പദ്യസാഹിത്യമേയുള്ളു) എന്നു തോന്നിയ ആദ്യ കവി കുഞ്ചന്‍ നമ്പ്യാരാണ്. അതിനദ്ദേഹം തെരഞ്ഞെടുത്തത് പഞ്ചതന്ത്രമാണ്. കിളിപ്പാട്ടു രൂപത്തില്‍ പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ക്കായി രചിക്കുകയാണ് അദ്ദേഹം ചെയ്തത്.
പിന്നീട് ഗദ്യസാഹിത്യം സമ്പന്നമായി. എന്നാല്‍ പദ്യത്തില്‍ മഹാകവികള്‍ ചെയ്തതുപോലെ ഗദ്യത്തില്‍ കുട്ടികള്‍ക്കുവേണ്ടി രചന നിര്‍വഹിക്കാന്‍ ഗൗരവമുള്ള ശ്രമങ്ങളുണ്ടായില്ല. ബാലസാഹിത്യത്തിന്റെ ഗതിവിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുപോന്ന സുമംഗല മലയാളത്തിലെ ഈ സ്ഥിതിവിശേഷത്തില്‍ ഖിന്നയായിരുന്നു. അവര്‍ പറഞ്ഞു: ”ഇംഗ്ലീഷ്-അമേരിക്കന്‍ സാഹിത്യത്തിലെ പല പ്രവണതകളും നമ്മുടെ സാഹിത്യത്തിലേക്ക് കുത്തിയൊലിച്ചുവരുന്നത് കണ്ടിട്ടുണ്ട്. ഇവിടുത്തെ കുറ്റാന്വേഷണ നോവലുകളുടെയും പൈങ്കിളി പ്രേമ കഥകളുടെയും പെരുപ്പം നോക്കൂ. ടോം സോയറും ഹക്കിള്‍ബെറി ഫിന്നും പോലുള്ള രചനകള്‍ നിര്‍വഹിച്ച മാര്‍ക് ടൈ്വനിനെപ്പോലെയുള്ള അനശ്വരരായ എഴുത്തുകാര്‍ ഉണ്ടായില്ല. ഈനിസ് ബ്ലൈറ്റണ്‍ നൂറുകണക്കിന് കുട്ടിക്കഥകളെഴുതി. പക്ഷേ, നമ്മുടെ കുട്ടികള്‍ക്കുവേണ്ടി പുസ്തകങ്ങള്‍ എഴുതുന്നതിന് ആരും ഒതുങ്ങിയില്ല. അതെന്തുകൊണ്ടായിരിക്കാമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.” (ഗോകുലഭാരതി-1985, പുറം 15).
അങ്ങനെ അത്ഭുതപ്പെട്ടിരിക്കുക മാത്രമല്ല, പരിതാപകരമായ ഈയവസ്ഥയില്‍ നിന്ന് മലയാള സാഹിത്യശാഖയെ കരകയറ്റാന്‍ തുനിഞ്ഞിറങ്ങുക കൂടിയാണ് സുമംഗല ചെയ്തത്. സ്വാഭാവികമായും അതിനു കൂട്ടുപിടിച്ചത് പഞ്ചതന്ത്രത്തെയാണ്. അത്യന്തം സൂക്ഷ്മതയോടെ കുട്ടികളുടെ രചനാ ലോകത്തേയ്ക്കു കടന്നുവന്നയാളാണ് സുമംഗലയെന്നു വ്യക്തം.
ശുകസപ്തതിയുടെ പുനരാഖ്യാനം ഏറെ പ്രസിദ്ധമാണ്. ‘തത്ത പറഞ്ഞ കഥകള്‍’ എന്ന പേരിലാണ് പുനരാഖ്യാനം നിര്‍വഹിച്ചത്. ഇതിഹാസ പുരാണങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത കഥാമുഹൂര്‍ത്തങ്ങളുടെ ഹൃദ്യമായ പുനരാവിഷ്‌കാരമാണ് ‘ഈ കഥ കേട്ടിട്ടുണ്ടോ’ എന്ന സമാഹാരം.
പ്രതിപാദ്യവിഷയങ്ങളുടെ മഹത്വം കൊണ്ടുമാത്രം ഒരു കൃതി ഉത്തമമായ ബാലസാഹിത്യമാവുകയില്ല. അതു ഋജുവും സരളവും പ്രസന്നവുമായിരിക്കണം. ആശയസംപുഷ്ടിയും ആവിഷ്‌കരണഭംഗിയും ബാലസാഹിത്യത്തില്‍ സമസ്‌കന്ദങ്ങളായി സന്നിവേശിപ്പിക്കാന്‍ കഴിയണം. പ്രതിപാദനം പാല്‍പ്പായസം പോലെ മധുരോദാരമാവുക, പ്രതിപാദ്യം മനസ്സും മസ്തിഷ്‌കവും പ്രപഞ്ചത്തോളം വിശാലമാക്കാന്‍ ഉപയുക്തമാവുക-ഉത്തമമായ ബാലസാഹിത്യത്തിന്റെ മുഖമുദ്രകള്‍ ഇതൊക്കെയാണ്. സാഹിത്യ രചനയെ സംബന്ധിക്കുന്ന ഇത്തരം അടിസ്ഥാന പ്രമാണങ്ങള്‍ നിഷ്‌കര്‍ഷയോടെ അനുസരിച്ചു സുമംഗല. കുട്ടികളെപ്പോലെ, ഒരുപക്ഷേ കുട്ടികളേക്കാള്‍ മുതിര്‍ന്നവരും അവരുടെ കൃതികളെ അനുധാവനം ചെയ്തതിന്റെ കാരണമതാണ്.
രണ്ടു നോവലുകളും ഒരു ചെറുകഥാ സമാഹാരവും സുമംഗലയുടേതായി പുറത്തുവന്നിട്ടുണ്ട്; ഏതാനും ലഘുനോവലുകളും. ഗവേഷണ ബുദ്ധിയോടെ സമീപിക്കപ്പെട്ട രചനകളാണ് ഇനി പ്രതിപാദിക്കാനുള്ളത്.
മലയാള ഭാഷയുടെ കരുത്തും സൗന്ദര്യവും വിളിച്ചോതുന്ന പലച്ചമലയാളം നിഘണ്ടു ഇക്കൂട്ടത്തില്‍ പ്രഥമ പരിഗണനയര്‍ഹിക്കുന്നു. അറുപതിനായിരത്തില്‍പ്പരം വാക്കുകള്‍ വിശദീകരിക്കുന്ന ഈ ബൃഹദുദ്യമം രണ്ടു വാല്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. എത്രമാത്രം പ്രയാസപ്പെട്ടാണ് താനീ ഭാഷാസേവനം പൂര്‍ത്തീകരിച്ചതെന്ന് അതിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരി ഇങ്ങനെ കുറിച്ചിട്ടുണ്ട്: ”അല്പജ്ഞാനമാകുന്ന ഒരു ചെറുനൗക പോലും കൈവശമില്ലാതെ, മോഹം കൊണ്ടുമാത്രം, ദുസ്തരമായ ഈ സാഗരം നീന്തിക്കടക്കാന്‍ ശ്രമിച്ചതാണ് ഞാന്‍. കയ്യും കാലും കുഴഞ്ഞു തളര്‍ന്നു. കുറെ ഉപ്പുവെള്ളം കുടിച്ചു.”
വിവര്‍ത്തനത്തിന്റെ മേഖലയിലും സുമംഗല ചെന്നെത്തുകയുണ്ടായി. സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനുവേണ്ടി ‘ആശ്ചര്യ ചൂഡാമണി’ കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു.
കേരള കലാമണ്ഡലത്തില്‍ പബ്ലിസിറ്റി വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്നത് കലാമണ്ഡലത്തിന്റെ ചരിത്രം എഴുതാന്‍ സഹായകമായി.
അമ്മയും മുത്തശ്ശിയും ഉദ്യോഗസ്ഥയുമൊക്കെയായ ഒരാള്‍ ഇത്രയും കഠിനതരമായ രചനകളില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ബാലകൗതുകങ്ങള്‍ ശമിപ്പിക്കാനായും തൂലിക ചലിപ്പിച്ചു. മിഠായിപ്പൊതി, ഒരു കൂട പഴങ്ങള്‍, നെയ്പായസം, ഒരു കുരങ്ങന്‍ കഥ, മഞ്ചാടിക്കുരു, മുത്തുസഞ്ചി, തങ്കക്കിങ്ങിണി എന്നിങ്ങനെ ഏതാനും കൃതികള്‍.
കഥ പറയാനറിയാം. കഥ പറയേണ്ടതുണ്ടെന്നുമറിയാം. കുട്ടികള്‍ക്കു കൂടി രസിക്കാവുന്ന വിധം കഥ പറയാനറിയാവുന്നവര്‍ കുറവാണെന്നുമറിയാം. അതിനുള്ള പരിഹാരക്രിയ കൂടിയായിരുന്നു സുമംഗലയുടെ കഥ പറച്ചില്‍. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രവും വര്‍ത്തമാനവും പണ്ഡിതോചിതവുമായി സ്വാംശീകരിച്ച എഴുത്തുകാരിയാണ് സുമംഗല.
വൈവിധ്യമാര്‍ന്ന രചനാതന്ത്രങ്ങള്‍, പരീക്ഷിക്കാന്‍ ഒരുമടിയും കാണിച്ചില്ല. നാടകീയമായ തുടക്കം, കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്കുവരെ ചെന്നെത്തുന്ന നിരീക്ഷണപാടവം, ലളിതമായ ആഖ്യാനരീതി, കഥാസന്ദര്‍ഭങ്ങള്‍, പുനരാവിഷ്‌ക്കരിക്കുന്നതിലെ മിടുക്ക്, സംഭവങ്ങളെ ഇഴപിരിയാതെ മുന്നോട്ടു നയിക്കുന്നതിലുള്ള ശ്രദ്ധ, പ്രചോദനാത്മകമായ പര്യവസാനം- ഇങ്ങനെ ബാലമനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കും വിധമാണ് കഥപറച്ചില്‍. കഥാതന്തു ബാലന്മാര്‍ക്കുള്ളതാണെങ്കില്‍, ആവിഷ്‌ക്കരണത്തിന്റെ എല്ലാ ചേരുവകളും മുതിര്‍ന്നവര്‍ക്കും മാതൃകയാക്കാവുന്നതാണ്.
മാനസസരസ് എന്നത്രേ സുമംഗലയുടെ ജീവിതകഥയുടെ പേര്. എത്ര അന്വര്‍ത്ഥമായ പേര്!