തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോേളജില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെ സ്വന്തം സംഘടനാ നേതാക്കള്‍തന്നെ കുത്തിവീഴ്ത്തിയത് ഒറ്റപ്പെട്ട അക്രമ സംഭവമായി വിലയിരുത്തുന്നത് ആപല്‍ക്കരമായ ലളിതവല്‍ക്കരണമായിരിക്കും. വര്‍ഷങ്ങളായി എസ്എഫ്‌ഐ കയ്യടക്കിവച്ചിരിക്കുന്ന ഈ കോളേജില്‍ മാത്രമല്ല, ഏതൊക്കെ കോളേജുകളില്‍ ഈ സംഘടനയ്ക്ക് ആധിപത്യമുണ്ടോ അവിടങ്ങളിലെല്ലാം അക്രമങ്ങള്‍ പതിവാണ്. യൂണിയന്‍ തിരഞ്ഞെടുപ്പ് ജയിക്കുക, എതിരാളികള്‍ക്കുമേല്‍ ആധിപത്യം നേടുക എന്നതിനപ്പുറം സ്വയം ഭരണാധികാരമുള്ള സര്‍വകലാശാലകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ അക്കാദമികാന്തരീക്ഷം നശിപ്പിച്ച് പാര്‍ട്ടിയുടെ റിക്രൂട്ടിംഗ് ഹബ്ബായി മാറ്റുകയെന്നതാണ് സിപിഎം അജണ്ട. കേരളത്തില്‍ മാത്രമല്ല, രാജ്യതലസ്ഥാനത്തെ ജെഎന്‍യുവും ദല്‍ഹി യൂണിവേഴ്‌സിറ്റിയും ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ച, നിരവധി പ്രതിഭാശാലികളെ ലോകത്തിന് സംഭാവന ചെയ്ത ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനുള്ളത്. ഈ അന്തരീക്ഷം പാടെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. കോളേജിനോട് ചേര്‍ന്നുള്ള സിപിഎം ആസ്ഥാനമായ എകെജി സെന്ററാണ് ക്യാമ്പസില്‍ എന്തു നടക്കണം, എന്ത് നടക്കരുത് എന്ന് തീരുമാനിക്കുന്നത്. ഇതിനായി പാര്‍ട്ടി നേതൃത്വം ഉപയോഗിച്ചത് എസ്എഫ്‌ഐയെ മാത്രമല്ല, അധ്യാപകരെയുമാണ്. പാര്‍ട്ടി നിയന്ത്രിക്കുന്ന സര്‍വീസ് സംഘടനയില്‍ അംഗമായ ഇവരാണ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ നശിപ്പിക്കുന്നതില്‍ മറ്റാരെക്കാളും വലിയ പങ്കുവഹിക്കുന്നത്.
സിപിഎമ്മിന്റെ തണലില്‍ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അഴിച്ചുവിടുന്ന അക്രമങ്ങള്‍ ഒരു ഭാഗത്ത്. പരീക്ഷാ നടത്തിപ്പിന്റെ നിയന്ത്രണംതന്നെ ഏറ്റെടുത്ത് കാണിക്കുന്ന കൃത്രിമങ്ങള്‍ മറുഭാഗത്ത്. ഉത്തരക്കടലാസ് വീട്ടിലിരുന്ന് എഴുതിയുണ്ടാക്കി അതിന് മാര്‍ക്കുവാങ്ങി എസ്എഫ്‌ഐക്കാര്‍ ജയിച്ചുകയറുന്നത് പാര്‍ട്ടി ക്ലോണുകളായ അധ്യാപകരുടെ സമ്പൂര്‍ണമായ ഒത്താശയോടെയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഇടിമുറിയില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെടുത്തത് അതീവഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഠിക്കാന്‍ താല്‍പ്പര്യമില്ലാതെ, അതിന് ശേഷിയില്ലാത്ത, സഹപാഠികളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന എസ്എഫ്‌ഐക്കാരെ പരീക്ഷകളില്‍ ജയിപ്പിച്ചെടുക്കാനുള്ള ബാധ്യത പാര്‍ട്ടി വിധേയന്മാരായ അധ്യാപകര്‍ ഏറ്റെടുക്കുകയാണ്. ഇങ്ങനെ ജയിച്ചുകയറി അധ്യാപകരും സിപിഎം നേതാക്കളും ജനപ്രതിനിധികളുമൊക്കെ ആയ എസ്എഫ്‌ഐക്കാര്‍ നിരവധിയാണ്. ഇത് ഏതെങ്കിലും ഒരു കോളേജില്‍ മാത്രം ഒതുങ്ങുന്നതല്ല.
സിഐടിയുവിനെ ഉപയോഗിച്ച് കേരളത്തിന്റെ തൊഴില്‍മേഖല നശിപ്പിച്ചതുപോലെ എസ്എഫ്‌ഐക്കാരെ കയറൂരിവിട്ട് വിദ്യാഭ്യാസരംഗവും നശിപ്പിക്കുകയാണ് സിപിഎം. പാലക്കാട് വിക്‌ടോറിയ കോേളജ് പ്രിന്‍സിപ്പാള്‍ ഡോ. സരസുവിന് ജീവിച്ചിരിക്കെ റീത്ത് വച്ചതും, എറണാകുളം മഹാരാജാസ് കോേളജ് പ്രിന്‍സിപ്പാള്‍ എന്‍.എല്‍. ബീനയുടെ കസേര കത്തിച്ചതും കലാലയ അന്തരീക്ഷം ഏതുവിധേനയും കലുഷിതമാക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ്. ഇതിനൊക്കെ സിപിഎം കൂട്ടുനില്‍ക്കുകയും ചെയ്തു. എന്തൊക്കെ അതിക്രമങ്ങള്‍ ഉണ്ടായാലും പോലീസിനെ ക്യാമ്പസില്‍ കടക്കാന്‍ അനുവദിക്കാത്ത പ്രിന്‍സിപ്പാളുമാര്‍ യഥാര്‍ത്ഥത്തില്‍ സിപിഎമ്മിനുവേണ്ടി വിടുപണി ചെയ്യുന്നവരാണ്. ഇങ്ങനെ ചെയ്ത പല മേധാവികള്‍ക്കും മുന്‍കാലങ്ങളില്‍ ലഭിച്ച വീരപരിവേഷം പിന്‍ഗാമികള്‍ക്ക് പ്രേരണയാവുകയും രാഷ്ട്രീയമായ സുരക്ഷയൊരുക്കുകയും ചെയ്യുന്നു. ചില വൈസ് ചാന്‍സലര്‍മാര്‍പോലും സിപിഎമ്മിനു വിടുപണി ചെയ്യുന്നവരായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ വെളിപ്പെട്ട മറ്റൊന്നാണ് ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷനെയും സിപിഎം ഫ്രാക്ഷനാക്കി മാറ്റിയിരിക്കുന്നു എന്നത്. സഹപാഠിയെ കുത്തിവീഴ്ത്തിയ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി റാങ്കുലിസ്റ്റില്‍ സ്ഥാനം പിടിച്ചതിനു പിന്നില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. കഷ്ടപ്പെട്ട് പരീക്ഷയെഴുതി ജീവിതത്തിന്റെ ഏക പ്രതീക്ഷയായ ഒരു ജോലിക്കുവേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ശ്രമിക്കുമ്പോഴാണ് പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരെ റാങ്കുലിസ്റ്റില്‍ തിരുകിക്കയറ്റി ഔദ്യോഗിക പദവികളിലെത്തിക്കുന്നത്. ഇടതുഭരണത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്നവര്‍ സിപിഎമ്മിന്റെ താല്‍പ്പര്യം സംരക്ഷിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് പിഎസ്‌സിയുടെ വിശ്വാസ്യതയാണ്. പിഎസ്‌സിക്ക് ‘പാര്‍വതി-ശിവന്‍കുട്ടി കമ്മീഷന്‍’ എന്ന പേര് വീണുകഴിഞ്ഞു. സിപിഎം നേതാവ് ശിവന്‍കുട്ടിയുടെ ഭാര്യയും പാര്‍ട്ടിക്കാരിയുമായ പാര്‍വതി ദേവി പിഎസ്‌സി അംഗമാണ്.
ഭരണഘടനാ സ്ഥാപനങ്ങളോട് സിപിഎമ്മിനുള്ള വിരോധത്തിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് കോടതികളോടുള്ള അവരുടെ ശത്രുത. 1967-ല്‍ മുഖ്യമന്ത്രിയായിരിക്കെ ഇ.എം.എസ്. നമ്പൂതിരിപ്പാട് കോടതികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമാവുകയും കോര്‍ട്ടലക്ഷ്യത്തിന് ഇടയാക്കുകയും ചെയ്തു. കോടതി മര്‍ദ്ദകരുടെ ഉപകരണമാണെന്നും, ‘വര്‍ഗശത്രുതയും മുന്‍വിധികളുമുള്ളവരാണ് ജഡ്ജിമാര്‍’ എന്നും പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് കേസായത്. ഒടുവില്‍ പിഴയൊടുക്കി കേസില്‍നിന്ന് രക്ഷപ്പെടുകയാണ് ഇഎംഎസ് ചെയ്തത്. കേസില്‍ സുപ്രീംകോടതി ഇഎംഎസിന് കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തു.
2007-ല്‍ സ്വാശ്രയ കോളജിലെ പ്രവേശനം സംബന്ധിച്ച് വിധി പറഞ്ഞ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. വാലിക്കെതിരെ പരസ്യപ്രക്ഷോഭം നയിച്ച എസ്എഫ്‌ഐ, അദ്ദേഹത്തെ പ്രതീകാത്മകമായി നാടുകടത്തുകവരെ ചെയ്തു. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ സമ്പൂര്‍ണമായ ഒത്താശയോടെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ കോടതിക്കെതിരെ പ്രക്ഷോഭം നടത്തുകയുണ്ടായി. ഈ പ്രക്ഷോഭത്തെ സിപിഎം പരസ്യമായി ന്യായീകരിക്കുകയും ചെയ്തു. തങ്ങള്‍ക്ക് അസ്വീകാര്യമായ വിധികള്‍ ജഡ്ജിമാര്‍ പുറപ്പെടുവിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പാണ് സിപിഎം ഇതിലൂടെ നല്‍കിയത്.
2007-ല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎമ്മുകാരനുമായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയും കോടതിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ച് കേസില്‍പ്പെട്ടു. നോട്ടുകെട്ടുകളുടെ കനം നോക്കിയാണ് ജഡ്ജിമാര്‍ തങ്ങള്‍ പരിഗണിക്കുന്ന കേസുകളില്‍ വിധിപറയുന്നതെന്നായിരുന്നു പാലൊളിയുടെ വിവാദ പരാമര്‍ശം. നിരുപാധികം മാപ്പുപറഞ്ഞ് ജയില്‍വാസം ഒഴിവാക്കുകയായിരുന്നു പാലൊളി. 2010-ല്‍ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നു പറഞ്ഞ് കോര്‍ട്ടലക്ഷ്യക്കേസില്‍പ്പെട്ട സിപിഎം നേതാവ് എം.വി. ജയരാജന് ആറ് മാസം തടവനുഭവിക്കേണ്ടിവന്നു. കോടതികളുടെ പ്രതിച്ഛായയും വിശ്വാസ്യതയും തകര്‍ക്കുന്ന വിധത്തിലുള്ള നടപടികള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വേറെയും ഉണ്ടായിട്ടുണ്ട്.
തിരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയങ്ങള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സ് രംഗത്തുവന്നപ്പോള്‍ ഒപ്പം ചേര്‍ന്ന സിപിഎം, ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നശിപ്പിക്കാനുള്ള അവസരമായി അതിനെ കാണുകയായിരുന്നു. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാനാവുമെന്ന് ആരോപണമുന്നയിച്ചവരെ അത് തെളിയിക്കാന്‍ കമ്മീഷന്‍ വെല്ലുവിളിച്ചപ്പോള്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഓടിയൊളിച്ചു. പാര്‍ട്ടിയുടെ സ്വാധീന കേന്ദ്രങ്ങളില്‍ സിപിഎം സംഘടിതവും ആസൂത്രിതവുമായി കള്ളവോട്ടുകള്‍ ചെയ്യുന്നതിലൂടെ ജയിച്ചുകയറുക മാത്രമല്ല, സംവിധാനത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലീസിലെ പിണിയാളുകളെ ഉപയോഗിച്ച് ബാലറ്റ് വോട്ടുകളില്‍ കൃത്രിമം കാണിച്ചത് വലിയ വിവാദമാവുകയുണ്ടായല്ലോ. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായി രാഹുല്‍ ഗാന്ധി ഉന്നയിച്ച അപക്വമായ ആരോപണങ്ങള്‍ ഏറ്റുപറയാനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മടിച്ചില്ല. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശിക്ഷിച്ചതിന് പാര്‍ലമെന്റ് അലങ്കോലപ്പെടുത്തി പകപോക്കുന്ന കോണ്‍ഗ്രസ്സിനൊപ്പവും സിപിഎം ഉറച്ചുനിന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ആര് വെല്ലുവിളിക്കുന്നുവോ അവര്‍ക്കൊപ്പം ചേരുകയെന്നതാണ് എക്കാലത്തേയും സിപിഎം നയം. ഇക്കാര്യത്തില്‍ മാവോയിസ്റ്റ് ഭീകരവാദികളെയും ഇസ്ലാമിക മതമൗലികവാദികളെയും സിപിഎം പിന്തുണയ്ക്കുന്നു.
അടിസ്ഥാനപരമായി ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തില്‍ വിശ്വസിക്കുന്ന സിപിഎം അടവുനയമെന്ന നിലയ്ക്കാണ് പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുന്നത്. വിപ്ലവമൊന്നും കൂടാതെ ഭരണാധികാരം ലഭിക്കുന്നു എന്നതാണ് ഇതിലെ ആകര്‍ഷണം. എന്നാല്‍ ജനാധിപത്യ രീതികളുമായോ സംവിധാനങ്ങളുമായോ പൊരുത്തപ്പെടാന്‍ സിപിഎമ്മിന് കഴിയില്ല. ഇതുകൊണ്ടുതന്നെ ഭരണഘടനാ സ്ഥാപനങ്ങളെയും, ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളെയും തകര്‍ക്കുകയെന്നത് സിപിഎമ്മിന്റെ ശീലമാണ്. കോളേജുകളെന്നോ കോടതിയെന്നോ ഇക്കാര്യത്തില്‍ അവര്‍ക്ക് വ്യത്യാസമില്ല.