കടകമ്പള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആദ്യം ഉത്തരവിറക്കിയത് ക്ഷേത്രപരിസരത്തെ ആര്‍.എസ്.എസ്. ശാഖകള്‍ മുഴുവന്‍ നിരോധിക്കുമെന്നാണ്. മന്ത്രി പിന്നീട് പലതവണ ഇക്കാര്യം ആവര്‍ത്തിച്ചു. അവസാനം അഞ്ചുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ, തിരഞ്ഞെടുപ്പിന് നാലു നാള്‍ മുമ്പ് ഒരിക്കല്‍കൂടി ഉത്തരവിറങ്ങിയിരിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ്. ശാഖകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഉത്തരവ്. ദേവസ്വം കമ്മീഷണര്‍ വിശാലമായ ഒരന്വേഷണം നടത്തിയപ്പോഴാണത്രെ മനസ്സിലായത് മിക്കക്ഷേത്രങ്ങളിലും ആര്‍. എസ്.എസ്സിന്റെ പ്രവര്‍ത്തനം മുടക്കമില്ലാതെ നടക്കുന്നുവെന്ന്. നിരോധന ഉത്തരവുകള്‍ക്ക് പുല്ലുവില. സഖാക്കള്‍ക്ക് ഇത് സഹിക്കുമോ? കമ്മീഷണര്‍ ചന്ദ്രഹാസമിളക്കിക്കൊണ്ടു ആജ്ഞാപിച്ചു: ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമല്ലാതെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കായികപരിശീലനത്തിന് ദേവസ്വത്തിന്റെ വസ്തുവകകളോ ക്ഷേത്രങ്ങളോ ഉപയോഗിക്കാന്‍ അനുമതിയില്ല. ആര്‍.എസ്. എസ്സിന്റെ ശാഖ നടത്താന്‍ ഇതൊന്നും ആവശ്യമില്ല എന്നതിനാല്‍ കമ്മീഷണറുടെ ഒരു ഉത്തരവും ഫലിക്കാന്‍ പോകുന്നില്ല. അല്ലെങ്കില്‍ ആര്‍.എസ്.എസ്സുകാര്‍ക്കു ക്ഷേത്രത്തിലോ പരിസരത്തോ പ്രവേശനമില്ല എന്ന ബോര്‍ഡ് കമ്മീഷണറും മന്ത്രിയും കൂടി വെക്കേണ്ടിവരും. അതു ഈ ജന്മത്തില്‍ അവര്‍ക്കു നടക്കില്ല. അതിനാല്‍ തന്നെ ആര്‍. എസ്.എസ്. ശാഖ തടയാന്‍ അവര്‍ക്കൊട്ടു സാധ്യവുമല്ല.