ഈയ്യിടെ അന്തരിച്ച കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ.എ.കൃഷ്ണന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. സ്വാര്‍ത്ഥത്തിന്റെ കണികപോലും ഇല്ലാതെ ഏത് സാഹചര്യത്തിലും മറ്റുള്ളവര്‍ക്കായി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷം മുന്നെ ഞാന്‍ തൃശ്ശിനാപ്പള്ളിയിലേക്ക് താമസം മാറുമ്പോള്‍ ആണ് മാസ്റ്റര്‍ ബാംഗ്ലൂരേക്ക് മക്കളുടെ കൂടെ താമസിക്കാന്‍ പോയത്. അപ്പോഴാണ് അവസാനമായി കണ്ടതും. അടുത്തറിഞ്ഞ കൃഷ്ണന്‍ മാഷെക്കാള്‍ അകലെ നിന്ന് അറിഞ്ഞ മാഷാണ് എന്റെ മനസ്സിലുള്ളത്. എവറസ്റ്റിന്റെ മുകളില്‍ കയറിയിട്ട് എവറസ്റ്റിനെ കാണാനോ മനസ്സിലാക്കാനോ കഴിയില്ല. അതിന് കുറച്ച് താഴെയും ദൂരെയുമായി നില്‍ക്കണം. ഞാന്‍ അങ്ങനെയാണ് മാഷെ നോക്കിക്കണ്ടത്.
അദ്ദേഹത്തെ പോലെ സംഘടനാ പാടവമുള്ള ഒരു വ്യക്തിയെ ഞാന്‍ അധികം കണ്ടിട്ടില്ല. പരിവാര്‍ സംഘടനകളില്‍ എല്ലാറ്റിന്റെയും കൂടെ നിന്ന് സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കൃഷ്ണന്‍ മാഷ്. കോളേജിലാണെങ്കില്‍ കുട്ടികളോടൊപ്പം ചേര്‍ന്ന് പിരിവെടുക്കാനും മറ്റു പരിപാടികള്‍ ആസൂത്രണം ചെയ്യാനും അദ്ദേഹം തയ്യാറാകുമായിരുന്നു. പണത്തിന്റെയോ പദവിയുടേയോ അളവുകോല്‍ വച്ച് കൃഷ്ണന്‍മാഷെ അളക്കാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്നെ ഭാരത യാത്ര സംഘടിപ്പിച്ചിരുന്നു. ആ സമയത്ത് പോകേണ്ട സ്ഥലങ്ങളുടെ ചാര്‍ട്ട് തയ്യാറാക്കി മാഷ് ആദ്യം ആ സ്ഥലങ്ങളില്‍ പോകുമായിരുന്നു. താമസിക്കേണ്ട സ്ഥലവും ഭക്ഷണം കഴിക്കേണ്ട ഹോട്ടലുകള്‍ പോലും ഏര്‍പ്പാടാക്കിയ ശേഷമാണ് എല്ലാവരുമായി യാത്ര പോകുക. കൂടെ പോകുന്നവരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം കൊടുത്തത്. ഒരിക്കല്‍ യാത്രയ്ക്കിടയില്‍ മാഷുടെ മകന്റെ കാല് റോഡിലെ ഡ്രൈനേജിന്റെ സ്ലാബിനിടയില്‍ കുടുങ്ങി. ഉടനെ എല്ലാവരും ചേര്‍ന്ന് ആ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ മാഷുടെ ശ്രദ്ധ മുഴുവന്‍ യാത്രാസംഘത്തിലുളളവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കുന്നതിലായിരുന്നു.
സംഘപരിവാര്‍ സംഘടനകള്‍ക്കുവേണ്ടി ആരുടെ മുന്നില്‍ കൈനീട്ടുന്നതിനും അദ്ദേഹത്തിന് ഒരുമടിയും ഉണ്ടായിരുന്നില്ല. ഭാരത സാംസ്‌കാരികയാത്രയിലൂടെ വലിയൊരു സുഹൃദ് വലയം അദ്ദേഹം സൃഷ്ടിച്ചു. ദീര്‍ഘകാലം കോഴിക്കോട്ടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യമായിരുന്നു കൃഷ്ണന്‍ മാഷ്. ആ ധന്യജീവിതത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.
(കോഴിക്കോട് ആഴ്ചവട്ടം ഹിന്ദുസേവാസമിതി ഹാളില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്)
Comments