ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരിക്കെയാണ് സിദ്ധാര്‍ത്ഥന് ബോധോദയമുണ്ടായത്. അതുപോലെ ബംഗാളിലെ 24 പര്‍ഗാനജില്ലയില്‍ പെട്ട നൈഹതിയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി മമത ദീദിക്ക് ബോധോദയമുണ്ടായത്. ബോധോദയമുണ്ടാകുന്നതിന് തൊട്ടുമുമ്പുവരെ ദീദി സുന്ദര മായ സ്വപ്നത്തിലായിരുന്നു. ഭാരതപ്രധാനമന്ത്രി കസേരയില്‍ ഇരുന്നു ഈ വിശാല ദേശം മുഴുവന്‍ ഭരിക്കുന്ന ദിദീ എന്ന സുന്ദരസ്വപ്നം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സുന്ദരസ്വപ്നത്തില്‍ നിന്ന് ദീദി തലകുത്തിവീണു. സ്വപ്നത്തിലിരിക്കുന്ന പ്രധാനമന്ത്രി ക്കസേര മാത്രമല്ല താനിരിക്കുന്ന മുഖ്യമന്ത്രിക്കസേര വരെ തെറിച്ചുപോകും എന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള വീഴ്ച. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 129 നിയമസഭാ മണ്ഡലങ്ങളിലാണ് ബംഗാളില്‍ ബിജെപി ഭൂരിപക്ഷം നേടിയത്. കൂടാതെ, കൂടെയുള്ള എം.എല്‍.എമാരില്‍ പലരും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ഈ ഷോക്കിന്റെ കെട്ട് വിടും മുമ്പാണ് ദീദി നൈഹിതിയില്‍ ധര്‍ണ്ണക്കെത്തിയ തും പൊതുയോഗത്തില്‍ പ്രസംഗിച്ചതും.
ബി.ജെ.പി.യുടെ വിജയരഹസ്യം ആര്‍.എസ്.എസ്. എന്ന സാംസ്‌കാരിക സംഘടനയാണ് എന്നതാണ് ദീദിയ്ക്കുണ്ടായ ബോധോദയം. ബുദ്ധന്‍ തന്റെ ബോധോദയകാര്യം ആദ്യം വെളിപ്പെടുത്തിയ അഞ്ചുപേരെ ചേര്‍ത്തു സംഘമുണ്ടാക്കിയപോലെ ദീദി താന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ആര്‍.എസ്.എസ്. ഉണ്ടാക്കാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചു. യോഗത്തില്‍ എത്തിയവരെ അതില്‍ അംഗങ്ങളുമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സാംസ്‌കാരിക വിഭാഗം എന്ന നിലയ്ക്കാണീ സംഘടന. ദീദിയുടെ ആര്‍.എസ്.എസ്സിന്റെ പേര് ‘ജയ്ഹിന്ദ് ബാഹി നി’ എന്നാണ്. സേവികാ സമിതിയ്ക്കുള്ള ബദലായി ‘ബംഗ്ലാ ജനിനി ബാഹിനി’യും ഉണ്ടാക്കി. ഇത്തരം ഡ്യൂപ്ലിക്കേറ്റ് ആര്‍.എസ്.എസ്സുകള്‍ ഇതിനുമുമ്പ് വേറെയും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ സേവാദളും പി.ജയരാജന്റെ മാര്‍ഷല്‍ അക്കാദമിയും ലീഗിന്റെ പച്ചവളണ്ടിയര്‍ സേനയും ഉള്‍പ്പെടെ പലതും. എന്നാല്‍ കാക്ക കുളിച്ചിട്ട് ഇതുവരെ കൊക്കായിട്ടില്ല എന്ന താണ് ചരിത്രം.