ഐ.പി.എല്‍ ക്രിക്കറ്റിന്റെ മറ്റൊരു സീസണ്‍ കൂടി പൂര്‍ത്തിയായി. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരെയും ആരാധകരെയും യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലേക്കായി ചുരുക്കിയ ദിനങ്ങളാണ് കടന്നുപോയത്. വാശിയേറിയ അറുപത് മത്സരങ്ങള്‍ക്കൊടുവില്‍ വീണ്ടും മുംബൈ ഇന്ത്യന്‍സ് വിജയകിരീടം നേടി. 2019ല്‍ നേടിയ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം ടീം അംഗങ്ങളിലും ആരാധകരിലും കാണാന്‍ കഴിഞ്ഞു. അഞ്ചാം ഐ.പി.എല്‍ കിരീടമാണ് ഈ നേട്ടത്തോടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടു വര്‍ഷം കിരീടം നേടാന്‍ കഴിഞ്ഞത് ടീമിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ നേട്ടം തന്നെയാണ്. ഇതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് ആണ് തുടര്‍ച്ചയായി രണ്ടുതവണ കിരീടം നേടിയിട്ടുള്ളത്.
ദല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ്, സണ്‍റൈഡേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് എന്നീ ടീമുകളാണ് ഈ സീസണില്‍ ഏറ്റുമുട്ടിയത്. ലോകത്തിലെ മുന്‍നിര താരങ്ങളെല്ലാം വിവിധ ടീമുകളിലായി പാഡ് അണിഞ്ഞു. താരങ്ങളെ സ്വന്തമാക്കാനായി കോടിക്കണക്കിന് രൂപയാണ് ഓരോ ടീമും ലേലത്തിനിറക്കിയത്.
നവംബര്‍19ന് ആദ്യ മത്സരത്തില്‍ മുന്‍ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ഇന്ത്യക്യാപ്റ്റന്‍ എം.എസ്.ധോണി നയിച്ച ചെന്നൈ സൂപ്പര്‍കിങ്ങ്‌സും ഏറ്റുമുട്ടി. ആദ്യമത്സരം തോറ്റെങ്കിലും താളം വീണ്ടെടുത്ത മുംബൈ പിന്നീട് വിജയിച്ചുകയറുന്നതാണ് കണ്ടത്. രണ്ടു റൗണ്ടുകളിലായി പതിനാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടി പ്ലേ ഓഫിലേക്ക് പ്രവേശിച്ചത് മുംബൈയായിരുന്നു. എം.എസ്. ധോണി നയിച്ച ചെന്നൈ ടീം ശക്തരായാണ് വിലയിരുത്തിയിരുന്നതെങ്കിലും തുടര്‍ച്ചയായ പരാജയത്തില്‍ പെട്ട് പ്ലേ ഓഫില്‍ കടക്കാതെ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. 2010ലെ പോലെ ധോണിയും കൂട്ടരും തിരിച്ചുവരവ് നടത്തുമെന്ന് കരുതിയെങ്കിലും രണ്ടാം റൗണ്ടിലെ പ്രധാന മത്സരങ്ങള്‍ തോറ്റതോടുകൂടി ആ പ്രതീക്ഷയും ഇല്ലാതായി. ദല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈഡേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകള്‍. ദല്‍ഹിക്കായിരുന്നു രണ്ടാം സ്ഥാനം. മികച്ച റണ്‍ ശരാശരിയില്‍ ഹൈദരാബാദ് മൂന്നാം സ്ഥാനവും ബംഗളുരു നാലാംസ്ഥാനവും നേടിയാണ് പ്ലേ ഓഫിലേക്ക് എത്തിയത്. പ്ലേഓഫിലെത്താതെ പുറത്തായ കൊല്‍ക്കത്ത അഞ്ചാംസ്ഥാനവും പഞ്ചാബ് ആറാംസ്ഥാനവും ചെന്നൈ ഏഴാംസ്ഥാനവും നേടിയപ്പോള്‍ രാജസ്ഥാന്‍ ഏറ്റവും പിറകിലായി പോയി.
ഒന്നാം സ്ഥാനത്തുള്ള മുംബൈയും രണ്ടാംസ്ഥാനക്കാരായ ദല്‍ഹിയുമാണ് ആദ്യ പ്ലേഓഫില്‍ ഏറ്റുമുട്ടിയത്. വാശിയേറിയ മത്സരത്തില്‍ എതിരാളികളെ 57 റണ്‍സിന് തകര്‍ത്താണ് രോഹിത്ത് ശര്‍മ്മയും കൂട്ടാളികളും വിജയം നേടിയത്. എലിമിനേഷന്‍ മത്സരത്തില്‍ പോയന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഹൈദരാബാദും ബംഗളൂരുമാണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ വിജയം ഹൈദരാബാദ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിച്ച ബംഗളൂരിന്റെ കിരീടമോഹം അതോടെ തകര്‍ന്നു.
രണ്ടാം ക്വാളിഫയ്ഡില്‍ ഹൈദരാബാദും ദല്‍ഹിയും തമ്മില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന് ദല്‍ഹി ജയിച്ചതോടെ ഹൈദരാബാദിന്റെ കിരീട പ്രതീക്ഷയും അവസാനിച്ചു.
ഐ.പി.എല്‍ ആദ്യകിരീടം എന്ന സ്വപ്‌നവുമായി ദല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫൈനല്‍ മത്സരത്തിന് ഒരുങ്ങി. കൂള്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ തകര്‍ക്കാന്‍ കഴിഞ്ഞത് ദല്‍ഹിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
ധവാനും റബാഡയും സ്റ്റോയിനിഡും, അയ്യരും അടങ്ങുന്ന ദല്‍ഹിയും ഡിക്കോക്, പാഡെ, ബുംമ്ര, ബോള്‍ട്ട് എന്നിവരടങ്ങുന്ന മുംബൈയും ഏറ്റുമുട്ടുന്ന കലാശക്കളിയില്‍ തീ പാറുന്ന പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ദല്‍ഹിയെ നിഷ്പ്രഭമാക്കിക്കൊണ്ട് മുംബൈ വീണ്ടും കപ്പില്‍ മുത്തമിട്ടു. വിജയം അഞ്ച് വിക്കറ്റിനായിരുന്നു. ബോള്‍ട്ടും രോഹിത്ത് ശര്‍മ്മയും പുറത്തെടുത്ത മികച്ച ഫോം മുംബൈയുടെ വിജയം അനായാസമാക്കി. വെര്‍ച്ച്വല്‍ ഗാലറികളിലെ ലക്ഷക്കണക്കിന് ആരാധകരുടെ ആരവങ്ങള്‍ സാക്ഷിയാക്കി രോഹിത്ത് ശര്‍മ്മയും ടീം അംഗങ്ങളും വിജയനൃത്തം ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങള്‍ ഉയര്‍ന്നുവരുന്നതും ഐ.പി.എല്‍. മത്സരങ്ങളിലാണ്. ഈ സീസണിലും നിരവധി യുവതാരങ്ങളുടെ കടന്നുവരവ് യു.എ.ഇ.യിലെ സ്റ്റേഡിയത്തില്‍ കണ്ടു. മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളില്‍ ചിലര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുപ്പായം അണിയാനുള്ള അവസരവും ലഭിച്ചു.
യുവതാരങ്ങളില്‍ പഞ്ചാബ്‌നായകന്‍ കെ.എല്‍.രാഹുല്‍ പതിനാല് മത്സരങ്ങളില്‍ നിന്ന് 670 റണ്‍സ് നേടി ഓറഞ്ച് കപ്പ് സ്വന്തമാക്കി. ദല്‍ഹിയുടെ ശിവര്‍ധവാന്‍, ശ്രേയസ്സ് അയ്യര്‍, മുംബൈയുടെ ഇഷാന്‍ കിഷന്‍ എന്നിവരും ബാറ്റിംഗില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബൗളിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പര്‍പ്പിള്‍ ക്യാപ്പ് നേടിയത് ദല്‍ഹിയുടെ കഗിസോ റബാഡയാണ്. പതിനേഴ് മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റാണ് റബാഡ എറിഞ്ഞിട്ടത്. മലയാളി താരങ്ങളായ സജ്ജുസാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്‌ട്രോക്ക് പ്ലേയിലും അഗ്രസീവ്‌നെസിലും സജ്ജുവിന്റെ പാടവം ഏറെ വാഴ്ത്തപ്പെട്ടു. ബാറ്റിംഗിലും ഫീല്‍ഡിംഗിലും മികവ് കാട്ടിയ ദേവദത്ത് പടിക്കല്‍ എമേര്‍ജിംഗ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 473 റണ്‍സാണ് ഈ നവാഗതതാരം അടിച്ചുകൂട്ടിയത്.
കോവിഡിന് വിശ്രമം നല്‍കിയ ഐ.പി.എല്ലിന്റെ ഈ 13-ാം സീസണ്‍ പൂര്‍ത്തിയായി. ഒപ്പം അടുത്ത സീസണ്‍ വൈകാതെ ആരംഭിക്കുമെന്ന ബി.സി.സി.ഐയുടെ പ്രഖ്യാപനവും വന്നു കഴിഞ്ഞു. പുതിയ ടീമുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടാണ് ഈ സീസണ്‍ അവസാനിക്കുന്നത്.