ബഷീറില്‍ നിന്ന് ഓ.വി. വിജയനിലേക്കുള്ള ദൂരം അളന്ന് തീര്‍ക്കാവുന്നതേയുള്ളൂ. കാല്‍പ്പനിക വിരുദ്ധമായ മിസ്റ്റിക് സ്വഭാവമുള്ള ബഷീര്‍കഥകള്‍ ഏറെയും ഫാന്റസിയുടെ രൂപത്തിലാണ് വന്നത്. അബോധ ചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി റിയലിസത്തിന്റെ തലപ്പാവ് അടിച്ചുമാറ്റിയ ‘മാന്ത്രിക പൂച്ച’യും ‘അനര്‍ഘ നിമിഷവും’ ‘അനല്‍ഹഖും’ ‘മരണത്തിന്റെ നിഴലില്‍’ എന്ന ചെറുനോവലും ആധുനിക കഥകള്‍ക്ക് പ്രേരണയായി. മാധവിക്കുട്ടി എഴുതിയ ‘പക്ഷിയുടെ മണം’ ഓ.വി. വിജയന്റേയും ആനന്ദിന്റേയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേയും എം. മുകുന്ദന്റേയും സേതുവിന്റേയും കഥകള്‍ക്ക് മുന്‍പേ പ്രത്യക്ഷപ്പെട്ട കഥകള്‍ക്ക് വലിയ സ്വാധീനമായിരുന്നു. കാല്‍പനികതയുടെ കാലത്ത് കഥകള്‍ എഴുതിയ മാധവിക്കുട്ടി (കമലാസുരയ്യ) ആധുനിക കാലത്ത്, ഉത്തരാധുനിക കാലത്തും അപ്രത്യക്ഷമാകാതെ നില്‍ക്കുന്നു. വര്‍ത്തമാനകാലത്തേയും, ഭൂതകാലത്തേയും, അതിജീവിച്ച് ഭാവിയുടെ രാജവീഥിയില്‍ ശരറാന്തലായി മാറിയ ബഷീറും, മാധവിക്കുട്ടിയും, ഒരു പ്രസ്ഥാനത്തിന്റെയും വക്താക്കള്‍ അല്ലായിരുന്നു. അഭിമുഖങ്ങളില്‍ പുരുഷമേധാവിത്വം (Male Chauvinism) നിരന്തരം പറഞ്ഞും ചെണ്ട കൊട്ടി ‘ഞാന്‍ ഒരു ഫെമിനിസ്റ്റാണ്’ എന്ന് പറഞ്ഞും നടക്കുന്ന ഇന്നത്തെ കഥാകാരികള്‍ ഈ എഴുത്തുകാരിയുടെ കഥകള്‍ ആവര്‍ത്തിച്ച് പഠിക്കണം. ‘പക്ഷിയുടെ മണം’ എന്ന കഥയില്‍ പുരുഷാധികാരത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഭാഗമുണ്ട്. പക്ഷേ മൃതിയുടെ രൂപത്തിലാണത് വന്നെത്തുന്നത്. തന്റെ മനസ്സില്‍ എലിയെപ്പോലെ കരണ്ടുതിന്നുകൊണ്ടു ജീവിക്കുന്ന ഏകാന്തതയെ ഭാര്യയുടെ മുമ്പില്‍ പ്രകടിപ്പിക്കാന്‍ മടിക്കുന്ന കഥാപാത്രത്തെ ”ചതുരംഗം” എന്ന കഥയില്‍ കാണാന്‍ കഴിയും. ‘മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍’ എന്ന കൃതിയിലെ അപൂര്‍വ്വം ചില കഥകളെകുറിച്ച് ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതിയതില്‍ നിന്ന് ഒരു ഭാഗമിതാ:
”ഒരു തത്വ നിരീക്ഷകയെപ്പോലെ ജീവിതത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മാധവിക്കുട്ടിയെ നാം ചിലപ്പോള്‍ കണ്ടെത്തുന്നു. കുടുംബ പശ്ചാത്തലങ്ങള്‍ വിശകലനം ചെയ്യുമ്പോഴും, ഓരോരുത്തരും ചെന്ന്‌പെടുന്ന അവസ്ഥകളാണ് കഥയുടെ ആഖ്യാനസ്ഥാനമായി തിരഞ്ഞെടുക്കുന്നത്”.
ആധുനികതയുടെ പതാകവാഹകരില്‍ ഓ.വി.വിജയന്‍ ഇന്നും ഏറെ ഉയരത്തില്‍ നില്‍ക്കുന്നു. ഭാവ വൈപരീത്യ ദര്‍ശനം(Ironic Vision)ഓ.വി.യിലും മറ്റ് ആധുനികരിലും കാണാം. ഇതും ആദ്യമായി കണ്ടത് ബഷീറിലും, മാധവിക്കുട്ടി കഥകളിലുമാണ്. ആധുനികതയുടെ പ്രവാചകന്‍ അല്‍ബേര്‍കമ്യു വ്യാഖ്യാതമായ ‘”The Outsider”‘ (അന്യന്‍) എഴുതുന്നതിന് മുന്‍പ് ബഷീര്‍ അസ്തിത്വത്തിന്റെ ഉദ്വിഗ്നത (Existential Auguish) അവതരിപ്പിച്ചിരുന്നു. മലയാളം പറയാന്‍ മടിക്കുന്ന ക്രൂരവും, പരുഷവുമായ സത്യത്തെ ബഷീറിന് ശേഷം പിന്നീട് വായനക്കാര്‍ കണ്ടത് ‘ധര്‍മപുരാണം’ എന്ന വിഖ്യാതനോവലിലും ‘പാറകള്‍’, ‘അരിമ്പാറ’ തുടങ്ങിയ വിജയന്‍ കഥകളിലുമാണ്.
II
എം.പി. നാരായണപിള്ളയാണ് ആധുനികതയുടെ മറ്റൊരു മുന്‍ഗാമി. സ്വന്തം ഗ്രാമങ്ങളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട ജീവിതാനുഭവങ്ങള്‍ എം.പി. നാരായണപിള്ളയുടെ കഥകളുടെ അസ്ഥിയും മാംസവുമായി മാറി. ബഷീറിയന്‍ രീതിയില്‍ നാടന്‍ ഭാഷയുടെ അലകും പിടിയും ചേര്‍ത്ത് വെച്ച് വികാരതീവ്രമായി കഥ പറഞ്ഞ ഈ എഴുത്തുകാരന്റെ ‘കള്ളന്‍’ ‘മോചനം’ തുടങ്ങിയ കഥകള്‍ ഇന്നും പ്രസക്തിയുള്ളവയാണ്. എം.പി. നാരായണപിള്ളയുടെ ‘മുരുകന്‍ എന്ന പാമ്പാട്ടി’ നിരൂപക ശ്രദ്ധ നേടിയെടുത്ത കഥയാണ്. ഭാഷയുടെ ശക്തി സൗന്ദര്യങ്ങളുടെ അറകള്‍ തുറന്നിടുന്ന ഈ കഥ ഒറ്റപ്പെട്ടുനില്‍ക്കുന്നു. ‘ജീവിതത്തിന്റെ ദുരൂഹത അഭിവ്യഞ്ജിപ്പിക്കും വിധം സങ്കീര്‍ണ്ണമായ ബോധം ജനിപ്പിക്കുന്ന ഈ കഥ ആധുനിക കാലഘട്ടത്തിന്റെ കഥയാണെന്ന് കെ.പി. അപ്പന്‍ പറഞ്ഞത് ഓര്‍മ്മയിലെത്തുന്നു. കുഷ്ഠം പിടിച്ച കുട്ടപ്പചെട്ടിയാര്‍ എന്ന ചെപ്പടി വിദ്യക്കാരന്റെ പയ്യനായിട്ടാണ് മുരുകന്‍ ആദ്യം ഗ്രാമത്തിലെത്തുന്നത്. ഈ കഥയിലെ സര്‍പ്പങ്ങളും മന്ത്രക്കുഴലും ചുമരില്‍ വീഴുന്ന സചേതനമായ നിഴലും ചുട്ടകോഴിയെ പറപ്പിക്കുന്ന മന്ത്രവാദിയുടെ ദണ്ഡനവും നിവേദിക്കാന്‍ വെച്ച പൊരിച്ച മുട്ടയും ചാരായവും ശംഖുവിളികേട്ട് ഉണര്‍ന്ന് ഭയപ്പാടോടെ വീടിന്റെ മുറ്റത്തിറങ്ങി നില്‍ക്കുന്ന ആളുകളും ഭയം വിതറുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ അനുഭവം പിന്നീട് നാം കാണുന്നത് കാക്കനാടനിലും പുനത്തില്‍ കുഞ്ഞബ്ദുള്ളയിലുമാണ്. ‘ജോര്‍ജ്ജ് ആറാമന്റെ കോടതി’ ആധുനികതയ്ക്ക് അടിത്തറയിട്ട കഥകളിലൊന്നാണ്. ഒരു ഭ്രാന്തന്‍ മനസ്സിന്റെ അചുംബിത കല്‍പ്പനകളെ അനാവരണം ചെയ്യുന്നു. ഈ കഥ ഇന്നും ആധുനികതയെകുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദികളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. നിലവിലുള്ള ധാരണകളേയും നിയമങ്ങളേയും മുഴുവനായി തകിടം മറിക്കുന്ന പ്രവണത ഓ.വി. വിജയനും കാക്കനാടനും പ്രകടിപ്പിക്കുന്നതിന് മുന്‍പ് നാരായണപിള്ള പ്രകടിപ്പിച്ചിട്ടുണ്ട്. അകാരണമായ ഭീതിയും, ഒറ്റപ്പെടലും, ”കാഫ്കാസ്‌ക്” (Kaf Kaesque) കഥകളുടെ ന്യൂക്ലിയസ്സാണ്. താന്‍ ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന അസ്വസ്ഥനായ ആധുനിക മനുഷ്യന്റെ പരിതാപകരമായ അവസ്ഥയാണ് ‘അവന്‍’ എന്ന കഥയില്‍ പിള്ള അവതരിപ്പിക്കുന്നത്. ആധുനികതയെകുറിച്ച് ചര്‍ച്ച ചെയ്യുന്ന സെമിനാറുകളില്‍ എം.പി. നാരായണപിള്ളയെ വിട്ടുപോയെങ്കില്‍ അവരോട് ക്ഷമിക്കുക.
III
ഓ.വി. വിജയനാണ് മലയാളത്തിലെ ആധുനിക കഥാകാരന്മാരില്‍ ഏറ്റവും ആക്കവും തൂക്കവും പ്രകടിപ്പിച്ചത്. ‘പാറകള്‍’, ‘അരിമ്പാറ’, ‘കാറ്റ് പറഞ്ഞ കഥ’, ‘കടല്‍ത്തീരത്ത്’ തുടങ്ങിയ പ്രശസ്തമായ വിജയന്‍ കഥകളുടെ തൊട്ടടുത്ത് വെക്കാന്‍ മലയാളത്തില്‍ വളരെ കുറച്ച് കഥകളേയുള്ളൂ. നവീന നിരൂപകര്‍ എഴുതിയതുപോലെ അസ്തിത്വദുഃഖത്തിന്റെ കഥകള്‍ മാത്രമല്ല ദുഃഖവും ഫലിതവും ജുഗുപ്‌സയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ദര്‍ശനം മലയാളത്തിലാദ്യമായി അവതരിപ്പിച്ചത് ബഷീറാണെങ്കിലും അത് വിപുലമാക്കി ഡി.എച്ച് ലോറന്‍സിനെപ്പോലെ ഒരു വിഗ്രഹ ഭഞ്ജകനായി (Kono clast) മാറിയ ഓ.വി. വിജയന്‍ ഒരു യുഗപുരുഷനാണ്. ഇടതുപക്ഷം ഏറെ കൊണ്ടാടുന്ന കമിറ്റ്‌മെന്റ് കഥകളും ഓ.വി.വിജയന്‍ എഴുതിയിട്ടുണ്ട്. ഓ.വി.യുടെ കമിറ്റ്‌മെന്റ് കഥകള്‍ എം. സുകുമാരന്‍ കഥകള്‍പോലെ കാലഘട്ടം മാറുമ്പോള്‍ നിറം മാറുന്നില്ല. പ്രമേയങ്ങളിലെ വൈവിധ്യത്തിലും ഭാഷാപരമായ സാന്ദ്രതയിലും ബിംബകല്‍പനകളുടെ സമ്മേളനത്തിലും വിജയനോളം വിജയിച്ച കഥാകൃത്തുക്കള്‍ മലയാളത്തില്‍ ഇല്ല എന്ന് പറയാം.
ഭാഷ വൈകാരിക ജീവിതത്തിന്റെ ഭാഗമാക്കിയ കാക്കനാടനും, അംഗീകൃത രൂപസംവിധാനത്തെ ധിക്കരിച്ചുകൊണ്ട് ജീവിതത്തിന്റെ അര്‍ത്ഥശൂന്യത ചിത്രീകരിച്ച എം. മുകുന്ദനും ശ്രദ്ധേയരാണ്. ആശുപത്രികളുടെ പശ്ചാത്തലത്തില്‍ കഥകളെഴുതിയ പുനത്തില്‍ മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് എഴുതിയ ‘കുന്തി’ യും ‘കൊലച്ചോറും’ ഇന്നും പഠനങ്ങള്‍ക്ക് വിധേയമാകുന്ന കഥകളാണ്. പേടിസ്വപ്‌നങ്ങളുടെ ചിറകില്‍ സഞ്ചരിച്ച സേതുവും കമിറ്റ്‌മെന്റിനെ കലയാക്കിയ എം. സുകുമാരനും യു.പി. ജയരാജും മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ സക്കറിയയും സാമൂഹ്യപ്രതിബദ്ധത കലയുടെ കെട്ടുറപ്പോടെ അവതരിപ്പിച്ച സി.വി. ശ്രീരാമനും കാല്‍പനിക ലാവണ്യത്തിന്റെ മിനുക്കമുള്ള പദങ്ങള്‍ കൊരുത്ത് തികഞ്ഞ റൊമാന്റിക്കായി പ്രത്യക്ഷപ്പെട്ട പി. പത്മരാജനും ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് കഥകളുടെ സിരകളില്‍ ഫിലോസഫി കുത്തിവെച്ച ആനന്ദിനെയും മറന്ന് ഒരു ചര്‍ച്ച നവീന കഥകളെക്കുറിച്ച് നടത്താന്‍ കഴിയില്ല.
അസ്തിത്വ ദുഃഖവും അന്യതാബോധവും ഒറ്റപ്പെടലും ചിത്രീകരിച്ച കഥകള്‍ മാത്രമേ മികച്ച കഥകളാകൂ എന്ന് പറയുന്നതിലര്‍ത്ഥമില്ല. ആധുനികര്‍ക്കൊപ്പം കഥകളെഴുതിയ സി. രാധാകൃഷ്ണനും പി. വത്സലയും എന്‍. മോഹനും എന്‍.പി. മുഹമ്മദും കെ.ടി. മുഹമ്മദും യു.എ. ഖാദറും യു.കെ. കുമാരനും വി.പി. ശിവകുമാറും വൈശാഖനും എന്‍. പ്രഭാകരനും സി.വി. ബാലകൃഷ്ണനും അക്ബര്‍ കക്കട്ടിലും ജയനാരായണനും മലയാള ചെറുകഥാ സാഹിത്യത്തില്‍ വ്യക്തമായ മുദ്രയുള്ളവരാണ്. ‘ആധുനികത മരിച്ചു, ഉത്തരാധുനികത പിറന്നു’ എന്ന് പറയുന്നതിലര്‍ത്ഥമില്ല. ഒരു തരംഗം മറ്റൊരു തരംഗത്തിന് വഴിമാറി എന്ന് കരുതിയാല്‍ മതി. ”സ്വര്‍ഗ്ഗം തീര്‍ന്നു പോകുന്നു നരകം ബാക്കി നില്‍ക്കുന്നു” എന്ന കെ.പി. അപ്പന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. ഭാഷയുടെ കാര്യത്തിലും, സംവേദനത്തിന്റെ കാര്യത്തിലും ആധുനികത വരുത്തിയ മാറ്റങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല.
ആധുനികതയുടെ അപ്പോസ്തലന്മാരായ ഓ.വി. വിജയനും ആനന്ദും സേതുവും എം.മുകുന്ദനും പുനത്തിലുമൊക്കെയാണ് ഉത്തരാധുനികതയ്ക്ക് തുടക്കമിട്ടത്. എം. മുകുന്ദന്റെ ‘ഡല്‍ഹി 81’ കാക്കനാടന്റെ ‘കാളിയ മര്‍ദ്ദനം’, പുനത്തിലിന്റെ ‘ക്ഷേത്ര വിളക്കുകള്‍’, ഓ.വി. വിജയന്റെ ‘ചെങ്ങന്നൂര്‍ വണ്ടി’ തുടങ്ങിയ കഥകള്‍ ഉത്തരാധുനിക സ്വഭാവമുള്ളതാണ്. ദേവും പൊറ്റക്കാടും ചെയ്തതുപോലെ സമൂഹത്തിന്റെ പരന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയല്ല ഉത്തരാധുനികര്‍ ചെയ്തത്.
IV
ഈ കാലഘട്ടത്തില്‍ ഏറെ വായിക്കപ്പെട്ടു എന്നത് ശരിയാണ്. വിപണിയും മാധ്യമങ്ങളും നിര്‍ണ്ണയിക്കുന്ന സാമൂഹ്യമണ്ഡലത്തിലാണ് ഉത്തരാധുനിക കഥകള്‍ നിലയുറപ്പിച്ചത്. എണ്ണമറ്റ ടെലിവിഷന്‍ ചാനലുകള്‍, വിവരസാങ്കേതിക വിദ്യ നല്‍കുന്ന സദസ്സുകള്‍, അച്ചടി മാധ്യമങ്ങളുടെ നവരൂപങ്ങളും സൈബര്‍ പതിപ്പുകളും ഉത്തരാധുനികതയുടെ കാലത്തും ഇന്നത്തെ പുതുകഥകളിലും പ്രകടമാണ്. ആധുനിക കഥകളുടെ പ്രഹേളികാ സ്വഭാവം വിട്ട് ശക്തമായ ജീവിതാവിഷ്‌ക്കരണത്തിന് വി.ആര്‍. സുധീഷും അംബികാസൂതന്‍ മാങ്ങാടും അഷ്ടമൂര്‍ത്തിയും അബു ഇരിങ്ങാട്ടെരിയും എം. സുധാകരനും ഹരിദാസ് കരിവള്ളൂരും പ്രാധാന്യം നല്‍കി. റിയലിസവും മാജിക്കല്‍ റിയലിസവും മാറി മാറി ഉപയോഗിച്ച ഏച്ചിക്കാനം ‘കോമാല’യെന്ന വിഖ്യാത കഥയിലെത്തുമ്പോള്‍ ‘റിയലിസത്തിന്റെ അതിര്‍വരമ്പുകളെ ഭേദിക്കുന്നു. ആഖ്യാനത്തിന്റെ ബഹുസ്വരതകള്‍ പ്രകടിപ്പിക്കുന്ന ഉത്തരാധുനിക കാലഘട്ടത്തില്‍ ആനന്ദ് എഴുതിയ ‘ആറാമത്തെ വിരല്‍’ ചരിത്രത്തെ പൂരണം ചെയ്യുകയാണ്. ഇതും ഉത്തരാധുനികതയുടെ പ്രത്യേകതയാണ്. ചരിത്രത്തെ സംഭവങ്ങള്‍ (ഇവൃീിശരഹല)െ ആയും ചരിത്രത്തിന്റെ ദശാസന്ധിയിലെ വിഷമാകുലതകളുടെ പടയോട്ടമായും ആനന്ദ് ‘അഭയാര്‍ത്ഥികള്‍’ എന്ന നോവലിയലും ‘പ്രതിഷ്ഠയില്ലാത്ത മഹാക്ഷേത്രം’ എന്ന കഥയിലും പുനര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ഹുമയൂണിന്റെ അനുജന്‍ കമറാനിന്റേയും ഹുമയൂണും കമറാനും തമ്മിലുള്ള ബന്ധത്തിന്റെയും കഥ ചരിത്രത്തിലുള്ളതാണ്. ആ പകയുടെ തീവ്രത മനശ്ശാസ്ത്രത്തിന്റെ തലങ്ങളിലേക്ക് വികസിപ്പിച്ചെടുത്ത് ചരിത്രത്തിന്റെ ഇരുണ്ട ഊടുവഴികളില്‍ പതിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ മണിച്ചിത്രത്താഴ് തുറക്കുകയാണ് ആനന്ദ് ചെയ്യുന്നത്. ഇവിടെ ചരിത്രം ഒരു അനുഭവമായി മാറുന്നു. ഹുമയൂണ്‍ ജീവനൊടുക്കുന്നില്ല. പകരം മറ്റൊരു ശിക്ഷയ്ക്ക് വിധേയനാകുന്നു. രണ്ട് കൈകളിലും, രണ്ട് കാലുകളിലും ആറ് വിരലുകള്‍ ഉണ്ടായിരുന്ന അലീദോസ്ത് എന്ന ഭടന്‍ ഭയാനകമായ ശിക്ഷയാണ് നടപ്പാക്കിയത്. അയാള്‍ ഓരോ സൂചികൊണ്ട് കമറാന്റെ ഓരോ കണ്ണിലും, അഞ്ച് തവണ വീതം കുത്തി, തന്റെ വസ്ത്രത്തില്‍ തെറിച്ച് വീണ ചോരയോട് കൂടി അയാള്‍ കുതിരപ്പുറത്ത് കയറി അടുത്ത ഗ്രാമത്തിലേക്ക് കുതിച്ചു. അവിടെ കണ്ടുമുട്ടിയ വൃദ്ധയോട് താന്‍ ചെയ്ത പാപത്തിന്റെ കഥ അദ്ദേഹം പറയുന്നു. താനിഷ്ടപ്പെടാത്ത ഒരു പ്രവൃത്തി ചരിത്രം അലീദോസ്തിനെ ഏല്‍പിച്ചതാണ്. പക്ഷേ ചരിത്രം അദ്ദേഹത്തിന് നല്‍കാത്ത ശിക്ഷ അദ്ദേഹമിപ്പോള്‍ നടപ്പാക്കുകയാണ്. ചരിത്രത്തിന്റെ ഗര്‍ഭപാത്രം പിളര്‍ന്ന് സ്റ്റാലിനും ഹിറ്റ്‌ലറും ചെഷസ്‌ക്യുവും, പോള്‍പോട്ടും, പുറത്തുവന്നത് ഓര്‍ക്കുന്നത് നന്ന്. ഇവര്‍ സൃഷ്ടിച്ച ചോരയുടെ വന്‍കടലുകള്‍ നീന്തിക്കടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇവിടെ ചരിത്രം കണ്ണീര്‍വാര്‍ക്കുന്നു. കഥാകൃത്ത് ചരിത്രത്തെ മാനുഷികാനുഭവമാക്കി മാറ്റുന്നു. ചരിത്രത്തിന്റെ തിരുമുറ്റത്ത് പുതിയ നിഴലുകള്‍ കണ്ടെത്തുന്നതും ഉത്തരാധുനിക പ്രവണതയാണ് എന്ന് പറയാം. ചരിത്രത്തിന് പുതിയ വ്യാഖ്യാനം നല്‍കുകയും അതിനെ അപനിര്‍മ്മിക്കുകയും (Deconstruction) ചെയ്തുകൊണ്ട് എന്‍.എസ്. മാധവനും ഉത്തരാധുനികതയുടെ വസന്തം തീര്‍ത്തവരാണ്. ‘ചൂളൈമേട്ടിലെ ശവങ്ങള്‍’ എന്ന ആദ്യ സമാഹാരം എണ്‍പതുകളില്‍ പബ്‌ളിഷ് ചെയ്ത എന്‍.എസ്. മാധവന്‍ ‘തിരുത്ത്’ എന്ന ഉത്തരാധുനിക കഥയിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ‘തിരുത്തി’ന്റെ പ്രമേയം ചരിത്ര സംഭവമാണ്. വാര്‍ത്തകളായി പ്രചരിച്ച് ജനങ്ങള്‍ വിഴുങ്ങിയ കാര്യങ്ങള്‍ മാധവന്‍ പുനര്‍വ്യാഖ്യാനം ചെയ്യുന്നു. ‘തര്‍ക്ക മന്ദിരം’ ‘ബാബറിമസ്ജിദ്’ തുടങ്ങിയ രണ്ട് വാക്കുകള്‍ രണ്ട് വീക്ഷണങ്ങളുടെ ഭാഗമായി നിലകൊള്ളുന്നു. ഇതില്‍ ഒരു വീക്ഷണത്തെ ഹൈലൈറ്റ് ചെയ്ത് മാധവന്‍ കഥ തിരഞ്ഞെടുക്കുന്നു. ലളിതമായി അവതരിപ്പിച്ച ഈ കഥയും ഒരു പോസ്റ്റ് മോഡേണ്‍ കഥയായി കാണാം.
V
ആധുനികത കത്തിപ്പടര്‍ന്ന് നില്‍ക്കുമ്പോള്‍ ആധുനികതയുടെ സ്വഭാവ സവിശേഷതകളും, മാജിക്കല്‍ റിയലിസത്തിന്റെ അറ്റം കാണാത്ത നിലാവും ബൈബിള്‍ കഥകളുടെ തെളിനീരും ചേര്‍ത്ത കഥകളെഴുതിയ സക്കറിയയെ മലയാളത്തിലെ ബോര്‍ഹസ്സ് എന്ന് വിളിക്കുന്നവരുണ്ട്. ഡീ-മിസ്റ്റിഫിക്കേഷന്‍ എല്ലാ കാലത്തും എഴുത്തുകാരുടെ പ്രിയപ്പെട്ട തീമായിരുന്നു. ഖലീല്‍ ജിബ്രാന്റെ ‘യേശു മനുഷ്യ പുത്രന്‍’ (Jesus the son of man) എന്ന കഥയും ടോള്‍സ്റ്റോയിക്കഥകളും ഇക്ബാലിന്റെ ‘Secret of the self ‘- (ആത്മരഹസ്യം) എന്ന യോഗാത്മക കാവ്യവും ഓ.വി. വിജയന്റെ ‘ഉപനിഷത്ത്’ എന്ന കഥയും ഡീ-മിസ്റ്റിഫിക്കേഷന്‍ പരീക്ഷിച്ച മികച്ച രചനകളാണ്. യേശുവിന്റെ പവിത്രതയുടെ പരിവേഷം എടുത്ത് മാറ്റി ജീസസിനെ ഒരു മനുഷ്യകഥാപാത്രമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സക്കറിയയുടെ ‘കണ്ണാടികാണ്‍മോള’വും ഈ തരത്തിലുള്ള ഒരു കഥയാണ്. ആധുനികാനന്തര എഴുത്തുകാര്‍ പുരാണങ്ങളെയും മറ്റും ചരിത്രമായിട്ടാണ് കാണുന്നത്. സക്കറിയയും കസാന്‍ദ്‌സാക്കീസിനെപോലെ ബൈബിളിനെ ഒരു ചരിത്ര രേഖയായിട്ടാണ് കാണുന്നത്. വിഖ്യാതചരിത്രകാരന്‍ ടോയന്‍ബി പറഞ്ഞതും ‘ചരിത്രം അനുഭവ’മാണ് എന്നാണ്. യേശുവിനെക്കുറിച്ചുള്ള മിത്തുകളെ പൊളിച്ചെഴുതുകയാണ് സക്കറിയ ചെയ്യുന്നത്. കണ്ണാടി ആദ്യമായി കാണുമ്പോള്‍ യേശുവിനുണ്ടാകുന്ന പരിഭ്രമം അവനവനെ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന പരിഭ്രമം തന്നെയായിരിക്കണം. യേശുവിനെ പോലുള്ള ഒരു സെമിറ്റിക് പ്രവാചകനെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനുള്ള ശ്രമം ആധുനിക കാലത്ത് എഴുത്തുകാരെ സ്വാധീനിച്ചു. പക്ഷേ ആധുനികതയുടെ സൂര്യന്‍ മങ്ങിത്തുടങ്ങിയപ്പോള്‍ ആധുനിക എഴുത്തുകാര്‍ തന്നെ ശാസ്ത്രവും സാങ്കേതിക വിദ്യയും കഥകളുടെ ന്യൂക്ലിയസ്സാക്കി മാറ്റി. സേതുവിന്റെ ‘തിങ്കളാഴ്ചയിലെ ആകാശം’ വ്യാവസായിക വിപ്ലവത്തിനുശേഷം മനുഷ്യരുടെ സ്‌നേഹവും ത്യാഗവും വെറും കാപട്യമാകുന്നതിന്റെയും മനുഷ്യര്‍ സാങ്കേതിക വിദ്യയുടെ അടിമകളാകുന്നതിന്റെയും ചിത്രമാണ് നല്‍കുന്നത്. ഈ കഥയിലെ പ്രധാന പ്രമേയം സൈബര്‍ സ്‌പെയിസ് (Cyber Space) നമ്മുടെ സ്ഥലകാലങ്ങളെ എങ്ങിനെ തകര്‍ക്കുന്നു എന്നതാണ്. മിത്തുകളേയും ലെജന്‍ഡുകളേയും ഇതിഹാസങ്ങളെയും മാന്ത്രിക സ്പര്‍ശത്തിന്റെ കരവിരുതുകൊണ്ട് തച്ചുടക്കുന്ന പുനത്തിലും ആധുനികതയ്ക്ക് ശേഷം പോസ്റ്റ് മോഡേണ്‍ കഥകള്‍ എഴുതി.
VII
ഇന്നത്തെ മലയാള ചെറുകഥ
ഉത്തരാധുനികതയ്ക്ക് ശേഷം മലയാളത്തില്‍ ചുവടുറപ്പിച്ച പുതുതലമുറയിലെ കഥാകൃത്തുക്കള്‍ തീമിലും നരേഷനിലും മാറ്റങ്ങള്‍ സൃഷ്ടിച്ചവരാണ്. സാഹിത്യ നിരൂപകന്‍ ജോബിന്‍ ചാമക്കാല എഴുതുന്നത് പോലെ ‘വിരുദ്ധോക്തികളും സൂക്ഷ്മമായ പരിഹാസവും പാരഡികളും ആന്തരപാഠ നിര്‍മ്മിതികളും ഉള്‍പ്പെടെ ഉത്തരാധുനികര്‍ സ്വീകരിച്ച സങ്കേതങ്ങളെയൊക്കെ പുതുതലമുറയിലെ കഥാകൃത്തുക്കള്‍ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞു. എസ്. ഹരീഷ്, ബിനോയ് തോമസ്, സന്തോഷ് എച്ചിക്കാനം, അബിന്‍ ജോസഫ്, യമ, ഷീബ ഇ.കെ. തുടങ്ങിയ എഴുത്തുകാര്‍ ഈ തലമുറയിലെ പ്രകാശ ഗോപുരങ്ങള്‍ ആണ്. ബിനോയ് തോമസിന്റെ കഥകളില്‍ അധികാരഘടനയുടെ ഇടപെടലുകള്‍ ജീവിതത്തെ പല നിലയില്‍ സ്വാധീനിക്കുകയും, മാറ്റിമറിക്കുകയും ചെയ്യുന്നതിന്റെ അടയാളങ്ങളുണ്ട്. വിനോയ് തോമസിന്റെ കഥകളെകുറിച്ചുള്ള പഠനത്തില്‍ ഡോക്ടര്‍ എസ്.ഗിരീഷ്‌കുമാര്‍ പറയുന്നതിങ്ങനെയാണ്. ‘സമൂഹത്തിന്റെ അംഗീകൃത വിഭാവനകളിലേക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി പ്രവേശിക്കാനുള്ള ജീവജാലങ്ങളുടെ ‘അടരാട്ട’മാണ് ബിനോയ് തോമസിന്റെ കഥകളെ സമകാലിക കഥാലോകത്ത് വ്യത്യസ്തമാക്കുന്നത്. ഭൂരിപക്ഷ സംഘങ്ങളാല്‍ ന്യൂനപക്ഷ സംഘങ്ങളെ നിര്‍വ്വചിക്കുകയും അധികാര കേന്ദ്രങ്ങളില്‍ നിന്ന് അകറ്റിക്കൊണ്ട് അവരില്‍ അപകര്‍ഷത സൃഷ്ടിക്കുകയും ചെയ്യുന്ന തന്ത്രങ്ങളില്‍ പ്രധാനമാണ് ‘അപരവത്ക്കരണം’. മനുഷ്യന്‍ മാത്രമല്ല പരിസ്ഥിതിയും ജീവജാലങ്ങളും ഉള്‍പ്പെടെ അപരവത്ക്കരണത്തിന് വിധേയമായവ കേന്ദ്രത്തിലേക്ക് വരികയും, പുതിയ ഒരു ആത്മ നിര്‍വ്വചനത്തിനായി കലഹിക്കുകയും ചെയ്യുന്നു. ആധുനികതയുടെ അസംബന്ധ ദര്‍ശനം (Absurd View) കഴിഞ്ഞ് മുതലാളിത്തവ്യവസ്ഥയുടെ സിരാകേന്ദ്രമായ ആഗോളവല്‍ക്കരണം ഒരു കൊളോസസ്സ് പോലെ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പ്രകൃതി, മനുഷ്യജീവിതം, കോവിഡ് കാലം തുടങ്ങിയവയെല്ലാം പുതിയ വ്യാഖ്യാനങ്ങള്‍ തേടുന്നു. ‘രാമച്ചി’ എന്ന കഥയാണ് ബിനോയ് തോമസിന് അടിത്തറയുണ്ടാക്കിയത്. ആറളം ഫാമിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പ്രമുഖനായ ഒരു കുട്ടിയാന വരുന്നിടത്താണ് കഥയുടെ തുടക്കം. കാട്ടാനയെ തുരത്താന്‍ എത്തുന്ന ആനയെ ‘കുങ്കിയാന’ എന്നാണ് വിളിക്കുന്നത്. ഇത് എല്ലാറ്റിനേയും തങ്ങളുടെ പിടിയില്‍ ഒതുക്കാനുള്ള അധികാര വര്‍ഗ്ഗത്തിന്റെ പിടിവള്ളിയാണ്. കാട്ടാനയെ തുരത്താനെത്തിയ കുങ്കിയാന കാട്ടാനകളില്‍ ഇണയെ കണ്ടെത്തി കാടുകയറുന്നത് മനുഷ്യകേന്ദ്രീകൃതചിന്തയുടെ നിരാകരണമാണ്. ആഖ്യാന പരീക്ഷണങ്ങള്‍ക്കപ്പുറത്ത് പ്രമേയ വൈവിധ്യത്തില്‍ ശ്രദ്ധിക്കുന്ന അബിന്‍ ജോസഫും ഇന്നത്തെ കഥാകാരന്മാരില്‍ ഏറെ മുന്നിലാണ്. ഈ എഴുത്തുകാരന്റെ ‘കല്യാശ്ശേരി തീസിസ്’ എന്ന കഥാസമാഹാരത്തിലെ നാലു കഥയിലും കഥാകാലം (Narrated time) ചരിത്രപരമാണ്. ഹൃദയവാള്‍വുകള്‍ക്കിടയില്‍പ്പോലും പാര്‍ട്ടി ചിഹ്നം കൊത്തിയ പ്രിയ സഖാവ് എന്‍.സി.ആര്‍ അവതരിപ്പിച്ച ബദല്‍രേഖ കല്യാശ്ശേരി തീസിസ് ഉണ്ടാക്കിയ ഇടിമുഴക്കം കഥാകൃത്ത് ആലേഖനം ചെയ്യുന്നു. എം.സുകുമാരന്റെയും യു.പി. ജയരാജന്റെയും കഥകള്‍ കമിറ്റ്‌മെന്റ് കലയായി മാറുന്നതിന്റെ ഉദാഹരണങ്ങളാണ്.
യമയും ഷാഹിന ഇ.കെ.യും ഷീബ ഇ.കെ.യും
സോഷ്യല്‍ കമിറ്റ്‌മെന്റും കലയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതുകൊണ്ട് പട്ടത്തുവിളയുടേയും എം. സുകുമാരന്റെയും കഥകള്‍ക്ക് തിളക്കം നഷ്ടപ്പെടുന്നില്ല. യമയുടെ കഥകളില്‍ സാമൂഹ്യ ഇടപെടലുകള്‍ ഉണ്ട്. പക്ഷേ അവയെല്ലാം പെണ്ണിന്റെ ആന്തരലോകത്തോടും അവയെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളോടും ചേര്‍ന്നു കിടക്കുന്നു. സാമൂഹ്യമായി പിന്‍തള്ളപ്പെട്ട സ്ത്രീവര്‍ഗ്ഗത്തിന്റെ നിശ്വാസം രേഖപ്പെടുത്തുന്ന ‘ചുടലതെങ്ങ്’ പോലുള്ള കഥകള്‍ മികച്ചു നില്‍ക്കുന്നു. ഈ എഴുത്തുകാരിയുടെ ‘സിനിമാ തിയേറ്റര്‍’ എന്ന കഥയും സ്ത്രീയനുഭവത്തിന്റെ ലാവയായി പുറത്തുവരുന്ന ദുഃഖത്തിന്റെ ഒരു ചെറുപുഴയാണ്. ഷീബ ഇ.കെ.യും, ഷാഹിന ഇ.കെ.യും ഇന്നത്തെ എഴുത്തുകാരികളില്‍ ചെറുകഥാ രംഗത്ത് ഏറെ മുന്‍പില്‍ നില്‍ക്കുന്നു. ലാസര്‍ ഷൈനും ഫ്രാന്‍സിസ് നറോണയും കഥകളെ പുതിയ തീരങ്ങളിലേക്ക് നയിക്കുമ്പോള്‍ ‘ലെമുറിയ’ എന്ന നോവലിലൂടെ വിഖ്യാതനായ സാബുശങ്കര്‍ ഫാന്റസിയുടെ അതിരുകളില്ലാത്ത ലോകമാണ് ‘ലെമുറിയ’ എന്ന പേരില്‍തന്നെ എഴുതിയ കഥാസമാഹാരത്തിലും പരീക്ഷിക്കുന്നത്. ‘ശ്വാന ജീവിതങ്ങള്‍’ എഴുതിയ ഗോപന്‍ മൂവാറ്റുപുഴയും, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നു. ‘ആറുമുഖന്‍ അയ്യപ്പന്‍ ഇപ്പോള്‍ ഇങ്ങിനെയാണ്’ എന്ന ആദ്യ കഥയില്‍ (ലെമുറിയ) മാജിക്കല്‍ റിയലിസം തലയുയര്‍ത്തി നില്‍ക്കുന്നു. ബുദ്ധിജീവികള്‍ ശൈത്യകാല നിദ്രയിലേക്ക് വഴുതി വീഴുന്ന അവസ്ഥ ഏതാനും വാക്കുകളില്‍ അവതരിപ്പിക്കുന്ന ഈ കഥയുടെ ക്രാഫ്റ്റും നറേഷനും പുതുമയുള്ളതാണ്. ഈ സമാഹാരത്തിലെ ‘തത്തയുടെ കണ്ണ്’ എന്ന കഥയില്‍ പാശ്ചാത്യ വീക്ഷണവും പൗരസ്ത്യ വീക്ഷണവും തമ്മിലുള്ള ദാര്‍ശനികമായ വ്യതിയാനം രണ്ട് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. ”മഴ നനഞ്ഞ കാഴ്ചകള്‍” എന്ന ദാവൂദ് പാനൂരിന്റെ കഥ ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. ഉത്തരാധുനിക കഥകളുടെ എല്ലാ സവിശേഷതകളും ഇതിലെ കഥകള്‍ക്കുണ്ട്. ഏതാനും വാചകങ്ങളില്‍ അതിവാചാലമായ ഒരു പരിപ്രേക്ഷ്യം രേഖപ്പെടുത്തുന്ന ദാവൂദ് പി.യും ‘ഡൈനസോറിയ’ എഴുതിയ സുരേഷ് കീഴില്ലവും ‘ചേക്കുട്ടിപ്പാവ’ എഴുതിയ ഗിരിജാവാര്യരും ഇന്നത്തെ കഥയുടെ സജീവമായ സാന്നിദ്ധ്യമാണ്. ഗിരിജാവര്യരുടെ ‘ആകാശത്താഴ്‌വരയിലെ രണ്ട് മേഘക്കുഞ്ഞുങ്ങള്‍’, ശ്രീദേവി വിജയന്റെ ‘ആള്‍ക്കൂട്ടത്തിലെ കണ്ണുകള്‍’ ദാവൂദ് പി.യുടെ ‘അഭയം’ തുടങ്ങിയ കഥകള്‍ നിസ്സാര സംഭവങ്ങളില്‍ നിന്ന് അസാധാരണമായ ജീവിത മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു.