എണ്‍പതുകളുടെ മധ്യത്തിലെപ്പോഴോ ആണ്, ശാസ്ത്രസാഹിത്യപരിഷത്ത് ആചാര്യനായിരുന്ന എം.പി.പരമേശ്വരന്റെ ‘പ്രപഞ്ചരേഖ’ എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. ശാസ്ത്രത്തെ ലളിതമായി വിവരിക്കുകയും ജ്യോതിശാസ്ത്രത്തെയും നക്ഷത്രങ്ങളെയും അടുത്തറിയാന്‍ സഹായിക്കുകയും ചെയ്ത ഈ പുസ്തകം അക്കാലത്തെ ശാസ്ത്രപ്രേമികളുടെ പ്രിയപ്പെട്ട രചനകളില്‍ ഒന്നായിരുന്നു. അതിലാണ് ആദ്യമായി ഫ്രിജോഫ് കാപ്ര എഴുതിയ താവോ ഓഫ് ഫിസിക്‌സ് (Tao of Physics) എന്ന പുസ്തകത്തെ പറ്റി വായിക്കുന്നത്. നടരാജ നൃത്തത്തെയും പ്രപഞ്ചത്തിന്റെ ചലനാത്മകതയെയും താരതമ്യം ചെയ്യുന്ന ഈ പുസ്തകം എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. പക്ഷേ പ്രപഞ്ചരേഖയില്‍ എം.പി. പരമേശ്വരന്‍ ഇതിനെ രൂക്ഷമായ ഭാഷയില്‍ അപമാനിച്ചുകൊണ്ടാണ് എഴുതിയത്. ഫ്രിജോഫ് കാപ്ര എന്ന മഹാനായ ആസ്ട്രിയന്‍ ശാസ്ത്രകാരനെ മയക്കുമരുന്നിന്റെ അടിമയായി ആണ് ഇദ്ദേഹവും കൂട്ടരും പ്രചരിപ്പിച്ചത്.
പുസ്തകം തേടിപ്പിടിച്ചെങ്കിലും അത് വായിച്ച് ഉള്‍ക്കൊള്ളാന്‍ ഏറെ കാലമെടുത്തു. ഇംഗ്ലീഷ് ഭാഷയുടെ കാവ്യഭംഗി ആദ്യമായി ആസ്വദിച്ചത് ഈ പുസ്തകത്തിലാണ് എന്ന് പറയാം. കാര്യങ്ങള്‍ മനസ്സിലാക്കി വന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത് മഹാജ്ഞാനങ്ങളുടെ മഹാസാഗരങ്ങളും പൗരാണിക ഭാരതീയ കാഴ്ചപ്പാടുകളുടെ ആഴവുമാണ്.
പ്രപഞ്ചം എന്നാല്‍ കുറെയേറെ ചലനനിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പടുകൂറ്റന്‍ യന്ത്രമാണ് എന്ന ന്യൂട്ടോണിയന്‍ കാഴ്ചപ്പാട് കടപുഴകിയ കാര്യങ്ങള്‍ നാം പലപ്രാവശ്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രപഞ്ചം എന്നാല്‍ സൂക്ഷ്മവും സ്ഥൂലവുമായ കോടാനുകോടി സംഭവങ്ങളുടെ പരമ്പരയാണ് എന്നതാണ് ആധുനിക ശാസ്ത്രീയ നിരീക്ഷണം.
നമുക്ക് സൂക്ഷ്മതലത്തിലേക്ക് പോകാം. ഒരു വസ്തുവിനെ വിഭജിച്ച് വിഭജിച്ച് തന്മാത്രയും ആറ്റങ്ങളും ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍ ന്യൂട്രോണ്‍ എന്നിങ്ങനെ പോകുന്നു. അവിടുന്ന് ബോസോണുകള്‍, ക്വാര്‍ക്കുകള്‍ അങ്ങനെ..ആ സബാറ്റോമിക് തലങ്ങളില്‍ ഈ കണങ്ങളുടെ ആയുസ്സ് എന്ന് പറയുന്നത് ഒരു സെക്കന്റിന്റെ ലക്ഷക്കണക്കിന് അംശം മാത്രമാണ്. അവ ഉണ്ടാകുന്നു, കുറച്ചുസമയം നില്‍ക്കുന്നു, നശിക്കുന്നു. ആ പരമ്പര തുടരുന്നു. ഈ സംഭവങ്ങളുടെ പരമ്പര ഒരു പ്രത്യേക രീതിയില്‍ ആകുമ്പോള്‍ അവ ഇലക്ട്രോണ്‍ ആകുന്നു, മറ്റൊരു തരത്തില്‍ ആകുമ്പോള്‍ പ്രോട്ടോണ്‍ ആകുന്നു. പതുക്കെ സ്ഥൂലതയിലേക്ക് വരുമ്പോള്‍, ഇത് കൂടിക്കൂടി വരുന്നു. അങ്ങനെയാണ് ആയുസ്സ് എന്ന ആശയം തന്നെ ഉണ്ടാകുന്നത്.
മനുഷ്യശരീരത്തില്‍ ആറുദിവസത്തില്‍ ചര്‍മ്മം ഉണ്ടാകുന്നു നശിക്കുന്നു വീണ്ടും ഉണ്ടാകുന്നു.അങ്ങനെ വളര്‍ന്നു വളര്‍ന്നു പ്രപഞ്ചത്തോളം എത്തുമ്പോഴും ഈ പ്രക്രിയ ലക്ഷക്കണക്കിനു കോടിക്കണക്കിനു വര്‍ഷങ്ങളുടെ ഇടവേളകളില്‍ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ഈ ചാക്രികമായ ചലനാത്മകതയാണ് പ്രപഞ്ച നടനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ചുരുക്കത്തില്‍, നാം ഓരോരുത്തരും ഒരുപാടൊരുപാട് സംഭവങ്ങളുടെ ആകെത്തുകയാണ്. നമ്മുടെ ഓരോ സൂക്ഷ്മാംശത്തിലും സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടേ ഇരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മെത്തന്നെ അറിയുക എന്നാല്‍ പ്രപഞ്ചത്തെ അറിയുക എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. അഹം ബ്രഹ്മാസ്മി, തത്വമസി തുടങ്ങിയ മഹാവാക്യങ്ങള്‍ അര്‍ത്ഥമാക്കുന്നതും ഇത് തന്നെ.
ഈ പ്രപഞ്ചനടനത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് നടരാജ നൃത്തം. തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങളെ ഇതിലും വ്യക്തമായി ദൃശ്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഈ സത്യം മനസ്സിലാക്കിയാണ് ഫ്രിജോഫ് കാപ്ര ഈ മഹാജ്ഞാനങ്ങളെ കോര്‍ത്തിണക്കി എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറായ Tao of Physics രചിച്ചത്.
കാപ്രയുടെ വാക്കുകള്‍ തന്നെ നമുക്ക് വായിക്കാം.
‘ഒരു വൈകുന്നേരം ഞാന്‍ കടല്‍ത്തീരത്ത് ഇരിക്കുകയായിരുന്നു. എന്റെ ശ്വാസഗതിക്കൊപ്പം തിരമാലകള്‍ ഉരുണ്ടുവരുന്നതും പിന്‍വാങ്ങുന്നതും ഞാന്‍ കൗതുകത്തോടെ നിരീക്ഷിച്ചു. പെട്ടന്ന്, എനിക്ക് ചുറ്റുമുള്ള പ്രകൃതി ഒന്നാകെ ഒരു വലിയ പ്രപഞ്ചനൃത്തത്തില്‍ ഏര്‍പ്പെട്ട പോലെ എനിക്ക് അനുഭവപ്പെട്ടു. ഒരു ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയില്‍, ഈ മണ്ണിന്റെയും, പാറകളുടെയും വെള്ളത്തിലെയും വായുവിലെയും തന്മാത്രകളും ആറ്റങ്ങളും സജീവമായി സ്പന്ദിച്ചുകൊണ്ടേ ഇരിക്കുകയാണെന്നും, സൂക്ഷ്മതലങ്ങളില്‍ കണങ്ങള്‍ പ്രതിപ്രവര്‍ത്തിച്ചു ജനിക്കുകയും മരിക്കുകയും ചെയ്യുകയാണ് എന്നും എനിക്കറിയാമായിരുന്നു. ഭൗമാന്തരീക്ഷത്തില്‍ ശൂന്യാകാശത്ത് നിന്നും കോസ്മിക് രശ്മികളുടെ മഹാപ്രവാഹങ്ങള്‍ കാരണം ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള കോസ്മിക് കണങ്ങള്‍ വായുതന്മാത്രകളുമായി ഏറ്റുമുട്ടുന്നു എന്നും എനിക്കറിയാമായിരുന്നു. ഉന്നത ഊര്‍ജ്ജ ഭൗതിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന എനിക്ക് ഇവയെല്ലാം ഗ്രാഫുകളിലൂടെയും ചിത്രങ്ങളിലൂടെയും ഗണിതസൂത്രങ്ങളിലൂടേയും സുപരിചിതമായിരുന്നു. ഇത് തന്നെയാണ് ശൈവതത്വങ്ങളിലൂടേയും നടരാജ നൃത്തത്തിലൂടെയും സൂചിപ്പിക്കുന്നതും വിശദീകരിക്കുന്നതും. അതായത്, ശൈവതത്വം എന്നത് ശാസ്ത്രം, കല, മതം എന്നിവയുടെയെല്ലാം ആകെത്തുകയും പ്രപഞ്ചരഹസ്യങ്ങളുടെ കലവറയുമാണ്.’