”നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസ്സോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗ്ഗമാക്കുകയും ചെയ്യും.
നാം കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെയെത്തിക്കുകയും ചെയ്യും.”
ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരണത്തിന്റെ തുടക്കത്തിലാലപിച്ച കുഴല്‍മന്ദം ഗവ. ഹൈസ്‌കൂളിലെ സ്‌നേഹ കണ്ണന്‍ എഴുതിയ കവിതയുടെ വരികളാണിവ. പ്രതീക്ഷയുടെ, ആത്മവിശ്വാസത്തിന്റെ, ആത്മധൈര്യത്തിന്റെ വരികള്‍. പക്ഷേ കേരളം മുഴുവന്‍ കൊട്ടിഘോഷിച്ച, സ്‌കൂളുകളുടെ ഹൈടെക്‌വത്കരണം നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഈ മിടുക്കിക്കുട്ടി പഠിച്ചുകൊണ്ടിരുന്നത് പൊളിഞ്ഞു വീഴാറായ കെട്ടിടത്തിനുള്ളിലാണ്. ഈ മിടുക്കിക്കുട്ടി താമസിച്ചുകൊണ്ടിരുന്നത് തകര്‍ന്നുവീഴാറായ കൂരയ്ക്കുള്ളിലാണ്. ഇതാണ് സര്‍ക്കാരിന്റെ ഇടതു ബദല്‍. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളുടെ ഫോക്കസിനുള്ളില്‍ മാത്രം നില്‍ക്കുന്ന ചില പ്രിവിലേജുകാരുടെ വികസനം അതിനുമപ്പുറം വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം. അതാണ് ഇത്തവണത്തെ കേരള പൊതു ബഡ്ജറ്റ്. സര്‍ക്കാരിന്റെ യുവജന വഞ്ചകരുടെ തുടരവതരണം തന്നെയാണ് ഈ ബഡ്ജറ്റിലും കാണാനായത്. ഒരു വലിയ പുകമറ സൃഷ്ടിച്ചുകൊണ്ട്, സര്‍ക്കാര്‍ എന്തോ ചെയ്യാന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിയ്ക്കപ്പെട്ടതല്ലാതെ യുവാക്കള്‍ക്കുവേണ്ടി, ഭാവി തലമുറയ്ക്ക് വേണ്ടി പ്രായോഗികമായ ഒന്നും തന്നെ ഈ ബഡ്ജറ്റില്‍ ഇല്ലെന്ന് അശേഷം പറയാം.
തുടക്കത്തില്‍ തന്നെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത് അടുത്ത സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ആണ്. ഈ പ്രഖ്യാപനത്തിന്റെ പ്രായോഗികതയ്ക്ക് മുന്‍പേ തന്നെ ഇതിലെ സാങ്കേതികത പരിശോധിക്കാം. ഈ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി മൂന്നു മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നിരിക്കേ, അഞ്ചുവര്‍ഷത്തേക്ക് ഉള്ള ബഡ്ജറ്റ് എങ്ങനെയാണിവര്‍ക്ക് പ്രഖ്യാപിക്കാനാവുക? ജനാധിപത്യത്തില്‍ കുറച്ചെങ്കിലും വിശ്വാസമുണ്ടെങ്കില്‍, അതിനോട് കുറച്ചെങ്കിലും ആദരവോ മര്യാദയോ പുലര്‍ത്തുന്നുണ്ടെങ്കില്‍ ഇങ്ങനെയൊരു ബഡ്ജറ്റ് എങ്ങനെയാണ് അവതരിപ്പിക്കാന്‍ കഴിയുക? എട്ടുലക്ഷം, 20 ലക്ഷം എന്നൊക്കെപ്പറഞ്ഞ് വെറുതേ ഊതിവീര്‍പ്പിക്കുന്നതിനുമപ്പുറം ഈ പ്രഖ്യാപനം തന്നെ സാങ്കേതികമായി തെറ്റാണ്. ഇനി ഈ പ്രഖ്യാപനങ്ങളുടെ പ്രായോഗികവശം നോക്കാം. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇടതു നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും യൂണിവേഴ്‌സിറ്റി കോളേജിലെ ഇടതു ഗുണ്ടകള്‍ക്കും മറ്റുമല്ലാതെ സാധാരണക്കാര്‍ക്ക് എവിടെയാണ് ജോലി കിട്ടിയത്? ഈ ബന്ധുജനങ്ങളേയും പാര്‍ട്ടി ഗുണ്ടകളേയും മുഴുവന്‍ കൂട്ടിയാലും 25 പോയിട്ട് രണ്ടര ലക്ഷം എത്തിക്കാനാവുമോ? ഒരുവശത്ത് ഇങ്ങനെ അനധികൃത നിയമനങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് തിരുവനന്തപുരത്തെ അനുവിനെ പോലുള്ള യുവാക്കള്‍ക്ക് പി.എസ്.സി റാങ്കുലിസ്റ്റില്‍ പേരു വന്നിട്ടും ജോലി കിട്ടാതെ ഒരു മുഴം കയറില്‍ ജീവനൊടുക്കേണ്ടിവന്നത്. ഇലക്ഷന്‍ ദിനത്തില്‍ പോലും കയ്യിലെ മഷിയുണങ്ങുന്നതിന് മുമ്പേ തന്നെ സമരപ്പന്തലിലേക്ക് ഓടിപ്പോവേണ്ട ദുരവസ്ഥ ഉണ്ടായിട്ടുണ്ട് കേരളത്തിലെ യുവാക്കള്‍ക്ക്. എല്ലാ യോഗ്യതകളും ഉണ്ടായിട്ടും പി.എസ്.സി പരീക്ഷയില്‍ റാങ്കു ലിസ്റ്റില്‍ വന്നിട്ടും തെരുവില്‍ സമരം ചെയ്യേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷം കേരളത്തിലെ യുവാക്കളെ നിരാശയുടെ പടുകുഴിയിലേക്കും, മരണത്തിലേക്കും തള്ളിവിട്ട സര്‍ക്കാരാണ് ഇനി കയ്യിലുള്ള മൂന്നു മാസവും ചിലപ്പോള്‍ മാത്രം കിട്ടിയേക്കാവുന്ന തുടര്‍ഭരണവും ഉപയോഗിച്ച് ക്ഷേമരാഷ്ട്രം പണിയുമെന്ന് തട്ടിവിടുന്നത്. എന്തൊരു അനീതിയാണിത്? എന്തൊരു കബളിപ്പിക്കലാണ്?
20 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് ”ഡിജിറ്റല്‍ പ്ലാറ്റ് ഫോം” വഴി തൊഴില്‍ കൊടുക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. തൊഴില്‍ വേണ്ടവര്‍ക്ക് അടുത്തമാസം മുതല്‍ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. അതിനു മാത്രം തൊഴില്‍ ധനമന്ത്രിയുടെ കീശയില്‍ എടുത്തുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അവിടെ തീര്‍ന്നു പ്രഖ്യാപനം. വളരെ മനോഹരമായൊരു ആശയമാണിത് കേള്‍ക്കുമ്പോള്‍. പക്ഷേ എന്താണിതിന്റെ പ്രായോഗികത? വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നവര്‍ക്ക് ജരാനരകള്‍ ബാധിച്ചിട്ടും കാലമേറെയായി. പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇതുവരെ നല്‍കാന്‍ കഴിയാത്ത ജോലിയാണ് ഇനി ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി സര്‍ക്കാര്‍ കൊടുക്കുമെന്ന് പറയപ്പെടുന്നത്.
പ്രൈവറ്റ് കമ്പനികളുമായി സഹകരിച്ച് ജോലി സാധ്യതകള്‍ തേടുമെന്നാണ് സര്‍ക്കാരിന് ഈ വിഷയത്തിലുള്ള ന്യായീകരണം. ഒരു പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്കറിയാം ക്യാമ്പസ് പ്ലെയ്‌സ്‌മെന്റ് ലഭിച്ചില്ലെങ്കില്‍ മറ്റൊരു ജോലി ലഭിക്കുവാനുള്ള ബുദ്ധിമുട്ട്. അപ്പോള്‍ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡാറ്റ ബാങ്കില്‍ നിന്നും പ്രൈവറ്റ് കമ്പനികള്‍ ആളുകള്‍ക്ക് ജോലി നല്‍കുക?
കേരളത്തിലാകെ 2.5 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമേ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നുള്ളൂവെന്നും, ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളിലൊന്നായ ടിസിഎസ്സ് പോലും മൂന്നുലക്ഷത്തില്‍ താഴെ മാത്രം തൊഴിലാളികളെ ഉള്ളൂവെന്നും കൂടി അറിയുമ്പോഴാണ് ഈ 20 ലക്ഷത്തിലെ പൊള്ളത്തരം നമുക്ക് മനസ്സിലാവുക.
ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ‘വര്‍ക്ക് നിയര്‍ ഹോം’ സെന്ററുകള്‍ തിരുവനന്തപുരം, കൊച്ചി പോലുള്ള നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്നതാവും ഉത്തമം. തൊഴില്‍ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച ‘ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയുടെ’ കാര്യവും മറിച്ചല്ല. 2016 ഡിസംബറില്‍ ദുബായില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജോബ് പോര്‍ട്ടല്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആറ് മാസത്തെ ശമ്പളം, കേരള പബ്ലിക് സ്‌കൂള്‍ ഇവയൊക്കെ എവിടെയെന്നതിന്റെ ഉത്തരം തേടുമ്പോഴാണ് ബഡ്ജറ്റിലെ പ്രഹസനങ്ങള്‍ നമുക്ക് കൂടുതല്‍ വെളിവാകുക.
കേരളത്തില്‍ 44 സ്റ്റേഡിയങ്ങള്‍ പണിയുമെന്നാണ് ബഡ്ജറ്റിലെ മറ്റൊരു പ്രഖ്യാപനം. നല്ലതു തന്നെ. 44 അല്ല, 400 സ്റ്റേഡിയങ്ങള്‍ കേരളത്തില്‍ വരട്ടെ. എന്നാല്‍ ഇവയ്ക്കുള്ള സ്ഥലം എവിടെയാണ്, നിര്‍മ്മാണത്തിനുള്ള പണം എവിടെ നിന്നാണ്, ഇവയ്‌ക്കൊക്കെ വ്യക്തത വരേണ്ടിയിരിക്കുന്നു. എറണാകുളം സൗത്ത് ബസ്സ്റ്റാന്റിന് സമീപത്തുളള അംബേദ്കര്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള പുല്ലുവെട്ടാനായി 10,000 രൂപയെങ്കിലും പ്രഖ്യാപിച്ചിട്ട് പോരെ ഈ 44 സ്റ്റേഡിയങ്ങളെക്കുറിച്ച് പ്രഖ്യാപിക്കുന്നത്?
കുറച്ചുകാലങ്ങളായി വിദ്യാഭ്യാസവും വികസനവും പ്രിവിലേജ്ഡ് ക്ലാസുകളിലേക്ക് മാത്രമായി ചുരുക്കപ്പെടുന്നുണ്ട്. ഹൈടെക് സ്‌കൂളുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളുമെല്ലാം നഗരങ്ങളിലോ, നഗരങ്ങളോട് ചേര്‍ന്നു കിടക്കുന്നിടങ്ങളിലോ മാത്രമായി കാണപ്പെടുന്ന 2017ലാണ് കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിലെ ദുഃഖകരമായ കൗതുകം എന്തെന്നാല്‍, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ ഒരുള്‍പ്രദേശമായ കല്ലേരിമേട്ടിലേയും സമീപത്തെ മറ്റു കുടികളിലേയും രണ്ടായിരത്തോളം ആളുകള്‍ക്ക് കേരളം സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ചതിന്റെ വാര്‍ത്ത ടെലിവിഷനിലൂടെ കാണാന്‍ സാധിച്ചിരുന്നില്ല! കാരണം അവിടുത്തെ 670 ഓളം കുടുംബങ്ങളില്‍ നാളിതുവരേക്കും വൈദ്യുതി ലഭിച്ചില്ല. ഇത്തരം നിരവധി പിന്നാക്കമേഖലകളില്‍ വികസനം തൊട്ടു തീണ്ടിയിട്ടുപോലുമില്ല. അഞ്ഞൂറില്‍ പരം വിദ്യാര്‍ത്ഥികളുള്ള എടമലക്കുടി പഞ്ചായത്തില്‍ ഒരു എല്‍പി സ്‌കൂള്‍ പോലുമില്ല. 19 കിലോമീറ്റര്‍ നടന്നോ, 500 രൂപ ജീപ്പുകൂലി കൊടുത്തോ വേണം ഇവര്‍ക്ക് ദിവസവും സ്‌കൂളുകളിലേക്ക് എത്താന്‍. ആശുപത്രിയില്ലാത്ത, റോഡില്ലാത്ത വൈദ്യുതിയും വെള്ളവും ഇല്ലാത്ത അണ്‍പ്രിവിലേജ്ഡ് മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ വികസനം ഇന്നും സ്വപ്‌നം മാത്രമാണ്. കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന 8000 തസ്തികകള്‍ ഉടന്‍ നികത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ സര്‍ക്കാര്‍ നടത്തുന്ന 3000ല്‍ അധികം പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ, ഇത് എഴുതുന്ന സമയത്തും യുവമോര്‍ച്ച സമരത്തിലാണ്.
എല്ലാ വീടുകളിലും ഇന്റര്‍നെറ്റും ലാപ്‌ടോപ്പും ലഭ്യമാക്കും എന്നാണ് മറ്റൊരു മോഹനവാഗ്ദാനം. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത്, 2.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യങ്ങളില്ല എന്നതായിരുന്നു സര്‍ക്കാരിന്റെ കണക്ക്. ഈ രണ്ടര ലക്ഷം പേര്‍ക്കുപോലും ഇനിയും ലാപ്‌ടോപ്പ്, വേണ്ട, ടെലിവിഷന്‍ സൗകര്യം പോലും എത്തിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് മൂന്നരക്കോടിയാളുകളുടെ വീടുകളില്‍ ലാപ്‌ടോപ്പുകള്‍ എത്തിക്കുമെന്ന് ഗീര്‍വാണം മുഴക്കുന്നത്. ലാപ്‌ടോപ്പൊന്നും വേണ്ട, കേബിള്‍ ടിവി റീചാര്‍ജ് ചെയ്യാന്‍ വെറും 249 രൂപ നല്‍കിയിരുന്നെങ്കില്‍ ദേവിക എന്ന മിടുക്കിയായ വിദ്യാര്‍ത്ഥിനിയെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു.
ബഡ്ജറ്റുകള്‍ ഭാവിയിലേക്കുള്ള കണക്കുകൂട്ടലുകളാണ്. അവയുടെ അവതരണം കവല പ്രസംഗത്തിന്റെ നിലവാരത്തിലേക്ക് താഴരുത്. അപ്രായോഗികമായ കേവല പ്രഖ്യാപനങ്ങള്‍ മാത്രം കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്ന് ധരിക്കരുത്. 20 ലക്ഷം പേര്‍ക്ക് ഇനിയും ജോലി നല്‍കുമെന്ന് പറയുമ്പോള്‍, മുന്‍പ് പ്രഖ്യാപിച്ച 25 ലക്ഷത്തില്‍ എത്ര പേര്‍ക്ക് ജോലി കൊടുത്തുവെന്ന് കൂടി പറയേണ്ടേ? അപ്പോഴല്ലേ ബഡ്ജറ്റുകള്‍ കൂടുതല്‍ വിശ്വാസയോഗ്യമാവുക?
കോവിഡ് കാലഘട്ടത്തില്‍ തൊഴില്‍ നഷ്ടം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തില്‍ അത്താണിയായിരുന്ന പലരും ജോലി നഷ്ടപ്പെട്ട് നിരാശരായി വീടുകളില്‍ കഴിഞ്ഞു കൂടുന്നു. ഐ.ടി. കമ്പനികള്‍ വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടേയിരിക്കുന്നു. എന്ത് ആശ്വാസപദ്ധതികളാണ് സര്‍ക്കാര്‍ ഇക്കൂട്ടര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്?
ആയിരക്കണക്കിന് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളാണ് വര്‍ഷം തോറും കേരളത്തിലെ ക്യാമ്പസുകളില്‍ നിന്നും പഠിച്ചിറങ്ങുന്നത്, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന്. ഇവര്‍ക്ക് മിനിമം ശമ്പളം നല്‍കാനുള്ള പദ്ധതികള്‍ നാളിതുവരെ സര്‍ക്കാര്‍ ചിന്തിച്ചിട്ടു കൂടിയുണ്ടോ? കേരളത്തിന് ഏറ്റവും കൂടുതല്‍ ഭാവിയുള്ള ഒരു മേഖലയാണ് ടൂറിസം. ടൂറിസം മേഖലയുടെ പ്രചരണത്തിനായി 100 കോടി പ്രഖ്യാപിച്ചതല്ലാതെ, മറ്റെന്താണ് അതിനെ പരിപോഷിപ്പിക്കാനായി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്? ടൂറിസം മേഖല ഉണര്‍ന്നാല്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കുന്നുണ്ടാവും.
കിഴക്കിന്റെ വെനീസും ദക്ഷിണേന്ത്യയുടെ കാശ്മീരുമെല്ലാം ശാപമോക്ഷം തേടി വര്‍ഷങ്ങളായി അലയുകയാണ്.
കോവിഡ് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യണമെന്നത് സര്‍ക്കാരിന്റെ ചിന്തകള്‍ക്ക് സമീപം പോലുമില്ല. കേവലം കവല പ്രസംഗങ്ങള്‍ക്കും രാഷ്ട്രീയ അവകാശവാദങ്ങള്‍ക്കും അപ്പുറം ഭാവിയിലേക്കുള്ള കണക്കുകൂട്ടലുകളായി ഇനിയെങ്കിലും ബഡ്ജറ്റുകള്‍ അവതരിപ്പിക്കപ്പെട്ടെങ്കിലേ അത് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാവൂ.
(യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments