കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന തലയെടുപ്പുള്ള മറ്റു പല സ്ഥാപനങ്ങളുടേയും പോലെ തിരുവിതാംകൂര്‍ രാജഭരണത്തിന്റെ സംഭാവനയാണ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയും. ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ബ്രിട്ടണില്‍ നിന്നും കൊണ്ടുവന്ന ബസ്സുകളും ഒപ്പം വന്ന സാള്‍ട്ടര്‍ സായിപ്പും കേരളത്തില്‍ പുതിയൊരു യാത്രാസംസ്‌കാരത്തിന് വഴിതുറക്കുകയായിരുന്നു.
സംസ്ഥാന രൂപീകരണത്തിനൊപ്പം കെ.എസ്.ആര്‍.ടി.സിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറി. സ്വകാര്യമേഖലയുടെ സര്‍വ്വാധിപത്യം ഒഴിവാക്കാന്‍ നിരത്തുകളില്‍ 25%ത്തിലധികം മേധാവിത്തം നേടിയെടുത്ത കേരളത്തിന്റെ ആനവണ്ടിക്ക് കഴിഞ്ഞിരുന്നു. ലാഭനഷ്ടങ്ങള്‍ കണക്കിലെടുക്കാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന യാത്രക്കൂലിയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ വാഹനത്തിലെ ആളെണ്ണം കണക്കിലെടുക്കാതെ കെ.എസ്.ആര്‍.ടി.സിയുടെ സേവനം അനുസ്യൂതം തുടര്‍ന്നുവരുന്നു. മറ്റൊരു വാഹനവും കടന്നു ചെല്ലാത്ത കേരളത്തിന്റെ വനവാസിമേഖലകളിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലും നടത്തുന്ന സര്‍വ്വീസുകള്‍ ഒരിക്കലും ലാഭക്കണ്ണോടെ കാണാനാവില്ല. കേരളത്തിലെ ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രകള്‍, അംഗപരിമിതര്‍, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിങ്ങനെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം യാത്രാ ഇളവുകള്‍ ലഭിക്കുന്ന നിരവധി വിഭാഗങ്ങള്‍ – ഇതെല്ലാം കെ.എസ്.ആര്‍.ടി.സി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനില്‍ക്കുന്നതിന്റെ ഗുണഫലങ്ങളാണ്. സുനാമി, വെള്ളപ്പൊക്കം തുടങ്ങി ഈ കൊറോണക്കാലത്തും കെ.എസ്.ആര്‍.ടി.സിയുടെ സേവനങ്ങള്‍ പൊതുജനശ്രദ്ധ നേടിയവയാണ്. ഇതിനെല്ലാമുപരി കേരളത്തിലെ തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയാണ് കേരളത്തില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്ന ഈ സ്ഥാപനം.
കേരളത്തില്‍ കണ്ണായ സ്ഥലത്ത് ഏക്കര്‍ കണക്കിന് ഭൂസ്വത്തും കെട്ടിട സമുച്ചയങ്ങളും സ്വന്തമായുള്ള ഈ പൊതുസ്വത്തിനെയാണ് തുലോം തുച്ഛമായ കടത്തിന്റെ പേരുപറഞ്ഞ് ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.
കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള നീക്കം കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ശക്തമാണെങ്കിലും അത് മൂര്‍ത്തീഭാവത്തിലെത്തിയത് ഈ ഇടതുഭരണത്തിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ കട-ജഡ ഭാരങ്ങള്‍ ഏറ്റെടുക്കും എന്നതുള്‍പ്പെടെയുള്ള നിരവധി വാഗ്ദാനങ്ങള്‍ പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ച് ഭരണം നേടിയ ഇടതുസര്‍ക്കാര്‍ അതൊന്നും പാലിച്ചില്ല എന്നു മാത്രമല്ല സ്ഥാപനത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന നയങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നു.
പൊതുഗതാഗതം അപ്രസക്തമായ ബംഗാളില്‍ നിന്നും കൊണ്ടുവന്ന സുശീല്‍ഖന്നയെന്ന വിദഗ്ദ്ധന്റെ അബദ്ധ പഞ്ചാംഗമായ ഒരു റിപ്പോര്‍ട്ടിനെ മറയാക്കിയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ ആണിക്കല്ല് ഊരിയെടുക്കാന്‍ ശ്രമിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അനന്തരഫലമെന്ന നിലയില്‍ 46,000ത്തിലധികം ജീവനക്കാരുണ്ടായിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ 28,000 ജീവനക്കാരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കിയ തൊഴിലാളി സര്‍ക്കാര്‍ എന്നുമേനി നടിക്കുന്നവരുടെ ഭരണകാലത്താണ് 18,000ത്തോളം തൊഴിലാളി കുടുംബങ്ങളെ പട്ടിണിയാക്കിയ ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.
ഈ ഭരണത്തില്‍ 43 മാസമാണ് തൊഴിലാളിക്ക് ശമ്പളം മുടങ്ങിയത്. ഗഡുക്കളായി ശമ്പളം നല്‍കുന്ന അവസ്ഥവരെയുണ്ടായി. 2012ലെ ശമ്പളമാണ് ഇന്നും ജീവനക്കാരന് നല്‍കുന്നത്. ഇത്തരത്തില്‍ തൊഴില്‍ പീഡനവും ശമ്പളനിഷേധവും മൂലം 67 ജീവനക്കാര്‍ ഈ കാലയളവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു എന്നത് കെ.എസ്.ആര്‍.ടി.സിയിലെ സര്‍ക്കാര്‍ ഇടപെടലിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്.
ഇതര സംസ്ഥാനങ്ങള്‍ ബഡ്ജറ്റില്‍ തുകവകയിരുത്തി ബസുകള്‍ വാങ്ങുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ വാങ്ങുന്ന ബസുകള്‍ സ്ഥാപനത്തിന്റെ കട ഭാരത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുന്നു. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ കെട്ടിപ്പൊക്കിയ കൂറ്റന്‍ കെട്ടിടങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് വരുത്തിവെച്ച ബാധ്യതയാണ് ഇന്നുള്ള കടത്തിന്റെ സിംഹഭാഗവും. ഈ ഭാര്‍ഗ്ഗവീനിലയങ്ങള്‍ ഒരു രൂപയുടെ വരുമാനവും സ്ഥാപനത്തിന് തരുന്നില്ല എന്നതുമാത്രമല്ല ഇതിനായി വരുത്തിവെച്ച കടത്തിന്റെ തിരിച്ചടവാണ് ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് കെ.എസ്.ആര്‍.ടി.സിയെ എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ ഡീസല്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള സമാശ്വാസ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവിന് കേന്ദ്ര സര്‍ക്കാരിനെ പഴിപറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന നടപടികളാണ് കേരളത്തില്‍ നടക്കുന്നത്.
ഇത്തരത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ മൂലം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയുടെ ഈ ദുരവസ്ഥ മുതലെടുത്താണ് കേരളത്തിലെ ഏറ്റവും വലിയ ഈ പൊതുമേഖലാസ്ഥാപനത്തെ പരിഷ്‌കരണ നടപടികളുടെ മേലാപ്പു പുതപ്പിച്ച് ഘട്ടം ഘട്ടമായി പാര്‍ട്ടി സ്വത്താക്കി ഒളിച്ചു കടത്താനുള്ള നടപടികള്‍ ഇടതു സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇടതുബിനാമികളെ ഭരണനേതൃത്വത്തിലിരുത്തി കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി രൂപീകരിച്ച കെടിഡിഎഫ്‌സി എന്ന സ്ഥാപനം 16% ത്തിലധികം കൊള്ളപ്പലിശക്കു നല്‍കിയ ‘സഹായങ്ങള്‍’ സ്ഥാപനത്തിന്റെ കടക്കെണിക്ക് ആക്കം കൂട്ടി. കെ.എസ്.ആര്‍.ടി.സിയുടെ വസ്തുവകകള്‍ സഹകരണബാങ്കില്‍ പണയം വെച്ചു നടത്തിയ കടമെടുക്കല്‍ മാമാങ്കം വരുമാനത്തിന്റെ ഏറിയപങ്കും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ അവകാശമാക്കി മാറ്റി.
പെന്‍ഷന്‍ നിഷേധം പെന്‍ഷന്‍ വാങ്ങുന്നവരുടെ ആത്മഹത്യയിലേക്കു വഴിതെളിച്ചപ്പോള്‍ ബി.എം.എസ്. നേതൃത്വം നല്‍കിയ പ്രതിഷേധസമരങ്ങള്‍ ജനരോഷം സര്‍ക്കാരിനെതിരെ തിരിയുമെന്ന് ബോധ്യം വന്നപ്പോഴാണ് പെന്‍ഷന്‍ ഏറ്റെടുക്കാമെന്ന വാഗ്ദാനം കാറ്റില്‍ പറത്തി പാര്‍ട്ടി കേന്ദ്രങ്ങളായ സഹകരണ ബാങ്കിലൂടെ പെന്‍ഷന്‍ വിതരണം ചെയ്യുകയും ഇതിലൂടെ നൂറുകണക്കിന് കോടി രൂപ പലവിധചാര്‍ജ്ജുകളുടെ രൂപത്തില്‍ സഹകരണബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്തത്.
ഭരണ കക്ഷിയായ എന്‍സിപി നേതാവ് വിക്രം പുരുഷോത്തമന്റെ മഹാവോയേജസ് കമ്പനിയുടെ വാടക ബസ്സുകള്‍ കെ.എസ്.ടി. എംപ്ലോയീസ് സംഘിന്റെ എതിര്‍പ്പ് അവഗണിച്ച് മറ്റ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ ഒത്താശയോടുകൂടി ഓടിച്ച് ഇടതുസര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടി. കോടികളുടെ നഷ്ടമാണ് ഇതുമൂലം സ്ഥാപനത്തിന് വന്നുചേര്‍ന്നത്. കെ.എസ്.ആര്‍.ടി.സിയിലെ ബോഡി ബില്‍ഡിംഗ് യൂണിറ്റുകള്‍ അടച്ചുപൂട്ടി. ഈ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ആകെയിറക്കിയ 101 ബസ്സുകള്‍ സ്വകാര്യ കമ്പനിയില്‍ ബോഡികെട്ടിയിറക്കി.
കെ.എസ്.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയുടെ പേരില്‍ പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകര്‍ക്ക് പതിച്ചു നല്‍കാനുള്ള തീരുമാനം ബിഎംഎസ് യൂണിയന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോകുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ പല ഡിപ്പോകളും പാര്‍ട്ടി ബിനാമികള്‍ക്ക് പണയം വെക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്. പശ്ചിമബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് ടെമ്പോ സര്‍വ്വീസ് നടത്തുന്നതിനുവേണ്ടി ആര്‍ടിസിയെ തകര്‍ത്ത മോഡലില്‍ ഫീഡര്‍ സര്‍വ്വീസ് എന്ന ഓമനപ്പേരില്‍ പാര്‍ട്ടി ഉടമസ്ഥതയിലുള്ള സമാന്തര വാഹനങ്ങള്‍ നിയമവിധേയമാക്കി കെ.എസ്.ആര്‍.ടി.സിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമവും മറ്റൊരു ഭാഗത്ത് നടന്നുവരുന്നു.
ഭരണകാലാവധി അവസാനിക്കാറായ വേളയില്‍ കെ.എസ്.ആര്‍.ടി.സിയെ പൂര്‍ണ്ണമായും തകര്‍ത്ത് ഇടതുബിനാമികള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിന്റെ ഭാഗമായാണ് കെ.സ്വിഫ്റ്റ് എന്ന പേരില്‍ കിഫ്ബിയുടെ മറപറ്റി സര്‍ക്കാര്‍ ഒത്താശയോടു കൂടി ഒരു സ്വകാര്യ കമ്പനിയെ കേരളത്തിന്റെ ഗതാഗത മേഖലയില്‍ അവതരിപ്പിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകളും ഈ സ്വകാര്യഭീമന് നല്‍കുന്ന നടപടി പൊതുമേഖലാ ഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്നത് നിസ്തര്‍ക്കമാണ്.
കെ.എസ്.ആര്‍.ടി.സിയെ സമൂലമായി തകര്‍ക്കുന്ന ഈ കെ-സ്വിഫ്റ്റ് പദ്ധതി നിലവിലുള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ജനങ്ങളുടെ യാത്രാസൗകര്യം ലാഭകേന്ദ്രീകൃതമായി നിജപ്പെടുത്തുകയും വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യും.
കേരളത്തിന്റെ പൊതുസ്വത്തായ കെ.എസ്.ആര്‍.ടി.സി പാര്‍ട്ടി സ്വത്താക്കി മാറ്റാനുള്ള ഝടുതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഗൂഢാലോചനയോടെ അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനേറ്റ ശക്തമായ തിരിച്ചടിയായിരുന്നു കെ.എസ്.ആര്‍.ടി.സിയില്‍ 2020 ഡിസംബറില്‍ നടന്ന ഹിത പരിശോധന. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കുടപിടിച്ച നിലവിലെ അംഗീകൃത സംഘടനകളുടെ വോട്ടുവിഹിതം ഗണ്യമായി കുറയുകയും 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബി എം എസ് യൂണിയനായ കെഎസ്ടി എംപ്ലോയീസ് സംഘിനെ തൊഴിലാളികള്‍ അംഗീകാരം നല്‍കി വിജയിപ്പിക്കുകയും ചെയ്തത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു.
പൊതു വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും നല്‍കുന്ന പരിഗണന പൊതുഗതാഗതത്തിനും നല്‍കി ലാഭനഷ്ടങ്ങള്‍ കണക്കിലെടുക്കാതെ ജനങ്ങള്‍ക്ക് സുരക്ഷിതവും സാമ്പത്തിക ബാധ്യത കുറഞ്ഞതുമായ യാത്രാസൗകര്യം ഉറപ്പാക്കണമെന്ന നയം സര്‍ക്കാര്‍ കൈക്കൊള്ളണം. തൊഴില്‍ സംരക്ഷകരുടെ മുഖംമൂടിയണിഞ്ഞ കമ്മ്യൂണിസ്റ്റ് കാപട്യത്തിനെതിരെ കേരളീയ പൊതുബോധം ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
(കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments