നനുത്ത പക്ഷിത്തൂവല്‍ പോലെ മൃദുലമായ ഒരനുഭവമായിരുന്നു അത്. പുലരി വിരിയും മുമ്പ് തമിഴ്‌നാട്ടിലെ നാങ്കുനേരിയില്‍ നിന്ന് മുല്ലൈക്കരൈപ്പട്ടിയിലൂടെ പക്ഷികളുടെ സ്വന്തം ഗ്രാമമായ കൂന്തങ്കുളത്തേക്ക് ഒരു യാത്ര. ഇരുവശവും കൊയ്ത്തിനു പാകമായതും അല്ലാത്തതുമായ തഴച്ച നെല്‍ വയലുകളുടെ മധ്യേയുള്ള ഒറ്റപ്പെട്ട റോഡ് കൂന്തങ്കുളത്തേക്ക് നീളുന്നു. വിജനതയുടെ വിരിമാറില്‍ സമൃദ്ധിയുടെ നിറകണിയൊരുക്കുന്ന കൃഷിയിടങ്ങളില്‍ അതിരാവിലെ മെല്ലെ മെല്ലെ ചുവന്നു തുടുത്തു വരുന്ന ആകാശം പ്രഭാതത്തിന്റെ വരവറിയിക്കുമ്പോള്‍ അതു പ്രഘോഷണം ചെയ്യാന്‍ കളകൂജനമുതിര്‍ക്കുന്ന, പക്ഷികളുടെ എണ്ണം ലക്ഷത്തിലേറെ. അവ പുതിയ ഒരു പുലരിയിലേക്കു ചിറകു വിടര്‍ത്തുന്നു. കൗതുകത്തോടെ തങ്ങളുടെ നേര്‍ക്കു നീളുന്ന മനുഷ്യ നേത്രങ്ങള്‍ക്ക് അവ വിരുന്നാകുന്നു. നിര്‍ഭയമായ സാമീപ്യവും ചിറകടികളും ശബ്ദങ്ങളും കൊണ്ട് അവ വേറിട്ട ഒരനുഭവമാകുന്നു. ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം.
കൂന്തങ്കുളം ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയില്ലേക്ക് ഒരു യാത്ര ഏറെ മോഹിച്ചിരുന്നതാണ്. കുടുംബസുഹൃത്തായ കാര്‍ത്തികേയന്‍ സാറിന്റെ നൂറു നാവുള്ള വിവരണങ്ങളിലൂടെ അകക്കണ്ണില്‍ പ്രത്യക്ഷമായ കൂന്തങ്കുളത്തിന് നേരില്‍ കണ്ടപ്പോള്‍ പറഞ്ഞു കേട്ടതിലധികം മനോഹാരിതയുണ്ടെന്നു തോന്നി. പ്രത്യേകിച്ചും തണുത്ത ഒരു വെളുപ്പാന്‍കാലത്ത് അവിടം സന്ദര്‍ശിക്കുമ്പോള്‍. അവസാനമില്ലെന്നു തോന്നിക്കുന്ന പച്ചപുതച്ച നെല്‍വയലുകള്‍ക്കു പിന്നിലെ ചക്രവാളത്തിന് മെല്ലെ മെല്ലെ പൊന്നിന്‍ നിറം പകരുന്നതും പിന്നീടത് ചുവപ്പു രാശി കലര്‍ന്ന് അലങ്കരിക്കപ്പെടുന്നതും അതിലേക്ക് ഒരു കുങ്കുമപ്പൊട്ടായി ബാലാരുണന്‍ പ്രത്യക്ഷപ്പെടുന്നതും അതീവ ഹൃദ്യമായ ഒരു കാഴ്ചയാണ്. വാഹനത്തിന്റെ എ സി ഓഫ് ചെയ്ത് ജാലകങ്ങള്‍ തുറന്നാല്‍ ഇളം തണുപ്പിന്റെ സൗഖ്യം പകര്‍ന്ന് അകത്തേക്കു തിക്കിത്തിരക്കിക്കയറുന്ന കുഞ്ഞു കാറ്റിന്റെ കുസൃതി. പുലരാന്‍ കാത്തിരിക്കുന്നതു പോലെ പാതയോരത്തും നെല്‍വയലുകളിലും തത്തി നടക്കുന്ന പക്ഷികളുടെ ദൃശ്യം! കാതുകളില്‍ തേന്‍മഴ ചൊരിയുന്ന കിളിക്കൊഞ്ചലുകള്‍, സന്ദര്‍ശകനു ആതിഥ്യമരുളാന്‍ അധികം ജനനിബിഡമല്ലാത്ത ആ കൊച്ചു ഗ്രാമം കാത്തുവയ്ക്കുന്നത് ഇവയൊക്കെയാണ്.
തിരുനെല്‍വേലി ജില്ലയില്‍ നാങ്കുനേരി താലൂക്കിലാണ് ഈ ഗ്രാമം. തിരുനെല്‍വേലിയില്‍ നിന്ന് ഏകദേശം ഇരുപത്തിയെട്ടു കിലോമീറ്റര്‍ അകലെയാണിത്. താമ്രപര്‍ണ്ണി നദിക്കരയിലെ ഈ ഗ്രാമം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പക്ഷി പ്രജനനകേന്ദ്രമാണ്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ നാങ്കുനേരി ആണ്. മുല്ലൈക്കരൈപ്പട്ടിയില്‍ നിന്ന് ഏറെക്കുറെ വിജനമായ പാതയിലൂടെ മുന്നേറുമ്പോള്‍ വഴിയില്‍ കൃഷിയിടങ്ങളും ചെറു ജലാശയങ്ങളും ചെറിയ ക്ഷേത്രങ്ങളും എല്ലാം ദൃശ്യമാകും. അവയെ പിന്നിട്ടു നീങ്ങുമ്പോള്‍ അവിടവിടെയായി ഗ്രാമജീവിതങ്ങള്‍ സ്പന്ദിച്ചു നില്‍ക്കുന്ന ചെറു വീടുകളുടെ സമൂഹം. എവിടെ നോക്കിയാലും യഥേഷ്ടം വിഹരിക്കുന്ന പലയിനം പക്ഷികളുടെ നിര്‍ഭയത. വിശാലമായ കൃഷിയിടങ്ങളുടെ ഹരിതിമ. കൂന്തന്‍കുളത്തിന്റെ മനോഹാരിത സന്ദര്‍ശകരുടെ മനസ്സില്‍ നിര്‍വൃതി പാകുന്ന വിധമാണ്.
ഇവിടത്തെ ആളുകള്‍ പക്ഷികളെ ഉപദ്രവിക്കാറില്ല. ഏറെ ദൂരെ നിന്നു പറന്നെത്തുന്ന പക്ഷി കുലത്തെ തങ്ങളുടെ അതിഥികളായി കരുതുന്ന ഗ്രാമവാസികള്‍ ആഘോഷങ്ങള്‍ക്ക് ഉച്ചഭാഷിണി നിഷേധിച്ചും പടക്കം പൊട്ടിക്കുകയും പൂത്തിരികത്തിക്കുകയും ചെയ്യുന്ന ദീപാവലി ആഘോഷം ഒഴിവാക്കിയും പക്ഷികളെ ശല്യപ്പെടുത്താതെ കാക്കുന്നു. പക്ഷികളെ ഉപദ്രവിക്കുന്നവര്‍ക്ക് തലമുണ്ഡനം, കഴുതപ്പുറത്തിരുത്തി ഗ്രാമപ്രദക്ഷിണം ചെയ്യിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പോലും നല്കാന്‍ ഗ്രാമവാസികള്‍ തയ്യാറായിട്ടുണ്ടെന്നത് ഈ ഗ്രാമത്തിന് പക്ഷികളോടുള്ള കരുതല്‍ എത്രമാത്രമാണെന്നു വെളിവാക്കുന്നു. തങ്ങളുടെ ഗ്രാമത്തിലേക്കു വിരുന്നു വരുന്ന പക്ഷികള്‍ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടു വരുമെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. നാട്ടുകാരുടെ നന്മയില്‍ പുലരുന്ന ഒരു പക്ഷിപ്രജനനകേന്ദ്രം വേറെയുണ്ടാകുമോ എന്നു സംശയമാണ്. ലക്ഷക്കണക്കിന് പക്ഷികളുടെ ദേശാടനലക്ഷ്യമായ ഈ സ്ഥലത്തെ ജനങ്ങളുടെ പക്ഷിപ്രേമത്തിന് അംഗീകാരം ലഭിക്കുക തന്നെ ചെയ്തു. 1994ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൂന്തങ്കുളത്തെ പക്ഷിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. എന്നാല്‍ സാധാരണയായി ഒരു പക്ഷി സംരക്ഷണകേന്ദ്രത്തില്‍ ലഭ്യമാകുന്ന യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമല്ല. ആഹാരത്തിനോ താമസത്തിനോ ഇവിടെ ഒരു സൗകര്യവുമില്ല. അത്തരം സൗകര്യങ്ങള്‍ ഉണ്ടായാല്‍ ഇവിടേയ്ക്ക് പ്രവഹിക്കുന്ന വിനോദയാത്രക്കാര്‍ പക്ഷികള്‍ക്ക് ശല്യമുണ്ടാക്കുമെന്നു ഭയന്നാവാം ഒരു പക്ഷേ ഇവിടെ അധികം സൗകര്യങ്ങള്‍ ഒരുക്കാത്തത്. പക്ഷി നിരീക്ഷണത്തിനു സഹായകമായ രീതിയില്‍ ഒരു നിരീക്ഷണ ടവര്‍, ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഡോര്‍മിറ്ററി, കുട്ടികളുടെ പാര്‍ക്ക് … കഴിഞ്ഞു ഈ പക്ഷിനിരീക്ഷണകേന്ദ്രത്തിലെ മനുഷ്യനിര്‍മ്മിതികള്‍. കൂന്തന്‍കുളം, കാടന്‍കുളം ജലസംഭരണികളും അവയുടെ തീരങ്ങളും ആണ് ദേശാടനപക്ഷികള്‍ക്ക് ആതിഥ്യം അരുളുന്നത്. കളക്കാട് മുണ്ടന്‍തുറ മലനിരകളില്‍ നിന്നും ഉദ്ഭവിക്കുന്ന മണിമുത്താറിലെ വെള്ളമാണ് മണിമുത്താര്‍ ഡാമിലൂടെ കരുമേനിക്കനാല്‍ വഴി കൂന്തന്‍കുളത്തേക്ക് എത്തുന്നത്. 1.2933 ചതുരശ്ര കി.മീ വ്യാപിച്ചു കിടക്കുന്ന പക്ഷി സംരക്ഷണകേന്ദ്രത്തിലും പുറത്തു ഗ്രാമത്തിലെ വീട്ടു വളപ്പുകളിലുള്ള മരങ്ങളിലും ദേശാടനപക്ഷികള്‍ ഭയലേശമെന്യേ കൂടുകൂട്ടുന്നു.
രാവിലെ ഏഴുമണിക്ക് പക്ഷിസങ്കേതത്തിലെത്തുമ്പോള്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിരുന്നില്ല. കൈയ്യില്‍ കരുതിയിരുന്ന പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഞങ്ങള്‍ പക്ഷി നിരീക്ഷണത്തിനായി ജലാശയത്തിനരികിലേക്കു പോയി. തടാകത്തില്‍ നിന്ന് ഒരു പങ്കയില്‍ നിന്നെന്ന പോലെ അനുസ്യൂതം ചൂളം വിളിച്ചു തഴുകുന്ന തണുത്ത കാറ്റ്. സുഖദമായ അന്തരീക്ഷം. ദൂരെ ജലാശയത്തിലെ പച്ചത്തുരുത്തുകളില്‍ ചിറകിളക്കുന്ന ലക്ഷക്കണക്കിനു പക്ഷികള്‍. ഇത്രയേറെ നയനാനന്ദകരമായ ഒരു കാഴ്ച ഒരിക്കലും കണ്ടിട്ടില്ല എന്നു തോന്നി. തുരുത്തിലെ മരങ്ങളുടെ ഹരിതപശ്ചാത്തലത്തില്‍ ചലിക്കുന്ന വെള്ളപ്പൊട്ടുകള്‍ പോലെ തോന്നിച്ചവയെല്ലാം വിവിധ ഇനങ്ങളിലെ പക്ഷികളാണെന്നറിഞ്ഞത്, അവയുടെ ശാരീരിക സവിശേഷതകളും പെരുമാറ്റരീതികളും കണ്ടറിയാന്‍ സാധിച്ചത് ബൈനോക്കുലറിലൂടെ നിരീക്ഷിച്ചപ്പോഴാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഏതൊക്കെയോ പക്ഷികള്‍! കൂടുകൂട്ടുന്ന തിരക്കില്‍ ഉള്ളവ, ഇരപിടിക്കുന്നവ, പ്രണയചേഷ്ടകളിലേര്‍പ്പെട്ടവ, ജലാശയത്തിലെ വെള്ളത്തില്‍ നീന്തി രസിക്കുന്നവ. . . .കണ്ണുകളില്‍ നിന്നൊരു നിമിഷം പോലും ബൈനോക്കുലര്‍ മാറ്റാന്‍ തോന്നാത്തവിധം ആ ചിറകുള്ള സൗന്ദര്യഖണ്ഡങ്ങള്‍ നമ്മുടെ മനസ്സിനെ ആസ്വാദനത്തില്‍ ലയിപ്പിച്ചുകളയും. നേരം പോകുന്നതറിയാതെ നാം ആ പക്ഷികളുടെ മനോഹാരിതയില്‍ മുങ്ങി നിന്നുപോകും.
ദേശാടനപക്ഷികള്‍ കൂന്തന്‍കുളത്ത് എത്താന്‍ തുടങ്ങിയിട്ട് ഇരുന്നൂറു വര്‍ഷത്തോളമായി എന്നു പറയപ്പെടുന്നു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടത്തിലാണ് ഇവിടെ ദേശാടന പക്ഷികള്‍ വരുന്നത്. സൈബീരിയയില്‍ നിന്നും പറന്നെത്തുന്ന കാട്ടു താറാവുകള്‍ മുതല്‍, ഉത്തരേന്ത്യക്കാരനായ വര്‍ണ്ണക്കൊക്കുവരെയുണ്ടാകും അതിഥികളുടെ കൂട്ടത്തില്‍. നവംബര്‍ ഡിസംബര്‍മാസങ്ങളില്‍ വിവിധയിനം താറാവുകളും ഡിസംബര്‍ അവസാനമാകുമ്പോള്‍ പെലിക്കനുകളും എത്തിച്ചേരും. ആസ്‌ത്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക, അമേരിക്ക, സൈബീരിയ എന്നിവിടങ്ങളില്‍ നിന്നും, വടക്കേ ഇന്ത്യയില്‍ നിന്നും ഒക്കെ പക്ഷികള്‍ എത്തിച്ചേരുന്നുണ്ട്. മെയ്, ജൂണ്‍ ഒക്കെയാവുമ്പോള്‍ ഇവ മുട്ടയിട്ടു വിരിയിച്ച് കുഞ്ഞുങ്ങളുമായി മടക്കയാത്ര ആരംഭിക്കും. അതുവരെ ഈ നാട്ടുകാര്‍ അവയെ അതീവ ശ്രദ്ധയോടെ സംരക്ഷിക്കും. പക്ഷികളുടെ മടക്കയാത്രയ്ക്കു ശേഷം അവയുടെ കാഷ്ഠം ശേഖരിച്ച് കാര്‍ഷിക വിളകള്‍ക്ക് വളമായി ഉപയോഗിക്കുന്നു.
കൂന്തന്‍കുളത്തിന്റെ മുഖമുദ്രയായ വര്‍ണ്ണക്കൊക്കിനെ കൂടാതെ സാന്റ്ഗ്രൂസ്, വൈറ്റ് സ്റ്റോര്‍ക്ക്, ഓപ്പണ്‍ ബില്ല്ഡ് സ്റ്റോര്‍ക്ക്, വൈറ്റ് ഐബിസ്, ഗ്രേ ഐബിസ്, പ്രാറ്റിന്‍കോള്‍, ലിറ്റില്‍ റിംഗ്ഡ് പ്ലോവര്‍, സ്‌പോട്ടഡ് സാന്റ്‌പൈപ്പര്‍, കോമണ്‍ സാന്റ് പൈപ്പര്‍, ഗ്രീന്‍ സാന്റ് പൈപ്പര്‍, ഗ്രീന്‍ ഷാങ്ക്, വൈല്‍ഡ് ഗൂസ്, പെലിക്കന്‍, ഫ്‌ലമിംഗോ, റെഡ് വാറ്റ്ല്‍ഡ് ലാബ് വിംഗ്, യെല്ലോ വാറ്റ്ല്‍ഡ് ലാബ് വിംഗ്, ബ്ലാക്ക് വിംഗ്ഡ് സ്റ്റില്‍റ്റ്, കൂട്ട്, സ്പൂണ്‍ ബില്‍, ഫെസന്റ് ടെയില്‍ഡ് ജക്കാനാ… തുടങ്ങി കുറെയേറെ ഇനം പക്ഷികള്‍ ഇവിടെയെത്തുന്നു. നീര്‍പ്പക്ഷികള്‍ മാത്രമല്ല, മണ്ണില്‍ കൂടുകൂട്ടുന്ന പക്ഷികളും ഇവിടെ ഉണ്ട്.
കൂന്തന്‍കുളത്തിന്റെ വിശേഷങ്ങള്‍ ബാല്‍പാണ്ഡ്യനെന്ന കൂന്തങ്കുളത്തുകാരനെക്കൂടാതെ അവസാനിക്കുകയില്ല. എട്ടാം ക്ലാസ്സു മുതല്‍ പക്ഷികളുടെ കൂട്ടുകാരനായ ഇദ്ദേഹത്തിന് ഇവിടത്തെ പക്ഷികള്‍ സ്വന്തം മക്കളെപ്പോലെയാണ്. പതിനെട്ടാം വയസ്സില്‍ സാലിം ആലിയെ കാണാനും അദ്ദേഹത്തോടു ഇടപെടാനും അവസരം കിട്ടിയതോടെ ബാല്‍ പാണ്ഡ്യന്‍ പക്ഷികളെക്കുറിച്ച് പഠിക്കാനാരംഭിച്ചു. ശക്തമായ കാറ്റിലും മഴയിലും മരങ്ങളില്‍ നിന്നു വീണും മറ്റും പരിക്കേല്‍ക്കുന്ന പക്ഷികളെ ശുശ്രൂഷിച്ച് സുഖപ്പെടുത്തുകയും അവയ്ക്ക് ഭക്ഷണം നല്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുകയെന്നത് ജീവിതവ്രതമായി അദ്ദേഹത്തിന്. അദ്ദേഹവും ഭാര്യ വള്ളിത്തായ്‌യും പക്ഷികള്‍ക്ക് പ്രിയപ്പെട്ടവരായത് അവര്‍ അവയ്ക്ക് ചെയ്ത സേവനങ്ങള്‍ കൊണ്ടു തന്നെയാണ്. ഗുജറാത്തിലെ നിര്‍മ്മാ വാഷിംഗ് പൗഡര്‍ കമ്പനിയില്‍ ഉദ്യാഗസ്ഥനായിരുന്നു ബാല്‍പാണ്ഡ്യന്‍. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനു ശേഷം ഗുജറാത്തിലെ ജോലിയുപേക്ഷിച്ച് കൂന്തന്‍കുളത്തെത്തിയ അദ്ദേഹം പക്ഷികളുടെ മുഴുവന്‍ സമയസംരക്ഷകനായി മാറുകയായിരുന്നു. ഒപ്പം വള്ളിത്തായിയും. മരണം വരെയും പക്ഷിസേവനം നടത്തിയ വള്ളിത്തായിയെ മരണാനന്തരം അംഗീകാരപത്രം നല്കി ആദരിച്ചു. കൂന്തന്‍കുളത്തെ പക്ഷിസങ്കേത മാക്കിയപ്പോള്‍ പക്ഷികളുടെ സംരക്ഷകനായ ബാല്‍പാണ്ഡ്യന് അവിടെ ഒരു താത്ക്കാലിക ജോലിയും നല്കി. എന്നാല്‍ പ്രതിഫലമായിക്കിട്ടുന്ന തുച്ഛമായ വരുമാനം കഷ്ടിച്ച് സ്വന്തം കുടുംബം പോറ്റുന്നതിനു പുറമെ മത്സ്യം വാങ്ങി പക്ഷികളെ ഊട്ടാനും ഉപയോഗിച്ചപ്പോള്‍ ഹൃദയാരോഗ്യം ഇല്ലാത്ത സ്വന്തം ഭാര്യയെ ചികിത്സിക്കാനും സുഖമായി കേറിക്കിടക്കാന്‍ ഒരു വീടു വയ്ക്കാനും ബാല്‍പാണ്ഡ്യനു കഴിഞ്ഞില്ല. കൂന്തന്‍കുളത്തെ ഓലമേഞ്ഞ ഏകവീട് ബാല്‍പാണ്ഡ്യന്റേതാണ്. ”കൂന്തന്‍കുളം പറവൈ ശരണാലയം ഏന്‍ ഊര് പോലെ താന്‍. ഇന്ത ഗ്രാമം പറവൈഗ്രാമം താന്‍. ഇങ്കെ പറവൈകള്‍ക്കും മനിതര്‍കള്‍ക്കുമിടയില്‍ ഒരു നെരുക്കമാന ഉരുമൈ കാണമുടിയും. ഇങ്കെ വരും പറവൈകള്‍ക്ക്‌യാരും എവ്വിധ തീങ്കും തടയും ചെയ്യമാട്ടാര്‍കള്‍”ചിരിച്ചുകൊണ്ട് ബാല്‍ പാണ്ഡ്യന്‍ പറയുന്നു. അമ്പതിലേറെ കവിതകള്‍ രചിച്ചിട്ടുള്ള ബാല്‍പാണ്ഡ്യന്റെ ശബ്ദം പക്ഷികളെക്കുറിച്ചുള്ള വിവരണത്തിനായി മാത്രമല്ല, സ്വന്തം കവിതകളുടെ ആലാപനത്തിനായും കൂടി മുഴങ്ങുമ്പോള്‍ പക്ഷികളുടെ ശബ്ദം അതിന് അകമ്പടി സേവിക്കുന്നു.
പ്രകൃതിയുടെ വിരുന്നു മതിയാവോളം ആസ്വദിച്ചിട്ട് ഏറെ നേരത്തിനു ശേഷം മനസ്സില്ലാ മനസ്സോടെ കൂന്തങ്കുളം പക്ഷിസങ്കേതം വിടുമ്പോള്‍ മനസ്സുനിറയെ പക്ഷികള്‍ ചിറകടിച്ചു. അവയ്ക്കു നടുവില്‍ നിഷ്‌കളങ്കമായ ചിരിയോടെ ബാല്‍പാണ്ഡ്യന്‍ പാടി നിന്നു. ”കൂന്തന്‍കുളത്തേക്കു വരുവിന്‍.