പാകിസ്ഥാന് വാദത്തിന്റെ മനഃശാസ്ത്രം സൂക്ഷ്മമായി വിലയിരുത്താന്‍ അംബേദ്കര്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു ‘അധിനിവേശ-ഇസ്ലാമിക ഭരണാധികാരികള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത വിധത്തിലുള്ള ആഴത്തിലുള്ള മുറിവുകള്‍ ഭാരതത്തിലെ സമൂഹത്തോട് വിശേഷിച്ച് ഹിന്ദുസമൂഹത്തോട് ചെയ്തു. ഓരോ അധിനിവേശവും ക്ഷേത്രങ്ങളുടെ സാര്‍വ്വത്രികമായ നാശത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും കാരണമായി. അതിഭീകരമായ രീതിയില്‍ പുരുഷന്മാര്‍ കൊല്ലപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി. ഇത്തരത്തിലുള്ള കയ്‌പേറിയ അനുഭവങ്ങള്‍ ഭാരതത്തിലെ ഓരോ ഹിന്ദുവിന്റെയും അഭിമാനത്തിന് ക്ഷതം ഏല്‍പ്പിച്ചപ്പോള്‍, തങ്ങളുടെ പൂര്‍വ്വികരായ അധിനിവേശകര്‍ കൈക്കൊണ്ട അക്രമപരമ്പരകളെ അഭിമാനത്തോടെയും ഗര്‍വ്വോടെയുമാണ് ഭൂരിപക്ഷം മസ്ലീങ്ങളും സ്മരിക്കുന്നത്. ‘തങ്ങളുടെ പൂര്‍വ്വികള്‍ ഹിന്ദുക്കളോട് കാട്ടിക്കൂട്ടിയ ക്രൂരതകളോട് ഒരു രീതിയിലും അവര്‍ക്ക് പശ്ചാത്താപം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നത് വസ്തുതയാണ്. വളരെയധികം പ്രവിശ്യകളില്‍ ഭാരതത്തിന്റെ തനതുസംസ്‌കാരത്തെ തകര്‍ത്ത് ഇസ്ലാമിക സംസ്‌കാരം ഊട്ടി ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഭാരതത്തെ പൂര്‍ണ്ണമായും തുടച്ചുമാറ്റി ഇസ്ലാമിക ഭൂമിയാക്കാന്‍ അവര്‍ക്ക് സാധിച്ചു. മാത്രമല്ല, ‘ഇസ്ലാം ഒരു വടവൃക്ഷം പോലെ തഴച്ചുവളര്‍ന്നപ്പോള്‍ മറ്റ് സംസ്‌കാരങ്ങളായ ഹിന്ദുവും ബുദ്ധരും വെറും കുറ്റിച്ചെടികള്‍ മാത്രമായിപ്പോയി. ഇസ്ലാമാകുന്ന മരത്തിന് വെള്ളവും വളവും നല്‍കിയത് ഭാരതം ആക്രമിച്ച ഇസ്ലാമിക അധിനിവേശികര്‍ തന്നെയായിരുന്നു. സിഖ്മതക്കാര്‍ക്ക് പോലും ഇസ്ലാമിനെതിരെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പഞ്ചാബിന്റെ ഭൂരിഭാഗവും ഒടുവില്‍ പാകിസ്ഥാനില്‍ നിക്ഷിപ്തമായി. ഇങ്ങനെ നോക്കുമ്പോള്‍ ഒരു വിധത്തിലുമുള ഐക്യവും ഹിന്ദുസ്ഥാനും പാകിസ്ഥാനും തമ്മില്‍ ഇല്ല.’
പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടാല്‍ അതിനുളളില്‍ ജീവിക്കുന്ന ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് അംബേദ്കര്‍ മുന്നില്‍ കണ്ടിരുന്നു. ഹിന്ദുവിനെ സംബന്ധിച്ച് അത് ആത്മഹത്യാപരമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. കാരണം, മതമൗലികവാദികളുടെ ആക്രമണം ഏതുസമയവും നേരിടേണ്ടിവരും. മുസ്ലീം ഭൂരിപക്ഷത്തിന് കീഴില്‍ ജീവിക്കാന്‍ തീരുമാനിച്ചാല്‍ സര്‍വ്വവും എന്നെങ്കിലും നഷ്ടപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ് എന്നും അദ്ദേഹം പ്രവചിച്ചു. അംബേദ്കറുടെ ഈ നിരീക്ഷണം പില്‍ക്കാലത്ത് പാകിസ്ഥാന്‍ രൂപീകരിച്ചതിന് ശേഷം ശരിയായി. ഹിന്ദു ന്യൂനപക്ഷത്തെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ പാകിസ്ഥാന് ഏഴുപതിറ്റാണ്ടു കൊണ്ട് കഴിഞ്ഞു.
മുസ്ലീം വിഷയത്തില്‍ മഹാത്മാഗാന്ധിയുടെ സമീപനത്തെ വിമര്‍ശനപരമായാണ് അംബേദ്കര്‍ സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഏതുവിധേനയും മുസ്ലീങ്ങളെ തന്റെ വഴിയ്ക്ക് കൊണ്ടുവരാനാണ് ഗാന്ധിജി ശ്രമിച്ചത്. അംബേദ്കറുടെ അഭിപ്രായത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കാതെ തന്നെ ഗാന്ധിജി അതിന്റെ ഭാഗമായി മാറി. ഗാന്ധിജിയുടെ ഈ നീക്കം മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടിയുളളതാണെന്ന് പ്രഥമദൃഷ്ട്യാ ഹിന്ദുക്കള്‍ക്ക് മനസ്സിലായി. ഗാന്ധിജിയുടെ നയം തുടക്കത്തിലേ വഴിതെറ്റിപ്പോയി എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു. ‘രക്തരഹിത സമര’ത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുളള ഗാന്ധിജിയുടെ ശ്രമം അമ്പേ പാളിപ്പോയി. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മുസ്ലീങ്ങള്‍ അക്ഷമരായെന്ന് ഗാന്ധിജിക്ക് സമ്മതിക്കേണ്ടിവന്നു. ഹിന്ദു-മുസ്ലീം ഐക്യം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി എങ്ങനെയെങ്കിലും മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ഗാന്ധിജി മുന്നോട്ടിറങ്ങി. ഹിന്ദുക്കള്‍ക്കെതിരെ നീചമായ ആക്രമണ പരമ്പരകള്‍ മുസ്ലീങ്ങള്‍ നടത്തിയപ്പോഴൊക്കെ ഈ പദ്ധതിയുടെ ഭാഗമായി ഗാന്ധിജി മൗനം പാലിക്കുകയാണ് ചെയ്തത.് അതുമാത്രമല്ല, അഹിംസാവാദിയായ ഗാന്ധി ഇത്തരത്തിലുള്ള ആക്രമണങ്ങളെ നോട്ടം കൊണ്ടുപോലും അപലപിക്കാന്‍ തയ്യാറായിരുന്നില്ല. പ്രമുഖ സാമൂഹികപരിഷ്‌കര്‍ത്താവ് സ്വാമി ശ്രദ്ധാനന്ദയെ ഒരു മുസ്ലീം മതമൗലികവാദി വെടിവെച്ചുകൊന്നിട്ടും ഗാന്ധിജി അതിനെ അപലപിച്ചില്ല.
ഗാന്ധിജിയുടെ സമീപനത്തെ ശക്തമായ ഭാഷയില്‍ അംബേദ്കര്‍ തള്ളിപ്പറയുന്നുണ്ട്. അദ്ദേഹം പറയുന്നു ‘എത്ര ചിന്തിച്ചിട്ടും ഗാന്ധിജിയുടെ മനോഭാവം എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. എല്ലാ ഹിംസയെയെയും ഗാന്ധിജി അപലപിക്കാറുണ്ട്. പക്ഷെ, മുസ്ലീങ്ങള്‍ കൊലപാതകം ചെയ്യുമ്പോള്‍ ഗാന്ധിജി മൗനം പാലിക്കുകയോ, അല്ലെങ്കില്‍ കൊലപാതകിയെ സഹോദരന്‍ എന്നു വിളിക്കുകയോ ചെയ്യുന്നു. ഈ മൗനത്തിലൂടെ അവരെ പ്രീണിപ്പിച്ചു കൂടെനിര്‍ത്താനായിരുന്നു ഗാന്ധിജിയുടെ തീരുമാനം.’
മലബാറില്‍ 1921-ല്‍ നടന്ന മാപ്പിള കലാപത്തെ സൂക്ഷ്മമായി അംബേദ്കര്‍ വിലയിരുത്തുന്നുണ്ട്. അദ്ദേഹം പറയുന്നു. ‘സായുധ കലാപത്തിലൂടെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കി ഇസ്ലാമികരാഷ്ട്രം കെട്ടിപ്പെടുത്താനായിരുന്നു അവരുടെ പദ്ധതി. റോഡുകള്‍ തടസ്സപ്പെടുത്തി, റെയില്‍വേ-ടെലിഗ്രാഫ് ശൃംഖലകള്‍ തകര്‍ത്തു. ഭരണസ്തംഭനം ഉണ്ടായപ്പോള്‍ തന്നെ മാപ്പിളമാര്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചു. ഖിലാഫത്തിന്റെ പതാക ഉയര്‍ന്നു. ഏറനാട് താലൂക്കും, വളളുവനാട് താലൂക്കും ഖിലാഫത്ത് സാമ്രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ആലിമുസലിയാര്‍ ഖിലാഫത്തിന്റെ രാജാവായി. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഒരു കലാപം എന്ന രീതിയില്‍ ഒരുതരത്തിലും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ല. കാട്ടാളനീതിയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ഹിന്ദുക്കള്‍ പിടഞ്ഞു മരിച്ചു. നിര്‍ബന്ധിതമതപരിവര്‍ത്തനങ്ങള്‍, കൂട്ടക്കൊലകള്‍, ക്ഷേത്രങ്ങള്‍ തകര്‍ക്കല്‍, സ്ത്രീകളെ ബലാല്‍സംഗം നടത്തല്‍, ഗര്‍ഭിണികളെയും, കുട്ടികളെയും കണ്ണില്‍ ചോരയില്ലാതെ കശാപ്പു ചെയ്യല്‍, കൊളള, തീവെപ്പ് തുടങ്ങി എല്ലാവിധത്തിലുളള അരാജകത്വവും നിര്‍ബാധം നടമാടിയിരുന്ന ഒരു സംഭവമായിരുന്നു അത്. ചുരുക്കിപ്പറഞ്ഞാല്‍ സാര്‍വ്വത്രികമായ ആക്രമണമായിരുന്നു മാപ്പിളമാര്‍ ഹിന്ദുക്കളുടെമേല്‍ അഴിച്ചുവിട്ടത്. ലക്ഷണമൊത്ത ഒരു ഹിന്ദുവംശഹത്യയായിരുന്നു അത്. എത്ര ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന കൃത്യമായ കണക്കുകളും ഇല്ല. മാപ്പിളകലാപത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ഹിന്ദുവിരുദ്ധ കലാപങ്ങള്‍ ഉണ്ടായി. 1924-1925 വര്‍ഷങ്ങളില്‍ വമ്പിച്ച ലഹളകള്‍ക്ക് രാജ്യം സാക്ഷിയായി. കൊഹത്ത്, ഡല്‍ഹി, നാഗ്പൂര്‍, ലാഹോര്‍, ലക്‌നൗ, മൊറാദാബാദ്, ഭഗല്‍പൂര്‍, ഗുല്‍ബര്‍ഗ, ഹഹജന്‍പൂര്‍, കല്‍ക്കത്ത, അലഹബാദ് തുടങ്ങിയ സ്ഥലങ്ങൡ മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. പില്‍ക്കാലത്ത് കലാപം രാഷ്ട്രജീവിതത്തിന്റെ ഭാഗമായി. 1925-29-ല്‍ മാത്രം 22 കലാപങ്ങള്‍ നടന്നു.
1921-ല്‍ മാപ്പിളകലാപത്തില്‍ തുടങ്ങിയ ഹിന്ദുവിരുദ്ധ കലാപങ്ങള്‍ 1940-വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിര്‍ബാധം തുടര്‍ന്നു. കണക്കുകള്‍ നിരത്തി അംബേദ്കര്‍ അതിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആന്തരിക ഐക്യമില്ലാതെ ഒരു ഭൂപ്രദേശത്തിന് ഒരിക്കലും ഒരു രാഷ്ട്രമായി മാറാന്‍ കഴിയില്ല എന്ന് അംബേദ്കര്‍ ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് മുസ്ലീം ദേശീയതയെ തടഞ്ഞു നിര്‍ത്താന്‍ ഹിന്ദുക്കള്‍ക്ക് കഴിയുമോ എന്ന് ഹിന്ദുക്കള്‍ സ്വയം ചോദിക്കണമെന്നും അദ്ദേഹം പറയുന്നു. തുര്‍ക്കിയുടെയും ചെക്കോസ്ലോവാക്യയുടെയും തകര്‍ച്ചയുടെ ഉദാഹരണങ്ങള്‍ അംബേദ്കര്‍ നിരത്തുന്നുണ്ട്.
പാകിസ്ഥാന്‍ വാദം ചര്‍ച്ച ചെയ്യുമ്പോള്‍ അംബേദ്കര്‍ സ്വീകരിച്ച സമീപനം മുസ്ലീം സമൂഹത്തിന്റെ മനഃശാസ്ത്രം അടിസ്ഥാനപ്പെടുത്തിയാണ്. ‘ഇസ്ലാമിക പ്രബോധനങ്ങളുമായി കലഹിക്കുന്ന യുക്തിസഹമായ ചിന്തകളെ അക്രമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ അടിച്ചമര്‍ത്തുന്ന ഒരു ചിത്രമാണ് ലോകത്തെല്ലായിടത്തും നമുക്ക് കാണാനാവുന്നത്. അവരുടെ മതവിശ്വാസം വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുന്ന അസഹിഷ്ണുതയാണ് ഇതിനു പിന്നിലുളള കാരണം. മനുഷ്യരാശി ഇന്നുവരെ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ഭാരം കൂടിയ ഒരു വിശ്വാസസംഹിത തലയില്‍പേറി നടക്കുന്നവരാണ് ഇസ്ലാംമത വിശ്വാസികള്‍. ഒരു മതവിശ്വാസിയെ സംബന്ധിച്ച് അത് മനോഹരമായിട്ട് തോന്നുമെങ്കിലും മറ്റ് വിശ്വാസികള്‍ക്കും ലോകസമാധാനത്തിനും അത് വലിയ ഭീഷണിയാണ്. ‘സാഹോദര്യവും സഹവര്‍ത്തിത്വവും ഇസ്ലാം സമൂഹത്തിനിടയില്‍ മാത്രം മതി എന്ന് അവന്റെ മതം പഠിപ്പിച്ചതിനാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിനിടയില്‍ തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു എന്ന മിഥ്യാധാരണ അവരില്‍ കുത്തിവെയ്ക്കപ്പെട്ടു. അധികാരം എപ്പോഴും തങ്ങളുടെ കൈവശംവയ്ക്കണമെന്നാണ് ഇസ്ലാമിന്റെ രാഷ്ട്രീയം. ജനാധിപത്യത്തോടുളള ഇസ്ലാമിക സമീപനവും അംബേദ്കര്‍ വര്‍ണ്ണിക്കുന്നുണ്ട്. ‘ജനാധിപത്യത്തിന് വിധേയരായിട്ട് അവര്‍ക്ക് ഒരുകാലത്തും ഹിന്ദുക്കള്‍ക്ക് നേരെ പോരാടാന്‍ കഴിയില്ല. അവരുടെ കാഴ്ചപ്പാടില്‍ ജനാധിപത്യം മതാധിപത്യത്തിന് കോട്ടം സംഭവിപ്പിക്കുന്നു, അതിനെ ദുര്‍ബ്ബലപ്പെടുത്തുന്നു.’ സാമൂഹികപരിഷ്‌കരണത്തോട് ഇസ്ലാംമതവിശ്വാസികള്‍ പുറംതിരിഞ്ഞുനില്‍ക്കുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
ഭരണവ്യവസ്ഥയെക്കുറിച്ചുളള ഇസ്ലാമിന്റെ സമീപനം വളരെ വ്യക്തമായി അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട്. ‘മുസ്ലീങ്ങള്‍ ഇസ്ലാമിന്റെ പരമാധികാരത്തെ മാത്രം അംഗീകരിക്കുന്നു. മുസ്ലീമിനെതിരായ ഒരു സംവിധാനത്തോട് അടിപ്പെട്ട് ജീവിക്കാന്‍ ഒരിക്കലും ഒരു വിശ്വാസിയായ മുസ്ലീമിന് ഒരു സാഹചര്യത്തിലും സാധ്യമല്ല. ഏത് രാജ്യത്ത് ജനിച്ചു, എവിടെ ജീവിക്കുന്നു എന്നുളളത് ഒരു ഇസ്ലാമിക വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യമല്ല. അവനെ സംബന്ധിച്ചിടത്തോളം ആ രാജ്യം ഇസ്ലാമികമാണോ എന്നതാണ് ചോദ്യം… ഇസ്ലാമിക നിയമപ്രകാരം ഇന്ത്യ അവരുടെ മാതൃരാജ്യമല്ല. ഇസ്ലാമികഭരണം വരുമ്പോള്‍ മാത്രമാണ് അവരുടെ രാജ്യമാകുന്നത്. ഇസ്ലാമികമല്ലാത്ത ഒരു ഭരണ സംവിധാനത്തിന് കീഴില്‍ ഇന്ത്യ നിലനില്‍ക്കുന്നിടത്തോളം അത് മുസ്ലീങ്ങളുടെ രാജ്യമല്ല. പകരം അത് ദാറുള്‍ഹറബായിരിക്കും. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് ഒരു രാജ്യത്ത് തുല്യരായി ജീവിക്കുന്നിടത്തോളം കാലം അത് ദാറുള്‍ ഇസ്ലാമല്ല.’ ഈ പറഞ്ഞ കാര്യങ്ങള്‍ കേവലം അക്കാദമിക് കാഴ്ചപ്പാടില്‍ മാത്രം വിലയിരുത്തരുത്. മുസ്ലിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് എന്ന് കൂടെ അംബേദ്കര്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍ എന്ന ആശയത്തിന്റെ ഇസ്ലാമിക മതരാഷ്ട്രീയ കാഴ്ചപ്പാടാണ് അംബേദ്കര്‍ ഓര്‍മ്മിപ്പിക്കുന്നത്. 1919-ല്‍ ഖിലാഫത്ത് നേതാക്കന്മാര്‍ അഫ്ഗാനിസ്ഥാനിലെ അമീറിനെ ഇന്ത്യ ആക്രമിക്കാന്‍ ക്ഷണിച്ച സംഭവം അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
ഹിന്ദു-മുസ്ലീം ഐക്യം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടിരുന്നു. കമ്മ്യൂണല്‍ ഇലക്‌ട്രേറ്റ്, ലക്‌നൗ കരാര്‍, ഖിലാഫത്തിനുളള കോണ്‍ഗ്രസ്സ് പിന്തുണ ഇതൊന്നും ഫലം കണ്ടില്ല. മാത്രമല്ല, മുസ്ലീം ചിന്താഗതി യില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് 1930-കളില്‍ കാണുന്നത്. ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കുക എന്ന നയമാണ് ഇതെന്ന വാദത്തെ അംബേദ്കര്‍ തളളിക്കളഞ്ഞു. ‘ദേശീയ ഇച്ഛാഭംഗം’ എന്ന 12-ാം അദ്ധ്യായത്തില്‍ മുസ്ലീം വിഭാഗീയതയുടെ ആഴം അദ്ദേഹം വിവരിക്കുന്നു.”Pakistan or Partition of India” എന്ന ഗ്രന്ഥത്തിലെ ഏറ്റവും വലിയ അദ്ധ്യായമാണിത്. ഒരു ജനസമൂഹം രാഷ്ട്രമായി മാറുന്നതിന്റെ ഫലമായാണ് ഇന്ത്യാ വിഭജനം എന്ന ആശയത്തിന് കരുത്തേകിയത്. അംബേദ്കറുടെ അഭിപ്രായത്തില്‍ ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ യഥാര്‍ത്ഥ കാരണമെന്നുളളത് ഭൗതികപരമല്ല. അത് നിലപാടുകളുടെ കേവലവ്യത്യാസത്തില്‍ സംഭവിച്ചതുമല്ല, മറിച്ച് ചരിത്രപരവും മതപരവും സാംസ്‌കാരികവും സാമൂഹികവുമായ കാരണങ്ങളില്‍ നിന്നാണ് ഐക്യത്തിന്റെ തകര്‍ച്ചയുണ്ടായത്. അതിന്റെ പ്രതിഫലനം മാത്രമാണ് രാഷ്ട്രീയവിരോധം. കാലാകാലങ്ങളിലായി നടന്നുവന്ന സംഘര്‍ഷങ്ങളുടെയും അധിനിവേശങ്ങളുടെയും കലാപത്തിന്റെയും പ്രതിഫലനം മാത്രമാണ് ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയുടെ അടിസ്ഥാനം.
അംബേദ്കറുടെ അഭിപ്രായത്തില്‍ ”ഒരു ഇസ്ലാമിക വിശ്വാസിയുടെ കൂറ് അവന്റെ മതം മുന്നോട്ടുവയ്ക്കുന്ന വിശാലമായ ഇസ്ലാമിക ഖിലാഫത്തിനോടാണ്. അല്ലാതെ, മനുഷ്യനിര്‍മ്മിതമായ അതിര്‍ത്തികളില്‍ ഒരു ഇസ്ലാമിക വിശ്വാസിയുടെ കൂറിനെ തളയ്ക്കാനാകില്ല. സാമൂഹിക സ്വയംഭരണ സംവിധാനത്തോടും പ്രാദേശിക സ്വയംഭരണസംവിധാനത്തോടും എപ്പോഴും ഇക്കൂട്ടര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നതിന്റെ കാരണവുമിതാണ്. അതായത്, ഇസ്ലാമിന്റെ ഭരണം എവിടെയുണ്ടോ, അതാണ് ഒരു മുസ്ലീമിന്റെ രാജ്യം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥ ഇസ്ലാമികവിശ്വാസികള്‍ക്ക് ഇന്ത്യയെ തന്റെ മാതൃരാജ്യമായി സ്വീകരിക്കാന്‍ ഒരിക്കലും കഴിയില്ല. അത് മാത്രമല്ല, ഹിന്ദുക്കളെയും മറ്റു മതവിശ്വാസികളെയും തന്റെ സഹജീവികളായി പരിഗണിക്കാന്‍ അവന്റെ വിശ്വാസം ഒരിക്കലും അവനെ അനുവദിക്കുന്നില്ല.”
ഹിന്ദു-മുസ്ലിം വിഷയത്തെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് അംബേദ്കര്‍ കണ്ടത്. അഖണ്ഡഭാരതം എന്ന സങ്കല്പം അദ്ദേഹം നിരാകരിക്കുന്നില്ല. എന്നാല്‍ മുസ്ലീം മതബോധത്തെ സൂക്ഷ്മമായി വിലയിരുത്തിയും, മുസ്ലീം മന:ശാസ്ത്രത്തെ വിലയിരുത്തിയുമാണ് “Pakistan or Partition of India” എഴുതിയിരിക്കുന്നത്. പ്രീണനത്തിലൂടെയോ കരാറിലൂടെയോ മുസ്ലീം വിഷയം പരിഹരിക്കാം എന്ന കാഴ്ചപ്പാടിനെ അംബേദ്കര്‍ പിന്തുണച്ചില്ല. കാരണം, ഇസ്ലാമിന്റെ ചരിത്രം അംബേദ്കറെ യാഥാര്‍ത്ഥ്യബോധത്തിലേയ്ക്ക് ആനയിക്കുകയായിരുന്നു. ഇല്ലാത്ത ഐക്യം ഉണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദുവും മുസ്ലീമും ഇങ്ങനെ എത്രനാള്‍ മുന്നോട്ട്‌പോകും എന്ന ചോദ്യമാണ് ജനങ്ങളുടെ മുന്നില്‍ അംബേദ്കര്‍ വയ്ക്കുന്നത്.
(അംബേദ്കറുടെ പാകിസ്ഥാന്‍ അഥവാ ഭാരതവിഭജനം എന്ന പുസ്തകത്തിന്റെ മലയാളവിവര്‍ത്തനത്തിന് തയ്യാറാക്കിയ അവതാരികയില്‍ നിന്ന്)
(ലേഖകന്‍ കേരള കേന്ദ്രസര്‍വ്വകലാശാല കാസര്‍ഗോഡ് മുന്‍ പ്രോ-വൈസ് ചാന്‍സലറും സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസിന്റെ ഡീനുമാണ്)
അവസാനിച്ചു