ഇന്ന് ലോകത്തെവിടെ ചെന്നും നിങ്ങള്‍ ഒരിന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ അവിടെയുള്ളവരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ‘യോഗ’ യായിരിക്കും. അതൊരു അഭിജ്ഞാന ഫലകമായി മാറിയിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ പരിശ്രമഫലമായി ഒരു അന്താരാഷ്ട്ര യോഗ ദിനം ഇന്നുണ്ട്. ഒരുപാട് അദ്ധ്യാപകര്‍, സന്ന്യാസിവിഭാഗം ഇവരൊക്കെ ലോകത്തിന്റെ നാനാഭാഗത്തും യോഗപഠിപ്പിക്കുന്നു. മനസ്സിനും പ്രാണശക്തിക്കും വളരെ ഉപകാരപ്രദമായ ഒന്നത്രെ യോഗ. ഈ യോഗ പതഞ്ജലി മഹര്‍ഷി യോഗസൂത്രത്തിലൂടെ നമുക്ക് നല്‍കിയതാണ്. അദ്ദേഹം ജനിച്ചതും ജീവിച്ചതും കാശ്മീരിലാണ്. സാംസ്‌കാരികമായും നാഗരികതയെ അടിസ്ഥാനപ്പെടുത്തിയും നാം പറയുന്ന യോഗ പാരമ്പര്യം ഇന്ന് ഒരു അനുഷ്ഠാനം മാത്രമാണ്. ഒരു ഭാഗം മാത്രമാണ്. അഷ്ടാംഗയോഗത്തില്‍ യമം, നിയമം, പ്രാണായാമം, സാധന തുടങ്ങിയവയുള്‍പ്പെടുന്നുണ്ട്. അനേക വിഷയങ്ങളടങ്ങിയിട്ടുള്ള യോഗയുടെ അറിവ് ആരംഭിച്ചത് കാശ്മീരില്‍ നിന്നാണ്. നമുക്ക് ചിന്തിക്കണമെങ്കില്‍ ഒരു ഭാഷ വേണം. അറിവ് വികസിക്കാന്‍ സാദ്ധ്യമായതെല്ലാം അതിലുണ്ടാവണം. അതിന് ഒരു ഘടന നിര്‍ബ്ബന്ധവുമാണ്. സംസ്‌കൃതഭാഷയില്‍ രചിക്കപ്പെട്ടതും ലോകത്തിലെ ഏറ്റവും പഴയതുമായ വ്യാകരണഗ്രന്ഥമാണ് പാണിനി മഹര്‍ഷിരചിച്ച അഷ്ടാദ്ധ്യായി. ഇന്നും ലോകം മുഴുവന്‍ വ്യാകരണത്തിന്റെ അടിസ്ഥാനഗ്രന്ഥമായി അംഗീകരിച്ച പുസ്തകമാണിത്. പാണിനി ജനിച്ചത് ‘സ്വാത്’ എന്ന പ്രദേശത്താണ്. കാശ്മീരില്‍ നിന്നും നൂറ് കീലോമീറ്റര്‍ അകലെ. ഇന്നത് അഫ്ഗാനിസ്ഥാനിലാണെന്ന് മാത്രം. സ്വാത് ഭീകരരെ എതിര്‍ത്തതിന് യൂസഫ് മലാല എന്ന സ്‌കൂള്‍ കുട്ടിക്ക് നൊബേല്‍ സമ്മാനം വരെ നേടിക്കൊടുക്കുന്നതില്‍ പങ്ക് വഹിച്ച സ്ഥലമാണ്. അതേ സ്വാത് താഴ്‌വരയാണ് പാണിനിയെ സൃഷ്ടിച്ചത്. 2800നും 2900നും വര്‍ഷം മുമ്പാണ് പാണിനി മഹര്‍ഷി അഷ്ടാദ്ധ്യായി എഴുതിയതെന്നാണ് വെയ്പ്.
അഷ്ടാദ്ധ്യായി ഇന്നും ഒരു ലോജിക് ട്രാക്ടര്‍ എന്ന നിലയില്‍ പണ്ഡിതര്‍ക്കിടയില്‍ അത്ഭുതമുളവാക്കുന്നതോടൊപ്പം അതിന്റെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെയും ഫയലുകളുടെയും എളുപ്പമാര്‍ഗ്ഗവും ചര്‍ച്ച ചെയ്യപ്പെടുന്നു. മറ്റൊരു മഹദ്‌ദേഹമാണ് ആനന്ദവര്‍ദ്ധനന്‍. അദ്ദേഹത്തിന്റെ ‘ധ്വന്യാലോകം’ എന്ന കൃതി ശബ്ദത്തെക്കുറിച്ചുള്ള പഠനമാണ്. നമ്മുടെ ഉച്ചാരണത്തില്‍ ശബ്ദമെങ്ങനെ ഉരുത്തിരിയുന്നു എന്ന് ചര്‍ച്ച ചെയ്യുന്നു. ശബ്ദവും നാദവും ഒരു ശബ്ദം, അല്ലെങ്കില്‍ ഒരു രാഗമോ ഭാവമോ മറ്റൊന്നില്‍ നിന്നും ഏത് രീതിയിലാണ് ഭിന്നമായിരിക്കുന്നതെന്നും ശബ്ദത്തെക്കുറിച്ചുള്ള മുഴുവന്‍ ശാസ്ത്രവും പ്രതിപാദിക്കുന്നു. ശബ്ദത്തോട് മനുഷ്യന്റെ പ്രതികരണവും അതുണ്ടാക്കുന്ന ഭാവതലങ്ങളും അവയുടെ സൗന്ദര്യാത്മകതയും പറയുന്ന ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകം ഇന്ന് ലോകത്ത് ഒരു നാഗരികതയിലും സംസ്‌കാരത്തിലും ഇതുവരെ രചിച്ചിട്ടില്ലാത്ത അത്രയും അദ്വിതീയമായ കൃതിയാണ്. ഈ ആനന്ദവര്‍ദ്ധനന്റെ ജന്മദേശവും കാശ്മീരാണ്.
മറ്റൊരു മഹാനാണ് മമ്മട്ട്. അദ്ദേഹത്തിന്റെ ‘കാവ്യപ്രകാശം’ കവിതയെ സംബന്ധിച്ച ആധികാരിക കൃതിയാണ്. കവിത എങ്ങനെ ജനിക്കുന്നു? കവിതകളുടെ വിവിധ മാനങ്ങളെന്ത്? കവിത എന്തല്ല, എന്താണ്? കവിതയുടെ ഉദ്ദേശ്യമെന്താണ്? കവിത സ്വയം പ്രകാശിപ്പിക്കുന്നതെന്താണ്? അത് എന്തുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു? കാവ്യശാസ്ത്രപഠനത്തിലെ ഏറ്റവും മികച്ച ഗ്രന്ഥമായി ഇന്നും കണക്കാക്കുന്ന കൃതിയാണിത്.
കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ ജനിച്ച ഏറ്റവും ശ്രേഷ്ഠനായ ദാര്‍ശനികനായിരുന്നു അഭിനവഗുപ്തന്‍. അദ്ദേഹത്തിന് മുമ്പ് ഒരായിരം വര്‍ഷങ്ങളിലെ ഖ്യാതി ജഗദ്ഗുരു ആദിശങ്കരാചാര്യര്‍ക്കായിരുന്നെങ്കില്‍ അതിനുശേഷം ആചാര്യ അഭിനവഗുപ്തപാദരാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിലെ ശ്ലോകം ആദിശങ്കരാചാര്യര്‍ ശാരദയെ സ്തുതിച്ചുകൊണ്ടെഴുതിയതാണ്. ശാരദാമാതാവിനെ കാശ്മീരപുരവാസിനി എന്നാണ് വിളിക്കുന്നത്. കാലടിയില്‍ നിന്നുമാരംഭിച്ച് ശാരദാപീഠം വരെയുള്ളതാണ് അദ്ദേഹത്തിന്റെ ദിഗ്‌വിജയ യാത്ര. കാശ്മീര്‍ ശാരദാപ്രദേശം എന്നുമറിയപ്പെട്ടിരുന്നു. അറിവിന്റെ പരമ്പരകള്‍ സൃഷ്ടിക്കപ്പെട്ട ഇടമാണത്. ചെറുപ്പത്തില്‍തന്നെ ചിന്താപരമായ ഔന്നത്യവും തീക്ഷ്ണമായ ബുദ്ധിസാമര്‍ത്ഥ്യവും പ്രകടിപ്പിച്ചുകൊണ്ട് സമൂഹത്തെ അതിശയിപ്പിച്ചതിനാലാണ് ശങ്കരഭഗവദ് പാദരെ ശങ്കരാചാര്യര്‍ എന്ന് വിളിച്ചുവന്നത്. അദ്ദേഹം ശാരദാപീഠത്തിലെ ആചാര്യന്മാരെ പരിചയപ്പെടുകയും സംവദിക്കുകയും ചെയ്തു. ശാരദാപീഠത്തിന്റെ തെക്കെ ഭാഗത്തെ വാതില്‍ ആദ്യമായി ശങ്കരാചാര്യര്‍ക്കായി തുറന്നു കൊടുക്കുകയും അദ്ദേഹത്തിനവിടെ ഇരിപ്പിടം നല്‍കുകയും ചെയ്തു. അവിടെ വെച്ചാണ് അദ്ദേഹത്തെ ജഗദ്ഗുരു എന്ന് വിളിച്ചത്. അക്കാലത്തെ ഏറ്റവും നല്ല, ഉന്നത നിലവാരം പുലര്‍ത്തിയ സര്‍വ്വകലാശാലയായിരുന്നു ശാരദാപീഠം. അവിടെ ആളുകള്‍ എത്തിച്ചേര്‍ന്ന് തങ്ങളുടെ ബുദ്ധിസാമര്‍ത്ഥ്യം പരീക്ഷിച്ചറിഞ്ഞിരുന്നു. അതിനാല്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കാശ്മീരിലെത്തുകയും തങ്ങളുടെ മേധാശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തപ്പോള്‍ കാശ്മീര്‍ അതിന്റെ മണ്ണില്‍ സ്വന്തമായി ഒരുപാട് ദാര്‍ശനികരെ സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെയാണ് അറിവിന്റെ കേദാരമായി കാശ്മീര്‍ മാറിയത്. ഇന്നും കാശിയിലെ ബ്രഹ്മചാരികളുടെ ഗുരുകുല വിദ്യാഭ്യാസാനന്തരം നടക്കുന്ന ‘ദീക്ഷാന്തം’ എന്ന ചടങ്ങില്‍ കാശ്മീര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് നാലടി നടന്ന് വരുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. അവരിവിടുത്തെ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി കാശ്മീരത്തിലേക്ക് പോവണമെന്നോര്‍മ്മപ്പെടുത്തുന്നതാണ് ഈ ചടങ്ങ്. ഇത് ഇന്നും നിലനില്‍ക്കുന്ന സമ്പ്രദായമാണ്. ഇന്നും നമ്മുടെ സാമ്പ്രദായികപഠനത്തിന് ഏറ്റവും യോജിച്ച കേന്ദ്രം കാശിയാണ്. നമ്മുടെ സംസ്‌കാരത്തില്‍ കാശിക്ക് വളരെ പ്രാധാന്യമുണ്ട്. ഇത്രയും പവിത്രമായ, അറിവിന്റെ നഗരിയായ കാശിയിലെ വിദ്യാര്‍ത്ഥികള്‍ നാല് ചുവട് കാശ്മീരത്തിലേക്ക് വെക്കണമെന്ന് പറഞ്ഞാല്‍ കാശ്മീര്‍ എത്ര ഉന്നതിയിലായിരിക്കും?
ആചാര്യ അഭിനവഗുപ്തന്‍ ഒരു താര്‍ക്കികനായിരുന്നു. വ്യത്യസ്ത ചിന്താപദ്ധതികളെ പറ്റി വിശാലമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഭഗവദ്ഗീതക്ക് ഭാഷ്യം രചിച്ചിട്ടുണ്ട്. അഷ്ടാദ്ധ്യായിക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് അദ്ദേഹം അഭിനവഭാരതി എന്ന ഭാഷ്യമെഴുതി. ഇന്നും ആ ഭാഷ്യമില്ലാതെ നാട്യശാസ്ത്രം പഠിപ്പിക്കാനാവില്ല. അറിവിന്റെ ഉറവിടമായി നമ്മുടെ ആചാര്യന്മാര്‍ നാല് വേദങ്ങളെയാണ് കാണുന്നത് എങ്കിലും ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ പഞ്ചമവേദമാണ് അഭിനവഭാരതി. പലരും അതിനെ വേദമെന്നാണ് പറയുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രം, അഭിനവഗുപ്തന്റെ അഭിനവഭാരതിയില്ലെങ്കില്‍ വിലയില്ലാത്തതാണ്; കാരണം അതില്ലാതെ ഇത് പഠിക്കാനാവില്ല. യഥാര്‍ത്ഥകൃതിയെക്കാള്‍ ഭാഷ്യത്തിന് വിലയുണ്ടാവുന്ന സ്ഥിതി. അവയുടെ വിശ്ലേഷണാത്മകമായ വിവരണവൈഭവമാണ് അങ്ങനെ ഒരവസ്ഥ സൃഷ്ടിച്ചത്.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൃഷ്ടി എന്നാല്‍ ഈ അഭിനവഭാരതിയല്ല. അഭിനവഗുപ്തന്‍ കൂടുതലറിയപ്പെടുന്നത് ‘തന്ത്രാലോക’ത്തിലൂടെയാണ്. അതൊരു ദാര്‍ശനികഗ്രന്ഥമാണ്. കാശ്മീരി ശൈവദര്‍ശനത്തിന് അസ്ഥിവാരമിട്ട കൃതിയാണത്. അതിലെ പകുതിഭാഗത്തുള്ള ശ്ലോകങ്ങള്‍ നമ്മോട് അനുഷ്ഠാനങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ മറുപകുതി കാശ്മീരിശൈവസിദ്ധാന്തത്തിന്റെ ദാര്‍ശനികമായ മാനങ്ങളുടെ ആന്തരികാര്‍ത്ഥത്തെ വെളിപ്പെടുത്തുന്നതാണ്. ഇത് കൂടാതെ അദ്ദേഹം സംഗീതം, കല, സംസ്‌കാരം എന്നിവയെക്കുറിച്ചുമെഴുതി. കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഭാരതം കണ്ട ഏറ്റവും വലിയ സൗന്ദര്യശാസ്ത്രജ്ഞനായിരുന്നു ആചാര്യ അഭിനവഗുപ്തപാദര്‍.
ഇന്ന് ഹിന്ദുസ്ഥാനി സംഗീതപഠനത്തില്‍ മൂന്ന് പ്രധാന സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഒന്ന് – ഭാധ്ഖണ്ഡെ സംഗീതവിദ്യാപീഠം, രണ്ട് – ഗന്ധര്‍വ്വമഹാവിദ്യാലയം, മൂന്ന് – പ്രയാഗ് സംഗീതസമിതി എന്നിവയാണവ. ഇവിടെയെല്ലാം അവരവര്‍ക്കായി സ്വന്തം നിലയില്‍ പുസ്തകങ്ങളുണ്ട്. ഈ മൂന്നിടങ്ങളിലും അഭിനവരാഗ മഞ്ജരിയില്‍ നിന്നാണ് അവ ക്രമപ്പെടുത്തിയിരിക്കുന്നത്. അതില്‍ നിന്നാണ് പ്രധാന സംഗീതവിദ്യാലയങ്ങളില്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം പഠിപ്പിക്കുന്നത്. അദ്ദേഹം അസാമാന്യനായൊരു പ്രതിഭാധനനായിരുന്നു. ജ്യോതിഷത്തെക്കുറിച്ചും അദ്ദേഹമെഴുതി. യോഗയെക്കുറിച്ചും രസത്തെക്കുറിച്ചുമെഴുതി. സൗന്ദര്യം, ദര്‍ശനം, വ്യാകരണം, സംഗീതം, സംസ്‌കാരം, ശില്പവിദ്യ (പ്രത്യേകിച്ച് ക്ഷേത്രശില്പവിദ്യ) എന്നിവയെക്കുറിച്ചെല്ലാമുള്ള ഗ്രന്ഥങ്ങള്‍ അത്രയേറെ അധികാരികമാണ്. 2003ല്‍ ജെ.എന്‍.യുവില്‍ സംസ്‌കൃതവിഭാഗമാരംഭിച്ചപ്പോള്‍ അതിന്റെ തലവനായിരുന്ന ഡോ.കപില്‍ കപൂര്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന ഡോ. മുരളീമനോഹര്‍ജോഷിക്ക് മുമ്പില്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കുകയുണ്ടായി. നാം യുനസ്‌ക്കൊയെ സമീപിച്ച് അതിന്റെ പൈതൃക പണ്ഡിതനായി ആചാര്യ അഭിനവഗുപ്തനെ പ്രഖ്യാപിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നതായിരുന്നു ആ നിര്‍ദ്ദേശം. നമുക്കദ്ദേഹത്തിന്റെ സംഭാവനകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതിന് സാധിക്കുമെന്നും അദ്ദേഹമറിയിച്ചു. അതിനായി അദ്ദേഹം സുദീര്‍ഘമായ ഒരു വിവരണവും അഭിനവഗുപ്തനെ സംബന്ധിച്ച് നല്‍കി. ഇതിനിടക്ക് 2004ലെ ഇലക്ഷന്‍ പ്രഖ്യാപിച്ചു. പുതിയ മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗ് ആയിരുന്നു. ഈ നിര്‍ദ്ദേശം ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഇത്തരത്തിലുള്ള വിദ്വേഷത്തിന്റെ തലത്തിലാണ് നമ്മുടെ ദാര്‍ശനികന്മാരോട് ഈ രാജ്യത്തെ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ പെരുമാറിയത്. ഇന്ന് ലോകരാജ്യങ്ങളില്‍ 80-ഓളം സര്‍വ്വകലാശാലകളില്‍ അഭിനവഗുപ്തന്റെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ശാസ്ത്രസംബന്ധിയായി നാല്പത്തിരണ്ടോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയതില്‍ 23-24 എണ്ണം മാത്രമേ ഇതുവരെ കണ്ട് കിട്ടിയിട്ടുള്ളൂ. ഇവയിലുള്ള പരാമര്‍ശങ്ങളില്‍ നിന്നാണ് 42 എണ്ണത്തോളമുണ്ടെന്ന് നാമറിയുന്നത്. പകുതിയും ഇന്ന് ലഭ്യമല്ല. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഇന്ത്യയിലെ ഒരു സര്‍വ്വകലാശാലയിലും അഭിനവഗുപ്തനെ പഠിപ്പിക്കുന്നില്ല. എന്റെ പൂര്‍വ്വികനായ അദ്ദേഹത്തെ എനിക്കറിയില്ല. അതാണെന്റെ വിദ്യാഭ്യാസം എനിക്ക് പകര്‍ന്ന് തന്ന അറിവ്.
ഇന്ന് നാം ആചാര്യഅഭിനവഗുപ്തനെ പറ്റി പഠിച്ച പണ്ഡിതന്മാരെ സെര്‍ച്ച് ചെയ്താല്‍ അമേരിക്കയിലെ ജെഫ്രി ലഡ്‌കെയെ കണ്ടെത്താം. ജര്‍മ്മനിയിലെ ബറ്റീനാ ബോമറെയും പോളിഷ് സ്‌കോളറായ മാര്‍ക്ക് ഡിച്ചോവിസ്‌ക്കിയും ടോളോയുമവരിലുണ്ട്. മറ്റൊരാളാണ് ഓസ്‌ക്കാര്‍ പുയോള്‍ എന്ന സ്പാനിഷ് ചിന്തകന്‍. ഇവരെല്ലാം അഭിനവഗുപ്തന്റെ ചിന്തയെ അറിയാന്‍ വേണ്ടി മാത്രം തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരാണ്. പക്ഷെ ഇന്ത്യയിലൊരാളുമില്ല. എന്തിനേറെ കാശ്മീരില്‍ പോലുമില്ല. ഇതാണ് നമ്മുടെ ദുരന്തം. ബറ്റീനബോമര്‍ ഇപ്പോള്‍ ബറ്റീന ശാരദ ബോമര്‍ എന്നാണറിയപ്പെടുന്നത്. അവരിപ്പോള്‍ ഒരു സിന്ദൂരക്കുറിയുമണിഞ്ഞാണ് നടക്കുന്നത്. ഇന്ത്യ തന്റെ മാതൃരാജ്യമാണെന്ന് കരുതി ഇവിടേക്ക് വന്നു. മാര്‍ക്ക് ഡിച്ചോവിസ്‌ക്കി തന്റെ 80-ാം വയസ്സിലും കാശിയില്‍ ഋഷിതുല്യമായ ജീവിതം നയിക്കുന്നു. ഓസ്‌ക്കാര്‍ പുയോള്‍ തീര്‍ത്തും ഒരു സസ്യാഹാരിയായി മാറി കാശിയില്‍ വന്ന് എട്ട് വര്‍ഷമായി സംസ്‌കൃതം പഠിക്കുന്നു. ഞാനദ്ദേഹത്തെ കണ്ടപ്പോള്‍ ചോദിച്ചു: ”താങ്കള്‍ ഇന്ത്യയിലല്ല ജനിച്ചത്. ആയിരക്കണക്കിന് മൈല്‍ അകലെ യൂറോപ്പില്‍ നിന്നും എല്ലാംവിട്ട് സംസ്‌കൃതം പഠിക്കാനായി കാശിയിലെത്തിയിരിക്കുന്നു. അഭിനവഗുപ്തനെയും ഭഗവദ്ഗീതയെയും പഠിക്കുന്നു. അങ്ങയില്‍ സ്ഫുരിക്കുന്ന ഈ ദിവ്യബോധം എന്തുകൊണ്ടാണെന്നിലില്ലാത്തത്? എല്ലാംവിട്ടെറിഞ്ഞ് പോവാന്‍ കഴിയാത്തത്?” അദ്ദേഹം പറഞ്ഞു: ”ഒരു പക്ഷെ കഴിഞ്ഞ ജന്മം ഞാനൊരു കാശ്മീരി പണ്ഡിറ്റായിരിക്കാം.” ഞാനെന്റെ ഈ ജന്മത്തില്‍ ഒരു കാശ്മീരി പണ്ഡിറ്റാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് വന്ന് വളരെ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു. എന്നെ എന്തിനാണിങ്ങനെ കെട്ടിപ്പിടിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ”താങ്കള്‍ ആചാര്യ അഭിനവ ഗുപ്തന്റെ പരമ്പരയില്‍ പെട്ട ആളാണ്.” എനിക്ക് സ്വയം ലജ്ജ തോന്നി. കാരണം ഞാനദ്ദേഹത്തെ പഠിച്ചിരുന്നില്ല. എനിക്ക് ആചാര്യ അഭിനവഗുപ്തനെക്കുറിച്ചൊന്നുമറിയില്ലായിരുന്നു. മറ്റ് ഒരുപാട് പണ്ഡിതര്‍ കാശ്മീരിന്റെ മണ്ണില്‍ പിറന്നിട്ടുണ്ട്.
നമ്മള്‍ സംഗീതത്തെക്കുറിച്ച് പരാമര്‍ശിച്ചു. ഇന്ത്യയില്‍ ഇന്ന് രണ്ട് ശാസ്ത്രീയ സംഗീത പാരമ്പര്യമാണ് മുഖ്യമായും നിലവിലുള്ളത്. ഒന്ന് ഹിന്ദുസ്ഥാനിയും മറ്റൊന്ന് കര്‍ണാടക സംഗീതവും. പക്ഷെ ഏറ്റവും പഴയ രണ്ട് സമ്പ്രദായങ്ങളും അടിസ്ഥാനമാക്കുന്നത് ഒരു പുസ്തകത്തെയാണ്. ആ പുസ്തകമാണ് ”സംഗീതരത്‌നാകരം’. ഇതെഴുതിയത് ‘ശാരങ്ഗദേവ്’ എന്നയാളാണ്. ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തിന്റെ പിതാവെന്ന് അദ്ദേഹത്തെ വിളിക്കാം. ആ ശാരങ്ഗദേവ്, സംഗീത രത്‌നാകരത്തിലെ ആദ്യസര്‍ഗത്തിലെ ആദ്യശ്ലോകത്തില്‍ തന്നെ പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ ശ്ലോകത്തില്‍ പറയുന്നു: ”അസ്തിസ്വസ്തി ഗൃഹകുലവംശം ശ്രീമദ് കാശ്മീരസംഭവം” – അതായത് എന്റെ കുടുംബം, കുലം, വംശം, ഒക്കെ വരുന്നത് ശ്രീമദ് കാശ്മീരത്തില്‍ നിന്നാണ്. അദ്ദേഹം കാശ്മീരത്തെക്കുറിച്ച് എത്ര ബഹുമാനത്തോടെയാണ് പറയുന്നതെന്ന് നോക്കൂ! എന്റെയും നിങ്ങളുടെയും തിരിച്ചറിയല്‍ ഉണ്ടാവുന്നത് ചില അടയാളപ്പെടുത്തലുകളിലൂടെയാണ്. ഭാഷ, സംഗീതം, സാഹിത്യം, ശില്പകല, വൈദ്യം, ആരോഗ്യനില ഇതെല്ലാം അടയാളങ്ങളാണ്. പ്രത്യേകതയുള്ളവയായിരിക്കും അവ. അതുകൊണ്ട് മറ്റ് ലോകസംസ്‌ക്കാരങ്ങള്‍ക്കിടയില്‍ നാം അടയാളപ്പെടുത്തുന്ന നമ്മുടെ സാഹിത്യം, കാവ്യം, സംഗീതം, കല, ശില്പവിദ്യ തുടങ്ങിയ ജീവിതത്തിന്റെ സമസ്തമേഖലകളിലും കാശ്മീരിലെ പണ്ഡിതര്‍ വലിയ സംഭാവന നല്‍കിയിട്ടുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. നാം സംസ്‌കൃത വാങ്മയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ സംസ്‌കൃത-പണ്ഡിതന്മാരും കാശ്മീരികള്‍ രചിച്ച സാഹിത്യം, കാശ്മീരിയില്‍ രചിച്ചവ പോലും എടുത്തുദ്ധരിച്ചിട്ടുള്ളതായി കാണാം. ഒരു സ്വപ്‌നസമാനമായ ഒന്നാണത്. റിയ്യക്, തയ്യട്ട്, മമ്മട്ട്, മോണക്, ഭട്ടലോലട്ട്, വേരൂന്‍, ക്ഷേമരാജ്, ദില്‍ഹന്‍, കല്‍ഹന്‍ തുടങ്ങിയവര്‍ ഈ സാഹിത്യത്തിന് നല്‍കിയ സംഭാവന അതുല്യമാണ്.
ഏതാണ്ട് 2000 വര്‍ഷം മുമ്പ് കുശാനവംശമെന്നൊരു രാജവംശമാണ് കാശ്മീര്‍ ഭരിച്ചിരുന്നത്. ആ രാജവംശത്തില്‍ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു കനിഷ്‌കന്‍. ബുദ്ധന്റെ നിര്‍വാണത്തിനുശേഷം 400 വര്‍ഷം കഴിഞ്ഞ് അദ്ദേഹം നാലാമത് അന്താരാഷ്ട്ര ബൗദ്ധസമ്മേളനം കാശ്മീരില്‍ നടത്തി. ആ സമ്മേളനം 6 മാസത്തോളം നീണ്ടുനിന്നു. ലോകം മുഴുവനുമുള്ള ബൗദ്ധ പണ്ഡിതര്‍ കാശ്മീരിലെത്തി. മഹായാനബുദ്ധിസം വികാസം പ്രാപിച്ചത് കാശ്മീരിലാണ്. വജ്രയാനബുദ്ധിസം മഹായാനബുദ്ധിസത്തില്‍ ലയിച്ചതും ഇവിടെവെച്ചാണ്. കുമാരജീവിനെ പോലെയുള്ളവര്‍ ജനിച്ചദേശവും അശ്വഘോഷ് വളര്‍ന്ന പ്രദേശവുമാണിത്. പത്മസംഭവന്‍ എന്നയാളാണ് മദ്ധ്യേഷ്യ, ചൈന, ടിബറ്റ്, ജപ്പാന്‍, കൊറിയ എന്നീ ദേശങ്ങള്‍ വരെ ബുദ്ധമതം പ്രചരിപ്പിച്ചത്. ഇതുകൊണ്ട് അദ്ദേഹത്തെ രണ്ടാം ബുദ്ധനായി കണക്കാക്കുന്നു. അദ്ദേഹവും കാശ്മീരിന്റെ സംഭാവനയാണ്. ഇന്ന് നാം സോഫ്റ്റ്‌വെയര്‍ കയറ്റുമതിയെക്കുറിച്ച് സംസാരിക്കുന്നു. 2000 വര്‍ഷംമുമ്പ് കാശ്മീരിലാണ് ആദ്യമായി ഇത് നടന്നത്. ഇതാണ് കാശ്മീര്‍ നമ്മുടെ നാഗരികതക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവന. നമ്മുടെ അടയാളമായി നാം കൊണ്ടുനടക്കുന്നവയില്‍ ഇതാണ് കാശ്മീരികളുടെ സംഭാവന. ആചാര്യ അഭിനവ ഗുപ്തനെ യുനസ്‌കോയുടെ ഹെറിറ്റേജ് സ്‌കോളര്‍ ആയി പ്രഖ്യാപിക്കാന്‍ പരിശ്രമിച്ച ഡോ.കപില്‍കപൂര്‍ ആചാര്യഅഭിനവഗുപ്തന്റെ കൈയ്യെഴുത്ത് പ്രതികള്‍ കണ്ടെത്താനുള്ള പരിശ്രമം ഏറ്റെടുത്തു. അദ്ദേഹം കേരളത്തില്‍ മലയാളം ലിപിയില്‍ സംസ്‌കൃതഗ്രന്ഥത്തിന്റെ പ്രതി കണ്ടെടുത്തു. അഭിനവഗുപ്തന്റെ കയ്യെഴുത്തു പ്രതികള്‍ കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുകയുണ്ടായി. അഭിനവഗുപ്തന്റെ ജീവിതകാലത്ത് തന്നെ മധുരാജ് യോഗി എന്ന ഒരു സന്യാസി മധുരയില്‍ നിന്നും കാശ്മീരില്‍ വരികയും വളരെക്കാലം താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ പോലെ ഇ-മെയിലും വാട്ട്‌സ് ആപ്പും വിമാനസര്‍വ്വീസും ട്രെയിന്‍ സര്‍വ്വീസുമില്ലാത്ത കാലത്ത് ആചാര്യഅഭിനവഗുപ്തനെ കേട്ടറിഞ്ഞ് ഇത്രയും ദൂരം സഞ്ചരിച്ചെത്തിയതാണെന്ന് കാണണം. അഭിനവഗുപ്തന്റെ പ്രസിദ്ധി അത്രയേറെ വ്യാപിച്ചിരുന്നു. അദ്ദേഹമെഴുതുന്നു: ‘മറ്റുള്ളവരുടെ കൃതികള്‍ വായിക്കുമ്പോള്‍ അത് പലപ്പോഴും ജലരേഖയായി തീരുമെങ്കില്‍ അഭിനവഗുപ്തന്റെ കൃതികള്‍ എന്റെ ഹൃദയത്തിലേക്കാഴ്ന്ന് ഇറങ്ങുന്നു. അദ്ദേഹം നേരിട്ട് സംവദിക്കുന്നതുപോലെ ഹൃദയഹാരിയാണത്. എനിക്കത് മറക്കാനാവില്ല.’ അദ്ദേഹത്തിന്റെ മകനായ വരദരാജന്‍ ശൈവസൂത്രങ്ങളെ അഭിനവഗുപ്തനില്‍ നിന്ന് ഗ്രഹിക്കുകയും തമിഴ്‌നാട് മുഴുവന്‍ പ്രചരിപ്പിക്കുകയും ചെയ്തു. തമിഴ് ശൈവസിദ്ധാന്തം കാശ്മീരിലെ അഭിനവഗുപ്തനില്‍ നിന്ന് വരദരാജന്‍ ഏറ്റ് വാങ്ങി സ്ഥാപിച്ചതാണെന്ന് പലരും കരുതുന്നു. കാശ്മീരിന്റെ സമ്പന്നമായ ജ്ഞാനപാരമ്പര്യത്തിലേക്ക് ഒരു എത്തിനോട്ടം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയില്‍ ഭാരതചരിത്രത്തില്‍ കാശ്മീരിന് അദ്വിതീയമായ സ്ഥാനമാണുള്ളത്.
(മൊഴിമാറ്റം: രാമന്‍ കീഴന)
അവസാനിച്ചു