നെയ്യാറ്റിന്‍കരയിലെ രാജന്‍-അമ്പിളി ദമ്പതിമാരുടെ മരണം കേരളത്തിന്റെ മാറി മാറി വന്ന ഭരണകൂടങ്ങളെ നയിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചെകിടത്ത് ഏറ്റ അടിയാണ്. മൂന്നുസെന്റ് വരുന്ന കോളനിയില്‍ കുടുംബത്തോടൊപ്പം ജീവിച്ചുകൊണ്ട് ആശാരിപ്പണി നടത്തി കിട്ടുന്ന പണത്തില്‍ പകുതിയെങ്കിലും തെരുവിലെ അശരണര്‍ക്ക് ഭക്ഷണപ്പൊതിയുമായി പോയിരുന്ന രാജന്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കെങ്കിലും ഒരു മാതൃകയായിരുന്നു. നാലുസെന്റ് ഭൂമിയിലെ കുടിലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് തീര്‍ക്കാന്‍ സമ്മതിക്കാതെയാണ് നെയ്യാറ്റിന്‍കരയിലെ പോലീസ് ഉദ്യോഗസ്ഥന്‍ രാജനെ വീട്ടില്‍ നിന്ന് പുറത്തേക്ക് പിടിച്ചിറക്കിയത്. 45 കാരനായ രാജന്‍ ഇറങ്ങിവന്നപ്പോള്‍ തന്നെ പോലീസുകാരോട് പറഞ്ഞതാണ്, ഹൈക്കോടതിയില്‍ അപ്പീല്‍ പോയിട്ടുണ്ട്. അപ്പീല്‍ അന്നുതന്നെ കോടതി പരിഗണിക്കുന്നുമുണ്ടെന്ന്. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് കിട്ടുമെന്ന കാര്യം അറിയിച്ചിട്ടും അയല്‍വാസിയായ വീട്ടമ്മയുടെ പെയ്ഡ് ഉദ്യോഗസ്ഥരായ പോലീസ് അപ്പോള്‍ തന്നെ അവരെ കുടിയിറക്കണമെന്ന് ശാഠ്യം പിടിക്കുകയായിരുന്നു.
തുടര്‍ന്നാണ് വീട്ടിനുള്ളില്‍ നിന്ന് 36 കാരിയായ ഭാര്യ അമ്പിളിയെയും കൂട്ടി മണ്ണെണ്ണ കുപ്പിയും എടുത്ത് ദേഹത്ത് മുഴുവന്‍ മണ്ണെണ്ണ ഒഴിച്ച് രാജന്‍ പുറത്തിറങ്ങിയത്. ലൈറ്റര്‍ കത്തിച്ചപ്പോള്‍ വേണ്ട എന്നു പറഞ്ഞ് സ്വന്തം തൊപ്പികൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ ലൈറ്റര്‍ തട്ടിയെറിഞ്ഞപ്പോഴാണ് ഇവരുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്നത്. രാജന്‍ അന്നും ഭാര്യ അമ്പിളി പിറ്റേന്നും മരണത്തിന് കീഴടങ്ങി. രാജന്റെ മൃതദേഹം അതേ ഭൂമിയില്‍ മക്കളായ രഞ്ജിത്തും രാഹുലും ചേര്‍ന്ന് കുഴിവെട്ടി മൂടുന്ന ദൈന്യചിത്രം കേരളത്തിന്റെ മനസ്സാക്ഷിയോടുള്ള ചോദ്യചിഹ്നമായി. തടയാനെത്തിയ പോലീസിനോട് കൈ ചൂണ്ടി നിങ്ങളെല്ലാവരും കൂടിയാണ് എന്റെ അച്ഛനെ കൊന്നത് എന്നുപറഞ്ഞ രഞ്ജിത്തിന്റെ വാക്കുകള്‍ മധുരാ നാഗരം കത്തിയെരിയിച്ച കണ്ണകിയുടെ വാക്കുകളേക്കാള്‍ പൊള്ളിക്കുന്നതായിരുന്നു. ഒരു കേസ് വിധി വന്നാല്‍ അപ്പീലിനുള്ള സമയം കഴിഞ്ഞു മാത്രമേ വിധി നടപ്പാക്കാന്‍ അനുവദിക്കാറുള്ളൂ. ഹൈക്കോടതിയില്‍ അപ്പീലുള്ള ഒരു കേസില്‍ വിധി നടപ്പാക്കി അരപ്പട്ടിണിക്കാരന്റെ ടാര്‍പോളിന്‍ മൂടിയ ഈ വീട് ഒഴിപ്പിച്ച് കുടിയിറക്കാന്‍ ആര്‍ക്കായിരുന്നു ഇത്ര ധൃതി? ഈ തിടുക്കത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്ന കഥ വേറെയാണ്. അധോലോക ബന്ധമുള്ള വസന്തയുടെ മാസപ്പടി പറ്റുന്ന നിരവധി എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശരിയായിരിക്കാം, തെറ്റായിരിക്കാം. പക്ഷേ, ഭരണകൂടത്തിന് സാധാരണ പൗരനോടുള്ള ബാധ്യതയില്ലേ?
കൊട്ടിഘോഷിച്ച് പത്രങ്ങളില്‍ വെണ്ടയ്ക്ക നിരത്തിയും പരസ്യം ചെയ്ത് ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരില്‍ പി ആര്‍ കമ്പനികള്‍ വഴി സംഘടിപ്പിക്കുന്ന സോപ്പുപെട്ടിയും പിഞ്ഞാണവും പുരസ്‌കാരമായി ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ പരാജയമാണെന്ന് തെളിയിക്കുന്നതാണ് നെയ്യാറ്റിന്‍കര സംഭവം. നവോത്ഥാന മതിലിന് കോടികള്‍ ചെലവഴിച്ചപ്പോള്‍, ലൈഫ് പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരും മറ്റും കോടികള്‍ കോഴ അടിച്ചുമാറ്റിയപ്പോള്‍, ഉടുതുണിക്ക് മറുതുണിയില്ലാതെ അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും ഇത്തരം ടാര്‍പ്പോളിന്‍ കൂരകളില്‍ അന്തിയുറങ്ങുകയായിരുന്നു. എന്നിട്ടും പൊതിച്ചോറുമായി തെരുവോരത്തെ അനാഥരെയും പാവങ്ങളെയും തേടിയെത്തിയ ആ നല്ല മനസ്സുകളെ പോലും കാണാന്‍ കഴിയാത്ത ഈ ഭരണകൂടം കേരളത്തിന് അപമാനമാണ്. ഏറ്റവും പ്രായം കുറഞ്ഞ മേയറെ പ്രഖ്യാപിച്ച് ആഘോഷിക്കുമ്പോള്‍ ‘സാറേ എന്റെ അമ്മയും കൂടിയേ ഇനി മരിക്കാനുള്ളൂ സാറേ… നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്. ഇനി അടക്കാനും പറ്റില്ലെന്നോ?’ തടയാനെത്തിയ പോലീസുകാരോട് പൊട്ടിത്തെറിച്ചുകൊണ്ട് സ്വന്തം അച്ഛന് കുഴിമാടം ഒരുക്കുന്ന 17 കാരനെ കേരളം കണ്ടു. ഇത് മലയാളികളുടെ മുന്നിലെ രണ്ട് പ്രതീകങ്ങളാണ്. പാര്‍ട്ടിയുടെ ചിറകിന്റെ കീഴില്‍ ഒരു വിഭാഗത്തിനെ ആകാശം മുട്ടെ വളര്‍ത്തിയെടുക്കുമ്പോള്‍ അശരണരും അനാഥരും പട്ടിണിപ്പാവങ്ങളും ആയവര്‍ക്ക് ആശ്രയം നല്‍കാന്‍ കഴിയാത്ത അധോലോക സംഘങ്ങളുടെ കൊട്ടാരമായി സംസ്ഥാന ഭരണകൂടം മാറിയിരിക്കുന്നു. അച്ഛന്റെ മരണശേഷം അമ്മയും മരിച്ചതോടെ കുട്ടികള്‍ അനാഥമായി. അച്ഛന് കുഴിമാടം ഒരുക്കിയ രഞ്ജിത്ത് പിന്നീട് ബോധംകെട്ട് തളര്‍ന്നുവീഴുകയായിരുന്നു. രണ്ടുദിവസത്തെ പട്ടിണിയായിരുന്നു ബോധക്ഷയത്തിന് കാരണം. നാടൊട്ടുക്ക് കിറ്റിന്റെ പേരില്‍ വോട്ട് തേടിയ പിണറായിക്കും ഇടതുമുന്നണിക്കും ഈ കുഞ്ഞിന്റെയും കുടുംബത്തിന്റെയും അനാഥത്വവും തകര്‍ച്ചയും ഒഴിവാക്കാമായിരുന്നതല്ലേ?
മരണത്തിനുശേഷം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നല്‍കി ഏറ്റെടുക്കാമെന്നും വീടുവെച്ച് നല്‍കാമെന്നും ഒക്കെ പറഞ്ഞ് മന്ത്രി കടകംപള്ളിയും സംസ്ഥാന സര്‍ക്കാരും എത്തി. കേരളത്തിലുടനീളം സാമൂഹ്യമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഉയര്‍ന്നുവന്ന അതിശക്തമായ പ്രതിഷേധവും വിമര്‍ശനവുമാണ് സംസ്ഥാന സര്‍ക്കിരിനെ നേരത്തെ സ്വീകരിച്ച നടപടികളില്‍ നിന്നു പിന്‍വാങ്ങി സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകാന്‍ കാരണം. പക്ഷേ, അപ്പോഴേക്കും സേവാഭാരതി ഈ രണ്ടു കുഞ്ഞുങ്ങളെയും ഏറ്റെടുത്തു. അവര്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിനൊപ്പം വിദ്യാഭ്യാസവും നല്‍കാമെന്ന് സേവാഭാരതി സംസ്ഥാന നേതൃത്വം അറിയിച്ചു. അച്ഛനും അമ്മയും മരിച്ചതോടെ നേതാക്കളുടെ ഒരു പട തന്നെ ഇവരെ സന്ദര്‍ശിക്കാനെത്തി. ഈ സംഭവത്തിന്റെ രാഷ്ട്രീയ മാനങ്ങളേക്കാള്‍ സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങളിലേക്കാണ് പോകാന്‍ ആഗ്രഹിക്കുന്നത്. സ്വതന്ത്രഭാരതം വന്നിട്ട് ഇത്രവര്‍ഷമായിട്ടും ഭൂപരിഷ്‌ക്കരണ നിയമം ആദ്യം തന്നെ വന്ന കേരളത്തില്‍ എത്രപേര്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിഞ്ഞു? കേരളത്തില്‍ മൊത്തമായി ഏഴുലക്ഷം ഏക്കര്‍ ഭൂമിയാണ് മിച്ചഭൂമിയായി കണ്ടെത്തിയത്. ഇതുവരെ എഴുപതിനായിരം ഏക്കര്‍ ഭൂമി, അതായത് 10 ശതമാനം മാത്രമാണ് വിതരണം ചെയ്യാനായത്.
കാല്‍ ലക്ഷം കോളനികളുള്ള കേരളത്തില്‍ ഇതുവരെ അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താന്‍ എന്തുചെയ്യാന്‍ കഴിഞ്ഞു എന്ന ചോദ്യവും അവശേഷിക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വനവാസികളില്‍ ബഹുഭൂരിപക്ഷവും ഇന്ന് ഭൂരഹിതരും അനാഥരുമാണ്. കുടിയേറ്റക്കാര്‍ മദ്യവും പുകയിലയും കൊടുത്ത് വനവാസികളുടെ ഭൂമിയും അവരുടെ സ്ത്രീകളുടെ മാനവും കവര്‍ന്നു. അവിവാഹിത അമ്മമാര്‍ കോട്ടൂരിലും വയനാട്ടിലും സാധാരണ കാഴ്ചയായി. ഭൂമി മുഴുവന്‍ കൈയടക്കിയ ചേട്ടന്മാരെ രക്ഷിക്കാനും സംരക്ഷണ കവചം ഒരുക്കാനും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ദല്ലാളുമാര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ നല്ലതമ്പി തേര ഈ പാവപ്പെട്ട വനവാസികള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ വരെ കേസ് നടത്തി. വനവാസികളുടെ ഭൂമി മടക്കി കൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ യുവതികളെ പോലീസിന്റെ പടച്ചട്ട അണിയിച്ച് സന്നിധാനത്ത് എത്തിച്ച പിണറായിക്ക്, ഇടതുപക്ഷത്തിന് ഈ വിധി നടപ്പാക്കാന്‍ ഒരു തിടുക്കവും ഉണ്ടായില്ല. ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ച് ചേര്‍ന്നാണ് ആദിവാസി ഭൂമി തിരിച്ചെടുക്കല്‍ നിരോധന നിയമം കേരളത്തിന്റെ നിയമസഭ അംഗീകരിച്ചത്. കെ. ആര്‍. ഗൗരിയമ്മ മാത്രമാണ് അന്ന് ഈ ബില്ലിനെ അനുകൂലിക്കാതെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. യു ഡി എഫും എല്‍ ഡി എഫും സംഘടിത ക്രിസ്ത്യന്‍ വോട്ടിനുവേണ്ടി വനവാസികളെ ഒറ്റിക്കൊടുത്തു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നായിരുന്നു അന്ന് ഇടതു മുന്നണിയും വലതു മുന്നണിയും പറഞ്ഞ ന്യായം. വനവാസികള്‍ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ട് അവര്‍ക്കുവേണ്ടി പറയാന്‍, വാദിക്കാന്‍ ആളുണ്ടായില്ല. ഇന്നും വനവാസികള്‍ അനാഥരാണ്. അവര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആത്മഹത്യയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നവരില്‍ ഈ വനവാസികളും ഉണ്ട്.
വനവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കുമെങ്കിലും കഴിഞ്ഞുകൂടാനുള്ള സ്ഥലവും വീടും നല്‍കാന്‍ ഈ ഭരണകൂടത്തിന് കഴിയുമോ? 100 ദിവസത്തെ കര്‍മ്മപരിപാടിയില്‍ അതുകൂടി ഉള്‍പ്പെടുത്തുമോ? ആര്‍ജ്ജവമുള്ള ഒരു ഭരണകൂടം ഉണ്ടെങ്കില്‍ മൂന്നുമാസം പോയിട്ട് മൂന്നു ദിവസം കൂടി ഇതിനു വേണ്ട എന്നതാണ് സത്യം. അരമണിക്കൂര്‍ പോലീസ് കാത്തിരുന്നെങ്കില്‍ രഞ്ജിത്തിന് സ്വന്തം അച്ഛന് കുഴി വെട്ടി അടക്കേണ്ടി വരില്ലായിരുന്നു. ആയിരം കോടിയുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായ മകള്‍ വീണയെ കാണുമ്പോഴെങ്കിലും സ്വന്തം അച്ഛന് കുഴിമാടം ഒരുക്കുമ്പോള്‍ നിങ്ങളാണ് കൊന്നതെന്ന് കൈചൂണ്ടി ആക്രോശിച്ച രഞ്ജിത്ത് വിരല്‍ ചൂണ്ടിയത് പിണറായിയിലേക്ക് തന്നെയാണ് എന്നകാര്യം മറക്കരുത്. അവന്റെ അടങ്ങാത്ത ക്രോധത്തില്‍, തോരാത്ത കണ്ണീര്‍പ്പുഴയില്‍ നിങ്ങളുടെ സിംഹാസനം എരിഞ്ഞുവീണ് ഒഴുകിപ്പോകും. എല്ലാം കഴിഞ്ഞ് ഏറ്റെടുത്തോളാം എന്നുപറയുന്ന ഗര്‍വ്വിന്റെ ദൈത്യ സിംഹാസനങ്ങളെ തകര്‍ത്തെറിയുന്ന നാള്‍ വരും. കവി മധുസൂദനന്‍നായര്‍ പാടിയതുപോലെ അത് അകലെയല്ല. പൊന്നുഷസ്സിന്റെ സുഖദമായ ആ വരവിലേ ഈ പാവങ്ങളുടെ കണ്ണുനീര്‍ തുടച്ചുമാറ്റാനാവൂ.