ഭര്‍ത്തൃഹരിയുടെ സുഭാഷിതങ്ങള്‍
ഗദ്യവിവര്‍ത്തനം: മലയത്ത് അപ്പുണ്ണി
പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്
പേജ്:112 വില: 125 രൂപ
സംസ്‌കൃതഭാഷയോളം സാഹിത്യസമ്പന്നമായ മറ്റൊരു ഭാഷ ഭൂമിയിലുണ്ടാവില്ല. മനുഷ്യബുദ്ധിയുടെ സഞ്ചാരപഥങ്ങളില്‍ ഉള്‍പ്പെടുന്ന ഏതു വിഷയത്തെക്കുറിച്ചും സംസ്‌കൃതസാഹിത്യത്തില്‍ ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഈ കൃതികളെല്ലാം രചിക്കപ്പെട്ടിരിക്കുന്നതും. ഭാരതീയ ഋഷിപരമ്പരയുടെ വരദാനമായ വേദസാഹിത്യങ്ങളിലും മനുഷ്യജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തെ കവികള്‍ ക്രാന്തദര്‍ശികള്‍ എന്ന അര്‍ത്ഥത്തെ സാധൂകരിക്കും വിധം യോഗികളായിരുന്നു. അത്തരമൊരു മഹാത്മാവായിരുന്നു ഭര്‍ത്തൃഹരി. അദ്ദേഹത്തിന്റെ രചനകളില്‍ അതിപ്രധാനമായതാണ് ശതകത്രയം എന്നറിയപ്പെടുന്ന മൂന്നു കാവ്യങ്ങള്‍. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം എന്നിവയാണവ. നീതി, ശൃംഗാരം, വൈരാഗ്യം എന്നീ വിഷയങ്ങളെപ്പറ്റി നൂറു വീതം പദ്യങ്ങള്‍ അദ്ദേഹം രചിച്ചു. ജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ചിന്തകളാണ് ഇവയിലോരോന്നിലും അവതരിപ്പിച്ചിട്ടുള്ളത്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ ഒരു അവലോകനം ഇതില്‍ കാണാനാകും. ജീവിതത്തിലെ കയ്പുള്ള സത്യങ്ങളും ജീവിതോത്കര്‍ഷത്തിനു ആവശ്യമായ തത്ത്വങ്ങളുമാണ് നീതിശതകത്തിലുള്ളത്. യൗവ്വനത്തിലെ വിലാസജീവിതത്തിന്റെ വികാരങ്ങളും മാദകലഹരിയും വര്‍ണ്ണിക്കുന്ന പദ്യങ്ങള്‍ ശൃംഗാരശതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഭോഗങ്ങളുടെ ക്ഷണികതയും അസ്ഥിരതയുമാണ് വൈരാഗ്യശതകത്തില്‍ പ്രതിപാദിക്കുന്നത്. നശ്വരമായ പ്രാപഞ്ചികസുഖങ്ങളില്‍ ഉള്ള മോഹം ഇല്ലാതെയാക്കി മോക്ഷലാഭത്തിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത ഇതില്‍ ഊന്നി പറയുന്നു. മലയാളത്തില്‍ മലയത്ത് അപ്പുണ്ണിയുടെ മലയാള ഗദ്യവിവര്‍ത്തനത്തോടു കൂടി പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് ശതകത്രയം പുറത്തിറക്കിയിരിക്കുന്നു. മൂലവും വിവര്‍ത്തനവും ചേര്‍ത്തിട്ടുണ്ട്. ലളിതവും സുഗ്രാഹ്യവുമായ ഭാഷയിലാണ് വിവര്‍ത്തനം എന്നത് സ്തുത്യര്‍ഹമാണ്. ഭര്‍ത്തൃഹരിയുടെ ലഘുചരിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ളത് ജിജ്ഞാസുക്കള്‍ക്ക് ഉപകാരപ്രദമാണ്.
വന്ദേ വിഷ്ണുമഹേശ്വരം
(വിഷ്ണു ശിവ സ്തുതി)
പ്രൊഫ. ആര്‍.പി. മേനോന്‍
കൊടുങ്ങല്ലൂര്‍ സാഹിത്യ സദസ്സ്
പേജ്: 39 വില: 60 രൂപ
ക്ഷേത്രവിശ്വാസികളായ ഭക്തരില്‍ അവരുടെ ഭക്തിയെ വര്‍ദ്ധിപ്പിക്കുന്ന അനേകം സ്‌തോത്രകൃതികളുണ്ടല്ലോ. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു പുസ്തകമാണ് പ്രൊഫ. ആര്‍.പി. മേനോന്‍ രചിച്ച് കൊടുങ്ങല്ലൂര്‍ സാഹിത്യ സദസ്സ് പ്രസിദ്ധീകരിച്ച വന്ദേ വിഷ്ണു മഹേശ്വരം എന്ന വിഷ്ണു-ശിവ സ്തുതി. ലഘുവെങ്കിലും ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഗൗരവമാര്‍ന്നതാണ്. അനുഷ്ടുപ്പ് വൃത്തത്തില്‍ ഹരിശ്രീയില്‍ തുടങ്ങി അ മുതല്‍ റ വരെയുള്ള അക്ഷരങ്ങളിലും ഓം നമോ ഭഗവതേ വാസുദേവായ എന്നതിലെ അക്ഷരങ്ങളിലും ആരംഭിക്കുന്ന ശ്ലോകങ്ങളാണ് വിഷ്ണുസ്തുതിയിലുള്ളത്. ശിവസ്തുതിയിലാകട്ടെ ഓം നമഃശിവായ എന്നതിലെ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന ശ്ലോകങ്ങളാണുള്ളത്. വിഷ്ണുനാമവും ശിവനാമവും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. അര്‍ത്ഥവും കുറിപ്പും കൊടുത്തത് ഭക്തര്‍ക്ക് സഹായകരമാണ്. കവനകൗതുകം മാസികയുടെ പത്രാധിപര്‍ കടലായി പരമേശ്വരന്റെ അവതാരിക കൃതിയ്ക്കു മാറ്റുകൂട്ടുന്നു.
വേദാധികാര നിരൂപണ സാരം
(കവിത)
പ്രൊഫ. ആര്‍.പി. മേനോന്‍
മെലിന്‍ഡ ബുക്‌സ്
പേജ് : 60 വില: 80 രൂപ
ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് വേദാധികാരനിരൂപണം. ഈ ഗ്രന്ഥത്തിന്റെ സാരത്തെ ഒട്ടും ആശയം ചോര്‍ന്നു പോകാതെ കാവ്യരൂപത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് പ്രൊഫ. ആര്‍.പി. മേനോന്‍. വേദങ്ങളെ സംബന്ധിച്ച് സ്വാമികള്‍ പ്രകടിപ്പിച്ച ആശയങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം കുറിപ്പുകള്‍ എഴുതിച്ചേര്‍ത്തുകൊണ്ട് ആഴമേറിയ പഠനത്തെയും സഹായിക്കുന്നു. ഉദാഹരണമായ സാധനാചതുഷ്ടയെത്തെക്കുറിച്ചു കവിതയില്‍ പറയുമ്പോള്‍ നിത്യാനിത്യവസ്തുവിവേകം, വൈരാഗ്യം, ഗമാദിഷള്‍ക്കം, മോക്ഷേച്ഛ എന്നിവയാണ് അവയെന്ന് കുറിപ്പുകളില്‍ സൂചിപ്പിക്കുന്നു. പന്മന ആശ്രമത്തിലെ ശ്രീ പ്രണവാനന്ദതീര്‍ത്ഥപാദ സ്വാമികളും എഴുത്തുകാരനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയും ആമുഖവും അവതാരികയും എഴുതി ഈ പുസ്തകത്തെ അനുഗ്രഹിച്ചിരിക്കുന്നു.