അഴിമതിയില്‍ മുങ്ങിയ മുന്നണികള്‍ എന്ന മുഖപ്രസംഗം (കേസരി 2020 നവം.27 ലക്കം) സമുചിതമായി. കിഫ്ബിയില്‍ സിഎജിയുടെ ഓഡിറ്റിങ് ആവശ്യമില്ലെന്നും സ്വന്തം ഓഡിറ്റിങ് മതിയെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ശുദ്ധ ഭോഷ്ക്കും വസ്തുതകള്‍ക്ക് നിരക്കാത്തതുമാകുന്നു. ‘കിഫ്ബി വിവാദം: എന്താണ് നിയമവ്യവസ്ഥ’ എന്ന തലക്കെട്ടില്‍ പ്രശസ്ത അഭിഭാഷകന് കെ.രാംകുമാര്‍ എഴുതിയ ലേഖനത്തില്‍ (ജന്മഭൂമി, നവംബര്‍ :23) കിഫ്ബി സിഎജിയുടെ പരിധിയില്‍ വരുന്ന സ്ഥാപനമാണെന്നും കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് സിഎജിയുടെ അധികാരം മാത്രമല്ല കടമകൂടിയാണെന്നും വിദേശ നിക്ഷേപങ്ങളോ വിദേശ നാണ്യമോ കിഫ്ബി കൈകാര്യം ചെയ്യുന്നതു സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അതിര് വരമ്പുകള്‍ക്കു അപ്പുറമാണെന്നും വിശദമാക്കുന്നു. വികസനത്തിനും അതിനായി പണം സ്വരൂപിക്കുന്നതിനും ആരും എതിരല്ല. പക്ഷേ, മാര്‍ഗം സുതാര്യമായിരിക്കണമെന്നുമാത്രം. കുറഞ്ഞ പലിശക്ക് രാജ്യത്തിനകത്തുനിന്നും വായ്പ ലഭിക്കുമെന്ന് ബോര്‍ഡിലെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടും അതിനു തുനിയാതെ വിദേശ ഫണ്ട് വായ്പയെടുത്തതില്‍ അസ്വാഭാവികത മണക്കുന്നു!
അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും പരസ്പരം മത്സരത്തിലാണ് ! സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്, മയക്കുമരുന്ന് കടത്ത്, കെ – ഫോണ്‍, ഇ-ബസ്, കിഫ്ബി, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, ബാര്‍കോഴ, തുടങ്ങി അഴിമതികളുടെ ‘വെള്ളപ്പൊക്ക’മാണ് കേരളത്തില്‍ ! ആശ്വാസത്തിന്റെ ഹെലികോപ്റ്റര്‍ പ്രതീക്ഷയാകുന്ന വിഹായസ്സില്‍ കാണുന്നുണ്ടോ എന്ന് ഉറ്റുനോക്കുകയാണ് പൊതുജനം. യഥാര്‍ത്ഥ പ്രളയത്തില്‍ ദിവസങ്ങള്‍ക്കുശേഷം വെള്ളം ഒഴിഞ്ഞുപോകുമെന്ന് പ്രത്യാശിക്കാം. എന്നാല്‍, അഴിമതിയാകുന്ന വെള്ളപ്പൊക്കത്തിന്റെ ജലവിതാനം അനുദിനം ഉയരുകയാണ്. ഇത് പ്രബുദ്ധ കേരളത്തിന് ഭൂഷണമാണോ?